Jump to content

കൃഷ്ണഗാഥ/രണ്ടാം ഭാഗം/നരകാസുരവധം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(നരകാസുരവധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 മേളം കലർന്നൊരു പാർത്ഥനും താനുമായ്
2 കാളിന്ദീതീരത്തു ചെന്നു പിന്നെ
3 കാളിന്ദിയാകിന കന്യകതന്നെയും
4 കൈപിടിച്ചീടിനാൻ കാന്തിയോടെ.
5 പാണ്ഡവനാകിന പാർത്ഥനും താനുമായ്
6 ഖാണ്ഡവമാകിന കാനനത്തെ
7 പാവകനായിട്ടു നല്കിനനേരത്തു
8 പാലിതനായ മയന്താനപ്പോൾ
9 പാണ്ഡവന്മാർക്കൊരു മന്ദിരം തന്നെയും
10 പാരാതെ നിർമ്മിച്ചു കാഴ്ചവച്ചാൻ.

11 അച്ഛനു കൂടിപ്പിറന്നവൾ തന്നുടെ
12 പുത്രിയായുള്ളൊരു മിത്രവിന്ദ
13 കാമിനിയായാളക്കാർമുകിൽവർണ്ണനു
14 കോമളയെന്നുംപോൾ ചേരുമല്ലൊ
15 ചീറ്റം തിരണ്ടുനിന്നേറ്റം തിമിർത്തങ്ങു
16 കൂറ്റങ്ങളായുള്ള കാളകളെ
17 കോഴകൾകൂടാതെകെട്ടിനിന്നന്നേരം
18 താഴാത കാന്തിപൂണ്ടേഴിനേയും
19 മൈക്കോലവാർകുഴലാളെയും മേളമായ്
20 കൈക്കൊണ്ടുപോന്നാന്തന്മന്ദിരത്തിൽ.

21 ഭദ്രയായുള്ളൊരു ഭദ്രയെത്തന്നെയും
22 ഭദ്രനായുള്ളൊരു പത്മനാഭൻ
23 കേകയമന്നവന്തന്നുടെ ചൊല്ലാലെ
24 കേവലം കാമിനിയാക്കിക്കൊണ്ടാൻ.
25 ലക്ഷണംകൊണ്ടു വിളങ്ങിനിന്നീടുന്ന
26 ലക്ഷണയാകിയ കന്യകയെ
27 അമ്പു പൊഴിഞ്ഞുനിന്നംബുജലോചനൻ
28 തമ്പ്രിയയാക്കിനാൻ വമ്പുകൊണ്ടേ.
29 ഭൗമനായുള്ളൊരു ദാനവൻ പണ്ടു പോയ്
30 വാമനായ് ചെന്നങ്ങു വിണ്ണുതന്നിൽ

31 വാനവർകോനുടെ നല്ക്കുടതന്നെയും
32 വാനവർമാതാവിൻ കുണ്ഡലവും
33 കൊണ്ടങ്ങു പോയതു കേട്ടോരു നേരത്തു
34 കൊണ്ടൽനേർവ്വർണ്ണന്തങ്കാന്തയുമായ്
35 മുന്നൽ വിളങ്ങിന പന്നഗവൈരിത
36 ന്നുന്നതമായ മുതുകിലേറി
37 വേഗത്തിൽ പോയങ്ങു ദാനവന്തന്നുടെ
38 കോയിക്കൽ ചെന്നു കതിർത്തനേരം
39 മാനിയായുള്ളൊരു ദാനവന്തന്നുടെ
40 സേനയുമായിപ്പുറപ്പെട്ടുടൻ

41 ഉദ്ധതനായിട്ടു യുദ്ധം തുടങ്ങിനാൻ
42 ബദ്ധവിരോധനായ് നിന്നു നേരേ.
43 പന്നഗവൈരിതൻ പക്ഷങ്ങളേറ്റിട്ടു
44 പാഞ്ഞുതുടങ്ങീതു വാരണങ്ങൾ
45 അഞ്ചിതമായൊരു തേർത്തടം തന്നെയും
46 ചഞ്ചലമാക്കിനാൻ ചഞ്ചുകൊണ്ടു.
47 കാൽനഖമേറ്റുള്ള വാജികളെല്ലാമേ
48 കാലപുരത്തിന്നു പാഞ്ഞുതായി.
49 വേലുകൊണ്ടന്നേരം പന്നഗവൈരിതൻ
50 മേനിയിൽ ചാട്ടിനാൻ ദാനവന്താൻ.

51 വേലിന്നു പിന്നാലെ ശൂലവും കൈയിലായ്
52 നീലക്കാർവർണ്ണനെയോങ്ങും നേരം
53 ദാനവവൈരിതന്നായുധത്തിന്നൊരു
54 പാരണമായാനദ്ദാനവന്താൻ.
55 എന്നതു കണ്ടൊരു മേദിനിതാൻ വന്നു
56 നന്ദജന്തന്നെ സ്തുതിച്ചാളപ്പോൾ.
57 മേദിനിതന്നുടെ വേദന പോക്കീട്ടു
58 മേളത്തിൽ ചെന്നവന്മന്ദിരത്തിൽ
59 ഏറിയിരുന്നോരു മോദത്തെപ്പൂണ്ടുനി
60 ന്നേഴാമെടംതന്നെപ്പൂരിപ്പാനായ്.

61 എണ്ണുരണ്ടായിരം കന്യകമാരെയും
62 തിണ്ണമണഞ്ഞോരോ യാനത്തിന്മേൽ
63 ചാലക്കരേറ്റിത്തൻ ദ്വാരകതന്നിലേ
64 മേളത്തിലാക്കിനാന്മെല്ലെ മെല്ലെ.
65 വാനവർമാതാവിൻ കുണ്ഡലം തന്നെയും
66 വാനവർകോനുടെ നല്ക്കുടയും
67 കൊണ്ടങ്ങു ചെന്നുടൻ വിണ്ടലർക്കുണ്ടായൊ
68 രിണ്ടലെപ്പോക്കിനാൻ കൊണ്ടൽവർണ്ണൻ.
69 പോരുന്ന നേരത്തു ഭാര്യതൻ ചൊല്ലാലെ
70 പാരിജാതത്തെയും കൊണ്ടുപോന്ന്

71 ദ്വാരകതന്നുടെ ചാരത്തുനിന്നൊരു
72 വാരുറ്റ പൂങ്കാവിലാക്കിപ്പിന്നെ
73 നല്ലൊരു നേരത്തു കൈപിടിച്ചീടിനാൻ
74 ചൊല്ലിയന്നീടുമന്നെല്ലാരെയും.
75 സുന്ദരിമാർക്കോരോ മന്ദിരം നിർമ്മിച്ചു
76 സുന്ദരിമാരോടുകൂടി നന്നായ്
77 സുന്ദരലീലകളാണ്ടു വിളങ്ങിനാൻ
78 സുന്ദരനായൊരു നന്ദസുതൻ.