ശതമുഖരാമായണം/മൂന്നാം പാദം
←രണ്ടാം പാദം | ശതമുഖരാമായണം (കിളിപ്പാട്ട്) മൂന്നാംപാദം |
നാലാം പാദം→ |
[ 10 ]
പറകപറകഴകിനൊടു പുനരിനിയുമാശു നീ
പാപമെല്ലാമകലേപ്പോമതിനാലേ,
തരണികുലതിലകനുരുചരിതനഖിലേശ്വരൻ
താപവിനാശനൻ ദാനവനാശനൻ
ചരിതരസമമൃതസമമതിരുചിരുമുച്യതാം
ചാരുകളേബരേ!ശാരികപ്പൈതലേ.
തദനു കിളിമകളുമതികുതുകമൊടു ചൊല്ലിനാൾ
താരകബ്രഹ്മമാഹാത്മ്യമനുത്തമം.
കരികളഭകരസദൃശകരയുഗളശോഭയും
കാഠിന്യമേറുന്ന ദംഷ്ട്രാകരാളവും
തരുണരവികിരണരുചിസമരുചിരകാന്തിയും
താരകാകാരഹൃദയസരോജവും
കനകഗിരിശിഖരരുചിസമഗുരുകിരീടവും
കാലാനലാഭായ കാണായിതന്തികേ.
പവനതനയനെ നികടഭുവി ഝടിതി കണ്ടതി-
പാപി ശതാനനൻ വിസ്മയംതേടിനാൻ.
അനിലജനുമതുപൊഴുതു ശതമുഖനെ മുഷ്ടികൊ-
ണ്ടാഹന്ത താഡിച്ചിതൊന്നു വക്ഷസ്ഥലെ.
വ്യഥയൊടതുപൊഴുതു ശതമുഖനുമഥ മോഹിച്ചു
വീണിതു ബോധംമറന്നു വിവശനായ്.
അതികഠിനതരപതനപരവശതയാ സമ-
മൎദ്ധപ്രഹരമാത്രം കിടന്നീടിനാൻ.
വരബലമൊടതുപൊഴുതു ശതമുഖനുണർന്നുടൻ
വായുതനയനേ മാനിച്ചുവാഴ്ത്തിനാൻ.
പവനസുതനുരസി പുനസുരനുരുശൂലേന
ബാധിച്ചതേറ്റവനും വീണുമോഹിച്ചു.
പതിതമഥപവനസുതനമിതബലമീർഷയാ
പാദങ്ങൾകൊണ്ടു ചവിട്ടിനാൻ പിന്നെയും.
ശുഭചരിതനനിലസുതനമിതബലനാധിപൂ-
ണ്ടയ്യോ! ശിവ ശിവ! എന്നുമാൽ തേടിനാൻ.
"വാസുദേവായ ശാന്തായ രാമായ തേ
വാസവമുഖ്യവന്ദ്യായ നമോ നമഃ
പ്രദ്യുമ്നായാനിരുദ്ധായ ഭരതായ
ധന്വിനേ സംകർഷണായ രുദ്രായ തേ
ശ്രീലക്ഷ്മണായ മഹാത്മനെ സത്വായ
ശ്രീരാഘവായ ശത്രുഘ്‌നായ തേ നമഃ.
നിർമ്മലായാക്ലിഷ്ടകർമ്മണേ ബ്രഹ്മണേ
നിർമ്മമായാഖിലാധാരായ തേ നമഃ.
അച്യുതായാനന്ദരൂപായ രാമായ
സച്ചിൽസ്വരൂപായ സത്യായ തേ നമഃ."
മങ്ങാത ഭക്ത്യാ പരമപുരുഷനേ
മംഗലം ചൊല്ലി സ്തുതിച്ചുടൻധ്യാനിച്ചു
പാവനനാകിയ പാവനി തന്നുടെ
ഭാവനയാലേ തെളിഞ്ഞു വിളങ്ങിനാൻ.
വിസ്വാസഭക്ത്യാ ജയിച്ചു ശത്രുക്കളേ
വിശ്വംനിറഞ്ഞ രൂപേണ നിന്നീടിനാൻ.
ഇസ്തുതി ഭക്ത്യാ ജപിക്കുന്ന മർത്ത്യനു
ശത്രുനാശം ഭവിക്കും നഹി സംശയം.
പവനസുതമവനതമുഖാംബുജം കണ്ടുടൻ
ഭുവനപതി പൂർണ്ണസന്തുഷ്ട്യാ മരുവിനാൻ.
അഥ ഝടിതി ശതവദനനഖിലജഗദീശ്വര-
മാലോക്യ യുദ്ധാങ്കണസ്ഥിതം രാഘവം
നിജമനസി മുഹുരപിച വിസ്മയം കൈക്കൊണ്ടു
നിന്നോരസുരനെക്കണ്ടു രഘൂത്തമൻ.
സമരരസവിവശതരഹൃദയമൊടനന്തരം
സൌമിത്രിയോടു തൻ വില്ലുവാങ്ങീടിനാൻ.
കരകമലധൃതവിശിഖചാപനാം രാഘവം
കണ്ടതിക്രോധം മുഴുത്തോരു ദാനവൻ
കലിതബഹുകലഹരസമകതളിരിൽ വാച്ചോരു
കാലകേയാവലിയോടും ശതാനനൻ
ജ്വലദനലതുലിതശതവദനസഹിതം മുദാ
ജ്യാനാദവും സിംഹനാദവും ചെയ്തുടൻ
പരമപുരുഷനൊടു രണമഴകൊടു തുടങ്ങിനാൻ
പർവ്വതതുല്യശരീരി ശതാനനൻ.
ദശവദനസഹജനരുണജനൊടു സമം തദാ
ദാനവനോടു കലഹം തുടങ്ങിനാൻ.
വലിയ ശിലകളുമചലജാലം തരുക്കളും
ബാണങ്ങളും വരിഷിച്ചാൻ ബഹുവിധം.
അവയുമവനമിതശരമെയ്തു ഖണ്ഡിച്ചടു-
ത്തന്യോന്യമുഷ്ടിയുദ്ധം തുടങ്ങീടിനാൻ.
തദനു ദശവദനസഹജനുമരുണപുത്രനും
ദാനവപാദപ്രഹരസംബാധയാ
ലവണജലനിധിനടുവിലചലവരമൂൎദ്ധനി
ലങ്കാപുരദ്വാരിചെന്നു വീണീടിനാർ
ദനുതനയചരണപരിപതനപരിപീഡയാ
ദേഹം നുറുങ്ങിപ്പതിച്ചാരിരുവരും.
സപദി പവനജനുമതറിഞ്ഞു ബാലം നിജം
സാഹസത്തോടു നീട്ടിക്കൊടുത്തീടിനാൻ.
അജിതനഥ ജിതപവനനനിലസുതനാദരാ-
ലാജ്യമദ്യേക്ഷുലവണാംബുധികളും
ഗിരിഗഹനനഗനഗരനദനദികൾ ചേൎന്നെഴും
ക്രൌഞ്ചകുശപ്ലക്ഷജംബുദ്വീപങ്ങളും
ഘനഘടിതപവനലഘുമാൎഗ്ഗേണ നീണ്ടവാൽ
കണ്ടു കപീന്ദ്രനും കൌണപവീരനും
ബഹുമതിയോടതികുതുകഹൃദയമൊടുഭൌ തദാ
ബാലമവലംബ്യ തത്ര ചെന്നീടിനാർ
വനജദളനയനപദകമലയുഗളം മുദാ
വന്ദിച്ചു വിസ്മയംപൂണ്ടു നിന്നീടിനാർ.
പ്ലവഗകുലപതികളതുപൊഴുതു കലഹാശയാ
പേൎത്തും ശിലാശൈലവൃക്ഷങ്ങൾ തൂകിനാർ.
കരബലമോടഥ ദനുജകുലപതി ശതാനനൻ
ഖണ്ഡിച്ചതൊക്കെക്കളഞ്ഞു ശരങ്ങളാൽ.
തദനു ദനുസുതനതനുതനു നിജശരങ്ങളാൽ
താപം വളൎത്തിനാൻ വാനരൌഘത്തെയും.
അമരപതിസുതതനയനംഗദൻ നീലനും
അശ്വിനീപുത്രരാം മൈന്ദൻ വിവിദനും
അജതനയനളകുമുദവിനതപനസാദിയും
ആശുഗവേഗം കലരും പ്രമാഥിയും
സുമുഖദധിമുഖവൃഷഭവികടശതബലികളും
ദുർമ്മുഖനും വേദദർശിയും രംഭനും
ശിഖരിവരഗുരുതരശരീരികളായെഴും
ശ്വേതനും കേസരി താരൻ സുഷേണനും
അധികതരബലസഹിതകപികളിടരോടു പാ-
ഞ്ഞങ്ങുമിങ്ങും പതിച്ചീടിനാരേവരും.
അസുരകുലപതിചരണപരിപതനഭീതികൊ-
ണ്ടാരുമെതിരിടുന്നീല യുദ്ധാങ്കണേ.
സമരഭുവി ശരനികരവരിഷമോടണഞ്ഞിതു
ശത്രുഘ്‌നലക്ഷ്മണന്മാരും ഭരതനും.
കലഹരസമതികളഥ കലിതരുചി പോയിതു
കാലാലയം പ്രതി കാലകേയന്മാരും.
പൊരുതുപൊരുതസുരകളുമമരഭുവി മേവിനാർ
പോയിതു മാസചതുഷ്ടയമിങ്ങനെ.
ദിവസമനുപൊരുതു രഘുപതിസഹജരേവരും
ദീനതപൂണ്ടു പരിശ്രമം തേടിനാർ.
നിജസഹജരമിതപരവശതയൊടു വീഴ്‌കയാൽ
നീലോല്പലദളലോചനൻ രാഘവൻ
പവനതനയനെ മനസി പാരം പ്രശംസിച്ചു
ഭാവിച്ചു യുദ്ധത്തിനാശു നിന്നീടിനാൻ.
കരകമലധൃതശരശരാസനം രാഘവം
കണ്ടു ലോകങ്ങളും വിസ്മയംപൂണ്ടുതേ.
നിയുതശശിരവിദഹനരുചിരരുചിപൂണ്ടെഴും
നിൎമ്മലതാരകബ്രഹ്മരൂപൻ പരം
സമരചതുരതയൊടസുരാധിപൻതന്നോടു
സായകപങ്‌ക്തി തൂകീടിനാൻ മേൽക്കുമേൽ.
ദനുജവരതനുഗളിതരുധിരകണപാതേന
ദാനവസംഘമസംഖ്യമുണ്ടായ്‌വന്നു.
അവരോടതികഠിനതരമതിനിശിതബാണങ്ങ-
ളറ്റമില്ലാതോളമെയ്തു രഘുവരൻ[1]
പുനരപിചപുനരപിച ദനുജസമുദായേന
പൂൎണ്ണമായ്‌വന്നു ഭുവനമെല്ലാടവും.
അഥ ഝടിതി ദശരഥനൃപാത്മജന്മാരുമി-
ങ്ങത്രയുണ്ടായിതസുരരോളം തദാ.
പവനതനയനുമമിതയോഗമായാബലം
പശ്യ ശതമുഖന്മാരെയൊടുക്കിനാൻ.
ശതവദനഗണവുമുരുരഘുപതികദംബവും
ശത്രുഭാവേന യുദ്ധംചെയ്തിതേറ്റവും.
ശതവദനരുധിരഗണജാതദൈത്യൗഘവും
ശക്തിയോടേ പൊരുതീടിനാർ പിന്നെയും
തിഭുവനവുമസുരവരമയമഖിലമെന്തിദം
ധീരതയോടൊടുക്കാവതുമെങ്ങനെ?
കമലഭവമധുമഥനപശുപതിമുഖാസ്ത്രങ്ങൾ
കാകുൽസ്ഥനും പ്രയോഗിച്ചാൻ ബഹുവിധം.
അതിനവനുമവയവ കളഞ്ഞു മാറ്റങ്ങളാ-
ലത്ഭുതമായ്‌വന്നിതായോധനോത്സവം.
പവനസുതനമിതബലവേഗേന സംഗരേ
പാദഹസ്തപ്രഹാരേണ കൊന്നീടിനാൻ.
ഭരതനതുപൊഴുതിലനുജന്മാരുമായ്‌വന്നു
പാരവശ്യംതീൎന്നു യുദ്ധം തുടങ്ങീടിനാൻ.
നരപതിയുമസുരകുലപതിയുമതിരോഷേണ
നന്നായ്പൊരുതാരൊരുഭേദമെന്നിയെ.
നിഖിലനിശിചരശമനകരനഖിലനായകൻ
നിന്നു പരിശ്രാന്തനായ് സമരാങ്കണേ
കമലദലനയനനഥ ജനകമകൾതന്നുടെ
കൈയിൽകൊടുത്തിതു കാർമ്മുകവും തദാ.
മിഥിലനൃപസുതയുമഥവാങ്ങിനാൾ ചാപവും
മെന്മതകും ബാണജാലവും തൂണിയും.
നിജരമണനികടഭുവി ജനകസുതയും തദാ
നിന്നു ജയലക്ഷ്മിയെന്നപോലെ മുദാ.
രഘുപതിയുമതുപൊഴുതു മൃദുഹസിതപൂൎവ്വകം
രമ്യാംഗിമാനസംകണ്ടരുളിചെയ്തു.
"ദശവദനമതിചതുരമുരുഭയദസംഗരേ
ദണ്ഡമൊഴിഞ്ഞു ഞാൻ കൊന്നേൻ പ്രിയതമേ;
വിബുധപതിജിതമരിയദശമുഖതനൂജനേ
വീരനാം സൌമിത്രി കൊന്നു ജിതശ്രമം.
മധുത നയമമിതബലമപി ലവണനെത്തഥാ
മാനിയാം ശത്രുഘ്‌നനും വധിച്ചീടിനാൻ.
ഗഗനചരപരിവൃഢരൊടധിരണമനന്തരം
ഗന്ധൎവ്വവീരരെക്കൊന്നു ഭരതനും.
ശതവദനനിവനവരിലധികബലനാകയാൽ
ശാരദാംഭോജവക്ത്രേ!വധിച്ചീടു നീ!
നിഹതനിവനിഹ സമരഭുവി ഭവതിയാലതു
നിശ്ചയം;-യുദ്ധം തുടങ്ങു നീ വല്ലഭേ!"
ഇതിരമണമൃദുവചനനിശമനദശാന്തരെ
ഈശ്വരി രോഷേണയുദ്ധം തുടങ്ങിനാൾ.
ശതമുഖനുമഥമിഥിലനൃപസുതയുമിങ്ങനേ
ശസ്ത്രാസ്ത്രജാലം വരിഷിച്ചതു നേരം
ജഗദഖിലമതിനിശിതതരശരശതങ്ങളാൽ
ചെമ്മേമറഞ്ഞിതു;ദിവ്യജനങ്ങളും
ഹര പരമശിവ ശിവ ഹരെതി നിന്നീടിനാ-
രാഹന്തഹന്ത കണ്ടീല നാമിങ്ങനെ.
ഒരു സമരമൊരുദശയിലൊരുദിശി വിചിത്രമി-
തോൎത്താൽ പുകഴ്‌ത്തരുതാൎക്കുമൊരിക്കലും.
വിബുധനരമുഖവിതതി വിവിധമിതി വാഴ്‌ത്തിയും
വിസ്മയപ്പെട്ടും വസിക്കും ദശാന്തരെ
മഹിഷനൊടു മഹിതതമമഹിതകുലനാശിനി
മായാഭഗവതി ചെയ്ത പോർപോലെയും
ദിവസകരസുതമുഖഹരിപ്രവരൌഘവും
ദിവ്യൻവിഭീഷണനും തൽബലൌഘവും
മനുജപരിവൃഢരുമതികുതുകമൊടു കണ്ടുള്ളിൽ
മാനിച്ചു വിസ്മയം കൈക്കൊണ്ടു മേവിനാർ.
ശരപരിഘപരശുപവിമുസലമുഖശസ്ത്രങ്ങൾ
ശക്തികൈക്കൊണ്ടു പരസ്പരം തുകിനാർ.
ശതവദനജനകനൃപദുഹിതൃശരജാലങ്ങൾ
ശങ്കാവിഹീനം മുറിച്ചു പരസ്പരം
കഠിനതരമിടികളിടരെഴുമടവു ഞാണൊലി
കാണികൾകേട്ടു മോഹിച്ച പതിക്കയും
ശതവദനനികടഭുവി രുധിരമയവൃഷ്ടിയും
ശർക്കരാവൃഷ്ടിയുമൽക്കാനിപാതവും
ദുരുപശമതുമുലതമസമരസമയേ തഥാ
ദുർന്നിമിത്തങ്ങൾ കാണായി പലതരം.
മിഥിലനൃപദുഹിതൃശരശകലിതശരീരനായ്
മൃത്യുപുരോന്മുഖനായ ശതാനനൻ
നിശിതതരവിശിഖശതമാശുവിട്ടീടിനാൻ
നീലോല്പലാക്ഷിതൻ നെറ്റിത്തടാന്തരെ.
പവനസമജവമൊടുടനതുലവിശിഖംവന്നു
ഫാലദേശേകൊണ്ടു രക്തഭിഷിക്തയയ്
ദശവദനരിപുമഹിഷി മുഹുരസഹരോഷേണ
ചേതസി ചിന്തിച്ചുറപ്പിച്ചിതാദരാൽ.
"അയുതശതനവമിഹിരസമരുചികലർന്നെഴു-
മാനന്ദവിഗ്രഹമത്ഭുവിക്രമം
തരണികുലഭവമഭവമഭയദമനാമയം
താപത്രയാപഹം സച്ചിൽസ്വരൂപിണം
ദശവദനകുലവിപിനദഹനമഖിലേശ്വരം
ദേവദേവം വിഭും കുംഭകർണ്ണാന്തകം -
സലിലനിധിതരണകരചതുരമസുരാന്തകം
സായകകോദണ്ഡദോർദണ്ഡമണ്ഡിതം
ഖരശമനകരമമലമതുലബലമവ്യയം
കാരണപൂരുഷം കാമദാനപ്രിയം
മൃതിസമയഭയഹരണനിപുണചരണാംബുജം
മൃത്യുമൃത്യും പരം മർത്ത്യരൂപം ഭജെ."
തപനകുലശുചികരസുചരിതമതികോമളം
താരകബ്രഹ്മസംജ്ഞം രാമനാമകം
നിജഹൃദയകമലഭുവി നിരുപമമുറപ്പിച്ചു
നിർമ്മലം പഞ്ചവാരം ജപിച്ചീടിനാൾ.
ഒരുപുരുഷനിതു സപദി കനിവൊടു ജപിക്കിലു-
മുണ്ടാമവന്നഭീഷ്ടപ്രാപ്തി നിർണ്ണയം.
ഹരനമലനമൃതമയനംബികാവല്ലഭ-
നൻപോടു താരകബ്രഹ്മം ജപിക്കയാൽ
അസുരസുരഭയദമലമമൃതമഥനോത്ഭവം
ഹാലഹലാഹാരമാശുചെയ്തീടിനാൻ.
കരുണയോടുമിതു ചെവിയിലലിവൊടുപദേശിച്ചു
കാശ്യാം മരിപ്പവൻ മുക്തി സാധിക്കുന്നു.
വരബലമൊടമിതരുചിരാമജപത്തിനാൽ
വാല്‌മീകിയും കവിശ്രേഷ്ഠനായീടിനാൻ.
രഘുതിലകചരണയുഗമകതളിരാലോൎത്തുടൻ
രാമമന്ത്രം ജപിക്കിൽ സാധ്യമൊക്കെയും.
അഖിലമഭിമതമിതുജപിക്കിൽ വന്നീടുമെ-
ന്നാത്മനാ ചിന്തിച്ചുറച്ചു വൈദേഹിയും
"സകലയുവതികളിലഹമിഹ യദി സതീ മമ
സത്യസന്ധൻ ഭുവി ഭൎത്താവുമെങ്കിലോ
ശതമുഖനെ വിരവോടു വധിക്ക നീ"യെന്നോരു
ശസ്ത്രംതൊടുത്തു വലിച്ചുവിട്ടീടിനാൾ.
അയുതരവികിരണരുചിതടവിന ശരം ദ്രുത-
മാഹന്തകൊണ്ടു വീണു ശതവക്‌ത്രനും.
കമലമകളതുപൊഴുതു നിജപതിപുരോഭുവി
കാളരാത്രീവ നിന്നീടിനാളശ്രമം.
ലവണജലനിധി കലശകൎണ്ണ[2]പാതേയഥാ
ലാഘവംകൈക്കൊണ്ടുപോങ്ങീ പുരാ; തഥാ
ദധിജലധി ശതവദനപതനസമയേ ചെന്നു
ദേവലോകത്തു വൃത്താന്തമറിയിച്ചു.
യുവതികളൊടമിതസുഖമദിതിതനയൌഘവു-
മുണ്ടായസന്തോഷവിസ്മയം ചൊല്ലിനാർ.
വിബുധതരുവരകുസുമവൃഷ്ടിയും ചെയ്തിതു
വിദ്യാധരാദികൾത്യാദരാത്മനാ;
മനുജപരിവൃഢ ജനകദുഹിതൃമരുദാത്മജ-
ന്മാരുടേ മൂൎദ്ധനി സാദ്ധ്യസിദ്ധാ മുദാ.
ശതവദനശമനവചനേന ചാപാസ്ത്രങ്ങൾ
ദേവി സൌമിത്രികൈയിൽ കൊടുത്തീടിനാൾ.
ദശവദനസഹജസമരജനിചരവൃന്ദവും
ദേവേന്ദ്രപുത്രാനുജാദികപികളും
അതിവിനയമൊടുഭരതനവരജന്മാരുമാ-
യാനന്ദരൂപിണിത്തൊഴുതീടിനാർ.
മുഹുരപിച മുഹുരപിച പരമഹൎഷംപൂണ്ടു
മൂലപ്രകൃതിയേ വന്ദിച്ചതേവരും.
രഘുപതിയുമതികുതുകമൊടു ഝടിതി നല്‌കിനാൻ
രത്നമയം നിജഹാരം മനോഹരം.
ക്ഷണസമയമകമലരിൽ വിരവൊടു വിചാൎയ്യ തൽ
ക്ഷീരരത്നാകരകന്യകയും മുദാ
നിജരമണവദനസരസിരുഹവുമനന്തരം
നിൎമ്മലഹാരവും മാരുതിവക്‌ത്രവും
ഉടമയൊടുമുടനുനുടനെയിടകലരെ നോക്കിനാ-
ളുള്ളമറിഞ്ഞിതു രാഘവദേവനും.
"വിമലതരശശിമുഖി! തവാന്തൎഗ്ഗതത്തിന്നു
വിഘ്നംവരുത്തുവാനാരുമില്ലത്ര കേൾ.
തവഹൃദയനിഹിതമിഹ കുരുകരു യഥേപ്സിതം
തൽകാൎയ്യമീപ്രപഞ്ചത്തിന്നു സമ്മതം."
പതിവചനനിശമനദശാന്തരേ സീതയും
ഭർത്താവിനോടു ചിരിച്ചരുളിച്ചെയ്തു.
"ഇതിനനിലതനയനിവനേകവീരൻ ദൃഢ-
മിന്നുയോഗ്യൻ പുനരെന്നെന്നുടേ മതം."
സുദൃഢമിതി തപനകുലപതിയുമുരചെയ്തിതു;
സുന്ദരിയും ഹനുമാനു നല്‌കീടിനാൾ.
ബഹുമതിയൊടതിവിനയമടിമലരിൽവീണവൻ
വന്ദിച്ചുനിന്നു തൊഴുതുവാങ്ങീടിനാൻ.
അരുണശതരുചിയൊടനിലജനതുധരിച്ചുചെ-
ന്നാനന്ദമൂൎത്തിയേ വീണുവണങ്ങിനാൻ.
വരദനജനമൃതമയനാനന്ദവായ്പാൎന്നു
വാത്സല്യമുൾകൊണ്ടു വക്ഷസി ചേൎത്തുറൻ
"വരിക കപികുലതിലക!വായുസൂനോ!ഭവാൻ;
ബ്രഹ്മപദംതന്നെ തന്നേൻ നിനക്കു ഞാൻ.
ബഹുസമയമിഹതപസി കൃതരസമിരുന്നുടൻ
ബ്രഹ്മത്വവും ഭവിച്ചീടും ഭവാനെടോ.
പരനമലനമൃതമയനാദിനാരായണൻ
പണ്ടുധാതാവിനിബ്ഭൂഷണം നൽകിനാൻ.
കമലഭുവനഥ കനിവൊടിക്ഷ്വാകുഭൂപനും
കാരുണ്യമോടു കൊടുത്താനിതു പുരാ
പരമരുചിതടവിനൊരു ദിവ്യവിഭൂഷണം
പട്ടാഭിഷേകസമയേ നൃപകുലം
സകലഗുണമിയലുവതിനവരവർ ധരിച്ചിതു
സാകേതരാജ്യാധിപത്യപ്രസിദ്ധയേ.
സഗരരഘുമുഖമനുകുലോത്ഭവന്മാൎക്കിതു
സാൎവ്വഭൌമത്വമുണ്ടാക്കിച്ചമച്ചിതു.
സതതഗതിതനയ!കപികുലതിലക!സർവദാ
സാദരം നീ ധരിച്ചീടുക കന്ധരേ.
വരദനഹമറിക തവ ഹിതകരനനാരതം
വായുസുത! മമ നാമം ജപിക്കനീ".
മനുജവരമനുജയുതമനുപമമനുത്തമം
മാരുതിയും നമസ്കൃത്യ സീതാജ്‌ഞയാ
കനകഗിരിനിഭരുചികലൎന്നഭീഷ്ടാപ്തയേ
കണ്ഠേ ധരിച്ചിതു ഹാരം മനോഹരം.
മുനിതിലകനമരവരചരിതമമൃതോപമം
മോദാൽ ശതാനന്ദനോടരുളിച്ചെയ്തു.
രജനിചരകുലവിപിനദഹനചരിതം മനോ-
രമ്യം മുദാ കേട്ടിരുന്നിതെല്ലാവരും.