ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം', 'രൂപാന്തരം' മുതലായവ വർണ്ണനാപ്രധാനങ്ങളായ കൃതികളാണ്. തന്മൂലം അവയിൽ വ്യക്ത്യംശത്തിന്റെ സംക്രമണം അത്ര വിരളമൊന്നുമല്ല. എന്നിരുന്നാലും ആഖ്യാനരൂപത്തിലുള്ള പ്രതിപാദനം മൂലം വസ്തുപ്രധാനകൃതികളായി അവയെ പരിഗണിക്കുന്നതാണ് അധികം യുക്തമെന്നു തോന്നുന്നു. 'വൃന്ദാവനത്തിലെ രാധ'യും 'ആ കാലങ്ങ'ളും നാടകീയ സ്വഗതങ്ങളാണ്(Dramatic Monologues). എന്നാൽ 'വൃന്ദാവനത്തിലെ രാധ'യെ Monologue എന്ന സ്വഗതാഖ്യാനത്തിൽ ഉൾപ്പെടുത്തുന്നതിനെക്കാൾ Soliloquy എന്നെ ഇംഗ്ലീഷിൽ പറയപ്പെടുന്ന ആത്മഗതകാവ്യത്തിൽ ചേർക്കുന്നതാണുത്തമം. ഇവയ്ക്കു രണ്ടിനും തമ്മിൽ അല്പം അന്തരമില്ലാതില്ല. 'നാടകീയ സ്വയംഭാഷണ'മെന്ന കാവ്യ വിഭാഗത്തിൽ വക്താവ് ഏതെങ്കിലുമൊരു ശ്രോതാവിനെയോ ഒന്നിലധികം ശ്രോതക്കളെയോ അഭിസംബോധനം ചെയ്തുകൊണ്ടാണ് ഭാഷണം നിർവ്വഹിക്കുന്നത്. എന്നാൽ ആത്മഗതകാവ്യത്തിലാകട്ടെ, ശ്രോതാവിന്റെ ആവശ്യമില്ല. വക്താവു തന്നോടുതന്നെ പറയുകയാണ് ആത്മഗതകാവ്യത്തിലെ രീതി. 'രാഗഭിക്ഷുണി', 'വിശുദ്ധരശ്മി', 'ലതാഗീതം' തുടങ്ങിയവ കർത്തൃപ്രധാനങളായ പ്രേമഗാനങളാണ്. പദാർത്ഥനിഷ്ടമെന്ന കാവ്യശാഖയിൽ ഉൾപ്പെടുന്ന കൃതികളിലും കവിയുടെ വ്യക്ത്യംശം ഏറെക്കുറെ കടന്നുകൂടിയിട്ടുള്ളതായിക്കാണാം. ഇത് ആവക കൃതികളുടെ സാരമായ ന്യൂനതയായി കണക്കാക്കാമോ എന്ന കാര്യം സംശയമാണ്. പ്രതിപാദ്യവസ്തുവിനോടുള്ള ഉൽക്കടമായ അഭിനിവേശം മൂലം കവിയുടെ വ്യക്തിചൈതന്യം അതിലൂടെ പ്രതിഫലിതമാകുന്നെങ്കിൽ അത് അസ്വാഭാവികമാണെന്നു പറയാവുന്നതല്ലല്ലോ. ഗീതികാവ്യങ്ങളെക്കുറിച്ച് ലഘുവിമർശനരൂപത്തിലുള്ള ഈ മുഖവുരയുടെ നിർമ്മാണത്തിൽ സ്റ്റേപ്ഫോഡ്ബ്രൂക്ക്, ആബർ ക്രോംബി, ഹഡ്സൺ, എഡ്മൺഡ് ഗൂസ്, സെയിന്റ്സ്ബറി, മാത്യു ആർനോൾഡ്, ലെയ്ഹണ്ട് തുടങ്ങിയ പാശ്ചാത്യവിമർശകന്മാരോടു ഞാൻ അത്യധികം കടപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏഴു കൊല്ലത്തെ എന്റെ സാഹിത്യജീവിതത്തിൽ എന്റെ പദ്യകൃതികളുടെ സമാഹാരങ്ങളായി പലേ ഗ്രന്ഥങ്ങളും പ്രകാശിതമായിട്ടുണ്ടെങ്കിലും എനിക്കു പ്രത്യേകമൊരു മമത തോന്നിയിട്ടുള്ളത് ഈ നൂതനപ്രസിദ്ധീകരണത്തോടാണെന്നു തുറന്നു പറഞ്ഞുകൊള്ളട്ടെ. ഇതിലടങ്ങിയിട്ടുള്ള കവിതകളുടെ മെച്ചംകൊണ്ടല്ല, നേരെമറിച്ചു നിസ്സാരങ്ങളെങ്കിലും അകൈതവാത്മകപ്രകടനപരങ്ങളായ അവയെ ഞാൻ മനസാ നിത്യവും ആരാധിക്കുന്ന ഒരു മഹാത്മാവിന്റെ പാദങ്ങളിൽ സമർപ്പണം ചെയ്യുവാനുള്ള ഭാഗ്യസിദ്ധികൊണ്ടാണ് ആ തോന്നൽ എനിക്കുണ്ടായിട്ടുള്ളതെന്നു പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. സൗഭാഗ്യത്തിന്റെ സമുന്നതസോപാനത്തിൽ സമുല്ലസിക്കുന്ന ക്യാപ്റ്റൻ വി.പി. തമ്പി അവർകളുടെ ഔദാര്യത്തിന്റെ