താൾ:Ramarajabahadoor.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മീനാക്ഷിഅമ്മ: "അതതെ കൊച്ചാശാനെ! നില്ക്കുന്നിടം താണുപോകും. കൊച്ചാശാൻ വിചാരിക്കുംപോലെ സാവിത്രിക്കുട്ടി കളിക്കുട്ടിയല്ല. ആശാന്റെ യോഗ്യതകളെല്ലാം അവൾ അറിഞ്ഞിട്ടുണ്ട്."

ഗണ്ഡഗർത്തത്തിൽ അങ്കുശമേല്ക്കുമ്പോൾ മദഗജത്തിനുണ്ടാകുന്ന സങ്കോചം ഈ വാക്കുകൾ ആശാനിലും ഉണ്ടാക്കി. എന്നാൽ, അയാൾ നട മടക്കാൻ തുടങ്ങാതെ, ആ ബാലികയുടെ കാര്യത്തിൽത്തന്നെ അപകടങ്ങളും ഗൃഹച്ഛിദ്രങ്ങളും സംഭവിക്കാതിരിപ്പാൻ താൻ സർവ്വദാ 'അവിഘ്നമസ്തു' പ്രാർത്ഥനയോടെ നടക്കുന്നു എന്നും മറ്റും അടിയിട്ടുകൊണ്ട് ഇങ്ങനെ വാദിച്ചു: "എന്നു മാത്രമോ കുഞ്ഞമ്മേ! ഇന്നാൾ കിട്ടിയില്ലേ സമ്മാനം? അതുമുതൽ അക്കുഞ്ഞിന് ഇവന്റെ സത്യം ബോദ്ധ്യപ്പെടുത്തിയിട്ട് ഇനി മേൽക്കാര്യം എന്നുവച്ച് 'ഭഗവതീ! ഭഗവതീ! അനുഗ്രഹിക്കണേ, കുഞ്ഞിനു തക്ക ഒരാളുണ്ടാകണേ" എന്നു പ്രാർത്ഥിച്ചോണ്ടേ ഊണുമുറക്കവുമുപേക്ഷിച്ചു ചുറ്റിക്കറങ്ങുകയാണ്."

മീനാക്ഷിഅമ്മ: "തമ്പുരാനെ നിശ്ചയിച്ചിട്ട് ഇനി മറ്റു വഴി ആലോചിച്ചാൽ അനുഭവം കൊച്ചാശാനറിഞ്ഞുകൂടേ?"

കൊടന്തആശാൻ: "എന്റെ കുഞ്ഞമ്മേ! അതാ ഇപ്പോഴും മുഖത്ത് ആ പേരെക്കുറിച്ചുള്ള ചളിപ്പ് അങ്ങനെ തുള്ളിത്തിളയ്ക്കുന്നു. കുഞ്ഞമ്മയ്ക്ക് അവിടുന്നു പത്ഥ്യമല്ല, തീർച്ചയായും അല്ല. ആശാന് കുട്ടൻപിള്ള ഏഴാം നാളുകാരനുമാണ്. ഈ സ്ഥിതിയിൽ ഒരു ചെരിച്ചളപ്പു വേണമെന്ന് കൊടന്തയുടെ അല്പബുദ്ധിയിൽ തോന്നുന്നു. രണ്ടുപേർക്കും സുഖക്കേട് ഉണ്ടാകാതെ കഴിഞ്ഞാൽ ആശ്രയിക്കുന്ന ഞങ്ങൾക്ക് എന്തു സുഖമുണ്ടെന്നോ?" (സ്വരം താഴ്ത്തി) "ദിവാന്ന്യോമാന്റെ മരുമഹൻ കൊച്ചിരയിമ്മൻതമ്പി നമ്മുടെ കുഞ്ഞിന് അസൽത്തരം. 'വിഷ്ണുനിശയ്ക്കുശശാങ്കനുമയ്ക്ക്' എന്ന് ഏതോ കോന്ത്രക്കാരൻ നമ്പ്യാരോറ്റോ പാടിയിട്ടില്ലേ? അക്കണക്ക് ഒത്തിരിക്കും. ഭർത്താക്കന്മാർ നമുക്കു ഭരദേവതകളല്ലേ? കുഞ്ഞമ്മ പരിഭവം എല്ലാം വിട്ടിട്ടു ഗുരുനാഥനോട് ഇതു പറഞ്ഞാൽ ഉടൻ അനുവദിക്കും. കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞൊതുക്കാൻ നിങ്ങളുടെ സ്വന്തം ഇവനുണ്ട്. ഇവന് വയറുപിഴപ്പാൻ വല്ല വഴിയും ഉണ്ടാക്കിത്തരാൻ കുഞ്ഞമ്മ സാഹസപ്പെടുകയും വേണ്ട."

ഇങ്ങനെയുള്ള പ്രസംഗകർമ്മത്താൽ, ആശാൻ 'സത്യശുദ്ധസരസ്വതി'യുടെ മേധം കഴിച്ച് ഒട്ടുനേരം കാത്തുനിന്നിട്ടും മീനാക്ഷിഅമ്മയിൽനിന്നും സ്വീകാരപ്രതിഷേധങ്ങളിൽ ഏതൊന്നിന്റെയെങ്കിലും ശബ്ദബിന്ദുവോ ചേഷ്ടാശകലമോ പൊഴിഞ്ഞില്ല. അസ്വാർത്ഥധീത്വത്താൽ അയാൾ ചില ഉപദേശങ്ങളെക്കൂടി തന്റെ ഐശ്വര്യദായകപ്രസംഗത്തോടെ അനുബന്ധിച്ചു: "കുഞ്ഞമ്മേ! ശരിയാണ്. നല്ലവണ്ണം ആലോചിച്ചിട്ടേ പ്രയോഗിക്കാവൂ. കരുതി നടന്നാൽ കരയേണ്ടിവരൂല്ല. പണ്ടത്തെ കണിയാന്റെ കൂട്ടത്തിൽ, 'അടിയൻ പകലേ കണ്ടേ' എന്നു പറഞ്ഞോണ്ടു വല്ല കുണ്ടുകിണറ്റിലും 'ദ്ധുടി' ആകണ്ട. വേളിക്കാര്യമല്ലയോ? നാലു പാർശ്വവും നവപ്പൊരുത്തവും നോക്കിയിട്ടേ നടത്താവൂ. എന്തായാലും

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/63&oldid=168323" എന്ന താളിൽനിന്ന് ശേഖരിച്ചത്