കൃഷ്ണഗാഥ/രണ്ടാം ഭാഗം/നൃഗമോക്ഷം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(നൃഗമോക്ഷം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 സാംബന്തുടങ്ങിന ബാലകന്മാരെല്ലാം
2 മാപുറ്റു നിന്നൊരു കാവുതന്നിൽ
3 ഈടിക്കലർന്നു കളിപ്പതിനായിച്ചെ
4 ന്നോടിക്കളിച്ചു തുടങ്ങുംനേരം
5 ആണ്ണുകിടന്നൊരു പാങ്കുഴിതന്നിലേ
6 വീണ്ണുകിടന്നൊള്ളൊരോന്തെക്കണ്ടാർ.
7 കണ്ടൊരുനേരത്തു പാശവുമായിട്ടു
8 മണ്ടിയണഞ്ഞു കുടുക്കി നേരേ
9 പാരം വലിച്ചങ്ങു തീരത്തു കൊള്ളുവാൻ
10 ആരുമേ വല്ലീലയെന്നനേരം.

11 പാരാതെ ചെന്നങ്ങു കാരുണ്യപൂരമാം
12 വാരിജലോചനനോടു ചൊന്നാർ.
13 വാരിജലോചനൻ പാരാതെ ചെന്നപ്പോൾ
14 തീരത്തു ചെമ്മേ വലിച്ചുകൊണ്ടാൻ.
15 പാപമായുള്ളൊരു പാഴ്മരത്തിന്നൊരു
16 പാവകനാകിന കാർവർണ്ണന്താൻ
17 പാണിതലം കൊണ്ടു തൊട്ടൊരു നേരത്തു
18 പാരം വിളങ്ങിനാൻ മെയ്യുമായി
19 സ്വർഗ്ഗത്തിൽ നിന്നങ്ങു നിർഗ്ഗതന്മാരായ
20 സ്വർഗ്ഗികളാരാനുമെന്നപോലെ.

21 പങ്കജലോചനൻപാദങ്ങൾ കുമ്പിട്ടു
22 സങ്കടം തീർത്തവൻ നിന്നനേരം
23 "നീയാരെ"ന്നിങ്ങനെ ചോദിച്ചു നിന്നൊരു
24 നീരജലോചനനോടു ചൊന്നാൻ:
25 "ഇക്ഷ്വാകുതന്നുടെ സോദരനായൊരു
26 ചൊല്ക്കൊണ്ടുനിന്ന നൃഗന്താനിഞ്ഞാൻ.
27 ദാനങ്ങൾകൊണ്ടെന്നെ മേൽമണ്ടിനിന്നുള്ള
28 മാനവന്മാരില്ലയെന്നു ചൊൽവൂ.
29 പുണ്യങ്ങളാണ്ടുള്ളൊരാരണർക്കന്നന്നേ
30 എണ്ണമില്ലാതോളം ധേനുക്കളേ

31 മങ്ങാതെ മാനിച്ചു നല്കിനിന്നീടിനേൻ;
32 ഇങ്ങനെ പോരുമ്പൊളന്നൊരുനാൾ
33 ദത്തയായുള്ളൊരു ധേനുതാൻ പോന്നങ്ങു
34 സത്വരമെന്നുടെ വീടു പുക്കു.
35 അന്യനായ് നിന്നുള്ളൊരാരണന്നോരാതെ
36 വന്നൊരു ധേനുവേ നല്കിനേൻ ഞാൻ.
37 തുഷ്ടനായ് നിന്നവമ്പോകുന്നനേരത്തു
38 പെട്ടെന്നു ചെന്നതിൻ നാഥനായോൻ
39 "എന്നുടെ ധേനുവെക്കൊണ്ടങ്ങു പോകൊല്ലാ"
40 എന്നങ്ങു ചൊല്ലിത്തടുത്താനപ്പോൾ.

41 "എന്നുടെ കൈയിലോ മന്നവന്തന്നുതെ"
42 ന്നന്യനായുള്ളവൻ ചൊന്നാനപ്പോൾ.
43 തങ്ങിളിലിങ്ങനെ പേശിനിന്നന്നേരം
44 ഇങ്ങു പോന്നെന്നുടെ മുമ്പിൽ വന്നാർ.
45 ചൊല്ലിനാർ പിന്നെയങ്ങല്ലാരും കേൾക്കവേ
46 വല്ലായ്മയെന്നിലങ്ങാകുംവണ്ണം:
47 "തന്നതു കൊള്ളുന്ന നിന്നുടെ ദാനങ്ങൾ
48 നന്നെന്നേ നാമിന്നു ചൊല്ലേണ്ടുന്നു.
49 ഇങ്ങനെ ദാനങ്ങൾ ചെയ്തുതുടങ്ങുകിൽ
50 എന്നുമേ സങ്കടം വന്നുകൂടാ."

51 എന്നതു കേട്ടു നടുങ്ങിന ഞാനുമെൻ
52 മുന്നൽനിന്നാരണരോടു ചൊന്നാൻ:
53 "ഓരാതെ വന്നൊരു വല്ലായ്മയെല്ലാമേ
54 പാരാതെ നിങ്ങൾ പൊറുക്കേണമേ.
55 മുപ്പതിനായിരം നൽപ്പശു നല്കുവൻ
56 ഇപ്പശുതന്നെയയ്ക്കേണമേ."
57 അപ്പൊഴുതാരണർ ചൊല്ലിനാരിങ്ങനെ:
58 "ഇപ്പശുവെന്നിയേ മറ്റു വേണ്ട."
59 എന്നങ്ങു ചൊന്നുടനെന്നുടെയുള്ളത്തിൽ
60 ഖിന്നത ചേർത്തു നടന്നാർ ചെമ്മെ.

61 ആരണരിങ്ങനെ പോയൊരുനേരത്തു
62 പാരിച്ച വേദന പൂണ്ടു ഞാനും
63 കള്ളനായല്ലൊ ഞാനെന്തിനി വേണ്ടതെ
64 ന്നുള്ളിലേ നണ്ണി നടന്നനേരം
65 അന്തകന്തന്നുടെ കിങ്കരന്മാർ വന്നി
66 ട്ടന്ധനാമെന്നയും കൊണ്ടുപോയാർ.
67 അന്തകമന്ദിരംതന്നിലും ചെന്നപ്പോൾ
68 ചിന്തിച്ചു ചൊല്ലിനാന്തകന്താൻ:
69 "കന്മഷംകൂടാത നിങ്ങളെക്കാണുമ്പോൾ
70 സമ്മാനമല്ലൊ നാം വേണ്ടുതപ്പോൾ

71 ഓരാതെങ്കിലും നിങ്കൈയിലായല്ലൊ
72 ആരണർക്കുള്ളൊരു ധേനുവെന്നാൽ
73 പുണ്യവാനെങ്കിലും ധർമ്മങ്ങളോർക്കുമ്പോൾ
74 ദണ്ഡ്യനെന്നുള്ളതു വന്നുകൂടും.
75 പുണ്യങ്ങൾ പൂണ്ടിപ്പോൾ വിണ്ണിലെ വാസത്തി
76 ന്നെണ്ണമില്ലെന്നതേ ചൊല്ലാവു താൻ.
77 അല്പമായുള്ളൊരു പാപത്തെയാവൂ നീ
78 മുല്പാടു നിന്നു ലഭിപ്പതെന്നാൽ."
79 അന്തകനിങ്ങനെ ചൊന്നതു കേട്ടപ്പോൾ
80 അന്ധമായ് മേവുമിപ്പാങ്കുഴിയിൽ

81 ഇങ്ങനെ വീണു കിടന്നതു കണ്ടു ഞാൻ
82 അങ്ങനെയല്ലൊ വമ്പാപമുള്ളു.
83 തന്നിൽനിന്നിങ്ങു കരേറുവാനായിട്ടു
84 പിന്നെയും പിന്നെയും പൊങ്ങിപ്പൊങ്ങി
85 ഒട്ടു കരേറുമ്പോൾ മുട്ടവരും മുമ്പെ
86 പെട്ടെന്നു കീഴ്പെട്ടുപോരും പിന്നെ.
87 പാറമേൽ വീണുടൻ മെയ്യും പൊളിഞ്ഞു നി
88 ന്നേറിന വേദന പൂണുമ്പിന്നെ.
89 ഘേരമായ് നിന്നുള്ളൊരാതപം മേനിയിൽ
90 പാരിച്ചു മേന്മേലങ്ങേല്ക്കയാലേ

91 ദാഹിച്ചു നിന്നു വറണ്ടു വശംകെട്ടു
92 മോഹത്തെപ്പൂണ്ടു കിടപ്പൻ പിന്നെ.
93 എണ്ണമില്ലാതൊരു വേദന പൂണ്ടുടൻ
94 കണ്ണുനീർ വീഴ്ത്തുവാനോർത്തു പിന്നെ.
95 അല്ലൽ പിണഞ്ഞവയൊന്നൊന്നേ ചിന്തിക്കിൽ
96 ചൊല്ലാവതല്ലേതും തമ്പുരാനേ!
97 പണ്ടങ്ങു ചെയ്തുള്ള പുണ്യങ്ങൾകൊണ്ടത്രെ
98 ഇണ്ടൽപൂണ്ടിങ്ങനെ തെണ്ടിച്ചു ഞാൻ.
99 അല്ലായ്കിലുണ്ടോ നിൻ ചേവടിത്താരിണ
100 വല്ലുന്നൂതിങ്ങനെ കണ്ടുകൊൾവാൻ?

101 ഏറ്റം തിമിർത്തുള്ള പാപങ്ങളെല്ലാമേ
102 തോറ്റോടിപ്പോയല്ലൊ ദൂരത്തിപ്പോൾ."
103 മാധവന്തന്നോടു മന്നവനിങ്ങനെ
104 മാഴ്കാതെ വാർത്തകൾ ചൊന്നനേരം
105 വ്യോമത്തിൽനിന്നങ്ങു വന്നതു കാണായി
106 തൂമുത്തുകൊണ്ടൊരു യാനമപ്പോൾ.
107 മാനിച്ചുനിന്നൊരു മാധവൻചൊല്ലാലെ
108 യാനത്തിൽച്ചെന്നു കരേറി നേരേ
109 എണ്ണമില്ലാതൊരു പുണ്യങ്ങൾ പൂണ്ടവൻ
110 വിണ്ണിലും ചെന്നു വിളങ്ങിനിന്നാൻ.

111 ഇക്ഷ്വാകുസോദരമ്പോയൊരു നേരത്തു
112 ശിക്ഷയായ് ചൊല്ലിനാന്മല്ലവൈരി
113 തന്മക്കളായുള്ള ബാലകന്മാരോടു
114 ധർമ്മമെന്നുള്ളതു തേറുവാനായ്:
115 "വേണുന്നതെല്ലാമേ സാധിച്ചുകൊള്ളുവാൻ
116 വേദിയരെന്നിയേയാരുമില്ലേ.
117 മേന്മ കലർന്നോരു ദൈവതമായതു
118 ബ്രാഹ്മണരെന്നതു തേറിനാലും.
119 ബ്രാഹ്മണനുള്ള ധനങ്ങളെയേതുമേ
120 കാണ്മതിന്നായിട്ടും കാമിക്കൊല്ലാ.

121 താനറിയാതെയീ മന്നവനിന്നിപ്പോൾ
122 ദീനത വന്നതും കണ്ടുതല്ലീ?
123 ഇങ്ങനെയുള്ള നൽ വേദിയരായുള്ള
124 മംഗലദൈവതം ബാലന്മാരേ!
125 അബുജലോചനനിങ്ങനെയോരോരോ
126 ധർമ്മങ്ങളായതു ചൊല്ലിപ്പിന്നെ
127 ശിക്ഷിതരായുള്ള മക്കളും താനുമാ
128 യക്ഷണം പൂകിനാനാലയത്തിൽ.