സങ്കല്പകാന്തി/അവതാരിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സങ്കല്പകാന്തി
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
അവതാരിക
[ 12 ]
അവതാരിക

ഇന്നേക്ക് ഇരുപത്തേഴ് വയസ്സുപോലും തികഞ്ഞിട്ടില്ലാത്ത ശ്രീമാൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പേർ കേരളത്തിലെ സഹൃദയൻമാരും സാഹിതീ ബന്ധുക്കളും കേട്ടുതുടങ്ങിയിട്ടു കാലം ഒരു വ്യാഴവട്ടത്തിലധികം കഴിഞ്ഞിരിക്കുന്നു. ഈ കാലഘട്ടത്തിനടയ്ക്ക് അദ്ദേഹവുമായി അവർക്കുള്ള പരിചയം സ്നേഹമായും സ്നേഹം ബഹുമാനമായും ക്രമേണ രൂപാന്തരപ്പെട്ടിട്ടുമുണ്ട്. ശ്രീമാൻ കൃഷ്ണപിള്ള ഇതിനുമുൻപുതന്നെ 'സുധാംഗദ' മുതലായി ദീർഘങ്ങളും ലഘുക്കളുമായ ചില ഭാഷാകാവ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതായി ഓർക്കുന്നു. അവയുടെ അവരജത്വമാണ് ഞാൻ ഇപ്പോൾ അവതരിപ്പിക്കുന്ന 'സങ്കൽപകാന്തി' ക്കുള്ളത്.

'സങ്കൽപകാന്തി' ഈ യുവകവിയുടെ ഇരുപത്തിയാറു ഖണ്ഡകൃതികളുടെ സമാഹാരമാണ്. ചങ്ങമ്പുഴ ഭാഷാസാഹിത്യവുമായെന്നപോലേ പാശ്ചാത്യസാഹിത്യവുമായും ധാരാളം ഇടപഴകിയിട്ടുണ്ടെന്നും ആംഗലേയകവികളുടെ ആശയസമുദ്രത്തിൽ അദ്ദേഹത്തിനുള്ള അവഗാഹം സമ്പൂർണ്ണവും സഫലവുമാണെന്നും അദ്ദേഹത്തിന്റെ കൃതികൾ വായിച്ചിട്ടുള്ളവർക്ക് അറിയാവുന്നതാണ്. ആംഗലേയസാഹിത്യം , പാരസീകസാഹിത്യം, ഹിന്ദിസാഹിത്യം , വംഗീയസാഹിത്യം ഇവയെല്ലാം ആധുനിക ഭാഷാസാഹിത്യഗംഗയുടെ പോഷകനദികളായി പരിണമിച്ചിട്ടുള്ള ഒരു കാലമാണ് ഇത്. സംസ്കൃതവും പഴന്തമിഴുമാണ് ഇതിന്റെ ഭാഗീരഥിയും അളകനന്ദയും. അവയെ അവയുടെ അത്യുച്ചസ്ഥാനങ്ങളിൽനിന്നു നിഷ്കാസനം ചെയ്യുവാൻ അന്യഭാഷാസാഹിത്യങ്ങൾക്ക് സാധിക്കുന്നതല്ലെങ്കിലും അവയുമായുള്ള സംഗമംകൊണ്ട് ആ ഗംഗ ബഹുദൂകമായും പ്രവൃദ്ധവേഗമായും പ്രവഹിക്കുന്നുണ്ടെന്നുള്ളത് അനപലപനീയമായ ഒരു പരമാർത്ഥമാകുന്നു.

ചങ്ങമ്പുഴയെ ഭാഷാകവിതയിൽ ഒരഭിനവപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവല്ലെങ്കിലും ഉദ്ഘോഷകനാണെന്നു തീർച്ചയായി പറയാം. ഇന്നത്തെ പരിതസ്ഥിതിയിൽ സാമാന്യകുടുംബങ്ങളിൽ ജനിക്കുന്ന ബാലൻമാർക്കും ബാലികമാർക്കും അവർ അർഹിക്കുന്ന സ്ഥാനങ്ങളിൽ എത്തിച്ചേരുന്നതിനുള്ള വൈഷമ്യം അവരുടെ ഇടയിൽ ജനിക്കുന്ന കവികളെ നൈരാശ്യത്തിന് അടിമപ്പെടുത്തുകയും തന്മൂലം അവർ ഉദ്വിഗ്നമാനസന്മാരായി കരുണാത്മകങ്ങളായ കാവ്യങ്ങൾ നിർമ്മിക്കുന്നതിൽ ഉത്സുകന്മാരായിത്തീരുകയും ചെയ്യുന്നു. ഈ ഉത്സർഗ്ഗത്തിന് 'സങ്കല്പകാന്തി' ഒരുപവാദമാണെന്നു പറവാൻ പാടില്ലെങ്കിലും ഇതിൽ അടങ്ങീട്ടുള്ള കൃതികൾ എല്ലാം ഈ രീതിയിൽ മാത്രമല്ല നിബന്ധിച്ചിട്ടുള്ളത് എന്നുള്ള വസ്തുത ഭിന്നരുചിയായ അനുവാചകലോകത്തിന് ആനന്ദദായകമായിരിക്കും. 'കാളിദാസൻ', 'വൃന്ദാവനം', 'ഗുരുപൂജ' തുടങ്ങിയ കൃതികളിൽ മീട്ടിക്കാണുന്നത് വേറെ ചില തന്ത്രികളാകുന്നു. മർദ്ദിതരോടുള്ള അനുകമ്പയോടൊപ്പം തന്നെ ദേശാഭിമാനം, വയസ്യസ്മരണ, ആചാര്യഭക്തി, പ്രകൃതിസൗന്ദര്യപൂജ മുതലായി പല മൃദുലവികാരങ്ങളേയും [ 13 ] തട്ടിയുണർത്തുവാൻ പര്യാപ്തങ്ങളായ ഇതരവിഷയങ്ങളിലും കവിയുടെ ദൃഷ്ടി വ്യാപരിച്ചിട്ടുള്ളത് പ്രശംസാവഹംതന്നെ.

ശ്രീമാൻ കൃഷ്ണപിള്ളയുടെ കൃതികളിൽ സർവ്വോപരി തെളിഞ്ഞുകാണുന്ന രണ്ടു ഗുണങ്ങൾ ശബ്ദസൗന്ദര്യവും ഭാവനാസമ്പത്തുമാണ്. ശബ്ദസൗഷ്ഠവം തുള്ളിത്തുളുമ്പാത്ത ഈരടികൾ സങ്കൽപകാന്തിയിൽ ഇല്ലെന്നു ശപഥംചെയ്യുവാൻ ഞാൻ സന്നദ്ധനല്ലെങ്കിലും, ഇല്ലെന്നുതന്നെ സാമാന്യമായി പറയത്തക്ക നിലയിൽ അവ അത്രമാത്രം വിരളങ്ങളാകുന്നു. രസഭാവങ്ങൾക്കനുഗുണമായി വിവക്ഷിതാർത്ഥപ്രതിപാദകമായുള്ള ഒരു ശബ്ദപരമ്പര അദ്ദേഹത്തിന് സദാ സ്വാധീനമായുണ്ട്. ഭാഷാവൃത്തങ്ങളിൽ യതിനിയമത്തെസ്സംബന്ധിച്ച് ഇത് വളരെ ശ്രദ്ധചെലുത്തുന്ന കവികൾ അധികമില്ല. കൽപനാവൈഭവം അദ്ദേഹത്തിന്റെ കൃതികളെ പലപ്പോഴും ദീർഘീകരിക്കുന്നു. എങ്കിലും അതിനാൽ ആകൃഷ്ടരാകുന്ന അനുവാചകന്മാർക്ക് തന്നിമിത്തം അശേഷം അസ്വാരസ്യം തോന്നുന്നില്ല. ചില ഉദാഹരണങ്ങൾ പ്രസ്തുത കൃതിയിൽ നിന്നുദ്ധരിച്ച് എന്റെ ആശയം വിശദീകരിക്കാം.

ഭാരതത്തിലെ നീണ്ടതാടിക്കാർ, കാട്ടാളൻമാർ

പോരെങ്കിൽ,പ്പരിഷ്കാരശൂന്യൻമാർ, കറമ്പൻമാർ
നേരിന്റെ നാടും തേടി, സ്നേഹത്തിൻ പാട്ടും പാടി,-
ച്ചാരുവാമൈക്യത്തിന്റെ പൂന്തോപ്പിലൂഞ്ഞാലാടീ!

എന്നു നമ്മുടെ കവി പ്രാചീനഭാരതത്തിലെ മഹർഷിമാരുടെ അപദാനങ്ങളെ പ്രകീർത്തനംചെയ്യുന്നു. 'രണാങ്കണ'ത്തിൽ എന്ന മറ്റൊരു കൃതിയിലെ നേതാക്കന്മാരുടെയും അനുയായികളുടെയും അവസ്ഥാന്തരങ്ങളെ വർണ്ണിക്കുന്ന ചില ഈരടികളാണ് താഴെച്ചേർക്കുന്നത്.

ഇന്നവർതൻ ധീരകൃത്യങ്ങളോരോന്നു

വർണ്ണിച്ചു വർണ്ണിച്ചു പാടുന്നു ഗായകർ!
ആയവർതൻ ഗളത്തിങ്കലണിയുന്നു
മായാത്ത കീർത്തികൾ മന്ദാരമാലകൾ!
ചേലിലെഴുതും സുവർണ്ണലിപികളിൽ
'നാളെച്ചരിത്ര'മവരുടെ പേരുകൾ
ഞങ്ങളഹോ-ഹാ! മഹാത്യാഗമനുഷ്ഠിച്ച
ഞങ്ങളോ-കഷ്ടം, വെറും നിഴൽപാടുകൾ!
മർത്ത്യപ്പുഴുക്കൾ മറയണം ഞങ്ങളാ
വിസ്മൃതി തന്റെ തണുത്ത ഗർത്തങ്ങളിൽ!
ആരുണ്ടറിയാൻ ജഗത്തിലീ ഞങ്ങൾത-
ന്നാരാധനീയമാം പാവനാത്മർപ്പണം ?

'തകർന്ന മുരളി' എന്ന പേരിൽ തന്റെ ബഹിശ്ചരപ്രാണനായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ അകാലമരണത്തെ പരാമർശിച്ച് ചങ്ങമ്പുഴ എഴുതിയിട്ടുള്ള വിലാപകാവ്യത്തിലെ ഏതാനും വരികൾ ചുവടേ പകർത്തുന്നു.

നിശ്ചയമക്കാഴ്ച കണ്ടുനിന്ന

മൃത്യുവും പൊട്ടിക്കരഞ്ഞിരിക്കും.
ആ മഹാജീവിതം മാഞ്ഞനേരം
ഭൂമിയും സ്തംഭിച്ചുപോയിരിക്കും.
വിണ്ണിലെത്താരകളൊക്കെയും ക-
ണ്ണൊന്നിച്ചിറുക്കിയടച്ചിരിക്കും.
അക്കാഴ്ച കാൺകെച്ചരാചരങ്ങ-
ളൊക്കെയും ഞെട്ടിത്തെറിച്ചിരിക്കും.

[ 14 ]

കായായിത്തീരാൻ തുടങ്ങിയപ്പോൾ-
പ്പോയല്ലോ, പോയല്ലോ, പുഷ്പമേ, നീ!
'നാളത്തെ'യോമൽ 'പ്രഭാത'വുമായ്
നാകത്തിൽ നീ പോയൊളിച്ചുവല്ലോ!"

കാലവൈപരീത്യത്തെപ്പറ്റി 'ചിതറിയ ചിന്തകൾ' എന്ന തലക്കെട്ടിൽ രചിച്ചിട്ടുള്ള കൃതിയിലെ ഒരു ഭാഗമാണ് അടിയിൽ എടുത്തുചേർക്കുന്നത്.

ചൊല്ലുകെൻ കാലമേ , നീയെന്നെക്കാണിച്ച-

തെല്ലാമൊരു വെറും സ്വപ്നമാണോ?
തെല്ലിടയെന്തിനെൻ ചുറ്റു, മാ നേരിയ
മല്ലികാസൗരഭം വാരിവീശി?
വാനിലെപ്പൊന്മുകിൽത്തേരിലിരുന്നു ഞാൻ
വീണവായിക്കുകയായിരുന്നു;
താരാട്ടുംപാടി ഞാൻ താരാമണികളെ
ത്താലോലിച്ചീടുകയായിരുന്നു;
പ്രേമസുരഭിലചിന്തകൾകൊണ്ടു ഞാൻ
പൂമാല കെട്ടുകയായിരുന്നു;
കോമളസ്വപ്നങ്ങൾ കണ്ടുകണ്ടങ്ങനെ
കോൾമയിൽക്കൊള്ളുകയായിരുന്നു!-
എന്നെ നീയെന്തിനു നിർദ്ദയം വീണ്ടുമീ
മണ്ണിലേക്കേവമടിച്ചു വീഴ്ത്തി?
ഹന്ത! നീയിത്ര കഠിനമായ് ശിക്ഷിക്കാ-
നെന്തപരാധം ഞാൻ ചെയ്തതാവോ!

മതി 'സങ്കൽപകാന്തി' യുടെ സ്വരൂപമെന്തെന്നു മേലുദ്ധരിച്ച വരികളിൽ നിന്നു സ്പഷ്ടമാകും. ചമൽക്കാരജനകമായ ശബ്ദഘടനയാണ് കവിതയെങ്കിൽ ലയാനുവിദ്ധമായ ആശയസൗന്ദര്യാവിഷ്കാരമാണ് കിവതയെങ്കിൽ , വികാരപരിപൂർണ്ണമായ വിചാരവും വാക്കുമാണ് കവിതയെങ്കിൽ , അതുതന്നെയാണ് ചങ്ങമ്പുഴയുടെ കവിത. ആ ലക്ഷണങ്ങൾ പ്രസ്തുത കാവ്യത്തിൽ പ്രകൃഷ്ടമായുണ്ട്. ചങ്ങമ്പുഴയ്ക്ക് അനന്യസുലഭമായ പ്രതിഭയുണ്ടെന്നുള്ളത് അനിഷേധ്യമാണ്. നിരന്തരമായ അഭ്യാസം നിമിത്തം അത് അനുക്രമമായി വർദ്ധിച്ചിട്ടുണ്ടെന്നുള്ളതും നിസ്തർക്കമാണ്. പ്രോത്സാഹകമായിരിക്കണമെന്നുള്ള ഏകോദ്ദേശ്യത്തോടുകൂടി എഴുതുന്ന ഈ അവതാരികയിൽ മറ്റു കാര്യങ്ങളെപ്പറ്റി പ്രസ്താവിക്കുന്നില്ല. അടുത്ത പതിപ്പിന്റെ ആവശ്യം നേരിടുമ്പോൾ അദ്ദേഹം തന്നെ കൂടുതൽ വ്യുത്പത്തി സമ്പാദിച്ചു വേണ്ട സ്ഥലങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊള്ളും. ആകക്കൂടി നോക്കുമ്പോൾ അനുഗൃഹീതനായ ഈ യുവകവിവര്യനിൽനിന്നു ഭാവിയിൽ അനവധി മനോഹരങ്ങളായ കാവ്യങ്ങൾ ഭാഷയ്ക്കു ലഭിക്കുമെന്ന് നമുക്കു ന്യായമായി ആശിക്കാവുന്നതാണ്. പല കാരണങ്ങൾകൊണ്ടും എനിക്ക് ഏറ്റവും ഉത്തേജനാർഹനായിത്തോന്നീട്ടുള്ള ഈ വശ്യവചസ്സായ സരസ്വതീദാസനു സർവ്വമംഗളങ്ങളും സംജാതങ്ങളാകട്ടെ എന്നുള്ള പ്രാർത്ഥനയോടുകൂടി അവതാരികയെ ഉപസംഹരിച്ചുകൊള്ളുന്നു.

തിരുവനന്തപുരം 11-1-1942 ഉള്ളൂർ.എസ്.പരമേശ്വരയ്യർ

"https://ml.wikisource.org/w/index.php?title=സങ്കല്പകാന്തി/അവതാരിക&oldid=61525" എന്ന താളിൽനിന്ന് ശേഖരിച്ചത്