കൃഷ്ണഗാഥ/ഒന്നാം ഭാഗം/വിപ്രപത്ന്യനുഗ്രഹലീല
ആയർകുമാരിമാർ പോയൊരു നേരത്തു
2 മായം കലർന്നവൻ ബാലരുമായ്
3 വാരുറ്റുനിന്നൊരു കാവുതന്നൂടെ പോയ്
4 ദാരുക്കളോരോന്നേ വാഴ്ത്തി വാഴ്ത്തി
5 കാലം പകല്ക്കൊരു പാതിയായ് മേവുമ്പോൾ
6 കാളിന്ദീതീരത്തു ചെന്നനേരം
7 വൈൽകൊണ്ടുനിന്നുള്ള ബാലകന്മാരെല്ലാം
8 പൈകൊണ്ടു മാഴ്കിത്തളർന്നു ചൊന്നാർ:
9 "പൈകൊണ്ടു പാരം തളർന്നു ചമഞ്ഞുതേ
10 പൈതങ്ങളായുള്ള ഞങ്ങളെല്ലാം
11 അമ്പാടിതന്നോളം ചെന്നെത്തിക്കൊള്ളുവാൻ
12 വമ്പെന്നേ തോന്നൂന്നു പിന്നെപ്പിന്നെ."
13 പൈതങ്ങളിങ്ങനെ ചൊന്നോരു നേരത്തു
14 കൈതവം കൂടാതെ ചൊന്നാൻ കണ്ണൻ:
15 "അജ്ഞന്മാരല്ലാതെ വിപ്രന്മാരുണ്ടിങ്ങു
16 യജ്ഞത്തെദ്ദീക്ഷിച്ചു നില്ക്കുന്നിപ്പോൾ:
17 ദീനന്മാരായുള്ള നിങ്ങളെക്കാണുമ്പോൾ
18 മാനിച്ചു നല്കുവർ ചോറു ചെമ്മേ."
19 എന്നതു കേട്ടുള്ള ബാലകന്മാരെല്ലാം
20 ചെന്നങ്ങു നിന്നിട്ടു ചൊന്നാരപ്പോൾ:
21 "കാളിന്ദീതീരത്തു കാലികൾ മേയ്ക്കുന്ന
22 കാർവർണ്ണൻചൊല്ലാലെ വന്നു ഞങ്ങൾ
23 ഖിന്നന്മാരായ് വന്നു മുന്നമേ പൈകൊണ്ടി
24 ങ്ങന്നത്തെ നല്കേണം ധന്യന്മാരെ!"
25 എന്നതു കേട്ടുള്ള ഭൂദേവന്മാരെല്ലാം
26 ഏതുമേ മിണ്ടാതെ നിന്നമൂലം
27 ദീനന്മാരായുള്ള ബാലകന്മാരെല്ലാം
28 ആനനം താഴ്ത്തിനിന്നൊട്ടുനേരം;
29 കണ്ണന്റെ ചാരത്തു പാരാതെ വന്നിട്ടു
30 കണ്ണുനീരോലോലെച്ചൊന്നാരെല്ലാം.
31 അഞ്ചനവർണ്ണന്താനെന്നതു കേട്ടപ്പോൾ
32 പുഞ്ചിരി പൂണ്ടുടൻ ചൊന്നാൻ പിന്നെ:
33 "പത്നിമാർ മേവുന്ന ശാലയിലെല്ലാരും
34 പാരാതെ ചെല്ലുവിൻ പൈതങ്ങളേ!"
35 കണ്ണന്താനിങ്ങനെ ചൊല്ലിത്തുടങ്ങുമ്പോൾ
36 തിണ്ണം നടന്നുടൻ ബാലകന്മാർ
37 പത്നിമാർ മേവുന്ന ശാലയിൽ ചെന്നിട്ടു
38 മുഗ്ദ്ധരായ് ചൊല്ലിനാർ മുന്നെപ്പോലെ.
39 കണ്ണനെന്നിങ്ങനെ ചൊന്നതു കേട്ടപ്പോ
40 ളെണ്ണമില്ലാതോളം സന്തോഷത്താൽ
41 ഭക്തിയെപ്പൂണ്ടുള്ള പത്നിമാരെല്ലാരും
42 ഒത്തങ്ങു കൂടിക്കലർന്നുടനെ
43 നൽച്ചോറുതന്നെയും നൽക്കറിതന്നെയും
44 വച്ചുകൊണ്ടോരോരോ ഭാജനത്തിൽ
45 പാഞ്ഞുതുടങ്ങിനാർ പാപങ്ങൾ വേരറ്റു
46 പാവനമാരായിപ്പാരമപ്പോൾ;
47 കാളിന്ദീതീരത്തു ചെന്നോരു നേരത്തു
48 കാർവർണ്ണന്തന്നെയും കാണായ് വന്നു
49 കാർമുകിൽമാലകൾ കാമിച്ചുനിന്നൊരു
50 കോമളകാന്തി കലർന്നുനിന്നോൻ,
51 കാഞ്ചനംകൊണ്ടുള്ള കാഞ്ചികൊണ്ടീടെഴും
52 പൂഞ്ചേലമീതേ മുറുക്കി നന്നായ്
53 അത്ഭുതമായുള്ള പുഷ്പങ്ങളെക്കൊണ്ടു
54 ചൊല്പെറ്റ കാന്തിയെക്കൈതുടർന്നു
55 പീലികൾ കോലിന മൗലിയുമാണ്ടുള്ളോൻ
56 പീതമായുള്ളൊരു കൂറയുമായ്,
57 പാണികളാലൊന്നു ബാലകന്തന്നുടെ
58 ചേണുറ്റെഴുന്ന കഴുത്തിൽ വച്ച്
59 മംഗല്യമാണ്ടൊരു മറ്റതിലങ്ങനെ
60 മങ്ങാതപ്പങ്കജം പൂണ്ടുനിന്നോൻ.
61 ഭദ്രനായുള്ളൊരു കണ്ണനെയിങ്ങനെ
62 പത്നിമാരെല്ലാരും കണ്ടനേരം
63 ചാരത്തു ചെന്നവൻ പാദങ്ങൾതൻ മുന്നൽ
64 ചാലപ്പോയ് വീണുകിടന്നു പിന്നെ
65 നൽച്ചോറുതന്നെയുമച്യുതന്തൻ മുന്നൽ
66 വച്ചങ്ങു കൂപ്പിനാർ വായ്പിനോടെ.
67 അച്ചുതന്താനപ്പോളിച്ഛയിൽ വച്ചൊരു
68 നൽച്ചോറുതന്നെയും വാങ്ങിപ്പിന്നെ
69 കാരുണ്യംപൂണ്ടൊരു കകൊണ്ടു നോക്കീട്ടു
70 പാരം കുളുർപ്പിച്ചാൻ മേനിയെല്ലാം
71 ദീനത പോക്കുന്ന നന്മൊഴികൊണ്ടവർ
72 മാനസംതന്നെയുമവ്വണ്ണമേ.
73 മുക്തിയെക്കാമിച്ച പത്നിമാരെന്നപ്പോൾ
74 മുഗ്ദ്ധവിലോചനനോടു ചൊന്നാർ:
75 "കാലൻവന്നെങ്ങളെ കോപിച്ചുനിന്നങ്ങു
76 ചാലപ്പിടിച്ചു വലിക്കുന്നേരം
77 ആലംബമില്ല നിൻ പാദങ്ങളെന്നിലേ
78 പാലിച്ചുകൊള്ളുവാൻ തമ്പുരാനേ!
79 അന്നന്നേയിങ്ങനെയമ്മമാരുള്ളിലേ
80 നിന്നു പിറന്നും മരിച്ചും പിന്നെ
81 തിട്ടതി പൂണുന്നുതൊട്ടുനാളുണ്ടെങ്ങൾ
82 ഒട്ടേറിപ്പോകുന്നുതില്ലയോ ചൊൽ?
83 വൃക്ഷങ്ങളാകിലും പക്ഷികളാകിലും
84 മക്ഷികളാകിലും ഞങ്ങളെല്ലാം
85 നിമ്പാദമുള്ളിലേ സന്തതം തോന്നുവാൻ
86 നിങ്കനിവേകണം തമ്പുരാനേ!"
87 ഭക്തമാരായുള്ള പത്നിമാരിങ്ങനെ
88 തത്ത്വമറിഞ്ഞു പറഞ്ഞനേരം
89 മുക്തിദനായുള്ള മുഗ്ദ്ധവിലോചനൻ
90 പത്നിമാരോടു പറഞ്ഞാനപ്പോൾ:
91 "എന്നിലിന്നിങ്ങൾക്കു ഭക്തിയുണ്ടെന്നതു
92 മുന്നമേതന്നെയറിഞ്ഞുള്ളു ഞാൻ.
93 മത്ഭക്തിപൂണ്ടുള്ള മർത്ത്യന്മാരാരുമേ
94 ഗർഭത്തിൽ നൂഴുന്നോരല്ലയെന്നും
95 ഭക്തിയെപ്പൂണ്ടിട്ടു ശുദ്ധമായുള്ളൊരു
96 ചിത്തത്തിലെന്നെ നിനച്ചുകൊൾവിൻ.
97 നിർമ്മലമായുള്ളോരുണ്മയെക്കാണുമ്പോൾ
98 ബ്രഹ്മമാമെന്നോടു കൂടും നിങ്ങൾ."
99 ഇങ്ങനെ ചൊന്നവരുള്ളത്തിലെങ്ങുമേ
100 പൊങ്ങിന വേദന പൊങ്ങിപ്പിന്നെ
101 "വൈതാനകർമ്മത്തിൻ വൈകല്യം വാരാതെ
102 വൈകാതെ പോകെങ്കി"ലെന്നു ചൊന്നാൻ.
103 പത്നിമാരെല്ലാരുമെന്നതു കേട്ടപ്പോൾ
104 പത്മവിലോചനൻപാദങ്ങളെ
105 ദുഷ്കർമ്മം വേരറ്റൊരുൾക്കാമ്പിലൂന്നി നി
106 ന്നൊക്കവേ പോയങ്ങു ശാല പുക്കാർ.
107 പത്നിമാർ വന്നതു കണ്ടൊരു നേരത്തു
108 വിപ്രന്മാരെല്ലാരുമപ്പൊഴുതേ
109 കണ്ണന്റെ യാചനം കൈക്കൊണ്ടുതില്ലെന്നു,
110 ഖിന്നന്മാരായ്നിന്നു പിന്നെപ്പിന്നെ,
111 കാണ്മതിന്നാരുമേ കംസനെപ്പേടിച്ചു
112 ചാപദംപോലും നടന്നുതില്ലേ.
113 കാർമുകിൽവർണ്ണന്താൻ ബാലകന്മാരുമായ്
114 തൂമകലർന്നങ്ങിരുന്നു പിന്നെ
115 സ്വാദുവായ് നിന്നുള്ളോരോദനം തന്നെയും
116 ആദരപൂർവ്വമായുണ്ടു ചെമ്മെ
117 കേടറ്റു ചാടുന്ന ധേനുക്കൾപിന്നാലെ
118 ചാടിക്കുഴഞ്ഞുതൻ വീടു പുക്കാൻ.