Jump to content

കൃഷ്ണഗാഥ/ഒന്നാം ഭാഗം/വേണുഗാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കൃഷ്ണഗാഥ
ഒന്നാം ഭാഗം

കൃഷ്ണഗാഥ
രണ്ടാം ഭാഗത്തിലേക്ക്


1 നന്ദനം വെന്നൊരു വൃന്ദാവനംതന്നിൽ
2 നന്ദസുതൻ പണ്ടു നിന്നകാലം
3 അന്നൊരുനാളങ്ങു പങ്കജവല്ലഭൻ
4 മന്ദം മറഞ്ഞങ്ങു പോകുന്നേരം
5 മണ്ഡലംതാനങ്ങു മന്ഥരമായൊരു
6 മണ്ഡനമായി വിളങ്ങീതപ്പോൾ
7 പശ്ചിമദിങ്നാരി കച്ചണിക്കൊങ്കയിൽ
8 ഇച്ഛയിലിട്ടൊരു താലിപോലെ.
9 അന്തണരെല്ലാരുമാദരവോടങ്ങു
10 സന്ധ്യയെ വന്ദിച്ചു നിന്നാരപ്പോൾ.

11 പാന്ഥന്മാരോരോ പൂരിലകംപൂവാൻ
12 പാരം നടന്നു തുടങ്ങീതെങ്ങും
13 ധേനുക്കൾ തങ്ങളെപ്പാലിക്കുന്നോരുമാ
14 യാലയ്ക്കലാമ്മാറു ചെന്നു പൂക്കു.
15 പ്രേമംതഴച്ചുള്ള കാമുകന്മാരുമ
16 ങ്ങാമോദംപൂണ്ടു തെളിഞ്ഞുനിന്നാർ.
17 ജാരന്മാരെല്ലാരും നാരിമാർവീട്ടിന്നു
18 ചാരത്തെക്കാടകം തേടിനാരെ.
19 ദൂതിമാരങ്ങുടൻ ദൂതന്മാരിങ്ങുടൻ
20 ദൂരെ നടന്നു തൂടങ്ങീതെങ്ങും.

21 മാലകളോരോന്നേ ചേടിമാരെല്ലാരും
22 ചാലത്തൊടുത്തു തുടങ്ങീതപ്പോൾ.
23 പക്ഷികൾ തങ്ങളിൽ കൂകിവിളിച്ചോരൊ
24 വൃക്ഷവരങ്ങളിൽ ചെന്നു പുക്കു
25 കോകങ്ങളെല്ലാമേ ഗോപതിമണ്ഡലം
26 കോപിച്ചു നോക്കിയിരുന്നുടനെ
27 തൂമ തിരണ്ടൊരു പേടമുഖംതന്നെ
28 പ്രേമമിയന്നങ്ങു നോക്കും ചെമ്മെ
29 താമരനൂലങ്ങു കൊത്തിവലിച്ചു തൻ
30 കാമിനിക്കായി കൊടുക്കും മെല്ലെ.

31 നീലിമകോലിന വേലയെക്കണ്ടിട്ടു
32 നീളെ നെടുതായി വീർക്കും പിന്നെ
33 വാപികതന്മറുതീരത്തെ നോക്കീട്ടു
34 മാഴ്കിത്തളർന്നൊന്നു കൂകും മെല്ലെ.
35 പക്ഷതികൊണ്ടു തൻ പക്ഷിണിതന്നെയും
36 അക്ഷമനായിത്തഴുകി നിന്ന്
37 നെഞ്ചകംതന്നിലേ പഞ്ചശരം നട്ടു
38 ചഞ്ചുപുടംതന്നെ വായ്ക്കൊണ്ടുടൻ
39 "പോകുന്നേനെങ്കിൽ ഞാ"നെന്നങ്ങു ചൊല്ലീട്ടു
40 തൂകിത്തുടങ്ങീതു കണ്ണുനീരും.

41 കസ്തൂരികൊണ്ടുള്ള പത്തിക്കീറ്റമ്പോടു
42 പുത്തന്മുലതന്നിൽ ചേർത്തു ചെമ്മേ
43 കാന്തൻ വരുംവഴി നോക്കിത്തുടങ്ങിനാർ
44 പൂന്തേന്മൊഴികളും മെല്ലെ മെല്ലെ.
45 അസ്താചലന്തന്നിൽ മെത്തിയിരുന്നൊരു
46 പുത്തന്നിറമാണ്ട ചെമ്പരുത്തി
47 ഒക്കെ വിരിഞ്ഞു ചമഞ്ഞുകണക്കെയ
48 ദ്ദിക്കു ചുവന്നുചമഞ്ഞുതപ്പോൾ,
49 തിണ്ണം നടന്നുടനർക്കന്തൻ തേരുമായ്
50 അർണ്ണവംതന്നിൽ പതിക്കുന്നേരം

51 ബാഡവനാകിന പാവകന്തന്നിലെ
52 വേഗത്തിൽ പോയ് ചെന്നു വീഴ്കയാലെ
53 ജ്വാലകൾ മാലയായ്ക്കത്തിയെഴുന്നിട്ടു
54 ചാലവെ വന്നുതോയെന്നു തോന്നും
55 ചാലപ്പതിതനാം മാർത്താണ്ഡൻതന്നോട
56 ക്കാലത്തു സംഗമമെത്തുകയാൽ
57 താരങ്ങളാകിന മുദ്രധരിച്ചിട്ടു
58 പോകത്തുടങ്ങിനാൾ സന്ധ്യ മെല്ലെ.
59 സന്ധ്യയായുള്ളൊരു ബന്ധുരഗാത്രിതാൻ
60 ചന്തമായ് പോയി മറഞ്ഞനേരം

61 രാത്രിയായുള്ളൊരു താർത്തേൻമൊഴി വന്നു
62 ചീർത്തൊരു കേശമഴിച്ചു ചെമ്മെ
63 നീളെ വിരിച്ചുതായെന്നകണക്കെയ
64 ക്കാളിമകൊണ്ടു നിറഞ്ഞുതെങ്ങും
65 മന്മഥന്താൻ പല ബന്ധുക്കളുണ്ടാവാൻ
66 അംബരമായ കഴനിതന്നിൽ
67 അന്തിച്ചുവപ്പായ പൊന്നിങ്കരുവികൊ
68 ണ്ടുന്തിയുഴുതു ചമച്ചു ചെമ്മെ
69 സുന്ദരമായുള്ളൊരിന്ദുവിത്തമ്പോടു
70 മന്ദം വിതച്ചു ചമച്ചപോലെ

71 കോരകമായൊരു താരകപൂരകം
72 നേരേ വിയത്തിൽ വിളങ്ങീതപ്പോൾ.
73 ചന്തമെഴുന്നൊരു സന്ധ്യയെക്കണ്ടിട്ടു
74 ചെന്താമരക്കണ്ണനോർത്തുനിന്നു:
75 "ഇന്നു ഞാനെന്നുടെ വല്ലവിമാരുമായ്
76 നന്നായ് രമിക്കേണ"മെന്നുറച്ചാൻ.
77 തന്മനമായി വിളങ്ങിനോരിന്ദുതാൻ
78 അന്നിനവെല്ലാമറിഞ്ഞു ചെമ്മെ
79 സ്വാമിയായ്മേവിന കാമനെച്ചെന്നങ്ങു
80 കോമളമായ് നിന്നു കൈതൊഴുതു

81 "ഗോവിന്ദന്തന്നുടെ ഗോപികമാരുമായ്
82 മേവിക്കളിക്കുന്നോനെന്നു തോന്നൂ.
83 വൃന്ദാവനംതന്നിലിന്നെഴുന്നള്ളേണം"
84 എന്നൊരു വാർത്തയുണർത്തിനിന്നാൻ.
85 നിന്നങ്ങു ചൊന്നതു കേട്ടൊരു നേരത്തു
86 സുന്ദരനാകിന മന്മഥന്താൻ
87 മേനിയിൽ മേവിന മാനിനിതന്നെയും
88 മാനിച്ചു നീക്കിയെഴുന്നേറ്റപ്പോൾ
89 ചാലത്തിരണ്ടൊരു ഭക്തി തഴച്ചുടൻ
90 വേലപ്പെകാന്തനെക്കൈതൊഴുതാൻ.

91 "എന്നുപോലെന്നുടെ സേവ തഴപ്പിപ്പാൻ
92 ചെമ്മുള്ള കാലമകപ്പെടുന്നു
93 എന്നതേ സന്തതം ചിന്തിച്ചുനിന്നുള്ളോ
94 രെന്നുള്ളമിന്നു കുളുർത്തുതായി"
95 എന്നങ്ങു ചൊന്നുള്ള മന്മഥന്താനുടൻ
96 മന്ദം മറിഞ്ഞൊന്നു നോക്കി മെല്ലെ
97 കല്യനായുള്ളൊരു നല്ല വസന്തത്തെ
98 മെല്ലെ വിളിച്ചങ്ങടുത്തുകൊണ്ട്
99 "ഇന്നു നമുക്കൊരു മംഗലയാത്രയു
100 ണ്ടെന്നാലതിന്നുമുതിർക്ക"യെന്നാൻ

101 സമ്മതയായുള്ള വല്ലഭതന്നെയും
102 കണ്മുനകൊണ്ടു തളച്ചു മെല്ലെ
103 ചാല വലിച്ചു തൻ ചാരത്തുകൊണ്ടിട്ടു
104 ദൂരത്തു നീക്കിനാനല്ലലെല്ലാം.
105 കാർകൊണ്ടിരുണ്ടൊരു വാർകൊണ്ടൽനേർകൊണ്ട
106 വാർകൂന്തൽതന്നെയും ചീന്തിച്ചീന്തി
107 കുന്ദനിര വന്നു കുമ്പിട്ടു നില്ക്കുന്ന
108 മന്ദസ്മിതംതന്നിൽ മുങ്ങിനിന്നു
109 ചട്ടറ്റ കൈകൊണ്ടു മെല്ലെത്തലോടീട്ടു
110 വട്ടൊത്ത കൊങ്കകൾ രണ്ടും പിന്നെ

111 "ഗോകുലനായകൻ മേവും വനംതന്നിൽ
112 പോകയോ നാമെങ്കി"ലെന്നു ചൊന്നാൻ.
113 അംഗജനിങ്ങനെ ചൊന്നൊരു നേരത്തു
114 മംഗലയാകിയ മാനിനിതാൻ
115 യാത്രയ്ക്കു വേണുന്ന കോപ്പെല്ലാം തന്നുടെ
116 ഗാത്രത്തിൽ ചേർത്തങ്ങു മുന്നിൽ നിന്നാൾ.
117 കുന്തളമാകിന വണ്ടിൻനിരതന്നെ
118 ച്ചന്തത്തിൽ ഞാണായി മീതേ ചേർത്തു
119 ചില്ലിക്കൊടിയായ വില്ലോടു ചേർത്തങ്ങു
120 മല്ലക്കകോണമായമ്പുമമ്പും

121 മേളമെഴുന്നൊരു വേണിയായ് മേവുന്ന
122 നീലത്തഴയും പിടിച്ചു ചെമ്മെ
123 താലിയായുള്ളോരു താലത്തിൽ വച്ചങ്ങു
124 ബാലസ്മിതമായ വെള്ളരിയും
125 അൽക്കിടമാകിന തേർത്തടംതന്നെയും
126 നല്കി നൽക്കാലത്തെപ്പാർത്തു നിന്നാൾ.
127 ഉള്ളംതെളിഞ്ഞുള്ളൊരംഗജന്താനപ്പോൾ
128 തള്ളിയെഴുന്നുള്ളൊരമ്പു പൂണ്ട്
129 മാനിനിതന്മുഖം മാനിച്ചു നോക്കിക്കൊ
130 ണ്ടാനന്ദനായിനിന്നൊട്ടുനേരം

131 കൊങ്കകൾ രണ്ടും തന്മാറിലണച്ചങ്ങു
132 സങ്കടം പോക്കിനാൻ മെല്ലെ മെല്ലെ.
133 തിങ്കൾതാനങ്ങതു കണ്ടു മയങ്ങിനാൻ
134 തങ്കലെഴുന്നൊരു കോഴപൂണ്ടു
135 രോഹിണിതന്മുല ചാലപ്പുണർന്നിട്ടു
136 മോഹം പുലമ്പി നുറുങ്ങിനിന്നാൻ
137 അംഗജന്തന്നുടെ മംഗലയാനത്തി
138 ന്നംഗമായ് വന്നുടൻ ഭംഗിപൂണ്ട്
139 വണ്ടിണ്ടയെന്നുമകമ്പടി ചന്തത്തിൽ
140 മണ്ടിനടന്നുതുടങ്ങീതപ്പോൾ.

141 ഹസ്തതലംതന്നിലത്ഭുതമായൊരു
142 പുത്തൻകരിമ്പുവിൽ ചേർത്തു ചെമ്മേ,
143 കെല്പുകലർന്നുനിന്നിപ്പാരടക്കുന്ന
144 പുഷ്പശരങ്ങളുമപ്പരിചെ.
145 ആസ്ഥ തിരണ്ടൊരു താർത്തെന്നലാകിന
146 തേർത്തടംതന്നിൽ കരേറിച്ചെമ്മേ
147 കോകിലനാദമാം കാളം വിളിപ്പിച്ചു
148 പോകത്തുടങ്ങിനാനംഗജന്താൻ.
149 ബന്ധുവായ് മേവിന നല്ല വസന്തവും
150 ചന്തമായ് പിമ്പേ നടന്നാനപ്പോൾ.

151 വെണ്മതിരണ്ടങ്ങു മറ്റുള്ളൃതുക്കളും
152 തന്മരം തന്മരം പൂപ്പിച്ചുടൻ
153 ദേവകീനന്ദനൻ മേവും വനംതന്നിൽ
154 സേവിപ്പാനായങ്ങു ചെന്നുപുക്കു.
155 മാധവമാസവും മന്മഥൻപിന്നാലെ
156 മാധവനുള്ളിടം ചെന്നണഞ്ഞു.
157 ഇന്ദുതാനംബരംതന്നിലേ പോയങ്ങു
158 മന്ദം നടന്നു കിഴക്കു പുക്കാൻ.
159 ഇന്ദ്രദിഗങ്ഗന ചന്ദ്രനെഗ്ഗർഭിച്ചു
160 നിന്നതു ചൊല്ലീതങ്ങെല്ലാരോടും

161 ചാലെ വിളർത്തുചമഞ്ഞൊരു തന്മുഖം
162 ചാരുസ്മിതമാണ്ടു നിന്നപോലെ
163 എൻ വരവിന്നങ്ങു കാലമിതായിതോ
164 എന്നങ്ങറിവാനായെന്നപോലെ
165 നല്ലൊരുദയഗിരിതൻ മുകളേറി
166 മെല്ലവേ നോക്കിനിന്നെല്ലാടവും
167 രാഗവാനായുള്ള രോഹിണീവല്ലഭൻ
168 വേഗവാനായി വെളിച്ചപ്പെട്ടാൻ.
169 തിങ്ങിയിരുന്നോരിരുട്ടിൻനിരയെല്ലാം
170 മങ്ങിമയങ്ങിച്ചമഞ്ഞുടനേ

171 ആയാസംപൂണ്ടങ്ങു പാതാളലോകത്തു
172 പോയങ്ങു മിക്കതും പുക്കുതായി.
173 അംബുധിപോലെയങ്ങംബുജലോചനൻ
174 തന്മനമൊന്നങ്ങു പൊങ്ങീതപ്പോൾ.
175 അംഗജൻതാനും തൻ ബന്ധുക്കളുമായി
176 വൃന്ദാവനത്തിലകത്തു പുക്കു
177 മാകന്ദംതന്മധുവുണ്ടങ്ങു നിന്നിട്ടു
178 കൂകത്തുടങ്ങീതേ കോകിലവും
179 ചെമ്പകം തൻ പൂവും ചാലെപ്പൊഴിപ്പിച്ചു
180 കമ്പംവരുത്തീതു കണ്ടോർക്കെല്ലാം.

181 നാരികൾപാദത്തിൻ താഡനംകൂടാതെ
182 നന്നായിപ്പൂത്തിതശോകങ്ങളും
183 ബാലവസന്തശ്രീതന്നുടെ കോമള
184 നീലമിഴിമുനയെന്നപോലെ
185 മത്തങ്ങളായുള്ള ഭൃംഗങ്ങൾ ചെന്നപ്പോൾ
186 പുത്തൻതിലകങ്ങൾ പൂത്തു നിന്നൂ.
187 വല്ലികൾ ചെന്നങ്ങു നല്ല മരങ്ങളെ
188 മെല്ലെത്തഴുകി മയക്കിച്ചെമ്മെ
189 തൊത്തായ കൊങ്കയും പുത്തൻതളിരായി
190 മെത്തുന്ന ചോരിവാ നല്കിനിന്നൂ.

191 ഉന്മാദമാണ്ടു വരുന്നൊരു ഗോപികൾ
192 നന്മേനിപോലെ പകുത്തു ചെമ്മെ
193 നെന്മേനിയാകിന വന്മരം പൂത്തുടൻ
194 ചെമ്മേ വിരിഞ്ഞുതുടങ്ങീതപ്പോൾ
195 കേതകീവാടികൾ നീളെ വിരിഞ്ഞങ്ങു
196 പോതകമായ കടമ്പുകളും
197 ചൂതവാർകൊങ്കകൽ വേറായി നിന്നോർക്കു
198 ജാതകത്തിന്നന്തമാക്കിനിന്നു
199 കുന്ദനിരയെല്ലാം നന്നായ് വിരിഞ്ഞിട്ടു
200 നന്ദസുതന്മുന്നൽ കാണായപ്പോൾ

201 അഞ്ചാതെ നിന്നിട്ടു വെണ്മ പയറ്റുവാൻ
202 പുഞ്ചിരിതന്നോടങ്ങെന്നപോലെ
203 ഏന്തുമിരഞ്ഞിമലർതന്മധുതന്നിൽ
204 നീന്തിനടന്നു നൽ തെന്നലെല്ലാം
205 ലോദ്ധ്റങ്ങളായ മരങ്ങളും പൂത്തുടൻ
206 ആർദ്രങ്ങളായി നൽ തേൻ ചൊരിഞ്ഞു
207 വല്ലഭമാരുടൽതന്നെപ്പിരിഞ്ഞുള്ളോ
208 ർക്കല്ലലിയറ്റുവാനുള്ളിലെങ്ങും
209 മല്ലികയും നല്ല മുല്ലനിരകളും
210 മെല്ലെ വിരിഞ്ഞുതുടങ്ങീതപ്പോൾ.

211 ജ്യോൽസ്നയായുള്ളൊരു സുന്ദരി ചെന്നുടൻ
212 ആസ്ഥയായ് നിന്നു തഴുകുന്നേരം
213 നീളെക്കുരുക്കുത്തിമുല്ലകൾ മെല്ലവേ
214 മേളത്തിൽ പൂത്തു തുടങ്ങീതെങ്ങും.
215 ഇച്ഛ തിരണ്ടൊരു പിച്ചകംതൻപൂവും
216 അച്യുതൻ കാഴ്ചയായ് വന്നുനിന്നു
217 കാമന്തനിക്കുള്ളിൽ പ്രേമം തഴപ്പിക്കും
218 ചേമന്തിക്കൂട്ടവും പൂത്തുനിന്നൂ.
219 തിങ്കൾതാനുണ്ടല്ലോ നന്മുഖംതന്നോട
220 ങ്ങങ്കംതൊടുത്തിപ്പോളെന്നു നണ്ണി

221 ഗോകുലനാരികൾ ചാല വരുന്നേരം
222 വാർകൊങ്കതന്നോടങ്ങൊത്തുനില്പാൻ
223 തേൻപാതെ നിന്നുള്ള താമരപ്പൂവെല്ലാം
224 കൂമ്പിച്ചമഞ്ഞുതുടങ്ങീതപ്പോൾ.
225 ഉത്തമയാകിയ രോഹിണിതന്മുല
226 ക്കസ്തൂരി മെയ്യിൽപ്പിരണ്ടപോലെ
227 നീലിമപൂണ്ടു വിളങ്ങിന തിങ്കളും
228 ചാലേ മുളച്ചങ്ങുയർന്നുതപ്പോൾ.
229 അംബരമായ വിതാനത്തിൽ തൂക്കിന
230 നിർമ്മലമുല്ലതൻ മാലപോലെ

231 രശ്മികൾ താണു നിലത്തു പരന്നുടൻ
232 കശ്മലമായതു പോക്കിനിന്നു.
233 മുഷ്കുതുടർന്നൊരു പത്മിനീകാന്തൻ ചെ
234 ന്നൊക്കവേ മൂപ്പിച്ചുനില്ക്കയാലേ
235 ഊമ്പലുറഞ്ഞങ്ങു കൂമ്പിമയങ്ങിനോ
236 രാമ്പൽനിരകളും മെല്ലെ മെല്ലെ
237 തങ്കരംകൊണ്ടുടനമ്പിൽ തലോടീട്ടു
238 സങ്കടമായതു പോക്കിനിന്നാൻ
239 കാന്തൻകരംകൊണ്ടു തന്നെത്തൊടുന്നേരം
240 താന്തയായ് നിന്ന കുമുദ്വതിതാൻ

241 ഏന്തിയെഴുന്നുള്ളോരാമോദംപൂണ്ടുടൻ
242 പൂന്തേനാം കണ്ണുനീർ വാർത്തുനിന്നാൾ
243 ഈവണ്ണമുള്ളോരവസ്ഥയെക്കണ്ടിട്ടു
244 കേവലനാകിലും ഗോവിന്ദന്താൻ
245 തായായി ലോകർക്കു നിന്നൊരു മായയിൽ
246 പോയങ്ങു പുക്കുടൻ മേവിനാനേ.
247 ബാലത പോയിട്ടു യൗവനം വന്നപ്പോൾ
248 ചാലെത്തൻ മേനിയിൽ മേവിതായി.
249 ഇങ്ങനെയുള്ളതു വിസ്മയമല്ലതാൻ
250 അങ്ങനെയുള്ളുതൻ മായാബലം:

251 ആയർകുലത്തിൽ തഴപ്പിച്ചുവച്ചത
252 മ്മായതാനല്ലയോ പണ്ടിവനേ?
253 യൗവനമിന്നെങ്കിൽ മുമ്പിലേ നല്കീട്ടു
254 വൈഭവംകാട്ടിനാനെന്തുചേതം
255 ഓർക്കിലൊരുവർക്കും മായതൻ വൈഭവം
256 ആർക്കുമറിയാവോന്നല്ല ചൊല്ലാം.
257 അങ്ങനെ പോകതന്നന്ദതനൂജന്താ
258 നിങ്ങനെ നിന്നൊരവസ്ഥതന്നിൽ
259 മംഗലമായൊരു ശൃംഗാരംതാനങ്ങു
260 ഭംഗിപൊഴിഞ്ഞൊരു മേനിയുമായ്

261 വന്നുനിറന്നുതോ എന്നകണക്കെ താൻ
262 നിന്നുവിളങ്ങിനാൻ സുന്ദരനായ്.
263 ചാല നിറന്നുള്ളൊരാലിൻമുരടങ്ങു
264 കോലക്കുഴലുമായ് ചെന്നുടനേ
265 മേളത്തിൽ പായിനാൻ കോലക്കുഴൽതന്നെ
266 ത്താളത്തിൽ ചേർത്തു വിളിച്ചാൻ പിന്നെ.
267 രാഗങ്ങളോരോന്നേ ഗോകുലനായകൻ
268 മേളം കലർന്നങ്ങു പാടുന്നേരം
269 വൃന്ദാവനംതന്നിലുള്ളൊരു ജീവികൾ
270 നന്ദിച്ചുനിന്നുതേ മന്ദം മന്ദം.

271 ഷഡ്പ്പദമാലകളത്ഭുതമായൊരു
272 പുഷ്പരസത്തെ വെടിഞ്ഞുടനെ
273 ഗാനമായ് മേവിന തേനേക്കുടിപ്പാനായ്
274 ആനനംതങ്കലേ ചെന്നു പുക്കൂ.
275 കോകിലജാലങ്ങൾ കോലക്കുഴൽ കേട്ടു
276 മൂകങ്ങളായങ്ങു നിന്നുപോയി
277 ചേണുറ്റ വേണുതൻ തേനുറ്റ നാദത്തെ
278 ത്തന്നുറ്റനാദത്തിന്മീതേ കേട്ട്
279 വേലപ്പെടാതെതാൻ മാനിച്ചു നിന്നിട്ടു
280 ചാലപ്പറിപ്പാനായെന്നപോലെ.

281 കേകിനിരകളും വേഗത്തിൽച്ചെന്നിട്ടു
282 കൂകി, കുഴഞ്ഞൊരു കണ്ഠവുമായ്;
283 നീലത്തഴയായ പീലിപ്പുറംതന്നെ
284 ച്ചാലപ്പരത്തി വിരിച്ചു ചെമ്മെ
285 പാടിത്തുടങ്ങുമ്പോൾ നീടുറ്റ താളത്തിൽ
286 ആടിത്തുടങ്ങീതു മെല്ലെ മെല്ലെ.
287 പുണ്യതമങ്ങളായുള്ള മരങ്ങളും
288 കണ്ണൻകുഴൽവിളി കേട്ടനേരം
289 തേനുറ്റു വീഴുന്ന പൂക്കൾ ചൊരിഞ്ഞുടൻ
290 മാനിച്ചു കൊമ്പെല്ലാം താഴ്ത്തി നിന്നു.

291 കഞ്ചന്തൻ നെഞ്ചിനോടൊത്ത കരിങ്കല്ലും
292 അഞ്ചിതമായൊരു പാട്ടു കേട്ടു
293 ഉദ്ധവർമാനസമെന്നകണക്കെ നി
294 ന്നത്ഭുതമായിച്ചമഞ്ഞുതപ്പോൾ.
295 വേഗത്തിൽ പോകുന്ന കാളിന്ദിതാനങ്ങു
296 രാഗത്തെക്കേട്ടൊരു നേരത്തപ്പോൾ
297 ഏറിന വീചികജാലമകന്നുട
298 നേതുമനങ്ങാതെ നിന്നുപോയി.
299 ആനായർകോന്തൻറെ ഗാനത്തെക്കേട്ടപ്പൊ
300 ളാനന്ദംപൂണ്ടങ്ങു മീനങ്ങളും

301 മെല്ലെക്കരയേറി നല്ലൊരു വാൽ മിന്നി
302 ച്ചെല്ലത്തുടങ്ങീതമ്മുന്നിലപ്പോൾ.
303 മാൺപെഴുന്നു ചില മാമ്പേടകളെല്ലാം
304 ചാമ്പിമയങ്ങിന കണ്മിഴിയും
305 ഒട്ടൊട്ടു ചിമ്മിക്കൊണ്ടിഷ്ടത്തിലമ്പോടു
306 വട്ടത്തിൽ മേവിതേ പെട്ടന്നപ്പോൾ
307 മന്ഥരമായൊരു കന്ധരംതന്നെയും
308 മന്ദം നുറുങ്ങു തിരിച്ചുയർത്തി
309 ചില്ലികളാലൊന്നു മെല്ലെന്നുയർത്തീട്ടു
310 വല്ലഭീവല്ലഭൻതന്നെ നോക്കി.

311 കർണ്ണങ്ങളാലൊന്നു തിണ്ണം കലമ്പിച്ചു
312 കർണ്ണം കുഴല്ക്കു കൊടുത്തു ചെമ്മെ.
313 വായ്ക്കൊണ്ട പുല്ലെല്ലാം പാതി ചവച്ചങ്ങു
314 വായ്ക്കുന്ന മെയ്യിലൊഴുക്കിനിന്ന്
315 കൈതവമറ്റുതാൻ കൈതുടർന്നൂ ചിലർ
316 പൈതങ്ങളേയും മറന്നു ചെമ്മെ.
317 ചിത്രത്തിൽ ചേർത്തു ചമച്ചകണക്കെയ
318 ന്നിശ്ചലമായൊരു മെയ്യുമായി
319 തേനുറ്റ ഗാനത്തെക്കേട്ടുതുടങ്ങീത
320 ങ്ങാനന്ദബാഷ്പമൊഴുക്കി മെല്ലെ.

321 മുല്ലതുടങ്ങീന വല്ലികളോരോന്നെ
322 വല്ലവീവല്ലഭൻ പാടുന്നേരം
323 മെല്ലെന്നിറങ്ങി മരങ്ങളിൽനിന്നങ്ങു
324 പല്ലവമാണ്ടു തന്മുന്നൽച്ചെന്നു.
325 കോകങ്ങളെല്ലാമേ മാഴ്കിത്തളർന്നങ്ങു
326 കൂകുമ്പോൾ പാട്ടിനെക്കേട്ടമൂലം
327 പേട പിരിഞ്ഞുള്ള വേദന വേറായി
328 നീടെഴുമാനന്ദംപൂണ്ടുനിന്നു.
329 സിംഹത്താൻ കോപിച്ചങ്ങാനതൻ മസ്തകം
330 ആഹനിച്ചങ്ങു പൊളിപ്പതിന്നായ്

331 കയ്യൊന്നുയർത്തുമ്പോൾ പാട്ടിനെക്കേൾക്കയാൽ
332 അവ്വണ്ണമേതന്നെ നിന്നുപോയി.
333 മൂഷികമ്പിന്നാലെ പാഞ്ഞൊരു പാമ്പുതാൻ
334 മൂഷികന്തന്നെത്തൊടുന്നനേരം
335 ദോഷമകന്നൊരു ഗാനത്തെക്കേൾക്കയാൽ
336 ഊഷനായങ്ങനെ നിന്നുപോയി.
337 ഹംസംതാൻ താമരനൂലങ്ങു കൊത്തീട്ടു
338 ഹംസീമുഖത്തു കൊടുക്കുന്നേരം
339 പേശലഗാനം കേട്ടങ്ങനെ നില്ക്കയാൽ
340 പേശിവലിക്കുന്നായെന്നു തോന്നും

341 വ്യാഘ്രവരന്താനങ്ങേണക്കിടാവിനെ
342 ശീഘ്രതരം ചെന്നു വായ്ക്കൊണ്ടപ്പോൾ
343 പാട്ടങ്ങു കേൾക്കയാൽ തമ്പൈതലെപ്പോലെ
344 വാട്ടംവരുത്താതെ ചേർത്തുനിന്നാൻ.
345 വാർമെത്തും ഗാനമപ്പങ്കജയോനിക്കു
346 സാമത്തിൻഗാനമായ്മേവിനിന്നു.
347 മുക്തന്മാരായോർക്കു നിത്യമായ് നിന്നൊരു
348 തത്ത്വമെന്നിങ്ങനെ തോന്നീതപ്പോൾ,
349 ഭക്തന്മാരായോർക്കു ചിത്തം മതൃപ്പിക്കും
350 നൽത്തേൻകുഴമ്പായി മേവിനിന്നു.

351 ദോഹളമായിതു പൂമരങ്ങൾക്കെല്ലാം
352 കാഹളമായിതു കാമന്നപ്പോൾ.
353 വാഹനമായിതങ്ങത്ഭുതങ്ങൾക്കെല്ലാം
354 മോഹനമായിതേ ലോകങ്ങൾക്കും.
355 നാരിമാരെല്ലാർക്കും മാരൻ ജപിക്കുന്ന
356 മാരണമന്ത്രമായ് നേരേ വന്നൂ.
357 ആക്കമിയന്നവൻ പാട്ടിനേ വാഴ്ത്തുവാ
358 നോർക്കിലൊരുവർക്കുമാവൊന്നല്ലേ.
359 ആയിരമാനനമാളുമനന്തനും
360 പേയായ് വരുമത്രെ വാഴ്ത്തുന്നേരം;

361 മുറ്റുമിതിന്നു കൊതിക്കയൊഴിച്ചിന്നു
362 മറ്റൊന്നു വേണ്ട്വതില്ലെങ്ങളിപ്പോൾ.