കൃഷ്ണഗാഥ/ഒന്നാം ഭാഗം/രാസക്രീഡ
1 നീളയായുള്ളൊരു നാരിയെ വഞ്ചിച്ചു
2 മേളത്തിൽ പോയൊരു കാർവർണ്ണന്താൻ
3 വല്ലവിമാരുടെയല്ലലെക്കണ്ടിട്ടു
4 മെല്ലവേ നിന്നാൻ മറഞ്ഞു ചെമ്മേ.
5 അത്തൽ പിണഞ്ഞുള്ളൊരാനായനാരിമാർ
6 ഭക്തി പൊഴിഞ്ഞങ്ങു പാടുംനേരം
7 ചിത്തമഴിഞ്ഞുതുടങ്ങി നുറുങ്ങുടൻ
8 പൊൽത്താരിൽമാനിനീകാന്തന്നപ്പോൾ
9 ഞാനങ്ങു ചെന്നു വെളിച്ചത്തു പൂകുന്ന
10 കാലം വരുന്നത്രേ"യെന്നു നണ്ണി
11 ചിത്തമുറപ്പിച്ചു പെട്ടെന്നു നിന്നാനേ
12 മുഗ്ദ്ധവിലോചനനെന്നനേരം.
13 സ്നേഹമായുള്ളൊരു ദൂതൻ പോയ് ചെന്നവർ
14 മോഹത്തെക്കണ്ടു മടങ്ങിവന്നാൻ;
15 വൈകൊല്ലാ വൈകൊല്ലാ ചൊൽവതിനേതുമേ
16 ഗോകുലനായക! തമ്പുരാനേ!
17 എന്നങ്ങു ചൊല്ലിയുഴറ്റിത്തുടങ്ങിനാൻ
18 നന്ദകുമാരനെപ്പിന്നെപ്പിന്നെ.
19 ആനായമാനിനിമാരുടെ ദീനത
20 മാനിച്ചു പിന്നെയും കണ്ടനേരം
21 എന്നും ഞാൻ നിങ്ങളെ വഞ്ചിക്കുന്നോനല്ലേ?
22 എന്നങ്ങു ചൊല്ലുവാനെന്നപോലെ
23 കാരുണ്യതോയത്തിൽ മുങ്ങിത്തുടങ്ങീത
24 ക്കാർവർണ്ണന്മാനസം മെല്ലെ മെല്ലെ.
25 മാനസംതന്നുടെ കാഠിന്യമല്ലൊയി
26 മ്മാതരെ വഞ്ചിപ്പാൻ മൂലമെന്നാൽ
27 ഇന്നിതിതന്നെയുടച്ചുടൻ ചെയ്യേണം"
28 എന്നങ്ങു നണ്ണിനാനെന്നപോലെ
29 താരിൽപെകാന്തൻറെ മാനസമന്നേരം
30 നീരായി വന്നിതലിഞ്ഞിട്ടപ്പോൾ
31 ഞാനങ്ങു ചൊൽവാൻ നുറുങ്ങിന്നും പാർത്തിട്ടു
32 വേണമെന്നോർത്തവൻ പാർത്തനേരം
33 "എന്നുടെ കണ്ണാ! വാ" യെന്നങ്ങു കേട്ടപ്പോൾ
34 തന്നെ മറന്നൊന്നു മൂളിനാന്താൻ.
35 പിന്നെയും മാനസംതന്നെയുറപ്പിച്ചു
36 നിന്നു വിളങ്ങിനാനെന്നനേരം
37 കാരുണ്യംതന്നുടെ കോമരമായ് നിന്നു
38 കാർമുകിൽവർണ്ണൻ നടന്നാനപ്പോൾ
39 ഇണ്ടൽപിണച്ചതിനിന്നേറെ ഞാനിപ്പോൾ
40 തെണ്ടപ്പെടാമല്ലൊയെന്നപോലെ.
41 പ്രേമമായുള്ളൊരു വാരണവീരനെ
42 ത്തുമകലർന്നു നടത്തി മുമ്പിൽ
43 വല്ലവീവല്ലഭൻ ചെല്ലുന്നനേരത്തു
44 വല്ലവിമാർക്കെല്ലാം മെല്ലെ മെല്ലെ
45 വാമമായുള്ളൊരു ലോചനവും തോളും
46 വാമമല്ലാതെയനങ്ങീതപ്പോൾ.
47 എന്തിതിൻ കാരണമെന്നെല്ലാമെല്ലാരും
48 ചിന്തിച്ചു നിന്നൊരു നേരത്തപ്പോൾ
49 ശ്യാമളമായൊരു കാന്തിയെക്കാണായി
50 കോമളമായ വനത്തിലെങ്ങും.
51 വെണ്മ തിരണ്ട നിലാവെല്ലാം തിങ്കൾതൻ
52 കല്മഷകാന്തി കലർന്നപോലെ.
53 പിച്ചകംനേരായ പച്ചനിറം പൂണ്ടു
54 പിച്ചയായ് നിന്നു വിളങ്ങീതപ്പോൾ
55 വാരെഴും വാസവനീലംകൊണ്ടുള്ളൊരു
56 ഭാജനംതന്നിലെപ്പാൽകണക്കെ.
57 ചന്തമെഴുന്നൊരു കാന്തിയെക്കണ്ടപ്പോൾ
58 ശങ്കിച്ചു ചൊല്ലിനാർ വല്ലവിമാർ:
59 "കണ്ണൻമെയ്തന്നുടെ കാന്തിയെപ്പോലെ കാ
60 തിണ്ണം വിളങ്ങുന്നതെന്തിത്തോഴി?
61 അല്ലലെപ്പോക്കുവാനംബുജലോചനൻ
62 മെല്ലെ വരുന്നോനെന്നല്ലയല്ലീ?"
63 എന്നവൾ ചൊല്ലുമ്പോൾ നന്ദതനൂജന്താൻ
64 ഏറ്റം വിരഞ്ഞു വെളിച്ചപ്പെട്ടാൻ;
65 അഞ്ചിതമായൊരു പുഞ്ചിരികൊണ്ടവർ
66 നെഞ്ചകംകൂടെക്കുളുർപ്പിക്കുന്നോൻ
67 അഞ്ചനക്കുന്നിന്മേൽ നിന്നു വിളങ്ങുന്ന
68 കുഞ്ചമനോരമനെന്നപോലെ;
69 തൂമ കലർന്ന കിരീടംകൊണ്ടേറ്റവും
70 കോമളകാന്തിയെ കൈതുടർന്നോൻ
71 നീലക്കൽകൊണ്ടു പടുത്തു ചമച്ചിട്ട
72 ങ്ങോലക്കമാണ്ടൊരു ഭിത്തിതന്മേൽ
73 മാപുറ്റ കാഞ്ചനംകൊണ്ടു ചമച്ചൊരു
74 ശാംഭവലിംഗം വിളങ്ങുമ്പോലെ;
75 ഗോരോചനംതന്നാലുള്ള കുറികൊണ്ടു
76 പാരം വിളങ്ങുന്നോൻ നെറ്റിതന്നിൽ;
77 ആയിരം തിങ്കൾതങ്കാന്തിയേ വെന്നുള്ളൊ
78 രാനനംതന്നുടെ കാന്തികൊണ്ടേ
79 ഈരേഴെന്നെണ്ണം പെറ്റീടുന്ന പാരെല്ലാം
80 പാരം മയക്കുന്നോൻ മാഴ്കുംവണ്ണം
81 ആനനമായൊരു താമരപ്പൂവുതൻ
82 നാളമായുള്ള കഴുത്തുടയോൻ;
83 ഗോപികൾകണ്ഠത്തിൽ കോപിച്ചുള്ളന്തകൻ
84 പാശങ്ങൾ വീശൊല്ലായെന്നു നണ്ണി
85 എപ്പൊഴും ചെന്നു കഴുത്തൊടു ചേർന്നിട്ടു
86 നില്പൊരു പാശങ്ങളെന്നപോലെ
87 മേവുന്ന ബാഹുക്കൾ രണ്ടിലും താമര
88 പ്പൂവും കുഴലും ധരിച്ചു നില്പോൻ;
89 വല്ലവിമാരുടെ കമുനയായുള്ള
90 ബാണങ്ങളേറ്റു പുളയ്ക്കയാലേ
91 ഉള്ളിൽ നിറഞ്ഞൊരു കാരുണ്യപീയൂഷം
92 തള്ളിപ്പുറത്തു പുറപ്പെട്ടുതോ?
93 എന്നങ്ങു തോന്നുമാറുള്ളൊരു ഹാരംകൊ
94 ണ്ടേറ്റം വിളങ്ങിനോൻ മാറിലെങ്ങും.
95 പാല്ക്കടലെന്നെച്ചുമന്നൊരു പാഴ്ക്കടം
96 തീർക്കേണമിന്നു ഞാനെന്നപോലെ
97 നൽപ്പാൽകൊണ്ടെപ്പോഴും പൂരിച്ചു പൂരിച്ചു
98 കെല്പോടു നില്പോരുദരമുള്ളോൻ;
99 "വല്ലവിമാരുടെ പൂമേനിയായൊരു
100 വല്ലിയേ വെല്ലുവാനിന്നെനിക്കോ
101 ലാവണ്യമില്ലെന്നു നിർണ്ണയമെന്നാൽ ഞാ
102 നാവോളം ചെന്നു തലപ്പെടേണ്ട
103 എന്നതു തല്ലതെനിക്കു നിനയ്ക്കുമ്പോൾ
104 എന്നങ്ങു നണ്ണിയുറച്ചുതന്നിൽ
105 തൂമിന്നൽതന്നുടെ കാമുകനായൊരു
106 കാർമുകിൽ മെയ്പൂണ്ടു നിന്നപോലെ
107 പീതമായുള്ളൊരു കൂറയുടുത്തിട്ടു
108 നൂതനകാന്തി കലർന്നുനിന്നോൻ;
109 വല്ലവീവല്ലഭൻതന്തുടകൾക്കു ഞാൻ
110 തുല്യതയേതുമേ ചൊല്ലവല്ലേൻ
111 തുമ്പിക്കൈയെന്നുമ്പോൾ കമ്പം വെറുത്തീടും
112 രംഭയോ വാതംകൊണ്ടാകുലംതാൻ.
113 "ഗോപികൾമാനസമെന്മെയ്യിലായല്ലൊ
114 ഗോപിച്ചുകൊള്ളേണമിമ്മേറെ ഞാൻ"
115 എന്നങ്ങു ചിന്തിച്ചു നീലക്കൽകൊണ്ടുടൻ
116 നന്നായി നിർമ്മിച്ച ചെപ്പുപോലെ
117 നേരേ നിറന്നുള്ള ജാനുക്കളെക്കൊണ്ടു
118 പാരം വിളങ്ങി വിളങ്ങി നിന്നോൻ;
119 കണ്ണൻകണങ്കഴൽതന്നുടെ കാന്തിയെ
120 പ്പുണ്യമിയന്നുള്ള ലോകരെല്ലാം
121 മന്മഥൻതൂണിയെന്നിങ്ങനെ ചൊല്ലുന്നോർ
122 ചെമ്മുള്ള കൈതപ്പൂവെന്നും പിന്നെ;
123 കൂകിക്കുഴഞ്ഞു തെളിഞ്ഞു വിളങ്ങുന്ന
124 കേകിക്കഴുത്തെന്നേ ഞാൻ ചൊല്ലുന്നു.
125 ഗോവിന്ദൻമേനിയായുള്ളൊരു മന്ദരം
126 ഗോപികൾ മാനസവാരിധിയിൽ
127 മുങ്ങിക്കിടന്നതു പൊങ്ങിച്ചുകൊൾവാൻ തു
128 ടങ്ങുന്ന കൂർമ്മങ്ങളെന്നപോലെ
129 ചാലേ നിറന്ന പുറവടിതന്നുടെ
130 മേളംകൊണ്ടേറ്റം വിളങ്ങിനിന്നോൻ;
131 ഗോവിന്ദൻപാദത്തോടൊത്തങ്ങു നില്പൊരു
132 ലാവണ്യമില്ല നിനക്കെന്നുമേ
133 മാർദ്ദവംകൊണ്ടു ഞെളിഞ്ഞിങ്ങു പോരേണ്ട
134 ഓർത്തുകാണെന്നുടെ മേന്മയെല്ലാം."
135 "അന്തി വരുന്നേരം നിന്നുടെ മേന്മ ഞാൻ
136 ആയിരം നാളല്ല കണ്ടറിഞ്ഞു"
137 പങ്കജം ചെന്തളിർ തങ്ങളിലിങ്ങനെ
138 യങ്കംതൊടുപ്പിക്കും പാദമുള്ളോൻ.
139 ലാവണ്യസാരമായുള്ളൊരു പീയുഷ
140 സാഗരവാരി കടഞ്ഞു ചെമ്മെ
141 മെല്ലെന്നെഴുന്നൊരു വല്ലവിമാരുടെ
142 പൂണ്യമായുള്ളൊരു മേനിയുള്ളോൻ.
143 കണ്ണന്മെയ്തന്നുടെ കാന്തിയെ വാഴ്ത്തുവാൻ
144 മണ്ണിലും വിണ്ണിലുമാരുമില്ലേ;
145 അന്ധതകൊണ്ടു ഞാനിങ്ങനെ വാഴ്ത്തിനേൻ
146 അന്ധനെന്നുള്ളൊരു പേർ കൊള്ളുവാൻ.
147 ശ്യാമളകാന്തിയെക്കണ്ടൊരുനേരത്തു
148 കാമിനിമാരെല്ലാമങ്ങുമിങ്ങും
149 അംബരംതന്നിലുമെന്തിതെന്നിങ്ങനെ
150 സംഭ്രമിച്ചെങ്ങുമേ നോക്കുംനേരം
151 കണ്ണിന്നിണങ്ങിയ കാന്തികലർന്നോനെ
152 ക്കമുന്നിലാമ്മാറു കാണായപ്പോൾ
153 തിട്ടതിപൂണ്ടുള്ള മട്ടോലുംവാണിമാർ
154 പെട്ടെന്നു കണ്ണനെക്കണ്ടനേരം
155 പ്രാണങ്ങൾ വന്നുള്ള ദേഹങ്ങളെപ്പോലെ
156 വീണ നിലത്തുന്നെഴുന്നേറ്റപ്പോൾ
157 "കണ്ണനെക്കാണെ"ന്നു തങ്ങളിലെല്ലാരും
158 തിണ്ണം പറഞ്ഞുള്ളൊരൊച്ച പൊങ്ങി.
159 വാരുറ്റ നാരിമാർ കമുനയെല്ലാമേ
160 നേരറ്റ കണ്ണന്മെയ്തന്നിൽച്ചാടി
161 ഭംഗികലർന്നുള്ളൊരുല്പലംതന്മീതേ
162 ഭൃംഗങ്ങൾ മേന്മേലേ ചാടുമ്പോലെ.
163 ചെന്തീചൊരിഞ്ഞുള്ള മന്മഥമാൽകൊണ്ടു
164 വെന്തങ്ങു നീറുന്ന മാതരെല്ലാം
165 സന്തോഷമായൊരു പീയൂഷതോയത്തിൽ
166 ചന്തമായെല്ലാരും മുങ്ങിനിന്നാർ.
167 ഓടിയണഞ്ഞുതുടങ്ങിനാർ കണ്ണനെ
168 ക്കേടറ്റ നാരിമാർ പാരം പിന്നെ
169 വേഗമെഴുന്നുള്ള വെള്ളങ്ങളെല്ലാമേ
170 സാഗരംതന്നിലേ ചെല്ലുംപോലെ.
171 കാർവർണ്ണന്താനപ്പോൾ തൂമകലർന്നുള്ള
172 കാമിനിമാരങ്ങു ചെന്നനേരം
173 മന്മഥപാവകധൂമങ്ങളേല്ക്കയാൽ
174 മങ്ങിയിരുന്നവർ മേനിയെല്ലാം
175 കണ്ണിൽനിറഞ്ഞൊരു കാരുണ്യപീയൂഷം
176 തന്നാലെ മെല്ലെക്കഴുകിനിന്നാൻ.
177 കാർവർണ്ണന്തന്മുഖപങ്കജം തന്നിലേ
178 താവുന്ന ലാവണ്യപീയൂഷത്തെ
179 കകൊണ്ടു കോരിക്കുടിച്ചുതുടങ്ങിനാർ
180 മങ്കമാരെല്ലാരും മെല്ലെ മെല്ലെ.
181 കോമളമാരായ കാമിനിമാർമെയ്യിൽ
182 കോൾമയിർക്കൊണ്ടു തുടങ്ങീതപ്പോൾ.
183 കാമത്തീയേറ്റു കരിഞ്ഞു ചമഞ്ഞീടും
184 പ്രാണങ്ങളെല്ലാമേ മെല്ലെ മെല്ലെ
185 പീയൂഷംകൊണ്ടു കുളുർത്തപ്പോളായാസം
186 പോയി മുളയ്ക്കുന്നൂതെന്നപോലെ.
187 കാമൻറെ കാമിനിതന്നുടെയുള്ളിലും
188 കാമശരങ്ങൾ തറച്ചു മേന്മേൽ
189 കാമത്തീ തിണ്ണമെഴുന്നുതുടങ്ങീതേ
190 കാർവർണ്ണങ്കാന്തിയെക്കണ്ടതോറും
191 തന്നുടെ മാനിനിയെന്നുള്ളതേതുമേ
192 തന്നുള്ളിലോർത്തില്ല മാരനപ്പോൾ
193 വീരന്മാരായോർക്കു തന്നുടെ കീർത്തിയെ
194 പ്പാരിൽപ്പരത്തേണമെന്നേയുള്ളു.
195 വേണിയഴിഞ്ഞു കുഴഞ്ഞു തുടങ്ങിതേ
196 വേറൊന്നായ് വന്നുതേ ഭാവമെല്ലാം.
197 സ്വേദങ്ങൾ മേനിയിൽ പൊങ്ങിത്തുടങ്ങിതേ;
198 ഖേദങ്ങളുള്ളിലുമവ്വണ്ണമേ.
199 ഇഷ്ടത്തിൽച്ചേർത്ത മുലക്കച്ച പെട്ടെന്നു
200 പൊട്ടിപ്പിളർന്നതു കഷ്ടമല്ലേ
201 കാഞ്ചി മുറിഞ്ഞു കണക്കുത്തു മെല്ലവേ
202 കാൽമേലെ താണതങ്ങോർക്കുമപ്പോൾ.
203 കോമളരാമവർമേനിയിലിങ്ങനെ
204 കോഴകൾ പിന്നെയും കാണായ് വന്നു.
205 നാരികൾക്കിങ്ങനെ മാരമാൽ വന്നതോ
206 ചേരുവോന്നല്ലൊതാനോർത്തുകണ്ടാൽ;
207 മാരന്നുമുള്ളത്തിൽ മാരമാലുണ്ടായി
208 മാധവകാന്തിയെക്കണ്ടനരം.
209 "എന്നുടെ ബാണങ്ങളേറ്റുള്ള ലോകർക്കു
210 മിങ്ങനെ വേദന"യെന്നു നണ്ണി.
211 "മന്മഥനെന്നുള്ള നാമമിന്നിപ്പൊഴു
212 തുണ്മയാ വന്നുതേ"യെന്നു ചൊന്നാൻ.
213 മാരന്നു വന്നതു പോരായ്മയല്ലേതും
214 ദാരുക്കളുള്ളിലുമവ്വണ്ണമേ
215 മുല്ലകളാദിയായുല്ലസിച്ചുള്ളൊരു
216 വല്ലികളുള്ളിലും മെല്ലെ മെല്ലെ
217 അല്ലിത്താർബാണമാൽ പൊങ്ങിത്തുടങ്ങിതേ
218 വല്ലവീവല്ലഭൻ വന്നനേരം
219 നേരറ്റ മായതൻ വൈഭവമോർക്കുമ്പോൾ
220 ചേരാതെയുള്ളതിതെന്തൊന്നേതാൻ?
221 നാരിമാരെല്ലാരും നാരായണൻതൻറെ
222 ചാരത്തു നിന്നൊരു നേരത്തപ്പോൾ
223 ഓടിച്ചെന്നമ്പോടു നീടുറ്റവന്തൻറെ
224 കേടറ്റ പാദമെടുത്തു ചെമ്മെ
225 മാറത്തു ചേർത്തുടൻ തന്നുടെ ചൂടെല്ലാം
226 ദൂരത്തു നീക്കിനാൾ നിന്നൊരുത്തി.
227 മാഴ്കിത്തളർന്നിട്ടു മറ്റൊരു മാനിനി
228 മാധവന്മുമ്പിലേ നിന്നനേരം
229 "ദീനത പൂണ്ടുള്ളൊരെങ്ങളെയിന്നു നീ
230 കാനനംതന്നിൽ കളഞ്ഞാനല്ലോ
231 എന്നും ഞാൻ നിന്മേനി തീണ്ടുന്നേനല്ലിനി"
232 എന്നൊരു കോപം പൊഴിച്ചു മേന്മേൽ
233 ചാരത്തുനിന്നുടൻ ദൂരത്തു പോയങ്ങു
234 വേറിട്ടു വേഗത്തിൽ നിന്നുകൊണ്ടാൾ.
235 മറ്റൊരു മാനിനി മാധവതന്നുടെ
236 കുറ്റമകന്നൊരു മേനിതന്നെ
237 കണ്ണിണകൊണ്ടു വലിച്ചുടനുള്ളത്തിൽ
238 തിണ്ണമുറപ്പിച്ചു പോന്നു പിന്നെ
239 കണ്ണുമടച്ചുകൊണ്ടെ"ന്നുള്ളിൽനിന്നവൻ
240 എന്നുമേ പോകൊല്ലാ" യെന്നു നണ്ണി
241 ഭാവനകൊണ്ടവൾ ചെയ്തുള്ള വേലകൾ
242 ആവതല്ലേതുമെനിക്കു ചൊൽവാൻ.
243 "എങ്ങളെച്ചാലെച്ചതിച്ചു നിന്നിങ്ങനെ
244 യെങ്ങു നീ പോയി മറഞ്ഞു മെല്ലേ
245 ഇന്നു ഞാൻ നിന്നെയും നന്നായിത്തോല്പിപ്പൻ"
246 എന്നങ്ങു ചൊല്ലുന്നോളെന്നപോലെ
247 കണ്മുനചാലച്ചുവത്തിയൊരുത്തിയ
248 ക്കണ്ണൻമുഖംതന്നെ നോക്കി നിന്നാൾ.
249 "കോപിച്ചുനിന്നിനിക്കാലംകളയാതെ
250 ഗോവിന്ദനോടിനി ചേർച്ച നല്ലൂ"
251 എന്നങ്ങു ചിന്തിച്ചു മറ്റൊരു മാനിനി
252 നന്ദസുതന്മേനി പൂണ്ടുകൊണ്ടാൾ.
253 പിന്നെയൊരുത്തിയമ്മല്ലവിലോചനൻ
254 തന്നുടെ ചാരത്തു ചെന്നു നിന്ന്
255 ദീനത തന്നുള്ളിൽ വന്നതങ്ങെല്ലാമേ
256 മാനിച്ചു ചൊല്ലേണമെന്നു നണ്ണി
257 "എന്നെ നീയിങ്ങനെ" എന്നങ്ങു ചൊല്ലുമ്പോൾ
258 കണ്ണുനീർ തിണ്ണമെഴത്തുടങ്ങി
259 ഇണ്ടൽ തിരണ്ടപ്പോൾ തൊണ്ട വിറച്ചിട്ടു
260 മിണ്ടരുതാതെയങ്ങായിപ്പോയി.
261 "എന്നെ നീ വഞ്ചിച്ചു നിന്നെയും ഞാനിപ്പോൾ
262 നന്നായി വഞ്ചിപ്പൻ" എന്നു നണ്ണി
263 ചാരുവായുള്ളൊരു ദാരുതൻ ചാരത്തു
264 നേരേയൊരുത്തി മറഞ്ഞുകൊണ്ടാൾ.
265 "എന്നുടെയുള്ളത്തിലുണ്ടായ ചൂടെല്ലാം
266 ഇന്നിവനുള്ളിലുമുണ്ടാകേണം"
267 എന്നങ്ങു ചൊല്ലിനിന്നേറ്റമുഴറ്റോടെ
268 നന്ദസുതന്നു മുകർപ്പതിന്നായ്
269 മുല്ലപ്പൂവെല്ലാം പറിച്ചു കുടുന്നയിൽ
270 മെല്ലവെ കാട്ടിനാൾ മറ്റൊരുത്തി.
271 ദൂരത്തുനിന്നൊരു മാനിനി മാധവൻ
272 ചാരത്തു ചെന്നുടൻ നിന്നു മെല്ലെ
273 "എന്നുടെ മാനസംതന്നെക്കവർന്നുകൊ
274 ണ്ടെങ്ങാനും പോയൊരു കള്ളനിവൻ
275 കള്ളരായുള്ളോരെക്കാണുന്ന നേരത്തു
276 തള്ളിപ്പിടിച്ചങ്ങു കെട്ടവേണം."
277 ഇങ്ങനെ ചൊന്നവൾ തങ്ങിന നന്മണം
278 എങ്ങുമേ പൊങ്ങിന മാലകൊണ്ട്
279 മാധവൻതന്നുടെ പൂമേനി ബന്ധിച്ചാൾ
280 മാതാവു പണ്ടുതാനെന്നപോലെ
281 മാതാവിനന്നു നുറുങ്ങു മുടങ്ങിതേ
282 മാനിനിക്കെന്നതും കണ്ടുതില്ലേ.
283 പ്രേമം മികയ്ക്കയാലിങ്ങനെയോരോരോ
284 കാമിനിമാരുടെ വേലയെല്ലാം
285 ചാന്തിച്ചു കാണുമ്പോൾ വിസ്മയമെന്നൊഴി
286 ച്ചന്ധനായുള്ള ഞാനെന്തു ചൊൽവൂ.
287 ബാലികമാരെല്ലാമിങ്ങനെയോരോരോ
288 വേലകൾ ചെയ്തങ്ങു നിന്നനേരം
289 പുഞ്ചിരി തൂകിനിന്നഞ്ചനവർണ്ണന്താൻ
290 കൊഞ്ചിത്തുടങ്ങിനാൻ കോമളനായ്.
291 നന്മധു തൂകിന നന്മൊഴികൊണ്ടവൻ
292 ചെമ്മേ മയക്കിനാനെല്ലാരെയും
293 കാളിന്ദിതന്നുടെ തൂമണത്തിട്ടമേൽ
294 മേളത്തിൽ പോകയോ നാമെല്ലാരും"
295 എന്നങ്ങു ചൊല്ലിന നന്ദതനൂജന്തൻ
296 ഇന്ദുമുഖിമാരോടൊത്തുകൂടി
297 മേളമെഴുന്നൊരു കാളിന്ദിതന്നുടെ
298 കാന്തി കലർന്ന മണൽത്തിട്ടമേൽ
299 നിന്നു വിളങ്ങിനാൻ നീതി തഴച്ചുള്ള
300 നീലക്കാർവേണിമാർ ചൂഴവേതാൻ.
301 കൊങ്കയിലീടിന കുങ്കുമംകൊണ്ടെങ്ങും
302 അങ്കിതമായുള്ളൊരുത്തരീയം
303 ചാലേ മടിഞ്ഞു ചമച്ചുടൻ നാരിമാർ
304 നീലക്കാർവർണ്ണന്നിരിപ്പതിന്നായ്
305 മെല്ലവേ വച്ചതിന്മീതേയിരുന്നിട്ടു
306 വല്ലവീനാഥൻ വിളങ്ങിനാന്താൻ.
307 ആനായനാരിമാരുത്തരീയത്തിന്നു
308 മാനന്ദന്തങ്ങിന വേദങ്ങൾക്കും
309 ആനായർകോൻതന്നിരിപ്പിടമാകയാൽ
310 ആകുന്നേനല്ല ഞാൻ ഭേദം ചൊൽവാൻ.
311 ഭംഗിപൊഴിഞ്ഞുള്ളോരംഗജസേനയാ
312 മംഗനമാരോടുകൂടിച്ചെമ്മേ
313 ഇച്ഛയിൽ പാടിനാനച്യുതൻതാനപ്പോ
314 ളുച്ചമെഴുംവണ്ണം പിച്ചയായി.
315 ആയർകോന്തന്നുടെ ചൂഴവും നിന്നുള്ളൊ
316 രായർവിലാസിനിമാരെല്ലാരും
317 പെട്ടെന്നു പാടിനാരച്യുതൻപിന്നാലേ
318 പേയില്ലയാതൊരു നാദംകൊണ്ട്,
319 സ്ഥാനങ്ങളേഴുമൂന്നിപ്പിഴിയാതെ
320 യാനന്ദം പൊങ്ങുമാറുള്ളിലെങ്ങും
321 ഗ്രാമങ്ങൾകൊണ്ടും നൻ മൂർച്ഛനംകൊണ്ടുമായ്
322 ആനന്ദമാമ്മാറു പാടിപ്പാടി
323 ആനംഗനായോരു പാവകന്തന്നെയ
324 ങ്ങാനായമാതരിൽ ചേർത്താൻ കണ്ണൻ
325 കാന്തി കലർന്നോരു കണ്ണന്മുഖത്തെയും
326 കാന്തനായുള്ളൊരു തിങ്കളേയും
327 കണ്ടുകണ്ടമ്പോടു കണ്ണും കുളുർപ്പിച്ചു
328 കാമിനിമാരെല്ലാം പാടിനിന്നാർ
329 വാരുറ്റ നാരിമാർ നേരറ്റ രാഗങ്ങൾ
330 ഓരോന്നേ പാടിക്കളിക്കുന്നേരം
331 മെല്ലവേ ചൊല്ലിനാൻ വല്ലവിമാരോട
332 മ്മല്ലവിലോചനനെല്ലാരോടും:
333 "രാസമായുള്ളൊരു ലീല കളിക്കേണം
334 നാമിപ്പോളെല്ലാരും നാരിമാരേ!"
335 ഇങ്ങനെ ചൊല്ലുമ്പോൾ തന്മുമ്പിൽ കാണായി
336 പൊന്മയമായൊരു ശംഖുതന്നെ;
337 വട്ടം തിരണ്ടു വിളർത്തുമെഴുത്തെങ്ങും
338 ഇഷ്ടമായുള്ളോന്നു കണ്ടതോറും
339 പന്തിരണ്ടംഗുലം പൊങ്ങുമാറങ്ങതു
340 ചന്തത്തിൽ മെല്ലെക്കുഴിച്ചു നാട്ടി
341 ആനായർകോനുമന്നാരിമാരെല്ലാരും
342 മാനിച്ചതിന്മുകളേറി നിന്നാർ.
343 കാന്തമായുള്ളൊരു കൂന്തലും കാഞ്ചിയും
344 കാന്തമാരെല്ലാരും മുറുക്കിപ്പിന്നെ
345 കൈകളെ വീതുമക്കാൽകളുമങ്ങനെ
346 കൗതുകമാണ്ടു തുടങ്ങിനാരേ.
347 ഇഷ്ടത്തിലെല്ലാരുമൊന്നൊത്തു നിന്നിട്ടു
348 വട്ടത്തിൽ നിന്നു വിളങ്ങുന്നേരം
349 പാരം വിളങ്ങും വിളക്കിന്മേൽനിന്നോരോ
350 ദീപം കൊളുത്തിപ്പരത്തുംപോലെ
351 ആയർകോൻതന്നുടൽ ഭിന്നമായമ്പോടു
352 മായയെക്കൊണ്ടു ചമച്ചുവച്ചാൻ
353 മാനിനിമാരുടെ സംഖ്യയുള്ളോളവും
354 മാധവൻമേനിയുമുണ്ടായപ്പോൾ.
355 ഈരണ്ടുഭാഗത്തുമോരോരോ നാരിമാർ
356 നേരേ വിളങ്ങുമാറങ്ങു ചെമ്മെ
357 നിന്നു വിളങ്ങിനാൻ നന്ദകുമാരകൻ
358 ഇന്ദുനേരാനനമാർനടുവേ.
359 കൈയും പിടിച്ചവൻ ചാരത്തെ നാരിമാർ
360 മെയ്യോടുമെയ്യുമുരുമ്മുംവണ്ണം
361 ലീല തുടങ്ങിനാൻ ബാലികമാരുമായ്
362 വേലപ്പെ കാമിച്ച കാന്തിയുള്ളോൻ.
363 താളത്തിലീടിക്കളിച്ചു തുടങ്ങിനാർ
364 മേളത്തിൽനിന്നുള്ള നാരിമാരും;
365 പാദങ്ങൾ താളത്തിലൊത്തിനാർ മേളത്തിൽ
366 ഗീതങ്ങളോരേന്നേ പാടിപ്പാടി
367 വല്ലിയെ വെന്നോരു പൂമേനിതന്നെയും
368 അല്ലൽപെടുത്തുനിന്നായവണ്ണം
369 കൊങ്കകൾ ചീർത്തു തളർന്നൊരു മല്ലിട
370 സങ്കടമാണ്ടൊടിഞ്ഞീടുംവണ്ണം
371 കണ്ണാടി വെന്ന കവിൾത്തടംതന്നിലേ
372 തിണ്ണം വിയർപ്പുകൾ പൊങ്ങുംവണ്ണം
373 കാലിൽ കലർന്ന ചിലമ്പൊലി പൊങ്ങവേ
374 കാഞ്ചി നൽക്കങ്കണംതന്നൊലിയും
375 സ്ഥാനം കലർന്നൊരു ഗാനംകൊണ്ടുള്ളത്തിൽ
376 ആനന്ദം മേന്മേലെ പൊങ്ങുംവണ്ണം
377 ലീലകൾകൊണ്ടു തളർന്നൊരു മാനിനി
378 നീലക്കാർവർണ്ണൻകഴുത്തുതന്നെ
379 കൈകളെക്കൊണ്ടു മുറുക്കിപ്പിടിച്ചുടൻ
380 കൈതവം കൈവിട്ടു പൂണ്ടുകൊണ്ടാൾ.
381 ബാലികമാർക്കു കവിൾത്തടംതന്നിലെ
382 ചാലെപ്പൊടിഞ്ഞ വിയർപ്പുകളെ
383 പല്ലവംപോലെ പതുത്തൊരു കൈകൊണ്ടു
384 മെല്ലെത്തലോടിക്കളഞ്ഞാൻ കണ്ണൻ.
385 കണ്ണൻതൻ പാട്ടിനു പിന്നാലെ പാടുവാൻ
386 തിണ്ണമൊരുത്തി തുനിഞ്ഞ നേരം
387 ചുംബനത്തിന്നുമുഖത്തെയണച്ചിട്ടു
388 ചെമ്മല്ലയാതയങ്ങാക്കിനാന്താൻ.
389 തിണ്ണം തെളിഞ്ഞൊരു കണ്ണന്മുഖംതന്നെ
390 പ്പെണ്ണുങ്ങൾ നോക്കി മയങ്ങുന്നേരം
391 താളം പിഴപ്പിച്ചു നിന്നു വിളങ്ങിതേ
392 താരമ്പൻ പാരം വെറുപ്പിച്ചപ്പോൾ
393 മാരന്തൻ വങ്കണ മാറിൽത്തറയ്ക്കയാൽ
394 മാധവൻമാറിൽ മയങ്ങി വീണാർ
395 ആയാസം പോക്കിനാർ ചോരിവാതങ്കലെ
396 പ്പീയൂഷംകൊണ്ടു കുളുർപ്പിച്ചുള്ളം;
397 പിന്നെയും മെല്ലെന്നെഴുന്നേറ്റന്നാരിമാർ
398 മുന്നമേപ്പോലെ കളിച്ചു നിന്നാർ
399 കാഞ്ചിയയഞ്ഞു കണക്കുത്തു താണതു
400 കാചന പൊങ്ങിപ്പാൻ നിന്ന നേരം
401 കൈയും മുറുക്കിപ്പിടിച്ചുടൻ കണ്ണന്താൻ
402 കൈതവം പൂണ്ടു കളിച്ചുകൊണ്ടാൻ.
403 ചിന്നി വിരിഞ്ഞൊരു കാർകുഴൽ ബന്ധിപ്പാൻ
404 പിന്നെയൊരുത്തി തുടങ്ങുംനേരം
405 കൈയും വിരിഞ്ഞങ്ങയച്ചുകളഞ്ഞവൾ
406 മെയ്യിലേ മെല്ലവെ നോക്കി നിന്നാൻ.
407 പുണ്യങ്ങൾ തേടുമപ്പെണ്ണുങ്ങളെല്ലാരും.
408 കണ്ണനോടീടിക്കളിക്കുംനേരം
409 വന്ദികൾ ചെന്നിട്ടു വാനിലകംപൂകീ
410 ട്ടിന്ദ്രനോടെന്നതു ചൊല്ലി നിന്നാർ.
411 എന്നതു കേട്ടൊരു നന്ദനനായകൻ
412 നന്ദിച്ചു നിന്നു നുറുങ്ങുനേരം
413 "നന്ദതനൂജനന്നാരിമാരുംകൂടി
414 നന്നായ്ക്കളിക്കുന്നോനെന്നു കേട്ടു
415 വൃന്ദാവനംതന്നിലിന്നു നാം പോകണം"
416 എന്നങ്ങു ചൊല്ലിനാനെല്ലാരോടും.
417 വാനവരെല്ലാരുമെന്നതു കേട്ടപ്പോൾ
418 ആനന്ദമാണ്ടു ചിരിച്ചു നിന്നാർ
419 ഉമ്പർകോന്തന്നുടെ യാത്രകൊണ്ടെങ്ങുമേ
420 സംഭ്രമഘോഷവുമുണ്ടായപ്പോൾ.
421 വാരുറ്റ ലോകങ്ങൾ പൂരിച്ചു ഭേരിതൻ
422 പാരിച്ച നാദവും കേൾക്കായപ്പോൾ.
423 ഭൈരവരൂപനായ് വാരണവീരനാം
424 എെരാവതംപോന്നു വന്നാനപ്പോൾ
425 ദുഷ്കരമായുള്ള ഭൂതലം കാണ്മാനായ്
426 പുഷ്ക്കരംകൊണ്ടെങ്ങുമൂന്നിയൂന്നി,
427 ഗണ്ഡത്തിൽ തോയുന്ന വന്മദതോയത്താൽ
428 മണ്ഡിതനായി മദിച്ചു നില്പോൻ,
429 കർണ്ണങ്ങൾ ചെന്നു കവിൾത്തടംതന്നിലേ
430 തിണ്ണമടിക്കുമാറങ്ങു ചെമ്മെ
431 ഭൃംഗങ്ങൾ നീങ്ങുമാറങ്ങനെ നിന്നുടൻ
432 ഭംഗിയിൽ വീയുന്നോൻ മെല്ലെ മെല്ലെ,
433 സ്വർണ്ണംകൊണ്ടുള്ളൊരു ചങ്ങല പൂണ്ടിട്ടു
434 തിണ്ണം വിളങ്ങും നടുവുടയോൻ.
435 ഉല്ലാസമാണ്ടൊരു വെള്ളിയാൽ നിർമ്മിച്ച
436 നല്ലൊരു കമ്പത്തെ വെന്നു ചെമ്മെ
437 അന്തകന്തന്നുടെ ദണ്ഡെന്നപോലെയ
438 ദ്ദന്തങ്ങൾ നാലുമങ്ങാണ്ടുനിന്നോൻ
439 നാസികതന്നുടെക്കൊണ്ടൊരു കാററുകൊ
440 ണ്ടാസന്നന്മാരെയറിഞ്ഞുനില്പോൻ,
441 ദാനവന്മാരെന്ന നാമത്തെക്കേൾക്കുമ്പോൾ
442 നാദംകൊണ്ടാശകൾ പൂരിപ്പോൻതാൻ
443 ക്രുദ്ധതപൂണ്ടുള്ള യുദ്ധങ്ങളില്ലാഞ്ഞി
444 ട്ടുദ്ധതനായുള്ളോൻ പിന്നെപ്പിന്നെ,
445 നേരറ്റു നിന്നൊരു വാരണവീരന്താൻ
446 ചാരത്തു ചെന്നുടൻ നിന്നു നന്നായ്
447 തുമ്പിക്കൈതന്നെയുയർത്തിനിന്നമ്പോടു
448 ജംഭാരിതമ്പദം കുമ്പിട്ടാനെ.
449 അമ്പു പുലമ്പിന ജംഭാരിതാനപ്പോൾ
450 കൊമ്പു പിടിച്ചുടൻ സംഭാവിച്ചാൻ.
451 ചെമ്പൊൽക്കരംകൊണ്ടു തുമ്പിക്കരംതന്നെ
452 യമ്പിൽ തലോടിനിന്നുമ്പർകോൻതാൻ
453 മേളമെഴുന്ന കഴുത്തിൽ കരയേറി
454 ച്ചാലെത്തുനിഞ്ഞാനെ യാനത്തിന്നായ്
455 വീണകൾ വേണുക്കൾ താളങ്ങളെന്നുള്ള
456 ചേണുറ്റ വാദ്യങ്ങൾ കൈക്കൊണ്ടപ്പോൾ
457 വാഴ്ത്തിത്തുടങ്ങിനാർ വന്ദികളെല്ലാരും
458 കീർത്തികളോരോന്നേ പാടിപ്പാടി.
459 ആധിക്യമാണ്ടുള്ളൊരാദിത്യന്മാരെല്ലാം
460 വാദിത്രം കേട്ടു പുറപ്പെട്ടാരേ.
461 തണ്മ കളഞ്ഞുള്ളൊരെണ്മർ വസുക്കളും
462 വെണ്മ തിരണ്ടു നടന്നാരപ്പോൾ.
463 രുദ്രന്മാരെല്ലാരും ഭസ്മവും ധൂളിച്ചു
464 ഭദ്രന്മാരായി നടത്തംകൊണ്ടാർ.
465 അച്യുതന്തന്നുടെ ലീലകൾ കാണ്മാനായ്
466 അശ്വികളാദരംപൂണ്ടു വന്നാർ.
467 മറ്റുള്ള വാനവർ കുറ്റംകളഞ്ഞോരോ
468 പറ്റിലേ ചേർന്നു നടന്നാരപ്പോൾ.
469 വിഖ്യാതരായുള്ള വിദ്യാധരന്മാര
470 ങ്ങൊക്കവേയന്നേരമോടിവന്നാർ.
471 അക്ഷതരായുള്ള യക്ഷന്മാരെല്ലാരും
472 യക്ഷികൾതന്നോടും പോന്നുവന്നാർ.
473 അന്ധത തേടാത ഗന്ധർവന്മാരെല്ലാം
474 ബന്ധുരവേഷന്മാരായി വന്നാർ.
475 ബാദ്ധ്യന്മാരല്ലെന്നു ബോദ്ധ്യന്മാരായുള്ള
476 സാദ്ധ്യന്മാരെല്ലാരും വന്നണഞ്ഞാർ.
477 സ്നിഗ്ദ്ധന്മാരായുള്ള സിദ്ധന്മാരെല്ലാരും
478 പദ്ധതിയൂടെ നടന്നാരപ്പോൾ.
479 ചാരണന്മാരെല്ലാം ചാടി നടന്നുടൻ
480 വാരണന്തന്നുടെ പിമ്പേ ചെന്നാർ.
481 സംഭ്രമിച്ചോരോരോ കിമ്പുരുഷന്മാരും
482 ജംഭാരിതന്നുടെ മുമ്പിൽ ചെന്നാർ.
483 ഖിന്നന്മാരല്ലാത കിന്നരന്മാരെല്ലാം
484 പിന്നാലെ ചെന്നങ്ങു കൂടിനാരേ,
485 ജംഭാരിതന്നുടെ വമ്പോലും വാണിയും
486 രംഭ തുടങ്ങിന നാരിമാരും
487 കണ്ണൻ കളിക്കുന്ന ലീലയെക്കാണ്മാനായ്
488 തിണ്ണം മുതിർന്നാരേ വിണ്ണിൽനിന്ന്;
489 ഗംഗയിൽ ചെന്നു കുളിച്ചുതുടങ്ങിനാർ
490 ഭംഗിയിലോരോരോ മാനിനിമാർ
491 നേർത്തു പതുത്തു മെഴുത്തുള്ള ചേലകൾ
492 ചാർത്തിനാരെല്ലാരുമാർത്തി നീക്കി.
493 "നന്ദതനൂജനെക്കാണുന്ന നേരത്തു
494 നന്നായിരിക്കേണം നാമെല്ലാരും"
495 എന്നങ്ങു ചൊന്നൊരു നാരിമാർ തങ്ങളിൽ
496 ഇങ്ങനെയുള്ളൊരു വാർത്ത പൊങ്ങി:
497 "എന്നുടെ ചേല ഞെറിഞ്ഞു തരേണം നീ
498 പിന്നെയാമല്ലൊ നിനക്കു തോഴി!"
499 "പട്ടുനൂൽച്ചേലയെത്തന്നെയുടുക്കിലി
500 ന്നൊട്ടും പൊരുന്നാ നിനക്കു തോഴി!"
501 "ഒപ്പൊരു കൈകൊണ്ടു ചാലെ മുളം വച്ചാൽ
502 മുപ്പതു വേണമെനിക്കു ചെമ്മേ."
503 "കാങ്കിയായുള്ളൊരു ചേലയെച്ചാർത്തിനാൽ
504 കാന്തി നിനക്കേറ്റമുണ്ടു തോഴീ!"
505 "വെള്ളയായുള്ളൊരു ചേലയുടുക്കിലേ
506 ഉല്ലാസമുള്ളൂതെനിക്കു ചൊല്ലാം."
507 "കണ്ടിക്കൻചേലയുടുത്തു നടക്കിലോ
508 പണ്ടും പൊരുന്നാ നിനക്കു തോഴീ!"
509 "കയ്യെഴുത്തൻചേല പയ്യവേ കാകിലോ
510 അയ്യോയെന്നുളളത്തിൽ തോന്നും തോഴീ !"
511 "എന്നുടെ ചേലയോ ചാല വിളക്കമി
512 ല്ലെന്നാൾ നീയൊന്നെന്നും തന്നെ പോരൂ."
513 "കോമപ്പട്ടാകിലോ ഞാനിന്നുടുപ്പതു
514 കോമളമാകിലോ രണ്ടുമുണ്ടേ."
515 "നീലം പിഴിഞ്ഞിട്ടു നാലുണ്ടു ചേലകൾ
516 നീയൊന്നുടുത്താലും വേണ്ടുന്നാകിൽ."
517 "എന്നുടെ ചൊല്ലിങ്കൽ നില്ക്കുന്നൂതാകിലോ
518 പൊന്നെഴുത്തൻചേല വേണ്ടതിപ്പോൾ."
519 പൊന്നെഴുത്തെന്നൊരു കുറ്റമുണ്ടെന്തോഴീ!
520 മിന്നൽ നുറുങ്ങു കുറഞ്ഞുപോയി."
521 "കസ്തൂരിക്കണ്ടങ്കി നീയിന്നു ചാർത്തിനാൽ
522 ഒത്തൊരു കാന്തിയുണ്ടെന്നു ചൊല്ലാം."
523 "മഞ്ഞൾ പിഴിഞ്ഞതോ ചേലയുടുപ്പു ഞാൻ
524 മാന്തളിരായതോ ചൊല്ലു തോഴീ!"
525 "വെപട്ടു കണ്ടാലും പുപെട്ടു നിന്നിട്ടു
526 തപെട്ടു പോയതെനിക്കു തോഴീ!"
527 "ചെന്തുലുക്കൻചേല ചന്തത്തിൽ ചാർത്തുവാൻ
528 എന്തിന്നു തോഴീ! മടിക്കുന്നു നീ?"
529 "മാന്തളിർനേരൊത്ത പൂഞ്ചേല ചാർത്തിനാൽ
530 കാന്തിയെനിക്കോയില്ലെന്നു തോന്നും!"
531 "മറ്റൊരു ചേലയെ ഞാനിന്നുടുക്കിലോ
532 കുറ്റമേ ചൊല്ലുവായ് നീയും പിന്നെ."
533 "മാന്തളിർചേലയെ മാനിച്ചുടുക്കിലും
534 കാന്തിയെനിക്കോയില്ലൊന്നുകൊണ്ടും."
535 "കല്പകശാഖിയോടിപ്പൊഴേ യാചിച്ചു
536 മുപ്പതു വാങ്ങുവൻ നല്പുടവ."
537 "നിങ്കണ്ണിലഞ്ചനം കിഞ്ചിൽ പെരുതായി
538 തെങ്കണ്ണിലെങ്ങനെ ചൊല്ലു തോഴീ!"
539 "താലിക്കുമീതേയിത്താവടം ചേർത്തതു
540 ചാലപ്പൊരുന്നുന്നു പിന്നെപ്പിന്നെ."
541 "പാടകം ചേർത്തതയഞ്ഞുകിടക്കുന്നു
542 പാദത്തിന്മേൽനിന്നു വീഴൊല്ലാതെ."
543 "തോടകൾ കാതിലണിഞ്ഞുനടക്കുമ്പോൾ
544 വീടുറ്റ കാന്തി നിനക്കുണ്ടേറ്റം."
545 "താടങ്കമെങ്കാതിൽ ചേരുന്നുതില്ലെന്നി
546 ട്ടാതങ്കമുള്ളിലെനിക്കുണ്ടല്ലോ."
547 "കാഞ്ചി നിനക്കു പൊരുന്നുന്നൂതേറ്റവും
548 പൂഞ്ചേലതന്നോടു ചേരുകയാൻ."
549 "ഹാരങ്ങൾ മാറിലണിഞ്ഞതുകൊണ്ടിപ്പോൾ
550 പാരം വിളങ്ങിനിന്നാനനംതാൻ."
551 "പുത്തനായുള്ളൊരു കസ്തൂരികൊണ്ടല്ലോ
552 പത്തിക്കീറ്റേറ്റം നിറപ്പൂ ചൊല്ലാം."
553 "തോൾവള കൂടുകിലേറ്റം നിറന്നൂതും
554 തോടയല്ലോ കാതിൽ കണ്ടു തോഴീ!"
555 "പല്ലു വെളുപ്പിച്ചു പാർക്കുന്നുതെന്തിന്നു
556 വല്ലായ്മയായ് വരും ചൊല്ലാം ചെമ്മെ."
557 "മേനകേ! നീയെന്തു വൈകിച്ചുകൊള്ളുന്നു
558 ഞാനെങ്കിൽ മുമ്പു നടക്കുന്നുണ്ട്."
559 "ഉർവ്വശിതാനിന്നും വന്നില്ലയോ തോഴീ!
560 ഗർവ്വിച്ചുനിന്നവൾ പോരാളെന്നും."
561 "കന്ദർപ്പമാലിക തങ്കൈയിൽ കണ്ടാലും
562 സുന്ദരമായുള്ളോരിന്ദീവരം."
563 "നിന്നൊരു നന്ദിനി നന്നായി നിർമ്മിച്ചാൾ
564 മന്ദാരംതന്നുടെ പൂവുകൊണ്ട്
565 നന്ദിച്ചുനിന്നുടൻ നാല്പതു മാലകൾ
566 ഒന്നേക്കാളൊന്നതിസുന്ദരമായ്."
567 "ശൃംഗാരമഞ്ജരി വന്നുതുടങ്ങിനാൾ
568 ഭംഗിയിൽ ചേടിമാരോടുംകൂടി."
569 "സുഭ്രുവായുള്ളൊരു ബഭ്രൂ വിലാസിനി
570 വിഭ്രമംകൊണ്ടു കുളിക്കുന്നോളേ."
571 "മാലതിതാൻ നിന്നു മാല തൊടുക്കുന്നോൾ
572 ലീലാവതിക്കേതും വൈകീതില്ലേ."
573 "ഹേമമണിഞ്ഞതു പോരുന്നുതില്ലേതും
574 തൂമ കലർന്നൊരു ഹേമയ്ക്കിന്നും."
575 "കാഞ്ചനശാലിനി വന്നതു കണ്ടാലും
576 കാഞ്ചിയും കൈക്കൊണ്ടു താങ്ങിത്താങ്ങി."
577 "പേശലവാദിനീ! നീയിങ്ങു പോരിപ്പോൾ
578 പേശുന്ന കാലമിതല്ല ചൊല്ലാം."
579 "സാഹിത്യകേളിക്കിന്നാധിക്യമുണ്ടല്ലൊ
580 സാധിച്ചാളല്ലൊ താൻ ചൊന്നതെല്ലാം."
581 സംഗീതലീലതൻ ഭംഗികൾക്കേതുമേ
582 ഭംഗംവരുത്തൊല്ലാ മങ്കമാരേ!"
583 "ആനന്ദലീലയ്ക്കു ദീനതയെന്തുള്ളിൽ
584 ആനന്ദമേതും തെളിഞ്ഞതില്ലേ?
585 "സീമന്തവേണിതാൻ കാമിച്ചുനിന്നതോ
586 ചേമന്തിപ്പൂവിനെപ്പിന്നെപ്പിന്നെ."
587 "കൊങ്കകൾ രണ്ടിലും കുങ്കുമമാണ്ടു നൽ
588 പങ്കജമാലിനി വന്നതു കാ
589 ബാലാതപംകൊണ്ടു ചാലച്ചുവന്നുള്ള
590 ശൈലങ്ങളാണ്ടൊരു വല്ലിപോലെ."
591 "അംഗനമാരിലിന്നംഗജമാലിക
592 യ്ക്കംഗങ്ങൾ നല്ലുതേ ഭംഗി കണ്ടാൽ."
593 "ഉല്പലലീലയ്ക്കു ശില്പം കലർന്നുള്ള
594 ചെപ്പുകൾ മുപ്പതുമിപ്പോൾ വന്നു."
595 "ആശ്ചര്യവേണിക്കു മാത്സര്യമുണ്ടെന്ന
596 തീശ്വരാനാണ ഞാൻ ചൊല്ലീതില്ലേ."
597 "കുങ്കുമം നല്കാഞ്ഞിട്ടുള്ളിൽ വെറുപ്പുണ്ടു
598 പങ്കജലീലയ്ക്കു നമ്മൊടെല്ലാം."
599 "പോരെന്നു ചൊല്ലാഞ്ഞു കാരുണ്യവല്ലിതാൻ
600 പോരുന്നോളല്ലപോലെന്നു കേട്ടു."
601 "മാലേയലീലയ്ക്കു ചേലകൾ പോരാഞ്ഞു
602 മാലുള്ളിലുണ്ടെന്നു കേട്ടുതിപ്പോൾ."
603 "കർപ്പൂരവാണിയും കസ്തൂരിവേണിയും
604 മുല്പാടേ പോന്നാർപോലെന്നു കേട്ടു."
605 "ശംഖിനിയോടു വെറുക്കേണ്ട തോഴി! നീ
606 തങ്കൈയേയല്ലോ തനിക്കുതകൂ."
607 "കസ്തൂരിമഞ്ജരിക്കുൾത്താരിലുണ്ടേറ്റം
608 ധിക്കാരമിന്നിന്നു നമ്മെയെല്ലാം."
609 "സാരസ്യകേളിക്കു സാരസ്യം തൂകി നി
610 ന്നാലസ്യമാകുന്നതുണ്ടു നേരേ."
611 "മാലേയകാമിനി കീലാലലീലയാം
612 ബാലയുമായിട്ടു വന്നതു കാ."
613 "ചന്ദ്രികേ! നീയെന്തു മന്ദമായ് നിന്നേച്ചു
614 വൃന്ദാവനത്തിന്നു പോകണ്ടാതോ?"
615 "നന്മണം പൊങ്ങിന കസ്തൂരി, കർപ്പൂരം
616 നന്നായ് പൊടിച്ചുള്ള ചൂർണ്ണമെല്ലാം
617 പെട്ടകംതന്നിൽ നിറച്ചിട്ടു കൊണ്ടുവാ
618 ഒട്ടേടം ഞാൻ പിന്നെ നീയെടുപ്പൂ."
619 "പുഷ്പങ്ങളൊന്നും മറക്കൊല്ലാ തോഴീ! നീ
620 ചെപ്പകംതന്നിൽ ഞാൻ വച്ചതെല്ലാം."
621 "ചാന്തുകോലെന്തു നീ ചാട്ടിക്കളഞ്ഞുതേ
622 ഭ്രാന്തുണ്ടോ തോഴീ! നിനക്കിന്നിപ്പോൾ."
623 "ശാരികപ്പൈതലേ! കൈവിട്ടുപോകൊല്ല
624 ചാരത്തു പോരിങ്ങു ദൂരത്തെന്തേ?"
625 "അന്നക്കിടാവിന്നു പാൽ കൊടുക്കേണമേ
626 പിന്നെയാമെന്നാലിടങ്ങേറുണ്ടാം."
627 "കോകിലപാതകം കുകുന്നുതില്ലേതും
628 കോഴയായ് നിന്നു പൈയിച്ചല്ലല്ലീ."
629 "ഏണത്തിമ്പൈതലെ ക്ഷീണമാക്കൊല്ലാതെ
630 വേണുന്നതെല്ലാം കൊടുത്തായല്ലീ?"
631 "കേകിക്കിടാവിനെക്കൂടിയെടുത്തുകൊൾ
632 കൂകി നിൻ പിന്നാലെ വന്നതു കാ."
633 തങ്ങളിലിങ്ങനെ നിന്നു പറഞ്ഞോരോ
634 ഭംഗികലർന്നുള്ളൊരംഗനമാർ
635 വ്യോമത്തിലീടിന യാനത്തിന്മേലേറി
636 പ്പോകത്തുടങ്ങിനാർ വേഗത്താലേ.
637 വാനവരെല്ലാരും വാനിലേ മാതരും
638 വാനവർകോൻതന്നോടൊത്തുകൂടി
639 ലീലകൾകൊണ്ടു കളിച്ചു പുളച്ചോരോ
640 മേളം കലർന്നങ്ങു പോകുന്നേരം
641 ദൂരത്തുനിന്നു വരുന്നതു കാണായി
642 നാരദനാമവാൻ നന്മുനിയെ.
643 നാരായണാ! കൃഷ്ണാ! എന്നു തുടങ്ങിന
644 നാമങ്ങളോരോന്നേ പാടിപ്പാടി
645 ചാരത്തു ചെന്നിട്ടു ചോദിച്ചനേരത്തു
646 നാരദൻ ചൊല്ലിനാരെല്ലാരോടും:
647 "വല്ലവീവല്ലഭൻ വല്ലവിമാരുമായ്
648 അല്ലൽ കളഞ്ഞു കളിക്കുന്നോന്താൻ.
649 എന്നതു നിങ്ങളോടിങ്ങനെ ചൊല്ലുവാൻ
650 ഏറ്റമുഴറ്റോടു വന്നുതിപ്പോൾ
651 കൈലാസവാസിയും മാമലപ്പെണ്ണുമായ്
652 ലീലകലർന്നിതാ പോയിതിപ്പോൾ.
653 മംഗലനായൊരു പങ്കജയോനിയും
654 മാമുനിമാരുമായ് വന്നു കണ്ടാൻ
655 നാമിനിയെല്ലാരും കാലത്തെപ്പാരാതെ
656 നാഥനുള്ളേടത്തു പോകവേണം."
657 നാരദനിങ്ങനെ ചൊന്നതു കേട്ടുള്ള
658 വാനവരെല്ലാരും പോകുന്നേരം
659 കല്പകപ്പൂമണംതന്നെയും വെന്നുനി
660 ന്നത്ഭുതമായൊരു തെന്നൽ വന്നു.
661 പാച്ചൽ തുടങ്ങിന വാനവരെന്നപ്പോൾ
662 ആശ്ചര്യമാണ്ടുടൻ നിന്നെല്ലാരും
663 നാരദന്തന്നോടു പാരാതെ ചോദിച്ചാർ
664 വാരാളും തെന്നൽതൻ കാരണത്തെ.
665 "ഇങ്ങനെയുള്ളൊരു തെന്നലേയെങ്ങൾ പ
666 ണ്ടെന്നുമൊരേടത്തു കണ്ടുതില്ലേ.
667 നന്ദനംതന്നിൽ കളിക്കുന്ന നേരത്തു
668 സുന്ദരിമാരോടു കൂടിച്ചെമ്മെ
669 താമരപ്പൊയ്കയിൽ ചെന്നങ്ങിറങ്ങീട്ടു
670 താർമധു മെല്ലവേ കൊണ്ടുകൊണ്ട്
671 ചൊല്പെറ്റു നിന്നൊരു കല്പകശാഖികൾ
672 പുഷ്പങ്ങൾതോറും കളിച്ചു പിന്നെ
673 വാമവിലോചനമാരുടെ കൊങ്കയിൽ
674 വാർമെത്തും ചന്ദനച്ചാറ്റിൽ നീന്തി
675 വാരണവീരൻകവിൾത്തടംതന്നിലേ
676 ചേരും മദാംഭസ്സിൽ മുങ്ങി മുങ്ങി
677 മന്ദമായ് വന്നൊരു തെന്നലുമിങ്ങനെ
678 യെന്നുമേയെങ്ങളോ കണ്ടുതില്ലേ."
679 ശോഭകലർന്നൊരു നാരദൻ ചൊല്ലിനാൻ
680 ചോദിച്ച വാനവരെല്ലാരോടും:
681 "ആനായർകോനും തൻ മാനിനിമാരുമായ്
682 ആനന്ദംപൂണ്ടു കളിക്കുന്നേരം
683 ആയർകോന്തന്നുടെ പൂവൽമെയ്തന്നിലേ
684 തൂവിയർപ്പുണ്ടായി മേവിതല്ലോ.
685 തൂവിയർപ്പീടിന പൂമേനിതന്നിലേ
686 താവി വരുന്നൊരു തെന്നലിവൻ
687 എന്നതുകൊണ്ടല്ലോ മറ്റുള്ള തെന്നലേ
688 വെന്നുള്ള വെണ്മയിവന്നുണ്ടായി.
689 "കാർതൊഴുംവേണിമാരോടു കലർന്നുടൻ
690 കാർമുകിൽവർണ്ണൻ കളിക്കുന്നോനേ"
691 എന്നതു നമ്മോടു ചൊല്ലുവാനായ്ക്കൊണ്ടു
692 വന്നുതാനിങ്ങിവനെന്നു തോന്നും."
693 നാരദനിങ്ങനെ ചൊന്നൊരു നേരത്തു
694 വാനവരെല്ലാരും വിസ്മയിച്ചാർ.
695 നേരറ്റുനിന്നൊരു ഗാനത്തെക്കേൾക്കായി
696 ദൂരത്തുനിന്നുടനെന്നനേരം.
697 കാൽച്ചിലമ്പൊച്ചയും കേട്ടൊരു നേരത്തു
698 പാച്ചൽ തുടങ്ങിനാരെല്ലാരുമേ.
699 ആനായർനാഥൻ കളിക്കുന്നതിന്മീതെ
700 വാനവരെല്ലാരും ചെന്നു നിന്നാർ
701 വല്ലവിമാരുടെ പുണ്യമായുള്ളൊരു
702 വല്ലരി കാച്ചൊരു നൽഫലത്തെ
703 മെല്ലവേ നിന്നുടൻ ചൊല്ലേറും വാനവർ
704 എല്ലാരുമേ കണ്ടാർ കകുളുർക്കെ.
705 ഓലക്കമാണ്ടുള്ള മാണിക്കക്കൽകളിൽ
706 നീലക്കൽ നിന്നു വിളങ്ങുംപോലെ
707 ഈരണ്ടുപാടുമങ്ങോരോരോ നാരിമാർ
708 വാരുറ്റു നിന്നു തൻ കൈ പിടിച്ചാർ.
709 മുറ്റെ നിന്നുള്ളൊരു തൂവിയർപ്പേന്തിന
710 നെറ്റിമേൽ പറ്റവേ കുന്തളങ്ങൾ
711 കോലക്കുഴൽതന്നെ മേളത്തിലൂതി നൽ
712 ത്താളത്തിൽ ചേർത്തുടൻ മെല്ലെ മെല്ലെ
713 കല്ലുകളെല്ലാമലിഞ്ഞു വരുംവണ്ണം
714 വല്ലവിമാരുമായ് പാടിപ്പാടി
715 നാഥനായുള്ളൊരു പൂതനവൈരിതാൻ
716 നൂതനലീലകൾ കോലുന്നേരം
717 വാനവരെല്ലാരും വാനിലെപ്പൂവെല്ലാം
718 മേനിയിൽ തൂകിനാർ മെല്ലെ മെല്ലെ.
719 വാരുറ്റുലാവിന ഭേരികളെല്ലാമേ
720 പാരിച്ചുനിന്നുടനൊച്ചകൊണ്ടു
721 കൊമ്പുകൾ കാളങ്ങൾ ശംഖുകൾ ചിഹ്നങ്ങൾ
722 വൻപിൽ മുനന്നു തുടങ്ങീതപ്പോൾ.
723 ലാവണ്യമാണ്ടുള്ള ലാസികമാരെല്ലാം
724 ലാളിച്ചു ലാസ്യം തുടങ്ങിനാരേ.
725 ബന്ധുരന്മാരായ ഗന്ധർവന്മാരെല്ലാം
726 ചന്തമായ്പാടിനാരാടുംനേരം
727 മാമുനിമാരെല്ലാം നാന്മുഖനോടൊത്തു
728 സാമത്തിൻ ഗാനത്തെച്ചെയ്താരപ്പോൾ
729 വന്ദികളെല്ലാരും വാഴ്ത്തിത്തുടങ്ങിനാർ
730 നന്ദതനൂജനെപ്പിന്നെപ്പിന്നെ.
731 സൂതന്മാർ മാഗധർ ചാരണർ കിന്നരർ
732 നൂതനമായിപ്പുകണ്ണുനിന്നാർ.
733 പൂത്തൂകിനിന്നുള്ള വാനവരെല്ലാർക്കും
734 പൂർത്തിയായില്ലേതും കണ്ടുതോറും.
735 വിണ്ണവർനായകനിങ്ങനെ ചൊല്ലിനാൻ
736 കണ്ണന്റെ കാന്തിയെക്കണ്ടനേരം:
737 "ആയിരം കണ്ണെനിക്കുണ്ടായതോർക്കുമ്പോൾ
738 ആയതിയായ്‌വന്നു ചൊല്ലാമിപ്പോൾ."
739 വാനവർകോൻതന്റെ കാമിനിയായൊരു
740 മാനിനിതാനും മറ്റുള്ളോരെല്ലാം
741 മാധവൻതന്നുടെ കാന്തിയെക്കണ്ടപ്പോൾ
742 മാരമാലാണ്ടുടൻ മാഴ്കിനിന്നാർ.
743 ഓരോരോ നാരിയെപ്പുണുന്നതെല്ലാമേ
744 ചാരത്തുനിന്നുടൻ കണ്ടതോറും
745 പാരമായ് വന്നുതേ മാരമാലുള്ളത്തിൽ
746 ഓരോരോ വാനവനാരിമാർക്കോ.
747 കാമന്റെ കോമരമായി വിളങ്ങുന്ന
748 വാമവിലോചനമാരെല്ലാരും
749 കാർവർണ്ണന്തങ്കളി കാണുമ്പൊഴിങ്ങനെ
750 കാമം പൊഴിഞ്ഞു പറഞ്ഞുനിന്നാർ:
751 "വല്ലവിമാരുടെ പുണ്യവിലാസത്തെ
752 വല്ലീലയല്ലോ നാം പൂണ്ടുകൊൾവാൻ
753 ഇണ്ടൽ തിരണ്ടു നിന്നെന്നതുകൊണ്ടല്ലൊ
754 കണ്ടു കൊതിക്കുമാറായിതിപ്പോൾ.
755 പങ്കജലോചനൻ തങ്കരംകൊണ്ടൊരു
756 മങ്കമുഖംതന്നിൽ മെല്ലെ മെല്ലെ
757 സ്വേദങ്ങൾ പോമ്മാറു നിന്നു തലോടീട്ടു
758 ഖേദങ്ങൾ തീർത്തതു കണ്ടായോ നീ?"
759 "കണ്ടേനേ കണ്ടേനേ കകുളുർക്കുംവണ്ണം
760 ഇണ്ടലാകുന്നുതേ കണ്ടതോറും"
761 "മറ്റൊരു മാനിനിതന്മുഖംതന്നിൽ തൻ
762 കുറ്റമകന്ന മുഖത്തെ വച്ച്
763 പാതി മെതിഞ്ഞൊരു താംബൂലം തന്നുടെ
764 വാകൊണ്ടു നല്കിനാൻ കണ്ടായോ നീ?"
765 "കൊല്ലാതെ കൊല്ലാതെ തോഴി നീയെങ്ങളെ
766 ക്കണ്ടാലിതേതും പൊറുക്കരുതേ."
767 "നൃത്തം കൊണ്ടേറ്റം തളർന്നൊരു നാരിതാൻ
768 പൊൽത്താരിൽമാതുതൻ കാന്തനുടെ
769 തോളിൽ മുഖംവച്ചു നിന്നതു കാണുമ്പോൾ
770 ഓളമെടുക്കുന്നൂതെന്നുള്ളിലേ."
771 "ചാരത്തു നിന്നൊരു മാനിനിതന്നുടെ
772 നേരറ്റ കുന്തളം ചീന്തിച്ചീന്തി
773 വെണ്മ തിരണ്ടൊരു നന്മുഖംതന്നിലേ
774 ചുംബിച്ചുനിന്നതു കാക തോഴീ!"
775 "ചാലത്തളന്നൊരു മാനിനിതന്നുടെ
776 ബാലപ്പോർകൊങ്ക തലോടിപ്പിന്നെ
777 മേളത്തിൽനിന്നൊരു രോമാളിതന്നുടെ
778 മൂലത്തെത്തേടുന്ന കൈ കണ്ടായോ?"
779 "ആലസ്യമാണ്ടൊരു മാനിനിതന്നെത്തൻ
780 മാറത്തുചേർത്തുകൊണ്ടാസ്ഥയോടെ
781 ചേലത്തലകൊണ്ടുമെല്ലവേ വീതുവീ
782 താലസ്യം പോക്കിനതുണ്ടോ കണ്ടു?"
783 "കോമളനായൊരു കാർമുകിൽവർണ്ണന്തൻ
784 വായ്മലർതേനുണ്ടു മെല്ലെ മെല്ലെ
785 തന്നെ മറന്നു കിടന്നതു കണ്ടാലും
786 ധന്യയായുള്ളൊരു വല്ലവിതാൻ."
787 "ചാരത്തുനിന്നൊരു മാനിനി മാധവൻ
788 മാറു തന്മാറിലേ ചേർത്തു ചെമ്മേ
789 മാനിച്ചു മാനിച്ചു മാപാപി പൂണ്ടുനി
790 ന്നാനന്ദയായതു കണ്ടായോ നീ?"
791 "മാധവൻതന്നുടെ മാറത്തു കണ്ടാലും
792 മാനിനിതന്മുലക്കുങ്കുമത്തേ
793 വല്ലവിമാർമൂലമുള്ളിലേ രാഗന്താൻ
794 മെല്ലെപ്പുറത്തു പരന്നപോലെ."
795 വാനിലെ നാരിനാർ തങ്ങളിലോരോരോ
796 വാർത്തകളിങ്ങനെ ചൊല്ലുന്നേരം
797 വാസവനന്മണിനേരൊത്ത നാഥനും
798 രാസമായുള്ളൊരു ലീലതന്നെ
799 മാനിച്ചുനിന്നു കളിച്ചു ചിരംനേരം
800 മാതരുമായിത്തളർന്നുനിന്നാൻ.
801 ചൂഴവും മാനിനിമാരുമായന്നേരം
802 പാഴറ്റ ഭൂതലം ചേർന്നിരുന്നു
803 ചാല വിളങ്ങിന താരകജാലങ്ങൾ
804 ചൂഴും വിളങ്ങിന തിങ്കൾപോലെ.
805 കാളിന്ദിതന്നുടെ ദൂതനായുള്ളൊരു
806 വാർതെന്നൽ വന്നുടനെന്നനേരം
807 "സ്വേദങ്ങളാണ്ടൊരു നിങ്ങളെന്തിങ്ങനെ
808 ഖേദങ്ങളാണ്ടിങ്ങുനിന്നുകൊണ്ടു
809 നേരറ്റു നിന്നൊരു കാളിന്ദിതന്നെയി
810 ച്ചാരത്തു നിന്നതറിഞ്ഞില്ലയോ?"
811 എന്നങ്ങു ചൊല്ലുന്നോനെന്നകണക്കേതാൻ
812 മന്ദമായ് ചെന്നു തലോടിനിന്നാൻ
813 വാർതെന്നലേറ്റൊരു നേരത്തന്നാരിമാർ
814 കാർവർണ്ണനോടൊത്തു മെല്ലെമെല്ലെ
815 "കാളിന്ദിതന്നിലിറങ്ങിക്കളിക്കേണം
816 മേളം കലർന്നുനാ"മെന്നു ചൊല്ലി.
817 പോകത്തുടങ്ങിനാർ പോർകൊങ്ക ചീർത്തിട്ടു
818 മാഴ്കുന്ന മല്ലിടയോടുംകൂടി.
819 തീരത്തുനിന്നൊരുനേരത്തു കാണായി
820 വാരുറ്റ കാളിന്ദിതന്നെച്ചെമ്മേ
821 കാളിമകൊണ്ടുടൻ കൂടിപ്പിറന്നൊരു
822 കാലനെത്തന്നെയും വെന്നു നിന്നോൾ.
823 നീലക്കരിങ്കണ്ടിയായൊരു കൂന്തലും
824 നീളെ വിരിച്ചു ചമച്ചു ചെമ്മെ.
825 സന്തതം പൂമധുവുണ്ടൊരു വണ്ടായ
826 കുന്തളംകൊണ്ടു വിളങ്ങിനിന്നോൾ.
827 വീചികളാകിന ചില്ലികൾ തന്നുടെ
828 ലീലകൾ ചാലക്കലർന്നു നിന്നോൾ.
829 ചാടുന്ന മീനങ്ങളായൊരു കണ്മിഴി
830 ചാലേ മഴറ്റിയെറിഞ്ഞു ചെമ്മെ.
831 ഫേനങ്ങളായൊരു പുഞ്ചിരിതന്നെക്കൊ
832 ണ്ടാനന്ദമുള്ളിൽ തഴപ്പിക്കുന്നോൾ.
833 കമ്രമായ് നിന്നങ്ങു കംബുവായുള്ളൊരു
834 കണ്ഠംകൊണ്ടേറ്റം വിളങ്ങിച്ചെമ്മേ.
835 കോരകമാകിന കൊങ്കകളെക്കൊണ്ടു
836 കോമളകാന്തി കലർന്നു നിന്നോൾ.
837 ആവർത്തമായി വിളങ്ങിന നാഭികൊ
838 ണ്ടാബദ്ധകാന്തി കലർന്നുനിന്നോൾ
839 ഓളമായുള്ളൊരു ചേലയെത്തന്നെയും
840 ഒട്ടൊട്ടു മെല്ലവേ നീക്കി നീക്കി
841 തന്നിലിരുന്നു നിരന്നുടൻ കൂകുന്നൊ
842 രന്നങ്ങളായൊരു കാഞ്ചിതന്നാൽ
843 അങ്കിതമായ മണൽത്തിട്ടയാകിനോ
844 രൽക്കിടമൊട്ടൊട്ടു കാട്ടിക്കാട്ടി
845 സുന്ദരിയായിട്ടു നിന്നു വിളങ്ങിനാൾ
846 നന്ദതനൂജൻതൻ മുന്നൽച്ചെമ്മേ.
847 കാളിന്ദിതന്നുടെ കാന്തിയെക്കണ്ടപ്പോൾ
848 കാർമുകിൽവർണ്ണന്തന്നുള്ളിൽ ചെമ്മേ,
849 "ഇന്നിവൾ തന്നിലേ മഗ്നനായ് നിന്നു ഞാൻ
850 നന്നായ് രമിക്കേണ"മെന്നു തോന്നി.
851 ശോഭ കലർന്നുള്ള ഗോപികമാരെല്ലാം
852 ഗോവിന്ദന്തന്മുഖം നോക്കിപ്പിന്നെ
853 ഓടിച്ചെന്നെല്ലാരും കേടറ്റ വെള്ളത്തിൽ
854 ചാടിത്തുടങ്ങിനാർ ചൂടു പോവാൻ.
855 നീന്തിത്തുടങ്ങിനാർ താന്തമാരായുള്ള
856 കാന്തമാരെല്ലാരും കാന്തനുമായ്.
857 പാരിച്ച വെള്ളത്തിൻ കീഴേ പോയെല്ലാരും
858 ദൂരത്തു ചെന്നു നികന്നുടനെ.
859 തേകിത്തുടങ്ങിനാർ തങ്ങളിലെല്ലാരും
860 മാഴ്കിത്തുടങ്ങിനാർ കൈ തളർന്നു.
861 "എന്നെത്തൊടൊല്ലാ നീ"യെന്നങ്ങു തങ്ങളിൽ
862 ഒന്നൊത്തു നീന്തിനാർ നീളെ നീളെ.
863 ആഴമുള്ളേടമറിഞ്ഞങ്ങു മുങ്ങീട്ടു
864 പൂഴിയും വാരി നികന്നു പിന്നെ.
865 നീടുറ്റ നാരിനാർ കണ്ണനോടൊന്നൊത്തു
866 കൂടിക്കലർന്നു കളിക്കുന്നേരം
867 മാറത്തു ചാടേണമെന്നങ്ങു തങ്ങളിൽ
868 വീരത്വമാണ്ടു പറഞ്ഞു ചെമ്മെ.
869 ഏടത്താർമാനിനി ഗുഢം വസിക്കുന്ന
870 നീടുറ്റ മാറിലമ്മാതരെല്ലാം
871 ഓടിച്ചെന്നമ്പോടു ചാടിത്തുടങ്ങിനാർ
872 കേടറ്റ രാഗം തഴയ്ക്കയാലേ.
873 കണ്ണനു ചാടുവാൻ മാറിടം കാട്ടീട്ടു
874 നിന്നു വിളങ്ങിനാർ നാരിമാരും.
875 ഈരേഴു ലോകങ്ങളൊക്കെച്ചുമന്നോന
876 മ്മാറിടംതന്നിലേ ചാടുംനേരം
877 നല്ലൊരു നന്മേനിതന്നുടെ പൂവപ്പോൾ
878 മെല്ലവേ വീണുതായെന്നു തോന്നി.
879 വാർകൊണ്ട വീചികളോരോന്നേ ചെന്നിട്ടു
880 പോർകൊങ്ക തന്നിലലയ്ക്കുന്നേരം
881 തങ്കൽ കലങ്ങിന കുങ്കുമച്ചാറുകൊ
882 ണ്ടങ്കിതമായൊരു നേരത്തപ്പോൾ
883 ശോണമായുള്ളൊരു ശോണമെന്നിങ്ങനെ
884 കാണുന്നോരെല്ലാർക്കും തോന്നിച്ചെമ്മേ.
885 കണ്മിഴിതന്നിലണിഞ്ഞുള്ളോരഞ്ജനം
886 ചെമ്മേ കലങ്ങിച്ചമഞ്ഞനേരം
887 പണ്ടേതിലേറിന കാളിമ പിന്നെയും
888 ഉണ്ടായി വന്നുതേ കണ്ടിരിക്കെ.
889 കാർമുകിൽവർണ്ണന്താൻ മുങ്ങിന നേരത്തു
890 കാമിനിമാർക്കു കവിൾത്തടത്തിൽ
891 തൂമ കലർന്നൊരു പുഞ്ചിരി മിന്നീട്ടു
892 കോൾമയിർക്കൊണ്ടുടൻ കാണായപ്പോൾ
893 ആണ്മ പറഞ്ഞുടനേ ചിലരന്നേരം
894 മേന്മേലേ നീന്തിത്തളർന്നുടനേ
895 നീൾക്കണ്ണാരെല്ലാരും നിന്നു വിളങ്ങിനാർ
896 ആകണ്ഠമായൊരു തോയംതന്നിൽ.
897 വണ്ടിണ്ടയെല്ലാമന്നാരിമാർനന്മുഖം
898 കണ്ടൊരു നേരത്തു വാരിതന്നിൽ
899 താമരപ്പൂക്കൾ വിരിഞ്ഞുതെന്നോർത്തിട്ടു
900 താർമധുതന്നെ വെടിഞ്ഞു ചെമ്മെ.
901 ചാല വിളങ്ങിയുള്ളാനനമോരോന്നിൽ
902 ചാടിത്തുടങ്ങിതേ പാടിപ്പാടി
903 തോയത്തിലീടിന ലീലകളോരോന്നേ
904 മായംകളഞ്ഞു കളിച്ചു പിന്നെ
905 ആയർകോൻതാനുമന്നാരിമാരെല്ലാരും
906 തോയത്തിൽനിന്നങ്ങു തീരത്തായാർ.
907 ചാരുവായുള്ളൊരു കൈത്തണ്ടമീതേ തൻ
908 നീരോലും കൂന്തലും ചേർത്തു ചെമ്മെ
909 ഈഷൽ കിഴിഞ്ഞൊരു നീവിയെത്തന്നെയും
910 ഊഷത്വമാകാതെ താങ്ങിത്താങ്ങി
911 മന്ദമായ്പോയങ്ങു നിന്നു വിളങ്ങിനാർ
912 നന്ദജന്തന്നുടെ സുന്ദരിമാർ.
913 ഹംസങ്ങളോടു പിണങ്ങേണ്ട നാമെന്ന
914 സംസാരമോർത്തല്ലോ നൂപുരങ്ങൾ
915 ഏതുമേ മിണ്ടാതെ നിന്നുതന്നേരത്ത
916 പ്പാഥോജലോചനമാർ പോകുമ്പോൾ
917 നേർത്തുള്ള ചേലകളാർദ്രങ്ങളായപ്പോൾ
918 ചീർത്തുള്ളൊരൽക്കിടം കാണായ്വന്നു.
919 എന്നതുകൊണ്ടുള്ള നാണത്തെപ്പൂണ്ടല്ലീ
920 ഏതുമേ മിണ്ടാഞ്ഞു കാഞ്ചിയപ്പോൾ?
921 വല്ലവിമാരെല്ലാം വെള്ളത്തിൽനിന്നുടൻ
922 മെല്ലെക്കരയേറി നിന്നനേരം
923 ചാരുവായുള്ളൊരു പാരിജാതം വന്നു
924 നാരിമാരെല്ലാർക്കും കൂറ നല്കി.
925 കുറ്റമകന്നുള്ള കൂറകളോരോന്നേ
926 തെറ്റെന്നു വാങ്ങിനാർ വല്ലവിമാർ.
927 നേരറ്റ കൂറകളോരോന്നേ നാരിമാർ
928 വാരുറ്റു നിന്നുടൻ ചാർത്തുംനേരം
929 കാർമുകിൽവർണ്ണൻതൻ കണ്മുനതാനപ്പോൾ
930 പാരം തളർന്നുതേ പാഞ്ഞു പാഞ്ഞ്.
931 കസ്തൂരി ഗോരോചനാദികൾ ചന്ദനം
932 കർപ്പൂരം കൂട്ടിയരച്ചു ചെമ്മെ
933 വ്യോമത്തിൽനിന്നുടൻ വന്നതു കാണായി
934 വാർമെത്തും ഭാജനമോരോന്നിലേ.
935 മാലതികൊണ്ടു തൊടുത്തുള്ള മാലകൾ
936 ചാല വരുന്നതും കാണായപ്പോൾ
937 വെണ്മ കലർന്നു വിളർത്തു ചമഞ്ഞുള്ള
938 താംബുലജാലവും വന്നുതായി.
939 കാമ്യങ്ങളായുള്ളതെല്ലാമെ പിന്നെയും
940 കാണ്മാറു മേന്മേലേ വന്നുതായി.
941 ചൊല്ലിയന്നുള്ളൊരു വല്ലവിമാരെല്ലാം
942 നല്ലൊരു ഭൂഷണമാണ്ടാരപ്പോൾ.
943 ശൃംഗാരംതന്നുടെ രംഗമായ് നിന്നൊരു
944 മംഗലപ്പൂങ്കാവിൽ പുക്കു പിന്നെ
945 ഭംഗിയിൽ മേവിനാരംഗനമാരെല്ലാം
946 പങ്കജലോചനനോടുംകൂടി
947 വട്ടമിട്ടെല്ലാരും മട്ടോലുംവാണിമാർ
948 ഇഷ്ടമായ്മെല്ലെന്നിരുന്നനേരം
949 പൂങ്കാവുതന്നുടെ കാന്തിയെക്കണ്ടിട്ടു
950 പൂതനവൈരിതാൻ ചൊന്നാനപ്പോൾ:
951 "രാവെന്നു ചൊല്ലുകിൽ പോരായ്മയില്ലേതും
952 കാവായി നില്ക്കുമിക്കാനനത്തെ,
953 തിങ്ങിവിളങ്ങിന പാദപജാലംകൊ
954 ണ്ടെങ്ങുമേ പൊങ്ങിയുണ്ടന്ധകാരം.
955 ചാലേ വിരിഞ്ഞുള്ള പൂവുകളാകിന
956 താരകജാലവുമുണ്ടു ചെമ്മെ
957 തൂമകലർന്നുള്ള പൂമകരന്ദമാം
958 കോമളമഞ്ഞുനീർ വീണുമുണ്ട്.
959 ദുഃഖമായുള്ളൊരു പുഷ്ക്കരവല്ലഭൻ
960 മുറ്റുമിതിൽത്തന്നെയസ്തമിച്ചു.
961 ചേണുറ്റ നിങ്ങൾതന്നാനനമാകുന്നൊ
962 രേണാങ്കബിബംങ്ങളുണ്ടുതല്ലോ.
963 മേന്മതിരണ്ടൊരിപ്പൂങ്കാവിൽനിന്നിപ്പോൾ
964 മേദുരയായൊരു രാത്രിയെക്കാ!"
965 വാഴ്ത്തിനാനിങ്ങനെ വാർത്താരിൽമാതുതാൻ
966 ആസ്ഥയിൽ പൂണുന്ന മാറുടയോൻ.
967 വല്ലവിമാരുടെ നന്മുഖംതന്നിലേ
968 മെല്ലവേ നോക്കിനിന്നൊട്ടുനേരം
969 വാഴ്ത്തിനിന്നുള്ളൊരു വാർത്തയെച്ചൊല്ലിനാൻ
970 പാർത്ഥനു സാരഥിയാകും വീരൻ:
971 "വൃന്ദാവനംതന്നെ വെന്നങ്ങു നിന്നുതേ
972 സുന്ദരമായൊരു നിങ്ങൾമുഖം.
973 ചില്ലികളാകിന വല്ലരിജാലങ്ങൾ
974 ഉല്ലസിച്ചിങ്ങിതാ കാണാകുന്നു.
975 ചോരിവായായുള്ള പല്ലവംതന്നെയും
976 നേരേ നിറന്നൊണ്ടു കാണാകുന്നു
977 തഞ്ചിയിരുന്നൊരു പുഞ്ചിരിയാകുന്നൊ
978 രഞ്ചിതമുല്ലതൻ പൂവുമുണ്ട്.
979 കൊഞ്ചലായുള്ളൊരു കോകിലംതന്നുടെ
980 പഞ്ചമരാഗവുമുണ്ടു ചെമ്മെ.
981 കുന്തളമാകിന വണ്ടിങ്കുലങ്ങളും
982 ചന്തമായ് നിന്നു കളിച്ചുണ്ടല്ലൊ.
983 ദന്തങ്ങൾതന്നുടെ പന്തികളായുള്ള
984 സുന്ദരകുന്ദംതൻ മൊട്ടുണ്ടല്ലൊ
985 ശ്വാസമായുള്ളൊരു വാതവും മന്ദമായ്
986 വീതുതുടർന്നുള്ളോനെപ്പൊഴുതും
987 മേചകവേണിയാം കേകികൾതന്നുടെ
988 പീലികൾ നീളത്തിൽ ചാരത്തുണ്ടേ.
989 മേദുരയായൊരു ഛായയുണ്ടിങ്ങിതിൽ
990 പാദപമൊന്നോടുംകൂടാതെതാൻ."
991 മംഗലനായൊരു പങ്കജലോചനൻ
992 ഇങ്ങനെ ചൊന്നുടൻ നിന്നനേരം
993 നാരിമാരെല്ലാർക്കും നല്ലൊരു പുഞ്ചിരി
994 ചോരിവാമീതേ പരന്നുതപ്പോൾ
995 വിദ്രുമവേദിക തന്നുടെ മീതേ നൽ
996 പുത്തൻനിലാവു പരന്നപോലെ.
997 പുഞ്ചിരി കണ്ടൊരു നേരത്തു ചൊല്ലിനാൻ
998 അഞ്ചനവർണ്ണന്താൻ കൊഞ്ചിക്കൊഞ്ചി:
999 "പുഞ്ചിരിയായൊരു പൂവിതാ കാണായി
1000 ചെഞ്ചെമ്മെ ചോരിവാച്ചെന്തളിർമേൽ
1001 അത്ഭുതമിന്നിതു തൽഫലം കണ്ടാലും
1002 കല്ക്കണ്ണിലായതു മങ്കമാരേ !
1003 ഇങ്ങനെ ചൊന്നുടൻ പിന്നെയും ചൊല്ലിനാൻ
1004 നല്ലൊരു ചോരിവാതന്നെ നോക്കി :
1005 "ചാലച്ചുവന്നൊരു തൊണ്ടിപ്പഴം തന്നെ
1006 ച്ചാരത്തുനിന്നതു കണ്ടു ചെമ്മേ
1007 പാഴനായുള്ളൊരിളങ്കിളി കണ്ടാലും
1008 ചൂഴവും നോക്കിത്തുടങ്ങിനാനേ.
1009 പെട്ടെന്നു വന്നിതു കൊത്തുന്നുതുണ്ടിപ്പോൾ
1010 ഇഷ്ടമായുള്ളതവന്നിതല്ലൊ."
1011 നിന്നൊരു നാരിമാരെന്നതു കേട്ടപ്പോൾ
1012 നന്ദതനൂജന്മുഖത്തെ നോക്കി
1013 ലജ്ജപൂണ്ടീടിനോരാനനം താഴ്ത്തിനി
1014 ന്നിച്ഛയിലെല്ലാരും മെല്ലെച്ചൊന്നാർ :
1015 "മുല്ലകൾ കണ്ടാലും നല്ലൊരു തേനപൊഴി
1016 ഞ്ഞുല്ലസിച്ചുള്ളൊരു പൂവുതന്നേ
1017 മറ്റൊരു വണ്ടിന്നു നല്കാതെ നിന്നു ത
1018 ന്നുറ്റോരു വണ്ടിനെപ്പാത്തർതിപ്പോൾ."
1019 ഇങ്ങനെ ചൊല്ലുമ്പൊളംഗജൻചൊല്ലാലെ
1020 കണ്മുന തങ്ങളിൽ കൈപിടിച്ചു
1021 ലജ്ജതാൻ ചെന്നു ചെറുത്തുതുടങ്ങിനാൾ;
1022 പിച്ചയായ് വന്നിതത്തായമൊട്ടോ?
1023 പങ്കജനേർമുഖിമാരുടെ കൊങ്കക
1024 ളമ്പോടു പിന്നെത്തലോടുംനേരം
1025 വെണ്ണ കവരുവാൻ മുന്നമുറിതന്നിൽ
1026 മെല്ലവേ ചെല്ലുന്ന കൈതാനപ്പോൾ
1027 നീവിതൻ ചാരത്തങ്ങാരുമേ കാണാതെ
1028 മേവിത്തുടങ്ങീതു മെല്ലെമെല്ല;
1029 നല്ലാർതൻ മെയ്യിലെഴുന്നുള്ള രോമങ്ങൾ
1030 ചൊല്ലിത്തുടങ്ങീതങ്ങെല്ലാരോടും
1031 പയ്യവേ നിന്നൊരു നീവിതാനന്നേരം
1032 കൈയുടെ വേലയെപ്പോക്കിച്ചെമ്മേ.
1033 കൂറുകൾ വാരിപ്പണ്ടോടിയൊളിച്ചനാൾ
1034 ദാഹം കെടാഞ്ഞൊരു കണ്ണിണതാൻ
1035 പൂരിച്ചു തന്നുടെ പാരിച്ച വാഞ്ഛിതം
1036 പാരം കളിച്ചു പുളച്ചുതപ്പോൾ
1037 പൂവില്ലോന്തന്നുടെ പൂവില്ലെടുത്തുടൻ
1038 ചേവകം കാട്ടിനാനായവണ്ണം.
1039 കൂരമ്പുകൊണ്ടയ്ത താരമ്പന്തന്നോടു
1040 പാരംപിണഞ്ഞൊരു വൈരമപ്പോൾ
1041 പീയുഷമായ് വന്നു കാമിനിമാർക്കെല്ലാം
1042 കായാവിൻനേരൊത്തകണ്ണൻമൂലം.
1043 വല്ലവിമാരോളമെണ്ണമുണ്ടാമ്മാറു
1044 മെല്ലവെ തന്നെപ്പകുത്തു പിന്നെ
1045 ഹേമന്തകാലത്തു ദേവിയെപ്പൂജിച്ചു
1046 കാമം തഴച്ചുള്ള കാമിനിമാർ
1047 കാമിച്ചതെല്ലാമെ കാണി കുറയാതെ
1048 കാമൻറെ മുമ്പിലേ നല്കിനാൻതാൻ.
1049 മാനിനിമാരെപ്പോളാനംഗമായുള്ളൊ
1050 രാനന്ദവാരിയിൽ മുങ്ങുകയാൽ
1051 നിന്നൊരു ദേശവും വന്നൊരു വേലയും
1052 തന്നെയും കൂടി മറന്നുനിന്നാർ
1053 മെയ്യോടു ചേർന്നൊരു കാന്തനെത്തന്നെയും
1054 പൊയ്യല്ലയേതും മറന്നാർ ചെമ്മെ.
1055 മാന്മഥമായൊരു കണ്മായമന്നേരം
1056 മേന്മേലെഴുന്നുതുടങ്ങീതപ്പോൾ
1057 ചേണുറ്റെഴുന്നൊരുപങ്കജംതന്മീതെ
1058 കാണായി വന്നു നൽ തൂണീരങ്ങൾ,
1059 അഞ്ചിതമായൊരു പൊല്ക്കമ്പം തന്മീതെ
1060 ചഞ്ചലമായ മണൽത്തിട്ടയും.
1061 ആകാശവുംതന്മീതേ ചന്ദനക്കുന്നിണ
1062 വേഗത്തിൽ നിന്നു കളിക്കുന്നതും.
1063 കംബുതന്നുള്ളിലെഴുന്നൊരു നാദംതാൻ
1064 ചെമ്മെ നൽ വീണതൻനാദമായി.
1065 പങ്കജംതങ്കലേ ചെന്തളിർ കാണായി
1066 പാതി വിരിഞ്ഞ കുവലയവും
1067 പൈതലായുള്ളൊരു നെയ്തൽപൂനാഥന്തൻ
1068 മീതേ കളിക്കുന്ന വണ്ടിണ്ടയും.
1069 കൂരിരുട്ടിങ്കൽനിന്നാവോളം കാണായി
1070 താരജാലകം തൂകുന്നതും
1071 ഓർക്കാവല്ലേതുമക്കണ്മായന്തന്മായം
1072 കാർക്കാലം കാണായി പാർക്കുന്നേരം
1073 കാർമുകിൽതന്നോടിണങ്ങിക്കളിക്കുന്നൊ
1074 രോമൽ വലാഹകൾ കാണായപ്പോൾ
1075 ചേണുറ്റുലാവുന്ന വീചികൾതന്നോടു
1076 ചേർന്നു കളിക്കുന്ന മീനങ്ങളും
1077 വാരുറ്റെഴുന്നൊരു നിർഝരവാരിതൻ
1078 പൂരങ്ങൾ ചേരുന്ന ശൈലങ്ങളും
1079 ലാളിത്യമാണ്ടു ചുഴന്നതു കാണായി
1080 ചേണെഴുമ്മാറുള്ള നീർച്ചുഴിയും
1081 കമ്പം കലമ്പിയുടനുടനമ്പുന്ന
1082 രംഭകൾ കോലുന്ന ലീലകളും
1083 എന്നതുതന്നെയല്ലന്നേരമുണ്ടായി
1084 പിന്നെയും ചൊല്ലാമേ കൗതൂകങ്ങൾ
1085 തിങ്കതൻ ചാരത്തു ചെല്ലുന്നതോറും നൽ
1086 പങ്കജം മേന്മേൽ വിളങ്ങിനിന്നു
1087 ചെന്തളിർ തങ്ങളിൽ ചേർന്നുതുടങ്ങീതേ
1088 ചന്തമെഴും മാറു മെല്ലെ മെല്ലെ.
1089 പുത്തനായുള്ളൊരു വിദ്രുമന്തന്മീതേ
1090 മുത്തുകൾ ചേർന്നങ്ങമിണ്ണു പിന്നെ.
1091 പങ്കജംതാൻ ചെന്നു ശംഖോടു ചേരുമ്പോൾ
1092 ശംഖിന്മേൽ കാണായി നൽ പവിഴം
1093 പങ്കജകോരകംതങ്കലേ കാണായി
1094 തിങ്കൾകിടാക്കൾതന്നങ്കുരങ്ങൾ.
1095 രംഭകൾതന്നുടെ സുന്ദരമായൊരു
1096 കന്ദത്തിൽ കാണായി തിങ്കൾതന്നെ.
1097 കണ്മായമിങ്ങനെ കാണായനേരത്തു
1098 പെണ്മൗലിമാരായ വല്ലവിമാർ
1099 തങ്ങളെക്കൈവിട്ടു ചെയ്തൊരു വേലതൻ
1100 ഭംഗികൾ ഞാനേതും ചൊല്ലവല്ലേൻ
1101 എന്തൊരു വല്ലവിമാരുടെ പൗരുഷം
1102 ചിന്തിച്ചതോറുമങ്ങത്ഭുതം താൻ.
1103 ശ്രീകണ്ഠൻതന്നുടെ കോദണ്ഡദണ്ഡമ
1104 ങ്ങാകുലമായി വിറച്ചുതല്ലൊ
1105 മേന്മകലന്നൊരു നാന്മുഖംതന്നില്ലം
1106 മേന്മേൽ മയങ്ങിച്ചമഞ്ഞുതായി
1107 നാരായണങ്കൈയിൽനിന്നെഴുമായുധം
1108 നേരേ മുനന്നു തുടങ്ങീതപ്പോൾ.
1109 നീർക്കോഴിക്കൂട്ടമിക്കേൾക്കായതെന്തന്നു
1110 നോക്കിത്തുടങ്ങീതങ്ങെല്ലാടവും
1111 അന്നക്കിടാങ്ങളും കാല്ക്കൽ കളിച്ചുടൻ
1112 ചെല്ലത്തുടങ്ങീതു മെല്ലെ മെല്ലെ.
1113 ചാരത്തു നിന്നുള്ള ശാരികപ്പൈതങ്ങൾ
1114 ചാടുക്കളോതിത്തുടങ്ങിചെമ്മെ.
1115 പാരാവതങ്ങൾക്കു പണ്ടേതിലേറ്റവും
1116 ചാരുവായ് വന്നുതേ കൂകുന്നതും
1117 മംഗലനായുള്ളൊരംഗജനന്നേരം
1118 ഒന്നഞ്ഞൂറായിരം വില്ലൊടിഞ്ഞു.
1119 ഭംഗിയിൽനിന്നൊരു സംഗരവും പിന്നെ
1120 മങ്ങിത്തുടങ്ങീതു മെല്ലെ മെല്ലെ.
1121 ചാപങ്ങളെല്ലാം തളർന്നു കുലഞ്ഞുതേ
1122 ശോണങ്ങളായ് വന്നു ബാണങ്ങളും.
1123 ചേലെത്തുമാറുള്ള നീലത്തഴകളും
1124 ചാലത്തളർന്നു വിരിഞ്ഞുതപ്പോൾ.
1125 ചേണേലും ഞാണായിനിന്നുള്ള വണ്ടിണ്ട
1126 കാണായിതന്നേരം ചിന്നുന്നതും.
1127 വാരുറ്റു നിന്നൊരു തേരുമന്നേരത്തു
1128 പാരം തളർന്നു മയങ്ങിനിന്നു.
1129 ആനന്ദവാരിയിലാണ്ണു കിടന്നുള്ളൊ
1130 രാനായനാരിമാരെന്നനേരം
1131 മെല്ലെന്നെഴുന്നു നികന്നു തുടങ്ങിനാർ
1132 അല്ലിത്താർബാണൻ വഴങ്ങുകയാൽ.
1133 ചാമ്പിക്കലങ്ങി മയങ്ങിത്തളർന്നുടൻ
1134 കൂമ്പിക്കുഞ്ഞൊരു കണ്ണിണയും
1135 നാലൊന്നിലേറ്റവും തേഞ്ഞു ചമഞ്ഞിട്ടു
1136 ചാലെ വിളർത്തൊരു ചോരിവായും
1137 വമ്പിലെഴുന്നുള്ള വീർപ്പുകളെക്കൊണ്ടു
1138 കമ്പമിയന്നുള്ള കൊങ്കകളും
1139 ഖിന്നതപൂണ്ടുള്ളൊരൽക്കിടം തന്നെയും
1140 തിണ്ണം തളർന്നുള്ള തിതുടയും
1141 ചാലദ്ധരിച്ചുടൻ നിന്നു വിളങ്ങിനാ
1142 രോലക്കമാണ്ടുള്ള ബാലികമാർ.
1143 പാർശ്വവ്രണങ്ങളിൽ പറ്റുന്ന കേശങ്ങൾ
1144 ആശ്വസിച്ചൊന്നൊന്നേ നീക്കി നീക്കി
1145 പൊട്ടിത്തെറിച്ചുള്ള ഭൂഷണജാലങ്ങൾ
1146 ഒട്ടൊട്ടു കൈക്കൊണ്ടു മെല്ലെ മെല്ലെ.
1147 തിങ്ങിയെഴുന്നൊരു നാണവും പ്രേമവും
1148 തങ്ങിന കമുനകൊണ്ടു ചെമ്മെ.
1149 കാമുകനാകിന കാർവ്വർണ്ണന്തന്മുഖം
1150 കാമിച്ചു പിന്നെയും നോക്കി നോക്കി
1151 നിന്നു വണങ്ങുന്ന കാമിനിമാർമുഖം
1152 മെല്ലവേ നോക്കി ചിരിച്ചു നന്നായ്
1153 വാരിജലോചനൻ ചൊല്ലിനാനന്നോരം
1154 വാരുറ്റ നാരിമാരെല്ലാരോടും:
1155 "അന്ത്യമായുള്ളൊരു യാമമണഞ്ഞുതേ
1156 ചിന്ത പുലമ്പുന്നുതുള്ളിലിപ്പോൾ
1157 ഇന്നിനി നമ്മിലേ ലീലകൾ നിന്നുതായ്
1158 എന്നാലിന്നിങ്ങളോ മങ്കമാരേ!
1159 അമ്പാടിതന്നിലേ വൈകാതെ പോകണം
1160 കിം ഫലമിന്നിങ്ങുനിന്നിനി നാം?
1161 കാന്തന്മാരെല്ലാരും കാണാഞ്ഞു നിങ്ങളെ
1162 താന്തന്മാരായല്ലോ മേവുന്നിപ്പോൾ."
1163 മല്ലവിലോചനനിങ്ങനെ ചൊന്നപ്പോൾ
1164 മല്ലവിലോചനമാരെല്ലാരും.
1165 കേട്ടുതില്ലേതുമേയെന്നൊരു ഭാവത്തെ
1166 ക്കാട്ടിയങ്ങെല്ലാരും നിന്നുകൊണ്ടാർ.
1167 പുഞ്ചിരിതൂകിനിന്നഞ്ചനവർണ്ണന്താൻ
1168 ചെഞ്ചെമ്മേ ചൊല്ലിനാനെന്നനേരം
1169 "നാളെയുമിങ്ങനെ കൂടിക്കലർന്നിനി
1170 മേളത്തിൽനിന്നു കളിക്കാമല്ലൊ
1171 ഇന്നിനിയൊന്നിനും വൈകല്യം വാരാതെ
1172 നിങ്ങൾ വിരഞ്ഞങ്ങു പോക നല്ലു."
1173 എന്നതു കേട്ടുള്ള വല്ലവിമാരെല്ലാ
1174 ഒന്നൊത്തുകൂടിക്കലർന്നുടനേ
1175 നാളെയെന്നിങ്ങനെ ചൊന്നതിൻ കീഴുള്ള
1176 നാഴികയെണ്ണിത്തുടങ്ങിനാരേ.
1177 എന്നതു കണ്ടപ്പോൾ പുഞ്ചിരിതൂകിനാൻ
1178 നന്ദതന്നൂജന്താൻ മെല്ലെ മെല്ലെ.
1179 ചൂതങ്ങൾതോറുമിരുന്നുള്ള കോഴികൾ
1180 ആതങ്കം പെയ്തു തുടങ്ങീതപ്പോൾ.
1181 എന്നതു കേട്ടുള്ള വല്ലവിമാരെല്ലാം
1182 ഏറിന താപമിയന്നു ചൊന്നാർ:
1183 "കോഴികളെന്തയ്യോ കാലംവരും മുമ്പേ
1184 കൂകിത്തുടങ്ങീതെൻ തോഴിമാരേ !
1185 കാട്ടിലെക്കോഴിക്കു ഞായമില്ലേതുമേ
1186 വീട്ടിലെക്കോഴിക്കേ ഞായമുള്ളു :
1187 എന്തൊരു ഞായമിപ്പാതിരാനേരത്തു
1188 സന്തതമിങ്ങനെ കൂകിനില്പാൻ ?
1189 തീക്കനൽ കൊണ്ടന്നു ചഞ്ചുപുടംതന്നിൽ
1190 ആക്കുന്നൊരാരുമങ്ങില്ലയോതാൻ? "
1191 കോഴിയോടിങ്ങനെ കോപിച്ചുനിന്നുടൻ
1192 കൂകുന്ന കോകങ്ങളോടു ചൊന്നാർ :
1193 "നിങ്ങൾക്കു നല്ലൊരു കാലമണഞ്ഞുതായ്
1194 എങ്ങളോ നിങ്ങളായ് വന്നുതിപ്പോൾ.
1195 എങ്ങൾക്കു വന്നൊരു വേദന കണ്ടല്ലീ
1196 ഇങ്ങനെ കേഴുന്നുതന്നലേ ! നീ ?
1197 തേൻ പെയ്തു നിന്നുള്ളൊരാമ്പലേ ! നീയെന്തി
1198 ന്നൂമ്പലുറഞ്ഞു തുടങ്ങീതിപ്പോൾ?
1199 നിന്നുടെ കാന്തനുന്നിന്നെ വെടിഞ്ഞാനോ
1200 എന്നുടെ കാന്തനിന്നെന്നപോലെ?
1201 വണ്ടുകളേ! എന്തു താമരപ്പൊയ്കയിൽ
1202 മണ്ടിത്തുടങ്ങുന്നൂതിപ്പൊഴേ ചൊൽ?
1203 താമരപ്പൂവു വിരിഞ്ഞു തുടങ്ങുന്ന
1204 കാലമിങ്ങേതുമണഞ്ഞുതില്ലേ,
1205 ആദിത്യദേവാ ! നിനക്കു തൊഴുന്നെങ്ങൾ
1206 വാദിച്ച ദേശമേ പൊയ്ക്കൊള്ളേണം.
1207 വൃന്ദാവനംതന്നിലിന്നെഴുന്നള്ളായ്കിൽ
1208 നന്നായിരുന്നതുമെങ്ങൾക്കിപ്പോൾ :
1209 ആനായർകോൻതൻറെ പൂമേനി ദൂരവ
1210 ച്ചാകുന്നൂതില്ലേതും പോവാനയ്യോ !
1211 സൂര്യനു സൂതനാം വീരനേ ! നിന്നോടു
1212 വേറെയുണ്ടൊന്നെങ്ങൾ ചൊല്ലുന്നിപ്പോൾ:
1213 "മാർത്താണ്ഡദേവനേ വൃന്ദാവനംതന്നിൽ
1214 ഓർത്തിട്ടുവേണമെഴുന്നള്ളിപ്പാൻ:
1215 ഗോകുലനാഥന്നു ലീല കഴിഞ്ഞീല
1216 കോപമുണ്ടാകിലാമെന്തറിവൂ?
1217 ഞങ്ങളറിഞ്ഞതു ചൊല്ലേണമല്ലൊതാൻ
1218 എന്നിട്ടു നിന്നോടു ചൊല്ലീതിപ്പോൾ."
1219 വേറുപാടോർത്തുള്ള നാരിമാരിങ്ങനെ
1220 വേദന പൂണ്ടു പറഞ്ഞു പിന്നെ :
1221 "കണ്ണനെക്കാണാതെയുണ്ടോ പൊറുക്കാവൂ
1222 കണ്ണിനെന്നുള്ളതു പാർക്കണം നാം"
1223 എന്നങ്ങുതങ്ങളിൽക്കൂടിപ്പറഞ്ഞിട്ടു
1224 കണ്ണുമടച്ചു നുറുങ്ങു നിന്നാർ.
1225 ഗർഭത്തിൽ നൂണുള്ള വേദനയന്നേരം
1226 അല്പമായ് വന്നിതവർക്കു ചെമ്മേ
1227 "ആയിരം നാളുണ്ടു കണ്ണനെക്കാണാതെ
1228 യായിച്ചമഞ്ഞു നാം" എന്നപോലെ
1229 കണ്ണു തുറന്നുടൻ കണ്ണനേ നോക്കിനാർ
1230 തിണ്ണമെഴുന്നൊരു കൗതുകത്താൽ.
1231 "പോവതിന്നേതുമേ വൈകൊല്ലാ നിങ്ങളെ
1232 ന്നീവണ്ണം ചൊല്ലുന്നൂതെന്നപോലെ
1233 വൃക്ഷങ്ങൾചേർന്നുള്ള പക്ഷിഗണങ്ങളും
1234 അക്ഷണം കൂകിത്തുടങ്ങി ചെമ്മേ;
1235 വല്ലവിമാരെല്ലാമെന്നതു കേട്ടപ്പോൾ
1236 വല്ലാതെ നിന്നു നുറുങ്ങുനേരം
1237 പോവതിനായിത്തുനിഞ്ഞുത്തുടങ്ങിനാർ
1238 പൂബാണൻ ചെമ്മേ വഴങ്ങാതെയും.
1239 തങ്ങളങ്ങെങ്ങാനും പോകുമ്പോൾ കണ്ണന്നു
1240 ചങ്ങാതമായ് നില്പാനെന്നപോലെ
1241 മാനസമെല്ലാരും കണ്ണനു നല്കീട്ടു
1242 ദീനമാരായി നടന്നാർ ചെമ്മെ.
1243 "എങ്ങളെക്കൈവിട്ടു പോന്നൊരു മാനസം
1244 തങ്ങിയുറച്ചതിന്നിങ്കലല്ലൊ
1245 ഇന്നിതുതന്നെ നീ പാലിച്ചുകൊള്ളേണം
1246 എന്നങ്ങു ചൊല്ലന്നോരെന്നപോലെ
1247 പിന്നെയും പിന്നെയും മന്ദം മറിഞ്ഞുടൻ
1248 നന്ദതനൂജനെ നോക്കി നോക്കി
1249 ആകുലമാരായിപ്പോകുന്ന ഗോപിമാർ
1250 ഗോകുലം തന്നിലകത്തു പുക്കാർ.
1251 വാതിലും തള്ളിയകത്തങ്ങു ചെന്നിട്ടു
1252 പാതിയൊഴിഞ്ഞൊരു ശയ്യതന്നിൽ
1253 തൂമ കലർന്നുകിടന്നുടനെല്ലാരും
1254 കാമുകന്മാരെയും പൂണ്ടുകൊണ്ടാർ.
1255 കാമുകന്മാരും തൻ കാമിനിമാരുടെ
1256 കോമളമേനി കലർന്നനേരം
1257 കോൾമയിർക്കൊണ്ടൊരു മേനിയുമായിത്തൻ
1258 കാമിനിമാരെപ്പുണർന്നുനിന്നാർ :
1259 മുന്നമേയെന്നുടെ മെയ്യോടു ചേർന്നിവൾ
1260 ഇങ്ങനെ മേവിനാളെന്നു തോന്നി.
1261 കാന്താരം തന്നിലേ പാഞ്ഞവർ പോയത
1262 ക്കാന്തന്മാരാർക്കുമേ തോന്നീതില്ലേ.
1263 വല്ലവിമാരെല്ലാം വല്ലഭന്മാരെത്തൻ
1264 മല്ലത്തടക്കൊങ്കതന്നിലാക്കി
1265 മെല്ലവേ പൂണ്ടിനിന്നുള്ളിലെഴുന്നുള്ളൊ
1266 രല്ലലേ നീക്കിത്തെളിഞ്ഞു നിന്നാർ.