കൃഷ്ണഗാഥ/ഒന്നാം ഭാഗം/കംസമന്ത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കൃഷ്ണഗാഥ
ഒന്നാം ഭാഗം

കൃഷ്ണഗാഥ
രണ്ടാം ഭാഗത്തിലേക്ക്


1 കാർവർണ്ണനായൊരു പാദപംതങ്കീഴേ
2 മേവി വിളങ്ങിന നൽ തണലിൽ
3 നിന്നു വിളങ്ങുന്ന ഗോപാലരെല്ലാരും
4 ഒന്നൊത്തുകൂടിനിന്നന്നൊരുനാൾ
5 ദേവിയെ പൂജിക്കവേണമെന്നെന്നിട്ടു
6 കാവിലകംപൂക്കാർ കാന്തിയോടെ
7 പൂജയ്ക്കു വേണുന്ന സാധനമോരോന്നേ
8 പൂരിച്ചു പൂരിച്ചു വന്നനേരം
9 അംബികതന്നുടെ പൂജ തൂടങ്ങിനാർ
10 അംബുജലോചനനോടുംകൂടി.

11 ദാനങ്ങളെക്കൊണ്ടു ഭൂദേവന്മാരുടെ
12 ദീനത പോക്കിനാരായവണ്ണം.
13 അംബികാപൂജ കഴിഞ്ഞുതുടങ്ങുമ്പോൾ
14 അന്തിയായ് വന്നിതക്കാലം നേരേ.
15 അന്നു രാവെല്ലാമക്കാനനംതന്നിലേ
16 നിന്നു വിളങ്ങിനാർ വല്ലവന്മാർ.
17 പാതിരാനേരത്തുറങ്ങിനിന്നീടുമ്പോൾ
18 പാപിയായുള്ളോരു പാമ്പു വന്ന്
19 നിദ്രയെപ്പൂണ്ടുള്ള നന്ദന്തൻ പാദത്തെ
20 സത്വരം ചെന്നു വിഴുങ്ങീതപ്പോൾ.

21 നന്ദന്റെ രോദനം കേട്ടുള്ള ഗോപന്മാർ
22 സന്നദ്ധരായങ്ങുണർന്നുടനെ
23 കൊള്ളികൊണ്ടെല്ലാരും പാമ്പിനെത്തല്ലിനാർ
24 തള്ളി വിടുർപ്പതിന്നായീലാർക്കും.
25 അച്ഛന്റെ രോദനം കേട്ടൊരു നേരത്ത
26 ങ്ങച്യുതന്താനുമങ്ങോടിച്ചെന്നാൻ.
27 പാവനമായൊരു പാദംകൊണ്ടന്നേരം
28 പാമ്പിനെച്ചെന്നു ചവിട്ടിനാൻ താൻ
29 പാപമായുള്ളോരു കൂരിരുട്ടിന്നൊരു
30 ദീപമായ്നിന്നൊരു പാദം മെയ്യിൽ

31 തട്ടിയനേരത്തു പെട്ടന്നപ്പാമ്പുതാൻ
32 മറ്റൊരു രൂപത്തെപ്പൂണ്ടു നിന്നു.
33 "ആർ നീ"യെന്തിങ്ങനെ ചോദിച്ചുനിന്നൊരു
34 കാർവർണ്ണൻതന്നോടു ചൊന്നാൻ പിന്നെ:
35 "മുന്നം ഞാൻ നല്ലൊരു വിദ്യാധരനായി
36 മന്നിടമെങ്ങും നടന്നകാലം
37 മാമുനിമാരേ വരുന്നതു കണ്ടിട്ടു
38 മാപാപമേൽപ്പാൻ ചിരിച്ചേനേറ്റം.
39 "എല്ലും ഞരമ്പുമെഴുന്നുനിന്നങ്ങനെ
40 യല്ലൊയിന്നമ്മുടെ മേനിയുള്ളു

41 എന്നതു കണ്ടു ചിരിക്കയോ ചെയ്യുന്നൂ
42 തിന്നിവനെ"ന്നങ്ങു ചൊല്ലിപ്പിന്നെ
43 മാപാർന്നുനിന്നുള്ള മാമുനിമാരെല്ലാം
44 "പാമ്പായിപ്പോക നീ" എന്നു ചൊന്നാർ.
45 അന്നുതുടങ്ങിയിക്കാനനംതന്നിൽ ഞാ
46 നിങ്ങനെ നിന്നു കഴിച്ചേൻ കാലം.
47 ഇന്നു നിൻ കാൽപ്പൊടി മേനിയിലേല്ക്കയാൽ
48 നന്നായിവന്നതും കണ്ടേൻ നാഥാ!
49 ശാപംപിണഞ്ഞതു നന്നായിവന്നിതെൻ
50 പാപങ്ങൾ വേരറ്റുപോയിതല്ലോ:

51 നിന്നുടെ കാൽപ്പൊടിയേല്ക്കതിന്നല്ലായ്കിൽ
52 പുണ്യം നമുക്കുണ്ടോ വന്നുകൂടൂ?
53 കേവലനായ് നിന്നു മേവുന്ന നിന്നുടെ
54 ചേവടിപ്പൂമ്പൊടിയേല്ക്കയാലെ
55 ഏറ്റം പുളച്ചുള്ള പാപങ്ങളെല്ലാമേ
56 തോറ്റുടനോടിനാരെന്നൊടെന്നാൽ
57 എന്നുടെ ലോകത്തു പോവാൻ തുടങ്ങുന്നേൻ"
58 എന്നങ്ങു ചൊല്ലി മുതിർന്നു പിന്നെ.
59 കണ്ണന്റെ ചേവടി കുമ്പിട്ടു പിന്നെയും
60 വിണ്ണിനെ നോക്കി നടന്നാൻ തിണ്ണം.

61 വല്ലവന്മാരെല്ലാമന്നു രാവങ്ങനെ
62 മെല്ലെക്കിടന്നു പുലർന്നനേരം
63 ദേവിതൻ ചേവടി കുമ്പിട്ടു നിന്നിട്ടു
64 പോവതിനായിത്തുനിഞ്ഞു പിന്നെ
65 മാനിച്ചുനിന്നോരോ ഗാഥകളോതിക്കൊ
66 ണ്ടാനായച്ചേരിയിൽ ചെന്നു പുക്കാർ.
67 പിന്നെയൊരുദിനം കണ്ണനും രാമനും
68 പെണ്ണുങ്ങളോടു കലർന്നു നന്നായ്
69 ദീനത കൈവിട്ടു മാനിച്ചുനിന്നു നൽ
70 ക്കാനനംതന്നിൽ കളിക്കുംനേരം

71 വിത്തേശന്തന്നുടെ ഭൃത്യനായുള്ളൊരു
72 വീരന്താൻ വന്നു കതിർത്തുടനെ
73 കാട്ടിലകംപുക്ക കാമിനിമാരെത്താ
74 നാട്ടിയരട്ടി നടന്നാൻ ചെമ്മെ.
75 കാമിനിമാരുടെ ദീനത കണ്ടിട്ടു
76 കാർവർണ്ണന്താനും കതിർത്തുനിന്നു.
77 ഓടിയണഞ്ഞവൻ ദേഹത്തെപ്പീഡിച്ച
78 കേടുവരുത്തിനാൻ കേശവന്താൻ.
79 ഗാഢം പിടിച്ചു ഞെരിച്ചുടനക്ഷണം
80 ഗൂഢമായ്പിന്നെയുമൊന്നു ചെയ്താൻ

81 മൂർദ്ധാവിൽനിന്നൊരു രത്നത്തെക്കൊണ്ടന്നു
82 മൂത്തവൻകൈയിൽ കൊടുത്തുടനെ
83 കോകിലവാണിമാരോടു കലർന്നുതാൻ
84 ഗോകുലംതന്നിലകത്തു പുക്കാൻ.
85 മാനിനിമാരുടെ മാനസമായൊരു
86 മാനസത്തിന്നൊരു ഹംസമായി
87 നന്ദഗൃഹംതന്നിൽ നിന്നു വിളങ്ങിന
88 നന്ദകുമാരകനന്നൊരുനാൾ
89 കാലിയെ മേപ്പാനായ്ക്കാലം പുലർന്നപ്പോൾ
90 കാനനംതന്നിലേ പോയനേരം

91 വല്ലവിമാരെല്ലാം കണ്ണൻ പിരിഞ്ഞുള്ളൊ
92 രല്ലലെപ്പോക്കുവാനൊത്തുകൂടി
93 വാരിജലോചനൻവേണുവിൻഗാനത്തേ
94 വാഴ്ത്തിനാരെല്ലാരും മെല്ലെ മെല്ലെ:
95 "വാമമായുള്ള കവിൾത്തടംതന്നെയും
96 വാമമായ്മേവിന തോളിൽ വച്ച്
97 വാരുറ്റെഴുന്നൊരു വേണുവെത്തന്നെയും
98 ചോരിവാതന്നോടണച്ചു ചെമ്മെ
99 തൂമ കലർന്നുള്ള രന്ധ്രങ്ങളോരോന്നിൽ
100 കോമളക്കൈവിരൽ ചേർത്തുകൊണ്ട്

101 ഉല്ലസിച്ചുള്ളൊരു ചില്ലികളെക്കൊണ്ടു
102 മെല്ലവേ താളമായൊത്തിയൊത്തി
103 നാഥനായുള്ളൊരു പാഥോജലോചനൻ
104 നാദത്തെക്കൊണ്ടുകൊണ്ടൂതുംനേരം
105 അംബരംതന്നിൽ നടന്നു വിളങ്ങിനോ
106 രംബുജലോചനമാരെല്ലാരും
107 കേട്ടോരു നേരത്തു കാമശരം നട്ടു
108 വാട്ടം തുടങ്ങി മയങ്ങിച്ചെമ്മെ
109 വേണിയഴിഞ്ഞതും നീവി കിഴിഞ്ഞതും
110 കോൾമയിർക്കൊണ്ടതു തൂവിയർപ്പും

111 ഒന്നുമങ്ങോരാതെ പാവകളെപ്പോലെ
112 നിന്നല്ലീ മേവുന്നു നീള നീളെ?
113 നാമെല്ലാമിങ്ങനെ കാമിക്കുന്നൂതെന്നു
114 നാണിക്കവേണമോ? നാരിമാരേ!"
115 ഇങ്ങനെയോരോന്നേ ചൊന്നുടൻ വാഴ്ത്തിനാർ
116 മംഗലമാരായ മാനിനിമാർ.
117 കാർമുകിൽവർണ്ണനും കാമിനിമാരുടെ
118 കാമത്തെപ്പൂരിച്ചു നിന്നു പിന്നെ
119 കാളയായ് വന്നൊരു ദാനവൻതന്നെയും
120 കാലപുറംതന്നിലാക്കിനാൻതാൻ.

121 നാരദനന്നേരം ഭോജഗൃഹംതന്നിൽ
122 പാരാതെ പോയ് ചെന്നു കംസനോട്
123 ചൊല്ലിത്തുടങ്ങിനാൻ മെല്ലെമെല്ലുള്ളത്തിൽ
124 അല്ലലും കോപവും പൊങ്ങുംവണ്ണം:
125 "കാസാ! നിന്മാനസം വേറൊന്നായ്പോയിതോ
126 സംസാരിയെന്നല്ലൊ ചൊൽവൂ നിന്നെ.
127 ഉണ്മയായുള്ളതു കേട്ടീലയാഞ്ഞല്ലീ
128 തണ്മ വരുന്നതു കാണായിന്നു?
129 കേട്ടുകൊള്ളെങ്കിൽ ഞാൻ ചൊൽവതു പാരാതെ
130 കേട്ടിട്ടു വേണ്ടതു ചെയ്ക പിന്നെ.

131 നിന്നുടെ വൈരിയായുള്ളൊരു കാർവർണ്ണൻ
132 നിന്നു വിളങ്ങുന്നോനമ്പാടിയിൽ
133 ദേവകിതന്നുടെയഷ്ടമഗർഭത്തിൽ
134 മേവിപ്പിറന്നതിവന്താനത്രെ.
135 പേടിച്ചു നിന്നെയന്നാനകദുന്ദുഭി
136 കേടറ്റ ഗോകുലംതന്നിലാക്കി
137 നന്ദന്റെ കൈയിൽ വളർപ്പതിന്നായിട്ടു
138 നന്നായി നല്കിത്താനിങ്ങു പോന്നാൻ.
139 പൂതനതന്നുടെ വന്മുലയുണ്ടുണ്ടു
140 ചേതനകൊണ്ടതോ പണ്ടിവന്താൻ.

141 നിന്നുടെ ബന്ധുക്കളായോരെയെല്ലാമേ
142 കൊന്നതും പാർക്കിൽ മറ്റാരുമല്ലേ.
143 നിന്നെയും കൊല്ലണമെന്നുണ്ടവന്നൊരു
144 തള്ളുടനിന്നിന്നു പാർക്കുംനേരം
145 മുമ്പിലേ നീ ചെന്നു കൊല്ലുന്നോനല്ലായ്കിൽ
146 തപെടുമെന്നുള്ളതോർക്കേണമേ.
147 നിന്നിലെഴുന്നുള്ളൊരമ്പുകൊണ്ടിങ്ങനെ
148 നിന്നോടു ചൊല്ലിനേൻ മെല്ലെക്കംസാ!
149 മറ്റാരും നിന്നോടു ചൊല്കയില്ലിങ്ങനെ
150 മുറ്റുമറിഞ്ഞാനേ കേൾ ചൊൽവാനുള്ളു."

151 നാരദനിങ്ങനെ ചൊന്നൊരു നേരത്തു
152 വീരനായുള്ളൊരു കംസനപ്പോൾ
153 കോപിച്ചുനിന്നു വസുദേവർതന്നെയും
154 കോമളയായൊരു ഭാര്യയേയും
155 ഘോരനായ് ചെന്നങ്ങു കൊല്ലുവാനോങ്ങുമ്പോൾ
156 നാരദൻ ചെന്നു ചെറുത്തു പിന്നെ
157 വീണയും വായിച്ചു പോയിത്തുടങ്ങിനാൻ
158 വിഷ്ണുവിൻ നാമങ്ങളോതിയോതി.
159 ചിന്ത പുലമ്പിന കംസന്താനന്നേരം
160 മന്ത്രികളായുള്ളോരെല്ലാരെയും

161 ചാരത്തുകൊണ്ടു ചരതിച്ചു ചൊല്ലിനാൻ
162 നാരദൻ തന്നോടു ചൊന്നതെല്ലാം.
163 മാഴ്കാതെനിന്നുള്ള മന്ത്രികളന്നേരം
164 മാനിച്ചു ചൊല്ലിനാർ കംസനോട്:
165 "പേടിച്ചു പോരുന്ന മാമുനിമാരെല്ലാം
166 പേയെന്നിയുണ്ടോ പറഞ്ഞു കേൾപ്പൂ?
167 ആഭാസനായൊരു ഗോപാലബാലകൻ
168 വ്യാപാദിക്കും നമ്മെയെന്നോ ചൊന്നു?
169 ഗോമായു കൊല്ലുന്നു സിംഹത്തെയെന്നതി
170 പ്പാർമേലെങ്ങെങ്ങാനുമുണ്ടോ കേൾപ്പൂ.

171 മാഗധൻതാനുണ്ടു സന്തതം ബന്ധുവായ്
172 മാഴ്കാതെ ഭൗമനുമുണ്ടു പിന്നെ
173 ചേണുറ്റെഴുന്നൊരു ബാണനുമുണ്ടല്ലൊ
174 ചാണൂരമുഷ്ടികന്മാരുമുണ്ട്.
175 പാരേഴും വെല്ലുന്ന വീരന്മാരോരോരോ
176 ബന്ധുക്കളുണ്ടവയോർത്തുകണ്ടാൽ
177 കാലിയും മേച്ചു നടക്കും ചെറുപ്പിള്ളർ
178 കാലനായ്‌വന്നതു ചേരുവോന്നോ?
179 വമ്പനല്ലായ്കിലുമിന്നിവൻതന്നെ നാം
180 തമ്പന്നമാക്കണം മൂക്കുംമുമ്പേ.

181 വൈരിയായുള്ളവൻ വീരനല്ലായ്കിലും
182 വൈരസ്യമാർക്കുമേ പാർക്കുംതോറും
183 കണ്ടകംതന്നുടെയങ്കുരമാകിലും
184 ഇണ്ടലാക്കീടുമെന്നുണ്ടു ഞായം."
185 മന്ത്രികളിങ്ങനെ ചൊന്നോരു നേരത്തു
186 മല്ലന്മാരോടുടൻ ചൊന്നാൻ കംസൻ:
187 "ദുർവൃത്തരായുള്ള നന്ദജന്മാരുടെ
188 ഗർവത്തെപ്പോക്കണം നിങ്ങളിപ്പോൾ
189 മല്ലുകൊണ്ടിന്നു കളിക്കേണമെന്നിട്ടു
190 മെല്ലെ വിളിച്ചങ്ങടുത്തുകൊൾവൂ.

191 കൈക്കൽവരുന്നേരമൊക്കെ ഞെരിക്കണം
192 ചക്കിലകപ്പെട്ടൊരിക്ഷുപോലെ."
193 മല്ലരായുള്ളോരോടിങ്ങനെ ചൊല്ലീട്ടു
194 ചൊല്ലിനാനാനതൻ പാവാനോടും:
195 "നമ്മുടെ വൈരികളായിപ്പുളയ്ക്കുന്ന
196 നന്ദകുമാരകന്മാരെ നേരേ
197 കണ്ടൊരുനേരത്തു മണ്ടിയണഞ്ഞുചെ
198 ന്നിണ്ടൽ പൊഴിക്കുമാറുള്ളിലെങ്ങും
199 കുത്തിപ്പിളർന്നവർ മാറിടംതന്നിലേ
200 മെത്തിയെഴുന്നൊരു ചോരതന്നേ

201 ദൂഷണം വേറായ ദന്തിതൻ കൊമ്പിന്നു
202 ഭൂഷണമാക്കണമൂക്കുകൊണ്ട്."
203 മുന്നൽനിന്നുള്ളവരെല്ലാരും കേൾക്കവേ
204 പിന്നെയും ചൊല്ലിനാൻ ഭോജനാഥൻ:
205 "എന്തൊന്നു ചൊല്ലിയന്നന്ദജന്മാരെയി
206 മ്മന്ദിരംതന്നിലിങ്ങാക്കിക്കൊൾവൂ?
207 നമ്മുടെ ചാരത്തു വന്നിങ്ങു മേവുകിൽ
208 നന്നായിപ്പോകുന്നോരല്ല പിന്നെ
209 ചേണുറ്റ സിംഹത്തിൻ ചാരത്തു ചെന്നുള്ളൊ
210 രേണത്തിൻ പൈതങ്ങളെന്നപോലെ."

211 ഇങ്ങനെ ചൊല്ലീട്ടു പിന്നെയും ചൊല്ലിനാൻ
212 ചിന്തിച്ചുനിന്നു നുറുങ്ങുനേരം:
213 "ചാപത്തിൻ പൂജ തുടങ്ങണം നാമിപ്പോ
214 ളാപത്തു പോക്കുവാനെന്നു ചൊല്ലി.
215 വാരുറ്റുനിന്നുള്ളൊരുത്സവമുണ്ടെന്നി
216 പ്പാരിടമെങ്ങുമേ പൊങ്ങവേണം,
217 ഉത്സവം കേൾക്കുമ്പോൾ സത്വരം പോരുവർ
218 ദുസ്സഹന്മാരായ നന്ദജന്മാർ."
219 മിക്കവരോടും പറഞ്ഞുനിന്നിങ്ങനെ
220 അക്രൂരനോടു പറഞ്ഞാൻ പിന്നെ:

221 "ഗോകുലംതന്നിലേ പാരാതെ ചെന്നു നീ
222 ഗോപാലന്മാരെക്കണ്ടു ചൊൽവൂ
223 മംഗലനായൊരു കംസൻറെ ചൊല്ലാലെ
224 നിങ്ങളെക്കാണ്മാനായ് വന്നുതിപ്പോൾ
225 വില്ലിന്നു പൂജയാമുത്സവം കാണ്മാനായ്
226 എല്ലാരും നിങ്ങൾ മുതിർന്നു നന്നായ്
227 പാൽ വെണ്ണ തൈരെല്ലാമാവോളമുണ്ടാക്കി
228 പ്പാരാതെ പോരേണ"മെന്നു ചൊൽവൂ.
229 കാലികൾപിന്നാലെ കാട്ടിൽ നടക്കുന്ന
230 കാർവർണ്ണരാമന്മാരോടു ചൊൽവൂ.

231 "സ്വാമിതാൻ നിങ്ങളെക്കാണ്മതിന്നായിട്ടു
232 കാമിച്ചുപോരുന്നു പണ്ടേയെന്നാൽ
233 കാമ്യമായുള്ളൊരു കാർമ്മുകയാഗത്തെ
234 ക്കാണ്മാനായ്പോരണം" എന്നിങ്ങനെ
235 തേറ്റം വരുംവണ്ണമേറ്റം പറഞ്ഞു മ
236 മ്മാറ്റാരായുള്ളോരെക്കൊണ്ടുപോരൂ.
237 മറ്റുള്ളോർ പോകിലോ കുറ്റമേയുണ്ടാവു
238 വറ്റാതൊരമ്പു നിനക്കേയുള്ളു.
239 കാര്യങ്ങളോരോന്നേ പാരാതെ സാധിപ്പാ
240 നാര്യനായുള്ളൊരു നീയേയുള്ളു."

241 എന്നങ്ങു ചൊല്ലിന കംസൻതാൻ തന്നുടെ
242 മന്ദിരംതന്നിലകത്തു പുക്കാൻ.
243 മന്ത്രികളെല്ലാരും തന്നുടെ തന്നുടെ
244 മന്ദിരം നോക്കി നടന്നാരപ്പോൾ.
245 അക്രൂരന്താനും തന്മന്ദിരംതന്നിലേ
246 പുക്കാനങ്ങെല്ലാരും പോയനേരം.