26 | ശതമുഖരാമായണം. | |
പൌലസ്ത്യനായ ദശകണ്ഠനേ വധംചെയ്തു
കാലുഷ്യംകളഞ്ഞിതു മുന്നം നീ; പുനരിപ്പോൾ
കാലകേയന്മാരോടുംകൂടവെ ശതാസ്യനെ
കാലാത്മാവായ ഭവാൻ കൊന്നതെന്തൊരുചിത്രം?
കാലദേശാവസ്ഥകൾക്കനുരൂപേണ ഭവാൻ
ഓരോരോതരമവതാരംചെയ്തോരോകാലം
കാരുണ്യംപൂണ്ടുരക്ഷിക്കുന്നതും; മറ്റാരോർത്താൽ?
പുത്രമിത്രാർത്ഥകളത്രാദിയാം വസ്തുക്കളിൽ
സക്തിപൂണ്ടുടനുടൻ ജനിച്ചുംമരിച്ചും ഞാൻ
ഭക്തിയില്ലായ്കകൊണ്ടു കേവലമുഴലുന്നു
മുക്തിനൽകണമിനി നിത്യവും നമോസ്തുതേ.
ആത്മജ്ഞാനികളിലഗ്രേസരൻ ഹനുമാനു-
മാത്മാവാകിയനിജസ്വാമിയെസ്തുതിചെയ്താൻ.
"രാമായനമോ രാമഭദ്രായനമോനമോ;
രാമചന്ദ്രായനമോ വേധസേ നമോനമഃ.
രഘുനാഥായ സീതാപതയേ നമോനമോ;
സുകുമാരാംഗായ രാമായ തേ നമോനമഃ.
ശ്രീരാമ! നാരായണ! വാസുദേവ! ശ്രീപതേ!
ഗോവിന്ദ! മുകുന്ദ! വൈകുണ്ഠ! കേശവ! ഹരെ!
ശ്രീകൃഷ്ണ!വിഷ്ണോ!നരസിംഹ!മാധവ!ശൌരെ!
സംസാരദർപ്പദഷ്ടം മാംത്രാഹി ദയാനിധെ!"
ആദിതേയന്മാർ വൈമാനികന്മാർ മുനികളു-
മാദിനാരായണനെസ്തുതിച്ചാരെല്ലാവരും.
വേദവാക്യങ്ങൾകൊണ്ടു നാഥനെ സ്തുതിച്ചിതു
വേധാവു സനകാദിയോഗികൾ നാരദനും.
സന്തുഷ്ടനായ സകലേശ്വരൻ നാരായണൻ
സന്താപംതീരുമാറു തൃക്കൺപാർത്തരുളിനാൻ
മാരുതിപ്രമുഖന്മാരാകിയ ഭക്തന്മാരെ-
ക്കാരുണ്യവിവശനായാനന്ദപരിപൂർണ്ണൻ.
സർവസൌമ്യമായുള്ള പൂർവരൂപം കൈക്കൊണ്ടു
കാമ്യാംഗിയായ സീതാദേവിതന്നോടും നാഥൻ
ഈശപൂജയും പരിഗ്രഹിച്ചു സന്തുഷ്ടനായ്
ആശരാധീശാഗ്രജനാകിയ കുബേരനാൽ