താൾ:ശതമുഖരാമായണം.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മൂന്നാംപാദം. 17


ഹാലഹലാഹാരമാശുചെയ്തീടിനാൻ.
കരുണയോടുമിതു ചെവിയിലലിവൊടുപദേശിച്ചു
കാശ്യാം മരിപ്പവൻ മുക്തി സാധിക്കുന്നു.
വരബലമൊടമിതരുചിരാമജപത്തിനാൽ
വാല്‌മീകിയും കവിശ്രേഷ്ഠനായീടിനാൻ.
രഘുതിലകചരണയുഗമകതളിരാലോൎത്തുടൻ
രാമമന്ത്രം ജപിക്കിൽ സാധ്യമൊക്കെയും.
അഖിലമഭിമതമിതുജപിക്കിൽ വന്നീടുമെ-
ന്നാത്മനാ ചിന്തിച്ചുറച്ചു വൈദേഹിയും
"സകലയുവതികളിലഹമിഹ യദി സതീ മമ
സത്യസന്ധൻ ഭുവി ഭൎത്താവുമെങ്കിലോ
ശതമുഖനെ വിരവോടു വധിക്ക നീ"യെന്നോരു
ശസ്ത്രംതൊടുത്തു വലിച്ചുവിട്ടീടിനാൾ.
 അയുതരവികിരണരുചിതടവിന ശരം ദ്രുത-
മാഹന്തകൊണ്ടു വീണു ശതവക്‌ത്രനും.
കമലമകളതുപൊഴുതു നിജപതിപുരോഭുവി
കാളരാത്രീവ നിന്നീടിനാളശ്രമം.
ലവണജലനിധി കലശകൎണ്ണ[1]പാതേയഥാ
ലാഘവംകൈക്കൊണ്ടുപോങ്ങീ പുരാ; തഥാ
ദധിജലധി ശതവദനപതനസമയേ ചെന്നു
ദേവലോകത്തു വൃത്താന്തമറിയിച്ചു.
യുവതികളൊടമിതസുഖമദിതിതനയൌഘവു-
മുണ്ടായസന്തോഷവിസ്മയം ചൊല്ലിനാർ.
വിബുധതരുവരകുസുമവൃഷ്ടിയും ചെയ്തിതു
വിദ്യാധരാദികൾത്യാദരാത്മനാ;
മനുജപരിവൃഢ ജനകദുഹിതൃമരുദാത്മജ-
ന്മാരുടേ മൂൎദ്ധനി സാദ്ധ്യസിദ്ധാ മുദാ.
ശതവദനശമനവചനേന ചാപാസ്ത്രങ്ങൾ
ദേവി സൌമിത്രികൈയിൽ കൊടുത്തീടിനാൾ.
ദശവദനസഹജസമരജനിചരവൃന്ദവും
ദേവേന്ദ്രപുത്രാനുജാദികപികളും
അതിവിനയമൊടുഭരതനവരജന്മാരുമാ-
യാനന്ദരൂപിണിത്തൊഴുതീടിനാർ.


  1. കലശകൎണ്ണൻ = കുംഭകൎണ്ണൻ
"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/17&oldid=174375" എന്ന താളിൽനിന്ന് ശേഖരിച്ചത്