താൾ:Sangkalpakaanthi.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യുടെ ബന്ധുക്കളിലോ സുഹൃത്തുക്കളിലോപെട്ട ആരെങ്കിലുമായിക്കൊള്ളണമെന്ന്-പലപ്പോഴും അങ്ങനെയാണ് കണ്ടുവരുന്നതെങ്കിലും-നിർബന്ധമില്ല. വ്യക്തിപരമായി കവിക്കുള്ള അഭിനിവേശങ്ങളെ പലപ്പോഴും അടക്കിനിർത്തിക്കൊണ്ട്, തത്ത്വചിന്തയ്ക്കു പരമപ്രധാനമായ സ്ഥാനം നൽകുന്ന വിലാപകാവ്യങ്ങളും നിർമ്മിക്കപ്പെടാറുണ്ട്. മഹാനായ ഒരു വ്യക്തിയുടെ വിയോഗം കവിയെ ചിന്താകുലനാക്കുന്നു. ലക്ഷ്യമായി നില്ക്കുന്ന ആ പ്രതിപാദ്യത്തിൽ നിന്ന്, ക്രമേണ, കവിയുടെ ചിന്താമണ്ഡലത്തിന്റെ വ്യാപ്തി വർദ്ധിച്ചുവർദ്ധിച്ചു വരികയും, തൽഫലമായി ജീവിതം, വിധി, മരണം തുടങ്ങിയ ഗഹനങ്ങളും സാർവ്വത്രികങ്ങളുമായ വിവിധ പ്രശ്നങ്ങളിലേക്കു സംക്രമിക്കുകയും ചെയ്യുന്നു. മഹാകവി കുമാരനാശാന്റെ 'പ്രരോദന'മെന്ന വിലാപകാവ്യം ഇതിനു മകുടോദാഹരണമാണ്.

മേൽ പ്രസ്താവിച്ച സ്വഭാവങ്ങൾ എല്ലാം തന്നെ കൂടിക്കലർന്നുകൊണ്ടുള്ള ഒരു സങ്കരസ്വഭാവമാണ് മറ്റുചില വിലാപകാവ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 'കണ്ണുനീർത്തുള്ളി' ഇതിനു ദൃഷ്ടാന്തമായി സ്വീകരിക്കാം. മിസ്റ്റർ നാലപ്പാട്ടു നാരായണമേനവന്റെ ആത്മപ്രേയസിയുടെ അകാലവിയോഗമാണല്ലോ ആ ഉൽക്കൃഷ്ടവിലാപകാവ്യത്തിന്റെ അടിസ്ഥാനം. കവിയുടെ വ്യക്ത്യംശത്തിന് ഇതിലുള്ള പ്രാധാന്യത്തെക്കുറിച്ചു പിന്നെ ഒന്നും തന്നെ പ്രസ്താവിക്കേണ്ടതായിട്ടില്ല. എന്നാൽ തത്ത്വചിന്തയുടെ അവതരണത്തിനും കുറച്ചൊന്നുമല്ല കവി തന്റെ കാവ്യത്തിൽ ഇടംകൊടുത്തിട്ടുള്ളതെന്നു കാണാം.

'തകർന്ന മുരളി' എന്ന പദ്യം മുൻപ്രസ്താവിച്ച വിലാപകാവ്യങ്ങളുടെ കൂട്ടത്തിൽ ഒന്നാമത്തെ വിഭാഗത്തിലാണുൾപ്പെടുന്നത്. തത്ത്വചിന്തയ്ക്കും മറ്റും അതിൽ വലിയ സ്ഥാനമൊന്നും കൊടുത്തിട്ടില്ല. ശ്രീമാൻ ഇടപ്പള്ളി രാഘവൻപിള്ളയുടെ അകാലവിയോഗത്തിൽ അദ്ദേഹത്തിന്റെ ആത്മസുഹൃത്തായി വർത്തിച്ചിരുന്ന എനിക്കുണ്ടായ ശോകപൂരിതമായ വികാരങ്ങളെ അതേപടി പ്രതിഫലിപ്പിക്കുക മാത്രമാണ് അതിൽ ചെയ്തിട്ടുള്ളത്. പിന്നീടു ഞാൻ 'രമണൻ' എന്ന പേരിൽ ഒരു ഗ്രാമീണവിലാപകാവ്യം ആ വിഷയത്തെ ആധാരമാക്കിത്തന്നെ നിർമ്മിക്കുകയുണ്ടായി. വിലാപകാവ്യങ്ങളുടെ വിഭാഗത്തിൽ ഏറ്റവും പ്രധാനമായിട്ടുള്ളതാണ് ഗ്രാമീണവിലാപകാവ്യം (Pastoral Elegy). ഇതിനെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കേണ്ടതായിട്ടുണ്ട്. ഈ മുഖവുരയിൽ അതിനു സൗകര്യമില്ലാത്തതിനാൽ അതിലേക്ക് ഉദ്യമിക്കുന്നില്ല.

വസ്തുപ്രധാനമായ ഏതാനും കൃതികളും സങ്കല്പകാന്തിയിൽ ഇല്ലാതില്ല. ഈ കാവ്യശാഖയെ ആഖ്യാനപരമെന്നും നാടകീയമെന്നും രണ്ടായി തിരിക്കാം. 'വനദേവത' എന്നകൃതിയിൽ ഈ രണ്ടു സ്വഭാവങ്ങളും ഇടകലർന്നിട്ടുണ്ടെങ്കിലും, അതിന്റെ ഘടനയിൽ നാടകീയമായ അംശത്തിനാണു പ്രാധാന്യമുള്ളത്. ആദർശാത്മകമായ യഥാതഥപ്രസ്ഥാനത്തിൽ(Idealistic Realism) ഉൾപ്പെടുത്താവുന്ന ഒരു കൃതിയാണ് 'വനദേവത'. 'വൃന്ദാവനം', 'വെറും സ്വപ്നം' ,

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/9&oldid=169689" എന്ന താളിൽനിന്ന് ശേഖരിച്ചത്