Jump to content

രാമരാജാബഹദൂർ/അദ്ധ്യായം ഏഴ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഏഴ്
[ 72 ]
അദ്ധ്യായം ഏഴ്

"അന്നേരം പല ദുശ്ശകുനങ്ങൾ
മുന്നിൽ പരിചൊടു കണ്ടുതുടങ്ങി
പ്രതിരോമത്തിനു ചുഴികാറ്റുതി-
പ്പൊടിപടലങ്ങൾ കണ്ണിൽ നിറഞ്ഞു."


ഇന്ദ്രരഥസമേതനായി എത്തിയ മാതലിയെ കണ്ടതുപോലുള്ള ഒരു മഹാഭാഗ്യം നമ്മുടെ ഉണ്ണിത്താനായ ഗ്രന്ഥസവ്യസാചിക്ക് അന്നു സമ്പ്രാപ്തമായി. ഉദ്യോഗശാലയിലെ കനക-രജത-താമ്രങ്ങളുടെ കിലുകിലാരവം കർണ്ണങ്ങളിൽ സംഘട്ടനം ചെയ്യുന്നതിനിടയിൽ ബബ്‌ലേശ്വരന്റെ ഒരു 'ചോബ്‌ദാർ' എത്തി. മഹമ്മദീയാചാരങ്ങളോടെ ഒരു സന്ദേശത്തെ സമർപ്പിച്ചു. കൊടന്ത ആശാനായ മാന്ദിയുടെ ഭയപ്പാടിനിടയിൽ, അജിതസിംഹരാജാവ് അന്നു വൈകുന്നേരംതന്നെ നന്തിയത്തുമഠത്തിൽ, ഗൃഹനായകനെ അഥവാ അവിടത്തെ സുന്ദരി യുഗ്മത്തെ-സന്ദർശിപ്പാൻ എത്തുമെന്നു ധരിപ്പിച്ചത് അയാളുടെ ദിഷ്ടവിശേഷത്താൽ ആ സന്ദേശം മുഖേന പരമാർത്ഥീഭവിച്ചു തന്റെ ഗൃഹത്തെ ഒരു മഹാരാജ്യാധിപൻ നഖവജ്രമരീചികൾകൊണ്ടു ഭൂസ്വത്താക്കാനെഴുന്നെള്ളുമ്പോൾ നന്തിയത്തുമഠം സാക്ഷാൽ ചിലമ്പിനഴിയമായിരുന്നു എങ്കിൽ ആ സല്ക്കാരമഹത്തെ ഒരു വിധം അന്തസ്സിൽ പര്യവസാനിപ്പിക്കാമായിരുന്നു എന്നുള്ള ക്ലേശപാരവശ്യത്തോടെ, ഉദ്യോഗകൃത്യത്തെയും കാലേക്കൂട്ടി അവസാനിപ്പിച്ചുകൊണ്ട്, ഉണ്ണീത്താൻ സ്വഭവനത്തിലേക്കു മടങ്ങി. ഇട്ടുണ്ണിക്കണ്ടപ്പൻ കാര്യക്കാരുടെ കല്പന അജിതസിംഹനു ബ്രഹ്‌മശാസനമായിരുന്നു എന്നു വായനക്കാർക്ക് ഈ സംഭവംകൊണ്ടു ബോദ്ധ്യമാകുമല്ലോ.

രാജാസല്ക്കാരകൻ ആയ ഉണ്ണിത്താൻ തന്റെ ജാമാതാവോടല്ലാതെ ഇതരജീവികളോടു ബന്ധമില്ലെന്നുള്ള നാട്യത്തിൽ നന്തിയത്തുമഠത്തിനകത്തു കാര്യനിർവ്വഹണം തുടങ്ങി. താൻ വീക്ഷണദാനംകൊണ്ടെങ്കിലും അനുഗ്രഹിച്ചിട്ടില്ലാത്തതായ തൂപ്പുകാരികൾ, വെള്ളംകോരികൾ മുതലായ ദാസവൃന്ദത്തെയും വരുത്തി, വൈവസ്വതമനുവിന്റെ കാലം [ 73 ] മുതൽ അന്നുവരെയുള്ള സൃഷ്ടിവിധാനക്രിയകൾ നിർവ്വഹിക്കേണ്ട ഭാരം തന്നിൽ ചുമലുന്നതുപോലെയുള്ള വ്യഥയോടെ അവരെക്കൊണ്ടു തളങ്ങളും മുറ്റങ്ങളും കുളക്കടവിലെ പടികളും ദ്വാരപ്രദേശവും നിരകളും ചുവർക്കെട്ടുകളും മിനുസമാക്കിച്ചു. മാർജ്ജനകർമ്മകാരികളെക്കൊണ്ടു ഭൂമിയിലെ മണൽത്തരികളെ യഥാക്രമം പടുപ്പിക്കുന്ന കർമ്മത്തിലും അദ്ദേഹംതന്നെ മേൽനോട്ടം വഹിച്ചു. തന്റെ അഭ്യാസമണ്ഡലത്തോടു സംബന്ധമില്ലാത്തതായ ആ വിഷയത്തിലെ അജ്ഞതനിമിത്തം, ഉണ്ണിത്താൻ സാഹസിയായി ഭൃത്യജനങ്ങളുടെ ചടങ്ങുകളെക്കുറിച്ച് അനുപദം കോപിച്ചും ശപിച്ചും അഷ്ടി മുടക്കുമെന്നു ഭീഷണിപറഞ്ഞും ശാസിച്ചു. നാളികേരവൃക്ഷങ്ങളുടെ ഹരിതച്ഛവിയെ ഭംഗപ്പെടുത്തുന്ന ശുഷ്കശകലങ്ങളെ ആ സാഹിത്യരസികൻതന്നെ ശ്രദ്ധിച്ചു മാറ്റിച്ചു. സന്ധ്യയായിട്ടും നിയമപ്രകാരമുള്ള നാമജപങ്ങൾക്കും മറ്റും വട്ടംകൂട്ടാതെ, ഉണ്ണിത്താൻ ഭവനദ്വാരത്തിലെ വെങ്കലവിളക്കുകളെ ലക്ഷ്മീസമാരാധനത്തിന് ഉചിതമായ താലപ്പൊലിവിളക്കുകൾ ആക്കുന്നതിന് ആർത്തശ്രമനായി ഉഴന്ന് ആ പണി തൃപ്തികരമാംവണ്ണം നിർവ്വഹിക്കപ്പെടുന്നില്ലെന്നുള്ള രോഷത്തോടു ദ്രുതഗമനം ചെയ്യുന്ന സമയത്തെയും ശപിച്ചുകൊണ്ടു, വിളക്കുകളിൽ പന്തക്കുറ്റികൾപോലെ പ്രകാശിക്കുന്ന ദീപശിഖകളും ജ്വലിപ്പിച്ച്, രണ്ടുമൂന്നു കഥകളിവിളക്കുകൾകൊണ്ടു വരാന്തയെയും ഓരോന്നുകൊണ്ടു തളങ്ങളെയും പ്രശോഭിപ്പിച്ചു. മുൻതളമായ സല്ക്കാരതളിമത്തിൽ ഇന്ദ്രചാപവർണ്ണങ്ങളിലുള്ള ലതാകുസുമാദികളുടെ ഛായകളാൽ ചിത്രീകൃതമായ ഒരു രത്നകമ്പളം വിരിച്ച്, പ്രഭുഗൃഹയോഗ്യമായ മഹിമാവ് അതിനും ചേർത്തു വരാന്തയിൽനിന്നു നോക്കി. താടിയെ കശക്കിയും നേത്രങ്ങളെ നോവിച്ചും ചിന്തിച്ചപ്പോൾ കമ്പളമാത്രംകൊണ്ട് അവിടുത്തെ അലങ്കാരവും പരിപുഷ്ടമാകുന്നില്ലെന്നു തോന്നി. അദ്ദേഹം അല്പനേരം കൈകുടഞ്ഞുകൊണ്ടു നടന്നു. ഈ അസംതൃപ്തിയാൽ ബുദ്ധിക്കുണ്ടായ മഥനത്തിന്റെ ഫലമായി ഒരു യുക്തി, പാലാഴിമങ്കയെപ്പോലെതന്നെ, അദ്ദേഹത്തിന്റെ മനഃക്ഷീരാബ്ധിയിൽ ഉദയം ചെയ്തു. സ്വഭവനത്തിന്റെ ജന്മസാഫല്യം നിറവേറ്റുവാൻ എഴുന്നള്ളുന്ന രഘുവംശ്യന്റെ സൽക്കാരത്തിന് ആ വൈദികോത്തംസം ഗ്രന്ഥപ്പുരയ്ക്കകത്തു കടന്നു, 'രഘുവംശ'കർത്താവെയും സമാനയശസ്കന്മാരെയും ഒന്ന് അപമാനിക്കുവാൻതന്നെയും മുതിർന്നു. ശ്രീഹർഷപ്രഭൃതികൾ നിപതിതന്മാരായി ആ ചിരഞ്ജീവികളെ ഭൂസമ്പർക്കം കൂടാതെ രക്ഷിച്ചുപോന്നിരുന്നതും വെള്ളക്കാരന്മാരെ സല്ക്കരിപ്പാൻ ചിലമ്പിനഴിയത്തു ചന്ത്രക്കാരൻ സമ്പാദിച്ചുവച്ചിരുന്നതും ആയ ഒരു ലന്തക്കസേരയെ അലങ്കാരപുഷ്ടിക്കായി അപഹരിച്ചു, നീരാഴിയിൽ സ്നാനം ചെയ്യിച്ചു തുടപ്പിച്ചപ്പോൾ, ആ പാശ്ചാത്യപീഠം കരകൗശലത്തിന്റെ ഒരു അത്ഭുതമാതൃകയായി പരിലസിച്ച് മുമ്പറഞ്ഞ കംബളത്തിന്റെ മദ്ധ്യത്തിലുള്ള സരോരുഹച്ഛായയിന്മേൽ സ്ഥാപിച്ചപ്പോൾ, അത് ചക്രവർത്തിപൃഷ്ഠങ്ങളെ വഹിപ്പാനുള്ള ഒരു കമലഭദ്രാസനമായിത്തന്നെ വിളങ്ങി. ഉണ്ണിത്താന്റെ ഇംഗിതാനുസാരം [ 74 ] നക്ഷത്രതതിയും മേഘശൂന്യമായുള്ള നീലാകാശത്തിൽ അണിനിരന്നപ്പോൾ, ഭവനലക്ഷ്മിയും വിശ്വലക്ഷ്മിയും ഒരുപോലെ തെളിഞ്ഞു മന്ദഹാസം ചെയ്യുന്നു എന്ന് അദ്ദേഹത്തിന്റെ കാവ്യരസജ്ഞത ഉൽപ്രേഷിച്ചു.

ഇങ്ങനെ സന്തുഷ്ടിനിലയെ പ്രാപിച്ചു നടക്കുന്നതിനിടയിൽ എന്തോ ഒരു ന്യൂനതയുണ്ടെന്നുള്ള ശങ്ക അദ്ദേഹത്തിന്റെ ഹൃദയത്തെ വീണ്ടും ചലിപ്പിച്ചുതുടങ്ങി. ഭൃത്യജനങ്ങളുടെമേൽ പല കുറ്റങ്ങളും ആരോപിച്ചുകൊണ്ട് ആ സദ്വൃത്തൻ പല്ലുകൾ ഞെരിച്ചു, "തിന്നു നശിപ്പിക്കുന്ന സാമദ്രോഹികൾ" കേൾക്കാതെ ചില സമസ്തപദങ്ങൾ മന്ത്രിച്ചു. ഈ പ്രയോഗംകൊണ്ട് ആശയമണ്ഡലത്തെ വിശദദൃക്കാക്കിയപ്പോൾ, തന്നെ വ്യാകുലപ്പെടുത്തുന്ന അവസ്ഥ എന്തെന്ന് അദ്ദേഹം ദർശിച്ചു. അന്തഃപുരത്തിൽ പ്രവേശിച്ച് സാവിത്രിയെ വരുത്തി, അവളുടെ അലങ്കാരത്തെ ആപാദമസ്തകം ഒന്നു നോക്കീട്ട് ആജ്ഞാലംഘിനിയുടെ കർണ്ണപുടങ്ങളിൽ ചില കോപപ്രഭാഷണങ്ങൾകൊണ്ടു താഡിച്ചു, അവളെ ശിക്ഷിച്ചു. "എന്റെ കുഞ്ഞിന്റെ വഴിക്കു ഗുരുത്വം പോയിട്ടില്ല. ആ ത്രിവിക്രമൻ വന്നപ്പോളത്തെ വേഷം ഇന്നു തോന്നാതെപോയോ? ഇവന്റെ ഇഷ്ടപ്രകാരം ഒരു തിരുമേനിതന്നെ എഴുന്നള്ളുമ്പോൾ അപമാനിക്കാൻതന്നെ നിങ്ങൾക്കു തോന്നും. വർഗ്ഗം അതല്ലയോ? ഏറെപ്പറയുന്നില്ല. ഈ ദരിദ്രവേഷം-" എന്നു പറഞ്ഞ് ഒരു ചൂണ്ടിക്കാട്ടലും കഴിച്ചപ്പോൾ "ഒരുങ്ങാനുംമറ്റും ഉത്തലവാവാണ്ട് ഇങ്ങനെ ചണ്ടപിടിച്ചോണ്ടാലോ? പെണ്ണാപ്പിറന്നവര് വല്യങ്ങത്തെപ്പോലെ ഏടുമ്മറ്റും പരിച്ചിറ്റൊന്റോ?" എന്ന് ഒരു വാദം പുറപ്പെട്ടതു കേട്ട് അതിന്റെ ന്യായതയെ സമ്മതിക്കുന്ന ഭാവത്തിൽ ആ സാത്വികപ്രധാനൻ അവിടെ നിന്നു മണ്ടി. അടുത്തപോലുള്ള കോപനടനത്തിനു സ്വീകരിച്ചതു ഭാര്യയുടെ ശയ്യാരംഗം ആയിരുന്നു. ആ സ്ഥലത്തെ ചടങ്ങിൽ പ്രയോഗിക്കപ്പെട്ടതു പ്രശാന്തനിന്ദനമെന്നുള്ള ഗംഭീരരസമായിരുന്നു. "ഇതാ, ദയയുണ്ടെങ്കിൽ രണ്ടു നാഴികനേരം ഈ ജ്യേഷ്ഠാവേഷം ഒന്നു കളഞ്ഞിട്ടു കിടന്നുകളയരുതോ?" എന്നുള്ള സോൽപ്രാസപ്രകടനത്തിനു മറുപടിയായി, ആ മഹിയന്റെ ഭയവ്യസനങ്ങളെ ഭഗവൽസമക്ഷമെന്നപോലെ തുറന്നുപറഞ്ഞു: "ഇതെല്ലാം തോന്നുന്നത് എന്റെ കർമ്മം! ഞാൻ സഹിക്കാം. സാവിത്രിക്ക് ഇത് രസിക്കയില്ല."

ഉണ്ണിത്താൻ: "രസിക്കൂലാന്ന് എനിക്കറിയാം. രസം തോന്നിക്കാൻ ഞാൻ അവകാശപ്പെടുന്നുമില്ല."

മീനാക്ഷിഅമ്മ: "ഇതെന്തു കഥയോ? എന്തായാലും അവൾ വല്ല കിണറ്റിലോ കുളത്തിലോ ചാടിച്ചാവുന്നെങ്കിൽ എന്ത് അവമാനം?"

ഇങ്ങനെ പറഞ്ഞുകൊണ്ട്, ആ തളത്തിലെ സംഭവങ്ങൾക്ക് സാക്ഷികളായി പ്രവർത്തനം ചെയ്തുകൊണ്ടിരുന്ന രണ്ടു ബന്ധുഭഗവാന്മാരെയും സ്തംഭിപ്പിക്കുമാറ് "ഭഗവാനേ!" എന്നുള്ള ഒരു പ്രാർത്ഥനാക്രോശത്തെയും ആ മഹതി മുക്തമാക്കി. സർവഥാ ധർമ്മാനുസൃതിയെ ദീക്ഷിച്ചിരുന്നതിനാൽ, ഉണ്ണിത്താന്റെ സൂക്ഷ്മാത്മാവ് ഭഗവൽപ്പാദങ്ങളെ [ 75 ] നിർദ്ദേശിച്ചുള്ള ഈ സംബോധനത്തിൽ ഹതപ്രജ്ഞനായി, അദ്ദേഹം കിഴക്കെ വരാന്തയിലേക്കു പാഞ്ഞു.

ആ നിശാകാലം നാഴിക ഏഴ്, എട്ട്, ഒൻപത് എന്നു തരണം ചെയ്തു, പത്തിൽ എത്തീട്ടും ബബ്‌ലേശ്വരന്റെ പുറപ്പാടു കണ്ടില്ല. അതിനാൽ, അന്നത്തെ ഉദയഭക്ഷണത്തിനുശേഷം ഉപവാസത്തിൽ കഴിയുന്ന ഉണ്ണിത്താന്റെ ദമപ്രഭാവത്തിന് അവസാനം നേരിട്ടുതുടങ്ങി. ജനബാഹുല്യം കൊണ്ട് ആ കാലത്ത് അതിനിബിഡമായിത്തീർന്നിട്ടുള്ള ആ നഗരം യോഗനിദ്രയെ അവലംബിച്ചപോലെ നിശ്ചൈതന്യനിലയിൽ വർത്തിക്കുന്നു. പക്ഷേ, അവിഹിതമെന്നു ലോകരാൽ ഗണിക്കപ്പെടാവുന്ന തന്റെ ഉദ്യമം പ്രകൃതിദേവൻതന്നെയും ഈ വിധം ഗോപനം ചെയ്യുന്നു എന്ന മനോധർമ്മപഞ്ചാമൃതംകൊണ്ട് അദ്ദേഹം തന്റെ ക്ഷുദ്ദാഹങ്ങളെ പോക്കി. കൊടന്തയെയും ഒരു ഭൃത്യനെയും വിളിച്ച് അജിതസിംഹന്റെ തിരുവുള്ളം ഒന്നുകൂടി അറിഞ്ഞു വരുവാൻ ആജ്ഞകൾ കൊടുക്കുന്നതിനിടയിൽ, ചില അകമ്പടിക്കാരുടെ പരിചകളും ഖഡ്ഗങ്ങളും പ്രവേശനദ്വാരത്തിലെ ദീപപ്രകാശത്തെ പ്രതിഫലിപ്പിച്ചു തിളങ്ങി. ബ്രഹ്മദേവന്റെ ആഗമനം കണ്ട പൗലസ്ത്യനെപ്പോലെ ഉണ്ണിത്താൻ മുറ്റത്തിറങ്ങി, അജിതസിംഹനെ എതിരേൽപ്പാൻ മുന്നോട്ടു നടകൊണ്ടു. സാവിത്രിയായ ഗൃഹച്ഛിദ്രകാരിണിയെ ആ ഭവനത്തിൽനിന്നു ലോകസമ്മതമായ ന്യായമാർഗ്ഗേണ നിഷ്കാസനം ചെയ്യുവാനുള്ള ക്രയയുടെ ആരംഭഘട്ടമായ ആ മുഹൂർത്തത്തിൽ, ഉണ്ണിത്താന്റെ മനസ്സ് ഒരു ചാരിതാർത്ഥ്യമധു ആസ്വദിച്ചു. വലതുകൈയാൽ ഒരു വടിവാൾ ഏന്തിയും ഇടതുകൈയിൽ ധരിച്ചിരിക്കുന്ന ഉറുമാലാൽ വക്ഷസ്സിനെ വീശിയും പാദുകങ്ങൾകൊണ്ടു 'ശഠഃശഠഃ' എന്ന സമ്മതത്തെ ധ്വനിപ്പിച്ചും അജിതസിംഹൻ കൗരവേന്ദ്രപ്രഭാവനായി, ദ്വാരപ്രദേശത്തെ തരണം ചെയ്തു, ഗൃഹാങ്കണത്തിൽ പ്രവേശിച്ചു. ഒരു വിദ്വൽസഭയിലെ ഭൂഷണമായിത്തീരുവാൻ പാണ്ഡിത്യമുള്ള ഉണ്ണിത്താൻ സ്വപിതാവിൽനിന്നു സിദ്ധമായ ഔദ്ധത്യത്തിൽ അഞ്ജലിബദ്ധത്തോടെ അല്പംമാത്രം ശിരഃകമ്പനം ചെയ്തു രാജാതിഥിയെ വന്ദിച്ചു. അദ്ദേഹത്തിന്റെ അന്തേവാസിയെ കുരങ്ങാടിച്ച അജിതസിംഹൻ ന്യൂനോപചാരക്കാരനായ ഗുരുനാഥനെയും തുല്യനൃത്തം ചെയ്യിക്കുന്നുണ്ടെന്ന് ആലോചിച്ചുകൊണ്ട് പാദുകങ്ങളെ വരാന്തയിൽ നിക്ഷേപിച്ചു. അരക്ഷണനേരം ഉള്ളിലുദിച്ച ഒരു ശങ്കാവേശത്താൽ അജിതസിംഹൻ സ്വാത്മപ്രസാദാർത്ഥം പരിസരത്തെ വീക്ഷണം ചെയ്യുന്നു എന്നു നടിച്ചുകൊണ്ടു ലന്തക്കസേരയിൽ ഇരിക്കാതെ നിലകൊണ്ടു. താൻ ചരിക്കുന്ന രാശീചക്രത്തിലെ സൗരി ആ ഗൃഹനായകനെ വീക്ഷണംചെയ്തു രക്ഷിക്കുന്നു എന്നു സ്മരിക്കുകയാൽ മാത്രം അജിതസിംഹൻ സങ്കോചപ്പെട്ടതായിരുന്നു. എന്നാൽ ആ വിശ്വവിശാലമായ ഗ്രഹമണ്ഡലത്തിലെ ഭാസ്കരശക്തി സർവ്വോപരി പ്രധാനമായി ഭാസ്വത്താകേണ്ടതാണെന്നുള്ള വിചാരം, ശ്രീകൃഷ്ണാഗമനത്തിലെ സുയോധനത്വം അഭിനയിച്ച് ആസനസ്ഥനാകാൻ അജിതസിംഹനെ പ്രഗല്ഭനാക്കി. അദ്ദേഹം [ 76 ] ലന്തക്കസേരയിന്മേൽ ഒരു സാവധാനതാളം മേളിച്ചും ശൃംഗാരരവിവിധത്വങ്ങളെ അഭിനയിച്ചും ഉണ്ണിത്താനോടു പ്രപഞ്ചോല്പത്തിയെക്കുറിച്ചു സംവാദം തുടങ്ങി. ഭാവി മരുമകന്റെ ഗോഷ്ടിമയമായുള്ള പ്രഥമപ്രശ്നം ബുദ്ധിക്ക് അപ്രമേയമായ ഒരു ദൂരകാലസംഭവത്തെക്കുറിച്ചായിരുന്നത് പാണ്ഡിത്യത്തിന്റെ വിശാലതയും ഗഹനതയും കൊണ്ടാണെന്ന് ഉണ്ണിത്താൻ തല്ക്കാലത്തേക്കു സമാധാനപ്പെട്ടു. ദൂരത്തുവാങ്ങിനിന്നു, ഗുരുനാഥന്റെ നടപടികൾ സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്ന കൊടന്തയാശാൻ ഉണ്ണിത്താന്റെ അന്തർഗതികളെ സൂക്ഷ്മമാനം ചെയ്തതിനാൽ, അദ്ദേഹത്തിന്റെ ശുദ്ധഗതിയോ രാജസിംഹന്റെ ചാപല്യങ്ങളോ തനിക്കു കിട്ടാൻപോകുന്ന കാര്യക്കാരുദ്യോഗത്തെ കുന്തത്തിലാക്കുകയോ പറപാണ്ടയുടെ ഖഡ്ഗനിപാതത്തിനു തന്റെ കണ്ഠത്തെ വിഷയീഭവിപ്പിക്കുകയോ ചെയ്യരുതേ എന്ന് അയാളുടെ നിതാന്തശ്രമങ്ങളാൽ ദ്രോഹിക്കപ്പെടുന്ന വൈഷ്ണവശക്തിയെത്തന്നെ പ്രാർത്ഥിച്ചു. ഈ അത്മീയക്രിയ കഴിഞ്ഞ ഉടൻ പടിവാതുക്കലെ ദീപപ്രകാശത്തിനിടയിൽനിന്നു, ചില ആംഗ്യങ്ങൾ കാണുകയാൽ അങ്ങോട്ടു നടന്ന് അജിതസിംഹന്റെ അകമ്പടിക്കാരുടെ ഇടയിൽ നായകസ്ഥാനം ഏറ്റു.

പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള സംഭാഷണരംഗം ഇങ്ങനെ ഭവനത്തിന്റെ പൂർവഭാഗത്ത് ആശാനായ അല്പാംഗൻ കാൺകെ ആരംഭിച്ചപ്പോൾ, പ്രപഞ്ചകാരിയുടെ കൗശലശശ്വതയെ പരിപാലിക്കുന്നതായ ഒരു രംഗം കാമദേവനായ അനംഗന്റെ ആഭിമുഖ്യത്തിൽ അഭൂതപൂർവമായുള്ള ചടങ്ങുകളോടെ അപരഭാഗത്ത് അഭിനീതമായി. അച്ഛന്റെ ആജ്ഞാനുസാരം സാവിത്രിക്കുട്ടി ഗൗരവധീമതിയായുള്ള ഒരു കന്യകയ്ക്കു ചേർന്ന വേഷം ധരിച്ച് അദ്ദേഹത്തിന്റെ ആരംഭത്തെ ഫലപ്രാപ്തിയിൽ എത്തിക്കാൻ സ്വസുഖാദർശങ്ങളെക്കൂടി ബലികഴിക്കുകയില്ലെന്നുള്ള പ്രതിജ്ഞയോടെ, സ്ഥിതിചെയ്തിരുന്നു. ഈ സിദ്ധാന്തസ്ഥിതിയിൽ കുഞ്ഞിപ്പെണ്ണിന്റെ മൂഷികസ്വനം ക്രമത്തിലധികമായുള്ള മൃദുലതയോടെ "ഇഞ്ഞമ്മെ, ഞമ്മെ!" എന്നു സംബോധനം ചെയ്യുന്നതായി വാതുക്കൽ കേട്ടുതുടങ്ങി. "പേപിടിച്ച പെണ്ണ്-ഉല്ലസിപ്പാൻ കണ്ട സമയം" എന്നു കയർക്കുന്നതിനിടയിൽ ആ ദാസി ഒരു വീരശൃംഖലയെ സ്വനായികയുടെ മടിയിൽ സമർപ്പിച്ചു. അതിന്റെ ലബ്ധിചരിത്രത്തെ കുഞ്ഞിപ്പെണ്ണിൽനിന്നുതന്നെ കേട്ടറിഞ്ഞിരുന്ന സാവിത്രി സർവ്വാംഗപുളകിതയായി "ആരു കൊണ്ടുവന്നു?" എന്നു മാത്രം ചോദിച്ചു, "ഒച്ചങ്ങീന്നുതന്നെ" എന്നു പറഞ്ഞു, അദ്ദേഹം പടിഞ്ഞാറെപ്പറമ്പിൽ കാത്തുനിൽക്കുന്നു എന്നു നേത്രാഞ്ചലംകൊണ്ട് ആ പ്രായത്തിലും വിദഗ്ദ്ധദൂതിയായിരിക്കുന്ന കുഞ്ഞിപ്പെണ്ണു ധരിപ്പിച്ചു. സാവിത്രി ഝടുതിയിൽ എഴുന്നേറ്റു ചിന്താപരവശയായി നിലകൊണ്ടു. "അപ്പുറത്തും ഇപ്പുറത്തും ഒരേ മുഹൂർത്തത്തിൽ എത്തിയിരിക്കുന്നതു കണ്ടില്ലയോ! ഈ തമ്പുരാന്റെ വരവുണ്ടെന്ന് എങ്ങനെ അറിഞ്ഞു? ചാടിപ്പുറപ്പെട്ടിരിക്കുന്നു! വല്ല ശണ്ഠയും പക്ഷേ, കൊലയും നടന്നേക്കാം. പരമസാധു അച്ഛന് വല്യ അപമാനം [ 77 ] ആകും. ഞങ്ങൾ പിന്നെ ഇരുന്നിട്ട് ഫലമെന്ത്?" ഇങ്ങനെ ചിന്തിച്ചുകൊണ്ടു സാക്ഷാൽ ശങ്കരഭഗവാന്റെ നേർക്കു യുദ്ധത്തിനു പുറപ്പെട്ട ദേവി തടാതകയുടെ പൗരുഷപ്രകർഷത്തോടെ നടതുടങ്ങി. ഇരുട്ടിനിടയിൽ, മുഖദർശനംകൊണ്ടു ഭാവഗതി അറിയുവാൻ പാടില്ലാതെ ത്രിവിക്രമകുമാരൻ മുമ്പോട്ടു നീങ്ങി. ആ യുവാവും സാവിത്രിയോട് ഒരു അവസാനസമരത്തിനുതന്നെ പുറപ്പെട്ടിരിക്കയായിരുന്നു. ആ കുമാരന്റെ പുറപ്പാടു കണ്ട്, "ഇതെന്തോന്നു ചേട്ടാ?" എന്നു സഗൗരവം സാവിത്രി ചോദിച്ചു.

ത്രിവിക്രമകുമാരൻ: "എന്നുതന്നെ ഞാനും ചോദിക്കുന്നു. തിരുവനന്തപുരത്തു തിരിച്ചെത്തിയപ്പോൾ, ഞാൻ പല കഥകളും കേട്ടു. എന്റെ സാവിത്രിക്കുട്ടിയല്ലയോ എന്നു വിചാരിച്ചു, ഞാൻ ഒന്നും വിശ്വസിച്ചില്ല. ഇന്നാൾ കണ്ടപ്പോഴും എന്നെ മിരട്ടി അയച്ചു."

സാവിത്രി: "മിരട്ടിയെന്നോ ചേട്ടാ! ആ വാക്ക് എവിടുന്നു പഠിച്ചു?"

ത്രിവിക്രമകുമാരൻ ഉത്തരംമുട്ടി എങ്കിലും കോപത്താൽ തുള്ളിവിറച്ചുകൊണ്ട്: "ഞാൻ ഇപ്പോൾ അവനെക്കൊല്ലും, സംശയമില്ല. തടയുന്നത് ആരെന്നു കാണട്ടെ. എനിക്കു വന്നുകൂടാ. അവനെ ക്ഷണിച്ചെഴുന്നള്ളിക്കാം! ആഹാ!"

സാവിത്രി: "കൊന്നാൽ ഭംഗിയായി! പിന്നത്തെ അപമാനം കാണ്മാൻ അമ്മയും ഞാനും ശേഷിക്കുമെന്നു വിചാരിക്കേണ്ട. ഇതെന്തു ദുസ്സ്വഭാവം? വീരന്മാർക്ക് ഒരു നില വേണ്ടയോ? പോറ്റീടെ അടുത്തുനിന്നു കുറച്ചുകൂടി പഠിക്കേണ്ടതായിരുന്നു. ദിവാൻജി അമ്മാവന്റെകൂടി താമസിച്ചിട്ടും അവിടുത്തെ അമർച്ച ഇത്തിരിയെങ്കിലും പഠിച്ചില്ലല്ലോ!"

ത്രിവിക്രമകുമാരൻ: "ഞാൻ എന്തു ചെയ്യും? ജാതീന്നു തള്ളി കഷ്ടപ്പെടുമ്പോൾ വെറുതേ ശകാരിക്കയുംകൂടി ചെയ്യരുത്. സാവിത്രിക്കുട്ടിക്ക് അല്ലെങ്കിലുംതന്നെ ദയ എന്നൊന്നില്ല."

സാവിത്രി: "ചേട്ടനു ക്ഷമയുമില്ല. ആളും തരവും അറിവാനും പാടില്ല. കൂടിക്കളിച്ച ചേട്ടൻ തീരെ മാറിപ്പോയി. ജാതിയിൽനിന്നു തള്ളിയോ? ആര്? പോണം, വീരശങ്ങല എന്റെ കൈയിലിരിക്കും. എന്റെ പൊന്നുചേട്ടൻ എന്തായാലും ഇപ്പോൾ പോകണം. പറയുന്നതു കേൾക്കണം."

ത്രിവിക്രമകുമാരൻ: (അക്ഷമകൊണ്ടുള്ള പേപറച്ചിലായി) "കൂടി എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം. അതു പരിചയിച്ചവനല്ലയോ? എന്റെ ജീവനെങ്കിൽ കൂടിപ്പോരിക. അല്ലെങ്കിൽ എന്റെ സാവിത്രിയെ ഞാൻ പിന്നെ എന്നു കാണും? യുദ്ധത്തിന് ഇന്നോ നാളെയോ പോകേണ്ടിവരും. ഈ മുടിഞ്ഞ കന്നക്കോലുകാരൻ തമ്പുരാൻ ഇവിടെ കിടക്കുകയും ചെയ്യും."

സാവിത്രി: "പോയി ജയിച്ചുവരണം. ഇയ്യാൾ ഇവിടെ കിടക്കട്ടെ. ചേട്ടനെന്തുചേതം?"

ത്രിവിക്രമകുമാരൻ: (കണ്ഠം ഇടറി) "പിന്നെ വന്നില്ലെങ്കിലോ?"

സാവിത്രി: "രണ്ടായായും ഞാൻകൂടിയുണ്ട്. പൊയ്ക്കൊള്ളണം. അച്ഛനും അമ്മയും അറിയരുത്." [ 78 ]

ത്രിവിക്രമകുമാരൻ: "സാവിത്രിയെ അച്ഛൻ നിർബന്ധിച്ചാലോ?"

സാവിത്രി: "ഞാൻ അല്ലെങ്കിൽ എന്റെ ആത്മാവു കൂടിയുണ്ട് എന്നു പറയുന്നു. ഈശ്വരനല്ലേ സാക്ഷി? ഇനി നടക്കണം."

ത്രിവിക്രമകുമാരന്റെ ഹസ്തം മുമ്പോട്ടു നീട്ടപ്പെട്ടു. അതിന്മേൽ പതിഞ്ഞതു കങ്കണവലയിതങ്ങളായ പാണിദ്വന്ദ്വം ആയിരുന്നു. ആരാധിതനാകുന്ന പുരുഷനിൽ സ്വാത്മാനന്ദത്തെ സകൃപം സമർപ്പണം ചെയ്യുന്നതിൽ സ്ത്രീമഹത്വം പ്രത്യക്ഷമാകുന്നു. ആ വർഗ്ഗത്തിന്റെ പ്രേമം സൂര്യതാപത്തിൽ വാടിപ്പോകുന്ന കുസുമബലംപോലെ ആണ്. സാവിത്രിയിലോ പുരുഷത്ത്വം മുന്നിട്ടുനിന്നിരുന്നു. എങ്കിലും വ്യസനം, ദുരന്തം എന്നിതുകളുടെ ദർശനത്തിൽ അവൾ അവലംബദായകമായുള്ള ഹസ്തത്തെ ആരാഞ്ഞുപോയി. ത്രിവിക്രമൻ സ്രഷ്ടാവാൽത്തന്നെ പ്രണയപ്രദാനത്തിന് ഉദ്ദിഷ്ടനായുള്ള ഒരു പ്രതിഷ്ഠയും ആയിരുന്നു. സാവിത്രി പ്രണയഭ്രാന്തയായി സ്വകാമുകന്റെ വക്ഷസ്സിൽ ദ്രുതപ്രപാതം ചെയ്തില്ലെങ്കിലും അവളുടെ ഹസ്തതലസമർപ്പണം ആ യുവഭാഗ്യവാനെക്കൊണ്ട് അയാളെ ആവരണംചെയ്തിരുന്ന വായുവിൽ അവളുടെ പരിപാവനാത്മാവിന്റെ സൗരഭ്യത്തെ ശ്വസിപ്പിച്ചു. തൽഫലം ആ മനോഹരവപുസ്സുകൾ രണ്ടും പരിരംഭണക്രിയയിൽ സംയോജിച്ചു. കാരണം, പ്രകൃതിയാകുന്ന വിശ്വജൗതിഷിയോടു ചോദിച്ചറിഞ്ഞുകൊള്ളുക.

അജിതസിംഹന്റെ ഗൂഢോദ്ദേശ്യം അനുസരിച്ചു നടന്ന സംഭാഷണം അർദ്ധരാത്രിവരെ എത്തി. തന്നെ ഭരമേല്പിച്ചിട്ടുള്ള മർമ്മോദ്ദേശ്യങ്ങളെ നിർവഹിപ്പാൻ ഇനി പുറപ്പെട്ടുകൊള്ളാമെന്നു നിശ്ചയിച്ച് അദ്ദേഹം ലന്തപീഠത്തിന്മേൽനിന്നു ചാടി എഴുന്നേറ്റു, രഹസ്യാലോചനയ്ക്കെന്നുള്ള പ്രത്യക്ഷനാട്യത്തോടെ ഉണ്ണിത്താന്റെ ഹസ്തം ഗ്രഹിച്ചുകൊണ്ടു പടിഞ്ഞാറേ മുറിയിലേക്കു പാഞ്ഞു. ആ നരകന്റെ പ്രവേശനം ഭട്ടബാണഭവഭൂതികളുടെ നട്ടെല്ലുകൾ ഒടിച്ചു. ആ സംഘട്ടനങ്ങൾ തൃക്കാലുകളെ നോവിക്കുകയാൽ, അജിതസിംഹൻ തെന്നിമാറി അമരസിംഹന്റെ വാരിയെല്ലുകളിന്മേൽ പാദകമലങ്ങൾ ഉറപ്പിച്ചു നിലംപറ്റാതെ രക്ഷപ്പെട്ടു. അപകടഭൂയിഷ്ഠമായ ആ രംഗം ആലോചനയ്ക്കു കൊള്ളുകയില്ലെന്നു നിശ്ചയിച്ചു നമ്മുടെ രഘുപുംഗവൻ പുറത്തുചാടി ഒന്നുരണ്ടു തളങ്ങളെ തരണംചെയ്തു, ദീപത്താൽ പ്രശോഭിതമായുള്ള ഒരു മുറി കണ്ട് അതിനകത്തോട്ടു ചാടിക്കടന്നു. ജീവാന്തംവരെയുള്ള ആത്മബന്ധത്തിനു പ്രതിജ്ഞചെയ്തിട്ട് ആ ബന്ധത്തിന്റെ പവിത്രതയെക്കുറിച്ചു ധ്യാനത്തിൽ സ്ഥിതിചെയ്തിരുന്ന സാവിത്രി ആ വിരാട്ടിന്റെ അപ്രതീക്ഷിതവും അപമര്യാദയുമായുള്ള പ്രവേശനം കണ്ടു ചാടി എഴുന്നേറ്റ് ആ ഖലന്റെ നേർക്കു ചില ജൃംഭകാസ്ത്രങ്ങൾ മോചിപ്പിച്ചു. അഭിമാനികളെ കാലപദം ചേർക്കുമായിരുന്ന ആ ശസ്ത്രങ്ങൾ അവയുടെ ലാക്കായ ഹൃദയത്തെ സാക്ഷാൽ പഞ്ചശരങ്ങളുടെ വൃഷ്ടിപാതംപോലെ രമിപ്പിച്ചു. തന്റെ ഹൃദയത്തെ ആനന്ദസേചനം ചെയ്ത ആ സൗഭാഗ്യമധുരിമയെ അജിതസിംഹൻ നേത്രങ്ങളായ രസനദ്വന്ദ്വത്താൽ ആസ്വദിച്ചുതുടങ്ങിയപ്പോൾ [ 79 ] സാവിത്രി പ്രൗഢമായ ആദരവിനയങ്ങളോടെ ആ മുറിയിൽനിന്നു നിഷ്ക്രാന്തയായി. ആ കനകചന്ദ്രികയുടെ അസ്തമയം അജിതസിംഹന്റെ ചിത്തവീഥിയിൽ അതിനിബിഡമായ തിമിരപടലത്തെ വ്യാപരിപ്പിച്ചു. മുറിക്കകത്തു നടന്ന സംഭവങ്ങൾ കന്യകയുടെ സഖിയായ കുഞ്ഞിപ്പെണ്ണിന്റെ ഒരു മനോഹരസ്വപ്നത്തെ ഭഞ്ജിക്കുകയാൽ അവൾ ഞെട്ടി എഴുന്നേറ്റു കണ്ട വഴിയേ ചാടി വസ്ത്രത്തിൽ തീ പിടിപ്പിച്ചു. ആ അനലപ്രസാദത്തെ നിരാകരിച്ചുണ്ടായ അവളുടെ സാഹസങ്ങൾ അറയെ പ്രശോഭിപ്പിച്ചുകൊണ്ടിരുന്ന ദീപത്തെയും പൊലിപ്പിച്ചു.

ഈ സംഭവം ഒരു ദുശ്ശകുനമായി അറയ്ക്കുള്ളിൽ നിന്നിരുന്ന രണ്ട് ഉദ്ധതകായന്മാരെയും പീഡിപ്പിച്ചു. പൊലിഞ്ഞ ദീപം ഉണ്ണിത്താന്റെ ശാസനയാൽ വീണ്ടും പ്രശോഭിപ്പിക്കപ്പെട്ടപ്പോൾ, മുമ്പിൽ നില്ക്കുന്ന പുരുഷൻ അതുവരെ തന്റെ പരിഹാസമർമ്മത്തെ ഓരോ ക്രിയയാലും മാന്തിക്കൊണ്ടിരുന്ന ജളപ്രവീണൻ അല്ലെന്നു കണ്ട് ഉണ്ണിത്താൻ ആശ്ചര്യപ്പെട്ടു. ഇട്ടുണ്ണിക്കണ്ടപ്പന്റെ പ്രണിധിയായ ബബ്‌ലേശ്വരൻ തന്റെ രംഗപ്രകടനത്തിന്റെ ക്രമത്തെ കാര്യനിർവ്വഹണാരംഭത്തിനു ചേരുംവണ്ണം രൂപാന്തരപ്പെടുത്തിയിരിക്കുന്നു. സാവിത്രിയുടെ ശയ്യയിന്മേൽ ആസനസ്ഥനായിക്കൊണ്ട് ആ സമഗ്രകുടിലൻ അതുവരെയുള്ള ഭാഷാരീതിയെയും സ്വരവിശേഷങ്ങളെയും അല്പമൊന്നു മാറ്റി, പല രാജസ്ഥാനങ്ങളിലും പരിചയിച്ചിട്ടുള്ള ഒരു ഭരണനയാഢ്യന്റെ വൈഭവത്തെ പ്രകടിപ്പിച്ചുതുടങ്ങി. ആദ്യമായി ഉണ്ണിത്താന് ഒരു ആജ്ഞകൊടുത്തൻ അദ്ദേഹത്തെക്കൊണ്ട് അവിഹിതമായുള്ള ഒരു ദാസ്യത്തെ അനുഷ്ഠിപ്പിച്ചു. "കേട്ട്വോ ഉണ്ണിത്താൻ! നോം പരസ്പരം ഹൃദയങ്ങൾ തുറന്നു ശകലം കൈമാറുക. നുമ്മടെ രഹസ്യങ്ങൾ വല്ലോരും ഉറ്റുകേട്ടാൽ അമാന്തം. ഒന്നു ചുറ്റിനോക്കിപ്പോരിക."

ഈ രാജശാസനം കേട്ട് അജിതസിംഹൻ സിംഹാസനയോഗ്യനായ നയജ്ഞൻതന്നെ എന്ന് അനുമാനിച്ചുകൊണ്ട് ഉണ്ണിത്താൻ ഗൃഹത്തിന്റെ നാനാഭാഗങ്ങളിലും ചുറ്റിനടന്നു, ചില ഊർജ്ജിതമായ നിഷ്കർഷകളാൽ ഭവനത്തിൽ ശേഷിച്ചിരുന്ന ആളുകളെ കേൾക്കാൻ പാടില്ലാത്ത ദൂരങ്ങളിൽ ആക്കി മടങ്ങി എത്തി, സമീപത്ത് ആരും ഇല്ലെന്ന് ഉണർത്തിച്ചപ്പോൾ, തന്റെ അകമ്പടിക്കാരും കൊടന്തയാശാനും എന്തു ചെയ്യുന്നു എന്ന് അജിതസിംഹൻ പ്രത്യേകിച്ചു ചോദിച്ചു. ആ ആളുകൾ ആരെയും അവിടെയെങ്ങും കാണ്മാനില്ലെന്ന് ഉണ്ണിത്താൻ ധരിപ്പിച്ചപ്പോൾ എന്തോ സംഗതിയോ ആന്തരമായി അഭിനന്ദിക്കുന്ന ഒരു രസം അജിതസിംഹന്റെ മുഖത്തു സ്ഫുരിച്ചു. ഇതു സൂക്ഷിക്കുകയോ ഗ്രഹിക്കുകയോ ചെയ്യാതെ നിന്ന ഉണ്ണിത്താനോട് അജിതസിംഹൻ ജാമാതൃസ്ഥാനം സ്വീകരിച്ചുള്ള നിലയിൽ അരുളപ്പാടുകൾ തുടങ്ങി. "ദേ, കാർണ്ണോരെ! എന്തായാലും നുമ്മട ഭാഗ്യംകൊണ്ട് ഇന്നിങ്ങോട്ടു പോന്നു. സാവിത്രീനെ പരിഗ്രഹിക്ക മനസാ ചെയ്തുകയിഞ്ഞു. വേണ്ട ക്രിയകൾ താമസിക്കാണ്ടു നടത്തുക. ഓളു കോലോത്തു പോന്നാൽ വയിപോലെ, നോം രക്ഷിക്കും." [ 80 ] അച്ഛനെ കാണണമെന്നാഗ്രഹിക്കാണ്ട് നോം പരിലാളിക്കും." ഈ ആർദ്രത ഉണ്ണിത്താന്റെ ഹൃദയത്തെയും ദ്രവിപ്പിച്ചു. "അതങ്ങനെ- ഇനീം നോം രണ്ടുപേരും മനുഷ്യര്. ക്രോധമത്സരങ്ങൾ എന്നവറ്റയ്ക്കു-" (വിരമിച്ച് അവശ്യവിഷയത്തിൽ പ്രേവശിക്കുന്ന നാട്യത്തിൽ) "ദേ! ഒന്നു ചോദിച്ചോട്ടെ, ആ കേശോനേ- നിങ്ങടെ ദിവാൻജി-ഓനെ, വിവാഹത്തിനു ക്ഷണിക്കണോ? എന്താ ഭാവം?"

വിവാഹകാര്യം തീർച്ചപ്പെട്ടതിനാൽ, വിദ്വാനായ ഉണ്ണിത്താൻ മനസ്സുകൊണ്ടു ദിവസവും നിശ്ചയിച്ചിട്ടു ക്ഷണത്തിൽ മറുപടി പറഞ്ഞു: "ക്ഷണിച്ചേ തീരൂ എന്നവിധത്തിൽ ഞങ്ങൾ തമ്മിൽ ചാർച്ചയൊന്നുമില്ല. അടിയന്തിരം ചിലമ്പിനഴിയത്തുവച്ചു നടത്താമെന്ന് ആലോചിക്കുന്നതുകൊണ്ട് അത്ര ദൂരത്തും ഈ സമയത്തും അദ്ദേഹത്തെ കൊണ്ടുപോകുന്നത് വേണ്ടെന്നുവയ്ക്കാവുന്നതാണ്"

അജിതസിംഹൻ: (ഇട്ടുണ്ണിക്കണ്ടപ്പരുടെ നിയോഗങ്ങളിൽ ഒന്നു നിർവ്വഹിക്കാനുള്ള തക്കം ഉണ്ടാവുകയാൽ) "ഹാ! ചെലമ്പിലിയയം! അതിന്റെ ദൗലത്തു നോം കേട്ടിട്ടുണ്ട്. അവിടെ പാർക്കുന്ന കാർണ്ണോര്?"

ഉണ്ണിത്താൻ: "അടിയൻതന്നെയാണ് ഇപ്പോളത്തെ കാരണവര്."

അജിതസിംഹൻ: "'അടിയ'നോ! ഐ! അലോഗ്യം! മുമ്പിലത്തെ കാർണ്ണോർ ഇപ്പയ്-?"

നെഞ്ചിൽ ഒരു ശൂലം കൊണ്ടതുപോലെ ഉണ്ണിത്താൻ മലരാൻ തുടങ്ങി. ആ ഇടയിൽ തനിക്കു കിട്ടിയ ലേഖനത്തെ സ്മരിക്കകൂടി ചെയ്കയാൽ, അദ്ദേഹത്തിന്റെ മുഖം വിളറി, 'അങ്ങനെ സ്വരം താഴട്ടെ. എന്നാൽ വളയ്ക്കയേ പാടുള്ളു, ഒടിക്കാൻ പാടില്ല' എന്നിങ്ങനെ നിശ്ചയിച്ചുകൊണ്ട് അജിതസിംഹൻ മന്ദമായി ഒന്നു ചിരിച്ചുകളഞ്ഞു. അദ്ദേഹത്തിന്റെ കർണ്ണങ്ങൾ പരിസരസ്ഥിതികൾ ഗ്രഹിപ്പാൻ ഗാഢമായി ദത്തമാവുകയും ചെയ്തു. എങ്കിലും ഉണ്ണിത്താന്റെ ശ്രദ്ധ ആ അവസ്ഥകളിൽ പതിയാതിരിപ്പാൻ, അതിനെ തന്റെ നിയാമകശക്തിക്ക് അധീനമാക്കുന്നതിനുള്ള ആഭിചാരകർമ്മമായി സ്വസംഭാഷണത്തെ ഇങ്ങനെ തുടർന്നു: "എന്താ ചിന്തിച്ചുവന്നത്? ആ കേശവകുടിലന്റെ വിഷയം. ഓൻ-എന്താ ഓന്റെ ദുര! അകംതന്നെ-"

'നീചം' എന്നുള്ള അർത്ഥത്തിൽ വിരലുകൾ തെറിച്ചുകൊണ്ട് കുലശേഖരപ്പെരുമാൾ ശുദ്ധാത്മാവാണെന്നും സമ്പാതി ആയി ഗുഹാവാസം അനുഷ്ഠിക്കുന്ന ആർക്കാട്ടു നവാബോടും 'ഇങ്കിരിയസ്സുകാർ' എന്നൊരുവക സിംഹദ്വീപന്മാരോടും 'ഓൻ' സഖ്യംചെയ്യിച്ചിരിക്കുന്നതു തക്കംകിട്ടുമെങ്കിൽ ടിപ്പുവോട് ആക്കി, ആ വ്യാഘ്രത്തിനു രാജ്യത്തെ പണയപ്പെടുത്തിക്കൊടുക്കുമെന്നും പ്രസംഗിച്ചു. ദിവാൻജിയെക്കുറിച്ചുള്ള ദുരഭിപ്രായത്തോടു പൊതുവിൽ സഹൃദയത്വം അഭിനയിച്ചുകൊണ്ടു രാജ്യകാര്യങ്ങളിൽ അദ്ദേഹം അമാനുഷവിദഗ്ദ്ധനും തൃപ്പാദങ്ങളെക്കുറിച്ചു നിസ്തുലഭക്തനും ആണെന്ന് ഉണ്ണിത്താൻ വാദിച്ചു. അജിതസിംഹൻ പൊക്കിയ ചുവട് പുറകോട്ടു വാങ്ങിക്കൊണ്ട്, അടുത്ത അടി ഉയർത്തി. [ 81 ]

ആനന്തരഭാഷണം, തിരുവിതാംകൂറിലെയും ടിപ്പുവിന്റെയും സേനാസന്നാഹങ്ങളുടെ പോരും പോരായ്മകളെക്കുറിച്ചുള്ള വിവേചനത്തിലേക്കു തിരിഞ്ഞു. ടിപ്പുവിന്റെ സേനാധിപനാൽ നയിക്കപ്പെടുന്ന അക്ഷൗഹിണികൾ ഗോമാംസഭുക്കുകളായുള്ള രാക്ഷസന്മാരാണെന്നും കുലശേഖരപ്പെരുമാളെയോ സ്വകുലരാജ്യങ്ങളെയോ സ്വസമുദായാചാരങ്ങളെയോ കുറിച്ച് അഭിമാനമുള്ളവർ അനുഷ്ഠിക്കേണ്ട പദ്ധതികൾ ഇന്നിന്നതാണെന്നും അജിതസിംഹൻ, പരശുരാമൻ നടിച്ചു, ഗ്രാമം അറുപത്തിനാലിന്റെയും മുമ്പിലെന്നപോലെ അരുളിച്ചെയ്തു. മായാശസ്ത്രധാരികളായി ആക്രമിക്കാൻ അടുക്കുന്ന ഇന്ദ്രജിത്തുകളെ വെല്ലണമെങ്കിൽ, ബ്രഹ്മവൈഷ്ണവാദിശസ്ത്രങ്ങൾ പ്രയോഗിപ്പാൻ വിരുതുള്ള ഒരു പ്രത്യേകസൈന്യത്തെ, മഹാരാജാവെക്കുറിച്ചു നിർവ്യാജഭക്തിയുള്ള മഹാനുഭാവന്മാർ ശേഖരിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടിട്ട് തന്റെ നാട്ടിൽനിന്നു ഗൂഢമാർഗ്ഗങ്ങളിലൂടെ പതിനായിരത്തിൽപ്പരം പദാതിയെ താൻ വരുത്തുന്നുണ്ടെന്നുള്ള രഹസ്യത്തെയും പൊഴിച്ചു. ഉണ്ണീത്താൻ സ്വരാജ്യഭക്തിയാൽ തെളിഞ്ഞു, അഭിനന്ദനഭാവത്തിൽ ആ പ്രാസംഗികനെ നോക്കി നിന്നപ്പോൾ, ത്യാഗധീരനായ ആ നവചേരമാൻ ഇങ്ങനെ കല്പിച്ചു: "അതു പോരാ കാർണ്ണോരേ! ഓരേ ഉന്മേഷിപ്പിക്കാൻ ഇവിടെയും ചിലതുണ്ടാകുക- അല്ലാണ്ടെന്തു നലം, കുലം, ബലം?"

ഉണ്ണിത്താൻ: "അടിയൻ തിരുമനസ്സിലേക്കുവേണ്ടി എന്തു ചെയ്‌വാനും ഒരുക്കമുണ്ട്."

അജിതസിംഹൻ: "നാവുകൊണ്ടു പറഞ്ഞാൽ മതിയോ? ആളും പൊരുളും, ഇറക്കിന്. കിടയായിട്ടു പത്തുപരിഷയിനത്തരുവിന്. കളരിക്കു കുറുപ്പും കയ്മളുമാവാൻ മരുമഹനുണ്ട്. വിശ്വസിക്കുക."

ഉണ്ണിത്താൻ: "കല്പനയുണ്ടെങ്കിൽ ഹാജരാക്കാം. മന്ത്രിയും സേനാനായകന്മാരും വേണ്ട വ്യവസ്ഥകൾ ചെയ്യുമ്പോൾ ഇടയ്ക്കുചാടി അടിയങ്ങടെ അനഭിജ്ഞതകൊണ്ടു വല്ല അപകടങ്ങളും ഉണ്ടാക്കിയതായിവന്നുകൂടാ എന്ന് അടങ്ങി ഇരിക്കയാണ്."

അജിതസിംഹൻ: "കല്പനയോ? ഏതു കല്പനയാണു വേണ്ടത്? നോം തരുന്നതു കല്പനയല്ലേ? കുലശേഖരപ്പെരുമാൾ നുമ്മൾക്കും കുലദൈവതമല്ലേ? അവിശ്വാസമെങ്കിൽ മരുമഹനാവട്ടെ - എന്താ അത്? ആ പെണ്ണെത്തൊട്ട ഭഗവാൻ മറ്റു വല്ലടത്തും അഷ്ടി തുടങ്ങിയോ? ഹേ! നരമേധമാണ്. ഹോ! കഷ്ടേ! ടിപ്പുവിന്റെ പട ഇങ്ങോട്ടു കടന്നുകൂടീന്നോ? ഭയങ്കരം! ഭയങ്കരം!"

നന്തിയത്തുമഠത്തിനു രണ്ടുമൂന്നു പറമ്പിട വടക്കുള്ള കാരാഗൃഹത്തിൽനിന്നു പ്രക്ഷോഭകരമായ ഒരു മഹാരവം പൊങ്ങുന്നുണ്ടെന്ന് ഉണ്ണിത്താൻ ഗ്രഹിച്ചു, സംഗതി ആരാഞ്ഞുവരാൻ ഭൃത്യന്മാരെ വിളിച്ചുതുടങ്ങി. അജിതസിംഹൻ പല്ലുതെളിച്ചുകാട്ടി, എന്തോ നിസ്സാരസംഭവമാണെന്നു നടിച്ചുകൊണ്ട് സാഹസപ്പെടാൻ പോകേണ്ടെന്ന് ആജ്ഞാപിച്ചു.

ബന്ധനശാല നില്ക്കുന്ന ദിക്കിൽനിന്നുള്ള ശബ്ദം മുഴുത്തു [ 82 ] സമീപപ്രദേശവാസികളെയും ഉണർത്തി ഒരു മഹാകലാപം ആരംഭിപ്പിച്ചു. വിഭ്രമിച്ചുണർന്ന ആബാലവൃദ്ധം ജനങ്ങളുടെ ഏകോപിച്ചുള്ള മഹാരവം കേട്ടു, "ഡാ! ഉണ്ണിച്ചാത്താ! ചാത്തൂട്ടീ!" എന്നുള്ള വിളികളോടെ, ശത്രുഭഞ്ജനത്തിനെന്ന നാട്യത്തിൽ, വടിവാളും ഊരിക്കൊണ്ടുതന്നെ അജിതസിംഹൻ പ്രവേശനത്തളത്തിലേക്കു ദ്രുതതരഗതിയിൽ മടങ്ങി. ഉണ്ണിത്താൻ ആ കലാപാരംഭത്തിലും ദുശ്ശകുനം ദർശിച്ച് ആകുലനായി അജിതസിംഹനോടൊന്നിച്ചു മുൻതളത്തിൽ എത്തിയപ്പോൾ, ഗൃഹങ്ങളിലെ ഭൃത്യന്മാരും അജിതസിംഹന്റെ അകമ്പടിക്കാരും ചുറ്റിക്കൂടി നിലകൊണ്ടിരുന്നു. ഈ കൂട്ടത്തിലെ 'വിഡ്ഢി' വേഷക്കാരനായി, അപ്പോൾ സംഭവിച്ച കലാപത്താൽ ഭീതനാക്കപ്പെട്ട കൊടന്തയാശാൻ വിറച്ചു വികൃതനൃത്തങ്ങൾ തുള്ളിക്കൊണ്ടിരുന്നു. കലാപകാരണം അറിഞ്ഞുവരുവാൻ സ്വഭൃത്യരോടു വീണ്ടും ഉണ്ണിത്താൻ ആജ്ഞാപിച്ചു. അവർ പുറപ്പെടാൻ തുടങ്ങിയപ്പോഴേക്ക് ആ പ്രദേശത്തെ ഇളക്കിത്തുടങ്ങിയിരുന്ന ഘോഷങ്ങൾ പൊടുന്നനെ ശമിച്ചു. ഒന്നും അറിയാത്ത വിദേശീയനും ആ നിസ്സാരവിഷയത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കാത്ത വീരനും എന്നുള്ള നാട്യത്തോട് അജിതസിംഹൻ യാത്രാനുമതിക്കെന്ന അർത്ഥത്തിൽ ഉണ്ണിത്താന്റെ ഹസ്തങ്ങൾ ഗ്രഹിച്ചു. അദ്ദേഹം സപുളകം ഉപചാരസ്വീകാരമായി അത്യാദരത്തോടെ നീട്ടിയ ഹസ്തങ്ങളിൽ ഒന്നിനെ പിടിച്ചുകൊണ്ടു, അജിതസിംഹൻ പാദുകങ്ങളിന്മേൽ കയറി യാത്ര ആരംഭിച്ചു. മുമ്പിലത്തെ സംഖ്യയിൽ ഒരെണ്ണം കൂടിയിരിക്കുന്ന അകമ്പടിക്കാർ അദ്ദേഹത്തെ തുടർന്നു. അനുയാത്ര എന്നുള്ള മര്യാദയായി ഹസ്തത്തെ വിടുവിക്കാൻ നോക്കാതെ നടന്നുതുടങ്ങിയ ഉണ്ണിത്താൻ അദ്ദേഹത്തിന്റെ ഭൃത്യന്മാരാലും കൊടന്തയാശാനാലും പ്രിസേവ്യനായി അജിത്സിംഹനെത്തുടർന്ന് അവിടുത്തെ നിലയനത്തിനകംവരെ എഴുന്നള്ളിച്ചു മടങ്ങേണ്ടിവന്നു.

ഇങ്ങനെ ശ്രീവഞ്ചീശ്വരപ്രഭാവജ്ഞൻ, തിരുമനസ്സിലെ പ്രജകളിൽ അഗ്ര്യപദമാളുന്ന പണ്ഡിതശിരോമണി, കേശവനുണ്ണിത്താനായ രാജഭക്തോത്തംസംതാൻ അറിയാതെ അതിഘോരമായ ഒരു രാജദ്രോഹകർമ്മത്തിൽ സാക്ഷിയും സഹായിയും ആ മഹാപരാധത്തിൽ ഭാഗഭാക്കും ആയി.