താൾ:ശതമുഖരാമായണം.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


21
നാലാംപാദം

നീലലോഹിതമണിമന്ദിരംപുക്കനേരം
ഫാലലോചനനായ ഭഗവാൻ പരമേശൻ
ബാലശീതാംശുമൌലി മന്മഥവിനാശനൻ
പ്രാലേയാചലസുതാവല്ലഭൻ പുരവൈരി
കാലാരി രാമാജ്ഞയാ സാനന്ദമരുൾചെയ്തു
കാലദേശാവസ്ഥാനുരൂപമാം വാക്കുകൊണ്ടേ.
"ഭക്തനാം നക്തഞ്ചരശ്രേഷ്ഠനും ബലൌഘവും
ശക്തനാം സുഗ്രീവനും വാനരവീരന്മാരും
നിൎമ്മലസുഗന്ധസൌഗന്ധികസരസ്തീരം
രമ്യമാം ചൈത്രരഥമാകുമുദ്യാനദേശം
എത്രയും വിമോഹനം; തത്ര വാഴുവിൻ നിങ്ങ-
ളത്യൎത്ഥമാത്മാനന്ദം സിദ്ധിക്കുമെല്ലാവനും.
ഇത്തരം മൃത്യുഞ്ജയവാക്കുകൾ കേട്ടനേര-
മുദ്യതാനന്ദം ദ്രുതമുദ്യാനമകംപുക്കാർ.
ഷൺമുഖൻ ഗജമുഖൻ നന്ദീശൻ ഘണ്ടാകൎണ്ണൻ
തന്മനോവല്ലഭയാം ഗൌരീയെന്നിവരോടും
ചന്ദ്രശേഖരൻ മഹാദേവനീശ്വരൺ വിഭു
കന്ദർപ്പവൈരി വിരിഞ്ചാദികളോടും ചെന്നു
തന്നുടേ മണിയറതന്നിൽ വാണിതു മോദാൽ.
മന്നവർമന്നൻ സൂൎയ്യവംശനായകൻ രാമൻ
രത്നസിംഹാസനത്തിനാമ്മാറുത്സംഗേ താൻ‌തൻ
പത്നിയെച്ചേൎത്തുപരമാനന്ദത്തോടു വാണാൻ.
ശ്രീവത്സോരസ്കം മണിമകുടവിരാജിതം
ശ്രിവാസുദേവം പുരുഷോത്തമം പുഷ്കരാക്ഷം
മാരുതികരസ്ഥിതദക്ഷിണപാദാംഭോജം
മാരസന്നിഭമതികോമളശ്യാമളാംഗം
ബാണതുണീരചാപപാണിനാ സൌമിത്രി
പ്രാണതുല്യേന പരിസേവിതം രഘുനാഥം
ഭരതശത്രുഘ്നബാഹുസ്ഥചാമരദ്വയ-
പരിശോഭിതം പരം പൂരുഷം പത്മനാഭം
അൎക്കജവിഭീഷണബാഹുപങ്കജഗ്രാഹ്യ-
മൌക്തികച്‌ഛത്രച്‌ഛായാരഞ്ജിതകളേബരം
താരകബ്രഹ്മമതിപ്രസന്നവക്ത്രാംഭോജം

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/21&oldid=174380" എന്ന താളിൽനിന്ന് ശേഖരിച്ചത്