കൃഷ്ണഗാഥ/ഒന്നാം ഭാഗം/പ്രാവൃഡ്വർണ്ണനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കൃഷ്ണഗാഥ
ഒന്നാം ഭാഗം

കൃഷ്ണഗാഥ
രണ്ടാം ഭാഗത്തിലേക്ക്


1 പാൽക്കടൽമാനിനിതന്നുടെ കണ്ണിന്നു
2 പാൽക്കുഴമ്പായുള്ളൊരായർപൈതൽ
3 പാർക്കൊരു ഭൂഷണമായി വിളങ്ങുമ്പോൾ
4 കാർക്കാലം പോന്നിങ്ങു വന്നുതായി.
5 മേചകകാന്തി കലർന്നു തുടങ്ങിതേ
6 മേഘങ്ങളെല്ലാമേ മെല്ലെ മെല്ലെ
7 വല്ലവീവല്ലഭൻതന്നുടെ കാന്തിയെ
8 വെല്ലേണമിന്നു നാമെന്നപോലേ
9 ഡംബരമാണ്ടു മുഴങ്ങിത്തുടങ്ങീത
10 ങ്ങംബരംതന്നിലേ മെല്ലെ മെല്ലെ.

11 അംബുദജാലങ്ങളംബുധിതന്നിലും
12 അംബരംതന്നിലും പാകിനിന്നൂ.
13 ഹംസങ്ങൾ മെല്ലവേ പാഞ്ഞുതുടങ്ങിതേ
14 കംസന്തൻ ജീവിതമെന്നപോലെ.
15 പാരിച്ചു നിന്നൊരു പേമഴ തൂകീട്ടു
16 പാരിടമെങ്ങുമേ മുങ്ങിക്കൂടീ.
17 വർഷത്തെക്കണ്ടുള്ള കർഷകന്മാരെല്ലാം
18 ഹർഷത്തെപ്പൂണ്ടുതുടങ്ങീതെങ്ങും.
19 കാന്തപിരിഞ്ഞോർക്കു ശാന്തിയെ നല്കുവാൻ
20 കാന്തളുമെങ്ങും നിറഞ്ഞൂതായി.

21 കച്ചുകിടക്കുന്ന മച്ചകമോരോന്നിൽ
22 ഇച്ഛ തുടങ്ങീ പലർക്കുമപ്പോൾ,
23 പച്ചോടമില്ലാഞ്ഞിട്ടുൾചൂടുമുണ്ടായി
24 പിച്ചയായുള്ളോന്നിക്കാലലീല
25 ചീർത്തുള്ള മേഘത്തിൻചാർത്തു പരന്നപ്പോൾ
26 മാർത്താണ്ഡബിംബം മറഞ്ഞുപോയി
27 മായയാൽ മൂടിന മാനസം തന്നിലേ
28 ജ്ഞാനം മറഞ്ഞങ്ങു പോകുമ്പോലെ.
29 നീപങ്ങൾ പൂത്തതു കണ്ടൊരു വണ്ടുകൾ
30 നീളവേ പാഞ്ഞുതുടങ്ങി തന്നിൽ

31 നന്മകുറഞ്ഞൊരു നെന്മേനി വേണ്ടീല
32 കല്മഷമാണ്ടുള്ളോർക്കെന്നേയുള്ളൂ
33 വാരികലർന്നൊരു വാതം വരുന്നേരം
34 വാതിലടച്ചുതുടങ്ങീതെങ്ങും
35 ജാള്യമാണ്ടിങ്ങനെ പോരുന്നോരെങ്ങുമേ
36 മാന്യരായെന്നുമേ വന്നുകൂടാ.
37 ശോഷിച്ചുപോയുള്ള തോയങ്ങളെല്ലാമേ
38 പോഷിച്ചുനിന്നുതായെങ്ങുമപ്പോൾ
39 കാർമുകിൽനേരായ പൈതൽതാൻ ചെന്നപ്പോൾ
40 ആനായദേശന്താനെന്നപോലെ.

41 ചാതകമെല്ലാമേ ജാതസുഖങ്ങളായ്
42 വീതവിഷാദങ്ങളായിനിന്നു.
43 കേതകിപ്പൂവിലേ നന്മണംകൊണ്ടെങ്ങും
44 കേഴിച്ചു പാന്ഥരേ മേവുംകാലം
45 കാർമുകിലായൊരു നീലപ്പടംകൊണ്ട
46 തൂമകലർന്നു വിതാനിച്ചെങ്ങും
47 ആക്കമിയന്ന വലാഹകളാകിയ
48 പൂക്കുല മേളത്തിൽ തൂക്കിച്ചെമ്മേ
49 ശോഭകലർന്നൊരു തൂമിന്നലായുള്ള
50 ദീപങ്ങളെങ്ങും കൊളുത്തി മേന്മേൽ

51 പാഴിടിയായൊരു ഭേരിയുമെങ്ങുമേ
52 പാരം മുഴങ്ങിച്ചു നിന്നു പിന്നെ
53 ഭൂതലമായൊരു തട്ടിലങ്ങിട്ടിട്ടു
54 ബാലശീലീന്ധ്രമാം വെള്ളരിയും
55 കീർത്തിപൂണ്ടെങ്ങുമേ കേകികളായുള്ള
56 വാഴ്ത്തികൾ വന്നങ്ങിരുന്നുതന്നിൽ
57 ലജ്ജ വെടിഞ്ഞുനിന്നുച്ചമെഴുംവണ്ണം
58 ഷഡ്ജമായുള്ളൊരു പാട്ടുതന്നെ
59 പാടിത്തുടങ്ങിനാർ; മന്മഥന്നെല്ലാരും
60 ആടിത്തുടങ്ങിനാരെന്നനേരം

61 കാമിനിമാരുടെ പോർമുല വേറായ
62 കാമുകരെല്ലാരും കോമരമായ്.
63 കാർക്കാലന്തന്നുടെ കാന്തിയെക്കണ്ടിട്ടു
64 ചീർക്കുന്ന മോദത്തെപ്പൂണ്ടു കണ്ണൻ
65 ഗോക്കളേ മേച്ചു നൽ കാനനംതന്നിലെ
66 വായ്ക്കുന്ന ലീലകളാണ്ടു നിന്നാൻ.
67 ജീവനമാകയാൽ പീയൂഷമായിട്ടു
68 മേവുന്ന തോയത്തെത്തൂകിപ്പിന്നെ
69 ലോകങ്ങൾക്കീടുന്ന താപങ്ങൾ തീർത്തു നൻ
70 മേഘങ്ങളെല്ലാം തളർന്നു നിന്നു.