സങ്കല്പകാന്തി/മുഖവുര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
മുഖവുര
[ 1 ]
മുഖവുര

പ്രായോഗികജീവിതത്തിന്റെ പരുപരുത്ത വശങ്ങളുമായി കൂട്ടിമുട്ടി പലപ്പോഴും പരിക്കുപറ്റിയിട്ടുള്ള എന്റെ ഹൃദയം വിശ്രമത്തിന്റെ തണലിലിരുന്നു ചിലപ്പോഴെല്ലാം വീണ വായിക്കാറുണ്ട്. ആ അനുഗൃഹീത നിമിഷങ്ങൾ സദയം സംഭാവന ചെയ്ത ഏതാനും പൊൻകിനാവുകളെ അതേപടി പ്രതിഫലിപ്പിക്കുവാനുള്ള എന്റെ പ്രയത്നമാണ്, പ്രിയ വായനക്കാരേ നിങ്ങൾ ഈ ഗ്രന്ഥത്തിൽ ആദ്യന്തം കണ്ടെത്തുക. എന്റെ ശ്രമം വിജയലക്ഷ്മിയുടെ ആശ്ലേഷത്തിൽ പുളകമണിയുന്നുണ്ടെന്ന് എനിക്ക് അഭിമാനമില്ല. എങ്കിലും ഒന്നെനിക്കുറപ്പുണ്ട് - ആത്മാർത്ഥതയുടെ അഭാവം അതിനെ അത്ര അധികമൊന്നും അലങ്കോലപ്പെടുത്തിയിരിക്കയില്ല.

ആധനികസാഹിത്യലോകത്തിൽ എന്റെ കവിതയുടെ കരുത്തു കുറഞ്ഞ കാൽവെയ്പ്പുകൾ ചുരുങ്ങിയ ഈ കാലഘട്ടത്തിനുള്ളിൽ പല നിരൂപകകേസരികളുടെ പ്രചണ്ഡഗർജ്ജനങ്ങൾക്കിടയാക്കിയിട്ടുണ്ടെന്നുള്ള പരമാർത്ഥത്തെ ഞാൻ സന്തോഷപൂർവ്വം സ്മരിക്കുന്നു. മന്ദാക്ഷമധുരമായ ഒരു നേരിയ മന്ദഹാസത്തോടുകൂടി , ആനതാനനയായി കരമുകുളങ്ങൾ അർപ്പിച്ചുകൊണ്ട്, സാഹിത്യക്ഷേത്രത്തിന്റെ ഒരു കോണിൽ ഒതുങ്ങിനിൽക്കുന്ന ആ മുഗ്ദ്ധയെ ഭയപ്പെടുത്തി പലായനം ചെയ്യിക്കുവാനാണ് തങ്ങളുടെ അട്ടഹാസങ്ങൾ വിനിയോഗിച്ചിട്ടുള്ളതെങ്കിൽ ആ വിമർശകപഞ്ചാസ്യന്മാർക്കു വലിയ അമളിയാണ് പറ്റിപ്പോയതെന്നു പറയാതെ നിവൃത്തിയില്ല. അബലയെങ്കിലും അൽപം പോലും അധീരയല്ല, എന്റെ കവിതയെന്നു ഞാൻ തികച്ചും അഭിമാനിക്കുന്നു. ഓരോ ഗർജ്ജനം കേൾക്കുമ്പോഴും കാൽ അധികമധികം ഊന്നിച്ചവിട്ടി മുന്നോട്ടു പോകുകയേ അവൾ ചെയ്തിട്ടുള്ളു; ഇനി ചെയ്യുകയുമുള്ളു. പാറപ്പുറത്തു കയറിനിന്ന് വികൃതമായ വിശ്വരൂപം കാണിച്ചുകൊണ്ട് ചില പേക്കോലങ്ങൾ അവളുടെ നേർക്ക് പലപ്പോഴും പല്ലിളിച്ചുകാട്ടാറുണ്ട്. ആ വക പേക്കൂത്തുകൾ കാണുമ്പോൾ അവളുടെ ഹൃദയത്തിൽ ഒരു പുഞ്ചിരിയേ പൊടിയാറുള്ളു. ഏതായാലും, ഇവരുടെ ഉദ്ദേശ്യം എന്തുതന്നെ ആയിരുന്നാലും, അതിൽനിന്നെല്ലാം എന്നെ സംബന്ധിച്ചിടത്തോളം ഉണ്ടായിട്ടുള്ള അനുഭവം മേൽക്കുമേൽ ഗുണകരമായി പരിണമിക്കുവാനാണിട നൽകിയിട്ടുള്ളത്. കാവ്യ നിർമ്മാണവിഷയത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുവാനും അധികമധികം ഉത്സാഹിക്കുവാനും അതെനിക്കു പ്രേരകമായി ഭവിക്കുന്നു. അതിനാൽ, ഞാൻ എന്റെ നിരൂപകന്മാരോട് ആജീവനാന്തം കൃതഞ്ജനാണെന്ന് ഈ സന്ദർഭത്തിൽ തുറന്നു പറഞ്ഞുകൊള്ളട്ടെ. [ 2 ] സമുദായത്തിന്റെ പുരോഗതിക്കു സഹായമായ രീതിയിൽ സാഹിത്യവ്യാപാരം നിർവ്വഹിക്കുന്നില്ലെന്നുള്ള അപരാധം എന്നിൽ ആരോപിച്ച്, സാഹിത്യസംരംഭങ്ങളിൽനിന്നും ഞാനിനി വിരമിക്കേണ്ടതാണെന്നുപോലും, അടുത്തകാലത്ത്, ഏതോ ഒരു സമാജക്കാർ ഒരു പ്രമേയം പാസ്സാക്കിയിട്ടുള്ളതായി വൃത്താന്തപത്രങ്ങളിൽ കാണുകയുണ്ടായി. സാഹിത്യലോകത്തിൽ നടാടെയായിക്കേൾക്കുന്ന ഒരു രസംപിടിച്ച പുതുമയാണിത്. തൊഴിലില്ലാത്തവർക്ക് തൊഴിലുണ്ടാക്കിക്കൊടുക്കുന്ന സാത്താനോട് നമുക്ക് നന്ദി പറയുക. അടുത്തകാലംവരെ, സാഹിത്യപരമായ എന്റെ ചപലകേളികൾ ഇത്ര വമ്പിച്ച കൊടുങ്കാറ്റുകളെ ഇളക്കിവിടുമെന്ന് ഞാൻ ശങ്കിച്ചിരുന്നില്ല. ഏതായാലും ഈ വക കോലാഹലങ്ങൾ ശ്രദ്ധേയമായ എന്തോ ചിലത് ആ വക ചപലകേളികളിൽ അന്തർഭവിച്ചിട്ടുണ്ടെന്ന അനുമാനത്തിലേക്ക് എന്നെ ആനയിക്കുന്നുവെങ്കിൽ, അതിൽ അത്ഭുതപ്പെടാനില്ലല്ലോ. അതിനാൽ സ്വാഭാവികമായി എനിക്കു സിദ്ധമായിട്ടുള്ളതെന്നു ഞാൻ അഭിമാനിക്കുന്ന ആ കൂസലില്ലായ്മയോടുകൂടിത്തന്നെ സാഹിത്യക്ഷേത്രത്തിൽ എന്റെ നൂതന സമാഹാരവും ഇതാ, സസന്തോഷം സമർപ്പിച്ചുകൊള്ളുന്നു. ഭാവാത്മകങ്ങളായ ഗീതങ്ങളാണ് ഈ കൃതിയിൽ അധികഭാഗവും അടങ്ങയിട്ടുള്ളത്. ഇവയെ ആംഗലസാഹിത്യത്തിൽ 'Lyrics' എന്നറിയപ്പെടുന്ന കാവ്യവിഭാഗത്തിൽ ഉൾപ്പെടുത്താം. ഗീതികാവ്യങ്ങൾ, അഥവാ സ്വച്ഛന്ദഗീതങ്ങൾ എന്ന ഈ സാഹിത്യശാഖയുടെ സ്വഭാവങ്ങളും പ്രത്യേകതകളും ചുരുങ്ങിയതോതിലെങ്കിലും വിശദമാക്കേണ്ടത് അവയുടെ പ്രണേതാവെന്നുള്ള നിലയിൽ ഈ സന്ദർഭത്തിൽ എന്റെ കടമയാണ്. ഇതിലേക്കുദ്യമിക്കുമ്പോൾ കവിതയെന്നാലെന്തെന്നുള്ള പ്രശ്നത്തെയാണ് ആദ്യമായി അഭിമുഖീകരിക്കേണ്ടിയിരിക്കുന്നത്. മഹാരഥന്മാരായ പലേ വിമർശകന്മാരും സാഹിത്യചിന്തകന്മാരും കാവ്യസ്വരൂപത്തെ വിശകലനം ചെയ്തും വ്യാഖ്യാനിച്ചും വിവിധാഭിപ്രായങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. ആ സ്ഥിതിക്ക് അഭിനവമായ ഒരു നിർവചനംകൊണ്ട് അവഹേളനാസ്പദമായ ഒരന്തരീക്ഷത്തിലേക്ക് പ്രവേശിക്കുവാൻ ഔചിത്യബോധം എന്നെ അനുവദിക്കുന്നില്ല. യുക്തിയുടെയും ഭാവനയുടെയും സങ്കലിതമായ ചൈതന്യത്തെ ഉപാധിയാക്കിക്കൊണ്ട് ആനന്ദത്തെ സത്യവുമായി സംഘടിപ്പിക്കുന്ന ഒരു കലയാണ് കവിതയെന്ന് ഡോക്ടർ ജോൺസൺ പ്രസ്താവിക്കുന്നു. ഇതിൽ നിന്നു കേവലം വസ്തുത്ഥിതികഥനം കവിതയാവുകയില്ലെന്നും അചഞ്ചലമായ യുക്തിയും അപ്രതിഹതമായ കല്പനാവൈഭവും ആകർഷകമായ ചില നിറപ്പകിട്ടുകൾ കൊടുക്കുന്നതു കൊണ്ടാണ് പ്രാകൃതികവസ്തുക്കളുടെ പ്രതിഫലനങ്ങൾ കലാലോകത്തിൽ അനശ്വരതയിലേക്കാരോഹണം ചെയ്യുന്നതെന്നും വെളിവാകുന്നുണ്ടല്ലോ. പ്രാപഞ്ചികമായ വസ്തുസ്ഥിതിയിൽ നിന്നു വ്യതിരിക്തമായിട്ടുള്ള ഒന്നാണ് കലാപരമായ സത്യമെന്നും അതിനെ ആശ്ലേഷിക്കാൻ ക്രാന്തദർശിയായ കവിക്കുമാത്രമേ കഴിവുള്ളു എന്നും ആ [ 3 ] സംരംഭത്തിൽനിന്നു സംജാതമാകുന്ന ആനന്ദപ്രദാനം കലയുടെ ഒരവിഭാജ്യഘടകമാണെന്നും സിദ്ധിക്കുന്നു. അച്ഛകോമളമായ ഒരു സ്ഫടികശകലത്തിൽ പതിയുന്ന ആദിത്യരശ്മി വിവിധ വർണ്ണോജ്ജ്വലങ്ങളായ മയൂഖമാലകളായി രൂപാന്തരപ്പെടുന്നതുപോലെ, പ്രകൃതിയിലെ വസ്തുക്കൾ കവിയുടെ ഭാവനാസമ്പർക്കത്താൽ അഭിനവവും അഭിരാമവുമായ ആകാരവിശേഷങ്ങളെ അവലംബിക്കുകയാണ് ചെയ്യുന്നത്. ഏതോ ഒരു ചെടിയിൽ വിടർന്നുനിന്ന് ഒരു ദിവസംകൊണ്ടു വാടിക്കരിഞ്ഞു മണ്ണടിഞ്ഞ ഒരു പുഷ്പം കാവ്യലോകത്തിലേക്ക് കടക്കുന്നത് കാലത്തിന്റെ കരുത്തേറിയ കരങ്ങൾക്കുപോലും വിവർണ്ണമാക്കാൻ സാധിക്കാത്ത ഒരു വാടാമലരായിട്ടാണ്. കേവലം വസ്തുസ്ഥിതികഥനം മാത്രമായിരുന്നെങ്കിൽ 'വീണപൂവ്' വെറുമൊരു വീണപൂവായിത്തന്നെ ഇരുന്നേനെ. എന്നാൽ മഹാകവിയുടെ മഹനീയമായ ഭാവനാപാടവവും തത്ത്വചിന്തയും ആ വീണപൂവിലുടെ അഭൗമവും അനന്തവുമായ ഒരു ചൈതന്യമേഖലയെ നമുക്ക് കാണിച്ചുതരികയും നമ്മുടെ ചേതന നിർവ്വാണാത്മകമായ ഒരു സ്വപ്നത്തിൽ അതിന്റെ അസീമ വിസ്തൃതിയിലങ്ങനെ ചിറകടിച്ചു വിഹരിക്കുകയും ചെയ്യുന്നു. പ്രാപഞ്ചികജീവിതക്ലേശങ്ങളുടെ മുനകൂർത്ത മുള്ളുകളിൽ തറഞ്ഞു വീണ് വിണ്ടുകീറി ചോരവാർത്തു പിടയുന്ന മനുഷ്യഹൃദയത്തെ സത്യസുന്ദരമായ ആ സനാതന സാമ്രാജ്യത്തിലേക്ക് ആനയിച്ച്, ജീവിതത്തിന്റെ ക്ഷണപ്രഭാചഞ്ചലതയെയും നിസ്സാരതയെയും ബോധപ്പെടുത്തി, ആത്മീയോൽക്കർഷത്തിനു വഴിതെളിച്ചുകൊണ്ട് അക്ഷയമായ ആനന്ദാസ്വാദനത്തിനു കഴിവുണ്ടാക്കിത്തീർക്കുകയെന്നതാണ് ഏതു കലയുടെയും പരമമായ ധർമ്മം. സൗന്ദര്യാരാധകനായ കലാകാരൻ സമുദായപരിഷ്കർത്താവായിക്കൊള്ളണമെന്ന് ശാഠ്യം പിടിക്കുന്നത് കേവലം ചില ഭൗതികോപാധികളെ മാത്രം ആധാരമാക്കി കല്ലറകൊണ്ടതിരിട്ടുനിർത്തുന്ന ഒരു ജീവിതത്തെ ലക്ഷ്യമാക്കി സാഹിത്യം പ്രവർത്തിക്കണമെന്നുള്ള പ്രായോഗികതത്ത്വചിന്തയുടെ ബാലിശപ്രേരണയാലാണ്. ഷെല്ലിയുടെ ഭാഷയിൽ പറയുകയാണെങ്കിൽ ഭാവനയുടെ പ്രതിഫലനമാണു കവിത. വികാരങ്ങളുടെയും ഭാവനാശക്തിയുടെയും ഭാഷയാണതെന്നത്രേ ഹാസ്ലിറ്റിന്റെ മതം, താളവും ലയവും സമ്യക്കാകും വണ്ണം മേളിച്ചുകൊണ്ടുള്ള സൗന്ദര്യസൃഷ്ടിയാണ് കവിതയെന്ന് എഡ്ഗർ അലൻപോവും പ്രാപഞ്ചികസംഗീതം മനുഷ്യഹൃദയത്തിൽ മാറ്റൊലികൊള്ളുന്നതാണ് കവിതയെന്ന് സർ.എസ്.രാധാകൃഷ്ണനും അഭിപ്രായപ്പെടുന്നു. ഭാവനാത്മകമായ ചിന്തയും വികാരവും ഛന്ദോനിബദ്ധമായ ഭാഷയിൽ സ്വാഭാവികമായും സ്വച്ഛന്ദമായും പ്രതിഫലിപ്പിച്ചുകൊണ്ട് ആനന്ദത്തെ ഉളവാക്കുന്ന ഒരു കലയാണതെന്നത്രേ പ്രഫസർ കൂർത്തോപ്പിന്റെ സിദ്ധാന്തം. വികാരാത്മകവും സംഗീതസമ്മിളിതവുമായ ഭാഷയിൽ മനുഷ്യഹൃദയത്തിന്റെ പദാർത്ഥനിബദ്ധവും കലാസുഭഗവുമായ പ്രകടനമാണ് കവിതയെന്ന് വാട്സ് ഡൺടൺ എന്ന ചിന്തകൻ പറയുന്നു. [ 4 ] മേൽ ഉദ്ധരിച്ച അഭിപ്രായഗതികളെല്ലാം സൂക്ഷ്മമായി പരിശോധിക്കുകയും തമ്മിൽ തമ്മിൽ തട്ടിച്ചുനോക്കുകയും ചെയ്യുമ്പോൾ അവയുടെ വൈവിധ്യവും വൈരുധ്യവും നമ്മെ ഒട്ടൊന്നമ്പരപ്പിച്ചേക്കാനിടയുണ്ട്. വിഭീന്നങ്ങളായ വീക്ഷണകോണങ്ങളിലൂടെയുള്ള കാവ്യാവലോകനമാണ് ഏവംവിധമുള്ള നിർവ്വചനവൈവിധ്യത്തിന്നടിസ്ഥാനമെന്നതു സ്പഷ്ടമാണല്ലോ.

ജീവിതത്തിന്റെ ഒരു വ്യാഖ്യാനമോ വിമർശനമോ ആണ് സാഹിത്യമെന്നുള്ള മതത്തിന് സാഹിത്യലോകത്തിൽ മറ്റേതിനെക്കാളും പ്രാമുഖ്യവും പ്രാബല്യവും സിദ്ധിച്ചിട്ടുള്ളതായി കാണാം. ഈ അഭിപ്രായത്തെക്കുറിച്ചുള്ള വിമർശനത്തിന് ഈ ചെറുമുഖവുരയിൽ സൗകര്യപ്പെടുന്നതല്ലല്ലോ. സാഹിത്യം ജീവിതത്തിന്റെ വിമർശനമായിരിക്കട്ടെ, അല്ലാതിരിക്കട്ടെ, അതിന്റെ പശ്ചാത്തലം മനുഷ്യജീവിതം തന്നെയാണെന്നുള്ളതിൽ രണ്ടുപക്ഷത്തിനവകാശമുണ്ടെന്നു തോന്നുന്നില്ല. ജീവിതത്തെ അതിന്റെ ഭൗതികപരിധികൾക്കുള്ളിൽ മാത്രം അടച്ചൊതുക്കാതെ, ആത്മീയവും ഭാവനാപരവുമായ വ്യാപ്തികളിലേക്ക് അതിനെ വ്യാപരിപ്പിച്ചുകൊണ്ടുള്ള വ്യാഖ്യാനമായിരിക്കണം സാഹിത്യത്തിന്റെ സർവ്വപ്രധാനമായ ലക്ഷ്യമെന്നു പ്രത്യേകം ഓർക്കേണ്ടതാണ്.

കവിതയെക്കുറിച്ചു പൊതുവായി ഇത്രയും വിവരിക്കുവാനേ ചെറിയ ഈ ഉപന്യാസത്തിൽ നിവൃത്തിയുള്ളു. ഇനി നമുക്കതിന്റെ വിവിധ ശാഖകളിലേക്കു പ്രവേശിക്കാം. കവിതയെ അതിന്റെ സാർവ്വത്രികമായ ചില ഘടകങ്ങളെ ആസ്പദമാക്കി പാശ്ചാത്യചിന്തകന്മാർ കർത്തൃനിഷ്ഠമെന്നും (Subjective) പദാർത്ഥനിഷ്ഠമെന്നും (Objective) രണ്ടായി വിഭജിച്ചിരിക്കുന്നു. കവി ചിലപ്പോൾ അന്തർമുഖനായി വർത്തിച്ചുകൊണ്ടു സ്വാനുഭവങ്ങളിലും ചിന്തകളിലും വികാരങ്ങളിലും കാവ്യോത്തേജനവും പ്രതിപാദ്യങ്ങളും കണ്ടെത്തുന്നതായും മറ്റു ചിലപ്പോൾ തന്റെ ആത്മീയസത്തയെ ബാഹ്യപ്രപഞ്ചത്തിലേക്കു വ്യാപരിപ്പിച്ചു ലോകത്തിന്റെ വ്യാപാരങ്ങളിലും വികാരങ്ങളിലും അലിഞ്ഞു ചേർന്ന് തനിക്കു ദൃശ്യമാകുന്നസംഗതികളെ അതേപടി , സ്വന്തം വ്യക്തിത്വത്തിന്റെ പാദമുദ്രകൾ അധികമൊന്നും പതിയുവാനിടയാകാതെതന്നെ പ്രതിഫലിപ്പിക്കുന്നതായും കാണാം. ഇവയിൽ ആദ്യത്തെ ഇനത്തിൽപ്പെടുന്ന കവിതയാണ് കർത്തൃപ്രധാനമെന്നോ ആത്മാവിഷ്കരണപരമെന്നോ പറയപ്പെടുന്നത്. രണ്ടാമത്തെ ഇനത്തിൽപ്പെടുന്നതിനു പദാർത്ഥനിഷ്ഠമെന്നോ സൃഷ്ടിപ്രധാനമെന്നോ പേർ പറയുന്നു. ഇവയുടെ മണ്ഡലങ്ങൾക്കു തമ്മിൽ ഒരതിരിടുകയെന്നതു ശ്രമസാധ്യമല്ലാത്തതിനാൽ ഒന്ന് മറ്റേതിന്റെ സീമാവലയത്തിലേക്കു സംക്രമിക്കുകയും രണ്ടുംകൂടി കെട്ടുപിണഞ്ഞ് അപഗ്രഥനത്തെ അവഹേളിച്ചുകൊണ്ട് അഴിഞ്ഞുപോകാത്ത ഒരാശ്ലേഷബന്ധത്തിൽ അന്യോന്യം താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നത് അത്ര അപൂർവ്വമല്ല. രണ്ടിന്റെയും ഘടകങ്ങൾ അനസ്യൂതമായും അവിഭാജ്യമായും അന്യോന്യം [ 5 ] കൂടിച്ചേർന്ന് വർത്തിക്കുമ്പോൾ ഓരോന്നും ഇന്ന ഇനത്തിൽപ്പെടുന്നതാണെന്നു ഖണ്ഡിതമായി പറയുക വിഷമമായിരിക്കും. എന്നാലും അവയുടെ അന്യോന്യമുള്ള വൈജാത്യം അനിഷേധ്യമായിരിക്കെ, വിഭജനോപാധിയായി അതിനെ സ്വീകരിക്കുന്നതിലോ അതിനെ ആധാരമാക്കിക്കൊണ്ട് കവിതയെ തരംതിരിക്കുന്നതിലോ അപാകമുണ്ടെന്നു തോന്നുന്നില്ല.

കഴിഞ്ഞ ഖണ്ഡികയിൽ പ്രസ്താവിച്ച കർത്തൃനിഷ്ഠമായ, അഥവാ ആത്മാവിഷ്കരണപരമായ, കാവ്യവിഭാഗത്തിൽ ഉൾപ്പെടുന്ന കവിതകളാണ് ഭാവാത്മകഗീതങ്ങൾ അഥവാ സ്വച്ഛന്ദഗീതങ്ങൾ. ഗീതികാവ്യങ്ങൾ(Lyrics) എന്ന പേരും ഇവയ്ക്ക് അനുയോജ്യമായിരിക്കും. പ്രേമം, ദേശാഭിമാനം, മതപ്രസക്തി ആദിയായി മനുഷ്യനിൽ ഉൾക്കൊള്ളുന്നതും അനന്തസന്താപത്തിലേക്കും അമേയസന്തുഷ്ടിയിലേക്കും സദാ അവനെ ആനയിച്ചുകൊണ്ടിരിക്കുന്നതുമായ അസംഖ്യം മാനസികസ്വഭാവങ്ങളും തജ്ജന്യമായ വികാരവിജൃംഭണങ്ങളും അനുഭവപരമ്പരകളുമായിരിക്കും ആ ഗീതങ്ങളുടെ പ്രഭവസ്ഥാനം. ഉത്തമമായ ഒരു ഭാവാത്മകഗീതം അമോഘമായ ഒരു വികാരത്തിന്റെ മൂർത്തീകരണമായിരിക്കും. ആത്മാർത്ഥതയിൽനിന്നുള്ള അതിന്റെ ആവിർഭാവം അകൃത്രിമത്വത്തിന്റെ പരിവേഷത്താൻ ഉദ്ദീപ്തവും. അനുവാചകാവലോകനത്തിനു തികച്ചും ആകർഷകവും ഹൃദയസ്പർശകവുമായിരിക്കും. അതിന്റെ ഭാഷയും അതുൾക്കൊള്ളുന്ന വാങ്മയചിത്രപരമ്പരയും സൗന്ദര്യത്തിന്റെയും സ്പഷ്ടതയുടെയും സാന്നിദ്ധ്യത്താൽ മാത്രമല്ല, പ്രതിപാദ്യത്തിനും പ്രതിപാദനോപാധിക്കും തമ്മിൽ സകലകലകളിലും അവശ്യം ആവശ്യമായ സമുചിത ബന്ധത്താൽക്കൂടി, അഥവാ പൊരുത്തത്താൽക്കൂടി, സമാലംകൃതമായിരിക്കുന്നതാണ്. ഒരു ഭാവത്തിന്റെയോ അനുഭവത്തിന്റെയോ പ്രതിഫലനം വികാരതീക്ഷ്ണതയാൽ നിറം പിടിപ്പിക്കുകയും, ഹൃദയസ്പർശകമാക്കി ചമയ്ക്കുകയും ചെയ്യുന്നതാണ് കലാപരമായ അതിന്റെ പ്രത്യേക വൈശിഷ്ട്യം. ഭാവാത്മകകാവ്യശാഖയുടെ ജീവൻ ഏവംവിധം വ്യതിത്വത്തെ ആശ്രയിച്ചാണു സ്ഥിതിചെയ്യുന്നതെങ്കിലും, ഇന്നിതുവരെ ലോകത്തിലുണ്ടായിട്ടുള്ള സ്വച്ഛന്ദഗീതങ്ങളിൽ ഭൂരിഭാഗവും കേവലം വ്യക്തിപരമെന്നതിനെക്കാൾ മാനവലോകത്തെ ഒന്നാകെ സമാശ്ലേഷിക്കുന്ന സാർവ്വത്രികഭാവങ്ങളെയാണുൾക്കൊള്ളുന്നതെന്നും, അക്കാരണത്താൽ ഓരോ വായനക്കാരനും സ്വന്തനിലയിൽ പരിപൂർണ്ണമായി ഭാഗഭാക്കാകുവാൻ സാധിക്കുന്ന അനുഭവങ്ങളുടെയും വികാരങ്ങളുടെയും പ്രകാശനമാണ് അവയിൽ കണ്ടെത്തുന്നതെന്നും പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നമുക്കു കവിയുടെ സ്ഥാനത്ത് നമ്മെ പ്രതിഷ്ഠിക്കേണ്ടതായി വരുന്നില്ല; കാരണം, അദ്ദേഹം നമ്മുടെ സ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷ്ടിച്ചിട്ടുണ്ടായിരിക്കുമെന്നുള്ളതാണ്. പോരെങ്കിൽ, വ്യക്തിപരമായിട്ടുള്ളതിനെക്കാൾ [ 6 ] സാമൂഹികമായിട്ടുള്ള ഗീതികാവ്യങ്ങൾ വിശ്വസാഹിത്യത്തിൽ ഒട്ടധികം ചിരപ്രതിഷ്ഠ നേടിയിട്ടുള്ളതായും കാണുന്നു. സാഹിത്യോൽപത്തിയെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്കിറങ്ങിച്ചെല്ലുമ്പോൾ, വ്യക്തിയുടേതിനേക്കാൾ ജനസമൂഹത്തിന്റെ വികാരങ്ങൾക്ക് ബാഹ്യരൂപം കൊടുക്കുവാനുള്ള അഭിനിവേശത്തിൽനിന്നാണ് കവിത കിളിർത്തിട്ടുള്ളതെന്ന് അനുമാനിക്കുവാനേ വഴി കാണുന്നുള്ളു. കാവ്യമണ്ഡലത്തിൽ ഇന്ന് കവിയുടെ ആത്മാംശത്തിന്റെ ബാഹുല്യവും സാമൂഹികാംശത്തിന്റെ വൈരള്യവുമാണ് ദൃശ്യമാകുന്നത്. ആധുനിക ലോകത്തിൽ വ്യക്തിത്വത്തിനു പരമപ്രധാനമായ സ്ഥാനവും അജയ്യമായ പ്രാബല്യവും സിദ്ധിച്ചിട്ടുള്ളതാണ് ഇതിനു കാരണം. ധ്യാനപരങ്ങളും തത്ത്വചിന്താപ്രധാനങ്ങളുമായ കാവ്യങ്ങൾ (Meditative and Philosophical Poems), അർച്ചനാലാപങ്ങൾ (Odes) അഥവാ ധർമ്മകീർത്തനങ്ങൾ, വിലാപകാവ്യങ്ങൾ (Elegies) ആദിയായി പല കാവ്യവിഭാഗങ്ങളും ഈ ശാഖയിൽ ഉൾപ്പെടുന്നുണ്ട്.

സങ്കല്പകാന്തിയിലെ ഭൂരിഭാഗം കൃതികളും കർത്തൃപ്രധാനങ്ങളാണെന്ന് ആദ്യം തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അവയിൽ 'കാളിദാസൻ', 'പൂനിലാവ്', 'രണാങ്കണത്തിൽ', 'ആദിത്യാരാധനം', 'സൗന്ദര്യപൂജ', 'തിരുമുൽക്കാഴ്ച', 'ഗുരുപൂജ' , 'എന്റെ ഗുരുനാഥൻ' എന്നീ കൃതികൾ അർച്ചനാലാപങ്ങളാണ്. ഈ വിഭാഗത്തിന്റെ സ്വഭാവം അല്പമൊന്നു സൂചിപ്പിക്കാം.

ഓഡ് എന്ന് ഇംഗ്ലീഷിൽ പറയപ്പെടുന്ന ഗീതികാവ്യം പ്രൗഢമായ ഒരുവക ധർമ്മകീർത്തനമാണ്. സംഗീതയന്ത്രങ്ങളുടെ സഹായത്തോടുകൂടി ആലപിക്കപ്പെടുകയെന്നതായിരുന്നു ആദികാലത്ത് ഇതിന്റെ ഉദ്ദേശ്യമെന്നുള്ളത് സ്പഷ്ടമാണ്. ഈ ഗാനവിശേഷത്തിന്റെ പ്രഭവസ്ഥാനം ഗ്രീസാകുന്നു. യവനഗാനത്തിനു പ്രധാനമായി രണ്ടു മഹാവിഭാഗങ്ങളുണ്ട്; ഒന്നു കവിയുടെ ആത്മപ്രകടനം; മറ്റേത് അദ്ദേഹത്തിന്റെ അനുഗാമികളായ, സുശിക്ഷിതനൈപുണിയാർജ്ജിച്ചിട്ടുള്ള, നർത്തകസംഘത്തിന്റെ ഒത്തൊരുമിച്ചുള്ള ആലാപം. കാലഗതിയിൽ ഈ രണ്ടു ശാഖയും ഒന്നുപോലെ അർച്ചനാലാപങ്ങളായി പരിണമിക്കുകയാണ് ചെയ്തതെങ്കിലും, അവയ്ക്കു തമ്മിൽ സൂക്ഷ്മമായി ചില വ്യത്യാസങ്ങൾ സ്പഷ്ടമാകുന്നതാണ്. ആദ്യം പറഞ്ഞ കവിയുടെ ആത്മപ്രകടനമാണ്, ആൽകിയസ്, അനാത്രിയോൺ, സാഫോ എന്നിവരുടെ തൂലികകളിലൂടെ ബഹിർഗ്ഗമിച്ച്, ആധുനികപാശ്ചാത്യവിമർശകന്മാർ പറഞ്ഞുവരുന്ന ശുദ്ധവും ലളിതവുമായ ഗീതികാവ്യമായി പരിണമിച്ചത്. നർത്തകന്മാർ ഒന്നുചേർന്ന് ആലപിക്കുന്ന ഗാനങ്ങളിൽ ഒരു പ്രത്യേകതയുണ്ട്. കവി സ്വന്തമായി നടത്തുന്ന ഭാഷണങ്ങളെ ഈ ഗായകസംഘം പിൻതാങ്ങുകയോ വ്യാഖ്യാനിക്കുകയോ പതിവാണ്. ഈ ഗാനസമ്പ്രദായമാണ് പിന്നീട് ശരിയായ ധർമ്മകീർത്തനമായി പരിണമിച്ചത്. താളലയങ്ങളുടെ സ്വച്ഛന്ദഗതിക്കനുസൃതമായ കാലപരിണാമങ്ങളെ ആശ്രയിച്ചു സന്ധിരൂപത്തിൽ Strophe എന്നു പറയപ്പെടുന്ന [ 7 ] ആലാപവൈചിത്ര്യം ആൽക്മാൻ എന്ന കവി ആദ്യമായി ആവകഗാനങ്ങളിൽ സംഘടിപ്പിച്ചതോടുകൂടി അവയ്ക്ക് ഒരു പുതുമയും കൂടുതൽ ആകർഷകത്വവും ലഭിച്ചു. മാത്രമല്ല, പിൽക്കാലങ്ങളിൽ അത് അർച്ചനാലാപങ്ങളുടെ ഒരവിഭാജ്യഘടകമായിത്തീരുകയും ചെയ്തു. സ്കെസിക്കോമ്സ്, ഇലികസ്, സിമോണിഡസ് എന്നിവർ ഈ കാവ്യശാഖയെസാരമാംവിധം വൈപുല്യപ്പെടുത്തി. അവരെത്തുടർന്ന് പിൻഡാർ എന്നും ബാക്കിലിഡസ് എന്നും പേരായ രണ്ടു മഹാകവികളുടെ ആവിർഭാവം ആ കാവ്യവിഭാഗത്തിന്റെ അത്ഭുതാവഹമായ വികാസത്തിനു വഴിതെളിച്ചു. ലോകോത്തരങ്ങളായ ധർമ്മകീർത്തനങ്ങളുടെ പ്രണേതാവെന്നനിലയിൽ പ്രാചീനസാഹിത്യത്തിൽ പിൻഡാറിന് അദ്വിതീയമായ സ്ഥാനമാണു ലഭിച്ചിട്ടുള്ളത്. കാലക്രമത്തിൽ ഈ ഗാനങ്ങളുടെ സംഗീതാത്മകത്വം അഥവാ ആലാപധർമ്മം ക്ഷയിക്കുവാൻ തുടങ്ങി. സംഗീതോപകരണങ്ങൾ കുറഞ്ഞുകുറഞ്ഞു ഒടുവിൽ ഓടക്കുഴലിന്റെ സഹായം മാത്രം മതി അവ ആലപിക്കപ്പെടുവാനെന്ന നിലയിലെത്തുകയും, അതിനുശേഷം അതിന്റെപോലും ആവശ്യമില്ലെന്നു വന്നുകൂടുകയും ചെയ്തു. അങ്ങനെ അർച്ചനാലാപം സംഗീതപോകരണങ്ങളുടെ പിടിയിൽ നിശ്ശേഷം വിമുക്തമായതോടു കൂടി സാഹിത്യാംശത്തിന് അതിൽ സ്വാഭാവികമായി അധികമധികം പ്രവേശം ലഭിച്ചു.

എന്തിനെയെങ്കിലും, ചിലപ്പോൾ ആരെയെങ്കിലും, അഭിസംബോധനം ചെയ്തുകൊണ്ട്, ഏതാണ്ടൊരു പ്രസംഗരൂപത്തിൽ, സംബോധനം ചെയ്യപ്പെടുന്ന വ്യക്തിയുടെയോ വസ്തുവിന്റെയോ മുൻപിൽ അർച്ചിക്കപ്പെടുന്നതും, ബുദ്ധ്യംശത്തിലും വികാരാംശത്തിലും മറ്റും ഗുരുതരമായ ഗഹനതയോടുകൂടിയതുമായ പ്രൗഢസൂക്തങ്ങളാണ് അവ. സാധാരണയായി അവയിലെ പ്രതിപാദ്യങ്ങളും ഭാവപ്രകാശവും പ്രതിപാദനരീതിയും മഹത്തമങ്ങളായിരിക്കും. അന്തസ്സും ഔന്നത്യവും അവയുടെ സവിശേഷതകളാണ്. സുനിശ്ചിതമായ ഒരു ലക്ഷ്യത്തിലേക്കു പ്രൗഢമായ രീതിയിൽ, ഭാസുരമായ ഒരു ചിന്താമണ്ഡലതത്തിലൂടെ പുരോഗമനംചെയ്യുന്ന കുതൂഹലാശ്ലിഷ്ടമായ, അഥവാ നിർവ്വാണതുന്ദിലമായ ഒരവച്ഛിന്നഭാവാത്മകഗാനധാരയായിരിക്കും അത്. യുക്തിക്കു വിധേയമായ ഒരു ചിന്താപരിണാമം അതിലാവശ്യമാണ്. ഏതാണ്ടൊരു സങ്കീർണ്ണതയും വ്യാപകത്വവും, ഒഴിച്ചുകൂടാൻ പാടില്ലാത്തതല്ലെങ്കിലും, പൊതുവേ ആവകഗാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേകതയാണെന്നു പറയാം. പദ്യാത്മകമായ ഒരുവക പ്രഭാഷണത്വം പലപ്പോഴും അവ ഉൾക്കൊള്ളുന്നുണ്ടായിരിക്കും. നതോന്നതങ്ങളായ വിവിധ മേഖലകളിലൂടെ സ്തോഭത്തെ അനുഗമിച്ചുകൊണ്ട്, അന്തർവ്വാഹിയായ ഒരനുസ്യൂത ലയപ്രവാഹം അത്തരം ആലാപങ്ങളെ ആദ്യന്തം അശ്ലേഷിച്ചുകൊണ്ടിരിക്കും. അവയ്ക്കുതന്നെ ആംഗലസാഹിത്യത്തിൽ പല ഉപശാഖകളും കണ്ടുവരുന്നുണ്ട്. എങ്കിലും സാമാന്യേന ഒരുവിധം താളപ്രധാനമായ ധർമ്മകീർത്തനമാണ് അവയെന്നു സംക്ഷേപമായി പ്രസ്താവിക്കാവുന്നതാണ്. [ 8 ] അർച്ചനാലാപങ്ങളുടെ സ്വഭാവം ചുരുക്കത്തിൽ വിവരിച്ചുകഴിഞ്ഞല്ലോ. സങ്കല്പകാന്തിയിൽ കാണുന്ന ആ വകുപ്പിൽപ്പെട്ട കവിതകളെ, മേൽ പ്രസ്താവിച്ച ഘടകങ്ങളെ ആസ്പദമാക്കി, നിരൂപണം ചെയ്യേണ്ട ഭാരം വായനക്കാരുടേതാണ്. അതിനാൽ ഇനി മറ്റൊരു കാവ്യശാഖയിലേക്കു കടക്കട്ടെ.

ധ്യാനാത്മകങ്ങളും തത്ത്വചിന്താപരങ്ങളുമായ കാവ്യങ്ങളുടെ (Meditative and Philosophical Poems) വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നയാണ് ഈ കൃതിയിലെ 'ശ്മശാനത്തിൽ', 'മിത്ഥ്യ', 'ആ ഗാനം', 'ചിതറിയ ചിന്തകൾ' എന്നീ കവിതകൾ, ചിന്തയുടെ അംശമാണ് ഈ കാവ്യശാഖയിൽ സർവ്വപ്രധാനമായി സ്ഥിതിചെയ്യുന്നത്. വികാരം, സൗന്ദര്യം, അകൃത്രിമത്വം, സ്പഷ്ടത തുടങ്ങിയ മുൻപ്രസ്താവിച്ച ഗുണങ്ങൾ ഇവിടെയും ആവശ്യംതന്നെ. അവയ്ക്കു പുറമേ അനുസ്യൂതമായ ഒരു ചിന്താസരണിയെ ഉൾക്കൊള്ളുന്നുവെങ്കിൽമാത്രമേ ഈ കാവ്യശാഖയുടെ സ്വഭാവം പരിപൂർണ്ണമാവുകയുള്ളു. തത്ത്വചിന്തയെ നിരക്ഷീരന്യായേന കവിതയിൽ കലർത്തുവാനുള്ള കവിയുടെ പാടവത്തെ ആശ്രയിച്ചാണ് അതിന്റെ കലാഭംഗി സ്ഥിതിചെയ്യുന്നത്. കലാഭംഗിയുടെ അഭാവം ഈ ഇനത്തിൽപ്പെട്ട കൃതികളെ ഒരുവക ശുഷ്കിച്ച നീതിസാരങ്ങളാക്കിത്തീർക്കുന്നതാണ്. തത്ത്വപ്രതിബിംബനാത്മകങ്ങളായ നീതികഥകൾ, ഗുപ്താർത്ഥകഥകൾ മുതലായവയും ഈ വകുപ്പിൽ ഉൾപ്പെടുന്നുണ്ട്. പ്രതിപാദനരീതിയെ ആധാരമാക്കി തരംതിരിച്ചാൽ അവ വസ്തുപ്രധാനമായ കാവ്യശാഖയിലേ ഉൾപ്പെടുകയുള്ളുവെങ്കിലും, തത്ത്വപ്രതിബിംബനമെന്ന ലക്ഷ്യത്തെ ആസ്പദമാക്കി നോക്കുമ്പോൾ കർത്തൃപ്രധാനമായ കാവ്യശാഖയിൽത്തന്നെ അവയെ ഉൾപ്പെടുത്തുന്നതിൽ അപാകമില്ല. കവി മിക്കപ്പോഴും ആഖ്യാനപദ്ധതിയെ അവലംബിക്കുന്നത്, അമൂർത്തങ്ങളായ ആശയങ്ങളെ സ്ഥൂലരൂപങ്ങളിൽ വിവർത്തനം ചെയ്യുവാനുള്ള സൗകര്യം അതിൽ നിന്നു സിദ്ധിക്കുമെന്നുള്ളതിനാലാണ്.

സങ്കൽപകാന്തിയിൽ ചേർത്തിട്ടുള്ള ഒരു പ്രധാനകൃതി തകർന്ന മുരളി എന്ന ഒരു ലഘുവിലാപകാവ്യമാണ്. വിലാപകാവ്യങ്ങളുടെ അസ്തിവാരം വികാരത്തിലും പ്രകടനത്തിലുമുള്ള പരിപൂർണ്ണമായ ആത്മാർത്ഥതയാണെന്നു പറയാം. കൃത്രിമത്വത്തിന്റെ ഒരു നേരിയ സമ്പർക്കം മതി, അവയുടെ ജീവൻ പാടേ നശിച്ചുപോകാൻ. വിലാപകാവ്യശാഖയ്ക്ക് കാലഗതിയിൽ പലേ ഉൾപ്പിരിവുകളും ഉണ്ടായിട്ടുണ്ടെങ്കിലും അവയിൽ സർവ്വപ്രധാനമായ ഒന്നു രണ്ടു വിഭാഗങ്ങളെക്കുറിച്ചു മാത്രമേ ഇവിടെ സൂചിപ്പിക്കേണ്ടതായിട്ടുള്ളു.

മഹാനായ ഒരു വ്യക്തിയുടെ സ്മാരകമായി, അദ്ദേഹത്തിന്റെ ചരമശേഷം, കവി സമർപ്പിക്കുന്ന സ്നേഹോപഹാരമാണ് വിലാപകാവ്യം. ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ചുള്ള ചർച്ച, സ്വഭാവം , അവയിൽ ഉദ്ദീപിതമാകുന്ന സ്മൃതിചിത്രങ്ങൾ മുതലായവ വിലാപകാവ്യത്തിൽ ഉണ്ടായിരിക്കുക സാധാരണമാണ്. കീർത്തിക്കപ്പെടുന്ന വ്യക്തി, കവി [ 9 ] യുടെ ബന്ധുക്കളിലോ സുഹൃത്തുക്കളിലോപെട്ട ആരെങ്കിലുമായിക്കൊള്ളണമെന്ന്-പലപ്പോഴും അങ്ങനെയാണ് കണ്ടുവരുന്നതെങ്കിലും-നിർബന്ധമില്ല. വ്യക്തിപരമായി കവിക്കുള്ള അഭിനിവേശങ്ങളെ പലപ്പോഴും അടക്കിനിർത്തിക്കൊണ്ട്, തത്ത്വചിന്തയ്ക്കു പരമപ്രധാനമായ സ്ഥാനം നൽകുന്ന വിലാപകാവ്യങ്ങളും നിർമ്മിക്കപ്പെടാറുണ്ട്. മഹാനായ ഒരു വ്യക്തിയുടെ വിയോഗം കവിയെ ചിന്താകുലനാക്കുന്നു. ലക്ഷ്യമായി നില്ക്കുന്ന ആ പ്രതിപാദ്യത്തിൽ നിന്ന്, ക്രമേണ, കവിയുടെ ചിന്താമണ്ഡലത്തിന്റെ വ്യാപ്തി വർദ്ധിച്ചുവർദ്ധിച്ചു വരികയും, തൽഫലമായി ജീവിതം, വിധി, മരണം തുടങ്ങിയ ഗഹനങ്ങളും സാർവ്വത്രികങ്ങളുമായ വിവിധ പ്രശ്നങ്ങളിലേക്കു സംക്രമിക്കുകയും ചെയ്യുന്നു. മഹാകവി കുമാരനാശാന്റെ 'പ്രരോദന'മെന്ന വിലാപകാവ്യം ഇതിനു മകുടോദാഹരണമാണ്.

മേൽ പ്രസ്താവിച്ച സ്വഭാവങ്ങൾ എല്ലാം തന്നെ കൂടിക്കലർന്നുകൊണ്ടുള്ള ഒരു സങ്കരസ്വഭാവമാണ് മറ്റുചില വിലാപകാവ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 'കണ്ണുനീർത്തുള്ളി' ഇതിനു ദൃഷ്ടാന്തമായി സ്വീകരിക്കാം. മിസ്റ്റർ നാലപ്പാട്ടു നാരായണമേനവന്റെ ആത്മപ്രേയസിയുടെ അകാലവിയോഗമാണല്ലോ ആ ഉൽക്കൃഷ്ടവിലാപകാവ്യത്തിന്റെ അടിസ്ഥാനം. കവിയുടെ വ്യക്ത്യംശത്തിന് ഇതിലുള്ള പ്രാധാന്യത്തെക്കുറിച്ചു പിന്നെ ഒന്നും തന്നെ പ്രസ്താവിക്കേണ്ടതായിട്ടില്ല. എന്നാൽ തത്ത്വചിന്തയുടെ അവതരണത്തിനും കുറച്ചൊന്നുമല്ല കവി തന്റെ കാവ്യത്തിൽ ഇടംകൊടുത്തിട്ടുള്ളതെന്നു കാണാം.

'തകർന്ന മുരളി' എന്ന പദ്യം മുൻപ്രസ്താവിച്ച വിലാപകാവ്യങ്ങളുടെ കൂട്ടത്തിൽ ഒന്നാമത്തെ വിഭാഗത്തിലാണുൾപ്പെടുന്നത്. തത്ത്വചിന്തയ്ക്കും മറ്റും അതിൽ വലിയ സ്ഥാനമൊന്നും കൊടുത്തിട്ടില്ല. ശ്രീമാൻ ഇടപ്പള്ളി രാഘവൻപിള്ളയുടെ അകാലവിയോഗത്തിൽ അദ്ദേഹത്തിന്റെ ആത്മസുഹൃത്തായി വർത്തിച്ചിരുന്ന എനിക്കുണ്ടായ ശോകപൂരിതമായ വികാരങ്ങളെ അതേപടി പ്രതിഫലിപ്പിക്കുക മാത്രമാണ് അതിൽ ചെയ്തിട്ടുള്ളത്. പിന്നീടു ഞാൻ 'രമണൻ' എന്ന പേരിൽ ഒരു ഗ്രാമീണവിലാപകാവ്യം ആ വിഷയത്തെ ആധാരമാക്കിത്തന്നെ നിർമ്മിക്കുകയുണ്ടായി. വിലാപകാവ്യങ്ങളുടെ വിഭാഗത്തിൽ ഏറ്റവും പ്രധാനമായിട്ടുള്ളതാണ് ഗ്രാമീണവിലാപകാവ്യം (Pastoral Elegy). ഇതിനെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കേണ്ടതായിട്ടുണ്ട്. ഈ മുഖവുരയിൽ അതിനു സൗകര്യമില്ലാത്തതിനാൽ അതിലേക്ക് ഉദ്യമിക്കുന്നില്ല.

വസ്തുപ്രധാനമായ ഏതാനും കൃതികളും സങ്കല്പകാന്തിയിൽ ഇല്ലാതില്ല. ഈ കാവ്യശാഖയെ ആഖ്യാനപരമെന്നും നാടകീയമെന്നും രണ്ടായി തിരിക്കാം. 'വനദേവത' എന്നകൃതിയിൽ ഈ രണ്ടു സ്വഭാവങ്ങളും ഇടകലർന്നിട്ടുണ്ടെങ്കിലും, അതിന്റെ ഘടനയിൽ നാടകീയമായ അംശത്തിനാണു പ്രാധാന്യമുള്ളത്. ആദർശാത്മകമായ യഥാതഥപ്രസ്ഥാനത്തിൽ(Idealistic Realism) ഉൾപ്പെടുത്താവുന്ന ഒരു കൃതിയാണ് 'വനദേവത'. 'വൃന്ദാവനം', 'വെറും സ്വപ്നം' , [ 10 ] ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം', 'രൂപാന്തരം' മുതലായവ വർണ്ണനാപ്രധാനങ്ങളായ കൃതികളാണ്. തന്മൂലം അവയിൽ വ്യക്ത്യംശത്തിന്റെ സംക്രമണം അത്ര വിരളമൊന്നുമല്ല. എന്നിരുന്നാലും ആഖ്യാനരൂപത്തിലുള്ള പ്രതിപാദനം മൂലം വസ്തുപ്രധാനകൃതികളായി അവയെ പരിഗണിക്കുന്നതാണ് അധികം യുക്തമെന്നു തോന്നുന്നു. 'വൃന്ദാവനത്തിലെ രാധ'യും 'ആ കാലങ്ങ'ളും നാടകീയ സ്വഗതങ്ങളാണ്(Dramatic Monologues). എന്നാൽ 'വൃന്ദാവനത്തിലെ രാധ'യെ Monologue എന്ന സ്വഗതാഖ്യാനത്തിൽ ഉൾപ്പെടുത്തുന്നതിനെക്കാൾ Soliloquy എന്നെ ഇംഗ്ലീഷിൽ പറയപ്പെടുന്ന ആത്മഗതകാവ്യത്തിൽ ചേർക്കുന്നതാണുത്തമം. ഇവയ്ക്കു രണ്ടിനും തമ്മിൽ അല്പം അന്തരമില്ലാതില്ല. 'നാടകീയ സ്വയംഭാഷണ'മെന്ന കാവ്യ വിഭാഗത്തിൽ വക്താവ് ഏതെങ്കിലുമൊരു ശ്രോതാവിനെയോ ഒന്നിലധികം ശ്രോതക്കളെയോ അഭിസംബോധനം ചെയ്തുകൊണ്ടാണ് ഭാഷണം നിർവ്വഹിക്കുന്നത്. എന്നാൽ ആത്മഗതകാവ്യത്തിലാകട്ടെ, ശ്രോതാവിന്റെ ആവശ്യമില്ല. വക്താവു തന്നോടുതന്നെ പറയുകയാണ് ആത്മഗതകാവ്യത്തിലെ രീതി. 'രാഗഭിക്ഷുണി', 'വിശുദ്ധരശ്മി', 'ലതാഗീതം' തുടങ്ങിയവ കർത്തൃപ്രധാനങളായ പ്രേമഗാനങളാണ്. പദാർത്ഥനിഷ്ടമെന്ന കാവ്യശാഖയിൽ ഉൾപ്പെടുന്ന കൃതികളിലും കവിയുടെ വ്യക്ത്യംശം ഏറെക്കുറെ കടന്നുകൂടിയിട്ടുള്ളതായിക്കാണാം. ഇത് ആവക കൃതികളുടെ സാരമായ ന്യൂനതയായി കണക്കാക്കാമോ എന്ന കാര്യം സംശയമാണ്. പ്രതിപാദ്യവസ്തുവിനോടുള്ള ഉൽക്കടമായ അഭിനിവേശം മൂലം കവിയുടെ വ്യക്തിചൈതന്യം അതിലൂടെ പ്രതിഫലിതമാകുന്നെങ്കിൽ അത് അസ്വാഭാവികമാണെന്നു പറയാവുന്നതല്ലല്ലോ. ഗീതികാവ്യങ്ങളെക്കുറിച്ച് ലഘുവിമർശനരൂപത്തിലുള്ള ഈ മുഖവുരയുടെ നിർമ്മാണത്തിൽ സ്റ്റേപ്ഫോഡ്ബ്രൂക്ക്, ആബർ ക്രോംബി, ഹഡ്സൺ, എഡ്മൺഡ് ഗൂസ്, സെയിന്റ്സ്ബറി, മാത്യു ആർനോൾഡ്, ലെയ്ഹണ്ട് തുടങ്ങിയ പാശ്ചാത്യവിമർശകന്മാരോടു ഞാൻ അത്യധികം കടപ്പെട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏഴു കൊല്ലത്തെ എന്റെ സാഹിത്യജീവിതത്തിൽ എന്റെ പദ്യകൃതികളുടെ സമാഹാരങ്ങളായി പലേ ഗ്രന്ഥങ്ങളും പ്രകാശിതമായിട്ടുണ്ടെങ്കിലും എനിക്കു പ്രത്യേകമൊരു മമത തോന്നിയിട്ടുള്ളത് ഈ നൂതനപ്രസിദ്ധീകരണത്തോടാണെന്നു തുറന്നു പറഞ്ഞുകൊള്ളട്ടെ. ഇതിലടങ്ങിയിട്ടുള്ള കവിതകളുടെ മെച്ചംകൊണ്ടല്ല, നേരെമറിച്ചു നിസ്സാരങ്ങളെങ്കിലും അകൈതവാത്മകപ്രകടനപരങ്ങളായ അവയെ ഞാൻ മനസാ നിത്യവും ആരാധിക്കുന്ന ഒരു മഹാത്മാവിന്റെ പാദങ്ങളിൽ സമർപ്പണം ചെയ്യുവാനുള്ള ഭാഗ്യസിദ്ധികൊണ്ടാണ് ആ തോന്നൽ എനിക്കുണ്ടായിട്ടുള്ളതെന്നു പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. സൗഭാഗ്യത്തിന്റെ സമുന്നതസോപാനത്തിൽ സമുല്ലസിക്കുന്ന ക്യാപ്റ്റൻ വി.പി. തമ്പി അവർകളുടെ ഔദാര്യത്തിന്റെ [ 11 ] തണലിലാണ് എന്റെ വിദ്യാർത്ഥിജീവിതം പുഷ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന് എന്നോടുള്ള അതിരറ്റ വാത്സല്യവും ഔദാര്യവും പലപ്പോഴും എന്നെ പുളകം കൊള്ളിച്ചിട്ടുണ്ട്. അദ്ദേഹം സദയം എനിക്കു നൽകുന്ന പ്രോത്സാഹനങ്ങൾക്കും സഹായങ്ങൾക്കും കൃതജ്ഞതാപരിപൂർണ്ണമായ എന്റെ ഹൃദയം മാത്രമേ എനിക്ക് ആ പാവനപാദങ്ങളിൽ ഉപഹാരമായി അർപ്പിക്കുവാനുള്ളു.

മഹാഭാഗയായ കൈരളിയോടു മുകുളിതകരങ്ങളോടെ ഞാനിങ്ങനെ പ്രാർത്ഥിക്കട്ടെ: അംബികേ, കൈരളീ, അവിടുത്തെ പാദസേവകന്മാരിൽ ഏറ്റവും നിസ്സാരനായ ഒരുവനാണു ഞാൻ. കടന്നുപോകുവാനിരിക്കുന്ന വിദൂര ശതാബ്ദങ്ങളുടെ സന്നിധിയിലേക്ക് എന്റെ നേരിയ ഗാനത്തിന്റെ ഒരു മൃദുലവീചിയെങ്കിലും എത്തിച്ചേരുമെന്ന വിശ്വാസമോ അഭിമാനമോ എനിക്കില്ല. എങ്കിലും ഇന്ന് എന്റെ അരികേ നിന്നു കൊഞ്ഞനംകുത്തുന്ന ഹൃദയശൂന്യന്റെ നിഴൽ കാലം മായ്ച്ചുകഴിയുമ്പോൾ ആ സ്ഥാനത്തേക്കു പ്രവേശിക്കുന്ന നാളത്തെ സഹോദരൻ തീർച്ചയായും എന്നോടു സഹതാപമുള്ളവനായിരിക്കും. മണ്ണടിഞ്ഞുകിടക്കുന്ന എന്റെ അസ്ഥിശകലങ്ങൾക്കു മുകളിലൂടെ മഞ്ഞിൽ കുതിർന്നും, വെയിലിൽ വിയർത്തും, മഴയിൽ കുളിർത്തും ദിനരാത്രങ്ങൾ ഓരോന്നോരോന്നായിക്കടന്നുപൊയ്ക്കൊണ്ടിരിക്കേ ആ സഹോദരന്റെ സഹതാപസാന്ദ്രമായ ആഹ്വാനം ഇരുളടഞ്ഞ എന്റെ ശവകുടീരത്തിൽ എത്തിച്ചേരും. ആ സഹോദരനോട് എനിക്കൊരൊറ്റ അപേക്ഷയേ ഉള്ളു: അതിതാണ്: എന്റെ സമസ്തോൽക്കർഷങ്ങൾക്കും കാരണഭൂതനായ ആ വന്ദ്യപുരുഷന്റെ-ക്യാപ്റ്റൻ വി. പി. തമ്പിയുടെ-ഔദാര്യസ്മൃതിയുടെ മുൻപിൽ ഒരു കൂപ്പുകൈ അർപ്പിച്ചിട്ടുവേണമേ എന്റെ ശവകുടീരത്തിനു നേരെ അനുകമ്പാപൂർണ്ണമായ കണ്ണയയ്ക്കാൻ!-അംബികേ, കൈരളീ, അഞ്ജലീബന്ദ്ധനായ ഈ വിനീതസേവകനെ ഭവതി വെറുക്കരുതേ!-

ഈ ഗ്രന്ഥത്തിന്റെ പ്രകാശനം സദയം ഏറ്റെടുത്ത മംഗളോദയം പ്രവർത്തകന്മാരോടും പലേ ജോലിത്തിരക്കുകൾക്കിടയിൽ, എന്നോടുള്ള വാത്സല്യാതിരേകത്താൽ, ഈ ഗ്രന്ഥം പരിശോധിച്ചുനോക്കുവാനും വിലയേറിയ ഒരവതാരിക എഴുതിത്തരുവാനും കാരുണ്യമുണ്ടായ അഭിവന്ദ്യമഹാകവിയോടും എനിക്കുള്ള അകൈതവമായ കൃത്ജ്ഞതയെ ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു. പ്രിയ വായനക്കരേ, നിങ്ങൾക്കു കൂപ്പുകൈ!

30-12-1941 ചങ്ങമ്പുഴ കൃഷ്ണപിള്ള

"https://ml.wikisource.org/w/index.php?title=സങ്കല്പകാന്തി/മുഖവുര&oldid=61523" എന്ന താളിൽനിന്ന് ശേഖരിച്ചത്