താൾ:Sangkalpakaanthi.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കൂടിച്ചേർന്ന് വർത്തിക്കുമ്പോൾ ഓരോന്നും ഇന്ന ഇനത്തിൽപ്പെടുന്നതാണെന്നു ഖണ്ഡിതമായി പറയുക വിഷമമായിരിക്കും. എന്നാലും അവയുടെ അന്യോന്യമുള്ള വൈജാത്യം അനിഷേധ്യമായിരിക്കെ, വിഭജനോപാധിയായി അതിനെ സ്വീകരിക്കുന്നതിലോ അതിനെ ആധാരമാക്കിക്കൊണ്ട് കവിതയെ തരംതിരിക്കുന്നതിലോ അപാകമുണ്ടെന്നു തോന്നുന്നില്ല.

കഴിഞ്ഞ ഖണ്ഡികയിൽ പ്രസ്താവിച്ച കർത്തൃനിഷ്ഠമായ, അഥവാ ആത്മാവിഷ്കരണപരമായ, കാവ്യവിഭാഗത്തിൽ ഉൾപ്പെടുന്ന കവിതകളാണ് ഭാവാത്മകഗീതങ്ങൾ അഥവാ സ്വച്ഛന്ദഗീതങ്ങൾ. ഗീതികാവ്യങ്ങൾ(Lyrics) എന്ന പേരും ഇവയ്ക്ക് അനുയോജ്യമായിരിക്കും. പ്രേമം, ദേശാഭിമാനം, മതപ്രസക്തി ആദിയായി മനുഷ്യനിൽ ഉൾക്കൊള്ളുന്നതും അനന്തസന്താപത്തിലേക്കും അമേയസന്തുഷ്ടിയിലേക്കും സദാ അവനെ ആനയിച്ചുകൊണ്ടിരിക്കുന്നതുമായ അസംഖ്യം മാനസികസ്വഭാവങ്ങളും തജ്ജന്യമായ വികാരവിജൃംഭണങ്ങളും അനുഭവപരമ്പരകളുമായിരിക്കും ആ ഗീതങ്ങളുടെ പ്രഭവസ്ഥാനം. ഉത്തമമായ ഒരു ഭാവാത്മകഗീതം അമോഘമായ ഒരു വികാരത്തിന്റെ മൂർത്തീകരണമായിരിക്കും. ആത്മാർത്ഥതയിൽനിന്നുള്ള അതിന്റെ ആവിർഭാവം അകൃത്രിമത്വത്തിന്റെ പരിവേഷത്താൻ ഉദ്ദീപ്തവും. അനുവാചകാവലോകനത്തിനു തികച്ചും ആകർഷകവും ഹൃദയസ്പർശകവുമായിരിക്കും. അതിന്റെ ഭാഷയും അതുൾക്കൊള്ളുന്ന വാങ്മയചിത്രപരമ്പരയും സൗന്ദര്യത്തിന്റെയും സ്പഷ്ടതയുടെയും സാന്നിദ്ധ്യത്താൽ മാത്രമല്ല, പ്രതിപാദ്യത്തിനും പ്രതിപാദനോപാധിക്കും തമ്മിൽ സകലകലകളിലും അവശ്യം ആവശ്യമായ സമുചിത ബന്ധത്താൽക്കൂടി, അഥവാ പൊരുത്തത്താൽക്കൂടി, സമാലംകൃതമായിരിക്കുന്നതാണ്. ഒരു ഭാവത്തിന്റെയോ അനുഭവത്തിന്റെയോ പ്രതിഫലനം വികാരതീക്ഷ്ണതയാൽ നിറം പിടിപ്പിക്കുകയും, ഹൃദയസ്പർശകമാക്കി ചമയ്ക്കുകയും ചെയ്യുന്നതാണ് കലാപരമായ അതിന്റെ പ്രത്യേക വൈശിഷ്ട്യം. ഭാവാത്മകകാവ്യശാഖയുടെ ജീവൻ ഏവംവിധം വ്യതിത്വത്തെ ആശ്രയിച്ചാണു സ്ഥിതിചെയ്യുന്നതെങ്കിലും, ഇന്നിതുവരെ ലോകത്തിലുണ്ടായിട്ടുള്ള സ്വച്ഛന്ദഗീതങ്ങളിൽ ഭൂരിഭാഗവും കേവലം വ്യക്തിപരമെന്നതിനെക്കാൾ മാനവലോകത്തെ ഒന്നാകെ സമാശ്ലേഷിക്കുന്ന സാർവ്വത്രികഭാവങ്ങളെയാണുൾക്കൊള്ളുന്നതെന്നും, അക്കാരണത്താൽ ഓരോ വായനക്കാരനും സ്വന്തനിലയിൽ പരിപൂർണ്ണമായി ഭാഗഭാക്കാകുവാൻ സാധിക്കുന്ന അനുഭവങ്ങളുടെയും വികാരങ്ങളുടെയും പ്രകാശനമാണ് അവയിൽ കണ്ടെത്തുന്നതെന്നും പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നമുക്കു കവിയുടെ സ്ഥാനത്ത് നമ്മെ പ്രതിഷ്ഠിക്കേണ്ടതായി വരുന്നില്ല; കാരണം, അദ്ദേഹം നമ്മുടെ സ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷ്ടിച്ചിട്ടുണ്ടായിരിക്കുമെന്നുള്ളതാണ്. പോരെങ്കിൽ, വ്യക്തിപരമായിട്ടുള്ളതിനെക്കാൾ

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/5&oldid=169661" എന്ന താളിൽനിന്ന് ശേഖരിച്ചത്