കൃഷ്ണഗാഥ/ഒന്നാം ഭാഗം/ഗ്രീഷ്മവർണ്ണനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കൃഷ്ണഗാഥ
ഒന്നാം ഭാഗം

കൃഷ്ണഗാഥ
രണ്ടാം ഭാഗത്തിലേക്ക്


1 വല്ലവിമാരുടെ മാനസമായുളള
2 വല്ലികൾ ചേർന്നു പടർന്നു മേന്മേൽ
3 ചാലത്തണുത്തൊരു പാദപമായ് നിന്നു
4 നീലക്കാർവർണ്ണൻ കളിക്കുംകാലം
5 ഊഷ്മതകൊണ്ടു വറട്ടിച്ചമച്ചങ്ങു
6 ഗ്രീഷ്മമായുള്ളൊരു കാലം വന്നു.
7 താപംകൊണ്ടെല്ലാരും വേവുറ്റു കാവിലും
8 വാപികാതീരത്തുമായ് തുടങ്ങീ.
9 നാരിമാരെല്ലാരും കാമുകന്മാരുമായ്
10 വാരിയിലായിതേ ലീലകളും.

11 ആലവട്ടങ്ങൾക്കു ചാലച്ചുഴന്നു നി
12 ന്നാലസ്യമായ് വന്നു നാളിൽ നാളിൽ.
13 വാതായനങ്ങൾക്കും പ്രാഭവമുണ്ടായി
14 സേവകൾ മേന്മേലേ ചെയ്കയാലേ.
15 മാലേയച്ചാറെല്ലാം ബാലികമാരുടെ
16 ബാലപ്പോർകൊങ്കയിൽ ചേർച്ച പുക്കു
17 പാനീയശാലകൾ മാനിച്ചു നിന്നിതേ,
18 ദീനങ്ങളായ് വന്നു ചാതകങ്ങൾ.
19 ഉന്മേഷം പൂണ്ടൊരു നെന്മേനിപ്പൂവിലെ
20 നന്മണമെങ്ങും പരത്തി മേന്മേൽ.

21 മന്ദിരംതോറും നടന്നുതുടങ്ങിനാൻ
22 മന്ദസമീരണനന്തിനേരം
23 "ഗാഢമായ് പൂണ്ടാലും കാന്തനേ നീയിപ്പോൾ
24 ചൂടെല്ലാം പോക്കുവാൻ ഞാനുണ്ടല്ലോ"
25 എന്നങ്ങു ചെന്നുടൻ സുന്ദരിമാരോടു
26 വെവ്വേറെ ചൊല്ലുവാനെന്നപോലെ.
27 ഇച്ഛതിരണ്ടുള്ള മച്ചകമെല്ലാമേ
28 കച്ചുതുടങ്ങീതു പിന്നെപ്പിന്നെ.
29 പച്ചോടമെന്നു പറഞ്ഞുതുടങ്ങുമ്പോൾ
30 ഉൾച്ചൂടു താനെയെഴുന്നുകൂടും.

31 ഇന്ദുതൻ നന്മണികൊണ്ടു പടുത്തങ്ങു
32 സുന്ദരമായുള്ള ഭൂതലത്തിൽ
33 ചന്ദ്രികയേറ്റു കിടന്നുതുടങ്ങിനാർ
34 സുന്ദരിമാരും തൻ കാന്തന്മാരും
35 ആഹാരമായതിക്കാലത്തിന്നോർക്കുമ്പോൾ
36 നീഹാരമെന്നങ്ങു വന്നുകൂടും
37 നീഹാരമിന്നിന്നു കാണ്മുതില്ലേതുമേ
38 ആഹാരം കൂടാതെയാരുമില്ലെ.
39 ശീതമായുള്ളൊരു മാനിന്നു കേസരി
40 പ്പോതമായ് മേവുമക്കാലംതന്നെ

41 മാധവൻതന്നോടു കൂടിക്കലർന്നോർക്കു
42 മാധവമാസമേയെന്നു തോന്നി.
43 കോലക്കുഴലുമായ് ലീലകൾ കോലുന്ന
44 ബാലകന്മാരുമായ്ക്കാലി പിമ്പേ
45 കാനനംതന്നിൽ കളിച്ചുതുടങ്ങിനാൻ
46 കാന്തികലർന്നൊരു കാർവർണ്ണന്താൻ
47 ദ്രോഹിപ്പാനായ് വന്നു നില്ക്കും പ്രലംബനേ
48 രോഹിണീനന്ദനൻ കൊന്നു പിന്നെ
49 ആപത്തെപ്പോക്കിനാൻ ബാലകന്മാർക്കെല്ലാം,
50 മോദത്തെ നല്കിനാൻ ദേവകൾക്കും.

51 കാലികൾ കാണാഞ്ഞു ബാലകന്മാർ പിന്നെ
52 ക്കാനനംതന്നിൽ നടക്കുന്നേരം
53 ഘോരമായുള്ളൊരു കാട്ടുതീ കാണായി
54 പാരം ചുഴന്നു വരുന്നതപ്പോൾ
55 പേടിച്ചുനിന്നുള്ള ബാലകന്മാരെല്ലാം
56 ഓടിത്തുടങ്ങിനാർ നാലുപാടും.
57 പോക്കിയല്ലാതെ ചമഞ്ഞോരു നേരത്ത
58 ങ്ങൂക്കനായ്നിന്നവനോടു ചൊന്നാർ:
59 "താവകന്മാരായ ഞങ്ങളെയെല്ലാമേ
60 പാവകൻ വന്നു വിഴുങ്ങുന്നോനേ."

61 എന്നതു കേട്ടൊരു നന്ദകുമാരന്താൻ
62 ഏതുമേ പേടിയായ്കെന്നു ചൊല്ലി.
63 കണ്ണടച്ചീടുവിനെന്നങ്ങു ചൊന്നപ്പോൾ
64 കണ്ണടച്ചെല്ലാരും നിന്നനേരം
65 കത്തിവരുന്നൊരു തീയെ വിഴുങ്ങിനാൻ
66 മുഗ്ദ്ധവിലോചനൻ മുന്നെപ്പോലെ.
67 അന്തിയണഞ്ഞൊരു കാലം വരുന്നേരം
68 ചന്തമായ്പാടിക്കളിച്ചു പിന്നെ
69 ബാലകന്മാരുമായാലയം പൂകിനാൻ,
70 വാരിജകാമുകൻ വാരിയിലും.