താൾ:ശതമുഖരാമായണം.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലാംപാദം. 25


വിശ്വത്തിൻ‌നിധാനമാകുന്നതും ഭവാനല്ലോ
വിശ്വകർത്താവായതും വിശ്വഭർത്താവായതും
വിശ്വഹർത്താവായതും നിന്തിരുവടിയല്ലോ;
വിശ്വരൂപാത്മാരാമ! സന്തതം നമോസ്തുതെ!"
ലക്ഷ്മണകുമാരനും തൽക്ഷണം ഭക്തിയോടേ
ലക്ഷ്മീവല്ലഭൻതന്നേസ്തുതിച്ചുതുടങ്ങിനാൻ.
"ഇഷ്ടനെത്രയുമഹമെന്നുള്ളൊരജ്ഞാനം മേ
നഷ്ടമായ്തീർന്നു നരകാരേ നിർമ്മലമൂർത്തേ!
തുഷ്ടനായ്‌വന്നേനിപ്പോളിഷ്ടലാഭത്താലിഹ
സ്പഷ്ടമായ്ത്തവരൂപം കാണായ്‌വന്നതുമൂലം.
കർബുരൌഘാരെ!മമകില്ബിഷമകലുവാൻ
ദുർബോധമെല്ലാം നീക്കിത്വൽബോധമുദിക്കണം."
ഭരതകുമാരനും പരമപുരുഷനാം
പരമാത്മാവുതന്നേസ്തുതിച്ചുതുടങ്ങീടിനാൻ.
"കോമള! നീലോല്പലശ്യാമള! ദാശരഥേ!
രാമ! ജാനകീപതേ!പുണ്ഡരീകാക്ഷ!നാഥ!
രാക്ഷസാന്തകൻ ദയാവാരിധി സീതാപതി
മോക്ഷദനൊഴിഞ്ഞൊരുഗതിയില്ലെനിക്കാരും.
സാക്ഷാൽ ശ്രീനാരായണൻ പരിപാലിക്ക ജഗൽ-
സാക്ഷിണേ ഭഗവതേ രാമചന്ദ്രായ നമഃ."
ശത്രുഘ്നകുമാരനും ഭക്തികൈക്കൊണ്ടുപുരു-
ഷോത്തമൻതന്നെസ്തുതിച്ചീടിനാൻഭക്തിയോടെ:
"കോമളമിന്ദീവരശ്യാമളം രഘുനാഥം
കാമദം കാമോപമം കാമക്രോധാദിഹീനം
രാമം ജാനകീപരമാത്മാനമാത്മാരാമം
നാമജാപകജനിമൃത്യുനാശനം ഭജേ."
സുഗ്രീവനതുനേരം കൌസ്തുഭഗ്രീവം ചര-
ണാഗ്രേ വീണനുഗ്രഹസിദ്ധിക്കായ സ്തുതിചെയ്താൻ
"രാമ! രാഘവ! ജഗന്നായക! സീതാപതേ!
രാമചന്ദ്രാത്മാരാമ! ശ്രീരാമ! നമോസ്തുതെ."
പ്രേമവാൻ വിഭീഷണൻ നാരദസമന്വിതം
രാമഭദ്രനെസ്തുതിച്ചീടിനാനതുനേരം:
"ത്രൈലോക്യമെല്ലാം‌പരിപാലിച്ചു കൊൾവാനായേ

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/25&oldid=174384" എന്ന താളിൽനിന്ന് ശേഖരിച്ചത്