താൾ:Sangkalpakaanthi.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേൽ ഉദ്ധരിച്ച അഭിപ്രായഗതികളെല്ലാം സൂക്ഷ്മമായി പരിശോധിക്കുകയും തമ്മിൽ തമ്മിൽ തട്ടിച്ചുനോക്കുകയും ചെയ്യുമ്പോൾ അവയുടെ വൈവിധ്യവും വൈരുധ്യവും നമ്മെ ഒട്ടൊന്നമ്പരപ്പിച്ചേക്കാനിടയുണ്ട്. വിഭീന്നങ്ങളായ വീക്ഷണകോണങ്ങളിലൂടെയുള്ള കാവ്യാവലോകനമാണ് ഏവംവിധമുള്ള നിർവ്വചനവൈവിധ്യത്തിന്നടിസ്ഥാനമെന്നതു സ്പഷ്ടമാണല്ലോ.

ജീവിതത്തിന്റെ ഒരു വ്യാഖ്യാനമോ വിമർശനമോ ആണ് സാഹിത്യമെന്നുള്ള മതത്തിന് സാഹിത്യലോകത്തിൽ മറ്റേതിനെക്കാളും പ്രാമുഖ്യവും പ്രാബല്യവും സിദ്ധിച്ചിട്ടുള്ളതായി കാണാം. ഈ അഭിപ്രായത്തെക്കുറിച്ചുള്ള വിമർശനത്തിന് ഈ ചെറുമുഖവുരയിൽ സൗകര്യപ്പെടുന്നതല്ലല്ലോ. സാഹിത്യം ജീവിതത്തിന്റെ വിമർശനമായിരിക്കട്ടെ, അല്ലാതിരിക്കട്ടെ, അതിന്റെ പശ്ചാത്തലം മനുഷ്യജീവിതം തന്നെയാണെന്നുള്ളതിൽ രണ്ടുപക്ഷത്തിനവകാശമുണ്ടെന്നു തോന്നുന്നില്ല. ജീവിതത്തെ അതിന്റെ ഭൗതികപരിധികൾക്കുള്ളിൽ മാത്രം അടച്ചൊതുക്കാതെ, ആത്മീയവും ഭാവനാപരവുമായ വ്യാപ്തികളിലേക്ക് അതിനെ വ്യാപരിപ്പിച്ചുകൊണ്ടുള്ള വ്യാഖ്യാനമായിരിക്കണം സാഹിത്യത്തിന്റെ സർവ്വപ്രധാനമായ ലക്ഷ്യമെന്നു പ്രത്യേകം ഓർക്കേണ്ടതാണ്.

കവിതയെക്കുറിച്ചു പൊതുവായി ഇത്രയും വിവരിക്കുവാനേ ചെറിയ ഈ ഉപന്യാസത്തിൽ നിവൃത്തിയുള്ളു. ഇനി നമുക്കതിന്റെ വിവിധ ശാഖകളിലേക്കു പ്രവേശിക്കാം. കവിതയെ അതിന്റെ സാർവ്വത്രികമായ ചില ഘടകങ്ങളെ ആസ്പദമാക്കി പാശ്ചാത്യചിന്തകന്മാർ കർത്തൃനിഷ്ഠമെന്നും (Subjective) പദാർത്ഥനിഷ്ഠമെന്നും (Objective) രണ്ടായി വിഭജിച്ചിരിക്കുന്നു. കവി ചിലപ്പോൾ അന്തർമുഖനായി വർത്തിച്ചുകൊണ്ടു സ്വാനുഭവങ്ങളിലും ചിന്തകളിലും വികാരങ്ങളിലും കാവ്യോത്തേജനവും പ്രതിപാദ്യങ്ങളും കണ്ടെത്തുന്നതായും മറ്റു ചിലപ്പോൾ തന്റെ ആത്മീയസത്തയെ ബാഹ്യപ്രപഞ്ചത്തിലേക്കു വ്യാപരിപ്പിച്ചു ലോകത്തിന്റെ വ്യാപാരങ്ങളിലും വികാരങ്ങളിലും അലിഞ്ഞു ചേർന്ന് തനിക്കു ദൃശ്യമാകുന്നസംഗതികളെ അതേപടി , സ്വന്തം വ്യക്തിത്വത്തിന്റെ പാദമുദ്രകൾ അധികമൊന്നും പതിയുവാനിടയാകാതെതന്നെ പ്രതിഫലിപ്പിക്കുന്നതായും കാണാം. ഇവയിൽ ആദ്യത്തെ ഇനത്തിൽപ്പെടുന്ന കവിതയാണ് കർത്തൃപ്രധാനമെന്നോ ആത്മാവിഷ്കരണപരമെന്നോ പറയപ്പെടുന്നത്. രണ്ടാമത്തെ ഇനത്തിൽപ്പെടുന്നതിനു പദാർത്ഥനിഷ്ഠമെന്നോ സൃഷ്ടിപ്രധാനമെന്നോ പേർ പറയുന്നു. ഇവയുടെ മണ്ഡലങ്ങൾക്കു തമ്മിൽ ഒരതിരിടുകയെന്നതു ശ്രമസാധ്യമല്ലാത്തതിനാൽ ഒന്ന് മറ്റേതിന്റെ സീമാവലയത്തിലേക്കു സംക്രമിക്കുകയും രണ്ടുംകൂടി കെട്ടുപിണഞ്ഞ് അപഗ്രഥനത്തെ അവഹേളിച്ചുകൊണ്ട് അഴിഞ്ഞുപോകാത്ത ഒരാശ്ലേഷബന്ധത്തിൽ അന്യോന്യം താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നത് അത്ര അപൂർവ്വമല്ല. രണ്ടിന്റെയും ഘടകങ്ങൾ അനസ്യൂതമായും അവിഭാജ്യമായും അന്യോന്യം

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/4&oldid=169650" എന്ന താളിൽനിന്ന് ശേഖരിച്ചത്