താൾ:Bhashabharatham Vol1.pdf/644

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

238.ഇന്ദ്രക്രോധം

കൃഷ്ണാർജ്ജുനന്മാരുടെ രക്ഷയിൽ അഗ്നി ഖാണ്ഡവവനം ദഹിപ്പിച്ചുതുടങ്ങുന്നു. ഇന്ദ്രൻ കോപിച്ച് ആ വനദാഹം തടസ്സപ്പെടുത്തുവാൻ മഴ പെയ്യിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

കാടിന്റെ രണ്ടു ഭാഗത്തുംകൂടിത്തേരിലമർന്നവർ
എല്ലാടവും ഭൂതജാലകദനം ചെയ്തിതുൽക്കടം. 1

ഏതേതു ദിക്കിൽ കാണുന്നൂ ഖാണ്ഡവാരണ്യവാസികൾ
ഓടുന്നതവിടെയ്ക്കൊക്കപ്പാഞ്ഞെത്തും വീരരാമവർ. 2

പഴുതെങ്ങും കാണ്മതില്ലാ പാഞ്ഞീടും രണ്ടു തേരിനും
ചുറ്റും തേരുണ്ടെന്നമട്ടിലായിക്കാണായിതെപ്പൊഴും. 3

ഖാണ്ഡവം കത്തിടുംനേരമസംഖ്യം ഭൂതസഞ്ചയം
ഭൈരവാരാവമോടൊത്തു പുറത്തെക്കെത്തി ചുറ്റുമേ. 4

ഒട്ടു മെയ് കത്തിന ചിലർ ചുട്ടു വല്ലാതെയായ് ചിലർ
കണ്ണു പൊട്ടിച്ചിലരെരിഞ്ഞോടിപ്പാഞ്ഞിട്ടുമേ ചിലർ, 5

മക്കളച്ഛൻ സോദരരെന്നിവരെത്തഴുകിച്ചിലർ
സ്നേഹത്താൽ വിട്ടുപേകാതെയവിടെത്തന്നെ വെന്തുപോയ്. 6

ചൊടിച്ചു പൽ കടിച്ചുംകൊണ്ടുല്പതിച്ചിതതിൽ ചിലർ
പിടഞ്ഞുംകൊണ്ടവരുമാക്കെടുതീയിലെരിഞ്ഞുപോയ്. 7

പക്ഷവും മിഴിയും കാലും വെന്തു വീണു പിടഞ്ഞഹോ!
അങ്ങുമിങ്ങും കാണുമാറായ് നശിക്കുന്ന ശരീരികൾ. 8

ജലാശയങ്ങൾ തീയേറ്റു ചുട്ടു വറ്റുന്ന നേരമേ
ചത്തുകാണായി മീനാമയെന്നിവറ്റയസംഖ്യമായ്. 9

കത്തിജ്ജ്വലിക്കും ദേഹത്തോടൊത്തു വഹ്നികണക്കിനെ
പ്രാണക്ഷണത്തിൽക്കാണായീ പ്രാണിജാലങ്ങളാ വനേ. 10

പുറത്തു ചാടുന്ന ചില വിഹഗങ്ങളെയർജ്ജുനൻ
അമ്പെയ്തറുത്തു വീഴിച്ചൂ കത്തുന്ന കടുവഹ്നിയിൽ 11

ശരം മെയ്യിൽ തറച്ചുംകൊണ്ടാരവത്തോടുമായവർ
മേല്പോട്ടു പൊങ്ങിപ്പോയിട്ടും വീണൂ ഖാണ്ഡവവഹ്നിയിൽ. 12

കൂട്ടത്തോടമ്പുകൊണ്ടേറ്റമാർത്തിയാൽ വനവാസികൾ
ആർക്കും ഘോഷം കേൾക്കുമാറായ് കടയും കടലിൻപടി 13

ജ്വലിക്കുമഗ്നിക്കുള്ളൊരാ ജ്വാല മേല്പോട്ടുയർന്നതിൽ
ഏറ്റമുദ്വേഗമുണ്ടായീ വാനിൽ വാഴുന്നവർക്കുമേ. 14

അഗ്നിജ്ജ്വാല പൊറുക്കാഞ്ഞു മുനിമാരോടു ചേർന്നവർ
എല്ലാ ദേവകളുംകൂടിച്ചേർന്നു ചെന്നിതു തൽക്ഷണം
അസുരാരാതിയാം ദേവാധീശനിന്ദ്രന്റെ സന്നിധൗ. 15

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/644&oldid=156971" എന്ന താളിൽനിന്ന് ശേഖരിച്ചത്