രാമരാജാബഹദൂർ/അദ്ധ്യായം ആറ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ആറ്
[ 61 ]
അദ്ധ്യായം ആറ്
"അദ്യാതിവീരന്മാർകളിലാദ്യനായ് വാണീടുന്ന
വിദ്യുജ്ജിഹ്വനെയിങ്ങു വരുത്തുക വിഭീഷണം."


പ്രണയമകരന്ദം ദൈനന്ദിന ഭക്ഷ്യമായിപ്പരിചയിക്കുന്ന ദേഹികൾ അതിന്റെ ദൗർലഭ്യത്തിൽ ഉദരക്ഷുത്തിന്റെ പരിണാമമായുള്ള ചരമശാന്തിയെത്തന്നെ ഭുജിച്ച്, നിർവൃതി നേടേണ്ട സ്ഥിതിയിൽ എത്തിപ്പോകുന്നു. ഭിക്ഷാപാത്രങ്ങളുടെയോ യമികമണ്ഡലുകളുടെയോ പ്രയോഗത്താലും സുലഭമാകാത്തതായ ഈ ബ്രഹ്മാമൃതം സ്വതസ്സ്വീകൃതമായ കുസുമകർണ്ണികയിൽനിന്നുതന്നെ സമുല്പന്നമാകേണ്ടതുമാണ്. ഈ തത്ത്വങ്ങളുടെ യാഥാർത്ഥ്യത്താൽ, സ്വഭർത്താവിന്റെ കമനസ്വരൂപത്തെ ഒരു രൗദ്രവിഷ്കംഭത്തിലെ വിശ്വഹർത്താവേഷം ധരിച്ചുള്ള പ്രചണ്ഡനടനത്തിൽ കണ്ടതുമുതൽ അനിവാര്യമെന്നു തോന്നിയതായ പരിണാമം പ്രതീക്ഷിച്ച് മീനാക്ഷിഅമ്മ ദർഭശയ്യയെ അവലംബിച്ചു. സാവിത്രിയും സ്വകുടുംബധർമ്മത്തിനു ചേരുന്നതായ ഗൃധൃണീത്വത്തോടെ ഭ്രസംഗാനുരക്തിയെ ഖണ്ഡിച്ച് ഏകാകിനീത്വം ആചരിച്ചു. എന്നാൽ മല്ലയുദ്ധം കഴിഞ്ഞ ദിനാരംഭത്തിൽ മീനാക്ഷിഅമ്മയുടെ തീവ്രമായ നിർവ്വാണധ്യാനത്തെ കൊടന്തയാശാനായ മഞ്ജുവചനന്റെ പ്രവേശം ഭഞ്ജിച്ചു. രാജധാനിയിലെ പൗരജനങ്ങളും അവിടെ എത്തിയിരിക്കുന്ന ഭടസംഘങ്ങളും ആധിവിവശന്മാരായി ചരിക്കുകയും വേഷപ്രച്ഛന്നനായി അന്നെത്തെ സൂര്യൻ ദുശ്ശകുനകാരിണിയായ വിധവയെപ്പോലെ ശുഭ്രവസ്ത്രത്താൽ ആച്ഛാദിതമായ ശിരസ്സോടെ ഉദിക്കുകയും ചെയ്യുന്നുവെങ്കിലും ലോകഭാസനക്രിയയെ ആശാന്റെ മുഖഭാസ്കരത്വം യഥാക്രമം നിർവ്വഹിക്കുന്നു. ആ മഹതിക്ക് അഭിരുചി ജനിപ്പിക്കാത്തതായ മല്ലയുദ്ധച്ചടങ്ങുകളെ ആശാൻ വാഗ്ധാടിയോടെ വർണ്ണിച്ചു. അഴകൻപിള്ളയുടെയും കണ്ഠീരവരായരുടെയും രാഗവർണ്ണന കഴിഞ്ഞ്, രണ്ടാമത്തെ വൈദഗ്ദ്ധ്യപരീക്ഷണത്തെക്കുറിച്ചു കഥനം ആരംഭിച്ചപ്പോൾ ആശാന്റെ ധർമ്മപുടത്തിൽ ഉദിച്ചതായ ഒരു ദർശനത്തിന്റെ പ്രക്ഷേപണം ഉണ്ടായി. "എന്റെ [ 62 ] കുഞ്ഞമ്മേ!" ധർമ്മയുദ്ധത്തിൽ ചിലതെല്ലാം പ്രയോഗിച്ചുകൂടാ. കുട്ടൻപിള്ള രായരെ തോല്പിച്ചതു ശരിതന്നെ. മർമ്മവിദ്യകൊണ്ടാണ് ജയിച്ചത്. രായർ മലർന്നു വാപിളർന്നുപോയി. അവിടെ നിന്നവർ കരഞ്ഞു. ഞങ്ങൾ വലിയാന്മാരായിരുന്നപ്പോൾ ഉള്ള ഗ്രന്ഥങ്ങൾ ഇന്നും വീട്ടിലെ തട്ടിൻപുറത്തുണ്ട്. അതിൽ പറയുന്നു ഇങ്ങനെയുള്ള ക്രിയ ചതിവാണെന്ന്. രായർ തിരുമേനിയെ കൊല്ലാനും മറ്റും തുടങ്ങിയില്ല. തൃക്കൈകൊണ്ടു വാളെടുക്കുന്ന ശ്രമം ചെയ്യണ്ടായെന്നു വിചാരിച്ച് അയാൾ മുന്നോട്ടു നീങ്ങി തിരുമേനിയെ സഹായിച്ചു. അല്ലാണ്ട് ആ ആൾക്കൂട്ടത്തിനിടയിൽ ആരെങ്കിലും തന്നത്താൻ ചാവാനുള്ള വഴി തുടങ്ങുമോ? ആകപ്പാടെ 'നായർ' എന്ന പേരുതന്നെ പരദേശികളുടെ ഇടയിൽ നാറ്റിക്കളഞ്ഞു."

ത്രിവിക്രമകുമാരന്റെ സ്വഭാവഗുണങ്ങളെ ബാല്യം മുതൽ അറിഞ്ഞിരുന്ന മീനാക്ഷിഅമ്മ, ആശാന്റെ കഥനത്തിൽ ഒരു വാക്കുപോലും വിശ്വസിച്ചില്ല. അനിരോധിതൻ എന്നുകണ്ട് അധർമ്മക്രിയകളെ ത്രിവിക്രമകുമാരനിൽ ചുമത്തി സമുദായത്തിനുതന്നെയും ആ യുവാവുമൂലം മാനഹാനി വന്നിരിക്കുന്നു എന്നുകൂടിക്കൊണ്ടു കൊള്ളിക്കുവാൻ ആശാൻ മുതിർന്നപ്പോൾ മീനാക്ഷിഅമ്മ തന്റെ മൗനവ്രതത്തെ, ബന്ധുജനങ്ങളെപ്പറ്റിയുള്ള അഭിമാനം നിമിത്തം തല്ക്കാലത്തേക്കു ലംഘിച്ചു "നിൽക്കണേ കുറച്ച്, ഇതെല്ലാം ആരോടു പറയുന്നു? എന്റെ മടിയിൽ വളർന്നിട്ടുള്ളവനാണ് ത്രിവിക്രമൻ. ശാസിച്ചു വളർത്തിയതു പടത്തലവനമ്മാവനുമാണ്. അച്ഛന്റെ ധർമ്മതല്പരത അറിഞ്ഞിട്ടാില്ലാത്തവർ ഈ സ്ഥലങ്ങളിൽ ചുരുക്കമല്ലയോ? ചെമ്പകശ്ശേരിക്കാരുടെ അവസ്ഥ എന്തെന്നു കൊടന്ത വിചാരിക്കുന്നു? മിണ്ടണ്ടാ; എനിക്കൊന്നും കേൾക്കണ്ടാ. ദ്രോഹം പറഞ്ഞാൽ ശിക്ഷ ദൈവത്തിൽനിന്നും കിട്ടും. ആശാൻ എന്തു കാരണത്താലോ മുമ്പിലത്തെ നില മാറി ഇപ്പോൾ കുറച്ചു തന്റേടം കാണിക്കുന്നു. എന്നെ ഉപദ്രവിക്കാൻ ഇങ്ങോട്ടു കടക്കരുത്."

കാണ്ടാമൃഗചർമ്മക്കാരനായ ആശാൻ ഇങ്ങനെ അപഹസിക്കപ്പെട്ടിട്ടും അമ്പു കൊണ്ട സൂകരത്തെപ്പോലെ വിജൃംഭിതവീര്യനായി. എന്നാൽ മുന്നോട്ടു പായുന്നതു ബുദ്ധിപൂർവ്വതയല്ലെന്നു പൂർവ്വാനുഭവങ്ങൾകൊണ്ട് അറിഞ്ഞിരുന്ന ആ സൂകരാത്മാവൂ കാലുറപ്പിച്ചു വാൽ ചുഴറ്റി നില്ക്കമാത്രം ചെയ്തു.

മീനാക്ഷിഅമ്മ: "എന്താ ആശാനെ! മനോധർമ്മങ്ങൾ ശേഖരിച്ചു മറ്റുള്ളവരെ വലപ്പിക്കാതെ പോവുക."

കൊടന്തആശാൻ: (തൊഴുതു ചിരിച്ചുകൊണ്ട്) "എന്റെ കുഞ്ഞമ്മെ! യുഗവിശേഷംകൊണ്ടു നേരിനു നിലയില്ല. കാര്യം പറയുന്ന കർണ്ണശ്ശാർക്ക് അച്ചികുന്തം. പാലും പഴകുമ്പോൾ കയ്ക്കും. ഹും! എല്ലാം പോട്ടെ. ഞാൻ പറവാൻ വന്നതു വേറൊരു കാര്യമാണ്. ശനിപ്പിഴകൊണ്ടു നേരുപറഞ്ഞുപോയി. ഇവന്റെ ദുഷ്ക്കാലംകൊണ്ട് ഈ സന്ധിയിൽ ഫലിതം പറഞ്ഞാലും ചൊവ്വാകയില്ല. എങ്കിലും ഉണ്ണുന്നതും ഉടുക്കുന്നതും നിങ്ങടെ മൊതല്." [ 63 ]

മീനാക്ഷിഅമ്മ: "അതതെ കൊച്ചാശാനെ! നില്ക്കുന്നിടം താണുപോകും. കൊച്ചാശാൻ വിചാരിക്കുംപോലെ സാവിത്രിക്കുട്ടി കളിക്കുട്ടിയല്ല. ആശാന്റെ യോഗ്യതകളെല്ലാം അവൾ അറിഞ്ഞിട്ടുണ്ട്."

ഗണ്ഡഗർത്തത്തിൽ അങ്കുശമേല്ക്കുമ്പോൾ മദഗജത്തിനുണ്ടാകുന്ന സങ്കോചം ഈ വാക്കുകൾ ആശാനിലും ഉണ്ടാക്കി. എന്നാൽ, അയാൾ നട മടക്കാൻ തുടങ്ങാതെ, ആ ബാലികയുടെ കാര്യത്തിൽത്തന്നെ അപകടങ്ങളും ഗൃഹച്ഛിദ്രങ്ങളും സംഭവിക്കാതിരിപ്പാൻ താൻ സർവ്വദാ 'അവിഘ്നമസ്തു' പ്രാർത്ഥനയോടെ നടക്കുന്നു എന്നും മറ്റും അടിയിട്ടുകൊണ്ട് ഇങ്ങനെ വാദിച്ചു: "എന്നു മാത്രമോ കുഞ്ഞമ്മേ! ഇന്നാൾ കിട്ടിയില്ലേ സമ്മാനം? അതുമുതൽ അക്കുഞ്ഞിന് ഇവന്റെ സത്യം ബോദ്ധ്യപ്പെടുത്തിയിട്ട് ഇനി മേൽക്കാര്യം എന്നുവച്ച് 'ഭഗവതീ! ഭഗവതീ! അനുഗ്രഹിക്കണേ, കുഞ്ഞിനു തക്ക ഒരാളുണ്ടാകണേ" എന്നു പ്രാർത്ഥിച്ചോണ്ടേ ഊണുമുറക്കവുമുപേക്ഷിച്ചു ചുറ്റിക്കറങ്ങുകയാണ്."

മീനാക്ഷിഅമ്മ: "തമ്പുരാനെ നിശ്ചയിച്ചിട്ട് ഇനി മറ്റു വഴി ആലോചിച്ചാൽ അനുഭവം കൊച്ചാശാനറിഞ്ഞുകൂടേ?"

കൊടന്തആശാൻ: "എന്റെ കുഞ്ഞമ്മേ! അതാ ഇപ്പോഴും മുഖത്ത് ആ പേരെക്കുറിച്ചുള്ള ചളിപ്പ് അങ്ങനെ തുള്ളിത്തിളയ്ക്കുന്നു. കുഞ്ഞമ്മയ്ക്ക് അവിടുന്നു പത്ഥ്യമല്ല, തീർച്ചയായും അല്ല. ആശാന് കുട്ടൻപിള്ള ഏഴാം നാളുകാരനുമാണ്. ഈ സ്ഥിതിയിൽ ഒരു ചെരിച്ചളപ്പു വേണമെന്ന് കൊടന്തയുടെ അല്പബുദ്ധിയിൽ തോന്നുന്നു. രണ്ടുപേർക്കും സുഖക്കേട് ഉണ്ടാകാതെ കഴിഞ്ഞാൽ ആശ്രയിക്കുന്ന ഞങ്ങൾക്ക് എന്തു സുഖമുണ്ടെന്നോ?" (സ്വരം താഴ്ത്തി) "ദിവാന്ന്യോമാന്റെ മരുമഹൻ കൊച്ചിരയിമ്മൻതമ്പി നമ്മുടെ കുഞ്ഞിന് അസൽത്തരം. 'വിഷ്ണുനിശയ്ക്കുശശാങ്കനുമയ്ക്ക്' എന്ന് ഏതോ കോന്ത്രക്കാരൻ നമ്പ്യാരോറ്റോ പാടിയിട്ടില്ലേ? അക്കണക്ക് ഒത്തിരിക്കും. ഭർത്താക്കന്മാർ നമുക്കു ഭരദേവതകളല്ലേ? കുഞ്ഞമ്മ പരിഭവം എല്ലാം വിട്ടിട്ടു ഗുരുനാഥനോട് ഇതു പറഞ്ഞാൽ ഉടൻ അനുവദിക്കും. കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞൊതുക്കാൻ നിങ്ങളുടെ സ്വന്തം ഇവനുണ്ട്. ഇവന് വയറുപിഴപ്പാൻ വല്ല വഴിയും ഉണ്ടാക്കിത്തരാൻ കുഞ്ഞമ്മ സാഹസപ്പെടുകയും വേണ്ട."

ഇങ്ങനെയുള്ള പ്രസംഗകർമ്മത്താൽ, ആശാൻ 'സത്യശുദ്ധസരസ്വതി'യുടെ മേധം കഴിച്ച് ഒട്ടുനേരം കാത്തുനിന്നിട്ടും മീനാക്ഷിഅമ്മയിൽനിന്നും സ്വീകാരപ്രതിഷേധങ്ങളിൽ ഏതൊന്നിന്റെയെങ്കിലും ശബ്ദബിന്ദുവോ ചേഷ്ടാശകലമോ പൊഴിഞ്ഞില്ല. അസ്വാർത്ഥധീത്വത്താൽ അയാൾ ചില ഉപദേശങ്ങളെക്കൂടി തന്റെ ഐശ്വര്യദായകപ്രസംഗത്തോടെ അനുബന്ധിച്ചു: "കുഞ്ഞമ്മേ! ശരിയാണ്. നല്ലവണ്ണം ആലോചിച്ചിട്ടേ പ്രയോഗിക്കാവൂ. കരുതി നടന്നാൽ കരയേണ്ടിവരൂല്ല. പണ്ടത്തെ കണിയാന്റെ കൂട്ടത്തിൽ, 'അടിയൻ പകലേ കണ്ടേ' എന്നു പറഞ്ഞോണ്ടു വല്ല കുണ്ടുകിണറ്റിലും 'ദ്ധുടി' ആകണ്ട. വേളിക്കാര്യമല്ലയോ? നാലു പാർശ്വവും നവപ്പൊരുത്തവും നോക്കിയിട്ടേ നടത്താവൂ. എന്തായാലും [ 64 ] കഥ മറ്റൊരിടത്തും മിണ്ടിക്കൂടാ. നടക്കുമ്പോഴെ എല്ലാവരും അറിയാവൂ. എന്നു മറ്റും ചില അഭിജ്ഞോപദേശങ്ങൾ സമർപ്പിച്ചിട്ട് ആശാൻ നടകൊണ്ടു.

പാരത്രികജീവിതത്തിനു നിർദ്ദിഷ്ടമായിരിക്കുന്ന തന്റെ ജീവാത്മാവിനെ പ്രാരബ്ധബന്ധങ്ങളിലേക്കു പ്രത്യാനയിപ്പാൻ മീനാക്ഷിഅമ്മ ഒരുങ്ങിയില്ല. കർമ്മബന്ധത്താൽ നേരിട്ടുപോയിരിക്കുന്ന വിപദ്വലയത്തെ ഭർത്തൃഹിതത്തിനു വിപരീതമായുള്ള വല്ല ഇംഗിതപ്രകടനവുംകൊണ്ടു ജടിലമാക്കുന്നത് പതിവ്രതാധർമ്മത്തിന്റെ അത്യാസുരവിലോപം ആകുമെന്നു വിചാരിച്ച് കൊടന്തആശാന്റെ വാക്കുകളെ ജലലിഖിതങ്ങൾപോലെ ഗണിച്ചു സ്വന്തം ധ്യാനസ്ഥിതിയെ പുനരവലംബിച്ചു.

ഉണ്ണിത്താൻ നിയമേന മഹാരാജാവിനെ രണ്ടുനാഴിക വെളുപ്പിന് മുഖം കാണിക്കുന്ന രാജസേവകവർഗ്ഗത്തിലെ പ്രധാന പുരുഷനായിരുന്നു. സൗന്ദര്യവും സമ്പത്തും വിദ്വത്വവും സദ്‌വൃത്തിയും കുലമഹത്ത്വവും എല്ലാം ചേർന്നു തനിക്കുണ്ടാക്കിത്തീർത്തിട്ടുള്ള ഈ അവസ്ഥയെ അദ്ദേഹം ഒരു വിശേഷഭാഗ്യമായി പുലർത്തിവന്നു. അന്നു രാജസന്ദർശനം കഴിഞ്ഞ് ഉണ്ണിത്താൻ മറ്റു ചില കാര്യങ്ങളുമന്വേഷിച്ചു ഗൃഹത്തിലേക്കു മടങ്ങുംവഴിയിൽ പത്മതീർത്ഥക്കരയിലുള്ള കല്ലാനയുടെ ആനക്കാരനായി കണ്ടതു സ്വശിഷ്യനായ കൊടന്തആശാനെ ആയിരുന്നു. കണ്ഠം ചുറ്റി ധരിച്ചിരുന്ന രണ്ടാംമുണ്ട് അത്ഭുതകരമായ വേഗത്തിൽ ഉടുമുണ്ടിനിടയിൽത്തന്നെ മറഞ്ഞു. അത്യാദരത്താൽ ആശാൻ പിടഞ്ഞുതുള്ളി ഗജത്തിന്റെ പൃഷ്ഠഭാഗത്തും മറഞ്ഞു. എങ്കിലും മുഖത്തെ സ്വഗുരുനാഥനു വ്യക്തമായി കാണുമാറാകുംവണ്ണം കണ്ഠം പൊങ്ങിച്ചു നിലകൊണ്ടപ്പോൾ ഉദ്ദേശിച്ച ഫലം സംപ്രാപ്തമായി. ഉണ്ണിത്താൻ രാജവീഥിയിൽ നിന്നുകൊണ്ട് അകമ്പടിക്കാരെ മുമ്പിൽ നടകൊള്ളുന്നതിന് ആജ്ഞാപിച്ചു. ഏകാംഗുലിയാൽ ആശാന്റെ സാമീപ്യത്തെ ആവശ്യപ്പെട്ടുകൊണ്ട് ഒരു അനുസ്വാരോച്ചാരണത്താൽ വിശേഷമെന്തെന്ന് ചോദ്യം ചെയ്തു.

കൊടന്ത ആശാൻ: "ഒന്നുമില്ലേ?"

ആശാന്റെ മുഖചേഷ്ട വിപരീതോക്തിയെ പ്രസ്ഫുടമായി വദിച്ചുകൊണ്ടിരുന്നതിനാൽ, ഉണ്ണിത്താൻ സത്യസന്ധതയെക്കുറിച്ചു ചില പ്രമാണങ്ങൾ പ്രഖ്യാപനം ചെയ്തു തന്റെ ശിഷ്യനെ ശാസിച്ചു.

കൊടന്ത ആശാൻ: "ഇല്ലേ, ഒന്നുമില്ലേ?"

ഉണ്ണിത്താൻ: "ഭോഷ്ക്! ഈ പഠിത്വം തനിക്കു നന്മ വരുത്തൂല്ല."

കൊടന്ത ആശാൻ: "അയ്യോ ശപിക്കല്ലേ!" (കൈകുടഞ്ഞ് എന്തു ചെയ്യേണ്ടു എന്നുള്ള ഭാവം ഭംഗിയായി നടിച്ചുകൊണ്ട്) "കുഞ്ഞമ്മ നല്ലൊരു വഴി ആലോചിക്കുന്നേ."

ഉണ്ണിത്താൻ: "കുഞ്ഞമ്മയുടെ കാര്യത്തിൽ ഇനി പ്രവേശിക്കണ്ടാ. അവിടെയുള്ള ദൗത്യം ഇവിടെ കൊണ്ടുവരികയും വേണ്ട. പെണ്ണുങ്ങൾ പാവങ്ങളെ ഇട്ടു പേ പിടിപ്പിക്കാൻ നീ നടക്കേണ്ട." ( [ 65 ] ഊർജ്ജിതസ്വരത്തിൽ) "ആ പെരിഞ്ചക്കോടൻ ആരെന്ന് നീ അന്വേഷിച്ചോ?"

കൊടന്തആശാൻ: "കരിഞ്ചക്കൊറവൻ എന്ന് ഒരാൾ ഇവിടെങ്ങും ഇല്ലേ?"

ഉണ്ണിത്താൻ: "ഫ! വിടുഭോഷ! 'കരിഞ്ചക്കൊറവൻ' അല്ലാ, പെരിഞ്ചക്കോടനാണ്. ആരെങ്കിലും ആകട്ടെ. നീ ഇനി അന്വേഷിക്കണമെന്നുമില്ല."

കൊടന്തആശാൻ: "ഇല്ലേ, ഇല്ലേ. ദിവാന്ന്യേമാന്റെ അനന്തിരവൻ കൊച്ചുതമ്പി-"

ഉണ്ണിത്താൻ: "അഃ - 'കൊച്ചുതമ്പി' -എന്തോന്നെടാ -'കൊച്ചുതമ്പി' ഇരയിമ്മൻതമ്പിയല്ലേ? അയാളെക്കുറിച്ചു നീ എന്തു ശുപാർശചെയ്യുന്നു? അതിനെന്താവശ്യം? അവർ ഇന്നു നാടു ഭരിക്കുന്ന പ്രമാണികളല്ലേ? സേവപിടിച്ചു വല്ലതും സാധിക്കാമെങ്കിൽ അതു നടക്കട്ടെ. നമ്മെ ഉപദ്രവിച്ചേക്കരുത്-"

കൊടന്തആശാൻ: "സാവിത്രിക്കുഞ്ഞപ്പിക്കു മുണ്ടുകൊടുപ്പിക്കാൻ കൊള്ളാമെന്ന്-"

ഉണ്ണിത്താൻ: "ഏതു പരാശരന്റെ സ്മൃതിയിൽ കണ്ടു അത്? നീ ഇനി അടുത്തപോലെ അമരാവതിയിലെ ജയന്തൻകുട്ടീടെ പേരുകൊണ്ട് എത്തും. 'അലമാറ്' എന്നു പറയുന്നത് നിന്റെ ഈവക കച്ചവടംകൊണ്ടുണ്ടാകുന്നതാണ്. നീ അപസ്മാരത്തുള്ളൽ തുള്ളണ്ടാ. ആരുടെ യുക്തിയാണത്?"

കൊടന്തയാശാൻ: (ക്ഷീണം നടിച്ച്) "അംഅ."

ഉണ്ണിത്താൻ: (കുപിതനായി) "അമ്മയോ? അമ്മയോടാരു പറഞ്ഞു?"

കൊടന്തആശാൻ: "അതു ചോദിച്ചില്ല."

ഉണ്ണിത്താൻ: "സങ്കല്പമറിയാണ്ടുള്ള നിവേദ്യം എന്തു നേദിപ്പാണ്, ഏഭ്യാ?"

കൊടന്തആശാൻ: "അയ്യോ! മറ്റുള്ളവർ തലമറന്നെണ്ണതേക്കുന്നതിനു ശിക്ഷ ഇവന്നൊ? ദിവാന്ന്യേമാൻ ഇവിടെ ആലോചിക്കേണ്ടതാണെന്നു ഞാൻ കുഞ്ഞമ്മയോടു വാദിച്ചേ."

ഉണ്ണിത്താൻ: "എനിക്ക് അതൊന്നും കേൾക്കേണ്ട. നീ ഇപ്പോൾത്തന്നെ നടക്കണം. നേരെ പോയിട്ടു ബബ്ലാശേരി തിരുമനസ്സിനെ കണ്ടു തീർച്ച എന്തെന്നു ചോദിച്ചു വന്നേക്കണം."

കൊടന്തആശാൻ: (തന്റെ ചെറുശരീരത്തെക്കൊണ്ടു വല്ലികളുടെ ചാഞ്ചാട്ടം ആടിച്ച്) "ബോധി - ഗുരുനാഥൻ ക്ഷമിച്ചാൽ ബോധിപ്പിക്കാം. കാര്യം ഇഷ്ടംപോലെ. എങ്കിലും കൊച്ചുതമ്പി വേണ്ടംകിൽ രണ്ടാം പക്ഷത്തിന് - ഇവനൊരു ബന്ധവുമില്ലേ - ആശ്രയിക്കുന്നിടം നന്നായിവരട്ടെ എന്നേയുള്ളു - രണ്ടാം പക്ഷത്തിന്, വിക്രമൻപിള്ളയല്ലേ നമുക്കു നന്ന്? ഇന്നലത്തെ കഥകൊണ്ടു തിരുവുള്ളം-"

ഉണ്ണിത്താൻ: "അതതേ. ഇന്നത്തെ കല്പനയെല്ലാം [ 66 ] അവനെക്കുറിച്ചുതന്നെ ആയിരുന്നു."

കൊടന്തആശാൻ: "എന്നാൽ വിളിച്ചു വല്ല കല്പനയും തരുമ്മുമ്പ് സ്വതേതന്നെ തിരുവുള്ളം നടത്തുകയല്ലേ നയം?"

ഉണ്ണിത്താൻ: "വല്ലടവും മാന്തിപ്പൊളിക്കാതെ പോയി പറഞ്ഞതു ചെയ്ക. ആ കൊച്ചൻ കണ്ടാലും ആചാരത്തിലും ബൗദ്ധൻ. നടക്ക്, തമ്പുരാൻ കുളിക്കാൻ ഇറങ്ങിപ്പോകും."

ആശാൻ നിലംനോക്കി അല്പനേരം ആലോചിച്ചു നിന്നു. ചില വികൃതചേഷ്ടകളും കാട്ടി ഉണ്ണിത്താൻ കോപിച്ചു: "എന്തോന്നെടാ നീയൊരു ശകുനിയായിത്തീർന്നിരിക്കുന്നത്? ആരെയെങ്കിലും ചൂതിനു വിളിക്കാൻ ഉപദേശിക്കണമെന്നു വിചാരിക്കുന്നെങ്കിൽ അത് ഇങ്ങോട്ടു പുറത്തു വിട്ടേക്ക്. ഉപേക്ഷ വേണ്ട."

കൊടന്തആശാൻ: "അതൊന്നുമില്ല. ആളെക്കുറിച്ചുമല്ലേ. അവിടുന്നു രത്നം! ഇവിടേക്കു ചേരുന്ന പ്രതാപക്കാരൻ. പക്ഷേൽ-"

ഉണ്ണിത്താൻ: "നിന്റെ ഇടപ്രയോഗംകൊണ്ടു പെരുവഴിയിൽ നിറുത്തി കഷണിപ്പിക്കാതെ."

കൊടന്തആശാൻ: "ഇല്ലേ-ഇല്ലേ. 'വിളിച്ചുപറയാൻ പട്ടൻ' വേണം എന്നുണ്ടല്ലോ."

ഉണ്ണിത്താൻ: "നിനക്ക് ആ വൈഭവം വഴിക്കു തീണ്ടീട്ടുപോലുമില്ല. നീ ശുദ്ധപൊട്ടൻ. ആ തിരുമനസ്സിലെക്കുറിച്ചു നീ എന്തോ പറകയാണ്. അവിടുന്നു സമ്പത്തിലും വീര്യത്തിലും സൗന്ദര്യത്തിലും നമുക്കു കിട്ടാത്ത ഒരു മഹാനുഭാവൻ. എടാ! നീ എന്തു വിചാരിക്കുന്നു? ചില്ലറക്കാര്യമാണോ അത്? ധനം, സ്ഥാനം, യശസ്സ്-"

കൊടന്തആശാൻ: "അതെല്ലാം അങ്ങനെതന്നെ ആന്നെ. ആ കോലോത്തെ ദായക്രമം നമ്മുടെ അല്ലപോലും."

ഉണ്ണിത്താൻ: "അല്ലെങ്കിൽ വേണ്ട. യാജ്ഞവൽക്ക്യവും മറ്റും ഞാൻ നോക്കീട്ടുണ്ട്."

കൊടന്തആശാൻ: "അതല്ലാ, ഔടുത്തേക്ക് ഇങ്ങോട്ടു വരുന്ന ധുലുത്താനെപ്പോലെത്തന്നെ രാജ്യവും സൈന്യവുമുണ്ട്."

ഉണ്ണിത്താൻ: "ഛേ ഏഭ്യാ! 'വരുന്നു' എന്നു വിധിക്കാൻ നീ എവിടത്തെ ജ്യോത്സ്യൻ? കഴുത്തു സൂക്ഷിച്ചു സംസാരിക്ക്."

കൊടന്തആശാൻ തന്റെ വാക്കിലുണ്ടായ സ്ഖലനത്തെ സ്മരിച്ച് അപരാധസമ്മതം അഭിനയിച്ച്, കാലുകൾ തമ്മിൽ ഉരുമ്മിക്കൊണ്ട് തലയും സ്വരവും താഴ്ത്തി ഇങ്ങനെ തുടങ്ങി: "അതുതന്നെ ബോധിപ്പിക്കുന്നത്. ബന്ധുവോ ശത്രുവോ എന്നു നിർണ്ണയപ്പെടുത്തീട്ട് ചെമ്പകശ്ശേരിയിലെ പിള്ളയെ ഉപേക്ഷിക്കുക ഉത്തമം. എന്നുവച്ചാൽ പൊന്നുതിരുമേനിക്ക് -വല്യകൊട്ടാരത്തിലേക്ക്, ബന്ധുവോ ശത്രുവോ എന്ന് ആലോചിക്കണ്ടേ എന്നാണ്."

ഉണ്ണിത്താൻ സൂര്യകിരണങ്ങളെ എണ്ണാൻ കണ്ണുതുറിച്ചു നിന്നു [ 67 ] പോയി. സ്വശിഷ്യന്റെ ബുദ്ധിവൈശിഷ്ട്യം അഭിനന്ദിച്ച്, അയാളെ ഒരു നല്ല സ്ഥിതിയിൽ ആക്കേണ്ടതാണെന്ന് ഉറയ്ക്കുകയും ചെയ്തു. എങ്കിലും മതിൽക്കകത്തു ഭജനം കിടപ്പാൻ വന്നിരിക്കുന്ന ഭക്തൻ മഹമ്മദീയാനുകൂലി ആകുന്നത് അസംഭാവ്യം എന്നു തോന്നുകയാൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: "പോ പോ; എന്റെ ബുദ്ധിക്കും കണ്ണിനും ഏതാണ്ടൊരു തെളിവുണ്ട്. ശത്രു ആകാൻ ഒന്നുകൊണ്ടും സംഗതിയില്ല. എന്നെ ദ്രോഹിക്കുന്ന പരിഷകൾക്കു ഞാൻ അറിഞ്ഞ് ഈ ജന്മത്ത് ഒരു ദാനവും ഉണ്ടാകൂല്ല. ആരെയും കിട്ടാഞ്ഞാൽ സ്വന്തം ജ്ഞാതികളുണ്ട്. ആശ്രിതന്മാരുണ്ട്. തമ്പുരാനല്ലെങ്കിൽ അവരിലൊരാൾ സാവിത്രിയെ കൊണ്ടുപോകും."

കൊടന്ത ആശാന്റെ ശിരസ്സിൽ ബ്രഹ്മദേവൻ പള്ളിസ്ഥിതികൊള്ളുന്ന പത്മത്തിലുള്ള മധുവിന്റെ കാലവൃഷ്ടിതന്നെ ചൊരിഞ്ഞു. അതുകൊണ്ടുണ്ടായ അന്തർമ്മോദത്തിന്റെ നിർഭരത്തിരത്തള്ളലിനെയും എതിർത്തുകൊണ്ട് ആ കുടിലൻ വിദഗ്ദ്ധനടന്മാർക്കും മാത്രം വശ്യമായുള്ള സഹതാപനാട്യത്തോടെ ഇങ്ങനെ പറഞ്ഞു: "കഷ്ടമാണേമാനെ! സ്വന്തത്തിൽ സ്വത്തും സ്ഥാനവുമുള്ള ഒരു ചെറുപ്പക്കാരനെ കിട്ടുമ്പോൾ കുട്ടിയുടെ ജന്മം വല്ല വനത്തിലോട്ടും അയച്ച്-?"

ഉണ്ണിത്താൻ: (ചിരിച്ചുകൊണ്ട്) "നീ പറഞ്ഞുതന്നാണോ ശ്രുതികളും ധർമ്മങ്ങളും ഞാൻ അറിയേണ്ടത്? നടക്ക്, എല്ലാം രഹസ്യമായിരിക്കണം. പെരിഞ്ചക്കോടൻ ഏതു കാട്ടുരാജാവെങ്കിലും ആകട്ടെ. അക്കാര്യത്തിൽ സാഹസപ്പെടേണ്ട."

ഉണ്ണിത്താൻ നന്തിയത്തുമഠത്തിലേക്കും ആശാൻ ബബ്‌ലേശ്വരന്റെ വാസസ്ഥലത്തേക്കും തിരിച്ചു. ഗുരുനാഥന്റെ കചസ്ഥാനം വാഞ്ഛിക്കുന്ന കൊച്ചാശാൻ ഒരു ദിവ്യവിമാനത്തിൽ ആരൂഢനായിത്തന്നെ കോട്ടയ്ക്കകത്തുള്ള കിഴക്കും വടക്കും തെരുവുകളെ തരണം ചെയ്തു. ബബ്‌ലേശ്വരനു മഹാരാജാവിന്റെ തിരുവുള്ളത്താൽ അനുവദിക്കപ്പെട്ട വാസമന്ദിരം 'വലിയകോയിക്കൽ' കൊട്ടാരമായിരുന്നു. 1033-ലെ മുറജപക്കാലത്തു രാജകീയഏർപ്പാടുകളാൽ ദത്തമായ ഒരു ഓലച്ചൂട് അന്നു നിന്നിരുന്ന രാജമന്ദിരത്തെ ഭക്ഷിച്ചു. അവിടെ പ്രതിഷ്ഠിച്ചിരുന്ന ദേവൻ കൂപക്കരമഠം ഭഗവതിക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കപ്പെട്ടു. ഇപ്പോൾ കാണുന്ന രണ്ടുനില വലിയ നാലുകെട്ട് ആ തീപിടിപ്പിനുശേഷം പണിചെയ്യപ്പെട്ടതാണ്. ഈ കഥാകാലത്തു നിന്നിരുന്ന മന്ദിരം വടക്കൻ കോട്ടയത്തുനിന്ന് ഉമയമ്മറാണി സ്വകുടുംബസഹായത്തിനു വരുത്തിയ കേരളവർമ്മ രാജാവിന്റെ പാർപ്പിടമായിരുന്നു. സാക്ഷാൽ ഇക്ഷ്വാകുചക്രവർത്തിയോടു വംശബന്ധം അവകാശപ്പെടുന്ന ബബ്‌ലപുരം രാജകുടുംബത്തിലെ അജിതസിംഹമാനവിക്രമൻ രാജകുമാരന്റെ പാർപ്പിനായി അനുവദിച്ചത് തെക്കുപടിഞ്ഞാറു മൂലയിൽ 'വേട്ടയ്ക്കൊരുമക'നെ പ്രതിഷ്ഠിച്ചിട്ടുള്ള ആ മന്ദിരംതന്നെ ആയിരുന്നു.

ബബ്‌ലേശ്വരന്റെ സൂര്യവംശപ്രഭാവം മന്ദിരത്തിന്റെ ബഹിർഭാഗത്തു [ 68 ] സേവിച്ചുനില്കുന്ന രക്ഷികളുടെ വിദേശീയവേഷങ്ങളും രൂക്ഷഭാവങ്ങളും വേണ്ടതുപോലെ പ്രതിഫലിപ്പിക്കുന്നു. ആ നിലയനത്തിലെ തല്ക്കാലവ്യവസ്ഥകൾ അജിതസിംഹന്റെ പരിചാരജനങ്ങൾ മാത്രം സൂക്ഷ്മമായി അറിഞ്ഞിരുന്നു. രാജസിംഹനെക്കാളും പ്രതാപവാനായുള്ള ഒരാൾ അദ്ദേഹത്തോടുകൂടി പർത്തിരുന്നു. കാര്യക്കാർ ആയ ഇട്ടുണ്ണിക്കണ്ടപ്പനായരോ, നായക്കനോ, അവിടത്തെ ഒരു പ്രത്യേകഗർഭഗൃഹത്തിൽ ആർക്കും കണ്ടുകൂടാത്ത ഒരു ദേവനായി, ആവാസംകൊണ്ടിരുന്നു. അജിതസിംഹനുള്ള സുഖസൗകര്യാദികൾ, ഇട്ടുണ്ണിക്കണ്ടപ്പൻ അനുഭവിച്ചുവന്നതിലും തുലോം താണതരത്തിലുള്ളവ ആയിരുന്നു. ആ ഉഗ്രമൂർത്തിയുടെ നിശാകാലവാസത്തിനു കോട്ടയ്ക്കു പുറത്തു ചില സങ്കേതങ്ങളുമുണ്ടായിരുന്നു എന്നും ജനങ്ങൾ സംശയിച്ചിരുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ഗോപുരംപോലുള്ള ഒരു സ്വരൂപം രാത്രികാലങ്ങളിൽ ആ നഗരത്തിൽ സഞ്ചരിച്ചുപോന്നതു ടിപ്പുവിന്റെ പുരോഗാമിയായ അന്തകഭഗവാൻതന്നെ എന്നും ജനങ്ങൾ വിശ്വസിച്ചുവന്നു. ആ കഥകൾ എങ്ങനെയും ഇരിക്കട്ടെ. കൊച്ചാശാൻ എത്തിയ ഉടനെതന്നെ ദ്വാസ്ഥന്മാർ അജിതസിംഹന്റെ പള്ളിയറയ്ക്കുള്ളിൽ അയാളെ പ്രവേശിപ്പിച്ചു. പരിചാരകന്മാർ പിൻവാങ്ങിയപ്പോൾ "അസ്സല് അസ്സല്" എന്ന ചില സന്തോഷദ്ഘോഷങ്ങൾ അജിതസിംഹന്റെ തട്ടുപടിയായ സിംഹാസനത്തിന്റെ മുകളിൽനിന്നു പുറപ്പെട്ടു. കൊടന്തയാശാൻ രാജകുമാരന്റെ ദായക്രമവ്യത്യാസത്തെയും സ്വരാജ്യശത്രുവാണോ അദ്ദേഹമെന്നുള്ള സംശയത്തെയും മറന്ന് ശ്രീപത്മനാഭന്റെ മുമ്പിലെന്നപോലെ തൊഴുതുനിന്നു. പാരസീകരീതിയിൽ ധരിച്ചിട്ടുള്ള കേശമീശകളുടെ ഇടയിൽ തിളങ്ങിക്കൊണ്ടിരുന്ന വൻപൂച്ചയുടെ മുഖം കൊടന്തയാശാനെ കണ്ടപ്പോൾ ആ അംഗത്തിലെ സർവ്വഖണ്ഡങ്ങളും സരസമായി നൃത്തംചെയ്ത് ഈ അജിതസിംഹൻ ജന്മവാസനയാലും യുവകാലത്തെ അഭ്യസനങ്ങളാലും അതിസൗജന്യശീലനായിത്തീർന്നിരുന്നു. പുഷ്ടമായുള്ള ആ കോമളശരീരത്തിലെ വലതു തൃക്കൈ മുഷ്ടിസ്ഥിതിയിൽ ദ്രുതതരമായി ഇളകിക്കൊണ്ടിരിക്കുന്നത് അവിടത്തെ തിരുവിഹാരം 'ചെണ്ടകൊട്ടുക' എന്നുള്ള വിദ്യാധരപ്രയോഗം ആയിരുന്നതുകൊണ്ടാണ് 'ചെണ്ടകൊട്ടിക്കുക' എന്ന പൂച്ചസ്സന്യാസികളുടെ വ്യാപാരത്തിലും ഇവിടുന്ന് അതിവിദഗ്ദ്ധനായിരുന്നു. കൊടന്തആശാനെ കണ്ടപ്പോൾ ഇദ്ദേഹം നഖാവലികൊണ്ടു സിംഹാസനപ്പലകയിന്മേലുള്ള ചെണ്ടക്കലാശങ്ങളെ മുറുക്കി, ഇങ്ങനെ ഒരു സംഭാഷണം ആരംഭിച്ചു. ഈ തിരുമേനി പ്രസാദിച്ചു പ്രയോഗിച്ചുവന്ന ഭാഷ പല ദേശങ്ങളിലെ ഭാഷാകഷണങ്ങളും ചേർന്നുള്ള ഒരു അവിയലിന്റെ രീതിയിൽ സ്വരൂപിതമായിട്ടുള്ളതായിരുന്നു. ദേശസഞ്ചാരംകൊണ്ട് എന്തെല്ലാം അവസ്ഥാന്തരങ്ങൾ മനുഷ്യരുടെ സ്വഭാവത്തിലും പാണ്ഡിത്യത്തിലും വ്യാപാരത്തിലും സംഭവിക്കുന്നു! "അവിടെ, ആ സാത്രീയിന് സുഖംതന്നല്ലേ?" എന്നു മാർജ്ജാരമുഖനായ തിരുമേനിയിൽനിന്ന് ഒരു പ്രശ്നം പുറപ്പെട്ടപ്പോൾ, ആശാൻ ചോദ്യാനുരൂപമായുള്ള സ്വരത്തിലും താളത്തിലും, "ഇറാൻ" എന്നു ധരിപ്പിച്ചു. [ 69 ]

അജിതസിംഹൻ: "ഡോ. നല്ലോണം ചിന്തിച്ചു. ആരായുകയും ചെയ്തു. ഓള് അതിമെച്ചം. ഇവിടെ, ഈ അകത്തു സ്വൈരം പറഞ്ഞോ- പറഞ്ഞോളൂ. ആരുമില്ല. സൗന്ദര്യത്തയപ്പിന്റെ ത്രാസ് തായുന്നതേ, മകക്കോ അമ്മക്കോ? നേരു പറയൂ."

അജിതസിംഹൻ അനുവർത്തിക്കുന്ന സംഭാഷണപദ്ധതി ആശാസ്യമെന്ന് ആശാനു തോന്നിയില്ല. അനാസ്ഥയാലുള്ള മൗനത്തോടെ അയാൾ നിന്നപ്പോൾ അജിതസിംഹൻ പൊട്ടിച്ചിരിച്ചു. "ഉണ്ണിസ്ഥാൻ നല്ല കുട്ടത്തിലാണ്. വില്പത്തി കണക്കെയുണ്ട്. നല്ല ഹറുതിക്കുള്ള ശ്ലോഹങ്ങൾ അവസരം നോക്കി തട്ടിമൂളിക്കാൻ കെൽപ്പും ഉണ്ട്. ഭാര്യയ്ക്കു പതിനാറേ തോന്നിക്കുള്ളു എന്നു കേട്ടു. നാമം 'മീനാക്ഷി' എന്നും. മധുരാംബികേട തൃപ്പാരാണത്."

കൊടന്തആശാൻ: (വിഷയം മാറ്റാനായി ഝടിതിയിൽ) "കൊച്ചമ്മ ക്ഷയംപിടിച്ചു കിടക്കയാണ്."

അജിതസിംഹൻ: "വ്ഹോ! ക്ഷയം, ഓളെ കൃശോദരിയാക്കും. അത്രന്നല്ലേ ഉള്ളു? ശിന്നക്കുട്ടീനെ പരിഗ്രഹിക്ക അവദ്ധം. അങ്ങട്ടെയുന്നള്ളിച്ചാൽ കോലോം ഭരിക്കണ്ടേ? നാടും? ഇവറ്റ രണ്ടിനും വൈഭവമില്ലാഞ്ഞാൽ നുമക്കു സൊല്ല."

കൊടന്തആശാൻ: "അവർ കെട്ടിലമ്മമാരാണ്. അങ്ങോട്ടു പോരുന്നതുതന്നെ-"

അജിതസിംഹൻ: "അങ്ങനെ വരട്ട്. നൊണപറയാൻ വട്ടം കുട്ടിയാലും കൊടന്ത കൊയങ്ങും. അങ്ങോട്ടു പോരുന്നത് അപ്പോ, എന്താ, എന്താ, സന്നിഗ്ദ്ധത്തിലാണ്? ഡോ ഡോ, നീയ്യ് ഇവിടെക്കിടന്നു കഷണിച്ചു, കഷ്ടിയിൽ കഴിയണ്ട. അങ്ങോട്ടു പോന്നേക്ക്. അഷ്ടിക്കു വല്ലതും തന്നു സബാസാക്കിക്കളയാം. ഉണ്ണിസ്ഥാൻ എന്തു പറഞ്ഞഴച്ചു?"

കൊടന്തആശാൻ: "കല്പിച്ച് ആലോചിക്കുന്ന കാര്യത്തിൽ, വസാനത്തിരുവുള്ളം എന്തെന്നറിഞ്ഞാൽ കൊള്ളാമെന്ന്-"

അജിതസിംഹൻ: "അഃ, അതുവ്വോ? ഡോ കൊച്ചാശാൻ! നുമക്ക് ഉണ്ണിസ്ഥാന്റെ ബന്ധുത്വം മതി. ബാന്ധവം-നീയ്യ് കിര്യത്തുനായരുതന്നല്ലെ? അങ്ങനെ നടക്കട്ട് പരിഗ്രഹക്രിയ. നീകൂടിപ്പോന്നേക്ക്. കോലോത്തെ കാര്യം ഭരിക്കുന്ന ശ്വംപട്ടർ, ഓൻ മഹാദ്രോഹി. ആശാനെ നേമിച്ച് ഇന്നുതന്നെ തീട്ടൂരം ചാർത്തിയേക്കാം. നീയ്യ് നുമ്മടെ ആൾപ്പേരായി-ധരിച്ചുവോ രഹസ്യം?"

കൊടന്തആശാൻ: "അയ്യോ! അങ്ങനെ കല്പിക്കരുത്. ഗുരുനാഥൻ കൊന്നുകളയും."

അജിതസിംഹൻ: "ഡോ. വിടുവിഡ്ഢി! നോമില്ലേ ഏതു വാസുദേവന്റെ തൃച്ചക്രത്തെത്തടുക്കാനും? നിർബന്ധിച്ചാൽ ഒരു ശീലക്കഷണം നോം സമ്മാനിച്ചേക്കാം. നാട്ടിലേക്കു കടന്നാൽ ഓളു നിന്റെ കളത്രം."

ആശാൻ തന്റെ ധാരണത്തിനും അനുകരണത്തിനും ഉപദിഷ്ടമാകുന്ന കൗശലത്തെക്കുറിച്ച് ചിന്തിച്ച് അല്പനേരം [ 70 ] വിഷമസ്ഥിതിയിൽത്തന്നെ നിലകൊണ്ടു. ഈ സംശയഭാവം കണ്ട് അജിതസിംഹൻ ഒരു ദിവ്യതന്ത്രത്തെ പ്രയോഗിച്ചു. "ഡോ" എന്നുള്ള ശബ്ദത്തെ മാറ്റി "ഡാ!" ആക്കിക്കൊണ്ടു, "തഥാസ്തു എന്നു കൈ അടിച്ചു നടക്ക്. പറപ്പാണ്ടയിന്റെ ആൾക്കു രണ്ടെന്നു ഭാവിപ്പാൻ അവകാശമില്ല."

ഈ വാക്കുകളോടുകൂടി അജിതസിംഹൻ നഖംകൊണ്ടുള്ള ചെണ്ടക്കലാശത്തെ ഇരട്ടിയിലാക്കി. യുദ്ധാനന്തരമുള്ള ഭരണപ്രഭാവങ്ങളെ തുടകൾ തുള്ളിച്ചുകൊണ്ടു വർണ്ണിച്ച് കൊടന്തആശാന്റെ ജീവൻ ആകാശത്തിലോട്ടു നിർഗ്ഗമിച്ചു. "നടക്ക്, ശേഷം നോം സുമറാക്കും. കഥകൾ വഴിയെ ഗ്രഹിച്ചില്ലേ? ജീവൻ വേണമെങ്കിൽ ഉണ്ണിസ്ഥാനെ കാലിൽ വീയിക്ക്" എന്നുള്ള അരുളപ്പാടുകൾ കൊടന്തആശാന്റെ മോഹച്ചിറകുകളെ തളർത്തി. ഒരു കിങ്കരൻ മന്ദിരത്തിന്റെ ബഹിർദ്വാരത്ത് അയാളെ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന് പരിസരദേശത്തെയും ആകാശത്തെയും കണ്ടപ്പോൾ ആശാൻ ധരിക്കുകയാൽ, അയാൾ തന്റെ ജനനത്തെയും, കർമ്മത്തെയും സമസ്തകർമ്മങ്ങളുടെ സാക്ഷിയെയും ശപിച്ചു. ധൂർത്തനും വിടനുമായുള്ള ഈ രാജാവ് പറപ്പാണ്ട എന്ന തസ്കരപ്രമാണിയോടു തനിക്കുണ്ടായിത്തീർന്നിട്ടുള്ള ബന്ധം ഗ്രഹിച്ചിരിക്കുന്നു. ഈ രാക്ഷസൻ നിസ്സംശയമായി രാമവർമ്മമഹാരാജാവിന്റെ ശത്രുതന്നെയാണ്. അയാൾ തനിക്കു ദാസ്യപ്പെടാത്തവരെ ഏതുവിധത്തിലും മർദ്ദിക്കുന്നതിനു മടിക്കാത്ത ഒരു ദയാഹീനനുമാണ്. സ്വകഥ എന്തായാലും അപകടരാശിയിലോട്ടു സംക്രമിക്കുന്നു. ഗുരുദ്രോഹവും വഞ്ചകവൃത്തിയും അത്യാഗ്രഹവും തന്നെ മഹാദുരാപത്തുകളിൽച്ചാടിക്കുന്നു എന്നു ചിന്തിച്ചു സാവധാനത്തിൽ ആശാൻ നടന്നു. നന്തിയത്തുമഠത്തിൽ എത്തി. ഉണ്ണിത്താൻ സല്ക്കരിച്ച് ആകാംക്ഷാഭാവത്തിൽ "എന്താടാ മറുപടി?" എന്നു ചോദിച്ച സമയത്തു മാത്രമേ രാജഹിതത്തെക്കുറിച്ചുള്ള അരുളപ്പാടൊന്നും ഉണ്ടായിട്ടില്ലെന്ന വസ്തുത അയാൾ സ്മരിച്ചുള്ളു.

"എന്താടാ! നീ ശീതജ്വരം പിടിച്ചപോലെ തളർന്നുനിന്നു വിറയ്ക്കുന്നത്?" എന്നുള്ള ചോദ്യംകൂടി ഉണ്ടായപ്പോൾ, "ഓയ്! അവിടുന്ന് ഇന്നു വൈകുന്നേരംതന്നെ എഴുന്നള്ളുമെന്നു കല്പിച്ചേ" എന്നു, വരുന്നതുവരട്ടെ എന്ന നിശ്ചയത്തോടെ ധരിപ്പിച്ചു.

കൊച്ചാശാനെ തന്റെ സംഘത്തിലുള്ള ഒരു ഭൃത്യൻ പുറത്താക്കിയപ്പോൾ നമ്മുടെ ബബ്‌ലേശ്വരൻ എഴുന്നേറ്റുനിന്ന് ഉച്ചത്തിലൊന്നു പൊട്ടിച്ചിരിച്ചു. അഞ്ജനംകൊണ്ട് അങ്കിതമായുള്ള നേത്രങ്ങളുടെ തീക്ഷ്ണതേജസ്സോടെ ഒരു സിംഹവക്ത്രൻ രംഗത്തു പ്രവേശിച്ച്പ്പോൾ ബബ്‌ലേശ്വരന്റെ പൊട്ടിച്ചിരി പെട്ടന്നു നിന്നു. ഇട്ടുണ്ണിക്കണ്ടപ്പനായ ആ അതികായന്റെ മുമ്പിൽ അജിതസിംഹൻ ദാസസ്ഥിതിയിൽ നിലയുംകൊണ്ടു. "ഇപ്പോൾ വന്ന ചാരന് എന്തു മറുപടി കൊടുത്തു?" എന്നു ചോദ്യമുണ്ടായതിന്, "അവനെ വട്ടത്തിലാക്കി അയച്ചു" എന്ന് അജിതസിംഹൻ മറുപടി പറഞ്ഞു. ഉണ്ണിത്താൻ വിചാരിച്ചാൽ ആയിരത്തോളം ഭടജനവും വേണ്ട പണവും പാട്ടിലാകുമെന്നു നിശ്ചയം വന്നിരിക്കുന്നതിനാൽ [ 71 ] അന്നു രാത്രിതന്നെ കാമുകവേഷം കെട്ടി പുറപ്പെട്ടുകൊള്ളുക എന്ന് ഒരു ആജ്ഞകൂടി ഉണ്ടായപ്പോൾ, മാനവിക്രമൻ തലതാഴ്ത്തി അനുസരണം അഭിനയിച്ചു. തങ്ങളുടെ ഒരു ബന്ധുവാൽ പ്രയോഗിക്കപ്പെട്ട ലേഖനം ഉണ്ണിത്താന്റെ മനോഗതികളെ അധികം വ്യതിചലിപ്പിച്ചിട്ടില്ലെന്നു കാണുന്നതിനാൽ അദ്ദേഹത്തിനു സംഭവിച്ചേക്കാവുന്ന സമ്പന്നനഷ്ടത്തെക്കൂടി സന്ദർശനാവസരത്തിൽ സൂചിപ്പിക്കണമെന്നുള്ള ഒരാജ്ഞയും കാര്യക്കാരനിൽനിന്നു പുറപ്പെട്ടു. അജിതസിംഹൻ നിശ്ശബ്ദനായി, വീണ്ടും തല താഴ്ത്തി, "മഹാറാജ്" എന്ന് ആ അറയിലെ ചുവരുകൾക്കുപോലും കേൾക്കുവാൻ പാടില്ലാത്ത സ്വരത്തിൽ ഉച്ചരിച്ചു.