Jump to content

കൃഷ്ണഗാഥ/ഒന്നാം ഭാഗം/നന്ദമോക്ഷം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കൃഷ്ണഗാഥ
ഒന്നാം ഭാഗം

കൃഷ്ണഗാഥ
രണ്ടാം ഭാഗത്തിലേക്ക്


1 നോറ്റുകിടന്നൊരു നന്ദന്താന്മെല്ലെമെ
2 ല്ലാറ്റിലേ മുങ്ങുവാൻ പോയനേരം
3 കാലം പുലർന്നുതുടങ്ങുന്നതിൻമുമ്പേ
4 ചാലപ്പോയ് ചെന്നതു കണ്ടുകൊണ്ട്
5 പാശിതൻ ദൂതനായുള്ളൊരു ദാനവൻ
6 പാരാതെ ബന്ധിച്ചു കൊണ്ടുപോയാൻ
7 നന്ദനെക്കാണാഞ്ഞു നിന്നൊരു ഗോപന്മാർ
8 നന്ദനനാകിയ കണ്ണനോട്
9 ചെന്നങ്ങു ചൊല്ലിനാർ "മുങ്ങിന നേരത്തു
10 നന്ദനെക്കണ്ടില്ല"യെന്നിങ്ങനെ

11 അച്യുതന്താനും തന്നച്ഛനെക്കാണ്മാനാ
12 യിച്ഛപൂണ്ടന്നേരം കാളിന്ദിയിൽ
13 വേഗത്തിൽ ചെന്നങ്ങു തേടിത്തുടങ്ങിനാൻ
14 വേദത്തെപ്പണ്ടുതാനെന്നപോലെ
15 വാരിയിലെങ്ങുമേ കാണാഞ്ഞനേരത്തു
16 വാരിധിപാലകനുള്ളിടത്തും
17 നേരേ പോയ് ചെന്നു തുടങ്ങിനാൻ മെല്ലവേ
18 കാരുണ്യവാരിധിയായവന്താൻ
19 വാരിജലോചനൻ വന്നതു കണ്ടപ്പോൾ
20 വാരിധിപാലകൻ പാരാതെതാൻ

21 മുമ്പിലെ നല്കിനാൻ നന്ദനെത്തന്നെയും
22 കുമ്പിട്ടുകൂപ്പിനിന്നമ്പിൽ ചൊന്നാൻ:
23 "നിന്നുടെ ചേവടി ചാരത്തു കാണ്മാനായ്
24 നന്ദനെ ഞാനിങ്ങു കൊണ്ടുപോന്നു
25 അച്ഛനെക്കൊണ്ടുപോന്നത്തൽപിണച്ചായെ
26 ന്നിച്ഛ പിഴയ്ക്കൊല്ലാ തമ്പുരാനെ!"
27 ഇങ്ങനെ ചൊല്ലി നന്മുത്തുകളെക്കൊണ്ടും
28 പൊങ്ങിന രത്നങ്ങൾകൊണ്ടും പിന്നെ
29 പൂജിച്ചുനിന്നവനുള്ളിലേ മോദത്തെ
30 പ്പൂരിച്ചാൻ പാശിയുമായവണ്ണം.

31 പൂജിതനായൊരു ദേവകിനന്ദനൻ
32 പോവതിനായിത്തുനിഞ്ഞു പിന്നെ.
33 അച്ഛനും താനുമായാദരവോടുടൻ
34 ഇച്ഛയിൽ പോന്നിങ്ങു വന്നനേരം
35 ഗോപന്മാരെല്ലാരുമത്ഭുതമായ് നന്ദ
36 ഗോപരെച്ചെന്നങ്ങു കണ്ടാരപ്പോൾ.
37 ദീനയായുള്ള യശോദയുമന്നേരം
38 മാനിച്ചു നോക്കിനാൾ നന്ദന്തന്നെ
39 തോയത്തിൽ കണ്ടുള്ളവസ്ഥകളോരോന്നേ
40 തോയേശന്തന്റെ സമൃദ്ധിയേയും

41 വല്ലവനാഥനാം നന്തന്താൻ നന്നായി
42 ചൊല്ലിനാന്മെല്ലെമെല്ലെല്ലാരോടും
43 വിഘ്നമകന്നുള്ള ഗോപന്മാരെല്ലാരും
44 വിസ്മയമാണ്ടുനിന്നൊട്ടുനേരം
45 കാർവർണ്ണന്തന്നോടു കൂടിക്കലർന്നുതൻ
46 കാരിയമോരോന്നിൽ കൈതുടർന്നാർ