കൃഷ്ണഗാഥ/ഒന്നാം ഭാഗം/ഹേമന്തവർണ്ണനം
1 ചൊല്ക്കൊണ്ടു നിന്നൊരു നല്ക്കാലമായുള്ളൊ
2 രക്കാലമങ്ങനെ പോയിതായി,
3 ശീതം തഴച്ചോരു ഹേമന്തകാലവും
4 ആമന്ദം പോന്നിങ്ങു വന്നുതപ്പോൾ.
5 പാലാഴിത്തൂവെള്ളം തൂകുന്നപോലെ നൽ
6 പ്രാലേയം തൂകിത്തുടങ്ങീതെങ്ങും.
7 ചണ്ഡനായുള്ളൊരു പങ്കജനാഥന്തൻ
8 മണ്ഡലം മങ്ങിച്ചമഞ്ഞുകൂടീ;
9 കെല്പില്ലയാതോർക്കുമൊപ്പുണ്ടായ്മേവുകിൽ
10 കെല്പേറെ വെന്നിടാമെന്നേയുള്ളൂ.
11 വാരുറ്റ കാന്തി കലർന്നൊരു വാരിജ
12 മോരോന്നേ മങ്ങിമയങ്ങീതപ്പോൾ;
13 കാന്തനു കാന്തി കുറഞ്ഞതു കാണുമ്പോൾ
14 കാന്തമാർകാന്തിയും മങ്ങുമല്ലോ.
15 ചീർത്തുനിന്നുള്ളൊരു ശീതത്തെപ്പൂണ്ടു നി
16 ന്നാർത്തന്മാരായിച്ചമഞ്ഞെല്ലാരും
17 കൈത്തലംകൊണ്ടു തന്മാറത്തു നന്നായി
18 സ്വസ്തികാബന്ധം തുടങ്ങിനാരേ
19 വായ്പാർന്നു നിന്നുള്ള കാർപ്പാസംകൊണ്ടോരോ
20 കൂർപ്പാസം മേനിയിൽ ചേർച്ച പൂക്കു.
21 ആദിത്യസേവയും പാവകസേവയു
22 മായിത്തുടങ്ങീ പലർക്കുമപ്പോൾ.
23 ഉദ്യാനംതന്നിൽ കളിപ്പതിന്നാർക്കുമ
24 ങ്ങുദ്യോഗമേതുമെഴുന്നീലപ്പോൾ,
25 വാതായനങ്ങളും വീതങ്ങളായിതേ
26 വാരിവിഹാരവുമവ്വണ്ണമേ.
27 ചന്ദനലേപവും മന്ദമായ് വന്നുതേ,
28 ചന്ദ്രികാസേവയോ പിന്നെയല്ലോ.
29 സുന്ദരമായുള്ള ചന്ദ്രശിലാതലം
30 ഒന്നുമേ വേണ്ടീതില്ലാർക്കുമപ്പോൾ
31 സങ്കടമാണ്ടൊരു വൈധവ്യമാണ്ടുള്ള
32 മങ്കമാർ കൊങ്കകളെന്നപോലെ.
33 മാലേയം നീക്കി നൽ കുങ്കുമമാക്കിനാർ
34 ബാലികമാരെല്ലാം വാർമുലയിൽ;
35 നാരിമാരാർക്കുമേ വെണ്മ കണക്കല്ല
36 രാഗമുള്ളോരിലെ രാഗം ചെല്ലു.
37 മേതിൽ നിറഞ്ഞങ്ങു മീതേ വഴിഞ്ഞൊരു
38 ശീതം പൊറുക്കരുതാഞ്ഞപോലെ
39 ആശകളെല്ലാമേ നീഹാരമായൊരു
40 നീരാശംപൂണ്ടങ്ങു നിന്നുതെങ്ങും.
41 കോകങ്ങളെല്ലാം പുലർന്നുതുടങ്ങിനാൻ
42 മാഴകുന്നു പിന്നെയുമൊട്ടുനേരം.
43 ഊരകം പൂകിന സൂകരമൊന്നുമേ
44 പോകുന്നതില്ല പുലർന്നുതെന്നാൽ,
45 മാരഭയാലഭിസാരികമാരായ
46 നാരിമാരെല്ലാം പുലർന്നുതാനാൽ
47 ദീനതകൂടാതെ പോയിത്തുടങ്ങിനാർ,
48 ജാരതപൂണ്ടോരുമവ്വണ്ണമേ.
49 ശീതത്തെത്തൂകുന്ന ഹേമന്തകാലമാം
50 ഭൂതത്തിൻ കോമരമെന്നപോലെ.
51 ഭൂതലംതന്നിലേ മാലോകരെല്ലാരും
52 ചാലെ വിറച്ചുതുടങ്ങീതപ്പോൾ.
53 ദന്തങ്ങളെക്കൊണ്ടു താളംപിടിച്ചിട്ടു
54 സന്ധ്യയെ വന്ദിച്ചിതന്തണരും
55 ബാലപ്പോർകൊങ്കകൾ വേറായിപ്പോകിലി
56 ക്കാലം പുലർന്നീടായെന്നു നണ്ണി
57 കാറ്റിന്നു ചെല്ലുവാൻ പാഴേതും കൂടാതെ
58 ചേർത്തുതൻ മെയ്യോടു മെയ്യുമപ്പോൾ
59 കാമുകന്മാരെല്ലാം കാമിനിമാരുടെ
60 വാർമുലതന്നിലങ്ങായിക്കൂടി.
61 മാനിനിമാരുടെ പോർമുല വേറായി
62 ദീനന്മാരായുള്ള മാവനന്മാർ
63 മാനസം വെന്തുവെന്താനനം താഴ്ത്തു തൻ
64 ജാനുവും പൂണ്ടു കിടന്നാർ ചെമ്മെ
65 വേണ്ടാതെ നിന്നുള്ള കാമുകന്മാരെയും
66 പൂണ്ടുതുടങ്ങിനാർ കാമിനിമാർ.
67 വെള്ളമെന്നിങ്ങനെ ചൊല്ലിത്തുടങ്ങുമ്പോൾ
68 തുള്ളിത്തുടങ്ങീ വിറച്ചെല്ലാരും
69 തിക്കും തന്നുള്ളിലേ തോന്നിത്തുടങ്ങീതേ
70 തീക്കായവേണമെനിക്കുമെന്ന്.
71 തള്ളിയെഴുന്നൊരു ശീതത്തെയേതുമേ
72 എള്ളോളം കൊള്ളാതെയുള്ളിലെങ്ങും.
73 വെള്ളത്തിൽനിന്നു ജപിച്ചുതുടങ്ങിനാ
74 രുള്ളം തെളിഞ്ഞുള്ള മാമുനിമാർ.