താൾ:Sangkalpakaanthi.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമുദായത്തിന്റെ പുരോഗതിക്കു സഹായമായ രീതിയിൽ സാഹിത്യവ്യാപാരം നിർവ്വഹിക്കുന്നില്ലെന്നുള്ള അപരാധം എന്നിൽ ആരോപിച്ച്, സാഹിത്യസംരംഭങ്ങളിൽനിന്നും ഞാനിനി വിരമിക്കേണ്ടതാണെന്നുപോലും, അടുത്തകാലത്ത്, ഏതോ ഒരു സമാജക്കാർ ഒരു പ്രമേയം പാസ്സാക്കിയിട്ടുള്ളതായി വൃത്താന്തപത്രങ്ങളിൽ കാണുകയുണ്ടായി. സാഹിത്യലോകത്തിൽ നടാടെയായിക്കേൾക്കുന്ന ഒരു രസംപിടിച്ച പുതുമയാണിത്. തൊഴിലില്ലാത്തവർക്ക് തൊഴിലുണ്ടാക്കിക്കൊടുക്കുന്ന സാത്താനോട് നമുക്ക് നന്ദി പറയുക. അടുത്തകാലംവരെ, സാഹിത്യപരമായ എന്റെ ചപലകേളികൾ ഇത്ര വമ്പിച്ച കൊടുങ്കാറ്റുകളെ ഇളക്കിവിടുമെന്ന് ഞാൻ ശങ്കിച്ചിരുന്നില്ല. ഏതായാലും ഈ വക കോലാഹലങ്ങൾ ശ്രദ്ധേയമായ എന്തോ ചിലത് ആ വക ചപലകേളികളിൽ അന്തർഭവിച്ചിട്ടുണ്ടെന്ന അനുമാനത്തിലേക്ക് എന്നെ ആനയിക്കുന്നുവെങ്കിൽ, അതിൽ അത്ഭുതപ്പെടാനില്ലല്ലോ. അതിനാൽ സ്വാഭാവികമായി എനിക്കു സിദ്ധമായിട്ടുള്ളതെന്നു ഞാൻ അഭിമാനിക്കുന്ന ആ കൂസലില്ലായ്മയോടുകൂടിത്തന്നെ സാഹിത്യക്ഷേത്രത്തിൽ എന്റെ നൂതന സമാഹാരവും ഇതാ, സസന്തോഷം സമർപ്പിച്ചുകൊള്ളുന്നു. ഭാവാത്മകങ്ങളായ ഗീതങ്ങളാണ് ഈ കൃതിയിൽ അധികഭാഗവും അടങ്ങയിട്ടുള്ളത്. ഇവയെ ആംഗലസാഹിത്യത്തിൽ 'Lyrics' എന്നറിയപ്പെടുന്ന കാവ്യവിഭാഗത്തിൽ ഉൾപ്പെടുത്താം. ഗീതികാവ്യങ്ങൾ, അഥവാ സ്വച്ഛന്ദഗീതങ്ങൾ എന്ന ഈ സാഹിത്യശാഖയുടെ സ്വഭാവങ്ങളും പ്രത്യേകതകളും ചുരുങ്ങിയതോതിലെങ്കിലും വിശദമാക്കേണ്ടത് അവയുടെ പ്രണേതാവെന്നുള്ള നിലയിൽ ഈ സന്ദർഭത്തിൽ എന്റെ കടമയാണ്. ഇതിലേക്കുദ്യമിക്കുമ്പോൾ കവിതയെന്നാലെന്തെന്നുള്ള പ്രശ്നത്തെയാണ് ആദ്യമായി അഭിമുഖീകരിക്കേണ്ടിയിരിക്കുന്നത്. മഹാരഥന്മാരായ പലേ വിമർശകന്മാരും സാഹിത്യചിന്തകന്മാരും കാവ്യസ്വരൂപത്തെ വിശകലനം ചെയ്തും വ്യാഖ്യാനിച്ചും വിവിധാഭിപ്രായങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. ആ സ്ഥിതിക്ക് അഭിനവമായ ഒരു നിർവചനംകൊണ്ട് അവഹേളനാസ്പദമായ ഒരന്തരീക്ഷത്തിലേക്ക് പ്രവേശിക്കുവാൻ ഔചിത്യബോധം എന്നെ അനുവദിക്കുന്നില്ല. യുക്തിയുടെയും ഭാവനയുടെയും സങ്കലിതമായ ചൈതന്യത്തെ ഉപാധിയാക്കിക്കൊണ്ട് ആനന്ദത്തെ സത്യവുമായി സംഘടിപ്പിക്കുന്ന ഒരു കലയാണ് കവിതയെന്ന് ഡോക്ടർ ജോൺസൺ പ്രസ്താവിക്കുന്നു. ഇതിൽ നിന്നു കേവലം വസ്തുത്ഥിതികഥനം കവിതയാവുകയില്ലെന്നും അചഞ്ചലമായ യുക്തിയും അപ്രതിഹതമായ കല്പനാവൈഭവും ആകർഷകമായ ചില നിറപ്പകിട്ടുകൾ കൊടുക്കുന്നതു കൊണ്ടാണ് പ്രാകൃതികവസ്തുക്കളുടെ പ്രതിഫലനങ്ങൾ കലാലോകത്തിൽ അനശ്വരതയിലേക്കാരോഹണം ചെയ്യുന്നതെന്നും വെളിവാകുന്നുണ്ടല്ലോ. പ്രാപഞ്ചികമായ വസ്തുസ്ഥിതിയിൽ നിന്നു വ്യതിരിക്തമായിട്ടുള്ള ഒന്നാണ് കലാപരമായ സത്യമെന്നും അതിനെ ആശ്ലേഷിക്കാൻ ക്രാന്തദർശിയായ കവിക്കുമാത്രമേ കഴിവുള്ളു എന്നും ആ

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/2&oldid=169628" എന്ന താളിൽനിന്ന് ശേഖരിച്ചത്