Jump to content

താൾ:Sangkalpakaanthi.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അർച്ചനാലാപങ്ങളുടെ സ്വഭാവം ചുരുക്കത്തിൽ വിവരിച്ചുകഴിഞ്ഞല്ലോ. സങ്കല്പകാന്തിയിൽ കാണുന്ന ആ വകുപ്പിൽപ്പെട്ട കവിതകളെ, മേൽ പ്രസ്താവിച്ച ഘടകങ്ങളെ ആസ്പദമാക്കി, നിരൂപണം ചെയ്യേണ്ട ഭാരം വായനക്കാരുടേതാണ്. അതിനാൽ ഇനി മറ്റൊരു കാവ്യശാഖയിലേക്കു കടക്കട്ടെ.

ധ്യാനാത്മകങ്ങളും തത്ത്വചിന്താപരങ്ങളുമായ കാവ്യങ്ങളുടെ (Meditative and Philosophical Poems) വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നയാണ് ഈ കൃതിയിലെ 'ശ്മശാനത്തിൽ', 'മിത്ഥ്യ', 'ആ ഗാനം', 'ചിതറിയ ചിന്തകൾ' എന്നീ കവിതകൾ, ചിന്തയുടെ അംശമാണ് ഈ കാവ്യശാഖയിൽ സർവ്വപ്രധാനമായി സ്ഥിതിചെയ്യുന്നത്. വികാരം, സൗന്ദര്യം, അകൃത്രിമത്വം, സ്പഷ്ടത തുടങ്ങിയ മുൻപ്രസ്താവിച്ച ഗുണങ്ങൾ ഇവിടെയും ആവശ്യംതന്നെ. അവയ്ക്കു പുറമേ അനുസ്യൂതമായ ഒരു ചിന്താസരണിയെ ഉൾക്കൊള്ളുന്നുവെങ്കിൽമാത്രമേ ഈ കാവ്യശാഖയുടെ സ്വഭാവം പരിപൂർണ്ണമാവുകയുള്ളു. തത്ത്വചിന്തയെ നിരക്ഷീരന്യായേന കവിതയിൽ കലർത്തുവാനുള്ള കവിയുടെ പാടവത്തെ ആശ്രയിച്ചാണ് അതിന്റെ കലാഭംഗി സ്ഥിതിചെയ്യുന്നത്. കലാഭംഗിയുടെ അഭാവം ഈ ഇനത്തിൽപ്പെട്ട കൃതികളെ ഒരുവക ശുഷ്കിച്ച നീതിസാരങ്ങളാക്കിത്തീർക്കുന്നതാണ്. തത്ത്വപ്രതിബിംബനാത്മകങ്ങളായ നീതികഥകൾ, ഗുപ്താർത്ഥകഥകൾ മുതലായവയും ഈ വകുപ്പിൽ ഉൾപ്പെടുന്നുണ്ട്. പ്രതിപാദനരീതിയെ ആധാരമാക്കി തരംതിരിച്ചാൽ അവ വസ്തുപ്രധാനമായ കാവ്യശാഖയിലേ ഉൾപ്പെടുകയുള്ളുവെങ്കിലും, തത്ത്വപ്രതിബിംബനമെന്ന ലക്ഷ്യത്തെ ആസ്പദമാക്കി നോക്കുമ്പോൾ കർത്തൃപ്രധാനമായ കാവ്യശാഖയിൽത്തന്നെ അവയെ ഉൾപ്പെടുത്തുന്നതിൽ അപാകമില്ല. കവി മിക്കപ്പോഴും ആഖ്യാനപദ്ധതിയെ അവലംബിക്കുന്നത്, അമൂർത്തങ്ങളായ ആശയങ്ങളെ സ്ഥൂലരൂപങ്ങളിൽ വിവർത്തനം ചെയ്യുവാനുള്ള സൗകര്യം അതിൽ നിന്നു സിദ്ധിക്കുമെന്നുള്ളതിനാലാണ്.

സങ്കൽപകാന്തിയിൽ ചേർത്തിട്ടുള്ള ഒരു പ്രധാനകൃതി തകർന്ന മുരളി എന്ന ഒരു ലഘുവിലാപകാവ്യമാണ്. വിലാപകാവ്യങ്ങളുടെ അസ്തിവാരം വികാരത്തിലും പ്രകടനത്തിലുമുള്ള പരിപൂർണ്ണമായ ആത്മാർത്ഥതയാണെന്നു പറയാം. കൃത്രിമത്വത്തിന്റെ ഒരു നേരിയ സമ്പർക്കം മതി, അവയുടെ ജീവൻ പാടേ നശിച്ചുപോകാൻ. വിലാപകാവ്യശാഖയ്ക്ക് കാലഗതിയിൽ പലേ ഉൾപ്പിരിവുകളും ഉണ്ടായിട്ടുണ്ടെങ്കിലും അവയിൽ സർവ്വപ്രധാനമായ ഒന്നു രണ്ടു വിഭാഗങ്ങളെക്കുറിച്ചു മാത്രമേ ഇവിടെ സൂചിപ്പിക്കേണ്ടതായിട്ടുള്ളു.

മഹാനായ ഒരു വ്യക്തിയുടെ സ്മാരകമായി, അദ്ദേഹത്തിന്റെ ചരമശേഷം, കവി സമർപ്പിക്കുന്ന സ്നേഹോപഹാരമാണ് വിലാപകാവ്യം. ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ചുള്ള ചർച്ച, സ്വഭാവം , അവയിൽ ഉദ്ദീപിതമാകുന്ന സ്മൃതിചിത്രങ്ങൾ മുതലായവ വിലാപകാവ്യത്തിൽ ഉണ്ടായിരിക്കുക സാധാരണമാണ്. കീർത്തിക്കപ്പെടുന്ന വ്യക്തി, കവി

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/8&oldid=169688" എന്ന താളിൽനിന്ന് ശേഖരിച്ചത്