Jump to content

കൃഷ്ണഗാഥ/രണ്ടാം ഭാഗം/പൗണ്ഡ്രകവധം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(പൗണ്ഡ്രകവധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 ജംഭാരി കുമ്പിട്ട രോഹിണീനന്ദനൻ
2 അമ്പാടിതന്നിലിരുന്ന കാലം
3 പൗണ്ഡ്റകനാകുന്ന മന്നവൻതന്നുടെ
4 ശൗണ്ഡത കാട്ടുവാൻ നാട്ടിലെങ്ങും
5 ദൂതനെച്ചെന്നങ്ങു യാത്രയാക്കീടിനാൻ
6 പൂതനവൈരിയെക്കാണ്മതിന്നായ്.
7 ദ്വാരകയാകിന പൂരിലകംപുക്കു
8 പാരാതെ ചൊല്ലിനാൻ ദൂതനപ്പോൾ:
9 "ആണ്മ തിരണ്ടൊരു പൗണ്ഡ്രകൻചൊല്ലാലെ
10 കാണ്മതിനായിട്ടു വന്നുതിപ്പോൾ.

11 ആയന്മാർവീട്ടിൽ കിടന്നു വളർന്നൊരു
12 നീയല്ലപോലിനി വാസുദേവൻ.
13 ഇന്നുതുടങ്ങിയിഞ്ഞാനായി വന്നുതേ
14 മന്നിടമെങ്ങുമേ വാസുദേവൻ.
15 ശംഖുതുടങ്ങിയുള്ളായുധമെല്ലാമേ
16 നിങ്കൈയിൽ വേണ്ടുന്നതല്ലയിപ്പോൾ
17 നിന്നുടെ ഭൂഷണമെല്ലാമേ കൊണ്ടന്നി
18 ട്ടെന്നെയും കൂപ്പുക വായ്പൊടും നീ.
19 അന്ധതപൂണ്ടു മടിച്ചങ്ങു നിന്നുകൊ
20 ണ്ടന്തകൻവീട്ടിന്നു പോകൊല്ലാതെ."

21 പൂതനവൈരിതന്മുന്നൽനിന്നിങ്ങനെ
22 ദൂതനായ് വന്നവൻ ചൊന്നനേരം
23 ആസ്ഥാനംതന്നിലിരുന്നുള്ളോരെല്ലാരും
24 ആർത്തുനിന്നേറ്റം ചിരിച്ചാരപ്പോൾ.
25 പുഞ്ചിരിപൂണ്ടുള്ളൊരഞ്ചനവർണ്ണനും
26 ചെഞ്ചെമ്മേ ചൊല്ലിനാൻ ദൂതനോട് :
27 "അന്ധതപൂണ്ടു മടിച്ചിങ്ങു നിന്നുകൊ
28 ണ്ടന്തകൻവീട്ടിന്നു പോണേനല്ലേ.
29 പാരാതെ വന്നങ്ങു പൗണ്ഡ്രകൻചൊല്ലിന
30 കാരിയമെല്ലാമേ സാധിച്ചുടൻ

31 ദ്വാരകതന്നിൽ വരുന്നതുമുണ്ടു ഞാൻ
32 നേരത്രേ ചൊന്നതു തേറിനാലും."
33 ഇങ്ങനെ ചൊന്നുടൻ തേരിൽക്കരേറീട്ടു
34 മങ്ങാതെയുള്ളൊരു സൂതനുമായ്
35 വാട്ടമകന്നൊരു പൗണ്ഡ്രകന്തന്നുടെ
36 കോട്ടതൻ ചാരത്തു ചെന്നു പൂക്കാൻ.
37 പൗരുഷമാണ്ടൊരു പൗണ്ഡ്രകനന്നേരം
38 പൗരന്മാരോടു കലർന്നു നന്നായ്
39 ഘോരമായുള്ളൊരു സേനയുമായിട്ടു
40 പാരാതെ ചെന്നു പിണങ്ങുംനേരം

41 കാശീശനാകുന്ന മന്നവവീരനും
42 വാശിയുംപൂണ്ടു തുണപ്പതിന്നായ്
43 ചാലത്തുനിഞ്ഞൊരു പൗണ്ഡ്രകന്തന്നുടെ
44 ചാരത്തു പൂകിനാൻ ചാപവുമായ്.
45 നേരിട്ടു നിന്നൊരു പൗണ്ഡ്രകന്തന്നോടു
46 വാരിജലോചനൻ ചൊന്നാനപ്പോൾ:
47 "ആയന്മാർവീട്ടിൽ വളർന്നതുമൂലമായ്
48 ഞാനല്ലായ്പോയല്ലൊ വാസുദേവൻ.
49 എങ്കൈയിൽനിന്നുള്ളൊരായുധമെല്ലാമേ
50 ശങ്കകളഞ്ഞിതാ തന്നേനെങ്കിൽ."

51 ഇങ്ങനെ ചൊല്ലി നല്ലമ്പുകളെല്ലാമേ
52 അങ്ങവന്മേനിയിൽത്തൂകിത്തൂകി
53 അന്ധതപൂണ്ടങ്ങു നില്ലാതെകണ്ടുടൻ
54 അന്തകങ്കോയിക്കലാക്കിവച്ചാൻ.
55 വാശിയെപ്പൂണ്ടൊരു കാശീശനെന്നപ്പോൾ
56 കേശവന്തന്നോടങ്ങേശിനിന്നാൻ.
57 അമ്പുകൾകൊണ്ടവന്തന്നുടെ കണ്ഠവും
58 അമ്പു കളഞ്ഞു മുറിച്ചു പിന്നെ
59 പേശലമായൊരു കാശിയിൽ വീഴ്ത്തിനാൻ
60 ഈശനായുള്ളൊരു കേശവന്താൻ.

61 വാഴ്ത്തിനീന്നീടുന്ന വന്ദികൾതന്നുടെ
62 വാക്കുകൾകേട്ടു തെളിഞ്ഞു നന്നായ്
63 ദ്വാരകതന്നിലകത്തങ്ങു പൂകിനാൻ
64 വീരതതന്നെയും പൂണ്ടു പിന്നെ.
65 കാശീശന്തന്നുടെ കാന്തമാരെന്നപ്പോൾ
66 പേശലമായുള്ളൊരാനനത്തെ
67 വീണതു കണ്ടിട്ടു ചാരത്തു ചെന്നിട്ടു
68 കേണുതുടങ്ങിനാർ വീണു തന്മേൽ.
69 മാനിയായ് നിന്നു മരിച്ചവന്തന്നുടെ
70 സൂനുവായുളള സുദക്ഷിണന്താൻ

71 അച്ഛനെക്കൊന്നോനെക്കൊല്ലേണമെന്നുളെളാ
72 രിച്ഛയുംപൂണ്ടു പുറപ്പെട്ടുടൻ
73 ഉൽക്കടമായ തപസ്സു തുടങ്ങിനാൻ
74 മുക്കണ്ണന്തന്നെയുമുളളിൽ നണ്ണി.
75 ചിത്തമഴിഞ്ഞൊരു മുക്കണ്ണരന്നേരം
76 പ്രത്യക്ഷനായിട്ടു ചോദിച്ചപ്പോൾ
77 അച്ഛനെക്കൊന്നുളെളാരച്യുതന്തന്നെയും
78 മെച്ചമേ കൊല്ലേണമെന്നു ചൊന്നാൻ:
79 എന്നതു കേട്ടൊരു ചന്ദ്രക്കലാധരൻ
80 ഏറിന ചിന്തയുംപൂണ്ടു ചൊന്നാൻ:

81 "ദക്ഷിണരായുള്ള ഭൂസുരന്മാരുമായ്
82 ദക്ഷിണകുണ്ഡത്തിലഗ്നിതന്നെ
83 പൂജിച്ചുനിന്നങ്ങു ഹോമം തുടങ്ങുക
84 യാജകന്മാരെല്ലാം ചൊന്നവണ്ണം.
85 ധീരനായിങ്ങനെയാചരിച്ചീടുമ്പോൾ
86 മാരണമായുള്ളൊരാഭിചാരം
87 ചണ്ഡനായുള്ളൊരു പാവകന്താനപ്പോൾ
88 കുണ്ഡത്തിൽ നിന്നു പുറപ്പെട്ടുടൻ
89 നിന്നുടെ കാരിയമെല്ലാമേ സാധിക്കും
90 നിന്നോടുകൂടാതെ കണ്ടുകൊൾ നീ."

91 മംഗലനായൊരു ഗംഗതങ്കാമുകൻ
92 ഇങ്ങനെ ചൊല്ലി മറഞ്ഞനേരം
93 മാരണചുഞ്ചുക്കളായി വിളങ്ങിയു
94 ള്ളാരണന്മാരുമാ യാദവരിൽ
95 അക്ഷണമങ്ങനെയാചരിച്ചീടിനാൻ
96 ദക്ഷിണനായ സുദക്ഷിണന്താൻ.
97 ഘോരമായുള്ളൊരു മാരണമിങ്ങനെ
98 ധീരനായ് നിന്നവൻ ചെയ്തനേരം
99 തീക്ഷ്ണമായുള്ളൊരു കുണ്ഡത്തിൽനിന്നുടൻ
100 തീപ്പൊരി പാരമെഴത്തുടങ്ങി

101 ചാരത്തുനിന്നുള്ളൊരാരണന്മാരെല്ലാം
102 ദൂരത്തുപോയങ്ങു നിന്നനേരം
103 കുണ്ഡത്തിൽനിന്നങ്ങെഴുന്നതു കാണായി
104 ചണ്ഡിയെക്കാളതി ഭീക്ഷണനായ്
105 മാരണദേവതയായിച്ചമഞ്ഞിട്ടു
106 ഘോരനായുള്ളൊരു വഹ്നിതന്നെ.
107 ചെമ്പിച്ചുനിന്നൊരു കേശവും മീശയും
108 വമ്പിച്ചുനിന്നു വളഞ്ഞെകിറും,
109 തീപ്പൊരി തൂകി മിഴിച്ചു ചുവന്നിട്ടു
110 തീക്ഷ്ണതപൂണ്ടുള്ള കണ്മിഴിയും.

111 കോട്ടഞരമ്പുകൾ പൊങ്ങിയെഴുന്നിട്ടു
112 കോട്ടിയായുള്ളൊരു വന്മുഖവും,
113 ആണ്ടുനിന്നീടിനാനാരണർമുമ്പില
114 ങ്ങാനയും കാതിലണിഞ്ഞു നേരേ
115 കണ്ടുള്ളോരെല്ലാരും കാതരന്മാരായി
116 മിണ്ടാതെ നോക്കി നടുങ്ങുംനേരം
117 പൂവെടിപോലെയെഴുന്നതു കാണായി
118 ഭൂതങ്ങളോരോന്നേ പിന്നെപ്പിന്നെ.
119 പാരം പൊരിഞ്ഞുള്ളുകൊള്ളിയുമായിട്ടു
120 ഘോരമായുള്ളൊരു നോക്കുമായി

121 ദ്വാരക നോക്കി നടന്നതു കാണായി
122 മാരണദേവതയോടും കൂടി.
123 ദ്വാരകതന്നുടെ ചാരത്തു ചെന്നൊരു
124 മാരണദേവത പാരമപ്പോൾ
125 എട്ടുദിക്കെങ്ങുമേ ഞെട്ടി നടുങ്ങുമാ
126 റട്ടഹാസങ്ങളെയാചരിച്ചു.
127 ദ്വാരകവാസികളെന്നതു കേട്ടിട്ടു
128 പാരം വിറച്ചു നിലത്തു വീണാർ.
129 കേസരിതന്നുടെ നാദമെന്നിങ്ങനെ
130 കേവലം ചിന്തിച്ചു വാരണങ്ങൾ

131 കേടറ്റുനിന്നൊരു ശാലയിൽനിന്നുടൻ
132 ഓടിത്തുടങ്ങീതു പേടിയാലേ.
133 ബാലകന്മാരെല്ലാമമ്മമാർ ചാരത്തു
134 ചാലെപ്പോയ്ചെന്നു കരഞ്ഞുനിന്നാർ.
135 ബാലകന്മാരെയും പൂണ്ടങ്ങു നിന്നുള്ള
136 നീലവിലോചനമാരെല്ലാരും
137 വമ്പു കലർന്നുള്ള കാറ്റിനെയേറ്റുള്ള
138 രംഭകൾപോലെ ചമഞ്ഞുകൂടി.
139 കേൾക്കായതെന്തന്നു ചൊല്ലിനിന്നെല്ലാരും
140 നോക്കിത്തുടങ്ങിന നേരത്തപ്പോൾ

141 മുപ്പാരെ വെല്ലുവാൻ മുമ്മുനയായിട്ടു
142 കെല്പു കലർന്നോരു ശൂലവുമായ്
143 മാരണദേവത വന്നതു കാണായി:
144 ഘോരങ്ങളായുള്ള ഭൂതങ്ങളും.
145 ചാലെ വളർന്നൊരു മേനിയിൽനിന്നെഴും
146 ജ്വാലകൾ മേന്മേലങ്ങേല്ക്കയാലെ
147 കൃത്യതൻ ചാരത്തെദ്ദാരുക്കളെല്ലാമേ
148 കത്തിയെഴുന്നതു കാണായപ്പോൾ.
149 പാരിച്ചുനിന്നുള്ള പാദങ്ങളേല്ക്കയാൽ
150 വാടിച്ചുതായിതബ്ഭൂതലവും.

151 രമ്യമായ് നിന്നുള്ളൊരംബരംതന്നിലു
152 ള്ളംബുദജാലകമാല ചാലേ
153 തങ്ങി വലിച്ചു വരുന്നതു കാണായി
154 പൊങ്ങിയെഴുന്നുള്ള കേശങ്ങളിൽ
155 മാനുഷന്മാരേക്കടിച്ചങ്ങു തിങ്കയാൽ
156 മാറിലേ ചാടുന്ന ചോരതന്നിൽ
157 നീന്തിയെഴുന്നു വരുന്നതു കാണായി
158 നീണ്ടുവളർന്നുള്ള മുണ്ഡമാല.
159 വ്യോമത്തിൽച്ചേരുന്ന യാനങ്ങളെല്ലാമേ
160 ശൂലത്തിന്മേലായിക്കാണായപ്പോൾ

161 ഉജ്ജ്വലിച്ചീടുന്നൊരാനനമാണ്ടുള്ള
162 ഗർജ്ജിതനാദത്തെക്കേൾക്കും നേരം
163 നേരേ നടുങ്ങി നിലത്തങ്ങു വീഴാതോർ
164 ആരുമേയില്ലയിപ്പാരിലെങ്ങും;
165 നേരറ്റ മാരണദേവതതന്നുടെ
166 ഘോരത ചൊൽവാനുമവ്വണ്ണമേ.
167 അന്തകനുള്ളവും കാണുന്നുതാകിലോ
168 വെന്തു നീറീടുമപ്പേടിതന്നാൽ.
169 ഇങ്ങനെയുള്ളൊരു മാരണദേവത
170 പൊങ്ങിയെഴുന്നു വരുന്നനേരം

171 കണ്ടുള്ളൊരെല്ലാരും കാതരന്മാരായി
172 മണ്ടിത്തുടങ്ങിനാരങ്ങുമിങ്ങും.
173 കല്പാന്തപാവകന്താനിതെന്നിങ്ങനെ
174 കല്പിച്ചു നിന്നു കടുക്കനെപ്പോയ്
175 ചൂതുപൊരുന്നൊരു മാധവൻചാരത്തു
176 കാതരന്മാരായിച്ചെന്നു ചൊന്നാർ :
177 "ഘോരനായുള്ളൊരു വഹ്നിതാൻ വന്നിതാ
178 നീറായിപ്പോകുന്നു ഞങ്ങളയ്യോ !
179 പാലിച്ചുകൊള്ളണം പാരാതെയെങ്ങളെ
180 പ്പാവകൻവായിൽനിന്നായവണ്ണം."

181 വൃഷ്ണികൾക്കുള്ളൊരു ദീനത്തെക്കണ്ടിട്ടു
182 കൃഷ്ണനായുള്ളൊരു വിഷ്ണുവപ്പോൾ
183 ചാരത്തുനിന്നൊരു ചക്രത്തെയന്നേരം
184 പാരിച്ചു നോക്കിനാനൊന്നു നന്നായ്.
185 ചൂതുതുടങ്ങിനാൻ പിന്നെയുമങ്ങനെ
186 ചേതം വരുത്താതെ ലീലയേതും
187 അംബുജലോചനൻകണ്മുന തന്നുടെ
188 നിർമ്മലമേനിയിലേറ്റ നേരം
189 കല്പാന്തപാവകന്തന്നെയും വെല്ലുവാൻ
190 കെല്പു കലർന്ന സുദർശന്താൻ

191 കത്തിത്തുടങ്ങീതു പുത്തനാം നെയ്ക്കൊണ്ടു
192 സിക്തമായുള്ളൊരു തീകണക്കെ.
193 ദിഗ്ഗജകർണ്ണവും ജർജ്ജരമാംവണ്ണം
194 ഗർജ്ജിച്ചുനിന്നു നിവിർന്നു പിന്നെ
195 മാരണദേവതതന്നുടെ മേനിയിൽ
196 ഘോരമായ് നോക്കിനാനൊന്നുനേരേ.
197 ഉണ്മദനായ സുദർശനന്തന്നുടെ
198 കണ്മുന തന്മെയ്യിലേറ്റനേരം
199 നേരിട്ടു ചെന്നൊരു മാരണദേവത
200 പാരം നടുങ്ങി മടങ്ങീതപ്പോൾ

201 വ്യാധന്മാരെയ്തുള്ള ബാണങ്ങളേല്ക്കയാൽ
202 ആതങ്കം പൂണ്ടുള്ളൊരു സിംഹംപോലെ.
203 പർജ്ജന്യനാദത്തെത്തർജ്ജിച്ചു നിന്നൊരു
204 ഗർജ്ജനം കേട്ടുള്ള ഭൂതങ്ങളും
205 ഓടിത്തുടങ്ങീതു കേസരിനാദം കേ
206 ട്ടീടുന്നൊരേണങ്ങളെന്നപോലെ.
207 ഓടിയണഞ്ഞു പിണങ്ങിനാനെന്നപ്പോൾ
208 ചൂടു പൊഴിഞ്ഞു സുദർശനന്താൻ.
209 ചാലെത്തുടർന്ന സുദർശന്തനന്നുടെ
210 ജ്വാലകൾ മേനിയിലേല്ക്കയാലെ

211 വെന്തുതുടങ്ങിന മാരണദേവത
212 വേഗത്തിലോടിക്കരഞ്ഞു തിണ്ണം
213 അക്ഷണം ചെന്നങ്ങു ദക്ഷിണനായ സു
214 ദക്ഷിണന്തന്നെയണഞ്ഞു നേരെ :
215 കുക്ഷി പിളർന്നിട്ടു നൽക്കുടൽമാലയും
216 ഭക്ഷിച്ചു നിന്നു ദഹിച്ചു പിന്നെ
217 ചാരത്തു നിന്നു ചടങ്ങുകളോതിയു
218 ള്ളാരണന്മാരെയുമവ്വണ്ണമേ
219 ആരണന്മാരേ വധിച്ചുള്ള പാപത്തെ
220 വേരറപ്പോക്കുവാനെന്നപോലെ

221 മണ്ടിയണഞ്ഞങ്ങു പണ്ടു താനുണ്ടായ
222 കുണ്ഡത്തിൽ ചാടിയങ്ങിനിന്നു.
223 "നിന്നോടുകൂടാതെ കണ്ടുകൊൾ നീ"യെന്നു
224 തന്നോടു ചൊന്നതു ചിന്തിയാതെ
225 കോപിച്ചുനിന്നവനിങ്ങനെ ചെയ്കയാൽ
226 ആപത്തായ് വന്നു തനിക്കുതന്നെ
227 സജ്ജനത്തോടു പിണങ്ങിനിന്നീടിനാൽ
228 ദുർജ്ജനമങ്ങനെ വന്നു ഞായം.
229 പിന്നാലെ പാഞ്ഞ സുദർശനന്താനപ്പോൾ
230 മന്നവന്തന്നുടെ കോട്ടയെല്ലാം

231 ചുട്ടങ്ങു പൊട്ടിച്ചു പെട്ടെന്നു പോന്നീട്ടു
232 തുഷ്ടനായ് പൂകിനാൻ ദ്വാരകയിൽ.