Jump to content

കൃഷ്ണഗാഥ/ഒന്നാം ഭാഗം/പൂതനാമോക്ഷം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കൃഷ്ണഗാഥ
ഒന്നാം ഭാഗം

കൃഷ്ണഗാഥ
രണ്ടാം ഭാഗത്തിലേക്ക്


1 നാകികൾനേരൊത്ത ഗോപന്മാരെല്ലാർക്കും
2 നാഥനായ് നന്നായി നിന്ന നന്ദൻ
3 സന്തതിയില്ലാഞ്ഞു സന്തതം വെന്തുവെ
4 ന്തന്തരാ ചിന്തയും പൂണ്ടകാലം
5 അത്ഭുതകാന്തി കലർന്നൊരു ജായയ്ക്കു
6 ഗർഭവുമുണ്ടായിവന്നുകൂടി.
7 എന്നതു കണ്ടിട്ടു നിന്നൊരു നന്ദന്താൻ
8 വന്നെഴുന്നീടുന്ന മോദത്താലെ
9 പ്രാശ്നികന്മാരോടു ചോദിച്ച നേരത്തു
10 പ്രാശ്നികന്മാരിലൊരുത്തൻ ചൊന്നാൻ:

11 "ഇന്നിവൾതന്നുടെ ഗർഭത്തിൽനിന്നതോ
12 കന്യകയെന്നതു നിർണ്ണയിച്ചു."
13 അന്യനായുള്ളവൻ ചൊല്ലിനിന്നീടിനാൻ
14 കന്യകയെന്നവൻ ചൊന്നനേരം:
15 "തേമ്പാത കാന്തി കലർന്നുനിന്നീടുന്നൊ
16 രാപൈതലുണ്ടാമിപ്പേററിലിപ്പോൾ
17 കാണുന്ന നേരത്തു കന്യകയല്ലെന്നു
18 മാണെന്നുമുള്ളതു നിർണ്ണയിച്ചു."
19 അന്യനായുള്ളവൻ ചൊല്ലിനിന്നീടിനാൻ
20 പിന്നെയും നിന്നു വിചാരിച്ചുടൻ:

21 "ഇങ്ങനെയല്ലായ്കിലെന്നുടെ ശാസ്ത്രം ഞാൻ
22 എന്നുമേ തീണ്ടുന്നോനല്ല മേലിൽ."
23 വായ്പൊരുൾകൊണ്ടവർ നേരിട്ട നേരത്തു
24 വായ്പോടു ചൊല്ലിനാൻ നിന്നൊരന്യൻ:
25 "ചെമ്പല്ലവാംഗിതൻ നല്പിള്ളയായതോ
26 പെപിള്ളയെന്നതും ചേരുമല്ലോ
27 മാപാർന്ന കാന്തിതൻ കാമ്പായിനിന്നുള്ളൊ
28 രാപൈതലെന്നതും ചേരുമത്രേ.
29 ഇങ്ങനെയുള്ളൊരു സംഗതി ചേരായെ
30 ന്നങ്ങനെ നണ്ണി ഞാൻ മൗനമാണ്ടു.

31 എന്നുടെ ചിന്തിതമാരുമേ കാണൊല്ലാ
32 യെന്നുണ്ടു ദൈവത്തിനെന്നതത്രെ
33 പ്രാശ്നികന്മാരായ ഞങ്ങളിന്നെല്ലാരും
34 പ്രാകൃതരായിച്ചമഞ്ഞു,തെന്നാൽ
35 വന്നതു കണ്ടിട്ടു നിർണ്ണയിച്ചീടു നാം
36 എന്നതേയോർച്ചയിൽ ചേർച്ചയുള്ളു.
37 നന്ദനോടിങ്ങനെ ചൊന്നവരെല്ലാംതാൻ
38 മന്ദിരം നോക്കി നടന്നാർ പിന്നെ
39 "നന്മയേ നല്കേണം ദൈവമേ! എന്നങ്ങു
40 നന്ദനും പ്രാർത്ഥിച്ചു നിന്നകാലം

41 മാസങ്ങൾ പോന്നു തികഞ്ഞു തന്മാനിനി
42 ക്കാസന്നമായ് വന്നു സൂതികാലം.
43 പാതിരാനേരത്തു പാരാതെ പെറ്റാള
44 പ്പാഥോജലോചനാ പൈതൽതന്നെ.
45 സൂതികൊണ്ടുണ്ടായ മോഹത്തെപ്പൂണ്ടവൾ
46 കാതരയായി നുറുങ്ങുനേരം
47 ചാരിക്കിടന്നങ്ങുണർന്നോരു നേരത്തു
48 ചാരത്തു നോക്കിനാൾ മന്ദ;മപ്പോൾ
49 കോമളനായ കുമാരനെക്കാണായി
50 കാർമ്മുകിൽ കാമിക്കും കാന്തിയുമായ്.

51 ആണെന്നു നിർണ്ണയിച്ചാനന്ദം പൂണുന്നോ
52 രേണവിലോചനമാരെന്നപ്പോൾ
53 നന്ദനു നല്ലൊരു കാഴ്ചയായ് നല്കിനാർ
54 നന്ദനനുണ്ടായിതെന്നിങ്ങനെ.
55 ചിന്തയെപ്പൂണ്ടൊരു നന്ദന്താനന്നപ്പോൾ
56 അന്തമില്ലാതൊരു സന്തോഷത്താൽ
57 ചേലകൾ നല്ലവ നല്കിനിന്നീടിനാൻ
58 ബാലകജന്മത്തെച്ചൊന്നോർക്കെല്ലാം
59 "പിന്നെയും പിന്നെയും ചൊല്ലുവിനെന്നോടു
60 നന്ദനനെന്നുള്ള നാമമിന്നും

61 അഞ്ചാതെ ചെഞ്ചെമ്മേ പിന്നെയും പിന്നെയും
62 എൻ ചെവി രണ്ടും കുളുർക്കുംവണ്ണം."
63 ഇങ്ങനെ ചൊല്ലീട്ടു പിന്നെയും ചെന്നോർക്കു
64 മങ്ങാതെ ചേലകൾ നൽകിനിന്നാൻ.
65 പാരാതെ ചെന്നങ്ങു പൈതലെക്കണ്ടിട്ടു
66 നീരാടിപ്പോന്നിങ്ങു വന്നു പിന്നെ
67 ആരണർ ചൊല്ലാലെ ജാതകർമ്മത്തെയു
68 മാചരിച്ചീടിനാനാദരവിൽ.
69 ദാനങ്ങൾകൊണ്ടവൻ വാനവർശാഖിക്കു
70 നാണത്തെപ്പൂകിച്ചാന്മാനസത്തിൽ.

71 "നന്ദനു നല്ലൊരു നന്ദനനുണ്ടായി"
72 തെന്നൊരു വാർത്ത പരന്നുതെങ്ങും.
73 വേർ പാകിനിന്നൊരു വേഴ്ചയെപ്പൂണ്ടുള്ള
74 ഗോപാലന്മാരെല്ലാം വന്നു പിന്നെ
75 ബാലകനുണ്ടായ മോദത്തെപ്പൂണ്ടിട്ടു
76 ചാലെക്കളിച്ചു പുളച്ചുനിന്നാർ
77 ആച്ചിമാരെല്ലാരും കാഴ്ചയുമായിട്ടു
78 പാച്ചിൽ തുടങ്ങിനാർ പാരമപ്പോൾ.
79 ബാലകന്തന്നുടെയാനനം കണ്ടിട്ടു
80 ചാല മുകർന്നു പുണർന്നുനിന്നാർ.

81 സന്തോഷംപൂണ്ടു തഴച്ചുനിന്നീടിനാർ
82 ബന്ധുക്കളായുള്ള ലോകരെല്ലാം.
83 ഗോഷ്ടികൾ കോലുന്ന ഗോപന്മാർ ചൂഴുറ്റു
84 വാട്ടമകന്നുള്ള ഗോഷ്ഠംതന്നിൽ
85 വത്സലനായൊരു വത്സനുണ്ടാകയാൽ
86 ഉത്സവംകൊണ്ടു നിറഞ്ഞുതെങ്ങും.
87 അന്നു തുടങ്ങി വിളങ്ങുമന്നന്ദൻറെ
88 സുന്ദരമായുള്ള മന്ദിരത്തിൽ
89 ചെന്നുതുടങ്ങിനാൾ ചെന്താരിൽമങ്കയും,
90 ചെമ്മു വരുന്നനാളെന്നു ഞായം.

91 യത്നങ്ങൾകൂടാതെ ഗേഹങ്ങളെല്ലാമേ
92 രത്നങ്ങൾകൊണ്ടു നിറഞ്ഞുകൂടി.
93 ഗോക്കൾതൻ തിണ്മയെപ്പാർക്കുന്നതാകിലോ
94 വാക്കുകൊണ്ടേതും വചിച്ചുകൂടാ.
95 കന്നും കിടാക്കളുമന്നു തുടങ്ങിയ
96 മ്മന്ദിരംതന്നിൽ നിറഞ്ഞൊഴിഞ്ഞു,
97 മാന്യങ്ങളായിട്ടു മറ്റുള്ളതെല്ലാമെ
98 ധാന്യത്തിൻപുരവുമവ്വണ്ണമേ.
99 ഇങ്ങനെയെല്ലാരും പൊങ്ങിനിന്നീടുന്ന
100 മംഗല്യമാണ്ടു വസിക്കുംകാലം,

101 കല്പിച്ചുനിന്ന കരത്തെയക്കംസനാ
102 യൊപ്പിച്ചു പോരേണമെന്നു നണ്ണി
103 യാതനായ് മേവിനാനായന്മാർക്കെല്ലാം
104 നാഥനായ് നിന്നൊരു നന്ദനപ്പോൾ.
105 പാരാതെ ചെന്നൂ കരത്തെയും നല്കീട്ടു
106 പോരുവാനിങ്ങു തുടങ്ങുന്നേരം
107 ആനകദുന്ദുഭിതാനറിഞ്ഞിട്ടു
108 മാനിച്ചു ചെന്നവൻ ചാരത്തപ്പോൾ
109 പ്രേമത്തെ തൂകുന്ന തൂമൊഴികൊണ്ടുടൻ
110 വാർമെത്തുമാറു പറഞ്ഞുനിന്നാൻ.

111 നന്ദനും ചൊല്ലിനാ,നെന്നതു കേട്ടവൻ
112 വന്നതുകൊണ്ടുള്ള സന്തോഷത്താൽ:
113 "കാണേണമെന്നു ഞാൻ കാമിച്ചനേരത്തു
114 കാണായിവന്നതും ഭാഗ്യമല്ലോ.
115 പണ്ടു കഴിഞ്ഞുളള്ള ദീനങ്ങളോർക്കുമ്പോൾ
116 ഇണ്ടലുണ്ടാകുന്നു പാരമുള്ളിൽ.
117 എത്രയുമേറ്റം കൊതിച്ചുനിന്നല്ലൊ തൻ
118 പുത്രനെക്കാണുന്നു ലോകരെല്ലാം
119 അങ്ങനെയുണ്ടായ പുത്രരെയല്ലൊയി
120 മ്മംഗലം വേരറ്റ പാപി കംസൻ

121 പാരാതെ ചെന്നു പിറന്നങ്ങു വീഴുമ്പോൾ
122 പാറമേൽ തല്ലിക്കഴിച്ചുകൂട്ടി
123 നാളെയുമുണ്ടാമിപ്പൈതങ്ങളെന്നുള്ളൊ
124 രാശയെക്കോലേണ്ടായെന്നു വന്നു.
125 ഉണ്ടാകുന്നാകിലിക്കണ്ടൊരു കംസനോ
126 പണ്ടേവനല്ലോതാ, നെന്തു കാര്യം?
127 പിന്നപ്പിറന്നൊരു കന്യകയുണ്ടായി
128 തെന്നതുമങ്ങനെ പോയിതായി.
129 വന്നുവന്നീടുന്നതെല്ലാമെ കാണ്മു നാം
130 ഒന്നിന്നും ഖേദിയായ്കെന്നേ വേണ്ടു."

131 എന്നതുകേട്ടുള്ളൊരാനകദുന്ദുഭി
132 പിന്നെയും ചൊന്നാനന്നന്ദനോടായ്:
133 "ശാശ്വതവാക്കുകളാശ്രയിച്ചീടുന്നൊ
134 രീശ്വരൻതന്നുടെ ലീലയെന്നേ
135 വന്നതു വന്നതു നിർണ്ണയിച്ചിങ്ങനെ
136 മന്നിടം ചേരുന്നുതിന്നിന്നു ഞാൻ.
137 രോഹിണീസൂനുവാമെന്നുടെ നന്ദനൻ
138 ദ്രോഹവുംകൂടാതെ മേവുന്നോനോ?
139 എന്നുടെ ജീവനം നിന്നുടെ കൈയിലു
140 മെന്നതോ ചൊല്ലേണ്ടതില്ലയല്ലോ.

141 പുത്രനില്ലായ്കയാലത്തലെപ്പൂണ്ടു നിൻ
142 പുത്രനുണ്ടായതു കേൾക്കയാലെ
143 സന്താപം വന്നുള്ളതെല്ലാമേ പോയിട്ടു
144 സന്തോഷംചെയ്യുന്നു മാനസത്തിൽ.
145 വമ്പേറുമമ്പിനാൽ നിൻ പൈതൽതന്നെ ഞാൻ
146 എൻ പൈതലെന്നതു ചിന്തിക്കുന്നു.
147 എൻ പൈതലുണ്ടായ സന്തോഷമെല്ലാമി
148 ന്നിൻപൈതൽമൂലമിന്നുണ്ടായല്ലോ.
149 അങ്ങനെയാകതു, നമ്മിലിന്നോർക്കുമ്പോൾ
150 മംഗലമാകെന്നതല്ലോ വേണ്ടു.

151 കാരിയമെല്ലാമെ പൂരിച്ചുതായല്ലോ
152 പാരാതെ പോകേണം ഗോകുലത്തിൽ.
153 വമ്പൊടു മേന്മേലേ തപെടുമല്ലലു
154 ണ്ടമ്പാടിതന്നിൽ വരുന്നുതിപ്പോൾ.
155 എന്നതിൻമുമ്പിലേ ചെന്നങ്ങു കൊള്ളേണം
156 നന്ദനന്തന്നെയും സൂക്ഷിക്കേണം"
157 എന്നതു കേട്ടൊരു നന്ദനുമന്നേരം
158 നന്ദനന്തന്നെയും നണ്ണി നണ്ണി,
159 ഗോകുലം മുന്നിട്ടു പോകത്തുടങ്ങിനാൻ
160 ആകുലമായുള്ളോരുള്ളവുമായ്.

161 ആനകദുന്ദുഭിതാനുമന്നേരത്തു
162 ദീനതതീർത്തു തെളിഞ്ഞു മേന്മൽ
163 തോയജലോചനന്തന്നെയും ചിന്തിച്ചു
164 പോയങ്ങു പൂകിനാൻ മന്ദിരത്തിൽ.
165 . . . . . . . . . . . . . . . . . . . . . . . . . . .
166 കംസന്റെ ചൊല്ലിനാൽ കൈതവംപൂണ്ടുള്ള
167 വാസവവൈരികൾ പാരിലെങ്ങും
168 ചാലെപ്പോയ് ചെന്നോരോ ബാലകന്മാരെയും
169 കാലന്നു നല്കി നടന്നകാലം
170 പൂതനയെന്നൊരു ഭൂസുരനാശിനി

171 ഭൂതലംതന്നിൽ നടന്നെങ്ങുമേ
172 സുന്ദരിയായൊരു നാരിയായ് ചെന്നിട്ടു
173 നന്ദഗൃഹത്തിലകത്തു പുക്കാൾ.
174 വാർകോലും കൊങ്കകൾ രണ്ടിലും ചെഞ്ചെമ്മേ
175 കാകോളം തേച്ചു ചമച്ചു നേരേ
176 ബാലകമന്ദിരംതന്നുടെ ചാരത്തു
177 ചാലെപ്പോയ് ചെന്നവൾ നോക്കുന്നേരം
178 ചൊല്പെറ്റുനിന്നൊരു ശില്പം കലർന്നുനി
179 ന്നല്പമായുള്ളൊരു തല്പത്തിൻമേൽ
180 ചാലക്കിടന്നങ്ങു കപൊലിഞ്ഞീടുന്ന

181 ബാലകന്തന്നെയും കാണായ് വന്നു.
182 ദൂരത്തു നിന്നങ്ങു കണ്ടോരുനേരത്തു
183 ചാരത്തു ചെന്നു ചതിച്ചു പുക്കാൾ
184 അണ്ഡജനായകന്തന്നുടെ ചാരത്തു
185 കുണ്ഡലിതാൻ ചെന്നു പൂകുംപോലെ
186 ഓമനത്തുമുഖംതന്നിലേ നോക്കിക്കൊ
187 ണ്ടോർത്തുനിന്നീടിനാളൊട്ടുനേരം
188 ചീർത്തൊരു കോപംപൂണ്ടന്തകൻ വാരാഞ്ഞു
189 പാർത്തുനിന്നീടുന്നോളെന്നപോലെ.
190 മെല്ലവെ ചെന്നങ്ങു തൊട്ടുനിന്നീടിനാൾ

191 പല്ലവം വെല്ലമപ്പൂവൽമേനി
192 രത്നമെന്നിങ്ങനെ തന്നിലെ നണ്ണിനി
193 ന്നഗ്നിയെ ചെന്നു തൊടുന്നപോലെ.
194 പാരാതെ പിന്നെയെടുത്തു നിന്നീടിനാൾ
195 ആരോമൽപ്പൂങ്കനിപ്പൈതൽതന്നെ
196 പാശമെന്നിങ്ങനെ നിർണ്ണയംപൂണ്ടിട്ടു
197 പാമ്പിനെച്ചെന്നങ്ങെടുക്കുമ്പോലെ
198 ഓമനപ്പൂവൽമെയ് മേനിയിൽ കൊണ്ടപ്പോൾ
199 കോൾമയിർ തിണ്ണമെഴുന്നു മെയ്യിൽ
200 ഉമ്പർകോൻനാട്ടിലപ്പൂതനതന്നെക്കാൾ

201 മുമ്പിലേ പോവാനായെന്നപോലെ
202 നീണ്ടുള്ള ബാഹുക്കൾകൊണ്ടവൾ പൂവൽമെയ്
203 പൂണ്ടുകൊണ്ടീടിനാളൊന്നു മെല്ലെ
204 പല്ലവമാണ്ടൊരു സല്ലകിയെന്നിട്ടു
205 പാവകജ്വാല നല്ലാനപോലെ.
206 കമ്രമായുള്ളൊരു നന്മുഖംതന്നിലേ
207 ചുംബിച്ചു മേവിനാളൊന്നു മെല്ലെ
208 അംഗനമാരിലന്നന്മുഖം കാണുമ്പോൾ
209 അങ്ങനെതോന്നാതോരില്ലയാരു
210 നൂതനനായൊരു പൈതലുമന്നേരം

211 പൂതനതന്നെയും നോക്കിനിന്നാൻ
212 മസ്തകമേറിന കേസരിവീരന്താൻ
213 മത്തേഭന്തന്നുടൽ നോക്കുമ്പോലെ.
214 "ആരാനും പോന്നു വരുന്നതിന്മുമ്പിലേ
215 കാരിയമായതു സാധിക്കേണം."
216 എന്നങ്ങു നണ്ണിന പൂതനതാനപ്പോൾ
217 നന്ദകുമാരൻ വായിൽ നേരേ
218 ദുസ്തനംതന്നെയും നല്കിനിന്നീടിനാൾ;
219 ദുഷ്ടമാർക്കങ്ങനെ തോന്നി ഞായം.
220 കൈകളെക്കൊണ്ടു പിടിച്ചു നിന്നന്നേരം

221 കൈടഭസൂദനനായ ബാലൻ
222 അമ്മുലതന്നെക്കുടിച്ചു നിന്നീടിനാൻ
223 അമ്മതൻ നന്മുലയെന്നപോലെ
224 പാൽകൊണ്ടു ചെഞ്ചെമ്മേ പൈ കെട്ടുകൂടാഞ്ഞി
225 ട്ടാകുലനാകയാലെന്നപോലെ
226 കാറ്റേയും കൂടി കുടിച്ചുകൊണ്ടീടിനാൻ
227 താറ്റോലിച്ചങ്ങവൾ നൽകുമപ്പോൾ
228 ഏറ്റമെഴുന്നൊരു പീഡയെക്കൊണ്ടവൾ
229 ചീറ്റന്തി രണ്ടു കരഞ്ഞു പിന്നെ
230 ഭൂതലന്തന്നിൽ പതിച്ചുനിന്നീടിനാൾ

231 ചേതനയോടു പിരിഞ്ഞു നേരെ.
232 ഭാരമിയന്നൊരു ഭൈരവിതന്നുടൽ
233 ഘോരമായ് വന്നങ്ങു വീഴുകയാൽ
234 ഊഴിയുമെങ്ങും കുലുങ്ങിതായന്നേരം
235 ആഴിയും കിഞ്ചിൽ കലങ്ങീതായി.
236 ചാരത്തുനിന്നുള്ള ദാരുക്കളെല്ലാമെ
237 പാരം ഞെരിഞ്ഞു പതിച്ചുതെങ്ങും.
238 വേപത്തെപ്പൂണ്ടുള്ള ഗോപികമാരെല്ലാം
239 ഗോപാലന്മാരോടും കൂടിച്ചെമ്മെ,
240 കേടറ്റുനിന്നുള്ള ബാരകനുള്ളേട

241 ത്തോടിച്ചെന്നീടിനാർ പേടിയോടെ.
242 ഭൂതലംതന്നിൽ പതിച്ചുകിടന്നൊരു
243 പൂതനതന്നെയും കണ്ടാരപ്പോൾ
244 ഉമ്പർകോൻ ചെന്നിട്ടു പക്ഷമറുക്കയാൽ
245 വമ്പറ്റുവീണൊരു ശൈലംപോലെ.
246 ലീലയുംപൂണ്ടവൾ മാറിൽ കരേറിന
247 ബാലകന്തന്നെയും കണ്ടാർ പിന്നെ
248 വങ്കുന്നിലേറിക്കളിച്ചുനിന്നീടുന്ന
249 രങ്കുതമ്പൈതലെയെന്നപോലെ.
250 കണ്ടൊരുനേരമക്കൊണ്ടൽനേർവർണ്ണനെ

251 കൊണ്ടിങ്ങു പോരുവാൻ മണ്ടിച്ചെന്നാർ
252 രത്നത്തെക്കാമിച്ചു ചത്തുകിടക്കുന്ന
253 സർപ്പത്തിൻ ചാരത്തു ചെല്ലുമ്പോലെ.
254 ലീലകൾ കോലുന്ന ബാലനെച്ചെഞ്ചെമ്മേ
255 താലോലിച്ചമ്പോടു കൊണ്ടുപോന്നാർ
256 ചേതന വേറിട്ടൊരാനമേൽനിന്നൊരു
257 കേസരിപ്പൈതലെയെന്നപോലെ.
258 ദുർഗ്രഹശങ്കയാലഗ്ര്യനായുള്ളവൻ
259 വിഗ്രഹംതന്നിൽ ന്യസിച്ചു പിന്നെ
260 രക്ഷയെച്ചെയ്തുതുടങ്ങിനാരെല്ലാരും

261 അക്ഷണം വന്നുള്ള വല്ലവിമാർ
262 ഗോമൂത്രംകൊണ്ടുകുളിപ്പിച്ചുനിന്നിട്ടു
263 ഗോധൂളിയേൽപിച്ചു മെയ്യിലെങ്ങും
264 ഗോവിന്നുകീഴങ്ങു ന്നൂഴിച്ചു ചെഞ്ചെമ്മെ
265 ഗോപുച്ഛംകൊണ്ടങ്ങുഴിഞ്ഞു നന്നായ്.
266 ഗോമയംകൊണ്ടുള്ള ലേപവും പെണ്ണിനാർ
267 ഗോശൃംഗംതന്നിലേ മണ്ണുകൊണ്ടും
268 ഗോമയമായുള്ള രക്ഷയെച്ചെയ്താര
269 ഗ്ഗോപകുമാരനു ഗോപികമാർ.
270 വൈകുണ്ഠൻതന്നുടെ നാമങ്ങളോരോന്നെ

271 വൈകല്യം വാരാതെ ചൊല്ലിച്ചൊല്ലി
272 പേച്ചിതൻ വൻ പിണി പോക്കിനിന്നീടിനാർ
273 ആച്ചിമാരെല്ലാരും മെല്ലെ മെല്ലെ.
274 നന്ദനും വന്നങ്ങു മന്ദിരം പൂകിനാൻ
275 അന്നേരം വല്ലവന്മാരുമായി.
276 ഭൂതലംതന്നിൽ പതിച്ചുകിടക്കുന്ന
277 പൂതനതന്നുടൽ കണ്ടു പിന്നെ
278 ആനകദുന്ദുഭിതന്നുടെ ചൊല്ലിനെ
279 മാനിച്ചുനിന്നാനന്നന്ദനേറ്റം.
280 പിന്നെയങ്ങെല്ലാരും പൂതനതന്നുടെ

281 ഉന്നതമായുള്ള ദേഹംതന്നെ
282 ശസ്ത്രങ്ങൾകൊണ്ടു തറിച്ചുനിന്നങ്ങനെ
283 പത്തുനൂറായിരം ഖണ്ഡമാക്കി
284 ദൂരത്തുകൊണ്ടുപോയ് ചുട്ടുകളഞ്ഞുടൻ
285 നേരത്തുവന്നു കുളിച്ചു പിന്നെ
286 നാരാണൻതൻറെ നാമങ്ങൾ ചൊല്ലിക്കൊ
287 ണ്ടോരോരോ വേലയുമാചരിച്ചാർ.