താൾ:Sangkalpakaanthi.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുഖവുര

പ്രായോഗികജീവിതത്തിന്റെ പരുപരുത്ത വശങ്ങളുമായി കൂട്ടിമുട്ടി പലപ്പോഴും പരിക്കുപറ്റിയിട്ടുള്ള എന്റെ ഹൃദയം വിശ്രമത്തിന്റെ തണലിലിരുന്നു ചിലപ്പോഴെല്ലാം വീണ വായിക്കാറുണ്ട്. ആ അനുഗൃഹീത നിമിഷങ്ങൾ സദയം സംഭാവന ചെയ്ത ഏതാനും പൊൻകിനാവുകളെ അതേപടി പ്രതിഫലിപ്പിക്കുവാനുള്ള എന്റെ പ്രയത്നമാണ്, പ്രിയ വായനക്കാരേ നിങ്ങൾ ഈ ഗ്രന്ഥത്തിൽ ആദ്യന്തം കണ്ടെത്തുക. എന്റെ ശ്രമം വിജയലക്ഷ്മിയുടെ ആശ്ലേഷത്തിൽ പുളകമണിയുന്നുണ്ടെന്ന് എനിക്ക് അഭിമാനമില്ല. എങ്കിലും ഒന്നെനിക്കുറപ്പുണ്ട് - ആത്മാർത്ഥതയുടെ അഭാവം അതിനെ അത്ര അധികമൊന്നും അലങ്കോലപ്പെടുത്തിയിരിക്കയില്ല.

ആധനികസാഹിത്യലോകത്തിൽ എന്റെ കവിതയുടെ കരുത്തു കുറഞ്ഞ കാൽവെയ്പ്പുകൾ ചുരുങ്ങിയ ഈ കാലഘട്ടത്തിനുള്ളിൽ പല നിരൂപകകേസരികളുടെ പ്രചണ്ഡഗർജ്ജനങ്ങൾക്കിടയാക്കിയിട്ടുണ്ടെന്നുള്ള പരമാർത്ഥത്തെ ഞാൻ സന്തോഷപൂർവ്വം സ്മരിക്കുന്നു. മന്ദാക്ഷമധുരമായ ഒരു നേരിയ മന്ദഹാസത്തോടുകൂടി , ആനതാനനയായി കരമുകുളങ്ങൾ അർപ്പിച്ചുകൊണ്ട്, സാഹിത്യക്ഷേത്രത്തിന്റെ ഒരു കോണിൽ ഒതുങ്ങിനിൽക്കുന്ന ആ മുഗ്ദ്ധയെ ഭയപ്പെടുത്തി പലായനം ചെയ്യിക്കുവാനാണ് തങ്ങളുടെ അട്ടഹാസങ്ങൾ വിനിയോഗിച്ചിട്ടുള്ളതെങ്കിൽ ആ വിമർശകപഞ്ചാസ്യന്മാർക്കു വലിയ അമളിയാണ് പറ്റിപ്പോയതെന്നു പറയാതെ നിവൃത്തിയില്ല. അബലയെങ്കിലും അൽപം പോലും അധീരയല്ല, എന്റെ കവിതയെന്നു ഞാൻ തികച്ചും അഭിമാനിക്കുന്നു. ഓരോ ഗർജ്ജനം കേൾക്കുമ്പോഴും കാൽ അധികമധികം ഊന്നിച്ചവിട്ടി മുന്നോട്ടു പോകുകയേ അവൾ ചെയ്തിട്ടുള്ളു; ഇനി ചെയ്യുകയുമുള്ളു. പാറപ്പുറത്തു കയറിനിന്ന് വികൃതമായ വിശ്വരൂപം കാണിച്ചുകൊണ്ട് ചില പേക്കോലങ്ങൾ അവളുടെ നേർക്ക് പലപ്പോഴും പല്ലിളിച്ചുകാട്ടാറുണ്ട്. ആ വക പേക്കൂത്തുകൾ കാണുമ്പോൾ അവളുടെ ഹൃദയത്തിൽ ഒരു പുഞ്ചിരിയേ പൊടിയാറുള്ളു. ഏതായാലും, ഇവരുടെ ഉദ്ദേശ്യം എന്തുതന്നെ ആയിരുന്നാലും, അതിൽനിന്നെല്ലാം എന്നെ സംബന്ധിച്ചിടത്തോളം ഉണ്ടായിട്ടുള്ള അനുഭവം മേൽക്കുമേൽ ഗുണകരമായി പരിണമിക്കുവാനാണിട നൽകിയിട്ടുള്ളത്. കാവ്യ നിർമ്മാണവിഷയത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുവാനും അധികമധികം ഉത്സാഹിക്കുവാനും അതെനിക്കു പ്രേരകമായി ഭവിക്കുന്നു. അതിനാൽ, ഞാൻ എന്റെ നിരൂപകന്മാരോട് ആജീവനാന്തം കൃതഞ്ജനാണെന്ന് ഈ സന്ദർഭത്തിൽ തുറന്നു പറഞ്ഞുകൊള്ളട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/1&oldid=169617" എന്ന താളിൽനിന്ന് ശേഖരിച്ചത്