കൃഷ്ണഗാഥ/രണ്ടാം ഭാഗം/കംസസദ്‍ഗതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(കംസസദ്‍ഗതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 യാദവന്മാരുടെ ദീനത്തെപ്പോക്കുവാൻ
2 യാതനായുള്ളൊരു മാധവന്താൻ
3 മേളം കലർന്നുള്ള ഗോപാലന്മാരുമായ്
4 കാളിന്ദീതീരത്തു ചെന്നനേരം
5 സ്നാനത്തിനായിട്ടു ഗാന്ദിനീനന്ദനൻ
6 മാനിച്ചു ചെന്നങ്ങിറങ്ങി തന്നിൽ
7 മുങ്ങിനനേരത്തു ധന്യമായുള്ളോരു
8 തന്നുടെ വൈഭവം കാട്ടിനിന്നാൻ
9 പാവനമായൊരു പാലാഴി കാണായി
10 പാരാതെ തന്നിലനന്തനേയും

11 തന്മേൽ വിളങ്ങിന ദേവനെത്തന്നെയും
12 ചിന്മയിയാകിന ദേവിയേയും
13 കണ്ടൊരു നേരത്തു ഗാന്ദിനീനന്ദനൻ
14 ഇണ്ടൽ കളഞ്ഞു പുകണ്ണു പിന്നെ
15 തീരത്തു നിന്നൊരു കാർവർണ്ണന്തന്നെയും
16 ചാരത്തു ചെന്നുടൻ കൂപ്പിനിന്നാൻ.
17 "അത്ഭുതമേതാനും കണ്ട കണക്കെ നി
18 ന്നക്ഷികൾ തോന്നുന്നു കാണുംനേരം
19 എന്തെ"ന്നു ചോദിച്ചു പുഞ്ചിരി തൂകിന
20 പങ്കജലോചനനോടുംകൂടി

21 പാരാതെ പോയങ്ങു യാദവന്മാരുടെ
22 പൂരിലും ചെന്നങ്ങു പൂകുംനേരം
23 ചൂടു പൊഴിഞ്ഞൊരു സൂര്യനുമൊട്ടൊട്ടു
24 വാടിത്തുടങ്ങിനാൻ കാണക്കാണെ.
25 അക്രൂരൻതാൻ നിന്നു സല്ക്കരിച്ചീടിനാൻ
26 "മൽഗൃഹംതന്നിലേ പോക"യെന്നേ.
27 കാർവർണ്ണൻ ചൊല്ലിനാനെന്നതു കേട്ടപ്പോൾ
28 കാരുണ്യം തോഞ്ഞൊരു വാക്കുകൊണ്ടേ:
29 "കംസന്നു വേണുന്ന കാര്യങ്ങൾ സാധിച്ചേ
30 സംസാരം മറ്റുള്ളതെല്ലാമാവൂ.

31 പിന്നെ ഞാൻ വന്നു വിരുന്നുമുണ്ടീടുവൻ
32 നിർണ്ണയമെന്നതു തേറിനാലും."
33 എന്നതു കേട്ടൊരു ഗാന്ദിനീനന്ദനൻ
34 മന്ദിച്ചു മന്ദിച്ചു പോയിപ്പോയി
35 കംസനെക്കണ്ടിട്ടു സംസാരമെല്ലാമേ
36 ശംസിച്ചു വൈകാതവണ്ണം പോയാൻ
37 നന്ദജനന്നേരം ബാലകന്മാരുമായ്
38 മന്ദിരംതന്നുടെ ശോഭ കാണ്മാൻ
39 ചിത്രങ്ങളായുള്ള വസ്തുക്കളെക്കണ്ടു
40 നൽത്തെരുവൂടെ നടന്നാൻ പിന്നെ.

41 ചേലകളെല്ലാമേ ചാലെ വെളുപ്പിച്ചു
42 മേളമിയറ്റുന്ന ദാസനപ്പോൾ
43 മന്നവന്തന്നുടെ ചേലയുമായിട്ടു
44 മുന്നൽ വരുന്നതു കണ്ടനേരം!
45 ഈശനായുള്ളോരു കേശവന്താൻ ചെന്നു
46 യാചനമായിട്ടു ചൊന്നാനപ്പോൾ:
47 "നൽച്ചേല നല്കേണമെങ്ങൾക്കു നീയിപ്പോൾ
48 ഇച്ഛയുണ്ടാകുന്നു കണ്ടതോറും."
49 കഞ്ചന്നു ചേല വെളുപ്പിക്കും ദാസനും
50 ചെഞ്ചെമ്മേ ചൊല്ലിനാനെന്നനേരം:

51 "രാജാവു ചാർത്തുന്ന ചേലകൾ കോലുക
52 ആയന്മാരായോർക്കു ഞായമല്ലേ;
53 ബാലന്മാർ ചൊല്ലുന്ന വാർത്തയെന്നോർത്തു ഞാൻ
54 ചാലെപ്പൊറുക്കുന്നേ"നെന്നിങ്ങനെ.
55 കേട്ടൊരു നേരത്ത് കേശവൻ ചൊല്ലിനാൻ
56 വാട്ടമകന്നൊരു വാർത്തയപ്പോൾ:
57 "രാജാവിൻചേലകളായന്മാർ കോലുക
58 ആചാരമല്ലെന്മാനെന്തു മൂലം?
59 നിങ്ങൾക്കു രാജാവു കഞ്ചന്താനെങ്കിലോ
60 ഞങ്ങൾക്കു രാജാവു ഞങ്ങൾതങ്ങൾ."

61 ഇങ്ങനെ ചൊന്നതു കേട്ടവൻ ചൊല്ലിനാൻ
62 പൊങ്ങിവരുന്നൊരു കോപത്താലേ:
63 "എന്തെന്തു ചൊല്ലിനതന്ധനായുള്ളോവേ!
64 അന്തകൻവീട്ടീന്നു പോകുന്നായോ?
65 ഇത്തരമായുള്ള ചേലകളോ പണ്ടും
66 നിത്യമുടുപ്പതു നിങ്ങളെല്ലാം?
67 കാലിയേ മേപ്പാനായ്ക്കാട്ടിലകംപുക്കു
68 ധൂളിയും പൂണ്ടുനടക്കുംനേരം
69 മന്നവർകോലുന്ന ചേലകളെല്ലാമി
70 ക്കന്നുകൾ മേയ്ക്കുന്ന പിള്ളർക്കായി.

71 മന്നവരെല്ലാരും കാനനം പൂകീട്ടു
72 കന്നുകൾ മേയ്ക്കിനിയെന്നേ വേണ്ടു.
73 മന്നവന്തന്നുടെ മന്ദിരമെന്നതു
74 നിന്നുള്ളിലുണ്ടായീതില്ലയോ ചൊൽ?
75 ആവതല്ലാതതു നീ പറഞ്ഞീടിനാൽ
76 നാവരിഞ്ഞീടുവൻ തേറിനാലും."
77 ഇങ്ങനെ ചൊന്നവൻ നിന്നൊരു നേരത്തു
78 നന്ദതനൂജനണഞ്ഞു ചെമ്മേ
79 കൈത്തലംകൊണ്ടവൻ നൽച്ചെവിചാരത്തു
80 സൽക്കരിച്ചീടിനാനൊന്നു മെല്ലെ.

81 സൽക്കാരമേറ്റൊരു ദുഷ്ടനു പിന്നെയും
82 സൽക്കാരം വേണ്ടാതെയായിക്കൂടി,
83 കോളല്ലയിന്നവൻ സല്ക്കരിച്ചീടിനാൽ
84 പോകയില്ലെന്നതു നിർണ്ണയംതാൻ.
85 നന്ദജന്തന്നാലെ സൽകൃതനായവ
86 നന്തകൻവീടല്ലൊ പുക്കതപ്പോൾ.
87 യാദവനന്ദനനായുള്ള ദേവന്താ
88 നാദരവോടു മുതിർന്നു നന്നായ്
89 ചേലകൾ നല്ലവ വാരിയെടുത്തുടൻ
90 ബാലകന്മാർക്കെല്ലാം നല്കി മുമ്പിൽ.

91 ജ്യേഷ്ഠനും താനും നൽ ചേലയും പൂണ്ടിട്ടു
92 വാട്ടം വരാതെ നടന്നു പിന്നെ.
93 സൗചികന്തന്നുടെ ചാരത്തു വന്നപ്പോൾ
94 സംശയം കൂടാതെ സൗചികന്താൻ
95 വിശ്വത്തിൻ കാരണമായി വിളങ്ങുന്ന
96 വിഷ്ണുവെന്നുള്ളൊരു ബോധത്താലേ
97 ഉഷ്ണീഷംമുമ്പായ ഭൂഷണമോരോന്നേ
98 വൃഷ്ണികൾനാഥന്നു നല്കിനിന്നാൻ.
99 പ്രീതിയായായുള്ളൊരു വല്ലരിതന്നുടെ
100 നൂതനമായൊരു പൂവായിട്ട്

101 പാരാതെതന്നുടെ സാരൂപ്യംതന്നെയും
102 നാരായണന്താനും നല്കിനിന്നാൻ.
103 മാലകൾ നിർമ്മിച്ചു പോരുന്നോന്തന്നുടെ
104 യാലയംതന്നിലും ചെന്നു പിന്നെ
105 മാലകൾകൊണ്ടും നൽ പൂവുകൾകൊണ്ടുമായ്
106 ചാല വിളങ്ങിനാരെല്ലാരുമേ.
107 ഇച്ഛിച്ച നൽവരം നല്കിനാനങ്ങവ
108 ന്നച്യുതന്താനും തന്നിച്ഛയാലേ.
109 പിന്നെയുമെല്ലാരും നൽതെരുവൂടെ പോയ്
110 മുന്നമേപ്പോലെ നടന്നനേരം

111 അബ്ജത്തെ വെന്നുള്ളൊരാനനമാണ്ടൊരു
112 കബ്ജ വരുന്നതു കാണായപ്പോൾ
113 ചന്ദനം കുങ്കുമം കസ്തൂരിയെന്നെല്ലാം
114 ഒന്നിച്ചു നന്നായരച്ചു പിന്നെ
115 നൂതനമായൊരു ഭാജനംതന്നിലി
116 ട്ടാദരവോടു നടന്നു മെല്ലെ
117 വന്നതു കണ്ടൊരു നന്ദകുമാരകൻ
118 ചെന്നവൾചാരത്തു ചോദിച്ചാന്താൻ:
119 "സുന്ദരിമാരുടെ മൗലിയായുള്ള നിൻ
120 മന്ദിരം ചാരത്തോ ദൂരത്തൂതോ?

121 എങ്ങുന്നു വന്നു നീയെങ്ങിനിപ്പോകുന്നൂ
122 തെങ്ങൾതൻ ചാരത്തു വന്നതെന്തേ?
123 നീയാരെന്നുള്ളതും പാരാതെ ചൊല്ലേണം
124 നീലവിലോചനേ! നമ്മൊടിപ്പോൾ.
125 കുങ്കുമച്ചാറുതൻ നന്മണം കേട്ടിട്ടു
126 വങ്കൊതി കൊള്ളുന്നൂതെങ്ങളുള്ളിൽ
127 എങ്കൾക്കു പൂചുവാൻ നല്കേണം നീയിപ്പോൾ
128 മങ്കമാർമൗലികേ! ശങ്കിയാതെ."
129 അബ്ജവിലോചനനിങ്ങനെ ചൊന്നപ്പോൾ
130 കുബ്ജയാം നാരിയും ചൊന്നാൾ ചെമ്മേ:

131 "വീരനായുള്ളൊരു കംസനു ചേരുന്ന
132 സൈരന്ധ്രിയായൊരു ദാസി ഞാനോ,
133 എൻവീട്ടിൽനിന്നു വരുന്നതും ഞാനവൻ
134 തൻവീട്ടിലങ്ങിനിപ്പോകുന്നതും.
135 എന്നോടു ചോദിച്ചതെല്ലാമേ ഞാനുമി
136 ന്നിന്നോടു ചോദിക്കുന്നുണ്ടു ചെമ്മേ.
137 കാമനെന്നെല്ലാരും നിന്നെയോ ചൊല്ലുന്നു?
138 കാന്തിയെക്കാണുമ്പോളെന്നു തോന്നും
139 പൂവില്ലായ് നിന്നതിച്ചില്ലിയോ ചൊല്ലു നിൻ
140 പുവമ്പായ് നിന്നതീക്കമുനയോ?"

141 ഇങ്ങനെ ചൊന്നവൾ തങ്കൈയിലുള്ളൊരു
142 കുങ്കമപൂർണ്ണമാം ഭാജനത്തെ
143 നന്ദജങ്കൈയിലേ നല്കിനാളന്നേരം
144 നന്മവരുംകാലമെന്നു ഞായം.
145 ആദരവോടതു വാങ്ങിന നന്ദജൻ
146 സോദരന്നായിക്കൊടുത്തു പിന്നെ
147 തന്നുടെ മെയ്യിലും നന്നായി പൂചിനാൻ
148 ധന്യമായ് നിന്നുള്ളൊരംഗരാഗം.
149 സന്തോഷംപൂണ്ടൊരു നന്ദജനന്നേരം
150 ചിന്തിച്ചുതന്നിലേ നിന്നു പിന്നെ

151 "ഞാൻ കനിഞ്ഞീടുമ്പോൾ മാൻകണ്ണിതന്നുടെ
152 കൂൻകളഞ്ഞീടേണ"മെന്നു നണ്ണി
153 കാൽവിരൽകൊണ്ടവൾ കാൽമേലുമൂന്നിച്ചു
154 കൈവിരൽ രണ്ടുമുയർത്തിപ്പിന്നെ
155 ആനനംതങ്കീഴുമൂന്നിച്ചു പൊങ്ങിച്ചാൻ
156 മാനിനിതന്നുടെ മേനിതന്നെ.
157 കീഴ്പെട്ടുപോയൊരു നാരിതാനന്നേരം
158 മേൽപ്പെട്ടു വായ്പോടു പൊങ്ങിനിന്നാൾ
159 കണ്ണനെത്തീണ്ടിന പുണ്യംകൊണ്ടന്നേരം
160 വിണ്ണിൽ കരേറുവാനെന്നപോലെ

161 പങ്കജലോചനന്തൊട്ടുള്ളോരെല്ലാരു
162 മങ്ങനെയല്ലൊതാൻ വന്നു ഞായം.
163 ചാലേ നിവിർന്നൊരു മെയ്യുമായന്നേരം
164 മാലേയപാണി വിളങ്ങിനിന്നാൾ.
165 മാച്ചേറിപ്പോയൊരു നൽപൊന്നു നന്നായി
166 ക്കാച്ചിനാലെങ്ങനെ വന്നു ഞായം?
167 മംഗലനായൊരു കണ്ണന്തൊടുന്നേര
168 മങ്ങനെയായ്വന്നാളംഗനയും.
169 സുന്ദരിയായൊരു നാരിയെക്കണ്ടപ്പോൾ
170 സുന്ദരനാകിന കന്ദർപ്പന്താൻ

171 ചെല്ലത്തുടങ്ങിനാന്മെല്ലെമെല്ലെല്ലാരും
172 നല്ലതു കാണുമ്പോഴെന്നു ഞായം.
173 മാനിനിതന്നുടെ മേനി നിവിർന്നപ്പോൾ
174 മാരന്നു വില്ലു വളഞ്ഞു ചെമ്മേ.
175 ബാണങ്ങൾകൊണ്ടവനെയ്തോരു നേരത്തു
176 മാനിനിതന്നുടെ കണ്മുനകൾ
177 ആനായനാരിമാർ പൂണുന്ന കണ്ണന്ത
178 ന്നാനനംതന്നിൽ തറച്ചു തിണ്ണം.
179 മാനിനിതന്നുടെ മാനസംതന്നുള്ളിൽ
180 ദീനത പൊങ്ങിത്തുടങ്ങീതപ്പോൾ.

181 കാർവർണ്ണന്തന്നുടെയാനനംതങ്കലെ
182 ത്തൂവിയർപ്പേൽക്കയാലെന്നപോലെ
183 മാരമാലാണ്ടൊരു മാനിനിതങ്കണ്ണിൽ
184 നീരു പൊടിഞ്ഞുതൂടങ്ങീതപ്പോൾ.
185 കാർവർണ്ണന്തന്നുടെ കാന്തിയായുള്ളൊരു
186 തൂവെള്ളമുള്ളിൽ നിറഞ്ഞു ചെമ്മേ
187 രോമങ്ങളൂടെയമ്മാനിനിതന്മെയ്യിൽ
188 സ്വേദങ്ങളായിപ്പരന്നുതെങ്ങും.
189 വല്ലവീവല്ലഭന്തന്നുടെ കണ്ണിണ
190 വെല്ലേണമിന്നുനാമെന്നപോലെ

191 ചേൽക്കണ്ണിതന്നുടെ വീർക്കുന്ന വീർപ്പുകൾ
192 ദീർഘങ്ങളായ്വന്നു പാർക്കുംതോറും.
193 പോർക്കു തുനിഞ്ഞൊരു മാരന്തന്നമ്പിന്നു
194 ലാക്കായി വന്നൊരു സുന്ദരിതാൻ
195 ഉള്ളം മയങ്ങിനിന്നുന്നിച്ചു ചൊല്ലിനാൾ
196 കള്ളം കളഞ്ഞുടൻ കണ്ണനോട്:
197 "നിന്നെപ്പിരിഞ്ഞിട്ടു പോവതിന്നേതുമേ
198 വല്ലുന്നുതില്ല ഞാൻ ചൊല്ലാം ചെമ്മേ.
199 സുന്ദരനായുള്ള നീയിന്നു നമ്മുടെ
200 മന്ദിരംതന്നിലേ പോരവേണം.

201 ഉന്മദനായൊരു മന്മഥൻ കണ്ടാലും
202 നിന്മൂലമെന്നെപ്പൊരുന്നതിപ്പോൾ."
203 എന്നവൾ ചൊന്നതു കേട്ടങ്ങു നിന്നൊരു
204 നന്ദതനൂജന്താൻ ചൊന്നാനപ്പോൾ:
205 "ആയന്മാർ ഞങ്ങൾ നൽ കാഴ്ചയുമായിട്ടു
206 രാജാവെക്കാണ്മാനായ് വന്നുതിപ്പോൾ
207 മുമ്പിലേ നിന്നുടെ മന്ദിരം പൂകിലോ
208 വമ്പിഴയാമല്ലൊ ഞങ്ങൾക്കെല്ലാം.
209 രാജാവെക്കണ്ടിട്ടു കാഴ്ചയും നല്കിനാൽ
210 പാരാതെ വന്നുണ്ടു നിൻവീട്ടിലും

211 നേരത്രേ നിന്നോടു ചൊന്നതു ഞാനെന്നു
212 നാരിമാർനായികേ! തേറിനാലും."
213 ഇങ്ങനെ ചൊന്നുടൻ മംഗലയായുള്ളൊ
214 രംഗനതന്നെയയച്ചു പിന്നെ
215 ചാപത്തെപ്പൂജിക്കും മന്ദിരമേതെന്നു
216 ചോദിച്ചുനിന്നതു കണ്ടനേരം
217 ധൃഷ്ടനായ് ചെന്നുടൻ പെട്ടന്നകംപുക്കു
218 ദുഷ്ടന്മാരെല്ലാം കണ്ടിരിക്കെ.
219 ഒല്ലായെന്നെല്ലാരും ചൊല്ലിനിന്നീടുമ്പോൾ
220 വില്ലിനെച്ചെന്നങ്ങെടുത്തു ചെമ്മേ

221 എട്ടാശയെല്ലാമേ ഞെട്ടുമാറുന്നേരം
222 പൊട്ടിച്ചാനങ്ങതിൻ മുഷ്ടിദേശം
223 ജാനകിതന്നുടെ വാർമുല പുല്കുവാൻ
224 രാമനായ് പണ്ടുതാനെന്നപോലെ.
225 ദക്ഷിണന്മാരായ രക്ഷകന്മാരെയും
226 അക്ഷണം കൊന്നങ്ങൊടുക്കിപ്പിന്നെ
227 ശാലയിൽനിന്നങ്ങു ചാലപ്പുറപ്പെട്ടു
228 ലീലയുമാണ്ടു നടന്നനേരം
229 ഇങ്ങനെ നാളെയക്കംസനുമാകുന്നൂ
230 തെന്നങ്ങു ചൊല്ലുന്നോനെന്നപോലെ.

231 ശക്തനായ് നിന്നു തിമിർത്തൊരു സൂര്യനും
232 അസ്തമിച്ചീടിനാൻ മെല്ലെ മെല്ലെ.
233 കേടറ്റു നിന്നൊരു ഗോവിന്ദരാമന്മാർ
234 ചാടു നിറുത്തിന ദിക്കു നോക്കി
235 മേളത്തിൽ പോയങ്ങു പാൽവെണ്ണയുണ്ടിട്ടു
236 കേളിയുമാണ്ടു കിടന്നാർ ചെമ്മേ.
237 ആപത്തണഞ്ഞൊരു കംസന്താൻ തന്നുടെ
238 ചാപത്തിൻ ഭംഗത്തെക്കേട്ടനേരം
239 ചീർത്തൊരു ഭീതിയെപ്പാർത്തോളം പൂണ്ടുനി
240 ന്നോർത്തുതുടങ്ങിനാനാർത്തനായി.

241 കൊന്നങ്ങു വീഴ്ത്തുന്ന ദുർനിമിത്തങ്ങളു
242 മൊന്നൊന്നേ കാണായി പിന്നെപ്പിന്നെ
243 ദക്ഷിണമല്ലാതെ വീക്ഷണവും തോളു
244 മക്ഷണമാടിത്തുടങ്ങി ചെമ്മേ.
245 പൊന്മയമായിട്ടു തോന്നിത്തുടങ്ങീതു
246 വന്മരമോരോന്നേ നോക്കുംനേരം.
247 കർണ്ണങ്ങൾ രണ്ടുമടച്ചങ്ങു മേവുമ്പോൾ
248 ഇല്ലാതെയായ്വന്നു ഘോഷങ്ങളും.
249 കണ്ണൊന്നു പൊത്തീട്ടു ദീപത്തെ നോക്കുമ്പോൾ
250 കൈവിരൽതന്നിലടങ്ങീലേതും.

251 നിദ്രിതനായിക്കിടക്കുന്ന നേരത്തു
252 ഗർദ്ദഭംതന്മീതേ തന്നെക്കാണാം.
253 മഗ്നനായ് വന്നുടനഭ്യംഗംതന്നിലേ
254 നഗ്നനായ് നിന്നതും കാണായ്വന്നൂ.
255 തന്നുടെ കൈകൊണ്ടു തന്നുടെ ദന്തങ്ങൾ
256 ചിന്നിക്കളഞ്ഞിട്ടും കാണായ്വന്നൂ.
257 പ്രേതങ്ങളോടു കലർന്നു കളിക്കയും
258 പ്രേതങ്ങൾതന്മേനി പൂണുകയും
259 ആറുകളെല്ലാം വരണ്ടിട്ടു കാണായി
260 താഴികളും പിന്നെയവ്വണ്ണമേ.

261 ഘോരങ്ങളായുള്ള ദുർന്നിമിത്തങ്ങളെ
262 പ്പാരാതെയിങ്ങനെ കണ്ടനേരം
263 അന്ധനായുള്ളൊരു കഞ്ചനു മാനസം
264 വെന്തുതുടങ്ങീതു ചിന്തയാലേ.
265 കണ്ണൻ വന്നെന്നെക്കഴിക്കുന്നതുണ്ടെന്നൊ
266 രെണ്ണമങ്ങുള്ളിലേ പൊങ്ങുകയാൽ
267 വന്നതും നിന്നതും കണ്ടതും കേട്ടതും
268 "കണ്ണനെ"ന്നിങ്ങനെ തോന്നിക്കൂടി.
269 മറ്റൊരു ചിന്തയിൽ കംസന്നു മാനസം
270 പറ്റീതില്ലപ്പോൾ തുടങ്ങിപ്പിന്നെ.

271 ചീർത്തുനിന്നുള്ളൊരു ചിന്തപൂണ്ടങ്ങനെ
272 രാത്രി കഴിഞ്ഞു പുലർന്നനേരം
273 വഞ്ചകനായൊരു കഞ്ചന്താനോരോരോ
274 മഞ്ചങ്ങൾ ചൂഴും ചമപ്പിച്ചുടൻ
275 "മല്ലന്മാരിന്നിപ്പോൾ കോലുന്ന ലീലകൾ
276 എല്ലാരും കാണണം" എന്നു ചൊന്നാൻ.
277 കഞ്ചൻറെ ചൊല്ലാലപ്പൗരന്മാരെല്ലാരും
278 മഞ്ചങ്ങളേറിനാർ മറ്റുള്ളോരും.
279 വല്ലവന്മാരും നൽ കാഴ്ചയും നല്കീട്ടു
280 നല്ലൊരു മഞ്ചത്തിന്മീതേ പുക്കാർ.

281 കഞ്ചനുമന്നേരം വെഞ്ചാമരങ്ങളേ
282 ചെഞ്ചെമ്മേ വീയിച്ചു മഞ്ചം പുക്കാൻ.
283 ചാണൂരൻമുമ്പായ മല്ലന്മാരെല്ലാരും
284 ചേണുറ്റുനിന്നൊരു രംഗംതന്നിൽ
285 ചെന്നുതുടങ്ങിനാർ വമ്പുറ്റ സിംഹങ്ങൾ
286 കുന്നിന്മേൽ മേന്മേലേ ചെല്ലുംപോലെ
287 ആക്കം കലർന്നുള്ള ഭേരിയുമോരോന്നെ
288 താക്കിത്തുടങ്ങിനാർ തന്നിൽനിന്ന്.
289 അന്യന്മാരായുള്ള മല്ലന്മാരെല്ലാരും
290 ധന്യന്മാരായുള്ള ലോകർമുമ്പിൽ

291 ലീലകൾ തോഞ്ഞുടൻ തന്നുടെ തന്നുടെ
292 വേലകൾ കാട്ടിനാർ വെവ്വേറെയായ്.
293 അന്ധകനാഥനായ് നിന്നൊരു കഞ്ചനേ
294 അന്തകൻവീട്ടിനെക്കാട്ടുവാനായ്
295 ബന്ധുരന്മാരായ ബന്ധുക്കൾ ചൂഴുറ്റു
296 ചന്തത്തിൽ വന്നൊരു നന്ദജന്താൻ
297 മല്ലന്മാർ തല്ലുന്ന ഭേരിയും കേട്ടിട്ടു
298 ചെല്ലേണം ഞാനിപ്പോളെന്നു നണ്ണി
299 ഗോപാലബാലരും രാമനും താനുമായ്
300 ഗോപുരവാതുക്കൽ ചെന്നനേരം

301 വാരണവീരനേ നിന്നതു കണ്ടിട്ടു
302 പാരാതെ ചൊല്ലിനാൻ പാവാനോട്"
303 "പോവാനായുള്ളൊരു വാതിൽ വഴങ്ങേണം
304 പാവാനേ! ഞങ്ങൾക്കു പാരാതെ നീ."
305 എന്നതിന്നേതുമേ മിണ്ടാതെ നിന്നപ്പോൾ
306 പിന്നെയും ചൊല്ലിനാൻ നന്ദജന്താൻ:
307 "നിന്നോടു ചൊല്ലുന്നു നീങ്ങു നീയെന്നു ഞാൻ
308 "എന്നോടല്ലെ"ന്നോ നീയുന്നിക്കുന്നു?
309 നീങ്ങുന്നൂതില്ലെന്നു നിർണ്ണയമുണ്ടെങ്കിൽ
310 നീക്കുന്നൂതുണ്ടെന്നു നിർണ്ണയം ഞാൻ."

311 എന്നതു കേട്ടപ്പോൾ നിന്നൊരു പാവാന്താൻ
312 നന്ദകുമാരകന്തന്നെ നോക്കി
313 പാവുകളേകിനിന്നാനയെപ്പായിച്ചാൻ
314 ചേവകരാകുമ്പോളെന്നേ വേണ്ടു.
315 ചാടിയണഞ്ഞുള്ളൊരാനയെക്കണ്ടപ്പോൾ
316 പേടിച്ചപോലെയങ്ങോടിനാൻ താൻ.
317 ചീറ്റം തിരണ്ടൊരു പാവാന്താൻ ചൊല്ലിനാ
318 നേറ്റം ചിരിച്ചുനിന്നെന്നനേരം:
319 "നീക്കുന്നുതുണ്ടു ഞാനെന്നല്ലൊ ചൊല്ലി നീ
320 നീക്കുന്നവാറു നീയിങ്ങനെയോ?"

321 എന്നങ്ങു പിന്നെയും ചൊന്നുചൊന്നന്നേരം
322 ചെന്നു ചെന്നേശിനാനാശു ചെമ്മേ.
323 വമ്പുറ്റു നിന്നൊരു വാരണവീരന്താൻ
324 തുമ്പിക്കൈകൊണ്ടു പിടിച്ചാനപ്പോൾ
325 കൈയീന്നു വീണ്ടവന്തന്നെയും താഡിച്ചു
326 കാലിടെച്ചെന്നങ്ങൊളിച്ചാൻ കണ്ണൻ.
327 കാണാഞ്ഞനേരത്തു കാറ്റിനെക്കൊണ്ടു കൊ
328 ണ്ടാരാഞ്ഞുനിന്നുടനങ്ങുമിങ്ങും
329 മുഷ്ക്കരനായൊരു വാരണനന്നേരം
330 പുഷ്ക്കരലോചനൻ പൂവൽമേനി

331 പുഷ്ക്കലമായൊരു പുഷ്ക്കരംകൊണ്ടുടൻ
332 ദുഷ്ക്കരമെങ്കിലും ചെന്നു തൊട്ടാൻ
333 തൊട്ടൊരുനേരത്തു തോയജലോചനൻ
334 പെട്ടെന്നു ചാടിപ്പുറപ്പെട്ടുടൻ
335 വാലേപ്പിടിച്ചു വലിച്ചുതുടങ്ങിനാൻ
336 ബാലകൻ കന്നിനേയെന്നപോലെ.
337 പക്ഷങ്ങൾ രണ്ടിലും തുമ്പിക്കൈതന്നെക്കൊ
338 ണ്ടക്ഷണം വീയുന്ന വാരണന്താൻ
339 പന്നഗവായോടു കാൽപിണഞ്ഞീടുന്ന
340 മണ്ഡൂകവേലയെപ്പൂണ്ടു നിന്നാൻ.

341 വാലങ്ങു കൈവിട്ടു പാഞ്ഞുതുടങ്ങിനാൻ
342 വാരണന്തന്മുന്നൽ ചെന്നു പിന്നെ.
343 പാഞ്ഞതു കണ്ടൊരു വാരണവീരനും
344 പാഞ്ഞുതുടങ്ങിനാൻ കണ്ണൻപിമ്പേ.
345 ചെമ്പൊൽത്താർമാനിനി പൂണുന്ന പൂമേനി
346 തുമ്പിക്കരംകൊണ്ടു തൊട്ടു തൊട്ട്
347 പായുന്നനേരത്തു ഭൂതലംതന്നിലേ
348 പോയങ്ങു വീണാനക്കാർവർണ്ണന്താൻ.
349 കാരിയമേയെന്നു കാണുന്നോരെല്ലാർക്കും
350 വാരണവീരനും തോന്നുംവണ്ണം

351 വാരിജലോചനൻ വീണൊരു നേരത്തു
352 വാരണവീരൻ വൻകോപത്താലേ
353 പൂമേനി നേർകണ്ടു കുത്തിനിന്നീടിനാൻ:
354 ഭൂമിയിലായതു കൊൾവതപ്പോൾ
355 ഭൂമിയിലായതു കുറ്റമല്ലോർക്കുമ്പോൾ
356 കാമിനിയായല്ലൊ കണ്ണന്നുള്ളു.
357 കൊമ്പുകളാണ്ടതു കൊള്ളരുതാഞ്ഞിട്ടു
358 വമ്പിലുഴന്നങ്ങു നിന്നനേരം
359 വാരിജലോചനൻ പൊങ്ങിച്ചതൊന്നേതാ
360 മ്പോരായ്മയായ്വന്നു വീരന്നപ്പോൾ.

361 മുന്നേതിലേറ്റവും കോപിച്ചു നിന്നുടൻ
362 പിന്നെയും ചെന്നു പിണങ്ങുംനേരം
363 നന്മുലയുണ്ണുമ്പൊളമ്മതന്മാറത്തു
364 ചെമ്മേയടിക്കുന്ന കൈകൊണ്ടപ്പോൾ
365 താഡിച്ചാൻ വന്നൊരു വാരണവീരന്തൻ
366 കേടറ്റുനിന്ന കവിൾത്തടത്തിൽ.
367 താഡനമേറ്റോരു വാരണവീരന്നു
368 പീഡയുണ്ടായ്വന്നു പിന്നെപ്പിന്നെ
369 പേടിയും പൂണ്ടുടൻ വാടിന മെയ്യുമായ്
370 ഓടുവാനായിത്തുടങ്ങുംനേരം

371 വമ്പോടു വേറായ തുമ്പിക്കരംതന്നെ
372 വമ്പിൽ പിടിച്ചു വലിച്ചാൻ കണ്ണൻ.
373 മാതംഗവീരന്നു മാനസംതന്നുള്ളി
374 ലാതങ്കമേറ്റമെഴുന്നതപ്പോൾ.
375 വാ പിളർന്നങ്ങു കരഞ്ഞു തുടങ്ങിനാൻ:
376 കൗപീനമായ്വന്നു വാലുമപ്പോൾ.
377 വാരിജലോചനൻ വാരണവീരനെ
378 പാരാതെനിന്നു ചുഴറ്റിപ്പിന്നെ
379 ഭൂതലംതന്നിലേ തല്ലിനിന്നന്നേരം
380 ചേതന പോക്കിനാൻ ദൂരം ദൂരം.

381 മസ്തകംതന്നെച്ചവിട്ടിപ്പറിച്ചുടൻ
382 മെത്തിന കൊമ്പുകൾ രണ്ടും പിന്നെ
383 മൂത്തവൻകയ്യിലേ നല്കിനാനൊന്നവൻ
384 ശക്തനായ്താനുമൊന്നേന്തിക്കൊണ്ടാൻ.
385 ഹസ്തിപന്മാരെയും കൊന്നുടൻ വീഴ്ത്തിനാൻ
386 അത്തരം പിന്നെയടുത്തതെല്ലാം.
387 ദന്തിതൻ ദന്തത്തെത്തോളിലും ചേർത്തുടൻ
388 നന്ദകുമാരകന്മാരന്നേരം
389 മല്ലന്മാരാകുന്ന മാതംഗയൂഥത്തേ
390 വെല്ലുന്ന കേസരിവീരന്മാരായ്

391 മംഗലം നല്കുവാൻ തന്നെയുവന്നോർക്കു
392 ഭംഗികൾ തങ്ങിന രംഗംതന്നിൽ
393 അഞ്ചാതെ ചെന്നു കരേറിത്തുടങ്ങിനാർ
394 അഞ്ചാറു ബാലകന്മാരുമായി.
395 മഞ്ചങ്ങളേറിന മാലോകരെല്ലാരും
396 അഞ്ചനവർണ്ണനെക്കണ്ടാരപ്പോൾ.
397 മല്ലന്മാരെല്ലാരും പാവകന്താനിതെ
398 ന്നുള്ളിലേ നണ്ണി നടുങ്ങിനിന്നാർ.
399 ആനന്ദലീലന്മാരായിത്തുടങ്ങിനാർ
400 ആണുങ്ങളെല്ലാരും കാണുംനേരം.

401 അംഗനമാരെല്ലാമംഗജൻതാനെന്നു
402 തങ്ങളിൽ നിന്നു പറഞ്ഞാരപ്പോൾ.
403 നമ്മുടെ ബാലകന്താനെന്നു നണ്ണിനാർ
404 നന്ദന്തുടങ്ങിന വല്ലവന്മാർ.
405 ദുഷ്ടന്മാരായുള്ള മന്നവർമാനസം
406 പൊട്ടിത്തുടങ്ങീതു കണ്ടനേരം.
407 നിർമ്മലയായുള്ള ദേവകീദേവിക്കു
408 നന്മുല തിണ്ണം ചുരന്നുതപ്പോൾ
409 ആനകദുന്ദുഭിതന്നുടെ മേനിയിൽ
410 കോൾമയിർക്കൊണ്ടു തുടങ്ങീതപ്പോൾ.

411 പെട്ടെന്നു കണ്ടൊരുനേരത്തു കംസനും
412 ഞെട്ടി നടുങ്ങി വിറച്ചുവീണാൻ.
413 ചിന്മയമായുള്ള ദൈവതംതാനെന്നു
414 നിർമ്മലരായവർ നണ്ണിക്കൊണ്ടാർ.
415 വൃഷ്ണികളെല്ലാരും നാഥനെന്നിങ്ങനെ
416 വിശ്വസിച്ചീടിനാർ കണ്ടനേരം.
417 രംഗത്തിലിങ്ങനെ നന്ദതനൂജന്മാർ
418 ഭംഗിയിൽ നിന്നു വിളങ്ങുംനേരം
419 ചാണൂരനാകിന മല്ലന്താൻ ചൊല്ലിനാൻ
420 ചാപലം വേറായ വാക്കുതന്നേ:

421 "നന്ദകുമാരന്മാരായുള്ള നിങ്ങളി
422 ന്നമ്മോടുകൂടിക്കളിക്കവേണം
423 കാലിയുംമേച്ചു നൽ കാനനമോരോന്നിൽ
424 ബാലകന്മാരുമായ് ചാലെ നിന്ന്
425 മല്ലുകൊണ്ടേറ്റം കളിക്കുന്ന നിങ്ങളെ
426 ക്കല്യന്മാരെന്നു നാം കേൾപ്പുവെന്നാൽ
427 മന്നവവീരന്നു കാണ്മതിന്നായിപ്പോൾ
428 മല്ലിനെക്കാട്ടണം നാമെല്ലാരും."
429 എന്നതു കേട്ടൊരു നന്ദകുമാരകൻ
430 എല്ലാരും കേൾക്കവേ ചൊന്നാനപ്പോൾ:

431 "മല്ലിനെക്കാട്ടുവാൻ നമ്മിലിന്നോർക്കുമ്പോൾ
432 തുല്യതയില്ലല്ലോ ഒന്നുകൊണ്ടും;
433 കല്യന്മാരായുള്ള മല്ലന്മാരിന്നിങ്ങൾ
434 വല്ലാത ബാലന്മാരല്ലൊ ഞങ്ങൾ
435 ഞങ്ങൾക്കു നേരൊത്തു നിന്നോരുമായിട്ടേ
436 ഞങ്ങൾക്കു ലീലകൾ ചേർന്നുകൂടൂ.
437 നിങ്ങൾക്കുമങ്ങനെ പൊങ്ങുന്ന ചേർച്ചയി
438 ന്നെങ്ങളോടേശിനാൽ വന്നുകൂടാ.
439 ബാലന്മാരോടു ചാലക്കലർന്നുള്ള
440 ലീല നാം വേണ്ടീലയെന്നു തോന്നും.

441 മന്നവനിന്നിതു കാണേണമെന്നാകിൽ
442 ചൊന്നതു ഞങ്ങളോ കേട്ടുകൊള്ളാം."
443 എന്നതു കേട്ടൊരു മല്ലനും ചൊല്ലിനാൻ
444 നന്ദകുമാരകൻതന്നെ നോക്കി:
445 "കേവലം പോരുന്ന ബാലകനല്ല നീ
446 കേശിയെക്കൊന്നതു നീയല്ലയോ?
447 ബന്ധുരനായൊരു ദന്തിയെത്തന്നെയും
448 അന്തകൻകോയിക്കലാക്കിനാൻ നീ.
449 വീരന്മാരായുള്ള ഞങ്ങളോടേശുവാൻ
450 നേരായി നിന്നതു നിങ്ങളിപ്പോൾ.

451 ഖിന്നത കൈവിട്ടു മന്നവൻമുന്നലേ
452 സന്നദ്ധരായാലുമെന്നേ വേണ്ടു."
453 ഇങ്ങനെ കേട്ടൊരു നന്ദദനെന്നപ്പോൾ
454 സംഗരഭംഗികളാണ്ടു ചെമ്മേ
455 പാരമണഞ്ഞ വന്മേനിയോടേശിനാൻ
456 പാവകൻ ദാരുവോടെന്നപോലെ.
457 രോഹണീസൂനവും മുഷ്ടികമല്ലനും
458 ആഹവമായിപ്പിണഞ്ഞാരപ്പോൾ.
459 മല്ലന്മാർ കോലുന്ന ലീലകളോരോന്നേ
460 മെല്ലെമെല്ലന്നേരം കാട്ടിക്കാട്ടി

461 കാണുന്ന ലോകർക്കു വിസ്മയമാക്കിനാർ
462 ചാണൂരമല്ലനും കാർവർണ്ണനും.
463 വല്ലവിമാരുടെ വാർമുലക്കോരകം
464 മെല്ലവേ ചേരുന്ന മാറുതന്നിൽ
465 മുഷ്ടികളേൽപ്പിച്ചു തുഷ്ടനായ്മേവിനാൻ
466 ദുഷ്ടനായുള്ളൊരു മല്ലവീരൻ.
467 മുഗ്ദ്ധവിലോചനന്മാറിടംതന്നിലേ
468 മുഷ്ടികൾ വന്നുടനേല്ക്കുംനേരം
469 ദേവതിതന്നുടെ മാനസംതന്നുള്ളിൽ
470 നോവുതുടങ്ങീതു പാരമപ്പോൾ.

471 ചീറ്റംതിരണ്ടൊരു കംസനു മാനസം
472 ഏറ്റം കുളുർത്തു തുടങ്ങീതപ്പോൾ
473 രുഷ്ടനായുള്ളൊരു മുഷ്ടികമല്ലനും
474 മുഷ്ടിചുരുട്ടിപ്പിടിച്ചു നന്നായ്
475 രോഹിണീനന്ദനന്മേനിയിൽ മേന്മേല
476 ങ്ങാഹനിച്ചീടിനാനായവണ്ണം.
477 താഴാതവണ്ണമക്കാർമുകിൽവർണ്ണനെ
478 ത്താഡിച്ചുനിന്നൊരു മല്ലനപ്പോൾ
479 പല്ലവംപോലെ പതുത്തൊരു പൂമേനി
480 കല്ലെന്നു തോന്നിത്തുടങ്ങി ചെമ്മേ.

481 തന്നുടെ കൈകളമ്മേനിയിലേല്ക്കുമ്പോൾ
482 ഖിന്നങ്ങളായ്വന്നു പിന്നെപ്പിന്നെ:
483 കാർവർണ്ണങ്കൈകളമ്മേനിയിലേല്ക്കുമ്പോൾ
484 കാരിരുമ്പെന്നതും തോന്നി ചെമ്മേ.
485 ലീലയായ് നിന്നങ്ങു ഭൂതലംതന്നിലേ
486 ചാലെപ്പോയ്വീണാനക്കണ്ണനപ്പോൾ
487 വീരനായുള്ളൊരു മല്ലന്താനന്നേരം
488 മാറിൽക്കരേറിനിന്നാർത്താൻ തിണ്ണം.
489 ആർത്തതു കേട്ടൊരു മാലോകരെല്ലാരും
490 ആർത്തന്മാരായ് നിന്നാർ പാർത്തതോറും.

491 ചിന്തപൂണ്ടീടുന്ന കഞ്ചന്താനെന്നപ്പോൾ
492 സന്തോഷവാരിയിൽ മുങ്ങിപ്പിന്നെ
493 മല്ലന്നു നല്കുവാനാഭരണങ്ങളേ
494 മെല്ലവേ ചാരത്തു നോക്കുംനേരം
495 കാൽകൊണ്ടു താഡിച്ചു തള്ളിവിട്ടീടിനാൻ
496 കാർമുകിൽവർണ്ണനമ്മല്ലന്തന്നെ.
497 സന്നദ്ധരായിട്ടു പിന്നെയും തങ്ങളിൽ
498 മുന്നമെപ്പോലെ പിണങ്ങുംനേരം
499 കചുവന്നീടുന്നൊരഞ്ചനവർണ്ണന്താൻ
500 ചെഞ്ചെമ്മേ മല്ലനെക്കൈപിടിച്ചു

501 അഞ്ചാതവണ്ണമക്കഞ്ചനു കാണുമാ
502 റഞ്ചാറുനൂറു ചുഴറ്റിപ്പിന്നെ
503 ഭൂതലംതന്നിലേ തല്ലിനാനൊന്നുടൻ
504 മാതുലന്തന്മനം മാഴ്കുംവണ്ണം
505 നീണ്ടുനിന്നുള്ളൊരു നിദ്രയും വന്നപ്പോൾ
506 പൂണ്ടുകിടന്നാളമ്മല്ലന്തന്നെ.
507 ദുഷ്ടരെ വെല്ലുന്ന രോഹിണീനന്ദനൻ
508 മുഷ്ടികന്തന്നെയുമവ്വണ്ണമേ
509 കണ്ടുനിന്നീടുന്ന വിണ്ടലരെന്നപ്പോൾ
510 കൊണ്ടൽനേർവർണ്ണനെക്കൊണ്ടാടിനാർ.

511 സന്തോഷവാരിയിൽ മുങ്ങിന കഞ്ചന്താൻ
512 സന്താപവെയ്ലിലങ്ങായാനപ്പോൾ.
513 മൂവരണഞ്ഞു പിണങ്ങിനാർ പിന്നെയും
514 മൂഢന്മാരായുള്ള മല്ലന്മാരിൽ.
515 ധീരന്മാരായ് നിന്നു കാർവർണ്ണങ്കൈയാലേ
516 വീരന്മാർ പോംവഴി പോയാർ ചെമ്മേ.
517 മറ്റുള്ള മല്ലന്മാരെല്ലാരുമെന്നപ്പോൾ
518 തെറ്റെന്നു ചാടിനാർ പേടിയോടേ.
519 ഗർവ്വിതനായൊരു കംസന്താനന്നേരം
520 ദുർവ്വചനങ്ങൾ പറഞ്ഞു മേന്മേൽ

521 കാർമുകിൽവർണ്ണന്തന്മാനസംതന്നിലേ
522 കാലുഷ്യമേറ്റമിയറ്റിനിന്നാൻ.
523 നീതിയേ വേർവിട്ട മാതുലന്തന്നുടെ
524 നിന്ദയെക്കണ്ടൊരു നന്ദജന്താൻ
525 മേല്പട്ടു ചാടിനാൻ മേളത്തിൽനിന്നങ്ങു
526 വായ്പെഴും കഞ്ചന്തന്മഞ്ചത്തിന്മേൽ.
527 വീരനായുള്ളൊരു കഞ്ചനും താനുമായ്
528 നേരിട്ടു പോരായി നിന്നു പിന്നെ
529 കേസരിവീരന്താനേണത്തിമ്പോതത്തെ
530 ക്കേവലം ചെന്നു പിടിക്കുംപോലെ

531 പാരം പിടിച്ചങ്ങു തള്ളിവിട്ടീടിനാൻ
532 ദൂരമായുള്ളൊരു ഭൂതലത്തിൽ.
533 പെട്ടെന്നു ചാടിനാന്താനുമന്നേരത്തു
534 ദുഷ്ടനായുള്ളൊരു കഞ്ചന്മീതേ.
535 പാരെല്ലാമീരേഴുമുള്ളിൽ ചുമന്നവൻ
536 പാരാതെ മേനിയിൽ പാഞ്ഞനേരം
537 വീരനായ് വീണുകിടന്നൊരു കഞ്ചന്താൻ
538 നേരേ പതുങ്ങിനാൻ പഞ്ചിപോലെ.
539 ജീവനുമെന്നപ്പോൾ കഞ്ചനേ വേർവിട്ടു
540 പോവതിന്നായിത്തുടങ്ങുന്നേരം

541 കാർമുകിൽവർണ്ണന്തന്മേനി തടഞ്ഞിട്ടു
542 പോകരുതായ്കയാലെന്നപോലെ
543 പുണ്യമിയന്നവൻതന്നുടെ മേനിയോ
544 ടൊന്നിച്ചു നന്നായി നിന്നുതപ്പോൾ
545 ചാർച്ചയെന്നുള്ളതു പിന്നെയും പാർക്കുമ്പോൾ
546 ചേർച്ചയായ്വന്നീടുമെന്നു ഞായം;
547 വഞ്ചകനാകിലും മാതുലനായൊരു
548 കഞ്ചനെത്തന്നോടു ചേർത്താനല്ലൊ.
549 കഞ്ചന്താൻ വീണൊരുനേരത്തു തന്നുടെ
550 നെഞ്ചകം തഞ്ചിന സോദരന്മാർ

551 എണ്മരുമൊന്നിച്ചു നിന്നുടൻ ചെന്നിട്ടു
552 ചെമ്മേയണഞ്ഞു പിണങ്ങുംനേരം
553 അമ്പിനേ വേർവിട്ടു രോഹിണീനന്ദനൻ
554 തമ്പന്നരാക്കിനാൻ വമ്പുകൊണ്ടേ.
555 സംഗരം കൈവിട്ടു കണ്ണനും രാമനും
556 രംഗത്തിൽനിന്നിങ്ങു പോന്നു പിന്നെ
557 ചങ്ങലപൂണ്ടുള്ളൊരച്ഛനുമമ്മയ്ക്കും
558 മംഗലം നല്കുവാൻ ചെന്നു മുന്നൽ.
559 എന്നുമിവർക്കൊരു ബന്ധമുണ്ടാകൊല്ലാ
560 യെന്നങ്ങു തന്നിലേ നണ്ണി നന്നായ്

561 പാവനമായൊരു പാണിതലംകൊണ്ടു
562 പാരിച്ച ബന്ധത്തെപ്പോക്കിനിന്നാൻ.
563 ബന്ധമഴിഞ്ഞുള്ളൊരച്ഛനുമമ്മയും
564 എന്തിതെന്നിങ്ങനെ ചിന്തിച്ചുള്ളിൽ
565 വിശ്വത്തിങ്കാരണമായി വിളങ്ങുന്ന
566 വിഷ്ണുവെന്നിങ്ങനെ തോന്നീതപ്പോൾ.
567 എന്നതു കണ്ടൊരു കൊണ്ടൽനേർവർണ്ണന്താൻ
568 തന്നുടെ മായയെപ്പൂണ്ടനേരം
569 "എന്നുടെ പൈതൽതാൻ" എന്നതേ നണ്ണീട്ടു
570 പിന്നെപ്പിടിച്ചങ്ങു പൂണ്ടുകൊണ്ടാർ.

571 തൂമൊഴികൊണ്ടവരുള്ളിലേ വേദന
572 കാർമുകിൽവർണ്ണന്താൻ പോക്കിപ്പിന്നെ
573 അഗ്ര്യനായ് നിന്നുള്ളൊരുഗ്രസേനന്തന്നെ
574 വ്യഗ്രങ്ങൾ തീർത്തു തെളിഞ്ഞു ചെമ്മേ
575 ആദരവോടഭിഷേകത്തെച്ചെയ്തിട്ടു
576 യാദവപാലകനാക്കിനാൻതാൻ.
577 വാട്ടമകന്നൊരു കഞ്ചന്താൻ നാട്ടിൽനി
578 ന്നാട്ടിക്കളഞ്ഞുള്ളോരെല്ലാരെയും
579 തേടി വിളിപ്പിച്ചു തന്നുടെ തന്നുടെ
580 കേടറ്റ മന്ദിരംതന്നിലാക്കി

581 വേണുന്നതെല്ലാമേ നല്കിനിന്നീടിനാൻ
582 വേദന വേർവിട്ടു പോകുംവണ്ണം.
583 ഗോകുലനാഥനായ് നിന്നൊരു നന്ദനോ
584 ടാകുലനാകാതെ ചൊന്നാൻ പിന്നെ:
585 "നമ്മുടെ ദേശത്തു പോവതിന്നായിട്ടു
586 ചെമ്മേ തുടങ്ങേണം താതനിപ്പോൾ.
587 യാദവന്മാർക്കെല്ലാം മോദത്തെ നല്കി നി
588 ന്നാദരവോടു തഴപ്പിച്ചുടൻ
589 അമ്മയെക്കാണ്മാനായ് ഞാനും വരുന്നതു
590 ണ്ടുണ്മയിച്ചൊന്നതു തേറിനാലും.

591 അച്ഛനുമമ്മയും മറ്റിവനുണ്ടല്ലൊ
592 ഇച്ഛയിൽ നല്കുവാനെന്നു നണ്ണി
593 ദീർഘമായുള്ളൊരു കാലമിന്നിങ്ങനെ
594 പാർക്കുമിങ്ങെന്നുള്ളതോർക്കവേണ്ടാ.
595 അച്ഛനായുളളതു നീയൊഴിച്ചില്ലെനി
596 ക്കച്യുതന്തന്നുടെ പാദത്താണ
597 പെറ്റു വളർത്തൊരു തായായി നിന്നതു
598 മുറ്റുമെനിക്കു മറ്റാരുമല്ലേ;
599 ആറ്റിലും തീയിലും വീഴാതെകണ്ടെന്നെ
600 പ്പോറ്റി വളർത്തതു നിങ്ങളല്ലോ.

601 ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും
602 നിങ്ങളേയെന്നും മറക്കയില്ലേ."
603 നന്ദനോടിങ്ങനെ ചൊന്നുടൻ തന്നുടെ
604 ചങ്ങാതിമാരോടു ചൊന്നാൻ പിന്നെ:
605 "അച്ഛന്നു ചങ്ങാതമായിട്ടു നിങ്ങളു
606 മിച്ഛയിൽ പോകേണമാമ്പാടിയിൽ.
607 പാരാതെ പോന്നങ്ങു വന്നതുമുണ്ടു ഞാൻ
608 നാരായണന്തൻറെ പാദത്താണ.
609 നിങ്ങളുമായുള്ള ലീലകൾ ചിന്തിച്ചാ
610 ലെങ്ങനെ ഞാനിങ്ങു നിന്നുകൊൾവൂ?

611 കാളിന്ദീതീരത്തെക്കാനനംതന്നിലെ
612 ക്കായ്കളെത്തിന്നല്ലൊ ഞാൻ വളർന്നു.
613 എന്നുമതിന്നുള്ളൊരിച്ഛ പുലമ്പിയു
614 ണ്ടെന്നുള്ളിലെന്നതു തേറിനാലും,"
615 ഇങ്ങനെ ചൊന്നു തൻ ചങ്ങാതിമാരുള്ളിൽ
616 പൊങ്ങിന വേദന പോക്കിപ്പിന്നെ
617 നന്മകലർന്നുള്ള രത്നവും ചേലയും
618 നന്ദന്നുമെല്ലാർക്കും നല്കിനിന്നാൻ.
619 അമ്മയ്ക്കു നല്കുവാൻ ചെമ്മുള്ള ചേലകൾ
620 നന്ദന്തങ്കൈയിലേ നല്കിച്ചൊന്നാൻ:

621 "നൽച്ചേല നാലുമെന്നമ്മതങ്കൈയിലേ
622 ഇച്ഛയിൽ നല്കേണമിന്നുതന്നെ.
623 എന്നമ്മതന്നോടു ചൊല്ലണം പിന്നെ നീ
624 എന്നെ മറക്കൊല്ലായെന്നിങ്ങനെ.
625 പാൽവെണ്ണയുണ്ണാഞ്ഞു വേദനയുണ്ടുള്ളിൽ
626 പാരമെനിക്കെന്നു ചൊല്ക പിന്നെ.
627 വെണ്ണയും പാലുമിങ്ങാരാനും പോരുന്നോ
628 രുണ്ടെങ്കിൽ മെല്ലെ വരുത്തവേണം;
629 വാഴപ്പഴങ്ങളും വണ്ണംതിരണ്ടവ
630 കേഴുവനല്ലായ്കിലെന്നു ചൊൽവൂ.

631 ചിറ്റാടയുണ്ടു ഞാൻ പെട്ടകംതന്നുള്ളിൽ
632 മറ്റാരും കാണാതെ വച്ചു പോന്നൂ;
633 ഊനപ്പെട്ടില്ലല്ലീയെന്നതേ ചിന്തിച്ചു
634 ദീനമാരുന്നുതെന്മാനസത്തിൽ.
635 മഞ്ഞൾ പിഴിഞ്ഞുള്ള കൂറകളൊന്നുമേ
636 മങ്ങാതെ മാനിച്ചുകൊള്ളേണം നീ,
637 വെറ്റില തിന്നു ചൊരുക്കിനനേരത്തു
638 തെറ്റെന്നു പൂട്ടുവാൻ ചെന്നേനല്ലൊ
639 കൂലിയായന്നതിന്നമ്മതാൻ നല്കിന
640 ചേലയും മാലുറ്റു പോകൊല്ലാതെ.

641 പിള്ളരേ നുള്ളിനാനെന്നങ്ങു ചൊല്ലീട്ടു
642 പീലികൊണ്ടെന്നെയടിച്ചാളമ്മ
643 കേണുകൊണ്ടന്നു വഴക്കായിപ്പോയി ഞാ
644 ന്നൂണിന്നു വാരാതെ നിന്നനേരം
645 തെണ്ടമായെന്നതിന്നന്നു നീ നല്കിന
646 കണ്ടിക്കഞ്ചേല മറക്കൊല്ലാതെ.
647 പൊങ്ങിനോരോശ പുലമ്പിനിന്നീടുന്ന
648 കിങ്ങിണിയെങ്ങാനും വീഴൊല്ലാതെ
649 പാവകളൊന്നുമേ പാഴായിപ്പോകാതെ
650 പാലിച്ചുകൊള്ളേണം പാരാതെ നീ

651 ചേണുറ്റു നിന്നുള്ളോരോണവില്ലൊന്നുമേ
652 ഞാണറ്റുപോകൊല്ല ഞാൻ വരുമ്പോൾ."
653 താതനായ് നിന്നൊരു നന്ദനോടിങ്ങനെ
654 മാധവൻ നിന്നു പറഞ്ഞനേരം
655 കണ്ണന്താനിന്നങ്ങു പോരുന്നോനല്ലെന്നു
656 നിർണ്ണയിച്ചീടിന നന്ദനപ്പോൾ
657 മാനസംതന്നിൽ മറച്ചുവച്ചമ്പിനോ
658 ടാനായപ്പൈതലാം കണ്ണന്തന്നെ
659 തെറ്റെന്നു പോയാൻ തന്നുറ്റുള്ള ദേശത്തു
660 മറ്റുള്ള ഗോപന്മാരോടുംകൂടി.

661 ആനകദുന്ദുഭിതാനുമൊളിച്ചു പ
662 ണ്ടാനായച്ചേരിക്കു കൊണ്ടുപോയി
663 ആനായച്ചേരിക്കു പോകുമ്പൊളിങ്ങനെ
664 ഞായമുണ്ടെല്ലാർക്കുമെന്നു തോന്നൂ.
665 ആനകദുന്ദുഭി കൊണ്ടങ്ങുപോയത
666 ന്നാരുമൊരുത്തരറിഞ്ഞുതില്ലേ;
667 നന്ദന്താനുള്ളിൽ മറച്ചോരു കണ്ണനേ
668 നിന്നോരു ലോകരറിഞ്ഞുകൊണ്ടാർ
669 വായ്പെഴും മെയ്യിലെഴുന്നുള്ള രോമവും
670 ബാഷ്പവും മേന്മേലേ ചൊല്ലുകയാൽ.

671 വഞ്ചനമെന്നതു പിന്നെയുമോർക്കുമ്പോൾ
672 ചഞ്ചലമായ്വരുമെന്നു ഞായം;
673 നെഞ്ചകംതന്നിലുള്ളഞ്ചനവർണ്ണനെ
674 ച്ചെഞ്ചെമ്മേ ലോകരറിഞ്ഞാരല്ലൊ.
675 നന്ദനും തന്നുടെ വല്ലവന്മാരുമായ്
676 മന്ദിരംതന്നിലേ ചെന്നു ചെമ്മേ
677 കണ്ണനേ നണ്ണിനോരുള്ളവുമായിട്ടു
678 പുണ്യമിയന്നു തെളിഞ്ഞു നിന്നാൻ.