Jump to content

കൃഷ്ണഗാഥ/ഒന്നാം ഭാഗം/ഉല്ലൂഖലബന്ധനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കൃഷ്ണഗാഥ
ഒന്നാം ഭാഗം

കൃഷ്ണഗാഥ
രണ്ടാം ഭാഗത്തിലേക്ക്


1 വാടാതെ കാന്തി വളർക്കുമപ്പൈതൽതൻ
2 വീടായി മേനുമമ്മന്ദിരത്തിൽ
3 കേടായതേതുമേ കൂടാതെ ഗൂഢനായ്
4 ഊടാഭംചേർന്നങ്ങുറങ്ങുന്നേരം.
5 ചാടായി വന്നാനദ്ദാനവനെങ്കിലും
6 ചാടായിവന്നീല മേനിതന്നിൽ
7 ഓടായിവന്നു നുറുങ്ങിനാനെങ്കിലും
8 ഒടായിവന്നീല കൊല്ലുന്നേരം.
9 കായാവിൻ പൂവൊത്ത കാർവർണ്ണന്തന്നുടെ
10 തായായി നിന്ന യശോദ പിന്നെ

11 തന്മകൻതന്നെയും നന്മടിതന്നിൽവ
12 ച്ചുന്മേഷംപൂണ്ടു വസിക്കുന്നേരം
13 നെന്മേനിപ്പൂവൊത്തൊരമ്മേനി ചേഞ്ചെമ്മെ
14 വന്മേരുക്കുന്നുതാനെന്നപോലെ
15 ചീർത്തുനിന്നേറ്റവുമാർത്തയായ് വന്നിട്ടു
16 പാർത്തലംതന്നിലെ ചേർത്തു പിന്നെ
17 ഓർത്തു നിന്നീടിനാൾ "എന്മകനെന്തുപോൽ
18 ചീർത്തുനിന്നീടുന്നു" തെന്നിങ്ങനെ
19 ആരായി മേവുന്നതിന്നിവനെന്നുള്ള
20 താരാഞ്ഞു കാണേണമെന്നു നണ്ണി;

21 ഈശ്വരനെന്നുള്ളോരോർമ്മയുണ്ടായതു
22 മാച്ചുകളഞ്ഞാളമ്മായയപ്പോൾ.
23 "എന്നുടെ പൈതലെ" ന്നിങ്ങനെയുള്ളൊരു
24 നിർണ്ണയം പെണ്ണിയെടുത്തു പിന്നെ
25 അംബുജം വെല്ലുന്നൊരമ്മുഖംതന്നിലെ
26 ചുംബിച്ചു മേവിനാളമ്മ ചെമ്മെ.
27 പൊന്മയമായൊരു തൊട്ടിൽതൻ മീതെയ
28 ച്ചിന്മയന്തന്നെക്കിടത്തി നന്നായ്,
29 ദൃഷ്ടിയിലാക്കിത്തൻ കട്ടക്കിടാവുമായ്
30 തുഷ്ടിയായ് നിന്നാളങ്ങൊട്ടുനേരം.

31 കപൊലിഞ്ഞീടിനാനെന്മകനെന്നതും
32 വൻപോലും വാണിതാനുള്ളിൽ നണ്ണി
33 തെറ്റെന്നു പോയിത്തന്നുറ്റോരുമായിട്ടു
34 മറ്റുള്ള വേലകളാചരിച്ചാൾ.
35 കാറ്റായി വന്നാനക്കംസന്റെ ചൊല്ലാലെ
36 മാറ്റാനായുള്ളൊരു മറ്റൊരുത്തൻ.
37 ആറ്റൽക്കിടാവിനെച്ചീറ്റവുംപൂണ്ടങ്ങു
38 തൂറ്റിനിന്നീടിനാനേറ്റമേറ്റം.
39 അംബരം പൂണാത പൈതലെക്കൊണ്ടുപോ
40 യംബരം പൂകിച്ചാൻ ദാനവൻതാൻ.

41 "കൊന്നിവൻതന്നെ ഞാൻ തിന്നുകൊള്ളേണ" മി
42 ന്നെന്നവൻതന്നിലെ നണ്ണുമപ്പോൾ
43 പാരിച്ചുനിന്നു കനത്തുതുടങ്ങീത
44 ങ്ങാരോമൽപൈതൽതൻ പൂവലംഗം.
45 കണ്ഠം പിടിച്ചു മുറുക്കിനിന്നീടിനാൻ
46 കൊണ്ടൽനേർവണ്ണനുമെന്നനേരം
47 വന്മലതാനെന്നു തന്മനന്തന്നീല
48 ന്നിർമ്മലംതന്നെയും നണ്ണി നണ്ണി
49 മേല്പെട്ടുപോകുന്ന ദാനവനന്നേരം
50 കീഴ്പെട്ടായ് വന്നിതു യാനവേഗം.

51 പാരിച്ചുനിന്നങ്ങു വീഴുന്നനേരത്തു
52 പാറമേലായിതു ഭാഗ്യത്താലെ
53 വേറിട്ടുപോകാതെ പൈതലും പോന്നവൻ
54 മാറിടംതന്നിലുമായി വന്നു.
55 തള്ളിച്ചുഴന്നൊരു കാറ്റുമടങ്ങിതാ
56 യുള്ളിലെക്കാറ്റുമങ്ങവ്വണ്ണമേ.
57 വേഗത്തിൽ പോന്നിങ്ങു വീണവൻ ദേഹവും
58 ഏകമായുള്ളതനേകമായി
59 മംഗലദേവതാതങ്ങുന്നോൻ തൊട്ടുള്ള
60 തങ്ങനെയല്ലൊതാൻ വന്നു ഞായം.

61 പാറമേൽ വീണു മരിച്ച വൻകാറ്റിനു
62 മാറായിവന്നതോ ചേരുമല്ലൊ
63 മാറാതെ മേവുന്ന ബാലൻതൻ ലീലയ്ക്കു
64 മാറായി വന്നതും ചേരുവോന്നോ?
65 ദാനവപീഡകൊണ്ടാകുലരായുള്ള
66 വാനവർ കോലുന്ന താപത്തിനും
67 മാറായി വന്നുതപ്പൈതൽതന്നമ്മയ്ക്കു
68 മാറാതെ വീണൊരു കണ്ണുനീരും.
69 വാടാതെ നിന്നുള്ള മാല്യങ്ങളെല്ലാർക്കും
70 ചൂടായിവന്നിട്ടേ പണ്ടേ കാമൂ.

71 നീടാർന്ന നന്ദനു മാനസമന്നേരം
72 ചൂടായിവന്നുപോൽ കാക പിച്ച.
73 ഏറ്റം ചുഴന്നുള്ള കാറാറായി വന്നൊരു
74 മാറ്റാനോടേറ്റം പഠിച്ചപോലെ
75 വട്ടത്തിൽ പാഞ്ഞങ്ങുഴന്നുതുടങ്ങിനാർ
76 കഷ്ടവും പൂണ്ടുള്ള വല്ലവിമാർ
77 പൈതലെക്കാണാഞ്ഞു പാരമുഴന്നവർ
78 കൈ തിരുമ്മീടിന നേരത്തപ്പോൾ
79 ദൂരവെ കാണായി പാറമേൽ വീണവൻ
80 മാറിടം ചേരുമപ്പൈതൽതന്നെ.

81 ഓടിയണഞ്ഞങ്ങെടുത്തുകൊണ്ടീടിനാർ
82 പേടിയും കൈവിട്ടു പേപ്പെടാതെ.
83 മാഴ്കാതെ വന്നിങ്ങു മാതാവിൻ കൈയിലേ
84 മാനിച്ചു നൽകിനാർ പിന്നെ നേരേ.
85 അക്ഷതനായ കുമാരകന്തന്നുടെ
86 രക്ഷയും ചെയ്തു തെളിഞ്ഞു പിന്നെ
87 ചുംബിച്ചു നിന്നവൻ നന്മുഖം തന്നിലേ
88 നന്മുല പിന്നെയും നല്കി നല്കി
89 വിജ്വരയായ യശോദയുമന്നേരം
90 വിസ്മിതയായി വിളങ്ങിനിന്നാൾ. . . . . . . . . . . . . . . . . . . . . . . . . . . . . . . . .

91 ഭർഗ്ഗപദാംബുജമുള്ളിലെ നണ്ണുന്ന
92 ഗർഗ്ഗമഹാമുനിയന്നൊരുനാൾ
93 ആനകദുന്ദുഭിതന്നുടെ ചൊല്ലിനാൽ
94 ആനായദേശത്തെഴുന്നള്ളിനാൻ.
95 കണ്ടൊരുനേരത്തു നന്ദനും ചെഞ്ചെമ്മേ
96 കൊണ്ടാടിപ്പൂജിച്ചു നിന്നു ചൊന്നാൻ:
97 "ഉത്തമരായുള്ള നിങ്ങളിന്നിങ്ങനെ
98 നിത്യമായോരോരോ ഗേഹം തോറും
99 ആഗതരാകായ്കിൽ പാതകമാണ്ടവർ
100 പാവിതരാകുന്നതെങ്ങനെ ചൊൽ?

101 കണ്ണുകൊണ്ടിങ്ങനെ കണ്ടതുകൊണ്ടേ ഞാൻ
102 പുണ്യവാനെന്നതോ വന്നുവല്ലോ.
103 തീർത്ഥികനായ നിൻ കാരുണ്യമുണ്ടാകിൽ
104 പ്രാർത്ഥിക്കുന്നുണ്ടു ഞാനൊന്നു മെല്ലെ.
105 പാരാതെ നമ്മുടെ പൈതങ്ങൾ രണ്ടിനും
106 പേരിട്ടുകൊള്ളേണമാകിലിപ്പോൾ."
107 ഇങ്ങനെ കേട്ടൊരു ഗർഗ്ഗനും ചൊല്ലിനാൻ:
108 "അങ്ങനെയാമല്ലോ നിൻ നിനവേ
109 വാട്ടമറ്റീടുന്ന യാദവന്മാരുടെ
110 വാദ്ധ്യായനായ ഞാൻ പേരിടുമ്പോൾ.

111 ആനകദുന്ദുഭിതന്നുടെ സൂനുവെ
112 ന്നൂ നമറ്റോർക്കുമപ്പാപി കംസൻ,
113 കന്യക ചൊല്ലിന ചൊല്ലിനെക്കേൾക്കയാൽ
114 മുന്നമേയുണ്ടവനോർച്ച പാരം
115 മെല്ലവേ വന്നവൻ കൊന്നുനിന്നീടിലോ
116 വല്ലായ്മയാമല്ലോ പാരമെന്നാൽ
117 പൂരിൽ നിന്നീടുന്നോരാരുമേ കാണാതെ
118 പേരിട്ടുകൊള്ളു നാമെന്നേ വേണ്ടൂ."
119 ഇങ്ങനെ ചൊന്നവനങ്ങൊരു കോണിൽ പോയ്
120 മംഗലവാദവും ചെയ്തു ചെമ്മെ

121 നേരറ്റുനിന്നുള്ള ബാലന്മാർക്കന്നേരം
122 പേരിട്ടു മേവിനാൻ പേടി പോക്കി.
123 രാമനെന്നുള്ളൊരു നാമത്തെച്ചൊന്നാന
124 മ്മാമുനി രോഹിണീസൂനുവിന്നായ്.
125 കൃഷ്ണനെന്നുള്ളൊരു നാമവും ചൊല്ലിനാൻ
126 വൃഷ്ണികൾനാഥനായ് നിന്നവന്നും
127 പിന്നെയും ചൊല്ലിനാനന്യങ്ങളായ് നിന്നു
128 ധന്യങ്ങളായുള്ള നാമങ്ങളും
129 കൃഷ്ണനിലുള്ള ഗുണങ്ങളേയന്നേരം
130 കൃൽസ്നമായ് ചൊന്നാനന്നന്ദനോടായ്:

131 "ഇപ്പൈതൽതന്നുടെ സൽഭാവം ചൊല്ലുവാൻ
132 ഇപ്പാരിലാരുമേയില്ലയിപ്പോൾ
133 വിസ്മയമാണ്ട ഗുണങ്ങളെയോർക്കുമ്പോൾ
134 വിഷ്ണുവെന്നിങ്ങനെ ചൊല്ലാമത്രേ.
135 പങ്കജമങ്കയോ ശങ്കകൈവിട്ടിവൻ
136 തങ്കലേയെന്നി വസിക്കയില്ലെ.
137 ഭൂമിപന്മാർക്കെല്ലാം ഭൂതിദമായുള്ള
138 ഭൂമിയും പാർക്കിലിവന്നധീനം
139 ഇത്തരമായ ഗുണങ്ങളെയാളുന്ന
140 പുത്രനിന്നാർക്കുമേയെത്തിക്കൂടാ

141 നിന്നുടെ പുണ്യങ്ങൽതന്നുടെ വൈഭവം
142 എന്നതേ ചൊല്ലാവൂതിന്നമുക്കോ
143 വന്നു വന്നീടുന്ന വൈരികളെല്ലാർക്കും
144 വഹ്നിയായ് നിന്നു ദഹിക്കുമിവൻ
145 നിന്നുടെ ചിന്തിതമെല്ലാമേ സാധിക്കും
146 ഇന്നിവൻതന്നെ ലഭിക്കയാലെ.
147 പാലിച്ചുകൊൾകയിപ്പൈതലേയെന്നാൽ നിൻ
148 പാരിച്ച സങ്കടം പോക്കുവാനായ്."
149 നന്ദനോടിങ്ങനെ ചൊല്ലിന നന്മുനി
150 നന്ദിച്ചു പോയാന്തന്നിച്ഛയാലേ

151 നന്ദനൻതന്നുടെ വൈഭവം കേട്ടൊരു
152 നന്ദനും തന്നിലേ നന്ദിച്ചപ്പോൾ
153 ജായയോടെല്ലാം പറഞ്ഞുനിന്നീടുവാൻ
154 പോയകന്നീടുമകത്തു പൂക്കാൻ. . . . . . . . . . . . . . . . . . . . . . . . .
155 മംഗലജാലങ്ങൾ പൊങ്ങിവന്നെങ്ങുമേ
156 തിങ്ങിനിന്നീടുന്ന ഗോകുലത്തിൽ
157 അംഗനമാരുമായങ്ങനെയെല്ലാരും
158 ഭംഗിയിൽനിന്നു വിളങ്ങുമന്നാൾ
159 ഓമനയായി വളർന്നു നിന്നീടുന്ന
160 രാമനും പിന്നെയക്കാർവർണ്ണനും

161 ചന്തമെഴുന്നൊരു ചെന്തൊണ്ടിവാതന്നിൽ
162 ദന്തങ്ങൾ പോന്നുവന്നങ്കുരിച്ചു
163 പല്ലവം പൂണ്ടൊരു മുല്ലയാം വല്ലിമേൽ
164 ഉല്ലാസമൊട്ടുകളെന്നപോലെ.
165 നന്മുല നല്കുവാനമ്മമാർ ചെന്നങ്ങു
166 സമ്മോദം പൂണ്ടു വിളിക്കയാലേ
167 ചെഞ്ചെമ്മേയുള്ളൊരു പുഞ്ചിരി തൂകുമ്പോൾ
168 കിഞ്ചന കാണായിവന്നുകൂടി.
169 പാലുണ്ണുന്നേരമപ്പോർമുല രണ്ടിനും
170 ചാലെത്തെളിഞ്ഞങ്ങറിയായ് വന്നു.

171 ദന്തങ്ങൾതന്നുടെയങ്കുരം കണ്ടിട്ടു
172 സന്തോഷം പൂണ്ടുള്ള വല്ലവിമാർ
173 വേഗത്തിൽ ചുംബിച്ച നേരത്തു നന്മുഖം
174 വേർവിടുത്തീടുവാൻ വല്ലീലാരും
175 വന്നുവന്നന്നന്നു കണ്ടുനിന്നീടുവോർ
176 കണ്ണിണതന്നെയുമവ്വണ്ണമേ.
177 മാലോകരുള്ളത്തിലാനന്ദമിങ്ങനെ
178 ചാല നല്കീടുന്ന ബാലകന്മാർ
179 ഭൂതലംതന്നിൽ തമിണ്ണുതുടങ്ങിനാർ
180 നൂതനമായൊരു കാന്തിയുമായ്.

181 പാലഞ്ചും പുഞ്ചിരി തൂകിനന്നങ്ങനെ
182 നാലഞ്ചു നാളങ്ങു ചെന്നവാറെ
183 മെല്ലെമെല്ലെന്നങ്ങിഴഞ്ഞുതുടങ്ങിനാർ
184 കല്ലിലും മുള്ളിലും പൂഴിയിലും.
185 ഓമനവായ്മലർതേറൽ വീണേറ്റവും
186 കോമളമാകുമമ്മാറുതന്നെ
187 ചാലപ്പുണർന്നു പുണർന്നുനിന്നീടിനാർ
188 നീലക്കണ്ണാരുമങ്ങമ്മമാരും.
189 മുട്ടുംപിടിച്ചങ്ങു നിന്നുതുടങ്ങിനാർ,
190 ഒട്ടുനാളങ്ങനെ ചെന്നവാറേ

191 മുട്ടും വെടിഞ്ഞുനിന്നൊട്ടു നടക്കയും
192 പെട്ടെന്നു വീഴ്കയും കേഴുകയും
193 അമ്മമാർ ചെന്നങ്ങു തെറ്റെന്നെടുക്കയും
194 എന്മകൻ വാഴ്കെന്നു ചൊല്ലുകയും
195 പൂഴി തുടയ്ക്കയും മെയ്യിൽ മുകയ്ക്കയും
196 കേഴൊല്ലായെന്നങ്ങു ചൊല്ലുകയും
197 ഇങ്ങനെയോരോരോ വേലകളുണ്ടായി
198 മംഗലം പൊങ്ങുന്ന ഗോകുലത്തിൽ.
199 വല്ലവിമാരുടെ കണ്ണുകൾക്കീടുന്ന
200 പുണ്യങ്ങളായുള്ള ബാലകന്മാർ

201 അങ്കണംതന്നിൽ നടന്നുതുടങ്ങിനാർ
202 കിങ്കിണിതന്നൊലി പൊങ്ങപ്പിന്നെ.
203 ആസ്ഥയിൽനിന്നുള്ള ചങ്ങാതിമാരുമ
204 മ്മൂത്തവനായുള്ള രാമനുമായ്
205 ചാലക്കളിച്ചു പുളച്ചുതുടങ്ങിനാൻ
206 നീലക്കാർവർണ്ണനമ്മന്ദിരത്തിൽ
207 "വെണ്ണ കാണുണ്ണീ! നിനക്കെ"ന്നു ചൊല്ലുമ്പോൾ
208 പെണ്ണുങ്ങൾ ചാരത്തു തിണ്ണം ചെല്ലും.
209 വാഴപ്പഴത്തിൻറെ വർത്തയെക്കേൾക്കുമ്പോൾ
210 വായും പിളർന്നവൻ മുന്നിൽ ചെല്ലും

211 പാച്ചോറു കേൾക്കുമ്പോളാച്ചിമാർ പിന്നാലെ
212 പാച്ചൽ തുടങ്ങീടും പാരം പിന്നെ.
213 വെല്ലമെന്നിങ്ങനെ ചൊല്ലിനിന്നീടിലോ
214 വെള്ളമുറന്നെഴും വായിലപ്പോൾ.
215 മാധുര്യസാരത്തിൽച്ചെന്നു തുടങ്ങീതു
216 മാനസമിങ്ങനെ നാളിൽനാളിൽ
217 ആനായമാനിനിമാരുടെ മാനസം
218 മാനിച്ചവൻതങ്കലെന്നപോലെ.
219 വെണ്ണയും പാലുംതൊട്ടുള്ളൊരു വങ്കൊതി
220 തിണ്ണമെഴുന്നു തുടങ്ങുകയാൽ

221 ആച്ചിമാരോരോ വേലയ്ക്കു പോകുമ്പോൾ
222 ഓർച്ച തുടങ്ങീതു മെല്ലെ മെല്ലെ
223 പാൽവെണ്ണ ചേർന്നുള്ള ഭാജനമോരോന്നിൽ
224 പാഞ്ഞുതുടങ്ങീതക്കണ്ണിണയും.
225 കണ്ണിണ ചെല്ലുന്ന നൽവഴി കണ്ടിട്ടു
226 കൈകളും ചെന്നുതുടങ്ങി മെല്ലെ.
227 പാൽവെണ്ണതന്നിലക്കൈകൾ പോയ് ചെല്കയാൽ
228 നാവിന്നുമാനന്ദമായ്ത്തുടങ്ങി.
229 ഉണ്ണിവയറ്റിനു കിഞ്ചന പൊങ്ങുവാൻ
230 ഉള്ളോരുഹേതുവുമുണ്ടായപ്പോൾ.

231 ഇങ്ങനെയോരോരോ മന്ദിരംതോറുമ
232 മ്മംഗലപ്പൈതൽ നടന്നു നേരേ
233 ചഞ്ചലലോചനമാരുടെ വെണ്ണയും
234 നെഞ്ചകംതന്നെയുമഞ്ചിടാതെ
235 കൈകളെകൊണ്ടുമപ്പുഞ്ചിരിത്തൂമയെ
236 ക്കൈതുടർന്നീടുമക്കണ്ണുകൊണ്ടും
237 ചാതലക്കവർന്നു കളിച്ചുതുടങ്ങിനാൻ
238 ഓലക്കമാളുന്ന ബാലരുമായ്.
239 ആനന്ദം നല്കുവാൻ മാലോകർക്കായിക്കൊ
240 ണ്ടാനായപ്പൈതലാമാദിദേവൻ

241 സ്നാനത്തിനായിട്ടു മാതാവു പോകുന്ന
242 കാലത്തപ്പാർത്തുനിന്നന്നൊരുനാൾ
243 വെണ്ണയും പാലുംവച്ചുള്ളകം പൂകിനാൻ
244 വേഗത്തിൽ നോക്കിക്കൊണ്ടങ്ങുമിങ്ങും.
245 തൂക്കിന നല്ലുറിതങ്കീഴിൽ ചെന്നിട്ടു
246 നോക്കിനിന്നീടിനാനൊട്ടുനേരം
247 ശബ്ദത്തിൽ ചേർന്നുള്ളൊരർത്ഥത്തെക്കാണ്മാനായ്
248 ശാബ്ദികനോർത്തങ്ങു നില്ക്കുംപോലെ.
249 പാരിച്ചു ഖേദിച്ചാൻ നീളമില്ലായ്കയാൽ
250 ഈരേഴു പാരുമളന്നവൻതാൻ.

251 എന്തിനി നല്ലതെന്നിങ്ങനെ തന്നിലേ
252 ചിന്തിച്ചുനിന്നു നുറുങ്ങുനേരം
253 ദൂരത്തുനിന്നൊരു പാഴുരൽ കൊണ്ടന്നു
254 ചാരത്തു ചാലക്കമഴ്ത്തിവച്ചാൻ
255 ഉന്നതി പോരാഞ്ഞു പിന്നെയതിന്മേല
256 ങ്ങുന്നതമായൊരു പീഠം വച്ചാൻ.
257 പെട്ടെന്നു പാഞ്ഞു കരേറിനാൻ തന്മീതെ
258 പൊട്ടനല്ലേതുമവറ്റിനെല്ലാം.
259 ചിത്തം തെളിഞ്ഞിട്ടു പുത്തനാം നല്ലുറി
260 എത്തിനിന്നങ്ങു പിടിക്കുന്നേരം

261 പീഠം പിരണ്ടു നിലത്തങ്ങു വീഴ്കയാൽ
262 ആടിത്തുടങ്ങിനാനങ്ങുമിങ്ങും.
263 ഭൂതലംതന്നിലേ തുള്ളിനിന്നീടുവാൻ
264 കാതരനായിട്ടു വന്നുകൂടീ.
265 ചാലക്കരഞ്ഞുതുടങ്ങിനാൻ പിന്നെയോ
266 ബാലകന്മാരുടെ ശീലമല്ലോ.
267 രോദനം കേട്ടൊരു മാതാവുതാനപ്പോൾ
268 ഓടിവന്നീടിനാൾ പേടിയോടെ,
269 ബാലകൻതന്നുടെ വേലയെക്കണ്ടിട്ടു
270 ചാലച്ചിരിച്ചങ്ങു ചെന്നെടുത്താൾ.

271 രോദനംതന്നെയും പോക്കിനിന്നീടിനാൾ
272 ആദരിച്ചീടുന്ന വാർത്തയോതി
273 വ്യർത്ഥമായുള്ളൊരു വേലയെച്ചിന്തിച്ചു
274 ദുഃസ്ഥനായുള്ളൊരു ബാലൻ, പിന്നെ
275 "എന്തിതെൻ പൈതലേ നിന്നുടെ സാഹസം"
276 എന്നവൾ ചോദിച്ചനേരം, ചൊന്നാൻ:
277 "സ്നാനത്തിനായി നീ പോകുന്നനേരമി
278 പ്പാൽവെണ്ണ സൂക്ഷിച്ചു വച്ചായല്ലീ
279 എന്നതു നോക്കട്ടെ എന്നങ്ങു ചിന്തിച്ചേൻ
280 എന്നിലേ, നീയങ്ങു പോയനേരം.

281 രാപ്പകലേറ്റവും ദണ്ഡിച്ചുനിന്നു നീ
282 വായ്പോടു കാച്ച്യ പാൽ വെണ്ണയെല്ലാം
283 പൂച്ചതാൻ വന്നു കുടിക്കൊല്ലായെന്നുള്ളൊ
284 രോർച്ചകൊണ്ടിങ്ങനെ ചെയ്തു ഞാനോ.
285 മുറ്റുമിപ്പാൽ വെണ്ണ സൂക്ഷിക്കയെന്നിയേ
286 മറ്റൊന്നു ചിന്തിച്ചിട്ടല്ല ചൊല്ലാം.
287 നിശ്ചയമായി ഞാൻ ചൊല്ലുന്ന വാർത്തകൾ
288 വിശ്വസിച്ചീടുകേ വേണ്ടുവമ്മേ!
289 വഞ്ചിക്കയെന്നുള്ളതെഞ്ചിത്തംതന്നുള്ളിൽ
290 തഞ്ചിനിന്നീടുവോന്നല്ല ചൊല്ലാം.

291 ഇല്ലാതതോർക്കിലോ പാപമുണ്ടായ്വരും
292 ചൊല്ലിനിന്നീടാമിന്നിന്നൊടിപ്പോൾ.
293 വെണ്ണ പാൽ കണ്ടു കൊതിക്കയില്ലിന്നും ഞാൻ
294 നിർണ്ണയിച്ചാലും നീയെന്നേ വേണ്ടു.
295 അപ്പാട്ടെപ്പൈതങ്ങൾ കാട്ടുന്നപോലെ ഞാൻ
296 നല്പാലെക്കാണുമ്പോഴുണ്ടോ കാട്ടൂ.
297 നന്മടിതന്നിലങ്ങെന്നെയും ചേർത്തിട്ടു
298 സമ്മാനിച്ചെന്മേനി പുല്കുന്നേരം
299 "എന്മകനാകിലോ നല്ലൊരു ശീലമു
300 ണ്ടെ"ന്നല്ലോയെന്നച്ഛൻ ചൊല്ലീതിന്നാൾ.

301 വഞ്ചനം മുമ്പായ ശീലക്കേടൊന്നുമേ
302 കിഞ്ചനയില്ലെനിക്കെന്നു വന്നു.
303 എന്നാലിപ്പാൽ വെണ്ണ കാത്തുനിന്നീടുവാൻ
304 എന്നോടു ചൊന്നാലുമെന്നേ വേണ്ടൂ.
305 ഈച്ചയ്ക്കുപോലും കൊടുക്കയില്ലെന്നും ഞാൻ
306 പൂച്ചയ്ക്കെന്നുള്ളതോ പിന്നെയല്ലോ.
307 രാപ്പകലാരാനും കാത്തുകൊള്ളായ്കിലോ
308 കോപ്പായമായിപ്പോം വെണ്ണയെല്ലാം.
309 കള്ളങ്ങളായുള്ള മാർജ്ജാരക്കൂട്ടവും
310 പിള്ളരുമുണ്ടു ചതിപ്പതിന്നായ്.

311 കേടുവരുന്നുണ്ടിപ്പാൽവെണ്ണയ്ക്കെന്നിട്ടു
312 ഖേദമുണ്ടുള്ളിലെനിക്കെപ്പൊഴും
313 എന്നതുകൊണ്ടു ഞാനിങ്ങനെ ചൊല്ലുന്നു
314 നിന്നുടെ ദണ്ഡങ്ങളോർത്തുതാനും.
315 തന്നുനിന്നീടുന്ന വെണ്ണ പാലെന്നി മ
316 റ്റൊന്നുമേ വേണ്ടീതില്ലിങ്ങെനിക്കോ."
317 മൂലോകവാസികൾക്കാലംബമായുള്ള
318 ബാലകനിങ്ങനെ ചൊന്നനേരം
319 തന്നിലേയോർത്തു ചിരിച്ചുനിന്നീടിനാൾ
320 ധന്യയായുള്ള യശോദയപ്പോൾ.

321 ബാലകന്തന്നെയും മാനിച്ചു മറ്റുള്ള
322 വേലയ്ക്കു പിന്നെത്തുനിഞ്ഞനേരം
323 പിന്നയും ചൊല്ലിനാൻ സുന്ദരനായുള്ള
324 നന്ദകുമാരകൻ മന്ദമപ്പോൾ:
325 "സ്നാനവുംചെയ്തുനീ നീയാഗമിപ്പോളവും
326 പാലിച്ചനല്ലോയിപ്പാൽ വെണ്ണ ഞാൻ
327 ഇങ്ങനെയുള്ളെനിക്കേതുമേ താരാതെ
328 എങ്ങു നീ പോകുന്നൂതെന്നമ്മേ! ചൊൽ?"
329 ഓമനപ്പൈതൽതാനിങ്ങനെ ചൊല്ലിത്തൻ
330 കോമളച്ചുണ്ടു പിളുർക്കുന്നേരം

331 ഉണ്ണിക്കൈതന്നിലേ വച്ചു നിന്നീടിനാൾ
332 വെണ്ണയെക്കൊണ്ടുപോന്നമ്മയപ്പോൾ
333 വെണ്ണയെക്കണ്ടൊരു കണ്ണന്താന്നേരം
334 വെണ്ണിലാവഞ്ചിച്ചിരിച്ചു ചൊന്നാൻ:
335 "ഒറ്റക്കൈതന്നിൽ നീ വെണ്ണ വച്ചീടിനാൽ
336 മറ്റെക്കൈ കണ്ടിട്ടു കേഴുമല്ലൊ.
337 മൂത്തവൻകൈയിൽ നീ വെണ്ണ വച്ചീടിമ്പോൾ
338 ആർത്തനായ് നിന്നു ഞാൻ കേഴുംപോലെ."
339 ഇങ്ങനെ കേട്ടവൾ വെണ്ണയ്ക്കു പിന്നെയും
340 അങ്ങു തിരിഞ്ഞു നടന്നനേരം

341 കൈയിലെ വെണ്ണയെപ്പയ്യവേ വായിലി
342 "ട്ടയ്യോ!" യെന്നിങ്ങനെ ചൊല്ലി, ചൊന്നാൻ:
343 "കള്ളനായുള്ളൊരു കാകൻതാൻ വന്നിട്ടെൻ
344 കൈയിലേ വെണ്ണയെക്കൊണ്ടുപോയി."
345 എന്നതു കേട്ടവളേറ്റംചിരിച്ചു നൽ
346 വെണ്ണയുംകൊണ്ടിങ്ങു വന്നു പിന്നെ
347 വൈകാതവണ്ണമക്കൈതവപ്പൈതൽതൻ
348 കൈകളിൽ രണ്ടിലും വെണ്ണ വച്ചാൾ.
349 വെണ്ണയെക്കണ്ടൊരു കണ്ണന്തന്നാനനം
350 വെണ്ണിലാവോലുന്ന തിങ്കൾപോലെ

351 പുഞ്ചിരിത്തൂമകൊണ്ടഞ്ചിതമാകയാൽ
352 ചെഞ്ചെമ്മേ നിന്നു വിളങ്ങീതപ്പോൾ.
353 വങ്കൊതി പൂണുന്ന പങ്കജലോചനൻ
354 തങ്കൈയിൽ വെച്ചൊരു വെണ്ണ നേരെ
355 വായ്മലർതന്നിലങ്ങാക്കിയിന്നാസ്വദി
356 ച്ചാമോദം പൂണ്ടു മിഴുങ്ങുന്നേരം
357 മിഥ്യയായുള്ളൊരു വാക്കിനെച്ചൊല്ലിനാൻ
358 സത്യമെന്നിങ്ങനെ തോന്നുംവണ്ണം:
359 "നിത്യമായ് പണ്ടു മിഴുങ്ങുന്നവണ്ണമേ
360 സത്വരമിന്നു മിഴുങ്ങുന്നേരം

361 മാറിൽ തടഞ്ഞു വിലങ്ങിച്ചു പോയിതേ
362 മാനിച്ചു നീ തന്ന വെണ്ണയമ്മേ!
363 ചാലത്തികന്നൊരു പാൽ കുടിച്ചെന്നിയേ
364 താളുന്നോന്നല്ലയിതെന്നുവന്നൂ
365 പാരാതെ നല്കേണം പാൽ കുടിച്ചീടുവാൻ
366 പാരം മയങ്ങുന്നു മേനിയെല്ലാം
367 വീർക്കുന്ന വീർപ്പു വിലങ്ങിച്ചുപോകുന്നു
368 തോർക്കേണം കാലമിതല്ലയല്ലീ"
369 ഇങ്ങനെ ചൊല്ലിത്തൻ കണ്ണിണതന്നെയും
370 പൊങ്ങിച്ചു വമ്പിൽ മിഴിച്ചു നിന്നാൻ.

371 ഇങ്ങനെകാകയാലുണ്മയെന്നിങ്ങനെ
372 തന്നിലേ നണ്ണിനോരമ്മ ചെമ്മേ
373 ഉൾപ്പേടിപൂണ്ടുനിന്നപ്പൈതൽക്കായിട്ടു
374 നൽപ്പാലെ നല്കിനാളപ്പൊഴേതാൻ
375 അപ്പാലുമുണ്ടവൻ നില്പോരു നേരത്ത
376 ങ്ങിപ്പൊഴോയെന്നവൾ ചോദിച്ചപ്പോൾ
377 എപ്പൊഴുമമ്മതന്നുൾപ്പൂവെ വഞ്ചിപ്പാൻ
378 കെല്പെഴും പുഞ്ചിരി തൂകിച്ചൊന്നാൻ:
379 "ഇപ്പോൾ ഞാനിങ്ങനെ ചൊല്ലാഞ്ഞതാകിലോ
380 നല്പാൽ നീ നല്കുന്നോളല്ലയല്ലൊ

381 അപ്പൊഴോ ഞാൻ നിന്നെയിങ്ങനെ വഞ്ചിപ്പൂ
382 വിപ്പൊഴെന്നുള്ളം കുളുർത്തുതല്ലൊ."
383 അമ്മയോടിങ്ങനെ സമ്മാനിച്ചന്നേരം
384 ഉണ്മയെച്ചൊന്നുള്ളൊരംബുജാക്ഷൻ
385 ഓലക്കംചേരുന്ന ബാലകന്മാരുമായ്
386 ലീലയ്ക്കു ചാലെ നടന്നാൻ പിന്നെ.
387 ആച്ചിമാരാളുന്ന വീടുതോറും നല്ല
388 പാച്ചോറും വെണ്ണയും കാച്ച്യ പാലും
389 രാപ്പകൽ ചെന്നു കവർന്നുനിന്നങ്ങനെ
390 പേപ്പെടുത്തീടിനാൻ വായ്പിനോടേ

391 "പാഴായ്മയേറുമിപ്പൈതല്ക്കു കണ്ടാലും
392 കേഴുമാറാകൂ നാമെന്നേ വേണ്ടൂ."
393 എന്നങ്ങു തങ്ങളിൽ ചൊന്നുനിന്നീടിനാർ
394 മന്ദിരേ നിന്നുള്ള സുന്ദരിമാർ.
395 "നിന്മകന്തന്നെയടക്കേണമെന്നു നാം
396 അമ്മയോടിപ്പൊഴേ ചൊല്ക നല്ലൂ"
397 എന്നങ്ങു ചൊന്നുള്ള സുന്ദരിമാരെല്ലാം
398 ഒന്നൊത്തുകൂടി നടന്നു നേരെ
399 നന്ദനൻ ചെയ്തുള്ള പാഴമയോരോന്നേ
400 നന്ദവിലാസിനിയോടു ചൊന്നാർ.

401 "ആഴിമാതാളുമിന്നിന്നുടെ പൈതല്ക്കു
402 പാഴമയേറുന്നു പാരമിപ്പോൾ
403 പാൽ വെണ്ണ ചാലക്കവർന്നുകൊണ്ടാലും തൻ
404 ബാലകനെന്നുമ്പോൾ ചേരുമല്ലോ
405 ഭാജനംകൂടെത്തകർത്തുകളയുന്നോൻ
406 വേദനയാകുന്നതെന്നതത്രെ
407 കാച്ച്യ പാൽ ചേർന്നുള്ള ഭാജനംതന്മൂട്ടിൽ
408 മൂർച്ചയേറീടുന്ന കോൽകൊണ്ടുടൻ
409 തോർത്തുകൊണ്ടണ്ണാന്നു വായും പിളർന്നുകൊ
410 ണ്ടാസ്ഥയിൽ നിന്നു നൽ പാൽ കുടിക്കും

411 കണ്ടുകൊണ്ടെങ്ങൾ തൽ പിമ്പേപോയ്ച്ചെല്ലുമ്പോൾ
412 മണ്ടിനാനെങ്ങാനുമെന്നിരിക്കും.
413 പൈതല്ക്കു നല്കുവാൻ പായസം നിർമ്മിച്ചു
414 പൈതലെത്തേടി ഞാൻ പോയനേരം
415 പായസമുണ്ടിട്ടു ഭാജനന്തന്നിലേ
416 ചാണകംകൊണ്ടു നിറച്ചു വെച്ചാൻ
417 അപ്പാട്ടെ വീട്ടിലേയച്ഛനു നല്കുവാൻ
418 അപ്പങ്ങൾ നിർമ്മിച്ചു നിന്നൊരുനാൾ
419 പാത്രത്തിലാക്കിയടച്ചങ്ങു ബന്ധിച്ചു
420 യാത്രയ്ക്കു പിന്നെ ഞാൻ പാർത്തനേരം

421 പിൻവാതിലൂടെയകത്തങ്ങു പൂകിനാൻ
422 പിള്ളരുമായിവന്നോടിയപ്പോൾ
423 തപ്പിനിന്നീടുമ്പോഴപ്പങ്ങൾ കാണായ
424 തപ്പിള്ളർക്കെല്ലാമേ നല്കി മുമ്പിൽ
425 താനുമെടുത്തുകൊണ്ടാസ്വദിച്ചീടിനാൻ
426 മാനിച്ചുനിന്നു മനം കുളുർക്കെ
427 ശുഷ്കങ്ങളായുള്ള ഗോമയലേശങ്ങൾ
428 ഒക്കവേ കൊണ്ടന്നപ്പാത്രന്തന്നിൽ
429 പൂരിച്ചു പിന്നെപ്പൊതിഞ്ഞുകെട്ടീടിനാൻ
430 ആരുമറിയാതെ മുന്നെപ്പോലെ

431 താനങ്ങു തന്നുടെ പിള്ളരുമായിട്ടു
432 യാനം തുടങ്ങിനാനൂനം നീക്കി
433 യാത്രയ്ക്കു കാലമണഞ്ഞൊരുനേരത്ത
434 പ്പാത്രവുമായി ഞാൻ മല്ലെ മൈല്ലെ
435 അപ്പാട്ടെ വീട്ടിലകത്തങ്ങു പൂകിനേൻ
436 അപ്പങ്ങൾ നല്കുവാനച്ഛനായി
437 കൂരിരുട്ടായൊരു മച്ചകന്തന്നിലെ
438 പാരം കുരച്ചുള്ളോരച്ഛനപ്പോൾ
439 കച്ചകംതന്നിലും മെച്ചമേ ചെന്നു ഞാൻ
440 അച്ഛൻറെ മുമ്പിലപ്പാത്രംതന്നെ

441 മെല്ലവേ വച്ചിട്ടു ചൊല്ലിനിന്നീടിനേൻ
442 എല്ലാരും വന്നങ്ങു നിന്നനേരം
443 "വേഴ്ചയിലേതാനുമുണ്ടു ഞാൻ കൊണ്ടന്നു
444 കാഴ്ചയായ് നല്കുവാനച്ഛനിപ്പോൾ"
445 എന്നതു കേട്ടവനേറിന മോദത്താൽ
446 നന്നായിതെന്നങ്ങു ചൊല്ലിപ്പിന്നെ
447 ഭാജനംതന്നെയഴിച്ചുവച്ചമ്പോടു
448 ബാലകന്മാർക്കെല്ലാം നല്കി മുമ്പിൽ,
449 ചുറ്റത്തിൽ വന്നിട്ടു ചുറ്റും നിന്നീടുന്ന
450 മറ്റുള്ളോർക്കായിട്ടും തെറ്റെന്നപ്പോൾ

451 തന്നുടെ കൈയിലും മൂന്നുനാലങ്ങനെ
452 നന്നായി വാരിപ്പിടിച്ചുകൊണ്ടാൻ.
453 കാതലായുള്ളൊരു കൈതവം പൂണുമ
454 പ്പൈതൽതാൻ ചെയ്തുള്ള വഞ്ചനത്തെ
455 കച്ചകമായിട്ടു കാണരുതായ്കയാൽ
456 അച്ഛനുമാരുമറിഞ്ഞതില്ലേ.
457 ചാണകം നാറുന്നൂതെന്തിതെന്നെല്ലാരും
458 ശങ്കിച്ചുനിന്നുടൻ വായിലാക്കി
459 വേഗത്തിൽ വച്ചു ചവച്ചോരുനേരത്തു
460 വേറൊന്നായ് വന്നു മുഖങ്ങളെല്ലാം

461 തൂമ കലർന്നൊരു തൂനഖംതന്നിലേ
462 തൂശി തറയ്ക്കുമ്പോഴെന്നപോലെ.
463 തങ്ങളിൽ തങ്ങളിൽ നോക്കിത്തുടങ്ങിനാർ
464 കൊഞ്ഞൾ കാട്ടുന്നോരെന്നപോലെ.
465 ആനനം കണ്ടാകിൽ തങ്ങളെന്നോർത്തിട്ടു
466 വാനരഞ്ചെന്നങ്ങു പൂണ്ടുതുംതാൻ.
467 ചിന്തയും പൂണ്ടുനിന്നെന്നെയും നോക്കിക്കൊ
468 ണ്ടെന്തിതെന്നെല്ലാരും ചൊല്ലിപ്പിന്നെ
469 ഓക്കാനിച്ചെല്ലാരുമോടിത്തുടങ്ങിനാർ;
470 ഊക്കത്തുടങ്ങിനാരുണ്ട ചോറും

471 ബാലകന്മാർക്കുമങ്ങച്ഛനും ചെഞ്ചെമ്മെ
472 ആലസ്യമായിത്തുടങ്ങീതപ്പോൾ.
473 പിന്നെയങ്ങെല്ലാരും വന്നുനിന്നെന്മുഖം
474 പിന്നെയും പിന്നെയും ചൂണ്ടിച്ചൂണ്ടി
475 കോപിച്ചു നിന്നങ്ങു വേപിച്ച മെയ്യുമായ്
476 പോ പറഞ്ഞീടിനാരായവണ്ണം
477 എല്ലാമേ കണ്ടു ചിരിച്ചുനിന്നീടിനാൻ
478 പിള്ളരുമായ് വന്നിക്കള്ളനപ്പോൾ.
479 ഖേദവും പൂണ്ടുനിന്നാനനം താഴ്ത്തി ഞാൻ
480 ഏതുമേ മിണ്ടാതെ പോന്നുകൊണ്ടേൻ.

481 ഇങ്ങനെ വന്നതിൻ കാരണമെന്തെന്ന
482 ങ്ങെന്നിലേ നണ്ണി ഞാൻ നിന്നനേരം
483 അഞ്ചനവർണ്ണൻറെ വഞ്ചനമെന്നതു
484 ചെഞ്ചെമ്മെ കേട്ടതപ്പിള്ളർ ചൊല്ലി.
485 "ഇങ്ങനെ പാഴമചെയ്തു തുടങ്ങിനാൽ
486 എങ്ങനെ ഞങ്ങൾ പുലർന്നുകൊൾവൂ?"
487 എന്നങ്ങുചൊന്നവൾ നിന്നൊരുനേരത്തു
488 മന്ദമായ് ചൊല്ലിനാൾ മറ്റൊരുത്തി:
489 "അഞ്ചനവർണ്ണൻറെ വഞ്ചനംതൊട്ടുള്ളൊ
490 രെഞ്ചൊല്ലു പൂകേണം നിഞ്ചെവിയിൽ.

491 അഞ്ചാതെ വന്നിവൻ വഞ്ചനം ചെയ്കയാൽ
492 നെഞ്ചകം മാഴ്കുന്നു ചെഞ്ചെമ്മേതാൻ.
493 രാപ്പകലിങ്ങനെ കാത്തുനിന്നീടാമോ
494 വായ്പോടു കാച്ച്യ പാൽ വെണ്ണയെല്ലാം?
495 കാത്തുനിന്നീടിലും കാരിയമില്ലേതും
496 ആസ്ഥയായ് വന്നിവൻ വഞ്ചിക്കുമ്പോൾ
497 കാറ്റുതാൻപോലുമകത്തങ്ങു പൂകാതെ
498 മാറ്റിനിന്നീടുമമ്മന്ദിരേ പോയ്
499 കാച്ച്യ പാൽ വെണ്ണ കവർന്നതു ചിന്തിച്ചാൽ
500 ഈശ്വരനെന്നേ ഞാൻ ചൊല്ലവല്ലൂ

501 ഉണ്ണിക്കിടാങ്ങളുറങ്ങുന്നനേരത്തു
502 നുള്ളിയുണർത്തി വശംകെടുക്കും.
503 ഗോക്കളെച്ചെന്നു കറന്നുനിന്നീടുന്ന
504 പാല്ക്കുഴ മെല്ലവേ തോത്തുവയ്ക്കും.
505 തീപ്പൊലിച്ചീടിന പാല്ക്കലംതങ്കീഴിൽ
506 തീക്ഷ്ണമായ് ചെഞ്ചെമ്മേ തീ കത്തിക്കും
507 ഇങ്ങനെയോരോരോ പാഴമ ചിന്തിച്ചാൽ
508 വിസ്മയമെന്നതേ ചൊൽവാനാവൂ.
509 ഇങ്ങനെ ചൊന്നവൾ മന്ദിച്ച നേരത്തു
510 മങ്ങാതെ ചൊല്ലിനാൾ മറ്റൊരുത്തി:

511 "മാനിനിമാരുടെ മൗലിയാം നിന്നോടു
512 ഞാനുമുണ്ടേതാനും ചൊല്ലുന്നിപ്പോൾ
513 പാഥോജലോചനേ! പാരിച്ചുനിന്നൊരു
514 പാഴമയേരുന്നു പൈതൽക്കിന്നാൾ
515 അങ്ങൊരു വീട്ടിലെക്കന്നിനെക്കൊണ്ടുപോ
516 ന്നെന്നുടെ വീട്ടിലൊളിച്ചുവച്ചാൻ
517 കന്നിനെക്കാണാഞ്ഞു ഖിന്നയായ് വന്നിട്ട
518 മ്മന്ദിരേ മേവുന്ന സുന്ദരിതാൻ
519 ദൈവജ്ഞനെക്കണ്ടു ചോദിച്ചനേരത്തു
520 ദൈവജ്ഞൻ ചൊല്ലിനാൻ മെല്ലെയപ്പോൾ

521 കള്ളരായുള്ളവർ കട്ടുകൊണ്ടാരിന്നി
522 ക്കന്നിനേയെന്നതു നിർണ്ണയിച്ചു.
523 ചാരത്തെ വീട്ടിലങ്ങെങ്ങാനുമുണ്ടത്രെ
524 ആരാഞ്ഞു ചെന്നാലും കാണാമിപ്പോൾ.
525 എന്നവൻ ചൊന്നതു കേട്ടോളക്കന്നിനെ
526 എങ്ങുമേ തേടിനടന്നു പിന്നെ
527 എന്നുടെ വീട്ടിലും വന്നൊരുനേരത്ത
528 ക്കന്നൊന്നു മെല്ലെക്കരഞ്ഞുതപ്പോൾ
529 എന്നുടെ കന്നിൻറെയൊച്ചയെന്നിങ്ങനെ
530 നിർണ്ണയം ചൊന്നവൾ നോക്കുന്നേരം

531 കൂരിരുട്ടായൊരു കോണത്തു കാണായി
532 ദൂരത്തുനിന്നൊരാക്കന്നുതന്നെ.
533 ചുറ്റും നിന്നീടുന്ന തോഴിമാർ കേൾക്കവേ
534 ചുറ്റവും കൈവിട്ടത്തോഴിയപ്പോൾ
535 "എന്നുടെ കന്നിനെക്കട്ടതു നീയത്രെ"
536 എന്നങ്ങു ചൊല്ലിനാളെന്നെ നോക്കി.
537 നാവും കടിച്ചുകൊണ്ടേതുമേ വല്ലാതെ
538 നാണവുംപൂണ്ടങ്ങു നിന്നു പിന്നെ
539 "നിന്നുടെ കന്നിനെക്കട്ടതു ഞാനല്ല"
540 എന്നു ഞാൻ ചൊന്നതു കേട്ടതോറും

541 പേ പറഞ്ഞീടിനാൾ കൂ പറഞ്ഞീടിനാൾ
542 വാ പറഞ്ഞീടിനാൾ പാപിയെന്നെ.
543 ഓടിവന്നീടിനാൻ ബാലരുന്താനുമായ്
544 നീടെഴുന്നീടുമിപ്പൈതലപ്പോൾ
545 പുഞ്ചിരിത്തൂമയും ചെഞ്ചെമ്മേ തൂകി നി
546 ന്നഞ്ചാതെ ചൊല്ലിനാൻ കൊഞ്ചിക്കൊഞ്ചി:
547 "പേശിനിന്നിങ്ങനെ നിങ്ങളിലുള്ളൊരു
548 പേമൊഴി കേട്ടു ചിരിപ്പതിന്നായ്
549 കന്നിനെക്കൊണ്ടെ മറച്ചതു ഞാനത്രെ
550 കള്ളരെന്നുള്ളതു ചിന്തിക്കേണ്ടാ"

551 ഇങ്ങനെ ചൊല്ലിത്തൻ പിള്ളരുമായിട്ടു
552 ഭംഗിയുംപൂണ്ടു നടന്നാൻ പിന്നെ.
553 പാഴനാമിന്നിവൻ പാഴമയ്ക്കേതുമൊ
554 ന്നാവതില്ലെന്നതു വന്നുകൂടി.
555 കോപിച്ചു ഞങ്ങൾ കയർപ്പതിന്നായിട്ടു
556 കോലുമായ് ചാരത്തു ചെല്ലുന്നേരം
557 കോമളച്ചുണ്ടു പിളുക്കിനിന്നീടുമ്പോൾ
558 ഓമനിച്ചീടുവാൻ തോന്നുമത്രേ.
559 കോപവും കോലും കളഞ്ഞുനിന്നെങ്ങളോ
560 കോമളപ്പൂമേനി പൂണുമപ്പോൾ.

561 പുഞ്ചിരി കാണുമ്പോൾ വഞ്ചനമെല്ലാമേ
562 ചെഞ്ചെമ്മേ ഞങ്ങൾ മറക്കുമത്രെ.
563 ശാസിച്ചിട്ടാകിലും യാചിച്ചിട്ടാകിലും
564 പാതിച്ചവണ്ണമടക്കേണം നീ
565 എന്നതേ ഞങ്ങൾക്കു ചൊല്ലിനിന്നീടാവൂ
566 തിന്നിവൻ ശീലങ്ങളോർത്തതോറും."
567 വല്ലവിമാരെല്ലാമിങ്ങനെയോരോരോ
568 അല്ലലെ നിന്നു പറഞ്ഞനേരം
569 പൈതലെച്ചെന്നു കയർത്തുനിന്നീടുവാൻ
570 ഏതുമേ വല്ലീല അമ്മയ്ക്കപ്പോൾ.

571 വല്ലവിമാരോടു ചൊല്ലിനിന്നീടിനാൾ
572 എല്ലാരും ചെഞ്ചെമ്മേ കേൾക്കുംവണ്ണം:
573 "എന്മകന്തന്നെക്കയർത്തുനിന്നീടു ഞാ
574 നെങ്ങനെ ചൊല്ലുവിൻ തോഴിമാരെ?
575 കോപത്തെക്കോലുമ്പോൾ പ്രേമത്തെക്കൊണ്ടല്ലോ
576 കോൾമയിർക്കൊള്ളുന്നു മെയ്യിലെങ്ങും
577 എന്മകനെന്നങ്ങു ചൊല്ലുവാനോങ്ങുമ്പോൾ
578 എന്മുല കാക ചുരന്നതെന്നാൽ
579 ശാസിപ്പൂവെന്നതോ ദൂരത്തുതായല്ലൊ
580 താർഡിപ്പൂവെന്നതോ പിന്നെയല്ലോ.

581 എമ്മകനോടു വെറുക്കൊല്ലായെന്നാലി
582 ന്നമ്മമാരായുള്ള നിങ്ങളാരും
583 കാരിയക്കേടുകൾ വന്നതിന്നെല്ലാമേ
584 പാരാതെ നല്കുവൻ ചൊന്നതെല്ലാം
585 ഇപ്പൈതൽ വഞ്ചിച്ച പാൽ തയിർ വെണ്ണകൾ
586 ക്കിപ്പോഴേ നിങ്ങളിരട്ടി കൊൾവിൻ.
587 പാൽക്കുഴ തോർത്തതിന്നെന്നുടെ നൽവെള്ളി
588 പ്പാൽക്കുഴ കൊണ്ടാലും പാർക്കവേണ്ടാ
589 മങ്കലം പോയെങ്കിൽ പൊങ്കലംതന്നെയും
590 ശങ്കയെക്കൈവിട്ടു നല്കുവൻ ഞാൻ.

591 മങ്കിണ്ണം പോയെങ്കിൽ പൊങ്കിണ്ണം നല്കാമേ
592 മങ്കിണ്ടി പോയെങ്കിൽ പൊങ്കിണ്ടിയും.
593 മറ്റെന്തിപ്പൈതൽ മയക്കിനിന്നുള്ളതും
594 തെറ്റെന്നു ചൊല്ലുവിൻ നല്കാമല്ലോ"
595 എന്നങ്ങു ചൊല്ലിന നന്ദവിലാസിനി
596 വന്നങ്ങു നിന്നുള്ളോരാച്ചിമാർക്കായ്
597 ചൊന്നതു ചൊന്നതു നല്കിനിന്നീടിനാൾ
598 നന്ദനന്തന്നിലുള്ളാസ്ഥയാലെ.
599 ദ്രവ്യങ്ങൾ വാങ്ങിന വല്ലവിമാരെല്ലാം
600 നിർവ്യഗ്രമാരായിപ്പോയിപിന്നെ

601 ഉണ്ണിയെച്ചെന്നങ്ങെടുത്തു നിന്നെല്ലാരും
602 തിണ്ണം തെളിഞ്ഞു പുണർന്നു നന്നായ്.
603 ആശയം പാരം കുളുർക്കയാൽ പിന്നെയ
604 ങ്ങാശിയും ചൊല്ലിനാരായവണ്ണം
605 പിന്നെയങ്ങെല്ലാരും തന്നുടെ തന്നുടെ
606 മന്ദിരം പൂകിനാർ വന്നവണ്ണം. . . . . . . . . . . . . . . . . . . . . . . . .
607 ചങ്ങാതിമാരായ ബാലകന്മാരുമ
608 മ്മങ്ങാതെനിന്നുള്ള രാമനുമായ്
609 പൂഴിച്ചോറാടിക്കളിച്ചു നിന്നീടിനാൻ
610 ആഴിപ്പെണ്ണാളുമക്കാർവർണ്ണന്താൻ

611 മണ്ണു തിന്നീടിനാൻ കണ്ണനെന്നിങ്ങനെ
612 തിണ്ണംപോയ് ചെന്നിട്ടദ്ദാരകന്മാർ
613 മാതാവോടായിട്ടു ചൊല്ലിനിന്നീടിനാൻ
614 മാതാവുതാനതു കേട്ടനേരം
615 ഓടിച്ചെന്നങ്ങവൻ ചാരത്തു ചെഞ്ചെമ്മെ
616 പേടിപ്പിച്ചീടുവാനായിച്ചൊന്നാൾ:
617 "മണ്ണുതിന്നീടുന്നൂതെന്തിന്നു ചൊല്ലുണ്ണീ
618 വെണ്ണയും പാലും ഞാൻ താരാഞ്ഞീട്ടോ?
619 ചോറില്ലയാഞ്ഞോ മറ്റെന്തില്ലയാഞ്ഞു? നീ
620 ചൊൽവശനല്ലെന്നു വന്നു കൂടീ.

621 ശീലക്കേടിങ്ങനെ ചാല നീ കാട്ടുമ്പോൾ
622 കോലുകൊണ്ടേയിനിച്ചോദിക്കുള്ളൂ."
623 അമ്മതാനിങ്ങനെ ചൊന്നതു കേട്ടുള്ളൊ
624 രംബുജലോചനൻതാനും ചൊന്നാൻ:
625 "വെണ്ണയും കൈവിട്ടു മണ്ണുതിന്നീല ഞാൻ
626 നിർണ്ണയിച്ചാലുമിച്ചൊന്നതമ്മേ!
627 ബാലന്മാർ ചൊന്നതു നിർണ്ണയമെങ്കിലോ
628 വാ പിളർന്നീടാം നിൻ മുമ്പിലേ ഞാൻ."
629 "വാ പിളർന്നീടു നീ" എന്നവൾ ചൊല്കയാൽ
630 വാ പിളർന്നീടിനാൻ ബാലനപ്പോൾ.

631 മണ്ണിനെക്കാണ്മാനമ്മാതാവുതാനപ്പോൾ
632 കണ്ണൻതൻ വായിലേ നോക്കുംനേരം
633 മണ്ണെല്ലാമങ്ങവൻവായിലേ കാണായി
634 മണ്ണിനെയല്ലവൾ വിണ്ണും കണ്ടാൾ.
635 വിണ്ണിനെക്കാണ്കയാൽ വിസ്മയംപൂണ്ടവൾ
636 പിന്നെയും ചെഞ്ചെമ്മേ നോക്കുംനേരം
637 മറ്റുള്ള ലോകങ്ങളൊക്കവേ കാണായി
638 തെറ്റന്നപ്പൈതൽതൻ വായിൽത്തന്നെ
639 പാതാളലോകവും വേതാളലോകവും
640 ധാതാവിൻ ലോകവും കൂടെക്കണ്ടാൾ

641 ആഴികൾ കാണായിതാശകൾതോറുമു
642 ള്ളാനകൾതന്നെയും കാണായപ്പോൾ.
643 ആകാശം കാണായിതാദിത്യന്മാരെയും
644 കാർമുകിൽമാലയും താരങ്ങളും
645 മാമേരുമുമ്പായ ശൈലങ്ങളെല്ലാമ
646 മ്മാമയപ്പൈതൽതൻ വായിൽ കണ്ടാൾ.
647 ബ്രഹ്മനെക്കാണായി വിഷ്ണുവെക്കാണായി
648 നന്മുനിമാരെയും കാണായ്വന്നു
649 ഇന്ദ്രനെക്കാണായി ചന്ദ്രനെക്കാണായി
650 തിന്ദ്രാണിതന്നെയുമവ്വണ്ണമേ

651 രുദ്രനെക്കാണായി ഭദ്രനെക്കാണായി
652 രുദ്രാണിതന്നെയും കാണായ്വന്നു.
653 മന്ദാരം ചെമ്പകം ചന്ദനം ചേർന്നുള്ള
654 നന്ദനംതന്നെയും കണ്ടാളപ്പോൾ.
655 ഗോകുലം കാണായി ഗോപികമാരെയും
656 ഗോപന്മാർ നിന്നതും കാണായപ്പോൾ.
657 ധന്യനായുള്ളൊരു നന്ദനെക്കാണായി
658 തന്നെയും കാണായിതവ്വണ്മമേ.
659 വായുംപിളർന്നു തൻ ചാരത്തു നിന്നൊരു
660 മാമയന്തന്നെയും കാണായപ്പോൾ.

661 അന്തകന്തന്നുടെ മന്ദിരം കാണായി
662 തന്തകന്തന്നെയുമവ്വണ്ണമേ.
663 അന്തകൻതന്നുടെയാനനം കണ്ടപ്പോൾ
664 അന്തമില്ലാതോളം പേടിയായി.
665 കണ്ണുമടച്ചു വിറച്ചുനിന്നീടിനാൾ
666 "കണ്ണാ കാവേണ്ടാ"യെന്നോതിയോതി
667 ചൊല്ലിനാൾ മെല്ലെയപ്പൈതലോടന്നേരം
668 അല്ലൽപിണഞ്ഞുള്ളൊരുള്ളവുമായ്:
669 "പണ്ടെന്നും കാണാതപ്പാപിയെക്കാണ്കയാൽ
670 ഇണ്ടൽ മുഴുക്കുന്നു പാരമുള്ളിൽ

671 വാമുറുക്കേണമെൻ പൈതലേ നീയിപ്പോൾ
672 ചാകുന്നൂതുണ്ടു ഞാനല്ലയായ്കിൽ."
673 എന്നതു കേട്ടൊരു നന്ദകുമാരകൻ
674 മന്ദിച്ചുനില്ലാതെ വാ മുറുക്കി
675 അമ്മിഞ്ഞിക്കായിട്ടണഞ്ഞു ചെന്നീടിനാൻ
676 അമ്മതൻ ചാരത്തു കൊഞ്ചിക്കൊഞ്ചി.
677 വന്നണഞ്ഞീടുന്ന ബാലനെക്കണ്ടപ്പോൾ
678 നന്ദവിലാസിനി മന്ദിയാതെ
679 മെല്ലെന്നെടുത്തു പുണർന്നുനിന്നീടിനാൾ
680 പല്ലവം വെല്ലുമപ്പൂവലംഗം.

681 ബാലകന്തന്നുടെ വായിലേ കണ്ടതോ
682 വാമുറുക്കീടുന്ന നേരത്തെല്ലാം
683 സ്വപ്നമെന്നിങ്ങനെ നണ്ണി നിന്നീടിനാൽ
684 ഉല്പന്നജാഗരയെങ്കിലും താൻ
685 "എന്മകന്താനിതെ"ന്നിങ്ങനെയുള്ളൊരു
686 വന്മോഹം മേന്മേലെ പൊങ്ങുകയാൽ
687 ആനനന്തന്നിൽ മുകർന്നുനിന്നേറിനോ
688 രാനന്ദമാണ്ടു തെളിഞ്ഞു നിന്നാൾ. . . . . . . . . . . . . . . . . . . . . . . . .
689 വിണ്ണവർനാട്ടിനെ വെന്നുനിന്നീടുന്ന
690 പുണ്യമിയന്നുള്ള ഗോകുലത്തിൽ

691 മാലോകർക്കേലുന്ന മാൽ കളഞ്ഞീടുമ
692 മ്മാമയപ്പൈതൽ വിളങ്ങുംകാലം
693 സുന്ദരിമാരുടെ മൗലിയായുള്ളൊരു
694 നന്ദവിലാസിനിയന്നൊരുനാൾ
695 കാലത്തുണർന്നു തൻ ദാസിമാരെല്ലാർക്കും
696 വേലകളോരോന്നെ ചൊല്ലിപ്പിന്നെ
697 വൈകാതെ കണ്ടിട്ടു മത്തുമായ് ചെന്നു താൻ
698 തൈർ കടഞ്ഞീടിനാൾ മെല്ലെ മെല്ലെ
699 കണ്ണനെക്കൊണ്ടുള്ള പാട്ടെല്ലാമന്നേരം
700 തിണ്ണം തെളിഞ്ഞങ്ങു പാടിപ്പാടി.

701 കാഞ്ചിയെക്കൊണ്ടു മുറുക്കിനിന്നീടുന്ന
702 പൂഞ്ചേലതന്നുടെ കാന്തികൊണ്ടും
703 അമ്പിൽ ചുരന്നുള്ള കൊങ്കകൾതന്നുടെ
704 വമ്പുറ്റ കമ്പത്തെക്കൊണ്ടും പിന്നെ
705 മത്തു വലിക്കും കരങ്ങളിലാളുമ
706 ക്കങ്കണംതന്നുടെ രാവംകൊണ്ടും
707 ഗണ്ഡസ്ഥലങ്ങളെച്ചുംബിച്ചുനില്ക്കുമ
708 ക്കുണ്ഡലഷണ്ഡത്തിൻ കാന്തികൊണ്ടും
709 തൂവിയർപ്പേന്തിനോരാനനം കൊണ്ടുമ
710 പ്പൂമലർ തൂകുന്ന ചായൽകൊണ്ടും

711 പാരം വിളങ്ങുമപ്പാഥോജലോചന
712 പാരിച്ചു തൈർ കടഞ്ഞീടുമപ്പോൾ
713 അമ്മിഞ്ഞിതായെനിക്കെന്നങ്ങു ചൊല്ലിക്കൊ
714 ണ്ടമ്മതൻ ചാരത്തു ചെന്നാൻ കണ്ണൻ:
715 "എന്തമ്മേ നീയെനിക്കമ്മിഞ്ഞി താരാഞ്ഞ
716 തെന്നെ നീയിന്നു മറന്നായോ ചൊൽ?
717 അമ്മിഞ്ഞി താരാതെ തൈർ കടഞ്ഞീടുകിൽ
718 ചെമ്മെ പിണങ്ങുമീ നമ്മിലിപ്പോൾ"
719 ഇങ്ങനെ ചൊല്ലിക്കരേറിനാനന്നേരം
720 മംഗലംപൂണ്ടവൾതന്മടിയിൽ

721 ചേവടിതന്നിലെച്ചേറെല്ലാമമ്മതൻ
722 ചേണുറ്റ ചേലയിൽ തേച്ചു ചെമ്മെ
723 തന്മകൻ വന്നതു കണ്ടൊരുനേരത്തു
724 സമ്മോദം പൊങ്ങുന്നൊരമ്മയപ്പോൾ
725 ചാലച്ചുരന്നുള്ള നന്മുല നല്കിനാൾ
726 ചാപലംപൂണ്ടു പുണർന്നു മേന്മേൽ.
727 പല്ലവം വെല്ലുന്ന കാന്തി തഴച്ചുള്ള
728 മല്ലക്കരംകൊണ്ടു മെല്ലെ മെല്ലെ
729 അമ്മതൻ മാറിലലച്ചുകൊണ്ടങ്ങവൻ
730 നന്മുലയുണ്ടു ചിരിക്കുന്നേരം

731 പാകത്തിനായിട്ടു തീക്കൽച്ചോരു പാൽ
732 തൂകക്കണ്ടീടുന്നൊരമ്മയപ്പോൾ
733 നന്മുലയുണ്ണുന്ന നന്ദനന്തന്നെയും
734 ചെമ്മെയിരിഞ്ഞു വിടുത്തു നേരേ
735 വേഗത്തിൽ പോയപ്പോഴോമനപ്പൈതല്ക്കു
736 വേറൊന്നായ് വന്നിതു ഭാവമെല്ലാം.
737 കോപത്തെക്കോലുമക്കോമളപ്പൂമേനി
738 വേപത്തെപ്പൂണ്ടുതുടങ്ങീതപ്പോൾ
739 "എന്നെ വെടിഞ്ഞുള്ളൊരമ്മയെച്ചെഞ്ചെമ്മെ
740 എന്തുകൊണ്ടിന്നിനിത്തോല്പിപ്പൂ ഞാൻ?"

741 ഇങ്ങനെ നണ്ണുമ്പോൾ ചെമ്മുള്ളോരമ്മിക്ക
742 ല്ലങ്ങൊരു കോണത്തു കാണായ് വന്നൂ
743 കണ്ടൊരു നേരത്തു മണ്ടിച്ചെന്നങ്ങതു
744 കൊണ്ടുപോന്നീടിനാൻ കൊണ്ടൽവർണ്ണൻ.
745 വങ്കലംതന്നിലെ ചാട്ടി നിന്നീടിനാൻ
746 വങ്കനംപൂണുമക്കല്ലുതന്നെ
747 പൂത്തനായ്ക്കൊണ്ടുള്ളൊരക്കലമന്നേരം
748 പത്തുനൂറുണ്ടായിതൊന്നുകൊണ്ടേ
749 ഭാജനം പോകയാൽ ഭൂതലം ചെഞ്ചെമ്മേ
750 ഭാജനമായിട്ടു വന്നനേരം.

751 മീതേ പരന്നൊരു വെണ്ണയും വാരിയ
752 മ്മാധവൻ പോയൊരു കോണിൽ പുക്കാൻ.
753 പാരം തികന്നുള്ള പാലും തളർത്തമ്മ
754 പാരാതെ വന്നിങ്ങു നോക്കുന്നേരം
755 ബാലകൻ ചെയ്തൊരു വേലയെക്കണ്ടിട്ടു
756 ചാലെച്ചിരിച്ചു നുറുങ്ങു നിന്നാൾ.
757 എങ്ങിവൻ പോയിപോലെന്നതു കാണേണം
758 എന്നങ്ങു നണ്ണി നടന്നാൾ പിന്നെ
759 എങ്ങുമേ നോക്കി നടന്നുചെന്നീടുമ്പോൾ
760 അങ്ങൊരു കോണത്തു കാണായ്വന്നു.

761 വണ്ണംതിരണ്ടൊരു പാഴുരലേറീട്ടു
762 വെണ്ണയും വായിലിട്ടാദരവിൽ
763 പൂച്ചകൾക്കായിട്ടു നല്കി നിന്നീടിനാൻ
764 ഓർച്ചയിൽ നോക്കിക്കൊണ്ടങ്ങുമിങ്ങും
765 ചൂരക്കോൽ പൂണ്ടുള്ളൊരമ്മയെക്കാണായി
766 ചാരത്തു വന്നതു കോപിച്ചപ്പോൾ,
767 കണ്ടോരുനേരത്തു മണ്ടിത്തുടങ്ങിനാൻ
768 മണ്ടിനാളമ്മയും തൻപിന്നാലെ.
769 വായ്പെഴുന്നീടുന്ന ശാസ്ത്രങ്ങൾ ചൂഴറ്റു
770 രാപ്പകൽ തേടുന്ന വേദങ്ങൾക്കും

771 തൊട്ടു നിന്നീടുവാൻ കിട്ടാതെയുള്ളോനെ
772 പ്പെട്ടെന്നു ചെന്നു പിടിച്ചാളമ്മ.
773 ചീറ്റം തിരണ്ടുള്ളൊരുള്ളവുംപൂണ്ടുനി
774 ന്നേറ്റം കയർത്തു പറഞ്ഞു പിന്നെ
775 കോഴയും പൂണ്ടിട്ടു കേഴുമപ്പൈതലേ
776 കോൽകൊണ്ടു തല്ലുവാനോങ്ങുന്നേരം
777 ഉച്ചത്തിലാമ്മാറു കേണുതുടങ്ങിനാൻ
778 അച്ഛ! എന്നിങ്ങനെ ചൊല്ലിച്ചൊല്ലി
779 കണ്ണന്റെ കണ്ണുനീർ വീണതു കാകയാൽ
780 തന്നിലേ നണ്ണിനാളമ്മയപ്പോൾ.

781 "തല്ലുവാൻ പോരാതെ പൈകതലെത്തല്ലിനാൽ
782 വല്ലായ്മയായിട്ടേ വന്നുകൂടു
783 പേടിപ്പിച്ചീടേണമെന്നതേ ചെയ്യാവൂ
784 പെട്ടെന്നതിന്നു പിടിച്ചുകെട്ടു."
785 എന്നങ്ങു തന്നിലെ നണ്മണിനോരമ്മയ
786 ന്നിന്നൊരു നല്ലുരലോടു ചേർത്തു
787 അല്പമായുള്ളൊരു പാശവും കൊണ്ടുപോ
788 ന്നപ്പൈതൽതന്നുടൽ കെട്ടുന്നേരം
789 അപ്പാശം കിഞ്ചന നീളമില്ലായ്കയാൽ
790 അപ്പൊഴേ മറ്റൊന്നിയച്ചാളമ്മ.

791 എന്നതുതന്നെയുമങ്ങനെ കാണായി
792 പിന്നെയും മറ്റൊന്നിയച്ചാളപ്പോൾ
793 പിന്നെയും പോരാഞ്ഞു പിന്നെയും മറ്റൊന്നു
794 പിന്നെയും മറ്റൊന്നതിൻ പിന്നാലെ
795 തന്നുടെ വീട്ടിലെ പാശങ്ങളിങ്ങനെ
796 ഒന്നൊന്നെ കൊണ്ടന്നു കെട്ടിക്കെട്ടി.
797 പിന്നെയും പോരാഞ്ഞിട്ടാച്ചിമാർവീട്ടിലും
798 നിന്നുള്ള പാശങ്ങൾ കൊണ്ടുപോന്നാൾ
799 ചാരത്തെ വീട്ടിലെപ്പാശങ്ങളെല്ലാമേ
800 ദൂരത്തെ വീട്ടിലെപ്പാശങ്ങളും,

801 ഒന്നഞ്ഞൂറായിരം പാശങ്ങൾ കൊണ്ടന്നു
802 കുന്നിച്ചു നിന്നങ്ങു കെട്ടിനിന്നാൾ.
803 കണ്ടുനിന്നീടുന്ന വണ്ടേലുംചായലാർ
804 മിണ്ടുവാൻ വല്ലീലയാരുമപ്പോൾ;
805 ഊക്കു പൊഴിഞ്ഞൊരു വിസ്മയം പൂണ്ടിട്ടു
806 മൂക്കിന്മേൽ കൈവച്ചു നോക്കിനിന്നാർ.
807 ദൂരത്തുനിന്നുള്ള വല്ലവിമാരെയും
808 ചാരത്തു ചാലെ വിളിച്ചുകൊണ്ടു
809 കമ്രമായുള്ളൊരു പൈതലായ്മേവുമ
810 ബ്രഹ്മത്തിൻ വൈഭവം കാട്ടിനിന്നാൾ;

811 "ആച്ചിമാരെ നിങ്ങളാശ്ചരിയം കാണ്മിൻ
812 ഈശ്വരനായോനോ എന്മകൻതാൻ
813 പാശങ്ങൾക്കെല്ലാമിമ്മേനിയോടേശുമ്പോൾ
814 നാശമേ കാണുന്നതെന്തിങ്ങനെ?"
815 എന്നങ്ങു ചൊല്ലി നടുങ്ങിനിന്നീടുമ
816 ന്നന്ദവിലാസിനിക്കേറ്റമപ്പോൾ
817 കൈയും തളർന്നിതു കാലും തളർന്നിതു
818 മെയ്യിലുമെങ്ങും വിയർത്തുകൂടി,
819 പാർത്തലംതന്നിൽ പതിച്ചുനിന്നീടിനാൾ;
820 ആർത്തി ചീർത്തേറ്റവും വീർത്തു പിന്നെ.

821 മാതാവിനുണ്ടായ ദീനത്തെക്കണ്ടിട്ടു
822 മാധവൻ ചാലെക്കനിഞ്ഞു മേന്മേൽ
823 കെട്ടുവാനായി വഴങ്ങിനിന്നീടിനാൻ
824 ഒട്ടുപോതിങ്ങനെ ചെന്നവാറെ
825 മാധവൻതന്നുടെ കാരുണ്യപൂരത്തിൻ
826 ഭാജനമായുള്ളോരമ്മയപ്പോൾ
827 മുമ്പിനാൽ കൊണ്ടന്ന പാശത്തെക്കൊണ്ടേയ
828 ത്തമ്പൈതൽതന്നെയും കെട്ടിനിന്നാൾ
829 ഉണ്ണിക്കിടാവുമപ്പാഴുരൽ പൂണ്ടുകൊ
830 ണ്ടുള്ളം കലങ്ങിക്കരഞ്ഞു നിന്നാൻ.

831 കണ്മുന്നിൽ പിള്ളർ കളിക്കുന്നതും കണ്ടു
832 കണ്ണുനീർ മെയ്യിലൊഴുക്കി മേന്മേൽ
833 മാതാവുതാനും മറ്റുള്ളവരെല്ലാരും
834 മാഴ്കാതെ പോയി മറഞ്ഞ നേരം
835 കാട്ടുമരങ്ങളെ നോക്കിനിന്നീടിനാൻ
836 വാട്ടമകന്നൊഴും ബാലകന്താൻ
837 ദൂരവേ കാണായി നീർമരുതായുള്ള
838 ദാരുക്കൾ രണ്ടുമിരട്ടയായി.
839 സൂക്ഷിച്ചു നോക്കിനിന്നുള്ളിലേ നണ്ണിനാൻ
840 സാക്ഷിയായ് മേവുമമ്മോക്ഷദന്താൻ,

841 "കേവലം പോരുന്ന പാഴ്മരമല്ലിതു
842 ദേവർഷിതന്നുടെയാജ്ഞയത്രെ.
843 വിത്തേശൻതന്നുടെ പുത്രന്മാരായി ര
844 ണ്ടുത്തമരായുള്ള ഗൂഹ്യകന്മാർ
845 മദ്യവും സേവിച്ചു മാനിനിമാരുമാ
846 യുദ്യാനംതന്നിൽ കളിച്ചു പിന്നെ
847 താമരപ്പൊയ്കയിൽ ചെന്നങ്ങിറങ്ങീട്ടു
848 കാമവിനോദങ്ങൾ കോലുന്നേരം
849 നാരദൻ വന്നതു തെറ്റെന്നു കാണായി
850 നാരിമാരെല്ലാരും നാണിച്ചപ്പോൾ

851 തീരത്തു ചേർത്തുള്ള ചേലകളെല്ലാമെ
852 പാരാതെ ചെന്നങ്ങെയുത്തുടുത്താർ
853 ഗുഹ്യകന്മാരവരവ്വണ്ണമേ നിന്നാർ
854 ധിക്കരിച്ചമ്മുനി മുന്നിൽത്തന്നെ.
855 എന്നതു കണ്ടൊരു നാരദൻ നണ്ണിനാൻ:
856 "ഇന്നിവർതന്നെയടക്കേണം ഞാൻ
857 നാളെയുമിങ്ങനെയാചരിച്ചീടുമ്പോൾ
858 നാശമേ വന്നീടു നാളിൽ നാളിൽ
859 ശാപത്തെക്കൊണ്ടു മദത്തെയടക്കും ഞാൻ
860 ആപത്തു മേലിൽ വരാതവണ്ണം"

861 എന്നങ്ങു നണ്ണിന നാരദൻ ചൊന്നാന
862 ന്നിന്നവർ നന്മുഖം നോക്കി നേരെ:
863 "പാപങ്ങളിങ്ങനെ ചെയ്കയാലിന്നിങ്ങൾ
864 പാഴ്മരമായ്പോകയിന്നുതന്നെ
865 നന്ദകുമാരകൻ വന്നുതൊടുന്നനാൾ
866 നന്നായി വന്നീടുകെ" ന്നും ചൊല്ലി
867 നാരദൻ പാരാതെ പോകത്തുടങ്ങിനാൻ
868 നാരായണായെന്നു പാടിപ്പാടി.
869 അങ്ങനെയുള്ള മരങ്ങളിന്നിങ്ങനെ
870 അങ്ങതു കാണായതെന്നാലിപ്പോൾ

871 നാരദൻ ചൊന്നതു പാരാതെ ഞാനിന്നു
872 കാരിയമാക്കേണം എന്നു നണ്ണി,
873 മെയ്യോടു ചേർന്നൊരു പാഴുരൽതന്നെയും
874 മെല്ലെ വലിച്ചു നടന്നാൻ കണ്ണൻ
875 പാഴ്മരന്നിന്നതിഞ്ചാരത്തു ചെന്നതിൻ
876 പാഴിലേ നൂണു പുറപ്പെട്ടപ്പോൾ
877 പാഴുരൽ നേരേ വിലങ്ങിച്ചുപോകയാൽ
878 പാരം വലിച്ചു നടന്നാൻ കണ്ണൻ
879 ഉണ്ണിക്കിടാവു വലിച്ചൊരു നേരത്തു
880 തിണ്ണം കുലഞ്ഞു ഞെരിഞ്ഞു പിന്നെ

881 അമ്മരമൊന്നങ്ങു പൊട്ടിനോരൊച്ചകൊ
882 ണ്ടംബരമെങ്ങും നിറഞ്ഞുനിന്നു;
883 ഭൂതലംതന്നിൽ പതിച്ചുതായന്നേരം
884 ചേതന വേറിട്ട ദേഹംപോലെ
885 ദിവ്യജനങ്ങൾ മരങ്ങളിൽനിന്നപ്പോൾ
886 ഹവ്യവഹൽപ്രഭയെന്നപോലെ
887 ഉൽഗമിച്ചീടിനാരൂനവും നീക്കി നി
888 ന്നുൽഗദം പൂണ്ടവരൂഢമോദം
889 കെട്ടുപെട്ടീടുമപ്പൈതലെക്കാണ്കയാ
890 ലൊട്ടുപോൽ നോക്കിനാർ സൂക്ഷ്മമായി

891 കന്മഷവൈരിയെക്കാകയാൽ മാനസം
892 നിർമ്മലമായിട്ടു വന്നനേരം
893 നാരദൻ ചെന്നൊരു ശാപവും മോക്ഷവും
894 മാനസംതന്നിലങ്ങായിതപ്പോൾ
895 മൂലോകനായകനായിനിന്നീടുന്ന
896 ബാലകൻതാനിതെന്നുള്ളിൽ നണ്ണി
897 പുണ്യങ്ങൾ ചെയ്തുള്ള നാവുകൊണ്ടന്നവർ
898 കണ്ണനെത്തിണ്ണം പുകണ്ണുനിന്നാർ:
899 "പാലാഴിമാതുതൻ വാർമുലതന്നിലെ
900 മാലേയച്ചാറൂറും മാറുള്ളോനേ

901 പാലിച്ചുകൊള്ളേണം ഞങ്ങളെയെന്നുമേ
902 നീലക്കാർവർണ്ണരേ കൈതൊഴുന്നേൻ.
903 നാരദൻതന്നുടെ ശാപവാക്കെങ്ങൾക്കു
904 നേരേമറിച്ചിന്നു വന്നുകൂടി
905 അല്ലായ്കിലുണ്ടോയിന്നിന്നുടെ ചേവടി
906 ത്തെല്ലിനെക്കൂപ്പുവാൻ കൈവരുന്നൂ"
907 ഇങ്ങനെ ചൊന്നവർ വാഴ്ത്തിനനേരത്തു
908 മംഗലം പൊങ്ങുമമ്മാധവൻതാൻ
909 മെല്ലവേ ചൊല്ലിനാ "നെങ്കിലേ നിങ്ങളി
910 ന്നല്ലലും തീർത്തുടൻ നല്ലരായി

911 താവകമായുള്ള ദേശത്തെ നോക്കീട്ടു
912 പോവതിന്നായിത്തുടങ്ങിനാലും."
913 എന്നതു കേട്ടൊരു ഗുഹ്യകവീരന്മാർ
914 നന്ദകുമാരനെ വന്ദിച്ചപ്പോൾ
915 ഉത്തരയായുള്ള ദിക്കിനെ നോക്കിനി
916 ന്നത്തലും തീർത്തു നടന്നാർ ചെമ്മെ;
917 സ്വാവാസമായുള്ള മന്ദിരം തന്നിൽ പു
918 ക്കാവോളം ഭോഗങ്ങളാണ്ടു മേന്മേൽ
919 ബന്ധുക്കളായുള്ള ലോകരുമായിട്ടു
920 സന്തുഷ്ടരായി വസിച്ചാർ പിന്നെ.

921 ദാരു ഞെരിഞ്ഞുള്ളോരൊച്ചയങ്ങെല്ലാരും
922 ദാരുണമായിട്ടു കേട്ടനേരം
923 പേടിച്ചിതെന്തെന്നു ചൊല്ലിയുഴന്നിട്ടു
924 പേപ്പെട്ടു നോക്കി നടന്നു നേരെ
925 ശാഖികൾ വീണൊരു ഭൂതലംതന്നിലെ
926 ചാടിക്കൊണ്ടെല്ലാരും ചെന്നു പിന്നെ
927 "കാറ്റേതും കൂടാതെ പാഴ്മരം വീഴുവാൻ
928 കാരണമെന്തെന്നു ചൊല്ലുതിപ്പോൾ"
929 എന്നവർ ചൊന്നതു കേട്ടൊരു നേരമ
930 ന്നിന്നൊരു പൈതങ്ങൾ ചൊന്നാരപ്പോൾ:

931 "കാർമുകിൽവർണ്ണനിക്കാനനംതന്നിലെ
932 പ്പാഴ്മരംതൻ പാഴിൽ പൂകുന്നേരം
933 നേരേ വിലങ്ങുമുരലിങ്ങു വാരാഞ്ഞു
934 പാരം വലിച്ചൊരു നേരത്തപ്പോൾ
935 എട്ടു ദിക്കെങ്ങുമേ ഞെട്ടുമാറമ്മരം
936 പൊട്ടി നിലംതന്നിൽ വീണുടനെ;
937 അമ്മരംതന്നിൽനിന്നപ്പോഴിരുവരെ
938 ചെമ്മേയെഴുന്നതും കണ്ടു ഞങ്ങൾ,
939 കണ്ണനും തങ്ങളുംകൂടിപ്പറഞ്ഞവർ
940 തിണ്ണം വിളങ്ങി നുറുങ്ങു നിന്നാർ.

941 നിങ്ങളിങ്ങെല്ലാരും വന്നോരുനേരത്തു
942 തങ്ങളങ്ങെങ്ങാനും പോയ്മറഞ്ഞാർ,"
943 ബാലന്മാരിങ്ങനെ ചാലപ്പറഞ്ഞപ്പോൾ
944 ഗോപന്മാരാരും ചെവിക്കൊള്ളാഞ്ഞാർ
945 ബാലന്മാർ ചൊല്ലെല്ലാമുണ്മയായ് വന്നീടാ
946 ലീലയായ്പോമത്രെയെന്നു നണ്ണി.
947 ഈശനെന്നുള്ളൊരു ബോധമില്ലാതെയും
948 സംശയമായി ചിലർക്കു പിന്നെ.
949 "ഇങ്ങനെതന്നേയിതല്ലയല്ലീ ചെമ്മേ?"
950 എന്നവർ ചൊന്നതു കേട്ടനേരം

951 മറ്റുള്ള ഗോപന്മാരിങ്ങനെ ചൊല്ലിനാർ:
952 "മുറ്റുമിതിന്നു ചിരിക്കേവേണ്ടൂ.
953 ഭോഷത്വം നിങ്ങൾ പറഞ്ഞുതുടങ്ങിനാൽ
954 ശേഷിച്ചോരെല്ലാരും ഭോഷന്മാരാം
955 കാളയുണ്ടങ്ങൂട്ടു പെറ്റുകിടക്കുന്നു
956 നീളമുണ്ടായൊരു പാശം കൊണ്ടാ"
957 എന്നങ്ങു ചൊല്ലുന്ന വേലയോടൊക്കുമേ
958 യിന്നിങ്ങൾ ചിന്തിച്ചുരച്ചതെല്ലാം"
959 "പൈതങ്ങൾ ചൊന്നതു പട്ടാങ്ങായ്മേവുമോ
960 കൈതവമല്ലാതെയുണ്ടോ കാണ്മൂ"

961 മൂവാണ്ടു പൂകാതെ പൈതൽക്കിന്നിങ്ങനെ
962 ആവൊരു വേലയെന്നുണ്ടോ തോന്നി?
963 "ഇന്നിതിൻ കാരണം നന്ദകുമാരന
964 ല്ലെന്നതു ഞാൻതന്നെ തീർന്നുകൊള്ളാം."
965 തങ്ങളിലിങ്ങനെ ചൊല്ലിന ഗോപന്മാർ
966 തിങ്ങിനകൗതുകമാണ്ടു ചെമ്മെ
967 വേദന വേറിട്ടു വേഗത്തിൽ പോയങ്ങു
968 വേണുന്ന വേലകൾ മേവിനിന്നാർ.
969 അമ്മതാനന്നേരം തന്മകന്തന്നെയും
970 ചെമ്മെയെടുത്തുകൊണ്ടങ്ങു പോവാൻ

971 ചാലെത്തുനിഞ്ഞോരുനേരത്തു ചൊല്ലിനാൾ
972 നീലക്കാർവേണിമാരെല്ലാരോടും:
973 "എന്മകന്തന്നെക്കയർക്കുന്നേനല്ല ഞാ
974 നെന്നുമേയിങ്ങനെ തോഴിമാരെ
975 ഇന്നു ഞാനെന്മകൻതന്നെക്കയർത്തതോ
976 നന്നായെനിക്കു ഫലിച്ചുതല്ലോ.
977 ഇങ്ങനെയെന്മകൻതന്മേനി പൂണ്മൻ ഞാൻ
978 അങ്ങനെ ചെമ്മായാൽ പോരും ശീലം
979 ശീലമോ നന്നല്ല ബാലകനെന്നുള്ള
980 മാലോകർചൊല്ലെല്ലാം ഞാൻ പൊറുപ്പൻ

981 ഇങ്ങനെയെന്മകൻതന്മുഖം കാണുമ്പോൾ
982 എങ്ങനെ തോഴി കയർപ്പു ചൊൽ നീ?"
983 ഇങ്ങനെ ചൊന്നവൾ തന്നുടെ പൈതലെ
984 പൊങ്ങിനോരാനന്ദം പൂണ്ടുപൂണ്ടു
985 മറ്റുള്ള മാതരും താനുമായങ്ങനെ
986 തെറ്റെന്നു ചെന്നു തൻ വീടു പുക്കാൾ.