താൾ:Sangkalpakaanthi.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തണലിലാണ് എന്റെ വിദ്യാർത്ഥിജീവിതം പുഷ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന് എന്നോടുള്ള അതിരറ്റ വാത്സല്യവും ഔദാര്യവും പലപ്പോഴും എന്നെ പുളകം കൊള്ളിച്ചിട്ടുണ്ട്. അദ്ദേഹം സദയം എനിക്കു നൽകുന്ന പ്രോത്സാഹനങ്ങൾക്കും സഹായങ്ങൾക്കും കൃതജ്ഞതാപരിപൂർണ്ണമായ എന്റെ ഹൃദയം മാത്രമേ എനിക്ക് ആ പാവനപാദങ്ങളിൽ ഉപഹാരമായി അർപ്പിക്കുവാനുള്ളു.

മഹാഭാഗയായ കൈരളിയോടു മുകുളിതകരങ്ങളോടെ ഞാനിങ്ങനെ പ്രാർത്ഥിക്കട്ടെ: അംബികേ, കൈരളീ, അവിടുത്തെ പാദസേവകന്മാരിൽ ഏറ്റവും നിസ്സാരനായ ഒരുവനാണു ഞാൻ. കടന്നുപോകുവാനിരിക്കുന്ന വിദൂര ശതാബ്ദങ്ങളുടെ സന്നിധിയിലേക്ക് എന്റെ നേരിയ ഗാനത്തിന്റെ ഒരു മൃദുലവീചിയെങ്കിലും എത്തിച്ചേരുമെന്ന വിശ്വാസമോ അഭിമാനമോ എനിക്കില്ല. എങ്കിലും ഇന്ന് എന്റെ അരികേ നിന്നു കൊഞ്ഞനംകുത്തുന്ന ഹൃദയശൂന്യന്റെ നിഴൽ കാലം മായ്ച്ചുകഴിയുമ്പോൾ ആ സ്ഥാനത്തേക്കു പ്രവേശിക്കുന്ന നാളത്തെ സഹോദരൻ തീർച്ചയായും എന്നോടു സഹതാപമുള്ളവനായിരിക്കും. മണ്ണടിഞ്ഞുകിടക്കുന്ന എന്റെ അസ്ഥിശകലങ്ങൾക്കു മുകളിലൂടെ മഞ്ഞിൽ കുതിർന്നും, വെയിലിൽ വിയർത്തും, മഴയിൽ കുളിർത്തും ദിനരാത്രങ്ങൾ ഓരോന്നോരോന്നായിക്കടന്നുപൊയ്ക്കൊണ്ടിരിക്കേ ആ സഹോദരന്റെ സഹതാപസാന്ദ്രമായ ആഹ്വാനം ഇരുളടഞ്ഞ എന്റെ ശവകുടീരത്തിൽ എത്തിച്ചേരും. ആ സഹോദരനോട് എനിക്കൊരൊറ്റ അപേക്ഷയേ ഉള്ളു: അതിതാണ്: എന്റെ സമസ്തോൽക്കർഷങ്ങൾക്കും കാരണഭൂതനായ ആ വന്ദ്യപുരുഷന്റെ-ക്യാപ്റ്റൻ വി. പി. തമ്പിയുടെ-ഔദാര്യസ്മൃതിയുടെ മുൻപിൽ ഒരു കൂപ്പുകൈ അർപ്പിച്ചിട്ടുവേണമേ എന്റെ ശവകുടീരത്തിനു നേരെ അനുകമ്പാപൂർണ്ണമായ കണ്ണയയ്ക്കാൻ!-അംബികേ, കൈരളീ, അഞ്ജലീബന്ദ്ധനായ ഈ വിനീതസേവകനെ ഭവതി വെറുക്കരുതേ!-

ഈ ഗ്രന്ഥത്തിന്റെ പ്രകാശനം സദയം ഏറ്റെടുത്ത മംഗളോദയം പ്രവർത്തകന്മാരോടും പലേ ജോലിത്തിരക്കുകൾക്കിടയിൽ, എന്നോടുള്ള വാത്സല്യാതിരേകത്താൽ, ഈ ഗ്രന്ഥം പരിശോധിച്ചുനോക്കുവാനും വിലയേറിയ ഒരവതാരിക എഴുതിത്തരുവാനും കാരുണ്യമുണ്ടായ അഭിവന്ദ്യമഹാകവിയോടും എനിക്കുള്ള അകൈതവമായ കൃത്ജ്ഞതയെ ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു. പ്രിയ വായനക്കരേ, നിങ്ങൾക്കു കൂപ്പുകൈ!

30-12-1941 ചങ്ങമ്പുഴ കൃഷ്ണപിള്ള

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/11&oldid=169619" എന്ന താളിൽനിന്ന് ശേഖരിച്ചത്