Jump to content

ശതമുഖരാമായണം/നാലാം പാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശതമുഖരാമായണം (കിളിപ്പാട്ട്)
നാലാംപാദം


[ 19 ]

നാലാംപാദം

ശാരികപ്പൈതലേ നീ ജാനകീവിജയമി-
താരൂഢാനന്ദം പറഞ്ഞീടുക മടിയാതെ.
ശാരദാംഭോജനേത്രനാകിയ രാമചന്ദ്രൻ-
ചാരുശ്രീമയമായ ചരിതം ചൊല്ലീടുവൻ.
സാരസാസനസുതൻ വസിഷ്ഠതപോധനൻ
സാരസ്യവാചാ ശതാനന്ദനോടരുൾചെയ്തു.
രാജരാജേന്ദ്രം സീതാസംയുതം രാമചന്ദ്രം
രാജീവവിലോചനം രാവണാന്തകം വീരം
വാതനന്ദനഗളവാഹനസ്ഥിതം വരം
ഭ്രാതൃസേവിതം പരമാനന്ദമാത്മാമൃതം
ദാനവനായ ശതമുഖനേ വധംചെയ്തു

[ 20 ]

ജാനകിയോടുംകൂടെക്കണ്ടു ദേവാദികളും
അംഭോജാസനൻമുൻപായുള്ള താപസന്മാരു-
മംഭോജാക്ഷനെസ്തുതിച്ചീടിനാർ ഭക്തിയോടേ.
രാഘവാജ്‌ഞയാ പരിതാപവുമകന്നവ-
രാകുലം തീൎന്നു നിജമന്ദിരമകം‌പുക്കാർ.
 രാമനുമായോധേനേ മരിച്ച ജനങ്ങളേ
വാമനേത്രംകൊണ്ടു ജീവിപ്പിച്ചു യാഥാസുഖം
സുഗ്രീവവിഭീഷണന്മാരായിട്ടുള്ള
മൎക്കടപ്രവരരും രാക്ഷസവീരന്മാരും
ജാനകീദേവിതാനും സോദരവീരന്മാരും
മാനവശ്രേഷ്ഠൻ കൌസല്യാത്മജൻ രാമഭദ്രൻ
വാനരശ്രേഷ്ഠനായ വാഹനത്തിന്മേലേറി-
ക്കാനനഗിരിയുതദ്വീപസാഗരങ്ങളും
പിന്നിട്ടു മഹാമേരുതന്നുടേ പാൎശ്വത്തിങ്കൽ
വന്നുനിന്നരുളുമ്പോൾ വന്നോരുസന്തോഷത്താൽ
വിണ്ണവലെല്ലാവരും പൂജിച്ചു ഭക്തിയോടേ
പിന്നെക്കൈലാസമായ ശങ്കരലായം പുക്കു
താരകാധീശകലാശേഖരൻ മഹേശ്വരൻ
താരകബ്രഹ്മമായ രാമനാഥനെക്കണ്ടു
താരകാരാതിമുഖ്യപരിചാരകസമം
താരകാധീശമുഖിയായ പാൎവതിയോടും.
ഹാടകേശ്വരനായ പരമേശ്വരൻ ഭക്ത്യാ
താടകാരാതിതന്നെസ്സം‌പ്രാൎത്ഥിച്ചരുളിനാൻ
സ്ഫാടികമണിമയമന്ദിരം പ്രവേശിപ്പാൻ;
ഗാഢകൌതുകത്തോടുമന്നേരം രഘുനാഥൻ
മാരുതികഴുത്തിങ്കൽനിന്നവതാരംചെയ്തു
മാരസുന്ദരൻ മരുദാത്മജൻ കരതല-
മാലംബ്യ ക്ഷിതിതലന്തന്നിൽനിന്നരുളുമ്പോൾ
കാലം വൈകാതെ കൊണ്ടുചെന്നിതു സുഗ്രീവനും
മാണിക്യമയമായ പാദുകാദ്വിതയവും.
മാനിച്ചു പാദേ ചേൎത്തു മന്ദവിന്ന്യാസത്തോടും
ജാനകീദേവിയോടും സോദരന്മാരോടുമ-
ക്കൌണപകുലശ്രേഷഠനാം വിഭീഷണനോടും

[ 21 ]

നീലലോഹിതമണിമന്ദിരംപുക്കനേരം
ഫാലലോചനനായ ഭഗവാൻ പരമേശൻ
ബാലശീതാംശുമൌലി മന്മഥവിനാശനൻ
പ്രാലേയാചലസുതാവല്ലഭൻ പുരവൈരി
കാലാരി രാമാജ്ഞയാ സാനന്ദമരുൾചെയ്തു
കാലദേശാവസ്ഥാനുരൂപമാം വാക്കുകൊണ്ടേ.
"ഭക്തനാം നക്തഞ്ചരശ്രേഷ്ഠനും ബലൌഘവും
ശക്തനാം സുഗ്രീവനും വാനരവീരന്മാരും
നിൎമ്മലസുഗന്ധസൌഗന്ധികസരസ്തീരം
രമ്യമാം ചൈത്രരഥമാകുമുദ്യാനദേശം
എത്രയും വിമോഹനം; തത്ര വാഴുവിൻ നിങ്ങ-
ളത്യൎത്ഥമാത്മാനന്ദം സിദ്ധിക്കുമെല്ലാവനും.
ഇത്തരം മൃത്യുഞ്ജയവാക്കുകൾ കേട്ടനേര-
മുദ്യതാനന്ദം ദ്രുതമുദ്യാനമകംപുക്കാർ.
ഷൺമുഖൻ ഗജമുഖൻ നന്ദീശൻ ഘണ്ടാകൎണ്ണൻ
തന്മനോവല്ലഭയാം ഗൌരീയെന്നിവരോടും
ചന്ദ്രശേഖരൻ മഹാദേവനീശ്വരൺ വിഭു
കന്ദർപ്പവൈരി വിരിഞ്ചാദികളോടും ചെന്നു
തന്നുടേ മണിയറതന്നിൽ വാണിതു മോദാൽ.
മന്നവർമന്നൻ സൂൎയ്യവംശനായകൻ രാമൻ
രത്നസിംഹാസനത്തിനാമ്മാറുത്സംഗേ താൻ‌തൻ
പത്നിയെച്ചേൎത്തുപരമാനന്ദത്തോടു വാണാൻ.
ശ്രീവത്സോരസ്കം മണിമകുടവിരാജിതം
ശ്രിവാസുദേവം പുരുഷോത്തമം പുഷ്കരാക്ഷം
മാരുതികരസ്ഥിതദക്ഷിണപാദാംഭോജം
മാരസന്നിഭമതികോമളശ്യാമളാംഗം
ബാണതുണീരചാപപാണിനാ സൌമിത്രി
പ്രാണതുല്യേന പരിസേവിതം രഘുനാഥം
ഭരതശത്രുഘ്നബാഹുസ്ഥചാമരദ്വയ-
പരിശോഭിതം പരം പൂരുഷം പത്മനാഭം
അൎക്കജവിഭീഷണബാഹുപങ്കജഗ്രാഹ്യ-
മൌക്തികച്‌ഛത്രച്‌ഛായാരഞ്ജിതകളേബരം
താരകബ്രഹ്മമതിപ്രസന്നവക്ത്രാംഭോജം

[ 22 ]

താരേശകലാചൂഡനാകിയ പരമേശൻ
ഷോഡശാദ്യുപചാരപൂർവ്വകം പൂജിച്ചുട-
നൂഢകൗതുകം ധരിച്ചീടിനാൻ പാദോദകം
ഭക്തികൈക്കൊണ്ടു പാദതീർത്ഥമെത്രയും പുണ്യ-
മുത്തമാംഗേനേ ധരിച്ചഭിവാദ്യവും ചെയ്തു
ചിന്തിച്ചു പൂർവോക്തമാം ഭഗവദ്രൂപമീശ-
നന്തരാത്മനി പുനരറിഞ്ഞു ഭഗവാനും.
 അന്നേരം പ്രസാദിച്ചു ശങ്കരപ്രീത്യർത്ഥമായ്
തന്നുടേ വിശ്വരൂപം കാട്ടിനാൻ മുകുന്ദനും
അദ്രിനന്ദനയോടും നന്ദനന്മാരും വീര-
ഭദ്രനന്ദീശഘണ്ടാകർണ്ണാദിഭൂതങ്ങളും
ലക്ഷ്മണൻ ഭരതനും ശത്രുഘ്നൻ വിഭീഷണ-
നർക്കജൻ മരുൽസുതനിത്യാദി ഭക്തന്മാർക്കു
നിത്യാനുഗ്രഹത്തിനായ് രാഘവൻ തിരുവടി
തത്വകാരണമായ വിശ്വരൂപം കാട്ടിനാൻ
പർവതങ്ങളും ശിലാജാലവും വൃക്ഷങ്ങളു-
മൂർവിയും ദിക്കുകളും നക്ഷത്രഗണങ്ങളും
സപ്തദ്വീപങ്ങളോടു സപ്തസാഗരങ്ങളും
സപ്തലോകദ്വന്ദ്വവും സപ്തമാമുനികളും
പുണ്യാരണ്യങ്ങൾ മൃഗപക്ഷികൾ നാഗങ്ങളും
പുണ്യവീഥികളോടു രാജ്യങ്ങൾ ദേശങ്ങളും
ആകാശചാരികൾ ഗന്ധർവ്വയക്ഷാദികളും
പാകശാസനമുഖ്യന്മാരായ ദേവകളും
ആദിത്യന്മാരും ദുദ്രാദികളും വസുക്കളും
വേദാദിവിദ്യകളും താപസസമൂഹവും
പാഞ്ചരാത്രാദികളാമാഗമഭേദങ്ങളും
പാഞ്ചജന്യാദികളാം വാദിത്രഗണങ്ങളും
വൈനതേയാദികളും കാദ്രവേയാദികളും
മാനസാദികൾ സരോവരങ്ങൽ നദികളും
അഷ്ടാംഗയോഗങ്ങളുമഷ്ടൈശ്വര്യാദികളു-
മഷ്ടാംഗബ്രഹ്മചര്യാദികളാം വ്രതങ്ങളും
അഷ്ടരാഗങ്ങളോടുമധർമ്മാസത്വാദിയും
വൈഖാനസാദി മുനിവൃന്ദവും കർമ്മങ്ങളും

[ 23 ]

മേഘങ്ങൾ തടിനികൾ വജ്രങ്ങൾ ധൂമങ്ങളും
രാജസൂയാശ്വമേധാദിക്രതുഭേദങ്ങളും
വാജപേയാദികളും മനുക്കൾ പിതൃക്കളും
ഗായത്ര്യാദികളായ മന്ത്രങ്ങൾ തന്ത്രങ്ങളും
ആയുഷ്യാദികളുപവേദങ്ങളായുള്ളതും
നാരദാദികളാകും ദേവതാപസന്മാരും
വാരിജോല്പലതുളസ്യാദിയാം പുഷ്പങ്ങളും
ദാനങ്ങൾ തുലാപുരുഷാദികളായുള്ളതും
ഗാനങ്ങൾ ഭേരുണ്ഡസാമാദികളായുള്ളതും
അസ്ത്രങ്ങൾ സുദർശനാദികളായുള്ളവയും
ഉത്തമപ്രയാഗാദിയാം മഹാസ്ഥലങ്ങളും
ഉർവശീതിലോത്തമാമേനകാരംഭാദിയം
സ്വർവേശ്യാജനങ്ങളും പ്രാണാദിവായുക്കളും
ധാതാവും നാരായണമൂൎത്തിയും മഹേശനും
നാദബ്രഹ്മവും പ്രണവാദിമന്ത്രിധാരവും
വാണിയും ലക്ഷ്മീ ഗൌരി ലജ്ജയും കീൎത്തി ശ്രദ്ധ
ജാനകീ തുഷ്ടി പുഷ്ടി ബുദ്ധിയും മേധാ ധൃതി
മനിനീജനമരുന്ധത്യനസൂയാദിയും
രതിയും കന്ദൎപ്പനും ചന്ദ്രനും പാവകനു-
മൃതുജാലങ്ങൾ വസന്താദിയാം കാലങ്ങളും
മന്ദാൎക്കഗുരുശുക്രസൌമ്യാദിഗ്രഹങ്ങളും
ഉത്തമതപോധനനാകിയ മരീചിയു-
മത്രിയുമംഗിരസ്സും പുലസ്ത്യൻ പുലഹനും
ക്രതുവും ഭൃഗുതാനും ദക്ഷനും പത്നികളും
കാമധേന്വാദിപശുവൃന്ദവും തൃണാദിയും
യക്ഷരാക്ഷസഗന്ധൎവോരഗസിദ്ധന്മാരും
പക്ഷവത്സരകല്പപ്രഭൃതികാലങ്ങളും
ഭൂതവും ഭവിഷിത്തും വൎത്തമാനവും‌പിന്നെ
മാധവനുടെയവതാരമൂൎത്തികൾ ഭേദം
ഭരതസൌമിത്രിശത്രുഘ്‌നന്മാർ വിഭീഷണൻ
മരുദാത്മജനാദിത്യാത്മജൻ കപികളും
യാതൊന്നു ജഗതി കാണായതും കേൾക്കായതും

[ 24 ]

സ്തുതിച്ചും വീണു നമസ്കരിച്ചുമാത്മാനന്ദ-
മുദിച്ചും സമസ്തലോകോത്സവം കണ്ടുകണ്ടു
വിശ്വവും വിശ്വത്തിങ്കൽ വാഴുന്ന ജനങ്ങളും
നിശ്ശേഷമൊന്നായ്‌മരുവീടിന മഹദ്രൂപം
അനന്തകിരീടോദ്യന്മസ്തകം സൎവ്വേശ്വര-
മനന്തബാഹൂദരമനന്തവക്ത്രനേത്ര-
മനന്തായുധധരമനന്തപാദാംഭോജം
അനന്തമഹിമാനമപരിചേ്ഛദ്യം പൂർണ്ണം
ആദിത്യവൎണ്ണം തമസഃപരം പരാപരം
ആദിജ്യോതിഷം പരമാത്മാനം പരബ്രഹ്മം
അച്യുതമവാങ്‌മനോഗോചരം സർവേശ്വരം
സച്ചിദാനന്ദരൂപം സകലം സനാതനം
ചേതസി നിരൂപിക്കപ്പെട്ടതുമെന്നുവേണ്ടാ
വിശ്വമൊക്കവേ കാണായ്‌വന്നിതു ദിവ്യാത്മാവാം
വിശ്വരൂപത്തിങ്കൽ പ്രത്യക്ഷമായത്യത്ഭുതം.
 അവ്യക്തമനാദ്യന്തമവ്യയം വിശ്വരൂപം
ദിവ്യലോചനംകൊണ്ടു കണ്ടൊരു ജനമെല്ലാം
തൽ‌പ്രസാദത്താലതിഭക്തികൈക്കൊണ്ടു നിന്നു
ചിൽസ്വരൂപനേ നമസ്കരിച്ചാർ ഭയത്തോടും.
അച്‌ഛമദ്വയമേകമവ്യക്തമവ്യാകൃതം
നിശ്ചലാത്മനാ കണ്ടുനിന്ന ഭക്തന്മാരെല്ലാം
പരമേഷ്ടിയും പരമേശ്വരനാദികളും
പരമാനന്ദാർണ്ണവനിമഗ്നന്മാരായ്‌ത്തീർന്നു.
"നമസ്തേ ദേവദേവ!നമസ്തേ രാമരാമ!
നമസ്തേ ഹര! മഹാപൂരുഷ!നാരായണ!
നമസ്തേ ജരാമരണാപഹ രാമരാമ!
നമസ്തേ സീതാപതേ!രാവണാന്തക!പ്രഭോ!
നമസ്തേ കൌസല്യാനന്ദന രാഘവ!രാമ!
നമസ്തേ ദാശരഥേ!നമസ്തേ ഖരാരാതേ!
അണുവിലണിമാനായ് മഹതാം മഹിതനായ്
പ്രണാവാത്മകനായ ഭഗവാൻ ഭവാനല്ലോ.
സകലജന്തുക്കൾക്കുമാത്മാവായീടുന്നതും
പ്രകൃതിപരനായ്‌വാഴുന്നതും ഭവാനല്ലോ.

[ 25 ]

വിശ്വത്തിൻ‌നിധാനമാകുന്നതും ഭവാനല്ലോ
വിശ്വകർത്താവായതും വിശ്വഭർത്താവായതും
വിശ്വഹർത്താവായതും നിന്തിരുവടിയല്ലോ;
വിശ്വരൂപാത്മാരാമ! സന്തതം നമോസ്തുതെ!"
ലക്ഷ്മണകുമാരനും തൽക്ഷണം ഭക്തിയോടേ
ലക്ഷ്മീവല്ലഭൻതന്നേസ്തുതിച്ചുതുടങ്ങിനാൻ.
"ഇഷ്ടനെത്രയുമഹമെന്നുള്ളൊരജ്ഞാനം മേ
നഷ്ടമായ്തീർന്നു നരകാരേ നിർമ്മലമൂർത്തേ!
തുഷ്ടനായ്‌വന്നേനിപ്പോളിഷ്ടലാഭത്താലിഹ
സ്പഷ്ടമായ്ത്തവരൂപം കാണായ്‌വന്നതുമൂലം.
കർബുരൌഘാരെ!മമകില്ബിഷമകലുവാൻ
ദുർബോധമെല്ലാം നീക്കിത്വൽബോധമുദിക്കണം."
ഭരതകുമാരനും പരമപുരുഷനാം
പരമാത്മാവുതന്നേസ്തുതിച്ചുതുടങ്ങീടിനാൻ.
"കോമള! നീലോല്പലശ്യാമള! ദാശരഥേ!
രാമ! ജാനകീപതേ!പുണ്ഡരീകാക്ഷ!നാഥ!
രാക്ഷസാന്തകൻ ദയാവാരിധി സീതാപതി
മോക്ഷദനൊഴിഞ്ഞൊരുഗതിയില്ലെനിക്കാരും.
സാക്ഷാൽ ശ്രീനാരായണൻ പരിപാലിക്ക ജഗൽ-
സാക്ഷിണേ ഭഗവതേ രാമചന്ദ്രായ നമഃ."
ശത്രുഘ്നകുമാരനും ഭക്തികൈക്കൊണ്ടുപുരു-
ഷോത്തമൻതന്നെസ്തുതിച്ചീടിനാൻഭക്തിയോടെ:
"കോമളമിന്ദീവരശ്യാമളം രഘുനാഥം
കാമദം കാമോപമം കാമക്രോധാദിഹീനം
രാമം ജാനകീപരമാത്മാനമാത്മാരാമം
നാമജാപകജനിമൃത്യുനാശനം ഭജേ."
സുഗ്രീവനതുനേരം കൌസ്തുഭഗ്രീവം ചര-
ണാഗ്രേ വീണനുഗ്രഹസിദ്ധിക്കായ സ്തുതിചെയ്താൻ
"രാമ! രാഘവ! ജഗന്നായക! സീതാപതേ!
രാമചന്ദ്രാത്മാരാമ! ശ്രീരാമ! നമോസ്തുതെ."
പ്രേമവാൻ വിഭീഷണൻ നാരദസമന്വിതം
രാമഭദ്രനെസ്തുതിച്ചീടിനാനതുനേരം:
"ത്രൈലോക്യമെല്ലാം‌പരിപാലിച്ചു കൊൾവാനായേ

[ 26 ]

പൌലസ്ത്യനായ ദശകണ്ഠനേ വധംചെയ്തു
കാലുഷ്യംകളഞ്ഞിതു മുന്നം നീ; പുനരിപ്പോൾ
കാലകേയന്മാരോടുംകൂടവെ ശതാസ്യനെ
കാലാത്മാവായ ഭവാൻ കൊന്നതെന്തൊരുചിത്രം?
കാലദേശാവസ്ഥകൾക്കനുരൂപേണ ഭവാൻ
ഓരോരോതരമവതാരംചെയ്തോരോകാലം
കാരുണ്യംപൂണ്ടുരക്ഷിക്കുന്നതും; മറ്റാരോർത്താൽ?
പുത്രമിത്രാർത്ഥകളത്രാദിയാം വസ്തുക്കളിൽ
സക്തിപൂണ്ടുടനുടൻ ജനിച്ചുംമരിച്ചും ഞാൻ
ഭക്തിയില്ലായ്കകൊണ്ടു കേവലമുഴലുന്നു
മുക്തിനൽകണമിനി നിത്യവും നമോസ്തുതേ.
ആത്മജ്ഞാനികളിലഗ്രേസരൻ ഹനുമാനു-
മാത്മാവാകിയനിജസ്വാമിയെസ്തുതിചെയ്താൻ.
"രാമായനമോ രാമഭദ്രായനമോനമോ;
രാമചന്ദ്രായനമോ വേധസേ നമോനമഃ.
രഘുനാഥായ സീതാപതയേ നമോനമോ;
സുകുമാരാംഗായ രാമായ തേ നമോനമഃ.
ശ്രീരാമ! നാരായണ! വാസുദേവ! ശ്രീപതേ!
ഗോവിന്ദ! മുകുന്ദ! വൈകുണ്ഠ! കേശവ! ഹരെ!
ശ്രീകൃഷ്ണ!വിഷ്ണോ!നരസിംഹ!മാധവ!ശൌരെ!
സംസാരദർപ്പദഷ്ടം മാംത്രാഹി ദയാനിധെ!"
ആദിതേയന്മാർ വൈമാനികന്മാർ മുനികളു-
മാദിനാരായണനെസ്തുതിച്ചാരെല്ലാവരും.
വേദവാക്യങ്ങൾകൊണ്ടു നാഥനെ സ്തുതിച്ചിതു
വേധാവു സനകാദിയോഗികൾ നാരദനും.
 സന്തുഷ്ടനായ സകലേശ്വരൻ നാരായണൻ
സന്താപംതീരുമാറു തൃക്കൺപാർത്തരുളിനാൻ
മാരുതിപ്രമുഖന്മാരാകിയ ഭക്തന്മാരെ-
ക്കാരുണ്യവിവശനായാനന്ദപരിപൂർണ്ണൻ.
സർവസൌമ്യമായുള്ള പൂർവരൂപം കൈക്കൊണ്ടു
കാമ്യാംഗിയായ സീതാദേവിതന്നോടും നാഥൻ
ഈശപൂജയും പരിഗ്രഹിച്ചു സന്തുഷ്ടനായ്
ആശരാധീശാഗ്രജനാകിയ കുബേരനാൽ

[ 27 ]

നാനോപഹാരബലിപൂജയുംകൊണ്ടു ബഹു-
മാനേന സൌഗന്ധികസംയുതം സരസ്തീരേ
ഹൃദ്യമാം ചൈത്രരഥമാകുമുദ്യാനദേശേ
വിദ്യയാം ശക്തിയോടും യുക്തനായ്‌വിഹരിച്ചാൻ.
തത്രതത്രൈവ സരസ്തീരകാനനദേശേ
രുദ്രസമ്മോദകരകൈലാസശിരോഭാഗേ
ത്ര്യംബകനോടുമചലാത്മജയോടും പിന്നെ
ത്ര്യംബകസഖനോടും പരിവാരങ്ങളോടും
യാത്രയുമയപ്പിച്ചു മാരുതികഴുത്തേറി
മാർത്താണ്ഡാത്മജരക്ഷോനായകാദികളോടും
സോദരഭാർയ്യാപരിചാരകജനത്തോടു-
മാദരപൂർവമയോദ്ധ്യാപുരമകംപുക്കാൻ.

ഇങ്ങനെ സീതാവിജയാഖ്യമാം കഥാസാരം
നിങ്ങളോടൊട്ടു ചൊന്നേനെന്നാളേ കിളിമകൾ.
ഇതി സീതാവിജയകഥാസാരം ശതമുഖരാമായണം
സമാപ്തം.



ശുഭമസ്തു.