താൾ:ശതമുഖരാമായണം.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
24 ശതമുഖരാമായണം.


സ്തുതിച്ചും വീണു നമസ്കരിച്ചുമാത്മാനന്ദ-
മുദിച്ചും സമസ്തലോകോത്സവം കണ്ടുകണ്ടു
വിശ്വവും വിശ്വത്തിങ്കൽ വാഴുന്ന ജനങ്ങളും
നിശ്ശേഷമൊന്നായ്‌മരുവീടിന മഹദ്രൂപം
അനന്തകിരീടോദ്യന്മസ്തകം സൎവ്വേശ്വര-
മനന്തബാഹൂദരമനന്തവക്ത്രനേത്ര-
മനന്തായുധധരമനന്തപാദാംഭോജം
അനന്തമഹിമാനമപരിചേ്ഛദ്യം പൂർണ്ണം
ആദിത്യവൎണ്ണം തമസഃപരം പരാപരം
ആദിജ്യോതിഷം പരമാത്മാനം പരബ്രഹ്മം
അച്യുതമവാങ്‌മനോഗോചരം സർവേശ്വരം
സച്ചിദാനന്ദരൂപം സകലം സനാതനം
ചേതസി നിരൂപിക്കപ്പെട്ടതുമെന്നുവേണ്ടാ
വിശ്വമൊക്കവേ കാണായ്‌വന്നിതു ദിവ്യാത്മാവാം
വിശ്വരൂപത്തിങ്കൽ പ്രത്യക്ഷമായത്യത്ഭുതം.
 അവ്യക്തമനാദ്യന്തമവ്യയം വിശ്വരൂപം
ദിവ്യലോചനംകൊണ്ടു കണ്ടൊരു ജനമെല്ലാം
തൽ‌പ്രസാദത്താലതിഭക്തികൈക്കൊണ്ടു നിന്നു
ചിൽസ്വരൂപനേ നമസ്കരിച്ചാർ ഭയത്തോടും.
അച്‌ഛമദ്വയമേകമവ്യക്തമവ്യാകൃതം
നിശ്ചലാത്മനാ കണ്ടുനിന്ന ഭക്തന്മാരെല്ലാം
പരമേഷ്ടിയും പരമേശ്വരനാദികളും
പരമാനന്ദാർണ്ണവനിമഗ്നന്മാരായ്‌ത്തീർന്നു.
"നമസ്തേ ദേവദേവ!നമസ്തേ രാമരാമ!
നമസ്തേ ഹര! മഹാപൂരുഷ!നാരായണ!
നമസ്തേ ജരാമരണാപഹ രാമരാമ!
നമസ്തേ സീതാപതേ!രാവണാന്തക!പ്രഭോ!
നമസ്തേ കൌസല്യാനന്ദന രാഘവ!രാമ!
നമസ്തേ ദാശരഥേ!നമസ്തേ ഖരാരാതേ!
അണുവിലണിമാനായ് മഹതാം മഹിതനായ്
പ്രണാവാത്മകനായ ഭഗവാൻ ഭവാനല്ലോ.
സകലജന്തുക്കൾക്കുമാത്മാവായീടുന്നതും
പ്രകൃതിപരനായ്‌വാഴുന്നതും ഭവാനല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/24&oldid=174383" എന്ന താളിൽനിന്ന് ശേഖരിച്ചത്