Jump to content

കൃഷ്ണഗാഥ/ഒന്നാം ഭാഗം/ഗോവർദ്ധനോദ്ധരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കൃഷ്ണഗാഥ
ഒന്നാം ഭാഗം

കൃഷ്ണഗാഥ
രണ്ടാം ഭാഗത്തിലേക്ക്


1 കാർമുകിൽനേരൊത്ത കാന്തികലർന്നൊരു
2 കാരുണ്യപൂരമക്കാനനത്തിൽ
3 ബാലകന്മാരുമായ് കാലിയുംമേച്ചങ്ങു
4 ലീലകളാണ്ടു നടന്നകാലം
5 വിണ്ണവർനായകന്തന്നുടെ പൂജയ്ക്കു
6 തിണ്ണം മുതിർന്നുള്ള ഗോപന്മാരേ
7 കണ്ടൊരുനേരത്തു കാർമുകിൽവർണ്ണന്താൻ
8 മണ്ടിയടുത്തങ്ങു ചെന്നുപിന്നെ
9 ചോദിച്ചു നിന്നാനത്താതനോടെല്ലാംതാൻ
10 ഏതുമറിഞ്ഞീലയെന്നപോലെ:

11 ആരുടെ പൂജയ്ക്കു സാധനമിങ്ങനെ
12 യാരാഞ്ഞുകൊണ്ടന്നു താതനിപ്പോൾ?
13 എന്തിതുകൊണ്ടുള്ള കാരിയമെന്നതും
14 എന്നോടു ചൊല്ലേണമുള്ളവണ്ണം"
15 നന്ദനനിങ്ങനെ ചൊന്നൊരു നേരത്തു
16 നിന്നൊരു നന്ദന്താൻ ചൊന്നാനപ്പോൾ:
17 "ഉത്സവംകൊള്ളേണം വിണ്ണവർനാഥനു
18 വത്സരംതോറുമെന്നുണ്ടു ഞായം.
19 വാനവർനായകൻതന്നുടെ ചൊല്ലാലേ
20 വാരിയെപ്പെയ്യുന്നു വാരിദങ്ങൾ

21 കാലത്തു വേണുന്ന വാരിയെപ്പെയ്യിച്ചു
22 പാലിച്ചുകൊള്ളുവാൻ പൂജിക്കുന്നു"
23 താതൻതാനിങ്ങനെ ചൊന്നൊരു നേരത്തു
24 താതനുമെല്ലാരും കേൾക്കെച്ചൊന്നാൻ:
25 "അച്ഛനെന്തിങ്ങനെയാരേലും ചൊന്നതു
26 നിശ്ചയംകൂടാതെ ചെയ്യുന്നിപ്പോൾ?
27 വർഷത്തിൻ കാരണം വാസവനെന്നുണ്ടോ
28 വർഷത്തിന്നുള്ളത്തിൽ തോന്നീതിപ്പോൾ?
29 നന്ദനംതന്നിലെ സുന്ദരിമാരുമായ്
30 മന്ദനായുള്ളോമ്പോലങ്ങെങ്ങാനും;

31 ഇഷ്ടമായുള്ളൊരു വൃഷ്ടിയെ പെയ്യിച്ചു
32 പുഷ്ടിക്കു കാരണമിന്ദ്രനല്ലേ;
33 ഭൂലോകവാസികൾ ചെയ്യുന്ന കർമ്മങ്ങ
34 ളാലംബമെന്നതേ വന്നുകൂടു.
35 ഉണ്മയെ ചൊല്കിലോ തന്നുടെ തന്നുടെ
36 കർമ്മത്തെപ്പൂജിപ്പുവെന്നേ വേണ്ടു.
37 ഗോവർദ്ധനത്തിൻറെ താഴ്വരമേൽനിന്നു
38 ഗോരക്ഷ നമ്മുടെ കർമ്മമിപ്പോൾ,
39 ഗോവർദ്ധനത്തെയും ഗോക്കളെത്തന്നെയും
40 പൂജിപ്പൂ നാമിപ്പൊളെന്നേ വേണ്ടൂ.

41 എന്മതം ചൊല്ലിനേനെല്ലാരും ചിന്തിച്ചു
42 സമ്മതിയായതു ചെയ്‌വിൻ നിങ്ങൾ"
43 മായം കലർന്നൊരു ബാലകനിങ്ങനെ
44 പേയില്ലയാതെ പറഞ്ഞനേരം
45 ആയന്മാരെല്ലാരുമങ്ങനെതന്നെയെ
46 ന്നാദരവോടു മുതിർന്നാരപ്പോൾ.
47 വാസവൻതന്നുടെ പൂജയ്ക്കു കൊണ്ടന്ന
48 സാധനമെല്ലാമേ വല്ലവന്മാർ
49 ഗോവർദ്ധനംതന്നെപ്പൂജിപ്പാനാക്കിനാർ
50 ഗോവിന്ദന്തന്നുടെ ചൊല്ലിനാലെ.

51 ഭേരിതൻ നാദംകൊണ്ടാശാഗജങ്ങൾക്കു
52 പേയിയെപ്പൊങ്ങിച്ചാരങ്ങു പിന്നെ.
53 നൽക്കൊടി തോരണമെന്നുള്ളതെല്ലാമ
54 ങ്ങൊക്കവേ നന്നായ് നിവർത്തീതെങ്ങും
55 ഗോക്കളെക്കൊണ്ടന്നു ചാലെക്കുളിപ്പിച്ചു
56 പൂക്കളുംചൂടിച്ചമച്ചു പിന്നെ
57 തൂംഗമായുള്ളൊരു മംഗലശൈലംത
58 ന്നംഗത്തിലാക്കിനാർ ഭംഗിയോടെ.
59 ബ്രാഹ്മണരെല്ലാരും കാണ്മതിന്നായിട്ടു
60 മേന്മേലെ വന്നുതുടങ്ങീതപ്പോൾ.

61 ക്ഷീരം തുടങ്ങിന ഗോരസമോരോന്നേ
62 പൂരിച്ചു കാണായിതോരോ ദിക്കിൽ
63 കാമദന്മാരായ ഭൂദേവന്മാരെല്ലാം
64 ഹോമം തുടങ്ങിനാരങ്ങുമിങ്ങും
65 പായസം മേന്മേലെ നിർമ്മിച്ചാരെന്നപ്പോ
66 ളായാസം പോയുളള ഗോപാലന്മാർ
67 ധൂമങ്ങൾ ദീപങ്ങളെന്നുതുടങ്ങിന
68 സാധനമോരോന്നേ വന്നുകൂടീ.
69 മാലേയച്ചാറെല്ലാം പൂരിച്ചു മേന്മേലേ;
70 മാലകൾ ചാലത്തൊടുത്താർ പിന്നെ.

71 ബന്ധുരമായൊരു സാധനം കണ്ടിട്ടു
72 സന്തുഷ്ടന്മാരായി പിന്നെപ്പിന്നെ
73 പൂതന്മാരായുള്ള ഭൂസുരന്മാരെല്ലാം
74 പൂജയെപ്പൂരിച്ചു നില്ക്കുന്നേരം
75 കാർവർണ്ണൻതാനപ്പോൾ കാണുന്നോരെല്ലാർക്കും
76 കാരിയമേയെന്നു തോന്നുംവണ്ണം
77 വണ്ണംതിരണ്ടൊരു രൂപത്തെപ്പൂണ്ടിട്ടു
78 വന്നങ്ങു "ശൈലം ഞാനെ"ന്നു ചൊന്നാൻ.
79 കാദളമോദകപായസജാലത്തെ
80 ഖാദനംചെയ്തങ്ങു നിന്നാൻ പിന്നെ.

81 എന്നതു കണ്ടിട്ടു വിസ്മയിച്ചെല്ലാരും
82 ചെന്നങ്ങു കുമ്പിട്ടു കൂപ്പിനിന്നാർ.
83 പേശലമാരായ ഗോപികമാരെല്ലാം
84 കേശവന്തന്നുടെ ചൊല്ലിനാലെ
85 മേളത്തിൽ വന്നങ്ങു ശൈലത്തിന്മേലേറി
86 നീളെക്കളിച്ചങ്ങു പാടിനിന്നാർ.
87 കള്ളംകളഞ്ഞുള്ള വല്ലവന്മാരെല്ലാം
88 ഉള്ളംതെളിഞ്ഞങ്ങു നിന്നു പിന്നെ;
89 മായംകളഞ്ഞുള്ള ഭൂദേവന്മാരെല്ലാം
90 പായസംതൂകിനാരായവണ്ണം.

91 മൃഷ്ടമായെല്ലാരും ഭോജനം പെണ്ണീട്ടു
92 തുഷ്ടന്മാരായങ്ങു നിന്നു പിന്നെ.
93 അക്ഷണം വന്നുള്ള ഭൂദേവന്മാർക്കെല്ലാം
94 ദക്ഷിണ നല്കീട്ടു നിന്നനേരം
95 ഭൂദേവന്മാരെല്ലാമാശിയും ചൊല്ലീട്ടു
96 മോദിതന്മാരായിപ്പോയാരപ്പോൾ.
97 ആരണരെല്ലാരും പോയോരുനേരത്തു
98 നാരദനാമവൻ നന്മുനിതാൻ
99 തിണ്ണം നടന്നുടൻ വിണ്ണിലേ ചെന്നിട്ടു
100 വിണ്ണവർനാഥനെക്കണ്ടു ചൊന്നാൻ:

101 "കാണ്മതിന്നായിക്കൊതിച്ചിട്ടു വന്നു ഞാൻ
102 ആണ്മ കളഞ്ഞൊരു നിന്നെയിപ്പോൾ
103 നാളെയുമിങ്ങനെ വന്നിങ്ങു നില്ക്കുമ്പോൾ
104 കാണുമോന്നുള്ളതറിഞ്ഞില്ലല്ലോ.
105 എങ്ങിനിപ്പോകുന്നു വിണ്ണിനെക്കൈവിട്ടി
106 ട്ടെന്നുള്ളതോർക്ക നീയെന്നേ വേണ്ടൂ,
107 ആപത്തും സമ്പത്തും കൂടിക്കലർന്നുള്ളൂ
108 താപത്തായുള്ളതു കാലമിപ്പോൾ
109 ദാനവരാരേലുമിങ്ങനെ ചെയ്തെങ്കിൽ
110 ദീനതയെന്നുള്ളിൽ വാരാഞ്ഞിതും;

111 ദുർബ്ബലന്മാരായ മാനവന്മാരല്ലൊ
112 ധിക്കരിക്കുന്നതിന്നിന്നെയിപ്പോൾ
113 തങ്കനിവുള്ളോർക്കു ഭംഗംവരുന്നേരം
114 സങ്കടമെന്നുള്ളതുണ്മ ചെമ്മേ.
115 കൈലാസംതന്നിലേ പോകണമെന്നപ്പോൾ
116 കാലെഴുന്നീലല്ലോ കാണെനിക്കോ"
117 എന്നതു കേട്ടൊരു വിണ്ണവർനായകൻ
118 "എന്തെ"ന്നു കേട്ടതു കേട്ടു ചൊന്നാൻ:
119 "ഒന്നൊത്തുകൂടിന ഗോപന്മാരെല്ലാരും
120 നിന്നെപ്പിഴുക്കിനാരിന്നു ചെമ്മേ;

121 ഗോവർദ്ധനന്തന്നെ വാസവനാക്കിനാർ
122 ആബദ്ധഗർവ്വന്മാരായിപ്പിന്നെ.
123 നിന്നുടെ പൂജയ്ക്കു കൊണ്ടന്ന സാധനം
124 എന്നുടെ മുമ്പിലേ വമ്പിനാലേ
125 പർവതപൂജയ്ക്കു സർവവുമാക്കിനാർ
126 ഉർവിയിൽനിന്നുള്ള വല്ലവന്മാർ."
127 എന്നതു കേട്ടൊരു വിണ്ണവർനാഥന്തൻ
128 കണ്ണു ചുവന്നുതുടങ്ങീതപ്പോൾ.
129 പെട്ടെന്നെഴുന്നേറ്റു ഭൂതലംതന്നിലേ
130 കട്ടിച്ചു നിന്നാനങ്ങൊട്ടുനേരം;

131 വജ്രമായ്നിന്നുള്ളൊരായുധംതന്നെയും
132 ഉച്ചത്തിലാമ്മാറുയർത്തിച്ചൊന്നാൻ:
133 "കാട്ടിൽ കിടന്നിട്ടു കാലിയും മേച്ചുള്ള
134 കാട്ടാളർ കാട്ടിന കോട്ടിക്കു ഞാൻ
135 കണ്ടു കതിർത്തവർ കണ്ഠങ്ങൾ കണ്ടിച്ചു
136 തുണ്ടിച്ചുനിന്നുടനിണ്ടലാക്കി
137 ഘോരമാമെൻ വാൾക്കു നല്കുന്നതുണ്ടു നൽ
138 ചോരകൊണ്ടുള്ളൊരു പാരണത്തെ
139 മാനുഷനായൊരു കണ്ണനെക്കണ്ടല്ലൊ
140 വാനവർ നിന്ദയെച്ചെയ്തതിപ്പോൾ.

141 പണ്ടില്ലയാതൊരു വേലയെച്ചെയ്യുമ്പോൾ
142 കൊണ്ടൽനേർവർണ്ണനുമോർക്കവേണം.
143 എന്നതിനിന്നിനി വന്നൊരു ദീനത്തെ
144 നിന്നവന്താനും പൊറുത്തുകൊള്ളും."
145 ഇങ്ങനെ ചൊന്നുടൻ ചിന്തിച്ചുനിന്നിട്ടു
146 പിന്നെയും ചൊല്ലിനാൻ വിണ്ണവർകോൻ:
147 "മാരിയെപ്പെയ്യിച്ചു ഗോകുലമെല്ലാമേ
148 വാരിധിതന്നിലങ്ങാക്കി നേരേ
149 ക്ഷുത്തു പൂണ്ടീടുന്ന മത്സ്യങ്ങൾക്കെല്ലാമ
150 ങ്ങുത്സവമാക്കുന്നതുണ്ടു ചെമ്മേ.

151 പൂജിച്ചുവച്ചൊരു പർവ്വതംതാൻ വേണം
152 പാലിച്ചുകൊള്ളുവാനിന്നിവരെ."
153 ഇങ്ങനെ ചൊല്ലിനിന്നംബുദജാലത്തെ
154 അംബരംതന്നിലഴിച്ചുവിട്ടാൻ.
155 താനങ്ങു തന്നുടെ വാരണന്തന്മീതെ
156 മാനമേ പോവതിന്നായ്തുനിഞ്ഞാൻ.
157 ശൈലത്തെപ്പൂജിച്ചു ഗോപന്മാരെല്ലാരും
158 ആലയംതന്നിലേ പൂകുന്നേരം
159 മുപ്പാരിതെപ്പേരും മുക്കുവാൻ കെല്പാർന്ന
160 കല്പാന്തമേഘങ്ങൾ പോന്നുവന്നു.

161 "കാലമല്ലാതൊരു കലത്തു കണ്ടാലും
162 നീലവലാഹകൾ വന്നതിപ്പോൾ.
163 എന്തിതെ"ന്നിങ്ങനെ കണ്ടുള്ളോരെല്ലാരും
164 ചിന്തിച്ചു തങ്ങളിൽ നിന്നനേരം
165 പാരിച്ചുനിന്നൊരു പാഴിടിനാദത്താൽ
166 പാരിടമെങ്ങും കുലുങ്ങിച്ചുടൻ
167 വിണ്ണവർവാരണന്തന്നുടെ കൈയോളം
168 വണ്ണമെഴുന്നുള്ള തുള്ളികളും
169 തൂകിത്തുടങ്ങീതങ്ങാകാശംതന്നിലേ
170 പാകിനിന്നീടിന മേഘമെല്ലാം.

171 പാഴിടി കേട്ടിട്ടു പൈതങ്ങളെല്ലാമേ
172 പാരം കരഞ്ഞുതുടങ്ങീതപ്പോൾ.
173 ഒന്നിനോടൊന്നു കലർന്നങ്ങു നിന്നൊരു
174 കന്നുകിടാക്കളുമവ്വണ്ണമേ.
175 വൻകാറ്റു വന്നങ്ങു വീതു തുടങ്ങീട്ടു
176 വൻകുന്നുകൂടെക്കുലുങ്ങിച്ചെമ്മെ
177 കാലികളെല്ലാമേ ചാല വിറച്ചങ്ങു
178 നീലക്കാർവർണ്ണനെ നോക്കിനിന്നൂ.
179 ആനായനാരിമാർ തന്മുഖമെല്ലാമേ
180 ദീനങ്ങളായ്വന്നു പിന്നെപ്പിന്നെ.

181 നന്ദന്തുടങ്ങിന വൃദ്ധന്മാരെല്ലാരും
182 നിന്നുപൊറുക്കരുതാഞ്ഞു ചെമ്മേ.
183 മെയ്യും വിറച്ചു തങ്കൈയും തിരുമ്മിനി
184 "ന്നയ്യോ!" യെന്നിങ്ങനെ ചൊന്നുഴന്നാർ.
185 "പാലിച്ചുകൊള്ളേണം കണ്ണാ!" എന്നിങ്ങനെ
186 വാവിട്ടു ചൊല്ലിനാരെല്ലാരുമേ,
187 വിണ്ണവർനാഥന്തങ്കോപത്തെക്കണ്ടിട്ടു
188 തിണ്ണം ചിരിച്ചുള്ള കണ്ണനപ്പോൾ
189 തന്നെയവന്നുള്ളോരെല്ലാരുമിങ്ങനെ
190 ഖിന്നന്മാരായതു കണ്ടനേരം.

191 കോരിച്ചൊരിഞ്ഞൊരു മാരിയെക്കണ്ടീട്ടു
192 കോഴപ്പെടായ്വിനിന്നെന്നു ചൊന്നാൻ.
193 "ഗോവർദ്ധനത്തോടു യാചിച്ചുനില്പിന
194 ങ്ങാപത്തു പോക്കുവാൻ നിങ്ങളെല്ലാം
195 വാനവർനായകന്തന്നുടെ പൂജയെ
196 മാനിച്ചുകൊണ്ടതിവന്താനല്ലൊ
197 ഇണ്ടലെപ്പോക്കീട്ടു പാലിച്ചുകൊള്ളും താൻ
198 കണ്ഠത്തെയാണ്ടവൻ പിണ്ടത്തിന്നും."
199 എന്നങ്ങു ചൊന്നുള്ള നന്ദകുമാരന
200 ക്കുന്നോടു ചെന്നങ്ങണഞ്ഞു പിന്നെ.

201 പെട്ടെന്നു ചെന്നവൻ മുഷ്ടി ചുരുട്ടീട്ടു
202 മുട്ടിനാൻ കുന്നിനെയൊന്നു മെല്ലെ.
203 കട്ടക്കിടാവുതൻ കൈത്തലംകൊണ്ടുള്ള
204 മുഷ്ടിയെത്തന്മെയ്യിലേറ്റനേരം
205 ഞെട്ടിനിന്നുള്ളൊരു കുന്നുതാനെന്നപ്പോൾ
206 വട്ടംതിരിഞ്ഞുതുടങ്ങി ചെമ്മേ.
207 വൃക്ഷങ്ങളെല്ലാം ഞെരിഞ്ഞുതുടങ്ങീത
208 പ്പക്ഷികളെല്ലാം പറന്നുതെങ്ങും.
209 ശാഖികൾ ചേർന്നുള്ള വാനരയൂഥങ്ങൾ
210 ചാടിത്തുടങ്ങീതു കാടുതോറും.

211 തിട്ടതിപൂണ്ടുള്ളോരെട്ടടിമാനെല്ലാം
212 വട്ടത്തിൽനിന്നങ്ങുഴന്നുതെങ്ങും.
213 കന്ദരംതന്നിലേ മന്ദിരമായുള്ള
214 കിന്നരരെല്ലാരും ഖിന്നരായി.
215 ഒന്നിച്ചുനിന്നുള്ള പന്നികളെല്ലാമ
216 ക്കുന്നിലേ ചാടിക്കുറുട്ടിനിന്നു.
217 കമ്പത്തെപ്പൂണ്ടുള്ള വമ്പുലിക്കൂട്ടങ്ങൾ
218 സംഭ്രമിച്ചോടിതേയങ്ങുമിങ്ങും
219 വേട്ടയ്ക്കു വന്നുള്ള കാട്ടാളരെല്ലാരു
220 മാട്ടിത്തുടങ്ങിനാരെന്നു നണ്ണി

221 കാട്ടുപോത്തെല്ലാമേ ചാട്ടംതുടങ്ങീത
222 മ്മാട്ടിന്നു മൂട്ടിലേ കാട്ടികളും.
223 കാട്ടാനക്കൂട്ടങ്ങൾ കൂട്ടംപിരിഞ്ഞുനി
224 ന്നോട്ടം തുടങ്ങീതക്കാട്ടിലപ്പോൾ
225 ചേണുറ്റുനിന്നുള്ളൊരേണക്കിടാക്കളും
226 ദീനങ്ങളായങ്ങു പാഞ്ഞുചെന്ന്
227 ശാർദ്ദൂലംതന്നോടു ചേർച്ച തുടങ്ങീതു
228 ശാർദ്ദൂലപോതങ്ങളേണത്തോടും.
229 മുഷ്ടിയേറ്റുള്ളൊരു നോവുകൊണ്ടന്നേരം
230 നിർഝരമായൊരു കണ്ണുനീരും

231 പാരം ചൊരിഞ്ഞിട്ടു സിംഹങ്ങൾതന്നുടെ
232 ഘോരമായുള്ളൊരു നാദത്തിൻറെ
233 മാറ്റൊലികൊണ്ടൊരു കന്ദരവാകൊണ്ട
234 ങ്ങേറ്റം കരഞ്ഞാനക്കുന്നുമപ്പോൾ.
235 ഇങ്ങനെ കണ്ടൊരു നന്ദകുമാരകൻ
236 പൊങ്ങിച്ചുനിന്നാനക്കുന്നു മെല്ലെ.
237 വാമമായുള്ളൊരു പാണിതലംകൊണ്ടു
238 വാരുറ്റുനിന്നങ്ഹുയർത്തിച്ചൊന്നാൻ:
239 "എങ്കൈയിലുള്ളൊരു വൻകുന്നിൻകീഴിലേ
240 വന്നിങ്ങു നൂഴുവിൻ നിങ്ങളെല്ലാം"

241 വല്ലവന്മാരെല്ലാമെന്നതു കേട്ടപ്പോൾ
242 വല്ലവിമാരോടും കൂടിച്ചെമ്മേ
243 ബാലകന്മാരെയും പൂണ്ടുകൊണ്ടങ്ങനെ
244 ചാലെ നടന്നതിൻകീഴിൽപ്പൂക്കാർ.
245 കന്നുകിടാക്കളും കാലിയും മറ്റെല്ലാം
246 കുന്നിന്നു കീഴിലങ്ങായനേരം
247 താനങ്ങു തന്നുടെ പൊൽക്കുഴലൂതിനി
248 ന്നാനന്ദഗാനം തുടങ്ങിനാനേ.
249 മാനിനിമാരെല്ലാം ഗാനത്തെക്കേട്ടപ്പോൾ
250 ആനന്ദലീനമാരായി നിന്നാർ;

251 ഉറ്റവരായിട്ടു ചുറ്റും വിളങ്ങിന
252 മറ്റുള്ളോരെല്ലാരുമവ്വണ്ണമേ
253 പൈകൊണ്ടു മേവുന്ന ദീനത്തെയന്നേരം
254 പൈതങ്ങൾപോലുമറിഞ്ഞതില്ലേ.
255 "വൻകുന്നു ചൂടീട്ടു വന്മഴ പെയ്യുമ്പോൾ
256 തൻകുലം കാക്കുന്ന തമ്പുരാനേ!
257 നിങ്കനിവേകിനിന്നെങ്കൽ നീയെന്നുമേ
258 സങ്കടം പോക്കുവാൻ കുമ്പിടുന്നേൻ.
259 മാരി വരുന്നേരം നൽകുട ചൂടുവാൻ
260 ആരുമൊരുത്തരം താരാഞ്ഞാരോ?

261 കന്നു ചുമന്നിട്ടു വെണ്ണ ചുമന്നുള്ളോ
262 രുണ്ണിക്കൈ നോകുന്നുതില്ലയോ ചൊൽ?
263 കുന്നു ചുമക്കേണമെന്നങ്ങു ചിന്തിച്ചോ
264 വെണ്ണ ചുമന്നിട്ടു ശീലിച്ചു നീ?
265 വെണ്ണയെന്നോർത്തിട്ടു കുന്നിനെത്തന്നെയും
266 മെല്ലവേ വായിലങ്ങാക്കൊല്ലാതെ.
267 പൈതലായുള്ളൊരു കണ്ണൻറെ ചൊൽ കേട്ടു
268 പൈതങ്ങളോടു കലർന്നെല്ലാരും
269 കുന്നിന്നു കീഴിലേ നൂണൊരു നിങ്ങളി
270 ക്കുന്നുതാൻ വീഴുമെന്നോർക്കണ്ടാതേ"

271 തുംബുരുനാരദൻ മുമ്പായോരെല്ലാരും
272 വന്നുടനിങ്ങനെ വാഴ്ത്തിനിന്നാർ.
273 വാനവർനായകൻ വല്ലവന്മാരുടെ
274 ദീനത കാണ്മാനായ് വന്നാനപ്പോൾ.
275 മാധവന്തന്നെയും വല്ലവന്മാരെയും
276 ബാധകൾകൂടാതെ കാകയാലേ
277 തള്ളിയെഴുന്നൊരു കോപമടങ്ങിനി
278 ന്നുള്ളം തെളിഞ്ഞുടൻ നിന്നനേരം
279 "മാരിയെപ്പെയ്യിച്ചു മാധവനോടല്ലൊ
280 നേരിട്ടു നിന്നു ഞാൻ" എന്നു നണ്ണി,

281 ദീനതപൂണ്ടു തന്മാനസംതന്നിലേ
282 നാണവും പൂണ്ടങ്ങു നിന്നു പിന്നെ,
283 മേഘങ്ങളെല്ലാമേ പോകെന്നു ചൊല്ലിനാൻ
284 നാകികൾനായകനാകുലനായ്.
285 മന്നിലങ്ങൂന്നിന പാദങ്ങലൊന്നുമേ
286 പിന്നെ മറിച്ചു ചലിപ്പിയാതെ
287 ഏഴുനാളിങ്ങനെ പേമഴ പെയ്യുമ്പോൾ
288 കോഴകൾ കൂടാതെ നിന്നാൻ കണ്ണൻ.
289 മേഘങ്ങൾ വേറായി മേളം കലർന്നുള്ളൊ
290 രാകാശം കണ്ടുടൻ കണ്ണൻ ചൊന്നാൻ:

291 "നിർഗ്ഗമിച്ചാലുമിന്നിങ്ങളിന്നെല്ലാരും
292 വ്യഗ്രമായുള്ളതു പോയിതായി."
293 കുന്നിന്നു കീഴായോരെല്ലാരുമെന്നപ്പോൾ
294 കന്നുകിടാക്കളും കാലിയുമായ്
295 ഒക്കവേ നിന്നു പുറത്തു പുറപ്പെട്ടു
296 ദിക്കുകളെല്ലാമേ നോക്കിനിന്നാർ.
297 നന്ദകുമാരനും കുന്നിനെയന്നേരം
298 മന്ദമിറക്കിത്തൻ കൈയിൽനിന്ന്
299 ഭൂതലംതന്നിലേ മെല്ലവേയാക്കിനാൻ
300 ഭൂതങ്ങളെല്ലാമേ കണ്ടിരിക്കെ.

301 എന്നതു കണ്ടൊരു ഗോപന്മാരെല്ലാരും
302 എന്തിതെന്നിങ്ങനെ ചിന്തിച്ചപ്പോൾ
303 ആനായർകോനായ കാർമുകിൽവർണ്ണനെ
304 മാനുഷനല്ലെന്നു സംശയിച്ചാർ
305 വാനവർകോനായ വാസവനെന്നപ്പോൾ
306 ദീനനായ് നിന്നു നുറുങ്ങുനേരം
307 കാർമുകിൽവർണ്ണൻതൻങ്കോമളമായൊരു
308 കാലിണതങ്കലേ വീണു പിന്നെ
309 ലജ്ജയായുള്ളൊരു വാരിതൻ പൂരത്തിൽ
310 മജ്ജനം ചെയ്തങ്ങു നിന്നു ചൊന്നാൻ:

311 "വന്മദമായൊരു കല്മഷം പൂണ്ടുനി
312 ന്നെന്മനമെങ്ങുമേ മങ്ങുകയാൽ
313 നിൻ പാദമെങ്ങുമേ കാണാഞ്ഞു നിന്നിട്ടു
314 വമ്പു തുടങ്ങിനേന്തമ്പുരാനേ!
315 ഉന്മത്തരായവർ പേ പറഞ്ഞാരെന്നു
316 സമ്മതരായവരുണ്ടോ ചൊൽവൂ?
317 എൻ പിഴ നീയുമിന്നിങ്ങനെ നണ്ണിനി
318 ന്നമ്പിനേ നല്കേണം തമ്പുരാനേ!
319 "എന്നുടെ ദാസനായുള്ളോരു ദാരകൻ
320 എന്നോടു നേരിട്ടാനെന്തുചേതം"

321 എന്നതു വേണമേ സന്തതം തോന്നുവാൻ
322 നന്ദതനൂജനാം തമ്പുരാനേ!
323 നന്നല്ലയിന്നിവനെന്നോടു ചെയ്യുന്ന
324 തെന്നാവു തോന്നുന്നുതെങ്കിലയ്യോ
325 നീ വളർത്തീടുന്ന പൈതങ്ങളാലൊന്നു
326 കേവലമില്ലെന്നേ വന്നുകൂടു"
327 വാസവനിങ്ങനെ വാഴ്ത്തിനനേരത്തു
328 വാരുറ്റു ചൊല്ലിനാൻ വാസുദേവൻ:
329 "വന്മദം പൂണ്ടു നീ സന്മതി വേറായി
330 നമ്മെ മറക്കൊല്ലായെന്നു നണ്ണി

331 നിന്നുടെ പൂജയ്ക്കു ഭംഗത്തെച്ചെയ്തു ഞാൻ
332 എന്നുള്ളതുള്ളത്തിൽ തേറിനാലും
333 ഐശ്വര്യംകൊണ്ടു തിമിർത്തുതുടങ്ങിനാൽ
334 "ഈശ്വര"നെന്നു നിനയ്ക്കയില്ലേ;
335 ഈശ്വരചിന്തയെ കൈവെടിഞ്ഞീടിനാൽ
336 ശാശ്വതമായതും വന്നുകൂടാ.
337 ദുസ്മൃതി കൂടുകിൽ മൽസ്മൃതിതന്നിലേ
338 വിസ്മൃതി വന്നങ്ങു കൂടുമെന്നാൽ
339 ദുസ്മൃതിയെല്ലാമേ വച്ചുകളഞ്ഞിട്ടു
340 മൽസ്മൃതി വേണം നീ കൈക്കൊള്ളുവാൻ."

341 പൂണ്യമിയന്നൊരു വിണ്ണവർകോനോടു
342 കണ്ണന്താനിങ്ങനെ ചൊന്നനേരം
343 ഗോമാതാവായൊരു ദേവിതാൻ വന്നപ്പോൾ
344 പൂമാതിൻകാന്തനെക്കണ്ടു ചൊന്നാൾ:
345 "നാന്മുഖൻചൊല്ലാലെ വന്നു ഞാനിങ്ങനെ
346 നാഥനായുള്ളൊരു നിന്നെക്കാണ്മാൻ."
347 എന്നങ്ങു ചൊല്ലിന ദേവിതാനെന്നപ്പോൾ
348 തന്നുടെ പാൽകൊണ്ടു മെല്ലെമെല്ലെ.
349 കാർവർണ്ണന്തന്നഭിഷേകത്തെച്ചെയ്തിട്ടു
350 ഗോവിന്ദനെന്നൊരു പേരും ചൊന്നാൾ.

351 ദേവകളെല്ലാരും പാരാതെ വന്നിട്ടു
352 പൂവുകൾ തൂകിനാരെന്നനേരം
353 ഭേരിതൻ നാദംകൊണ്ടാശകളെല്ലാമേ
354 പൂരിച്ചു വാഴ്ത്തിനാർ വന്ദികളും.
355 മാമുനിമാരുമങ്ങാനന്ദംപൂണ്ടിട്ടു
356 മാനിച്ചു മേന്മേലേ വാഴ്ത്തിനിന്നാർ
357 വല്ലവീവല്ലഭൻചൊല്ലാലെയെല്ലാരും
358 അല്ലലെക്കൈവിട്ടു പോയനേരം
359 വിണ്ണവർനാഥനും കണ്ണന്തൻ ചൊല്ലാലെ
360 തിണ്ണം തെളിഞ്ഞുടൻ വിണ്ണിൽ പുക്കാൻ.

361 ജംഭാരിതന്നെയും സംഭാവിച്ചീടിനോ
362 രംഭോജലോചനന്താനും പിന്നെ
363 അൻപുകലർന്നുള്ളോരെല്ലാരുമായിത്ത
364 ന്നമ്പാടിതന്നിൽ വിളങ്ങിനിന്നാൻ.