രാമരാജാബഹദൂർ/അദ്ധ്യായം അഞ്ച്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം അഞ്ച്
[ 50 ]
അദ്ധ്യായം അഞ്ച്


"രംഗത്തിൽ വന്നു വീണീടിനാൻ കംസനും,
..................................................................
കൂടവേ ചാടിനാൻ കൃഷ്ണനവന്മീതെ."
"മുറിവുമവനുടെ നെറിവുമൊരുവിധമറിവുമൊരു വക തുള്ളലും,
പറയനോടു ഫലിക്കയില്ലതു പറകയില്ലറിയാമുടൻ."


അന്നത്തെ മല്ലയുദ്ധം ശിക്ഷാഭീതനായ അഴകൻപിള്ളയുടെ ഹരിണപലായനത്തോടുകൂടി അവസാനിച്ചില്ല. ഈ പ്രബന്ധസംഭവങ്ങൾ ഒരു മഹാപ്രവാഹത്തിന്റെ ഗതിയെത്തുടർന്ന് അവിസ്മരണീയമായുള്ള ചരിത്രവിശ്രുതിയെ സമ്പാദിച്ച്, തന്റെ സ്ഥാനത്തിനും രാജ്യത്തിനും പ്രജകൾക്കും അഭിമാനഹേതുകമായ ഒരു വിജയം അനന്തരപ്രസ്ഥാനങ്ങളുടെ ശുഭോദർക്കതയ്ക്കു സുശകുനം എന്നപോലെ സംഭവിച്ചപ്പോൾ രാമവർമ്മമഹാരാജാവ് ഉത്തരക്ഷണം അനുഷ്ഠിച്ചതായ കർമ്മം അവിടുത്തെയും മന്ത്രിപ്രധാനന്റെയും ദർശനസൂക്ഷ്മതകളെയും കണ്ഠീരവരായരുടെ ദ്രോഹോദ്ദേശ്യത്തെയും വെളിപ്പെടുത്തി. നിമന്ത്രിതനോ നിയുക്തനോ ആകാതെ, സ്വരാജ്യപ്രഭാവത്തെ സംരക്ഷിപ്പാൻ ജീവത്യാഗത്തിനും ഒരുങ്ങി പുറപ്പെട്ട ഒരു പ്രഭുഭൃത്യനെ ചില ഭൂസംഭാവനകളാൽ സ്ഥിതിമാനാക്കുന്നതിനു നിശ്ചയിച്ചു വേണ്ട കല്പനകൾ കൊടുപ്പാൻ സേനാപംക്തിയും ബഹുജനങ്ങളും വട്ടമിട്ടു നില്ക്കവേതന്നെ മഹാരാജാവ് തന്റെ മന്ത്രിപ്രധാനനെ മണ്ഡപത്തിലോട്ടു വരുത്തി. പൂർവ്വകഥാസംബന്ധമായി ദ്രുതകോപി, സംരംഭകാരൻ, പ്രസാദാർത്ഥി എന്ന നിലകളിൽ നാം കണ്ടിരുന്ന യുവധീമാൻ അനുസരണത്വരയോടെ തിരുമുമ്പിൽ എത്തി, മുഖംകാണിച്ചുകൊണ്ട് നിരതിപ്രകർഷത്താൽ തന്നെ കൃപാപൂർവ്വം വീക്ഷണം ചെയ്യുന്ന മഹാരാജാവായ പരമശക്തിയിൽനിന്നുത്പന്നമായ ഒരു അണുമാത്രമാണെന്നുള്ള വിനയത്തെ ദ്യോതിപ്പിച്ച് നമ്രശിരസ്കനായി നിലകൊണ്ടു. [ 51 ]

മല്ലയുദ്ധം നടക്കുന്നതിനിടയിൽ, ദിവാൻജിയുടെ തോളോടുചേർന്നുതന്നെ ഒരു വൃദ്ധബ്രാഹ്മണൻ വടിയാൽ താളങ്ങൾ ഊന്നി 'അന്നദാനപ്രഭു'വിനെ സ്തുതിച്ചുള്ള ഗാനങ്ങൾ ചമച്ചും, 'അന്തശെണ്ഡാളപ്രഭു'വായ 'കണ്ഠീരവരായനുടെ' നേർക്ക് ഇടയ്ക്കിടെ വടി ഓങ്ങി ശാപങ്ങൾ പ്രക്ഷേപിച്ചും നിന്നിരുന്നു. രായരുടെ പരാജയം കണ്ട് "കല്യാണമാശുഭവിക്കും തവ ചൊല്ലേറും വീരമഹാത്മൻ" എന്ന് 'അളകാപിള്ള'യെ സംബോധനചെയ്തു പാടി, ചെറിയൊരു ആട്ടവും ആടി, അടുത്തു നിന്നിരുന്ന ത്രിവിക്രമകുമാരന്റെ ശിരസ്സിനെ വിളക്കാക്കി ആ ഗായകൻ കലാശക്കൈ സമാപിപ്പിച്ചു. ആ ഹർഷപ്രകടനത്തിൽ സ്വയമേ പൊട്ടിച്ചിരിച്ചുപോകയാൽ ചർവിതമായ താംബൂലത്തിന്റെ ചില ശകലങ്ങളെക്കൊണ്ട് ദിവാൻജിയുടെ ശരീരത്തെത്തന്നെ പരിപൂരിതമാക്കുകയും ചെയ്തു. ദിവാൻജി രാജസന്നിധിയിലേക്കു പുറപ്പെട്ടപ്പോൾ ആ അക്ഷീണകണ്ഠനായ ജാംബവാൻ മുഖം തിരിച്ചു നമ്മുടെ സാവിത്രീകാമുകനെ പരിഹസിച്ചുതുടങ്ങി: "അടേ ഉണ്ണിക്കൃഷ്ണാ! നീ രണ്ടു കൈയിലേയും വെണ്ണ കിടച്ചാൽ ശാപ്പിടുവായ്! കണ്ടില്യോ നല്ല ആൺപുള്ളകൾ വന്നപ്പോൾ രായദുശ്ശാസനനെ ഇടിച്ചുപിഴിഞ്ഞു പായസം ആക്കി വിട്ടൂട്ടത്. 'തഞ്ചാതെ ബഹു പഞ്ചാനന കുലസഞ്ചാരിണി സഹസാ'ന്നെടുത്ത് 'ക്ഷുരപ്രഹരപ്രകര' 'പ്രയാതി' ആക്കി വിടേണ്ടയോ?"

ത്രിവിക്രമകുമാരൻ: (രഹസ്യമായി) "മിണ്ടാതിരിക്കണം മാമാ! ഇവിടെ സർവാണിയും മറ്റുമില്ല. മഠത്തിണ്ണയിൽ ചെന്നിരുന്ന് ഗ്രാമം ഭരിക്കണം"

ബ്രാഹ്മണൻ: (വാത്സല്യത്തോടെ) "അന്ത ശർവാണി ഉനക്കിനി, കുന്തഃ കുന്തൗഃ കുന്താഃ താൻ ഫോ! കോവിൽക്കാളയാട്ടം 'കീരവാണി ഭൈരവാണി സാരവഫേരവാണി' ആടറുതു നീതാനേ അപ്പാ! അഴാതും പുള്ളായ്. ഉനക്ക് അന്ത സാവിത്രിക്കൊഴന്തയേ കിടയ്ക്കണമെന്നാൽ, ഇന്ത കിഴട്ടുമാമനെ പിടിച്ചുക്കോ, സേവിച്ചുക്കോ. പരിഹസിച്ചാക്കാൽ, പാർ എല്ലാം ലാടശങ്കിലി ആക്കിടുവൻ. 'ചേദിപന് ദാനം ചെയ്‌വൻ." ഈ ഗാനത്തെ കഫപ്രസരത്താലുണ്ടായ ചുമ നിരോധിച്ചു.

തിരുമുമ്പിൽനിന്നും വളരെ ദുരത്തല്ലാത്ത സ്ഥലത്തുനിന്ന് ഇങ്ങനെ ഗാനം ചെയ്‌വാൻ മുതിർന്നത് അകത്തെ പ്രവൃത്തിവിചാരിപ്പുകാരനായ വിശ്വോപകാരി മാമാ വെങ്കിടദ്വിജൻ ആയിരുന്നു. പൂർവ്വഗ്രന്ഥം നോക്കി വയസ്സ് എത്ര ആയിട്ടുണ്ടെന്ന് വായനക്കാർ അറിഞ്ഞുകൊള്ളേണ്ടതായ ഈ മഹാവൃദ്ധനെ, സ്വന്തഗൃഹത്തിലെ അന്തർഗൃഹവിചാരിപ്പു നിർവ്വഹിച്ച് ഉദ്യോഗവേതനം മുഴുവൻ വാങ്ങിക്കൊൾവാൻ മഹാരാജാവ് അനുവദിച്ചിരുന്നു എങ്കിലും, അന്നമനട എന്ന സ്ഥലത്ത് എഴുന്നള്ളിയിരുന്നപ്പോൾ അവിടെപ്പോലുംകൂടി എത്തി, ദിവസം മുപ്പത് ആവൃത്തിയെങ്കിലും ഇടറിക്കൂടീട്ടുള്ള കണ്ഠത്തിന്റെ വിദ്യാധരപ്രയോഗങ്ങൾകൊണ്ടോ ഉപദേശങ്ങൾ, ശുപാർശകൾ, ലോകവാർത്താകഥനങ്ങൾ എന്നീ കൗശലങ്ങൾ മാർഗ്ഗേണയോ മഹാരാജാവിനെ അസഹ്യപ്പെടുത്തണമെന്നുള്ള [ 52 ] സാരയായ വ്രതത്തെ നിഷ്കർഷമായി അനുഷ്ഠിച്ചുപോന്ന വൃദ്ധൻ അന്നത്തെ യുദ്ധരംഗത്തിലും മാഢവ്യസ്ഥാനത്തെ നിറവേറ്റുന്നതിനായി ഹാജരായിരുന്നു.

രാജനിയമങ്ങൾക്കും രാജ്യത്തിലെ ആചാരങ്ങൾക്കും രക്ഷാസ്തംഭം ആണെന്നു നടിക്കുന്ന ഈ ലോകബന്ധു സ്ഫടികക്കണ്ണുകളെ തിളങ്ങിച്ചും മൂർദ്ധാവിലെ കഷണ്ടിക്കു പുറകിലുള്ള മൂന്നു മാർജ്ജാരരോമക്കുടമയെ വിറപ്പിച്ചും രാജസമ്മാനമായുള്ള വേത്രത്തെ നിലത്തൂന്നി മോണകളെ പുറത്തുകാട്ടിച്ചിരിച്ചും പ്രയോഗിച്ച അനന്തരഗാനങ്ങളെയും മറ്റും കേട്ടു രസിപ്പാൻ ഇതരവിഷയങ്ങളാൽ ആകൃഷ്ടനായിരുന്ന ത്രിവിക്രമകുമാരന്റെ ചിത്തത്തിന് ആസക്തി തോന്നിയില്ല. എന്നാൽ, മാമന്റെ സഹായം തന്റെ ദൗത്യംവഹിക്കുന്നതിനും ഉണ്ണിത്താനെ വിഷമിപ്പിക്കുന്നതിനും ഉപയോഗപ്പെടുമെന്നു വിചാരിച്ചു. നമ്മുടെ യുവാവ് ആ വൃദ്ധനെ മുഷിപ്പിക്കുവാൻ ഒരുങ്ങിയില്ല. മാമന്റെ സംഭാഷണത്തിന് ആ യുവാവ് ദത്തകർണ്ണനെന്നു നടിച്ച് ചിരിച്ചും ചാഞ്ചാടിയും വൃദ്ധനെ സന്തുഷ്ടനാക്കി എങ്കിലും അയാൾ തന്റെ നേത്രങ്ങളെ പരിതഃസ്ഥിതികൾക്കു സമാഹിതങ്ങളാക്കി പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നു.

രാമവർമ്മമഹാരാജാവ് സ്വമന്ത്രിയുടെ ദർശനസഹായത്താൽ കണ്ഠീരവരായരുടെ പരമാർത്ഥങ്ങളെ ഗ്രഹിച്ചിരുന്നു. ആ മല്ലനും സംഘവും മഹാരാജാവിന്റെ അതിഥികളായി വരിക്കപ്പെട്ട കാലംമുതൽ സൂക്ഷ്മത്തിൽ ഒരുവക ബന്ധനത്തിൽ ആയിരുന്നു. ആ സംഘത്തെ പരിചരിപ്പാൻ നിയുക്തന്മാരായ പാചകൻമുതൽ വിറകുകീറിവരെയുള്ള പരിഷകൾ ദിവാൻജിയാൽ തിരഞ്ഞെടുക്കപ്പെട്ട യുദ്ധവിദഗ്ദ്ധന്മാർ ആയിരുന്നു. മഹാരാജാവും മന്ത്രിയും തമ്മിൽ മണ്ഡപത്തിൽ വച്ചുണ്ടായ സംഭാഷണത്തിന്റെ അവസാനം കണ്ഠീവരായർ ജയിച്ചെങ്കിൽ സമ്മാനിക്കാൻ നിശ്ചയിച്ചിരുന്ന സാമാനങ്ങളെ അയാൾക്കുതന്നെ ദാനംചെയ്ത്, ഒരു പരീക്ഷകൂടി നിർവ്വഹിക്കണം എന്നായിരുന്നു. ഉറയ്ക്കുള്ളിലിട്ടിരുന്ന ഒരു പാരസീകഖഡ്ഗവും, ഒരു സാല്വയും ചില ഹസ്താഭരണങ്ങളും അടുത്തു നീക്കിവച്ചുകൊണ്ട്, രായരെ വരുത്താൻ മന്ത്രിമുഖേന മഹാരാജാവ് കല്പനകൊടുത്തു. ആ മല്ലൻ അഴകൻപിള്ളയുടെ കൈയിൽനിന്നു മുക്തനായപ്പോൾമുതൽ പൂർവ്വവൽ ഉന്മത്തശരീരൻ ആയിത്തീർന്നിരുന്നു. ദേഹത്തിലെ മണ്ണുതുടച്ചും ചില പേയങ്ങൾ സേവിച്ച് സ്വവീര്യത്തെ ബൃഹത്കരിച്ചും അനുചരസംഘത്തിനിടയിൽ ഇരുന്ന് കേവലം മൃഗശക്തിയോടേൽക്കാൻ താൻ സമ്മതിച്ചുപോയ മൗഢ്യത്തെക്കുറിച്ച് അയാൾ വ്യസനിക്കയായിരുന്നു. രാജദാസന്മാർ എത്തി, മഹാരാജാവ് തന്നെ കാണ്മാൻ ആഗ്രഹിക്കുന്നു എന്നു ധരിപ്പിച്ചപ്പോൾ "സന്നിധാൻ ഹേ? ഹാ!" എന്നു ഗർജ്ജനം ചെയ്തുകൊണ്ട് അയാൾ നടന്നു മണ്ഡപത്തിന്റെ അന്തഃപ്രദേശത്തുതന്നെ കടന്നു. മന്ത്രിയിൽനിന്ന് അല്പം അകലത്തായും നിരായുധനായും നിൽക്കുന്ന മഹാരാജാവിനെ പാർശ്വത്തിലിരിക്കുന്ന ഖഡ്ഗത്തോടൊന്നിച്ചു കണ്ടപ്പോൾ കണ്ഠീരവക്ഷേത്രവാസിയായ തക്ഷകൻ [ 53 ] ഫണം വിടുർത്തി. മഹാരാജാവ് അതിപ്രശാന്തമായുള്ള സൗജന്യഗൗരവത്തോടെ രായരോട് ഇങ്ങനെ അർത്ഥമാകുന്ന ഹിന്ദുസ്ഥാനിയിൽ യാത്രാനുജ്ഞ അരുളി "ഇന്നത്തെ സംഭവംകൊണ്ട് രായർക്ക് ജാള്യം തോന്നണ്ട. തനിക്കു കിടയായുള്ള മല്ലന്മാർ ഇവിടെ ഇല്ലെന്നു സന്തോഷിച്ചുകൊണ്ടു പോവുക. സൗകര്യമുള്ളപ്പോൾ ഇനിയും വരിക, സൽക്കരിപ്പാൻ ഒരുക്കമുണ്ട്. ഇവിടത്തെ സ്ഥിതികളും സന്നാഹങ്ങളും കണ്ടറിഞ്ഞുവല്ലോ. എല്ലാം ടിപ്പുസുൽത്താനോടു ധരിപ്പിക്കുമ്പോൾ ഒരു വസ്തുതകൂടി ഉണർത്തിക്കൂ. അങ്ങോട്ടു പുറപ്പെടാനുള്ള പ്രായം നമുക്ക് അതിക്രമിച്ചുപോയി. ഇങ്ങോട്ടു വല്ലെടത്തും വരുന്നെങ്കിൽ ഇവിടംവരെ യാത്ര ചെയ്‌വാൻ ദയ ഉണ്ടായാൽ, വേണ്ടതെല്ലാം പരസ്പരം പറഞ്ഞു വഴിയാംവണ്ണം ഒതുക്കാം എന്നുകൂടി പറഞ്ഞേക്കണം. എന്തായാലും ഇങ്ങോട്ടുള്ള സൗഹാർദ്ദം ആ പ്രകാരത്തിലും, പരിമാണത്തിലുംതന്നെ അങ്ങോട്ടും ഉണ്ടെന്നും ശ്രീപത്മനാഭന്റെ കൃപാമഹിമയാൽ പ്രജകളും നാമും ക്ഷേമമായിത്തന്നെ കഴിയുന്നു എന്നും സമയംകണ്ട് ഉണർത്തിക്കുക."

ഈ അരുളപ്പാടിലെ ഓരോ ഘട്ടവും കഴിയുന്തോറും രായരുടെ ഭ്രൂക്കൾ വക്രിച്ച് സന്ധിപ്പാനടുത്തു. ഫണാന്തം ഒരു ദംശനക്രിയയ്ക്കു തന്നെ വിപാടനം തുടങ്ങി. "ഈ വൃദ്ധന്റെ നിര്യാണം രാജ്യത്തെ അനാഥമാക്കും. മന്ത്രിയോ, ശത്രുക്കളാൽ ചുറ്റപ്പെട്ടവൻ, എന്നെപ്പോലെയുള്ള ചാരന്മാർ മറ്റു വേണ്ടതു സാധിക്കും. ടിപ്പുമഹാരാജാവിന്റെ ശക്തി ഇവിടെ സ്ഥാപിക്കാൻ ഇതുതന്നെ തക്കം. ഈ സ്ഥലത്തുള്ള സൈന്യത്തെ തടയുവാൻ ഒരു പ്രബലസംഘം തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. നിശ്ചയിക്കുന്ന കാര്യം നിറവേറ്റിക്കളയാം. ജയിച്ചാൽ ടിപ്പുമഹാരാജാവിന്റെ ശ്രമങ്ങൾ ലഘുപ്പെടും. ഫലിക്കാഞ്ഞാൽ ശിക്ഷ കണ്ഠച്ഛേദമായിരിക്കും. അങ്ങനെയെങ്കിൽ കീർത്തി ശേഷിക്കട്ടെ. എന്റെ കുടുംബത്തെ ടിപ്പുരാജാധിരാജൻ യഥായോഗ്യം രക്ഷിക്കട്ടെ." രായരുടെ ഈ ചിന്തകൾക്കിടയിൽ അയാളുടെ നേർക്കു ദത്തനേത്രനായിരുന്ന മാമൻ ത്രിവിക്രമകുമാരനെ ഭർത്സിച്ചും ശാസിച്ചും സമാശ്വസിപ്പിച്ചും നിൽക്ക ആയിരുന്നു.

"അപ്പനേ! ശിന്ന വലിയുണ്ണീ! സാവിത്രിക്കുട്ടിയെ അല്ലാമൽ ആരെയാവതു നീ പരിഗ്രഹിച്ചാക്കാൽ, പാർ ഒന്നെ-ഉപ്പേരി വറുത്തു പോടുവൻ അല്ലാവടിക്കും, രാമുച്ചുടും ദുഃഖരാഗം പാടി ഉന്നെ തൂങ്കതുറുക്കേ വിടമാട്ടേൻ" എന്നൊരു ഉഗ്രമായ ഭീഷണിവാക്കിൽ മാമൻ എത്തിയപ്പോൾ രാജപാർശ്വത്തിലിരുന്ന ഖഡ്ഗം കൈയിലാക്കാൻ രായർ മുന്നോട്ട് കുതിച്ചു. "മഹാപാപി" എന്ന് ഇന്ദ്രപദത്തിൽ എത്തത്തക്കവണ്ണമുള്ള ഉച്ചസ്വരത്തിൽ നിലവിളിച്ചും കൊണ്ട് വൃദ്ധവെങ്കിടൻ ത്രിവിക്രമകുമാരന്റെ കണ്ഠദേശം നോക്കി ഒരു തള്ളുകൊടുത്തു. ഈറ്റപ്പുലിയുടെ ഭയാനകതയോടെ വലിയ വട്ടക്കണ്ണുകൾ തുറിപ്പിച്ചും കറുത്ത ദന്തനിരയെ പുറത്തുകാട്ടിച്ചീറിയും രായർ ഖഡ്ഗത്തെ കൈയിലാക്കി അതിന്റെ ഉറക്കെട്ടിനെ പൊട്ടിക്കുന്നതിനിടയിൽ ത്രീവിക്രമകുമാരൻ അയാളുടെ മുതുകിന്മേൽ നിപാതം ചെയ്ത് ആ നരസൂകരത്തെ മുറ്റത്തു വീഴിച്ചു [ 54 ] മഹാരാജാവിനെ രക്ഷിപ്പാനായി മുമ്പോട്ടു കുതിച്ചു. ദിവാൻജി സ്തബ്ധനായി നിന്നു. സേനാനായകന്മാരും ഭടജനങ്ങളും കാണികളും രായരെ ശകലമാക്കാൻ വട്ടംകൂട്ടി വളഞ്ഞു. രായരുടെ അനുചരന്മാർ ആയുധങ്ങൾ വീശി ഭടസംഘത്തിനിടയിൽ ചാടി. തന്റെ നേർക്കുണ്ടായ നിഗ്രഹോദ്യമത്തെ കണ്ടിട്ടും നിശ്ചലനായി നിന്ന മഹാരാജാവ് മുന്നോട്ടു നീങ്ങി, ആരബ്ധമായിരിക്കുന്ന വൈദഗ്ദ്ധ്യപരീക്ഷണത്തെ ചില ഉഗ്രാജ്ഞകളാൽ ചൂണ്ടിക്കാട്ടി, സമരസാഹസങ്ങളെ നിരോധിച്ചു. കണ്ഠീരവനും ത്രിവിക്രമനും ബഹിർല്ലോകവ്യാപാരങ്ങൾക്കു നിശ്ചൈതന്യന്മാരായി, എഴുന്നേറ്റു പുറകോട്ടുവാങ്ങി കുനിഞ്ഞും ശ്വാസമടക്കിയും പരസ്പരം ദത്തനേത്രന്മാരായി അല്പനേരം നിന്നിട്ട് ചില അടവുകൾ ചവുട്ടി സുയോധനഭീമന്മാരെപ്പോലെ വീണ്ടും മുന്നോട്ടടുക്കുന്നു. പൂട്ട്, ഒഴിവ്, മറുപൂട്ട്, പുനരൊഴിവ്, തൊഴി, മിതി, പ്രതിമിതി, ഇടി, തട എന്നിങ്ങനെ കഴിഞ്ഞ് അഭിന്നമെന്നപോലെയുള്ള ഒരു ബന്ധനിലയിൽ രണ്ടുപേരും ഏകശരീരമായി പിണയുന്നു. മാറിമാറി ഓരോ മല്ലന്റെയും തല പ്രതിയോഗിയുടെ കക്ഷത്തിനിടയിലാകുന്നു. കണ്ഠീരവന്റെ ശിരസ്സിനുമേൽ ത്രിവിക്രമകുമാരൻ പൊങ്ങുന്നു. കണ്ഠീരവൻ അടിയിലും ത്രിവിക്രമകുമാരൻ മുകളിലുമായി രണ്ടുപേരും നിലത്തു വീഴുന്നു. കണ്ണിമച്ചു തുറക്കുന്നതിനിടയിൽ കണ്ഠീരവൻ മുകളിലാകുന്നു. അടുത്തമാത്രയിൽ അയാളുടെ ലോഹകായം ആകാശത്തിലോട്ടു പൊങ്ങുന്നു. ഉത്തരക്ഷണത്തിൽ, ത്രിവിക്രമകുമാരന്റെ മുതുകുവഴി അത് എങ്ങനെയോ കീഴ്പോട്ടിഴഞ്ഞ്, ഒന്നു വട്ടംകറങ്ങുന്നു. രണ്ടുപേരും മാറോടുമാറുചേർന്നു പരിരംഭണം ചെയ്യുന്നു; കൈയോടു കൈ പിണച്ചു വട്ടം ചുറ്റുന്നു, മുതുകോടു മുതുകുചേർന്ന് ചക്രഭ്രമണം ചെയ്തു കാണികളെ നടുങ്ങിക്കുന്നു. തല രണ്ടും കൈകൾ നാലും പിണഞ്ഞ്, നാലുകാലിന്മേൽ ചരിക്കുന്ന ഒരു ജന്തു കരണം കുത്തി വിഹരിക്കുന്നതുപോലെയുള്ള ഒരു മത്സരസാഹസം ദൃശ്യമാകുന്നു. പാദദ്വന്ദ്വങ്ങൾ മാറിമാറി മേല്പോട്ട് കാണുമാറാകുന്നു. ശരീരങ്ങൾ രണ്ടും വീണ്ടും പിരിഞ്ഞ് മപ്പുകൾ തകർത്ത് കാണികളുടെ ശ്രവണപുടങ്ങളെ ഭേദിക്കുന്നു. പൂർവപരീക്ഷകൾ ആവർത്തിച്ച്, ശരീരങ്ങൾ പിന്നെയും പിണയുന്നു. ഇങ്ങനെ രണ്ടുമൂന്നു കളം കഴിഞ്ഞപ്പോൾ രണ്ടു ശരീരങ്ങളും മുൻപിലത്തെപ്പോലെ പരസ്പരം സംഘടിച്ച് ഭൂമിയിൽ വീണ് പരിവർത്തനം തുടങ്ങുന്നു. രണ്ടുപേരുടെയും ഉത്തമാംഗദ്വാരങ്ങൾ മണ്ണുണ്ടുപോകുന്നത് വിജയോത്കണ്ഠയാൽ വിവേകശൂന്യന്മാരായിരിക്കുന്ന പരിപന്ഥിദ്വന്ദ്വം ഗ്രഹിക്കുന്നില്ല. ഹാ! കഷ്ടം! രക്തകണങ്ങൾ യുദ്ധക്കളത്തെ ശോണമാക്കിത്തുടങ്ങുന്നു. മർമ്മവിദ്യാവിദഗ്ദ്ധനായിരുന്ന ത്രിവിക്രമകുമാരൻ ആ കൗശലം പ്രയോഗിക്കാതെ ധർമ്മസമരം ചെയ്യുന്ന വീര്യത്തെ അഭിനന്ദിച്ച് മഹാരാജാവ് തലയാട്ടിപ്പോകുന്നു. കോപാരവങ്ങൾ രംഗത്തു പൊങ്ങിത്തുടങ്ങുന്നു, രക്തസ്രവണം വർദ്ധിക്കുന്നു, മുഷ്ടിപ്രയോഗശബ്ദങ്ങൾ തെരുതെരെ മുഴങ്ങുന്നു, കാണികൾ വിഭ്രാന്തനേത്രന്മാരാകുന്നു. നിലം കുത്തിപ്പോയ രായരുടെ ഹസ്തങ്ങൾ [ 55 ] കുട്ടിഭീമന്റെ കൈകളിൽ അമരുന്നുവോ? അതേ! അത്ര മാത്രമല്ല ആ യുവാവിന്റെ കൈമുട്ടുകൾ രായരുടെ വക്ഷസ്സിൽ നിർദ്ദയം താഴുകയും ചെയ്യുന്നു. കണ്ഠീരവൻ വെടിയുണ്ടയേറ്റ വ്യാഘ്രംപോലെ അലറുന്നു. ആ ആർത്തസ്വരം കേട്ടു ദീനാനുകമ്പനായ ത്രിവിക്രമകുമാരൻ പ്രതിയോഗിയുടെ കൈകളെ വിടുന്നു, രായർ നിരുദ്ധപ്രഭാവനായി മലർന്നു കിടന്നുപോകുന്നു. വിജയിയായ യുവവിക്രമൻ എഴുന്നേറ്റു നീങ്ങി മഹാരാജാവിന്റെ പാദങ്ങൾ നോക്കി തൊഴുതുനിൽക്കുന്നു. അടുത്തുള്ള 'നിത്യാന്നദാന' ശാലയിൽ മുഴങ്ങുന്ന ആരവം ശ്രീപത്മനാഭവൈകുണ്ഠത്തിലേക്കു കാണികളുടെ ഹൃദയങ്ങളെ ആകർഷിക്കുന്നു. ആ നിശബ്ദസമിതി കാൺകവേ മഹാരാജാവ് കണ്ഠീരവരായർക്കായി ഉദ്ദേശിച്ച ഖഡ്ഗവീരശൃംഖലാദികളെ ത്രിവിക്രമകുമാരനു സമ്മാനിച്ച്, ആ യുവവിജയനെ അനുഗ്രഹിക്കുന്നു. മാമൻ മുന്നോട്ടു നീങ്ങി ആ ഹസ്താഭരണത്തെ വാങ്ങി കണ്ണിൽ ചേർത്തിട്ട് "മറ്റതും ഓഹോ" എന്ന് ഒരു ആശീർവചനം ഉച്ചരിച്ചുപോകുന്നു. കണ്ഠീരവരായരും സംഘവും ദിവാൻജിയുടെ ആജ്ഞ അനുസരിച്ച് കാരാഗൃഹത്തിലേക്കു നീതന്മാരാവുകയും ചെയ്യുന്നു.

ത്രിവിക്രമകുമാരൻ മഹാരാജാവിന്റെ അഭിനന്ദനത്തിനു പാത്രമായി, രാജസമ്മാനങ്ങളുടെ നിക്ഷിപ്തിയാൽ അയാളുടെ ഹസ്തതലം പ്രകാശമാനമായപ്പോൾ ജനസംഘത്തെ സ്വസന്നിഹിതികൊണ്ടു മഹനീയമാക്കിനിന്നിരുന്ന കൊടന്തആശാന് ആ സന്ധ്യവേള പിശാചതസ്കരാദികളുടെ സഞ്ചാരയാമമായുള്ള അർദ്ധരാത്രിയാണെന്നു തോന്നിപ്പോയി. മഹാരാജാവിനെയും പരിവാരങ്ങളെയും തുടർന്നു ഭടജനങ്ങളും ജനതതിയും ആ രംഗത്തിൽനിന്നു പിരിഞ്ഞിട്ടും തന്റെ ശരീരത്തേക്കാൾ വിപുലതരമായുള്ള ഹൃദയശലാക ആ നിലത്തെങ്ങാണ്ടോ അവഗാഹനം ചെയ്തുപോയതായി തോന്നി. ആ തിരസ്കൃതിക്ക് അനുകൂലിച്ച ഭൂവിലത്തെ ആരായുന്നവൻ എന്നപോലെ നിശായക്ഷിയുടെ പ്രവേശം ഉണ്ടായതു വിസ്മരിച്ച്, ആശാൻ ആ സ്ഥലത്ത് അമ്പരന്നു നടന്നുപോയി. അന്നത്തെ രാജജീവരക്ഷാക്രിയകൊണ്ട് ത്രിവിക്രമകുമാരന്റെ വില അനർഘമായിത്തീർന്നിരിക്കുന്ന സ്ഥിതിക്ക് തന്നാൽ പ്രാർത്ഥിതമായുള്ള പരിഗ്രഹലബ്ധി വിദൂരമാകുന്നു എന്ന് ആശാന്റെ ബുദ്ധി ദർശിച്ചു. എന്നാൽ ആ യുവാവിനെ ജാമാതാവായി കിട്ടാൻ ഒരു മഹാമാരീചൻ മായാപ്രയോഗങ്ങളെ അനുവർത്തിക്കുന്നുണ്ടെന്ന് ആശാൻ ഗ്രഹിച്ചിരുന്നു. ആ ദുർമാന്ത്രികന്റെ ആഭിചാരങ്ങളെ മാമബ്രാഹ്മണൻ മുഖേനയോ മറ്റോ ത്രിവിക്രമകുമാരന്റെ അഭിലാഷം തിരുമുമ്പിൽ സമർപ്പിതമാകുന്നതിനുമുമ്പ് ഊർജ്ജിതപ്പെടുത്തി ആ യുവാവിനെ അപഹരിപ്പിച്ചാൽ സാവിത്രിയുടെ പരിണയരംഗം അത്രത്തോളം തനിക്ക് ഒഴിഞ്ഞുകിട്ടുമെന്നു ആ താർക്കികശിഷ്യൻ സമർത്ഥിച്ചു. ബബ്‌ലേശ്വരം രാജകുമാരന്റെ ശിശുപാലത്വത്തെ സ്വന്തം തന്ത്രപ്രയോഗത്താൽത്തന്നെ ഉച്ചാടനം ചെയ്തുകൊള്ളാമെന്നും അയാൾ ധൈര്യപ്പെട്ടു. ഇങ്ങനെയുള്ള [ 56 ] നിശ്ചയങ്ങളാൽ ആശാന്റെ ശിരസ്സു വഹിച്ചിരുന്ന ചിന്താഭാരം ലഘുവാക്കപ്പെട്ടപ്പോൾ ആ മതിമാന്റെ പാദങ്ങൾ ബുദ്ധിപൂർവ്വതയാലുള്ള അനുശാസനത്തെ നിർവഹിപ്പാൻ ദ്രുതപ്രവർത്തനം തുടങ്ങി.

തിരുവിതാംകൂർ രാജ്യത്തിന്റെ ഭൂമിശാസ്ത്രജ്ഞന്മാർ ആ രാജ്യം സഹ്യാദ്രിയുടെ അധിത്യകമുതൽ പശ്ചിമസമുദ്രപരിധിവരെ ഹരിതച്ഛവി കലർന്നുള്ള ഉന്നതപ്രദേശങ്ങളാലും, കൃഷിക്കുപയുക്തങ്ങളായ ഉപത്യകകളാലും അനുക്രമത്തിൽ സങ്കീർണ്ണമായ ഒരു മനോഹരോദ്യാനമാണെന്നു വർണ്ണിച്ചിട്ടുണ്ട്. ഈ കഥാകാലത്ത് വഞ്ചിയൂർ പാടത്തിന്റെ പൂർവോത്തരഭാഗങ്ങളായ ചെറുകുന്നുകൾ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശമായിരുന്നുവെങ്കിലും അകാലമൃതന്മാരുടെ ശവകുടീരങ്ങൾ നിറഞ്ഞുള്ള ഒരു ദുർഭൂമിയായിരുന്നു. പാടത്തിന്റെ പടിഞ്ഞാറെക്കരയിൽ നഗരത്തിലെ പല ഭൂസ്വത്തുക്കളുടെയും, ഉടമസ്ഥനായ ഒരു തെക്കൻ പ്രഭു ഭവനം സ്ഥാപിച്ചു പാർത്തിരുന്നതിനാൽ അദ്ദേഹത്തിന്റെ ആശ്രിതന്മാരായ ചില ചെട്ടികളും ചാന്നാന്മാരും ഈ കാട്ടിന്റെ ഓരോ അതിരുകളിൽ കുടിലുകൾ കെട്ടി വസിച്ചിരുന്നു. ഇക്കാലത്തു രാജസ്വമായുള്ള വാസമന്ദിരങ്ങളിലും കാര്യനിലയനങ്ങളിലും വച്ചു പ്രഥമഗണനീയമായി വിലസുന്ന പുത്തൻകച്ചേരി എന്ന ഗംഭീരഹർമ്മ്യം നിലകൊള്ളുന്നത് ഈ വനത്തിന്റെ കിഴക്കെ ഖണ്ഡത്തിലാണ്. കാട്ടുമാർജ്ജാരന്മാരും പുഷ്ടശരീരികളായ ജംബുകക്കൂട്ടവും അധിവസിച്ചിരുന്ന ഈ പ്രദേശത്തെ ആപത്കേന്ദ്രങ്ങളായ ചില കാട്ടുവഴികളും തലസ്ഥാനത്തെ പീഡിപ്പിച്ചുവരുന്ന കള്ളന്മാർക്കും മാത്രം പരിചിതങ്ങളായിരുന്ന ചില ഊടുവഴികളും വിലങ്ങിയിരുന്നു. ഈ വനത്തിന്റെ വിസ്താരം കൂടിയ മദ്ധ്യഭാഗം, ആക്രമിക്കാൻ ആഗ്രഹിക്കുന്നവരെ ദണ്ഡിപ്പിക്കുമാറുള്ള വിധത്തിൽ കൂർത്തുമൂർത്തുള്ള ശരങ്ങളും വഹിച്ചു തഴച്ചുനില്ക്കുന്ന പുരമ്പ്, ഈന്ത മുതലായ മുൾച്ചെടികളാൽ രക്ഷിക്കപ്പെട്ടിരുന്നതിനാൽ, അവിടം സാമാന്യജനങ്ങൾക്ക് ദുഷ്പ്രാപമായിരുന്നു. ദ്രോഹകാരികളായ ഈ ചെറുതരുകൂട്ടങ്ങളുടെ നിബിഡതകൊണ്ടുള്ള അരമ്യതയെ നീക്കാനെന്നപോലെ വനമദ്ധ്യത്തിൽ അവിടവിടെയായി ഉന്നതവൃക്ഷങ്ങളുടെ സംയോജനത്താൽ നിർമ്മിതങ്ങളായിട്ടുള്ള കാവുകളും കാണ്മാനുണ്ട്. സ്ത്രീപുരുഷവർഗങ്ങളിൽ രണ്ടിലുമുള്ള ദേവതമാരുടെ താണ്ഡവമണ്ഡപങ്ങളായി ആ വൃക്ഷകദംബങ്ങൾ ഗണിക്കപ്പെട്ടുവന്നതിനാലും ആ വനപ്രദേശം പൗരജനങ്ങളാൽ വർജ്ജിക്കപ്പെട്ടുവന്നു. ശവശരീരങ്ങളുടെ ഭക്ഷകന്മാരായ കാട്ടുനായ്ക്കളുടെ വിശന്നുള്ള മോങ്ങലുകൾ പരിസരദേശവാസികളെ സാമാന്യേന പൈശാചാരവങ്ങളായി ഭയപ്പെടുത്തിവന്നു. ഗൃഹകുശലങ്ങൾ പരസ്പരം ആരായുവാൻ എന്നപോലെ കാവുകളിൽനിന്ന് അങ്ങോട്ടും ഇങ്ങോട്ടും നിശാകാലങ്ങളിൽ പറന്നു ക്ഷീണിച്ച മൂങ്ങക്കൂട്ടങ്ങൾ യുദ്ധകാലത്തുണ്ടാകാവുന്ന ബഹുമരണങ്ങളുടെ സൂചകമായി പ്രലപനം ചെയ്യുന്നതും ആ സ്ഥലത്തെ സമീപവാസികളെക്കൊണ്ടു വിദ്വേഷിപ്പിച്ചുവന്നു. [ 57 ]

നമ്മുടെ കൊച്ചാശാൻ രാജമന്ദിരത്തോട്ടത്തിൽനിന്നു യാത്ര ആരംഭിച്ചത് ഇങ്ങനെ ദുഷ്കർമ്മത്തിന് അനുകൂലമായുള്ള ഒരു ഭയങ്കരരംഗത്തിലേക്കായിരുന്നു. താൻ തിരുവനന്തപുരത്തെ സ്ത്രീലോകത്തിന് ഒരു 'ചിന്താമണി' ആണെന്നുള്ള ആശാന്റെ ഗർവം അയാളുടെ ഗുണസഞ്ചയത്തോട് ഉപാന്തവാസം തുടങ്ങിയിരുന്നു. അതിനാൽ രാത്രികാലങ്ങളിൽ സാവകാശം കിട്ടുന്ന സമയമെല്ലാം തിരുവനന്തപുരത്തെ 'ഏഴുരണ്ടു ലോക'സ്ഥിതികളും ആരായുവാൻ ആ അബലാരങ്കവിദൂഷകൻ വിനിയോഗിച്ചുവന്നു. ഇങ്ങനെയുള്ള ഒരു സഞ്ചാരത്തിനിടയിൽ നഗരത്തിന്റെ വടക്കെ അറുതിയിൽ എത്തിയ ആശാൻ ഒരു ഊടുവഴിക്കുള്ളിൽ കുടുങ്ങി. വ്യവസായാനുവർത്തനം സ്വീകരിച്ചതു മുതൽ ക്ഷാത്രവീര്യശ്രീയാൽ നിരാകൃതമായ ഒരു കുടുംബത്തിൽ ഉൾപ്പെട്ട ആ നായർ രണ്ടു കാട്ടാളസ്വരൂപികളുടെ കൈകളാൽ ഗ്രസ്തനായി. ഗുരുനാഥന്റെ വകയും രസികസഞ്ചാരത്തിലേക്ക് അപഹരിക്കപ്പെട്ടതുമായ ഉത്തരീയം കന്ദുകരൂപത്തിൽ ആശാന്റെ വക്ത്രക്കുഴലിനകത്തു നിറയാക്കപ്പെട്ടത് അയാളുടെ നിലവിളികളെ പ്രതിബന്ധിച്ചു. ബോധവിഹീനമായ ആശാന്റെ ജഡം ഒരു ചെറുഖാണ്ഡവത്തെയും, പിന്നെയും ചില വനചരന്മാരെയും ഒരു കിരാതരാജന്റെ ഛായയെയും തിമിരനിബിഡതയ്ക്കിടയിൽ കണ്ടു. അന്തകസമക്ഷം ഹാജരാക്കപ്പെട്ടു ജീവിതകാലദുഷ്കൃത്യങ്ങളെ വിളിച്ചു ചൊല്ലും പോലെ ആ രാത്രിയിലെ സന്ദർശനത്തിനിടയിൽ എന്തെന്തു പരമാർത്ഥങ്ങൾ ഛർദ്ദിച്ചുപോയി എന്ന് ആശാനുതന്നെ അപ്പോൾ രൂപമുണ്ടായില്ല. താൻ കണ്ട രഹസ്യസ്ഥിതികളെ ഗോപനംചെയ്തു കൊള്ളാമെന്നും അപ്പോഴപ്പോൾ അറിയുന്ന വിശേഷവൃത്താന്തങ്ങളെ അന്നന്നു ധരിപ്പിച്ചു കൊള്ളാമെന്നും ഉള്ള പ്രതിജ്ഞകളും അതിലേക്കുള്ള പ്രതിഗ്രഹദാനവും കഴിഞ്ഞപ്പോൾ മുതൽ ആശാൻ രാജാധികാരാംഗങ്ങളെയും രാജ്യസ്ഥിതികളെയും വലയം ചെയ്യുന്ന വിപത്തുകളെയും, ചില ഗൃഹരഹസ്യങ്ങളെയും ഗ്രഹിച്ചു. ഈ ഗൂഢസംഘത്തിലെ ചാരസ്ഥാനം കിട്ടിയപ്പോൾ മീനാക്ഷിഅമ്മയോട് സമാനഭാവം നടിപ്പാനും സാവിത്രിയുടെ പരിഗ്രഹണം അസാദ്ധ്യകർമ്മമല്ലെന്നു വിചാരിപ്പാനും ഉള്ള പ്രാധാന്യം ആശാനു കൈവശപ്പെട്ടു.

മഹാരാജാവ് തിരുവനന്തപുരത്ത് എഴുന്നള്ളിയ ദിവസം സ്വഗുരുനാഥനിൽ നിന്ന് "പെരിഞ്ചക്കോടൻ ആരാടാ?" എന്ന ചോദ്യം ഉണ്ടായതുമുതൽ ആശാൻ ആ സ്ഥലത്തേക്കുള്ള യാത്രയെ നിറുത്തിവച്ചിരുന്നു. എങ്കിലും ത്രിവിക്രമകുമാരന്റെ ഭാഗ്യം അയാളുടെ അസൂയാമർമ്മത്തെ തപിപ്പിക്കുകയാൽ കണ്ഠീരവരായരെ ബന്ധനത്തിലാക്കിയിരിക്കുന്ന വൃത്താന്തം കാട്ടാളനായകനെ ഉടനെ ധരിപ്പിക്കേണ്ടതു തന്റെ പ്രതിജ്ഞയാൽ നിർബ്ബന്ധിതമായുള്ള ഒരു കൃത്യമെന്ന ഭാവത്തിൽ അയാൾ വനപ്രദേശത്തിലേക്കു ദ്രുതഗതിയിൽ നടന്നു. ഉടനെ കനകവും അനന്തരം കാമിനിയും കിട്ടാനുള്ള വഴികൾ തെളിഞ്ഞുകണ്ടു, എങ്കിലും ആ ദുർഭൂമിയുടെ സമീപത്ത് എത്തിയപ്പോൾ ആശാന്റെ ഹൃദയം ചലിച്ചുതുടങ്ങി. [ 58 ] കാളിയശംഖാദികളായ നാഗരാജാക്കന്മാരുടെ ഫണസമുച്ചയങ്ങൾപോലെ ഓരോ സ്ഥലങ്ങളിൽനിന്നും ധൂമം പൊങ്ങുന്നതു വലുതായ ജനസംഘങ്ങളെ ഊട്ടാനുള്ള പാചകകർമ്മത്തെ ലക്ഷീകരിക്കുന്നു എന്ന് ആശാനു ബോദ്ധ്യമായി. രാജാധികാരത്തിന്റെയും വിശേഷിച്ച് ദിവാൻജിയുടെയും നേർക്കു സംജാതമാകാൻ പോകുന്ന ഒരു ദ്രോഹകർമ്മത്തിന്റെ സൂതികാഗൃഹം ആണ് ആ വനപ്രദേശമെന്ന് ആശാൻ ഗ്രഹിച്ചിരുന്നു. ആ പ്രസവത്തിന്റെ ഫലമായി ബഹുശതം നൂറ്റുപേർ ആ സ്ഥലത്തു സഞ്ചരിച്ചിരിക്കുന്നു എന്ന് ഊഹിച്ചിട്ട് ആശാന്റെ ഉള്ളം ഒന്നു കിടുങ്ങി. അവിടത്തെ ജന്തുസഞ്ചയങ്ങൾ ജീവഭയത്താൽ പ്രവാസമനുഷ്ഠിച്ചിരിക്കുന്നു. ഏതു ധീരകേസരികളുടെയും ഞരമ്പുകളെ കിടുക്കുന്നതായ ഒരു നിശബ്ദത ആ സ്ഥലത്തിന്റെ ഭയാനകതയെ പ്രവൃദ്ധമാക്കുന്നു. ആ കുദുർഗ്ഗത്തിൽ സമാരാധിക്കപ്പെടുന്ന സംഹാരകാളിയുടെ ദർശനത്തെ പ്രതിബന്ധിപ്പാനെന്നപോലെ ആകാശതരണം ചെയ്യുന്ന ദക്ഷപുത്രികളും സഖീജനങ്ങളും മേഘയവനികയാലുള്ള തിരോഹിതിയെ അവലംബിച്ചിരിക്കുന്നു. അഗ്നികുണ്ഡപ്രവേശത്തിനെന്നപോലെ ശ്വാസംപിടിച്ചുകൊണ്ട് ആശാൻ ആദ്യത്തെ ചുവടിളക്കി കുറ്റിക്കാട്ടിലോട്ടു വെച്ചപ്പോൾ അക്ഷരവിലോപംകൊണ്ടു വ്യക്തമാകാത്ത ഒരു ശബ്ദം ആശാന്റെ കർണ്ണത്തിൽ സംഘട്ടനം ചെയ്തു. സംഘനിയമങ്ങൾ ഹൃദിസ്ഥമാക്കിയിരുന്ന ആശാന്റെ ശിരഃപ്രദേശം സംഭ്രമക്ഷീണത്താൽ തൽക്കാലം അനുഷ്ഠേയമായിട്ടുള്ള കൃത്യത്തെ വിസ്മരിച്ച് ഒരു തോക്കിന്റെ കാഞ്ചി പുറകോട്ടു വലിക്കപ്പെടുന്ന ശബ്ദം മുൾച്ചെടികൾക്കിടയിൽനിന്നു പുറപ്പെട്ടത് ആശാന്റെ സജ്വരമായ കർണ്ണത്തിൽ പതിയുകയാൽ പ്രാണഭീതിയായ വിദ്യുത്പ്രതാപം അയാളെ സ്ഥിരബോധവാനാക്കി, 'പള്ളികൊണ്ടാൻ' എന്നൊരു അടയാളവാക്യത്തെ അയാളെക്കൊണ്ട് ആക്രോശിപ്പിച്ചു. 'പൊങ്കാണോം' എന്നു നാഞ്ചിനാടൻ ധ്വനിയിലും അവിടത്തെ ഭാഷാരീതിയോടടുത്തും ഉള്ള ഒരു ഉഗ്രാജ്ഞ അയാളെ പൊയ്ക്കൊള്ളുന്നതിന് അനുവദിക്കുകയാൽ ആശാൻ മുന്നോട്ടു നടന്ന് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ചിലടത്ത് 'യാരെമ്പരാ?' എന്നു രൂപാന്തരപ്പെട്ടു കേട്ടും, അതിനെല്ലാം ഉത്തരമായി മുമ്പിൽ പ്രയോഗിച്ച പദത്തെ തൊണ്ട ഇടറി ഉച്ചരിച്ചും നടന്ന്, അയാൾ വനമദ്ധ്യത്തിലെ ഒരു തരുക്കൂട്ടത്തിന്റെ മുമ്പിൽ എത്തിയപ്പോൾ ചില മഹിഷകായന്മാർ അയാളെ പിടികൂടി ദ്രോഹകരമായുള്ള സാധനങ്ങളൊന്നും വഹിക്കുന്നില്ലെന്നു നിശ്ചയപ്പെടുത്താൻ ഒരു ദേഹപരിശോധന കഴിച്ചു. ഒരു കിങ്കരൻ ആ കൂട്ടത്തിൽനിന്നു പിരിഞ്ഞു സംഘനായകന്റെ നിലയനമുറപ്പിച്ചിരുന്ന ചൂതവനത്തിലേക്ക് നടകൊണ്ടു.

പരിശോധനാനന്തരം ദ്വാസ്ഥസംഘത്താൽ സൗഹാർദ്ദത്തോടെ ഉപചരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്ന ആശാൻ, ആ വനതലത്തിലെ ഓരോ ചെടിയും ആയുധപാണിയായ ഓരോ രാക്ഷസന്റെ സാന്നിദ്ധ്യത്തെ ഗോപനം ചെയ്യുന്നു എന്നു വിശ്വസിക്കുകയാൽ രാജശക്തിയും [ 59 ] മന്ത്രശക്തിയും തന്റെ പ്രസാദദീക്ഷകന്മാരായി വർത്തിക്കുന്നു എന്ന് ഒരു സ്വപ്നം ദർശിച്ചു പ്രമോദിച്ചു. സംഘത്തിൽനിന്നു പിരിഞ്ഞ കിങ്കരൻ ക്ഷണംകൊണ്ടു മടങ്ങിയെത്തി പ്രമാണിയുടെ മുമ്പിൽ പ്രവേശിച്ചുകൊള്ളുവാൻ ആ ലോകവാർത്ത വാഹകന് അനുമതികൊടുത്തു.

കൊടന്ത ആശാൻ കുലദൈവങ്ങളെ എല്ലാം പ്രാർത്ഥിച്ചുകൊണ്ടു നീങ്ങി. മരക്കൂട്ടത്തിനിടയിൽ നിന്നിരുന്ന ഒരു ഓലപ്പുരയ്ക്കകത്തു കടന്നു. ഏകദീപമെങ്കിലും കൊണ്ടു പ്രശോഭിപ്പിക്കപ്പെട്ടിട്ടില്ലാത്ത ആ മുറിയിലെ കൂരിരുട്ടിൽ എത്തിയപ്പോൾ ആശാന്റെ ശരീരം ഒന്നുകൂടി ശുഷ്കിച്ചു ഹ്രസ്വവുമായി. ആ പുരയ്ക്കകത്തു ജലശൂന്യമായ ഒരു പൂർവ്വയുഗകൂപം സർപ്പങ്ങളുടെ പ്രത്യേക ആവാസമായി ഉണ്ടെന്നുള്ള വസ്തുത അറിഞ്ഞിരുന്ന ആശാൻ നിലംമുട്ടിത്താണും വിറച്ചു തുള്ളിക്കൊണ്ടും ആ ഗർഭഗൃഹവാസിയായ അന്ധകാരമൂർത്തിയുടെ വെളിപാടു പ്രതീക്ഷിച്ചു നിന്നു. കാളിദാസനും മഹാമാന്ത്രികനും എന്തോ ദുർദ്ദേവതാസ്വാധീനത്താൽ ജ്യൗതിഷിയും ദക്ഷിണദിക്കിലെ ഒരു തസ്കരസംഘത്തിലെ തുംബീരനും ആയുള്ള ഒരു ചണ്ഡാലന്റെ ആശരസാന്നിദ്ധ്യം ആ മഹാന്ധകാരത്തിനിടയിൽ ഉണ്ടെന്നറിഞ്ഞിരുന്ന ആശാന്റെ നാവ് ഈ ധ്യാനസ്ഥിതിയിൽ വരണ്ടു ശൂന്യശബ്ദവുമായി. പരദ്രോഹവും പരവഞ്ചനയും എന്നുള്ള അഘതാമിസ്രതകൾ ആ സ്ഥലത്തെ വായുവിൽ പ്രസരിച്ച് ആശാന്റെ ശ്വാസനാളത്തിൽ ഒരു സ്വരസാദവും ഉത്പാദിപ്പിച്ചു. താൻ സന്നിഹിതനായിരിക്കുന്ന ഗൂഢസമിതിയിലെ നായകനായ ആ ക്ഷേത്രമൂർത്തി ആശാനെ ബന്ധുവാക്കി വരിച്ചിട്ടുണ്ടെങ്കിലും ആ മൂർത്തിയുടെ പ്രത്യക്ഷദർശനം ആശാന് ഇതുവരെ സംപ്രാപ്തമായിട്ടില്ല. മൃതിസാമീപ്യത്തിൽ എന്നപോലെ പ്രാണൻ ത്രസിച്ച് ആശാൻ നില്ക്കുന്നതിനിടയിൽ ചില ആയുധങ്ങൾ നീക്കിവയ്ക്കുന്നതിന്റെ ശബ്ദം അതിനകത്തുള്ള പുരുഷൻ സുരക്ഷിതൻ ആണെന്ന് ആശാന് അറിവുകൊടുത്തു. അത്യഗാധമായ ആ കിണറ്റിൽനിന്നു പൊങ്ങുന്നതുപോലെ ഒരു ചോദ്യവും തന്റെ പുരോഭാഗത്തിൽനിന്നു പുറപ്പെട്ടു: "ഏപ്പാ! എന്ന പുതുവാർത്തൈ?" ആശാൻ വഹിച്ചുകൊണ്ടുവന്നിരുന്ന വൃത്താന്തത്തെ പണിപ്പെട്ടു ധരിപ്പിച്ചു.

ചണ്ഡാലൻ: "രായർ തമ്പുരാക്കളെ തീട്ടിപ്പോടുവാരാ? ഏമക്കൈവായ് പീര? (രായരെ കൊന്നുകളയുമോ ദണ്ഡിക്കുമോ?) തെരിയപ്പണിയാ? തുളുത്താൻ പടൈ എവ്വഴി വാറാർ?" എന്ന് ശിലകൾ തമ്മിലുരുമ്മുന്ന ശബ്ദത്തിൽ പുറപ്പെട്ട ചോദ്യത്തിനും ആശാൻ മിണ്ടാതെ നിന്നു.

ചണ്ഡാലൻ: "പിറകാൽ എന്ന കോൾ തമ്പിരാ?" (വേറെ എന്തു കൗശലങ്ങൾ ആലോചിക്കപ്പെടുന്നു?)

തന്റെ ഗുരുനാഥൻ പെരിഞ്ചക്കോട് എന്ന ഭവനം ഏതെന്നു ചോദിച്ചുവെന്നും അദ്ദേഹവും ദിവാൻജിയും തമ്മിൽ ആന്തരാൽ ശത്രുക്കൾതന്നെ എന്നും അദ്ദേഹത്തിന്റെ പുത്രിയെ ത്രിവിക്രമകുമാരനു കൊടുക്കയില്ലെന്നു ശപഥം ചെയ്തിരിക്കുന്നു എന്നും ആശാൻ ധൈര്യം [ 60 ] സജ്ജീകരിച്ചു ധരിപ്പിച്ചു. തന്റെ കൈയിൽ ഒരു ചെറിയ പണപ്പൊതി ചേർക്കപ്പെട്ടതും താൻ ഒരു യന്ത്രദണ്ഡത്താൽ നിഷ്ക്രാന്തനാക്കപ്പെട്ടതും മാത്രം അടുത്ത സംഭവങ്ങളായി ആശാൻ അറിഞ്ഞു. അന്നത്തെ കൂടിക്കാഴ്ചയും ആദായപ്രദായകമായി കഴിഞ്ഞതിലുള്ള സന്തോഷത്തോടെ ആശാൻ കാട്ടിൽനിന്നു ഭവനനിരകൾ നില്ക്കുന്ന പ്രദേശത്ത് എത്തുന്നതുവരെ പറക്കുകതന്നെ ചെയ്തു. ആശാന്റെ നിർഗ്ഗമനം ഉണ്ടായതിനെത്തുടർന്നു ശുഭ്രവസ്ത്രധാരിയായ ഒരു അതികായൻ ദണ്ഡപാണിയായി ഒന്നുരണ്ട് അനുചരന്മാരോടൊന്നിച്ച് അതിവേഗത്തിൽ മാണിക്കഗൗണ്ഡന്റെ വ്യാപാരശാലയിലേക്കു യാത്രയായി.