താൾ:Sangkalpakaanthi.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംരംഭത്തിൽനിന്നു സംജാതമാകുന്ന ആനന്ദപ്രദാനം കലയുടെ ഒരവിഭാജ്യഘടകമാണെന്നും സിദ്ധിക്കുന്നു. അച്ഛകോമളമായ ഒരു സ്ഫടികശകലത്തിൽ പതിയുന്ന ആദിത്യരശ്മി വിവിധ വർണ്ണോജ്ജ്വലങ്ങളായ മയൂഖമാലകളായി രൂപാന്തരപ്പെടുന്നതുപോലെ, പ്രകൃതിയിലെ വസ്തുക്കൾ കവിയുടെ ഭാവനാസമ്പർക്കത്താൽ അഭിനവവും അഭിരാമവുമായ ആകാരവിശേഷങ്ങളെ അവലംബിക്കുകയാണ് ചെയ്യുന്നത്. ഏതോ ഒരു ചെടിയിൽ വിടർന്നുനിന്ന് ഒരു ദിവസംകൊണ്ടു വാടിക്കരിഞ്ഞു മണ്ണടിഞ്ഞ ഒരു പുഷ്പം കാവ്യലോകത്തിലേക്ക് കടക്കുന്നത് കാലത്തിന്റെ കരുത്തേറിയ കരങ്ങൾക്കുപോലും വിവർണ്ണമാക്കാൻ സാധിക്കാത്ത ഒരു വാടാമലരായിട്ടാണ്. കേവലം വസ്തുസ്ഥിതികഥനം മാത്രമായിരുന്നെങ്കിൽ 'വീണപൂവ്' വെറുമൊരു വീണപൂവായിത്തന്നെ ഇരുന്നേനെ. എന്നാൽ മഹാകവിയുടെ മഹനീയമായ ഭാവനാപാടവവും തത്ത്വചിന്തയും ആ വീണപൂവിലുടെ അഭൗമവും അനന്തവുമായ ഒരു ചൈതന്യമേഖലയെ നമുക്ക് കാണിച്ചുതരികയും നമ്മുടെ ചേതന നിർവ്വാണാത്മകമായ ഒരു സ്വപ്നത്തിൽ അതിന്റെ അസീമ വിസ്തൃതിയിലങ്ങനെ ചിറകടിച്ചു വിഹരിക്കുകയും ചെയ്യുന്നു. പ്രാപഞ്ചികജീവിതക്ലേശങ്ങളുടെ മുനകൂർത്ത മുള്ളുകളിൽ തറഞ്ഞു വീണ് വിണ്ടുകീറി ചോരവാർത്തു പിടയുന്ന മനുഷ്യഹൃദയത്തെ സത്യസുന്ദരമായ ആ സനാതന സാമ്രാജ്യത്തിലേക്ക് ആനയിച്ച്, ജീവിതത്തിന്റെ ക്ഷണപ്രഭാചഞ്ചലതയെയും നിസ്സാരതയെയും ബോധപ്പെടുത്തി, ആത്മീയോൽക്കർഷത്തിനു വഴിതെളിച്ചുകൊണ്ട് അക്ഷയമായ ആനന്ദാസ്വാദനത്തിനു കഴിവുണ്ടാക്കിത്തീർക്കുകയെന്നതാണ് ഏതു കലയുടെയും പരമമായ ധർമ്മം. സൗന്ദര്യാരാധകനായ കലാകാരൻ സമുദായപരിഷ്കർത്താവായിക്കൊള്ളണമെന്ന് ശാഠ്യം പിടിക്കുന്നത് കേവലം ചില ഭൗതികോപാധികളെ മാത്രം ആധാരമാക്കി കല്ലറകൊണ്ടതിരിട്ടുനിർത്തുന്ന ഒരു ജീവിതത്തെ ലക്ഷ്യമാക്കി സാഹിത്യം പ്രവർത്തിക്കണമെന്നുള്ള പ്രായോഗികതത്ത്വചിന്തയുടെ ബാലിശപ്രേരണയാലാണ്. ഷെല്ലിയുടെ ഭാഷയിൽ പറയുകയാണെങ്കിൽ ഭാവനയുടെ പ്രതിഫലനമാണു കവിത. വികാരങ്ങളുടെയും ഭാവനാശക്തിയുടെയും ഭാഷയാണതെന്നത്രേ ഹാസ്ലിറ്റിന്റെ മതം, താളവും ലയവും സമ്യക്കാകും വണ്ണം മേളിച്ചുകൊണ്ടുള്ള സൗന്ദര്യസൃഷ്ടിയാണ് കവിതയെന്ന് എഡ്ഗർ അലൻപോവും പ്രാപഞ്ചികസംഗീതം മനുഷ്യഹൃദയത്തിൽ മാറ്റൊലികൊള്ളുന്നതാണ് കവിതയെന്ന് സർ.എസ്.രാധാകൃഷ്ണനും അഭിപ്രായപ്പെടുന്നു. ഭാവനാത്മകമായ ചിന്തയും വികാരവും ഛന്ദോനിബദ്ധമായ ഭാഷയിൽ സ്വാഭാവികമായും സ്വച്ഛന്ദമായും പ്രതിഫലിപ്പിച്ചുകൊണ്ട് ആനന്ദത്തെ ഉളവാക്കുന്ന ഒരു കലയാണതെന്നത്രേ പ്രഫസർ കൂർത്തോപ്പിന്റെ സിദ്ധാന്തം. വികാരാത്മകവും സംഗീതസമ്മിളിതവുമായ ഭാഷയിൽ മനുഷ്യഹൃദയത്തിന്റെ പദാർത്ഥനിബദ്ധവും കലാസുഭഗവുമായ പ്രകടനമാണ് കവിതയെന്ന് വാട്സ് ഡൺടൺ എന്ന ചിന്തകൻ പറയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/3&oldid=169639" എന്ന താളിൽനിന്ന് ശേഖരിച്ചത്