കൃഷ്ണഗാഥ/ഒന്നാം ഭാഗം/ഗോപികാദുഃഖം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കൃഷ്ണഗാഥ
ഒന്നാം ഭാഗം

കൃഷ്ണഗാഥ
രണ്ടാം ഭാഗത്തിലേക്ക്


1 അമ്പാടിതന്നിലേ വമ്പോലും വാണിമാർ
2 സംഭ്രമിച്ചോരോരോ വീടുതോറും
3 ഇമ്പമിയന്നുള്ളോരന്തിമയക്കില
4 ങ്ങമ്പിനാരോരോ വേലകളിൽ
5 കണ്ണനിലുള്ളൊരു കാമം തഴയ്ക്കയാൽ
6 തിണ്ണം തളർന്നൊരു മെയ്യുമായി.
7 പാൽക്കുഴതന്നെയെടുത്തങ്ങു ചെന്നിട്ടു
8 ഗോക്കളെ നിന്നു കറന്നാരപ്പോൾ.
9 ആക്കമിയന്നുള്ള ചേൽക്കണ്ണിമാർ ചിലർ
10 പാൽക്കലമൊക്കവേ തീക്കൽവച്ച്

11 ബാലകന്തന്നുടെ ലീലകൾ പാടീട്ടു
12 പാലു തികത്തിനാർ മെല്ലെ മെല്ലെ
13 തന്മകന്തന്നെയെടുത്തങ്ങു ലാളിച്ചു
14 നന്മുല നല്കിനാളങ്ങൊരുത്തി
15 ഭ്രാതൃജനങ്ങളിരുന്നവർമുന്നല
16 ങ്ങോദനം തന്നെയുമാദരവായ്
17 ഭോജനഭാജനം തന്നിൽ പകുത്തങ്ങു
18 യോജനംചെയ്താളേ മറ്റൊരുത്തി.
19 വേണുന്ന കാമുകന്താനുമായമ്പിനോ
20 ടൂണു തുടങ്ങിനാളങ്ങൊരുത്തി.

21 മോഹനമന്ദിരംതന്നിലകംപുക്കു
22 മോദമിയന്നങ്ങു നിന്നു പിന്നെ
23 ശില്പമെഴുന്നൊരു തല്പം വിരിച്ചിട്ടു
24 നല്പരിചാക്കിനാൾ മറ്റൊരുത്തി.
25 ഉറ്റോരുമായിട്ടു കട്ടിൽകരേറീട്ടു
26 വെറ്റില തിന്നുതുടങ്ങി ചിലർ.
27 അംഗജനുള്ളൊരു ശൃംഗാരപൂജത
28 ന്നംഗങ്ങളായുള്ള സാധനങ്ങൽ
29 ഇച്ഛ തിരണ്ടൊരു മച്ചകംതന്നിലേ
30 പച്ചപ്പെടുമ്മാറു വച്ചു ചെമ്മെ:

31 പുഷ്പങ്ങളും മറ്റു ചന്ദനം കുങ്കുമം
32 തല്പസമീപത്തിൽ വച്ചുടനെ
33 മല്ലികാമാലയും മുല്ലതൻ മാലയും
34 നല്ല വിതാനത്തിൽ തൂക്കി മെല്ലെ.
35 കസ്തൂരിതന്നെപ്പനിനീരിൽ ചാലിച്ചു
36 കട്ടിൽക്കാലൊക്കെത്തളിച്ചു ചെമ്മെ;
37 ദീപിച്ചു നിന്നൊരു ദീപവും വച്ചുടൻ
38 ധൂപിച്ചാളങ്ങകംതന്നിലെങ്ങും.
39 പാക്കും പഴുക്കയുമാപാദിച്ചമ്പോടു
40 പാർത്തിട്ടു നിന്നാളെ മറ്റൊരുത്തി.

41 ഉൾച്ചേരും കാമുകന്താനുമായമ്പോടു
42 മച്ചകംതന്നിലടച്ചുകൊണ്ട്,
43 കച്ചണിക്കൊങ്കയും നല്കി മയങ്ങി നി
44 ന്നിച്ഛയിൽ മേവിനാളങ്ങൊരുത്തി.
45 ചാന്തേലും കൊങ്കയിൽ കാന്തനെച്ചേർത്തങ്ങു
46 താന്തമാരായിക്കിടന്നു ചിലർ.
47 ഏറ്റമുവന്നൊരു കാന്തനും താനുമായ്
48 ചീറ്റംതിരണ്ടേറ്റം നില്ക്കയാലേ
49 വേഗത്തിൽ പോയങ്ങു വേറേ കിടന്നിട്ടു
50 വേദന കാട്ടിനാൾ മറ്റൊരുത്തി.

51 പഞ്ചശരങ്ങൽ തൻനെഞ്ചകം പൂകയാൽ
52 കിഞ്ചിലഴിഞ്ഞൊരു നീവിയുമായ്
53 അഞ്ചാതെ ചെന്നു തൻകാമുകൻമെയ് ചേർന്നു
54 കൊഞ്ചിത്തുടങ്ങിനാളങ്ങൊരുത്തി.
55 കണ്ണൻമെയ് തന്നെ നിനച്ചു കിടക്കയാൽ
56 തിണ്ണമഴലുള്ളിൽ പൊങ്ങിപ്പൊങ്ങി
57 എണ്ണമില്ലാതൊരു പഞ്ചശരം നട്ടു
58 കണ്ണുനീർ വീഴ്ത്തിനാൾ മറ്റൊരുത്തി.
59 കണ്ണൻനിറമാണ്ട കായാവിൻപൂവിനേ
60 പുണ്യമിയന്നൊരു കണ്ണുകൊണ്ട്

61 നോക്കിനിന്നമ്പോടു ദീർഘമായങ്ങനെ
62 വീർത്തുതുടങ്ങിനാളങ്ങൊരുത്തി.
63 കണ്ണുമടച്ചങ്ങുറങ്ങുന്ന നേരത്തു
64 കണ്ണന്മെയ് തന്മെയ്യിൽ ചേർത്തുകണ്ടു
65 കണ്ണനെന്നോർത്തു തങ്കാമുകൻതന്നെയും
66 തിണ്ണം തഴുകിനാൾ മറ്റൊരുത്തി.
67 സംഗമിയന്നൊരു കാമുകൻ മേനിചേ
68 ന്നംഗജനാടകമാടുന്നേരം
69 പുണ്യമിയന്നൊരു കണ്ണന്മെയ് ചിന്തിച്ചു
70 തിണ്ണം മയങ്ങിനാളങ്ങൊരുത്തി.

71 തൂമുത്തുലാവിന കൊങ്കയിൽ ചേർത്തു തൻ
72 പ്രേമത്തെ തൂകുന്ന കാന്തനേയും
73 വാർമെത്തും കാമക്കൂത്താടുമ്പോൾ കണ്ണന്തൻ
74 നാമത്തെച്ചൊല്ലി വിളിച്ചുടനെ
75 നാവുംകടിച്ചുംകൊണ്ടേതുമനങ്ങാതെ
76 നാണിച്ചുനിന്നാളേ മറ്റൊരുത്തി
77 അത്തൽ പൊറാഞ്ഞുടൻ ചിത്രമെഴുതീട്ടു
78 ഭിത്തിമേലങ്ങവൻമേനിതൻറെ
79 അംബുജംവെന്നൊരു കമ്രമുഖംതന്നിൽ
80 ചുംബിച്ചുനിന്നാളേയങ്ങൊരുത്തി.

81 കണ്ണിനു നല്ലൊരു തേങ്കുഴമ്പായൊരു
82 കണ്ണന്മെയ്തന്നിലെ പിന്നെപ്പിന്നെ
83 സംഗമിയന്നവൾ ചെയ്യുന്ന വേലകൾ
84 ഇങ്ങനെയെന്നതു ചൊല്ലവല്ലേൻ.
85 ഗോകുലനാരികൾ ഓരോരോ വേലയിൽ
86 ആകുലമാരായി നില്ക്കുന്നേരം
87 ഉച്ചമെഴുന്നൊരു ഗാനംപോയ് ചെന്നവർ
88 നൽച്ചെവിതന്നിലകത്തു പുക്ക്
89 ഊനമകന്നൊരു മാനസംതന്നെയ
90 ങ്ങാനന്ദിപ്പിച്ചു നുറുങ്ങുനിന്ന്

91 "പോരിങ്ങു നീ" എന്നു ചൊല്ലി വലിച്ചിട്ടു
92 നേരേ നടത്തിത്തുടങ്ങീതപ്പോൾ.
93 കാമന്താനന്നേരം ഗാനംതൻ പിന്നാലെ
94 കാമിനിമാരുള്ളിൽ ചെന്നു പുക്ക്
95 കോമളനായ്നിന്നക്കാമിനിമാരെത്തൻ
96 കോമരമാക്കിനാനൂക്കിനാലേ.
97 ഊന്മേൽ മുളച്ച കുരുപോലെ സങ്കടം
98 മേന്മേലേ പൊങ്ങിന തേന്മൊഴിമാർ
99 കൈയും മറന്നാരെ മെയ്യും മറന്നാരെ
100 പയ്യും മറന്നാരങ്ങപ്പൊഴുതേ.

101 താന്താനെടുക്കുന്ന വേലയും കൈവിട്ടു
102 മാന്താർശരഭ്രാന്തിൽ നീന്തിച്ചെമ്മെ
103 കാന്തനായുള്ളൊരു കണ്ണൻ മരുവിന
104 കാന്താരം നോക്കിയങ്ങോടിനാരേ.
105 ലോചനമൊന്നങ്ങു ലോലമെഴുതീട്ടു
106 കാചന മറ്റേതെഴുതുംമുമ്പെ
107 ചാരു മഷിക്കോലും ചാരെപ്പിടിച്ചിട്ടു
108 ചാടിത്തുടങ്ങിനാളങ്ങു നോക്കി.
109 കർണ്ണങ്ങളാലൊന്നിൽ കുണ്ഡലം ചേർക്കുമ്പോൾ
110 കണ്ണന്റെ പാട്ടിനെക്കേട്ടൊരുത്തി

111 മറ്റേതു ചേർക്കും നിലമങ്ങറിയാതെ
112 തപ്പിത്തുടങ്ങിനാൾ മെയ്യിലെങ്ങും
113 ഗാത്രികതന്നെയും ചാർത്തിയരതന്നിൽ
114 ചേർത്തു തൻകൊങ്കയിൽ കൂറതന്നെ
115 ചീർത്തൊരു കൊങ്ക പൊറുത്തു വിയർത്തങ്ങു
116 വീർത്തുകൊണ്ടോടിനാളങ്ങൊരുത്തി.
117 തൂമുത്തുമാലകൾ കാൽച്ചിലമ്പാക്കിനി
118 ന്നോമൽച്ചിലമ്പിനെത്തോൾവളയായ്
119 മെയ്യിലണിഞ്ഞു ചമഞ്ഞുതുടങ്ങിനാൾ
120 പയ്യവേ പോവാനായ് മറ്റൊരുത്തി.

121 സന്മതനാകിന കാന്തനും താനുമായി
122 മന്മഥക്കൂത്തിനണഞ്ഞു ചെമ്മെ
123 ചാലേ മുലക്കച്ച കാചിലഴിക്കുമ്പോൾ
124 കോലക്കുഴൽവിളി കേട്ടു പാഞ്ഞാൾ
125 വീടികാ കൈകൊണ്ടു വീടന്മുഖംതന്നെ
126 ത്തേടിക്കൊടുപ്പാന്തുടങ്ങുംനേരം
127 ചാടിക്കളഞ്ഞുടൻ ചാലപ്പുറപ്പെട്ട
128 ങ്ങോടിത്തുടങ്ങിനാൾ മറ്റൊരുത്തി.
129 അംഗജന്തന്നുടെ സംഗരം തങ്ങൾക്കു
130 സംഗമിച്ചങ്ങുടൻ നിന്നനേരം

131 ഭംഗികലർന്നൊരു പാട്ടിനെക്കേട്ടവൾ
132 അങ്ങനെ മണ്ടിനാളങ്ങു നോക്കി.
133 കാന്തന്മാരാർക്കുമക്കാന്തമാരുള്ളിലെ
134 ബ്ഭ്രാന്തിന്മരുന്നേതും തോന്നീതില്ലേ.
135 മാതൃജനങ്ങളും ഭ്രാതൃജനങ്ങളും
136 ഓതിനാർ പോകൊല്ലായെന്നുതന്നെ.
137 ബന്ധുക്കളായുള്ള മറ്റുള്ള ലോകരും
138 എത്തിത്തുടങ്ങുന്നതെന്നു ചൊല്ലി
139 ചാരത്തു ചെന്നിട്ടിന്നാരിമാർപോക്കിനെ
140 നേരേ തടുത്തങ്ങു നിന്നാരപ്പോൾ.

141 ആർക്കുമൊരുവർക്കും പോക്കുതടുപ്പാനാ
142 യൂക്കു പുലമ്പീലയെന്നേ വേണ്ടു
143 പോക്കു തടുക്കുന്ന ബന്ധുക്കളെക്കാള
144 ങ്ങൂക്കനല്ലോ അങ്ങു നിന്നവൻതാൻ.
145 വാട്ടമന്നൊരു കാട്ടുമരങ്ങള
146 പ്പാട്ടിനെക്കേൾക്കയാലങ്ങു നോക്കി
147 ചാഞ്ഞു ചെരിഞ്ഞൊരു നൽവഴിയൂടെ പോയ്
148 പാഞ്ഞുതുടങ്ങിനാർ പാൽമൊഴിമാർ
149 പ്രേമം തഴയ്ക്കയാൽ മെയ്യിലെഴുന്നോരു
150 രോമാഞ്ചകഞ്ചുകമാണ്ടു ചെമ്മെ

151 തേന്തുള്ളിജാലങ്ങളേന്തിവിളങ്ങിന
152 സാന്ദ്രസരോരുഹമെന്നപോലെ
153 സ്വേദമിയന്നുള്ളോരോമൽമുഖംതന്നിൽ
154 തൂമകലർന്നൊരു കാന്തിയുമായ്.
155 ചെന്തളിർപോലെ ചുവന്നു പതുത്തെങ്ങും
156 ചന്തമിയന്നുള്ള പാദങ്ങളും
157 "ഞാന്മുമ്പിൽ, ഞാന്മുമ്പി"ലെന്നങ്ങു തങ്ങളി
158 ലാണ്മ തിരണ്ടങ്ങു പേശുകയാൽ
159 മൂർത്തു ചമഞ്ഞുള്ള കല്ലിലും മുള്ളിലും
160 ചേർത്തങ്ങു മണ്ടിനാരാത്തവേഗം.

161 മാരന്തൻ വീട്ടിന്നു പൊൽക്കമ്പമായ് നിന്നു
162 ചാരുക്കളായുള്ളോരൂരുക്കളും
163 ചാലത്തളർന്നങ്ങതേതുമറിയാതെ
164 നീലക്കാർവേണിമാരോടിയോടി
165 കണ്ണന്മരുവിന കാന്താരംതന്നിലേ
166 ചെല്ലത്തുടങ്ങിനാരല്ലലോടെ.
167 തൂമകലർന്നുള്ള പൂമരമോരോന്നേ
168 കാമിനിമാരങ്ങു ചെല്ലുംനേരം
169 മേനിയിൽ മേവിന പൂവുകൾ പൂണ്ടിട്ട
170 ങ്ങാനായമാതർതന്മുന്നിൽനിന്ന്

171 കൂകുന്ന കോകിലനന്മൊഴികൊണ്ടപ്പോൽ
172 സ്വാഗതമെന്നങ്ങു ചൊല്ലിപ്പിന്നെ
173 പൂമലരായുള്ള ജാലങ്ങൾതന്നെയും
174 കാമിനിമാർമെയ്യിൽ തൂകിത്തൂകി
175 പുന്തേനായ് മേവുന്നൊരർഘ്യജലംകൊണ്ടു
176 കാന്തമാർക്ലാന്തിയെപ്പോക്കിനിന്നു.
177 നാരിമാരന്നേരം നാഥനായുള്ളവൻ
178 ചാരത്തു ചെന്നുടൻ നിന്നു മെല്ലെ
179 ലോചനദീധിതിജാലമതാകിന
180 മാലകൾ ചാർത്തിനാർ മെയ്യിലെങ്ങും.

181 കാർവർണ്ണന്തന്നുടെ കമുനയന്നേരം
182 കാമിനിമാർമുഖംതന്നിൽ ചെന്നു
183 മേളമിയന്നുള്ള താമരപ്പൂക്കളിൽ
184 നീളെ നടക്കുന്ന വണ്ടുപോലെ,
185 നന്മൊഴിയാകിന തേന്തുള്ളികൊണ്ടവർ
186 കർണ്ണങ്ങളെല്ലാം നിറച്ചാൻ പിന്നെ.
187 "ചാരത്തു പോരികെൻ നാരിമാരെല്ലാരും
188 ദൂരത്തു നില്ക്കുന്നിതെന്തിങ്ങനെ?
189 ഇന്നല്ലോയെൻ കണ്ണു ചാലക്കുളുർക്കുന്നു
190 തിന്നല്ലോയെന്നുള്ളം വീർത്തുനിന്നു.

191 നിങ്ങളിക്കാനനംതന്നിലേ വന്നതു
192 മംഗലമായ് വന്നിതെങ്ങൾക്കിപ്പോൾ.
193 നിങ്ങളെയിങ്ങനെ ചാരത്തു കാണ്മാനായ്
194 എങ്ങൾക്കോ വങ്കൊതിയുണ്ടല്ലോതാൻ.
195 നിങ്ങൾക്കുമങ്ങനെയുണ്ടാകിലേയല്ലോ
196 യെങ്ങൾ കൊതിക്കുന്നതുണ്മയാവൂ."
197 ഇങ്ങനെ ചൊന്നവർ വന്നതിൻമൂലംതാ
198 നേതുമറിഞ്ഞീലയെന്നപോലെ
199 പിന്നെയും ചൊല്ലിനാൻ വല്ലവിമാരോടു
200 ഖിന്നതയുള്ളത്തിൽ ചേർക്കുംവണ്ണം:

201 "അമ്പാടിതന്നിലിന്നാരുമൊരുവർക്കും
202 തപെടുമാറേതും വന്നില്ലല്ലീ?
203 ഘോരമായുള്ളൊരു രാവെന്തു നിങ്ങളി
204 പ്പോരുവാനിങ്ങനെ നാരിമാരേ!
205 കാട്ടി, കടുവാ,യും കാട്ടാനക്കൂട്ടവും
206 കാട്ടിൽ നിറഞ്ഞെങ്ങുമുണ്ടല്ലോതാൻ;
207 വീട്ടിന്നുതന്നെയും പേടിക്കും നിങ്ങളി
208 ക്കാട്ടിലേ പോന്നിങ്ങു വന്നതെന്തേ?
209 കാന്തമായുള്ളൊരു കാന്താരംതന്നുടെ
210 കാന്തിയെക്കാണ്മാനായെന്നിരിക്കാം.

211 എങ്കിലോ കണ്ടാലും പൂമരമോരോന്നേ
212 തങ്കൽ പൊഴിഞ്ഞുള്ള പൂക്കളുമായ്.
213 ഇമ്പം വളർക്കുന്ന ചെമ്പകംതന്നുടെ
214 കൊമ്പെല്ലാം കണ്ടാലും പൂത്തതെങ്ങും.
215 തേന്മാവു പൂത്തതും മേന്മേലേ കണ്ടാലും
216 ചാമേൽ നിടുതായ കണ്ണുകൊണ്ടേ
217 വല്ലരിജാലങ്ങൾ നല്ല മരങ്ങളെ
218 മെല്ലെപ്പിടിച്ചങ്ങു പൂണുന്നതും
219 കോമളനായൊരു രോഹിണീവല്ലഭൻ
220 തൂമകലർന്നു വിളങ്ങുകയാൽ

221 ജ്യോൽസ്നയായുള്ളൊരു പാൽക്കളികൊണ്ടുട
222 നാർദ്രമായുള്ളൊരു ഭൂതലവും.
223 കോകിലം പാടുന്ന പാട്ടെല്ലാം കേട്ടാലും
224 കോകങ്ങൾ തങ്ങളിൽ കൂകുന്നതും.
225 വേണുന്നതെല്ലാമേ വെവ്വേറെകണ്ടങ്ങു
226 വേഗത്തിൽ പോകണമല്ലോതാനും.
227 ബന്ധുക്കളെല്ലാരും നിങ്ങളെക്കാണാഞ്ഞി
228 ട്ടെന്തോന്നോ ചെയ്യുന്നോരെന്നേവേണ്ടൂ.
229 ഗോപന്മാരെല്ലാരും കാണുന്ന നേരത്തു
230 കോപിച്ചു ചെയ്യുന്ന വേലയെന്തേ?

231 വൈകല്യമൊന്നിനും വാരാതെകണ്ടങ്ങു
232 വൈകാതെ പോകണം നിങ്ങളെല്ലാം."
233 കണ്ണന്താനിങ്ങനെ ചൊന്നൊരു നേരത്തു
234 പെണ്ണുങ്ങളെല്ലാരും കണ്ണുനീരാൽ
235 കൊങ്കകൾ രണ്ടിലും തങ്കിയിരുന്നൊരു
236 കുങ്കുമച്ചാറെല്ലാം പോക്കിനിന്നു
237 ദീനതപൂണ്ടുള്ളൊരാനനംതന്നെയും
238 ദീർഗ്ഘമായ് വീർത്തങ്ങു വീഴ്ത്തിപ്പിന്നെ
239 കാൽനഖംകൊണ്ടു നിലത്തു വരച്ചങ്ങു
240 കാർവർണ്ണന്തന്നോടു മെല്ലെച്ചൊന്നാർ:

241 "കണ്ടാലുമിന്നിപ്പൊഴുണ്ടായൊരത്ഭുതം
242 പണ്ടെങ്ങളിങ്ങനെ കണ്ടീലെങ്ങും
243 തേന്മാവുതാനിങ്ങു കാഞ്ഞിരക്കായ്കളെ
244 മേന്മേലേ കാച്ചതു കണ്ടിരിക്കെ
245 മാനസംതന്നെ നീ മാനിച്ചുവച്ചല്ലൊ
246 ദീനത ചേർക്കുന്നൂതെങ്ങൾക്കിപ്പോൾ.
247 പോവതിന്നോർക്കുമ്പോൾ വേവല്ലൊ മേവുന്നൂ
248 താവതോ കേവലമില്ലയല്ലൊ."
249 കേണുതുടങ്ങിനാർ കേശവൻമുന്നലേ
250 വീണുടനിങ്ങനെ വല്ലവിമാർ.

251 കണ്ണന്തൻമാനസം പെണ്ണുങ്ങൾകണ്ണിലെ
252 ക്കണ്ണുനീർ കണ്ടപ്പോൾ ഖിന്നമായി.
253 ഓടിച്ചെന്നങ്ങവർ കണ്ണുനീർ പോക്കിനാൻ
254 നീടുറ്റ കൈകളെക്കൊണ്ടു ചെമ്മെ.
255 "ഞാനിന്നു ലീലയായ് ചാലപ്പറഞ്ഞതി
256 നൂനപ്പെട്ടിങ്ങനെ കേഴാമോ താൻ?
257 കോമളമായുള്ളൊരോമൽമുഖമെല്ലാം
258 തൂമ കെടുമാറങ്ങാക്കൊല്ലായേ.
259 എന്മുന്നൽ വന്നുള്ള നിങ്ങളെപ്പോക്കുവാ
260 നെന്നുണ്ടോ നിങ്ങൾക്കു തോന്നീതിപ്പോൾ!

261 നിങ്ങൾക്കെന്നിലുള്ളമ്പിനെക്കാണ്മാനായ്
262 ഇങ്ങനെ ചൊല്ലി ഞാൻ നിങ്ങളാണ.
263 ചാരത്തു പോന്നുവരുന്നൊരു നിങ്ങളെ
264 പ്പോരൊല്ലായെന്മോളും ധീരനോ ഞാൻ?
265 ഏണാങ്കൻതന്നോടു നേരൊത്തു നിന്നുള്ളൊ
266 രാനനംതന്നെയിന്നിങ്ങളുടെ
267 കാണാഞ്ഞുനിന്നുള്ളിൽ വേദനപൊങ്ങി ഞാൻ
268 കേണതോ നിങ്ങളറിഞ്ഞില്ലല്ലൊ."
269 തൂമ തിരണ്ടുനിന്നിങ്ങനെ ചൊല്ലീട്ടു
270 കോമളക്കണ്ണനന്നാരിമാരെ

271 കേവലം പാടിനിന്നാടിച്ചുപോരുന്ന
272 പാവകളാക്കിനാൻ വാക്കുകൊണ്ട്.
273 കാമിനിമാരെല്ലാം കാർവർണ്ണന്തന്നുടെ
274 കോമളവാക്കുകൾ കേട്ടനേരം
275 നീറുമാറുള്ളത്തിലേറിന വേദന
276 വേർവിട്ടു മേവിനാർ തെറ്റെന്നപ്പോൾ.
277 പിന്നെയും ചൊല്ലിനാൻ നല്ലൊരു തേനിലേ
278 മുന്നമേ മുങ്ങിന വാക്കുകൊണ്ട്:
279 "കണ്ണുനീർ വീണു നുറുങ്ങു മയങ്ങിതി
280 ന്നിങ്ങൾ മുഖമെന്നു തോന്നുംനേരം

281 തൂമകലർന്നൊരു രോഹിണീവല്ലഭൻ
282 കോമളനായങ്ങു നിങ്ങളുടെ
283 ആനനംതന്നോടു നേരൊത്തുനില്പാനായ്
284 മാനിച്ചു വന്നതു കാണണമേ.
285 ആനനംതന്നോടും ലോചനംതന്നോടും
286 മാനിച്ചുനിന്നൊരു താനും മാനും
287 ഏറ്റൊരു നേരത്തു തോറ്റങ്ങു തങ്ങളിൽ
288 ചേർച്ച തുടർന്നതു ചേരുവോന്നെ.
289 പിന്നെയും പോന്നിങ്ങുവന്നതങ്ങോർക്കുമ്പോൾ,
290 എന്നുള്ളിലൊന്നുണ്ടു തോന്നുന്നുതേ

291 നേരിട്ടു നിന്നിങ്ങു പോരു തുടങ്ങിനാൽ
292 നേരൊത്തു നില്ക്കാമെന്നോർക്കവേണ്ട
293 ചുറ്റത്തിലിങ്ങനെ ചേർച്ച തുടങ്ങിനാൽ
294 മറ്റുണ്ടിവന്നൊരു തങ്കമിപ്പോൾ
295 കാനനംതന്നിലുന്നിങ്ങളിന്നെല്ലാരും
296 കാലമിവൻതനിക്കുള്ളതത്രെ
297 ആനനകാന്തി കവർന്നങ്ങുകൊള്ളുവാൻ
298 ആരുമറിയാതെയല്ലയല്ലീ?
299 കൗടില്യമുണ്ടിവനെന്നുള്ളതെങ്ങുമേ
300 മൂഢന്മാരായോർക്കും പാഠമല്ലോ."

301 ഇങ്ങനെ ചൊന്നവരുള്ളത്തിൽ കൗതുകം
302 പൊങ്ങിച്ചു പിന്നെയും ചൊല്ലിനാൻതാൻ:
303 "കാലമോ പോകുന്നു യൗവനമിങ്ങനെ
304 നാളെയുമില്ലെന്നതോർക്കേണമേ.
305 മറ്റുള്ളതെല്ലാമേ വച്ചുകളഞ്ഞിപ്പോൾ
306 ചുറ്റത്തിൽ ചേർന്നു കളിക്കണം നാം.
307 കാനനം തന്നുടെ കാന്തിയെക്കണ്ടിട്ടു
308 മാനിച്ചു നില്ക്കയും വേണമല്ലൊ"
309 ഇത്തരമിങ്ങനെ മറ്റും പറഞ്ഞവർ
310 ചിത്തം കുലച്ചു മയക്കുംനേരം

311 പെണ്ണുങ്ങളെല്ലാരും കള്ളം കളഞ്ഞുടൻ
312 കണ്ണനോടുള്ളമിണങ്ങിച്ചെമ്മെ
313 കൈയോടു കൈയുമമ്മെയ്യോടു മെയ്യെയും
314 പയ്യവേ ചേർത്തു കളിച്ചുനിന്നാർ.
315 രാത്രിയായുള്ളൊരു നാരിതൻ നെറ്റിമേൽ
316 ചേർത്ത തൊടുകുറിയെന്നപോലെ
317 നിർമ്മലനായൊരു വെണ്മതിതന്നുടെ
318 തണ്മ തിരണ്ട നിലാവു കണ്ട്
319 ഒക്കെ മദിച്ചു പുളച്ചുതുടങ്ങിനാർ
320 ദുഃഖമകന്നുള്ള മൈക്കണ്ണിമാർ.

321 നീടുറ്റ പൂവെല്ലാം നീളെപ്പറിച്ചുടൻ
322 ചൂടിത്തുടങ്ങിനാരെല്ലാരുമേ.
323 കേടറ്റ രാഗങ്ങൾ പാടിത്തുടങ്ങിനാർ:
324 ആടിത്തുടങ്ങിനാരാദരവിൽ
325 ഓടിത്തുടങ്ങിനാർ ചാടിത്തുടങ്ങിനാർ
326 വാടിത്തുടങ്ങിനാരങ്ങുടനെ.
327 നന്ദതനൂജനും നാരിമാരെല്ലാരും
328 ഒന്നൊത്തുകൂടിക്കലർന്നു ചെമ്മെ
329 വൃന്ദാവനംതന്റെ വെണ്മയെക്കാണ്മാനായ്
330 മന്ദമായെങ്ങും നടന്നാരപ്പോൾ

331 മുല്ല തുടങ്ങിന വല്ലരിജാലത്തെ
332 മെല്ലവെ ചേർത്തു തന്മെയ്യിലെങ്ങും
333 ശാഖികളാകിന പാണികളെക്കൊണ്ടു
334 ചാലെപ്പിടിച്ചു തഴുകുന്നേരം
335 മെയ്യിലെഴുന്ന വിയർപ്പുകളെപ്പോലെ
336 പയ്യവേ തേൻതുള്ളി തൂകിത്തൂകി.
337 ചാരുക്കളായങ്ങു ചാല നിറന്നുള്ള
338 ദാരുക്കളോരോന്നേ കണ്ടുകണ്ട്,
339 പൂമണം തങ്ങിന തെന്നൽക്കിടാവിനേ
340 തൂമകലർന്നുള്ളിൽ കൊണ്ടുകൊണ്ട്,

341 കോകപ്പിടകളും കേകിനിരകളും
342 കൂകുന്നതെങ്ങുമേ കേട്ടുകേട്ട്,
343 വണ്ടിണ്ട തങ്ങളിൽ കൂടിക്കലർന്നുടൻ
344 മണ്ടുന്നതെങ്ങുമേ നോക്കി നോക്കി
345 കൂകുന്ന കോകിലംതന്നോടു നേരിട്ടു
346 ഗീതങ്ങൾ നീതിയിൽ പാടിപ്പാടി
347 തേനുറ്റ പൂവുകൾ മെല്ലെപ്പറിച്ചുടൻ
348 മാനിച്ചു വേണിയിൽ ചൂടിച്ചൂടി,
349 നെഞ്ചിൽ നിറഞ്ഞൊരു കൗതുകംതന്നാലെ
350 പുഞ്ചിരി സന്തതം തൂകിത്തൂകി,

351 അന്നത്തിമ്പേടയ്ക്കു മെല്ലെ നടത്തംകൊ
352 ണ്ടല്ലലേയുള്ളത്തിൽ നല്കി നല്കി,
353 മാരന്തൻ വങ്കണ മാറിൽ തറച്ചങ്ങു
354 പാരം നൊന്തുള്ളത്തിൽ വീർത്തു വീർത്ത്
355 മത്തേഭമസ്തകമൊത്ത മുല കന
356 ത്തത്തൽ മുഴുത്തുള്ളിൽ ചീർത്തു ചീർത്ത്,
357 മാധവന്തന്നുടെ മാറു തങ്കൊങ്കയിൽ
358 മാനിച്ചു നിന്നുടൻ ചേർച്ചു ചേർത്ത്,
359 കുന്തളം കണ്ടു തൻ കൂട്ടരെന്നോർത്തിട്ടു
360 മണ്ടിവരുന്നൊരു വണ്ടിനത്തേ

361 ലീലയ്ക്കു കങ്കൈയിൽ ചേർത്തൊരു താമര
362 പ്പൂവുകൊണ്ടങ്ങുടൻ പോക്കിപ്പോക്കി,
363 ഹാരമായുള്ളൊരു നിർഝരവാരിതൻ
364 പൂരമിയന്നുള്ള കൊങ്കകളേ
365 കുന്നെന്നു നണ്ണീട്ടു ചെന്നങ്ങു ചാരത്തു
366 നിന്നുടൻ നോക്കുന്ന മാൻകുലംതാൻ
367 കമുന കണ്ടുതൻ ചങ്ങാതിയെന്നോർത്തു
368 ചെമ്മേ കളിച്ചുതുടങ്ങുംനേരം
369 ചേണുറ്റ വമ്പുല്ലു ചാലപ്പറിച്ചുടൻ
370 പാണിതലംകൊണ്ടു നല്കി നല്കി

371 കാർമുകിൽവർണ്ണനോടൊത്തങ്ങു കൂടിനാർ
372 കാർവേണിമാരെല്ലാം മെല്ലെ മെല്ലെ.
373 ഇങ്ങനെ പോയങ്ങു ഭംഗികളെങ്ങുമേ
374 തങ്ങിന പൂങ്കാവിൽ പൂകുന്നേരം
375 മെല്ലവേ ചൊല്ലിനാൻ വല്ലവീനായക
376 നല്ലേലും ചായലാരെല്ലാപരോടും:
377 "പൂമണമായൊരു കാഴ്ചയും കൈക്കൊണ്ടു
378 തൂമകലർന്നൊരു തെന്നലിവൻ
379 സേവിപ്പാനായിങ്ങു വന്നതു കണ്ടാലും
380 മേവുമിപ്പൂങ്കാവുതന്നിലൂടെ

381 സേവയ്ക്കിവന്നിപ്പോൾ കാലം കൊടുക്കേണം
382 നാമിപ്പോളെല്ലാരും നാരിമാരേ!"
383 എന്നങ്ങു ചൊന്നതു കേട്ടൊരു നേരത്തു
384 മന്ദം നടന്നുടൻ മാനിനിമാർ
385 മേന്മകലർന്നൊരു തേന്മാവിൻകൂട്ടത്തിൽ
386 മേളത്തിൽ ചെന്നുടൻ നിന്നെല്ലാരും
387 വിദ്രുമംകൊണ്ടു പടുത്തു ചമച്ചൊരു
388 പുത്തന്തറതന്മേൽ പുക്കു ചെമ്മെ,
389 ആയർകുമാരകന്തന്നുടെ ചൂഴവും
390 ആദരമോടങ്ങിരുന്നനേരം

391 ചാല വിളങ്ങിനാരോലക്കമാണ്ടുള്ള
392 നാലക്കാപ്വേണിമാരെല്ലാരുമേ
393 കാർമുകിൽതന്നുടെ ചൂഴും വിളങ്ങിനോ
394 രോമനത്തൂമിന്നലെന്നപോലെ.
395 മന്ദമായ് വന്നൊരു തെന്നലെയെല്ലാരും
396 നന്ദിച്ചുനിന്നുടനേല്ക്കുംനേരം
397 നർമ്മമായുള്ളൊരു നന്മൊഴി ചൊല്ലിനാൻ
398 നന്ദസുതൻ നല്ലാരെല്ലാരോടും:
399 "ജാരനായ് നിന്നുടനാരുമറിയാതെ
400 പോരുമിത്തെന്നലേ ഞാനറിഞ്ഞേൻ.

401 ചന്ദലക്കുന്നിന്മേൽ ചാലേ മറഞ്ഞിട്ടു
402 ചന്തമായ് നിന്നാനങ്ങന്തിയോളം,
403 മാലാമയക്കായ കാലം വരുന്നേരം
404 മാലേയംതന്മണം മെയ്യിൽ പൂശി
405 മെല്ലെന്നിറങ്ങിനാൻ ചന്ദനക്കുന്നിൽനി
406 ന്നല്ലെല്ലാം പോന്നു പരന്നനേരം.
407 പൊയ്കയിൽ പോയ് ചെന്നങ്ങാമ്പൽതൻ പൂമ്പൊടി
408 വൈകാതവണ്ണമങ്ങൂത്തു പിന്നെ
409 വട്ടംതിരിഞ്ഞുടന്തർപ്പിച്ചുനിന്നാന
410 ങ്ങിഷ്ടമായുള്ളൊരു നന്മണത്തെ.

411 കാട്ടിലകംപുക്കു മെല്ലവെ നൂണുടൻ
412 വാട്ടമകന്ന നടത്തവുമായ്,
413 ഉള്ളിൽ നിറഞ്ഞുള്ളൊരാമോദംതന്നിലെ
414 കൊള്ളാഞ്ഞു മേന്മേലെ തൂകിത്തൂകി.
415 വൃക്ഷങ്ങളേറിന സർപ്പങ്ങൾക്കിന്നു ഞാൻ
416 ഭക്ഷണമാകൊല്ലായെന്നപോലെ
417 ഭൃംഗമായുള്ളൊരു കണ്മിഴികൊണ്ടെങ്ങും
418 ഭംഗികലർന്നുടൻ നോക്കി നോക്കി,
419 ദൂരത്തുനിന്നങ്ങു നിങ്ങളെക്കണ്ടിട്ടു
420 ചാരത്തു പോന്നിങ്ങു വന്നുടനെ

421 കൂന്തലഴിച്ചു മയക്കിച്ചമച്ചിട്ടു
422 ചീന്തിത്തുടങ്ങിനാന്മെല്ലെ മെല്ലെ
423 മുത്തരി പൊങ്ങിന മുഗ്ദ്ധമുഖംതന്നിൽ
424 അത്തൽകളഞ്ഞങ്ങടുത്തു പിന്നെ
425 ചോരിവാതന്നെയും നേരേ പരുകിനാൻ
426 ചോരനായ് വന്നിവൻ മെല്ലെ മെല്ലെ.
427 കാന്തികലർന്ന കഴുത്തോടു ചേർന്നിവൻ
428 കാന്തന്മാരാരെയും പേടിയാതെ
429 പന്തൊത്ത കൊങ്കയും പുൽകിത്തുടങ്ങിനാൻ
430 ചന്തത്തിൽ നിന്നുടനെന്നനേരം

431 ധൂർത്തതതന്നെയിത്താർത്തെന്നലോളമി
432 ന്നോർത്തോളം മറ്റെങ്ങും കണ്ടുതില്ലേ.
433 ചാരത്തു നിന്നൊരു നമ്മെയുമേതുമേ
434 ശങ്കിക്കുന്നോനല്ല മങ്കമാരേ!
435 നീവിയുള്ളേടം തലോടിത്തുടങ്ങിനാൻ
436 നീതിയിൽനിന്നുടൻ മെല്ലെ മെല്ലെ.
437 മാനിച്ചു നിങ്ങൾതന്മാനസംതന്നില
438 ങ്ങാനന്ദമേറ്റവും നല്കിനാനേ.
439 കോമളമായൊരു മേനിയിൽ നിങ്ങൾക്കു
440 കോൾമയിർക്കൊണ്ടിതാ കാണാകുന്നു.

441 വാർത്തകൊണ്ടുള്ളത്തിലാസ്ഥ തഴപ്പിച്ചു
442 താർത്തെന്നലേറ്റേറ്റു നിന്നനേരം
443 വണ്ടിണ്ട കണ്ടങ്ങു കൊണ്ടാടിനിന്നാനെ
444 കൊണ്ടൽനിറമാണ്ട കോമളന്താൻ
445 കണ്ടാലും വണ്ടിണ്ട കണ്ടൊരു പൂക്കളിൽ
446 മണ്ടിനടക്കുന്നതങ്ങുമിങ്ങും.
447 താർത്തേൻ നുകർന്നൊരു വണ്ടിൻകുലംതന്നെ
448 വാഴ്ത്തുവാനോർക്കിലിന്നാർക്കിതാവൂ?
449 അന്തരിയാദിയായുള്ളൊരു രാഗങ്ങൾ
450 ചന്തമായ് നിന്നങ്ങു പാടിപ്പാടി;

451 കോമളമാരായ കാമിനിമാരുമായ്
452 തൂമ കലർന്നു കളിച്ചു ചെമ്മെ,
453 പുത്തനായ്മേവിന പുഷ്പങ്ങൾതന്നിലേ
454 നൽത്തേനൊഴിഞ്ഞേതുമുകയില്ലേ.
455 തേനറ്റ പൂക്കളെക്കാമിച്ചു പിന്നെയും
456 കീഴുറ്റു ചെൽകയില്ലെന്നുമേ താൻ.
457 തേനുറ്റ പൂക്കളെച്ചാരത്തു കാകിലോ
458 നാണിച്ചുനില്ക്കയുമില്ലയേതും
459 വാരുറ്റ പൂക്കൾതൻ ചാരത്തു ചെന്നിട്ടു
460 യാചിച്ചുനില്ക്കയുമില്ലയെന്നും

461 തേനുണ്ണുന്നേരത്തു പീഡിച്ചു പൂക്കളിൽ
462 ദീനത ചേർക്കയില്ലേതുമേതാൻ
463 മാനിച്ചു നിന്നങ്ങു തേനുണ്ടു പോരുമ്പോൾ
464 തേനുറ്റപൂക്കൾതന്നുള്ളിലെങ്ങും
465 നാളെയുമിങ്ങനെ വന്നു കളിച്ചിവൻ
466 മേളത്തിൽ മേവേണമെന്നേ തോന്നൂ
467 വീരനായുള്ളോരു മാരന്നു നേരായി
468 പ്പാരിടം വെല്ലുന്ന വില്ലിനുടെ
469 ചേണെഴുമ്മാറുള്ള ഞാണായി നിന്നിട്ടു
470 മാനം വളർക്കുന്നതിന്നിതല്ലൊ

471 വാരുറ്റ നാരിമാർ കുന്തളംതന്നോടു
472 നേരിട്ടു നില്പാനും മറ്റൊന്നല്ലേ.
473 പാഴറ്റ രോമാളിതന്നെയും കേഴിച്ചു
474 കോഴകൊള്ളുന്നതും മറ്റൊന്നല്ലേ.
475 താമരപ്പൂവിലത്താർമങ്കതന്നോടു
476 കൂടിയിരിപ്പതും മറ്റൊന്നല്ലേ.
477 ഇച്ഛയിൽ നിന്നതു തേൻ നുകർന്നെപ്പൊഴും
478 എച്ചിലായുള്ളൊരു പുഷ്പമല്ലൊ
479 ദേവകൾപൂജയ്ക്കു സാധനമായങ്ങു
480 മേവിയിരുന്നതും പണ്ടുപണ്ടേ."

481 കല്മഷവൈരിയാം കണ്ണന്താനിങ്ങനെ
482 നർമ്മങ്ങളോരോന്നേ ചൊന്നനേരം
483 മാരശരങ്ങൾ നട്ടെങ്ങളിലിന്നിവൻ
484 പാരം വശംകെട്ടാനെന്നു നണ്ണി
485 മാനിനിമാർക്കെല്ലാം മാനസംതന്നിലേ
486 മാനം വളർന്നു തൂടങ്ങീതപ്പോൾ.
487 "എങ്ങളോടൊപ്പുള്ള മാതരിപ്പാരിൽ മ
488 റ്റെങ്ങുമൊരേടത്തുമില്ല"യെന്നേ
489 ഉള്ളിൽ നിറഞ്ഞു വഴിഞ്ഞുതുടങ്ങിതേ
490 തള്ളിയെഴുന്ന തിമിർപ്പിനാലേ.

491 "പൂമാതിനും പണ്ടു നാരാണൻതൻറെ
492 തൂമാറിടമൊന്നേ നേരേ കിട്ടി
493 പാർവ്വതീദേവിക്കു പാരാതെ തൻകാന്തൻ
494 പാതിയേ മേനിയിൽ പണ്ടു നല്കി
495 ഇന്നിവൻ തന്നുടലൊക്കവേ നല്കിനാൻ
496 എങ്ങളിലുള്ളൊരു മോഹം കൊണ്ടേ"
497 ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചന്നാരിമാർ
498 പൊങ്ങും മദംകൊണ്ടു മൂടുകയാൽ
499 തങ്ങളേയുംകൂടി നന്നായ്മറന്നുടൻ
500 അങ്ങനെയായിച്ചമഞ്ഞുതപ്പോൾ.

501 എന്നതുകൊണ്ടൊരു നന്ദതനൂജനും
502 ചിന്തിച്ചാനിങ്ങനെ തന്നിൽ മെല്ലെ:
503 "ഉണ്മയെപ്പാർക്കിൽ നുറുങ്ങേറിപ്പോയിവ
504 ർക്കെന്മൂലമുണ്ടായ വന്മദംതാൻ
505 ഏറെ മദിച്ചു തുടങ്ങിനാലിങ്ങനെ
506 വേറൊന്നയാകുമിക്കാരിയമേ.
507 ആപത്തിൻമൂലമഹങ്കാര മന്നുള്ള
508 താരുമറിയാതിന്നാരിമാരോ;
509 ദീനത പോന്നിവർക്കെത്തുന്നതിന്മുമ്പേ
510 ഞാനിമ്മദംതന്നെ പോക്കവേണം.

511 കാരുണ്യമിന്നിവർമൂലമെനിക്കേതും
512 പോരുന്നൂതില്ലെന്നേ തോന്നുന്നിപ്പോൾ.
513 എന്നതിന്നിന്നിമ്മദത്തെയടക്കിനാൽ
514 നന്നായ്വരും മേലിൽ" എന്നു നണ്ണി
515 ധന്യമാരായുള്ള തന്വിമാരോടൊത്തു
516 മുന്നേതിലേറ്റം കളിപ്പതിന്നായ്
517 കൊണ്ടൽനേർവർണ്ണൻ മറഞ്ഞങ്ങുകൊണ്ടാനേ
518 വണ്ടേലുംചായലാർ കണ്ടിരിക്കെ.
519 മുമ്പിലിരുന്നൊരു മംഗലദീപംതാൻ
520 വമ്പുറ്റ കാറ്റേറ്റു പോയപോലെ

521 കാർമുകിൽവർണ്ണൻ മറഞ്ഞൊരുനേരത്തു
522 കൈറോടു വേറാമ്മണികൾപോലെ
523 വല്ലവിമാരെല്ലാം തങ്ങളിൽ നോക്കീട്ടു
524 വല്ലാതെ നിന്നാരങ്ങൊട്ടുനേരം
525 "നിന്നുടെ പിന്നിലോ"യെന്നങ്ങു തങ്ങളിൽ
526 അന്യോന്യം നോക്കിത്തുടങ്ങിനാരെ.
527 കണ്ണനായുള്ളൊരു നൽവിളക്കങ്ങനെ
528 തിണ്ണം മറഞ്ഞങ്ങു പോയനേരം
529 ദുഃഖമായുള്ളോരിരുട്ടു വന്നുള്ളത്തിൽ
530 ഒക്കവേയങ്ങു പരന്നുതായി.

531 പ്രേമമിയന്നൊരു കോപവുമുള്ളില
532 ക്കാമിനിമാർക്കു നുറുങ്ങുണ്ടായി.
533 ചാരത്തു നിന്നെ