ശതമുഖരാമായണം/രണ്ടാം പാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശതമുഖരാമായണം (കിളിപ്പാട്ട്)
രണ്ടാം‌പാദം
[ 3 ]
രണ്ടാം‌പാദം

 ഇത്ഥം കിളിമകൾ ചൊന്നതു കേട്ടുടൻ
ചിത്തംതെളിഞ്ഞു ചോദിച്ചിതു പിന്നെയും.
ദാശരഥിചരിതം പാപനാശന-
മാശുചൊല്ലീടിനിയും കഥാശേഷവും.
എന്നതുകേട്ടു പറഞ്ഞു കിളിമകൾ.
മന്നവൻതന്നോടഗസ്ത്യനരുൾചെയ്തു.
 "രാജരാജേന്ദ്ര! രാജീവവിലോചന!
രാജപ്രവര! രജനീചരാന്തക!
കേട്ടുകൊണ്ടാലും യഥാവൃത്തമെങ്കിലോ
കേട്ടാലതീവഭയാനകം കേവലം.
ആശ്ചൎയ്യരൂപശീലംപൂണ്ട പത്നിമാർ
കാശ്യപനുണ്ടു പതിമ്മൂന്നുപേരെടോ.
എന്നവരിൽ ദനുവാമവൾ പെറ്റുട-
നുന്നതനായ ശതാനനനുണ്ടായി.
രക്തമൃതുകാലദുഷ്ടമതിനോടു
യുക്തനായ് മാതൃദോഷേണ പിറന്നവൻ
ഘോരമാമാസുരഭാവം പരിഗ്രഹി-
ച്ചാരാലുമേ ജയിക്കാനരുതാതൊരു
ശൌൎയ്യംധരിച്ചു വളൎന്നവനെത്രയും
ധൈൎയ്യംഭജിച്ചു തപസ്സുതുടങ്ങിനാൻ.

[ 4 ]

ഘോരമായ്ച്ചെയ്ത തപോബലംകൊണ്ടവൻ
സാരസസംഭവനെപ്രസാദിപ്പിച്ചു -
വേണ്ടുംവരങ്ങൾ വരിച്ചാൻ മഹാഭയം
പൂണ്ടു ജഗദ്വാസികളതുകാരണം.
 കാലകേയാദ്യസുരപ്പടയോടുമ -
ക്കാലമസുരവരപരിസേവിതൻ
ത്രൈലോക്യവും പരിപാലിച്ചു; ദേവക-
ളാലോക്യ ഭീതികലൎന്നോളിച്ചീടിനാർ.
നൂറായിരം യോജനവഴിനീളമു-
ണ്ടേറെയില്ലേതുമേവണ്ണമതിലെടോ!
ചൂടുംകുസുമസമാനമുഡുഗണം;
ചൂടുമവനില്ല ശീതവുമില്ലല്ലോ.
കുണ്ഡലദ്വന്ദ്വസമാനം രവിശശി-
മണ്ഡലദ്വന്ദ്വമവനു മഹാമതേ!
കാശീപുരവാസിനം പരമേശ്വര-
മാശയേ ചിന്തിച്ചുറപ്പിച്ചു പൂജിച്ചു.
തൽ‌പ്രസാദത്താലവന്നമരത്വവു-
മപ്പോളനുഗ്രഹിച്ചു പരമേശ്വരൻ.
നിൎഭയനായവൻ നീളേ നടന്നോരോ
സൽ‌പ്രജാധ്വംസനംചെയ്യുന്നിതിന്നിപ്പോൾ
മായാപുരിയിൽ‌വാഴുന്നിതവൻ മഹാ-
മായാവിതാനവനെന്നുമറിക നീ.
കാലേയവനെ വധിച്ചു ലോകത്രയം
പാലനംചെയ്തു ഭവാനിനിവൈകാതേ."
 ഇത്ഥമഗസ്ത്യസുഭാഷിതം കേട്ടു കാ-
കുൽസ്ഥനുമുള്ളിൽ വിചാരംതുടങ്ങിനാൻ.
മന്ത്രികളോടുമവരജന്മാരോടും
ചിന്തിച്ചുറച്ചു കല്പിച്ചു രഘൂത്തമൻ.
പിന്നെയും കുംഭോത്ഭവനോടു ചോദിച്ചു
മന്നവൻ മന്ദസ്മിതംചെയ്തു സാദരം.
"ഞാനവനെക്കൊലചെയ്യുന്നതെങ്ങനേ
ദീനദയാനിധെ! തത്വമരുൾചെയ്ക,
ദാനവവീരൻ മഹാബലവാൻ തുലോം;
മാനവന്മാർ ഞങ്ങൾ ദുർബലന്മാരല്ലോ."

[ 5 ]

 എന്നതുകേട്ടരുൾചെയ്തു മഹാമുനി
മന്ദഹാസംപൂണ്ടു: "നന്നുനന്നെത്രയും
രാമ! രഘുപതെ! രാജശിഖാമണെ!
കാമപ്രദ! പ്രഭോ! കാമദേവോപമ!
എങ്ങുമേ ചെല്ലരുതായ്കയുമില്ല ലോ-
കങ്ങളിൽ നിന്നുടേ ശസ്ത്രത്തിനോൎക്ക നീ.
വധ്യൻ ഭവാനാലവനെന്നു നിർണയം;
യുദ്ധം തുടങ്ങിായലും ഭവാൻ വൈകാതെ."
 ഇത്ഥമഗസ്ത്യമുനിതൻമൊഴികേട്ടു
ശത്രുഘ്‌നനോടും ഭരതനോടും നിജ-
സൌമിത്രിയൊടു മരുൾചെയ്തിതാദരാൽ
സൌമുഖ്യമോടു മന്ദസ്‌മിതപൂൎവ്വകം.
"സൌമിത്രിയും ഞാനുമായ്ദ്ദശകണ്ഠനെ-
സ്സാമൎത്ഥ്യമോടു വധിച്ചു രണാങ്കണേ.
ശത്രുഘ്‌നനും ലവണാസുരനെക്കൊന്നു
പൃത്ഥീതലേ നിജകീൎത്തിപരത്തിനാൻ.
ഗന്ധൎവസംഘംജയിച്ചു ഭരതനു
മന്തമില്ലാതുള്ള കീൎത്തി ലഭിച്ചിതു.
ശക്തനാകുന്നതാരിന്നു ശതാസ്യനേ
നിഗ്രഹിപ്പാനെന്നു ചിന്തിപ്പിനേവരും.
ലങ്കാപുരേ ലഘുമാൎഗ്ഗേണ സാഗരം
ലംഘനംചെയ്തു ചെന്നാശു ദശാസ്യനേ
നിഗ്രഹിച്ചു പണിപ്പെട്ടിനിയെങ്ങനേ
നിഗ്രഹിക്കുന്നു ശതാസ്യനേ വൈകാതെ?
നാലുസമുദ്രങ്ങളും മഹാദ്വീപങ്ങൾ-
നാലും കടക്കുന്നതെങ്ങനേ ചൊല്ലുവിൻ"
 പിന്നേ ഹനുമാനെ മന്ദംവിളിച്ചുടൻ
മന്നവർമന്നവനേവമരുൾചെയ്തു.
"അന്യജനങ്ങളാൽസാദ്ധ്യമല്ലിക്കാൎയ്യം
നിന്നാലൊഴിഞ്ഞെന്നറിക മഹാമതെ.
ഉത്സാഹമാശു കൈക്കൊൾക ശൌൎയ്യാംബുധേ!
സത്സംഗ്ഗസക്തനാം[1] ശാഖാമൃഗോത്തമ!"

[ 6 ]

ഉത്തമാംഗേന വഹിച്ചാനവൻ പുരു-
ഷോത്തമവാക്യം മുദാ ഭക്തിപൂൎവ്വകം.
രാക്ഷസകാലനാം മാരുതിയും മധു-
രാക്ഷരവാചാ തൊഴുതു ചൊല്ലീടിനാൻ.
"അൎണ്ണോജലോചന! ചൊല്‌വനുപായമൊ-
ന്നൎണ്ണവദ്വീപങ്ങളെക്കടന്നീടുവാൻ
ബാഹുജവീര! ഭവാനെഴുന്നള്ളുവാൻ
വാഹനമാകുന്നതുമടിയേനല്ലോ.
രാവണനിഗ്രഹത്തിന്നെഴുന്നള്ളുവാൻ
കേവലം വാഹനമായതു ഞാനല്ലോ.
വൻകടലൊക്കെക്കടന്നീടുവാൻ തവ
കിങ്കരനായടിയനുണ്ടതിദ്രതം.
ശങ്കാവിഹീനം കഴുത്തിൽകരേറുക
പങ്കജലോചന! പാൎക്കരുതൊട്ടുമേ!"
എന്നതുകേട്ടരുൾചെയ്തിതു രാഘവൻ
"എന്നുടെയാത്രയ്ക്കുപായമതുണ്ടല്ലോ
ഇക്ഷ്വാകുവംശജാതന്മാൎക്കു സേനയു-
മക്ഷേൗഹിണിയുണ്ടറുപത്തിമൂന്നെടോ.
വെള്ളംകണക്കെപ്പരന്നിരുപത്തൊന്നു-
വെള്ളം പടയുണ്ടു സുഗ്രീവവീരനും,
രക്ഷോബലവും വിഭീഷണവീരനും
ലക്ഷ്മണൻ‌താനും ഭരതനും തമ്പിയും
ലക്ഷ്മീസമാനയാം ജാനകീദേവിയും
ലക്ഷത്രയം മിഥിലാധിപസേനയും
എന്നോടു കൂടവേ പോരുമെല്ലാവരു-
മെന്നാലവരെക്കടത്തുന്നതെങ്ങനെ?"
 ഇംഗിതങ്ങൾ കവിപുംഗവനന്നേരം
മംഗലവാചാ തൊഴുതു ചൊല്ലീടിനാൻ.
എങ്ങനേയെന്നരുൾചെയ്യുന്നതെന്തിദ-
മിങ്ങടിയേനിരിക്കെജ്ജഗതീപതെ!
ഏരേഴുലോകവുമാശു ലോകാലോക-
ഭൂരിധരാധരത്തോടുമെടുത്തു ഞാൻ
കൊണ്ടുപോവാൻ തിരുവുള്ളമെന്നെക്കുറി-
ച്ചുണ്ടെങ്കിൽ, ലെന്തിതുചൊല്ലി വിഷാദിപ്പാൻ?

[ 7 ]

ചെന്നു ശാകദ്വിപവാസം ശതമുഖം
കൊന്നു വിരവിനോടിങ്ങെഴുന്നള്ളുക.
വന്നു മമ സ്കന്ധമേറുവിനേവരും;
മന്നവർമന്നവനായ മഹീപതേ!"
 ഇത്ഥം സദാഗതിപുത്രവാക്യംകേട്ടു
ചിത്തം തെളിഞ്ഞു കാകുൽസ്ഥൻതിരുവടി
മന്ദേതരം മഹാപ്രസ്ഥാനമാരഭ്യ
മന്ദസ്മിതംചെയ്തിവണ്ണമരുൾചെയ്തു.
"വീരരെ! നേരേ ഭയാകുലമെന്നിയേ
മാരുതിവീരനുപരി കരേറുവിൻ."
എന്നതുകേട്ടൊരു വമ്പടയൊക്കവേ
ചെന്നുടൻ മാരുതിപൃഷ്ഠമേറീടിനാർ -
ആനതേർ കാലാൾ കുതിരപ്പടയുമായ്
മാനവവീരരും വാനരവീരരും
മാനമേറീടുന്ന കൌണപവീരരും
മാനവശ്രേഷ്ഠസഹോദരവീരരും
ജാനകീദേവിയും ശ്രീരാമദേവനും
വാനരേന്ദ്രോപരി ചെന്നുകരേറിനാർ.
മെല്ലവേ പൊങ്ങിനാൻ മാരുതി വാരിധി -
കല്ലോലജാലങ്ങൾ കണ്ടുകണ്ടാദരാൽ
ക്ഷാരസമുദ്രവും ശൎക്കരയബ്‌ധിയും
ഘോരസുരാബ്‌ധിയുമാജ്യസമുദ്രവും
ജംബുദ്വീപം പ്ലക്ഷദ്വീപം കുശദ്വീപം
സംബാധിതക്രൌഞ്ചദ്വീപവുമെന്നിവ.
പിന്നീടുചെന്നു ശാകദ്വീപമുൾപുക്കു
നിന്നനേരം ദധിസാഗരവും കണ്ടു.
വന്നോരു വിസ്മയം പൂണ്ടു മഹാബല-
രന്യോന്യമാലാപവും ചെയ്തിതങ്ങനെ.
നന്നുനന്നഞ്ജനാനന്ദനനെന്നിദം
നന്ദിച്ചു വിശ്രമിച്ചീടിനാരേവരും.
 കണ്ടാൽ മനോഹരമായ മായാപുരം
കണ്ടു ശതാനനപാലിതമത്ഭുതം
നന്ദനംനിന്ദിക്കുമുദ്യാനദേശമാ-

[ 8 ]

നന്ദപ്രദം കാഞ്ചനദ്രുമശോഭിതം
ഉൾപ്പുക്കുനിന്നരുളീ രഘുപുംഗവ-
നത്ഭുതവിക്രമനച്യുതനദ്വയൻ
ചിൽപുരുഷൻ പുരുഷോത്തമനവ്യയൻ
സൽപുരുഷപ്രിയൻ കിൽബിഷനാശനൻ.
"കൂട്ടമൊരുമിച്ചുനില്പിനെല്ലാവരും
കോട്ടയഴിപ്പിൻ; കിടങ്ങുതൂൎത്തീടുവിൻ."
അൎക്കകുലോത്ഭവനാജ്ഞയാ വേഗമോ -
ടൎക്കജനാദിയാം വാനരവീരനും
രക്ഷോബലവും വിഭീഷണവീരനും
ഇക്ഷ്വാകുവംശപരിവൃഢസനയും
മായാപുരിമതിലും കിറ്റങ്ങും തക-
ൎത്തായോധനത്തിനടുത്തുചെന്നീടിനാർ.
തൽപുരിപാലകന്മാരായ സംഗ്രാമ
തൽപരന്മാർ മഹൽകാലകേയന്മാരും
ഹസ്തിരഥതുരഗങ്ങൾതോറും നിജ -
ഹസ്തേ പരമായുധങ്ങൾധരിച്ചുടൻ
വെട്ടുമിടികൾപോലേ ഭയമാംവണ്ണ -
മട്ടഹാസം ചെയ്തടുത്താരതിദ്രുതം.
ശസ്ത്രങ്ങളസ്ത്രങ്ങൾ നാരാചപങ്‌ക്തികൾ
മുൾത്തടി ശൂലം മുസലം ഗദകളും
ദണ്ഡങ്ങൾ വാളും ചുരിക കടുത്തില
ഭിണ്ഡിപാലങ്ങൾ പരിഘങ്ങളീട്ടികൾ
ശക്തിയും ചക്രവും വെണ്മഴുവീൎച്ചവാൾ
കൈക്കത്തിയും കന്നക്കത്തിയും ചോട്ടയും
കന്തം കുറിയവാൾ[2] ചന്തമേറും പീലി-
ക്കുന്തം ചവിളം ചരട്ടുകുന്തങ്ങളും
കൈകൊണ്ടടുത്തു തൂകിത്തുടങ്ങീടിനാ-
രുൾക്കരുത്തോടു രഘുനാഥസൈന്യവും.
വാനരന്മാരുടേ ഗൎജ്ജിതാഘോഷവും.
കൌണപവീരമഹാസിംഹനാദവും
വാരണവാജികൾനാദവിശേഷവും
കാരണപൂരുഷശംഖനിനാദവും

[ 9 ]

തേരുരുൾനാദവും ജ്യാനാദഘോഷവും
ഭേരീമൃദംഗാദിവാദ്യഘോഷങ്ങളും
എന്നിവറേറക്കൊണ്ടു മാറ്റൊലികൊൾകയാൽ
നന്നായ്‌വിറച്ചു തുടങ്ങി ജഗത്‌ത്രയം.
അന്യോന്യമേറ്റു പൊരുതുമരിച്ചിത-
ത്യുന്നതന്മാരായ വീരർ ബഹുവിധം.
 ഇങ്ങനേ രണ്ടുമാസം പൊരുതോരള-
വങ്ങറിഞ്ഞു ശതവക്ത്രൻ മഹാബലൻ
നൂറായിരം യോജനോന്നതമുള്ളവൻ
നൂറുതലയുമിരുനൂറുകൈയുമായ്
തന്നുടേ സേനാപതികളും സേനയും
സന്നമായ്‌വന്നതറിഞ്ഞു കോപിച്ചുടൻ
സന്നദ്ധനായ്‌പുറപ്പെട്ടുരണത്തിനായ്
സൈന്യസമേതമപേതഭയാകുലം.
ശങ്കരധ്യാനവും കൈവിട്ടു രോഷേണ
ശങ്കാവിഹീനം പൊരുതടുത്തീടിനാൻ.
ഉജ്ജ്വലിച്ചുള്ള ശസ്ത്രാസ്ത്രങ്ങൾ വർഷിച്ചു
വിജ്വരാത്മാ ചെന്നടുക്കും ദശാന്തരേ
വിസ്മിതനാകിയ രാഘവൻതന്നോടു
സസ്മിതം വായുതനയനും ചൊല്ലിനാൻ
"ചിന്തയുണ്ടാകൊലാ കാരുണ്യവാരിധേ
ചിന്തയാകുന്നതു കാൎയ്യവിനാശിനി
കിന്തയാ ചിന്തയാ യത്ത്വയാ ഹന്തവ്യ-
ന്നന്തരമില്ല ശതാനനൻ ഭൂപതേ!"
ഇത്ഥംപറഞ്ഞു നിജരൂപവും ധരി-
ച്ചസ്തഭീത്യാ രുഷാ സഞ്ചരിച്ചീടിനാൻ.
മധ്യാഹ്നമാൎത്താണ്ഡമണ്ഡലതുല്യമാം
വക്ത്രവും മേരുസമാനശരീരവും
കൈക്കൊണ്ടു ശോഭിച്ചു കാണായിതന്നേര-
മൎക്കാത്മജപ്രിയമൎക്കശിഷ്യോത്തമം.
 ഇത്ഥം പറഞ്ഞടങ്ങീ കിളിപ്പൈതലും;
ചിത്തമാനന്ദിച്ചിരുന്നിതു ഞങ്ങളും.

  1. സൽസംഘ സത്തമ എന്നു പാഠാന്തരം.
  2. കതിരവാൾ എന്നുപാഠാന്തരം.