താൾ:Ramarajabahadoor.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സേവിച്ചുനില്കുന്ന രക്ഷികളുടെ വിദേശീയവേഷങ്ങളും രൂക്ഷഭാവങ്ങളും വേണ്ടതുപോലെ പ്രതിഫലിപ്പിക്കുന്നു. ആ നിലയനത്തിലെ തല്ക്കാലവ്യവസ്ഥകൾ അജിതസിംഹന്റെ പരിചാരജനങ്ങൾ മാത്രം സൂക്ഷ്മമായി അറിഞ്ഞിരുന്നു. രാജസിംഹനെക്കാളും പ്രതാപവാനായുള്ള ഒരാൾ അദ്ദേഹത്തോടുകൂടി പർത്തിരുന്നു. കാര്യക്കാർ ആയ ഇട്ടുണ്ണിക്കണ്ടപ്പനായരോ, നായക്കനോ, അവിടത്തെ ഒരു പ്രത്യേകഗർഭഗൃഹത്തിൽ ആർക്കും കണ്ടുകൂടാത്ത ഒരു ദേവനായി, ആവാസംകൊണ്ടിരുന്നു. അജിതസിംഹനുള്ള സുഖസൗകര്യാദികൾ, ഇട്ടുണ്ണിക്കണ്ടപ്പൻ അനുഭവിച്ചുവന്നതിലും തുലോം താണതരത്തിലുള്ളവ ആയിരുന്നു. ആ ഉഗ്രമൂർത്തിയുടെ നിശാകാലവാസത്തിനു കോട്ടയ്ക്കു പുറത്തു ചില സങ്കേതങ്ങളുമുണ്ടായിരുന്നു എന്നും ജനങ്ങൾ സംശയിച്ചിരുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ഗോപുരംപോലുള്ള ഒരു സ്വരൂപം രാത്രികാലങ്ങളിൽ ആ നഗരത്തിൽ സഞ്ചരിച്ചുപോന്നതു ടിപ്പുവിന്റെ പുരോഗാമിയായ അന്തകഭഗവാൻതന്നെ എന്നും ജനങ്ങൾ വിശ്വസിച്ചുവന്നു. ആ കഥകൾ എങ്ങനെയും ഇരിക്കട്ടെ. കൊച്ചാശാൻ എത്തിയ ഉടനെതന്നെ ദ്വാസ്ഥന്മാർ അജിതസിംഹന്റെ പള്ളിയറയ്ക്കുള്ളിൽ അയാളെ പ്രവേശിപ്പിച്ചു. പരിചാരകന്മാർ പിൻവാങ്ങിയപ്പോൾ "അസ്സല് അസ്സല്" എന്ന ചില സന്തോഷദ്ഘോഷങ്ങൾ അജിതസിംഹന്റെ തട്ടുപടിയായ സിംഹാസനത്തിന്റെ മുകളിൽനിന്നു പുറപ്പെട്ടു. കൊടന്തയാശാൻ രാജകുമാരന്റെ ദായക്രമവ്യത്യാസത്തെയും സ്വരാജ്യശത്രുവാണോ അദ്ദേഹമെന്നുള്ള സംശയത്തെയും മറന്ന് ശ്രീപത്മനാഭന്റെ മുമ്പിലെന്നപോലെ തൊഴുതുനിന്നു. പാരസീകരീതിയിൽ ധരിച്ചിട്ടുള്ള കേശമീശകളുടെ ഇടയിൽ തിളങ്ങിക്കൊണ്ടിരുന്ന വൻപൂച്ചയുടെ മുഖം കൊടന്തയാശാനെ കണ്ടപ്പോൾ ആ അംഗത്തിലെ സർവ്വഖണ്ഡങ്ങളും സരസമായി നൃത്തംചെയ്ത് ഈ അജിതസിംഹൻ ജന്മവാസനയാലും യുവകാലത്തെ അഭ്യസനങ്ങളാലും അതിസൗജന്യശീലനായിത്തീർന്നിരുന്നു. പുഷ്ടമായുള്ള ആ കോമളശരീരത്തിലെ വലതു തൃക്കൈ മുഷ്ടിസ്ഥിതിയിൽ ദ്രുതതരമായി ഇളകിക്കൊണ്ടിരിക്കുന്നത് അവിടത്തെ തിരുവിഹാരം 'ചെണ്ടകൊട്ടുക' എന്നുള്ള വിദ്യാധരപ്രയോഗം ആയിരുന്നതുകൊണ്ടാണ് 'ചെണ്ടകൊട്ടിക്കുക' എന്ന പൂച്ചസ്സന്യാസികളുടെ വ്യാപാരത്തിലും ഇവിടുന്ന് അതിവിദഗ്ദ്ധനായിരുന്നു. കൊടന്തആശാനെ കണ്ടപ്പോൾ ഇദ്ദേഹം നഖാവലികൊണ്ടു സിംഹാസനപ്പലകയിന്മേലുള്ള ചെണ്ടക്കലാശങ്ങളെ മുറുക്കി, ഇങ്ങനെ ഒരു സംഭാഷണം ആരംഭിച്ചു. ഈ തിരുമേനി പ്രസാദിച്ചു പ്രയോഗിച്ചുവന്ന ഭാഷ പല ദേശങ്ങളിലെ ഭാഷാകഷണങ്ങളും ചേർന്നുള്ള ഒരു അവിയലിന്റെ രീതിയിൽ സ്വരൂപിതമായിട്ടുള്ളതായിരുന്നു. ദേശസഞ്ചാരംകൊണ്ട് എന്തെല്ലാം അവസ്ഥാന്തരങ്ങൾ മനുഷ്യരുടെ സ്വഭാവത്തിലും പാണ്ഡിത്യത്തിലും വ്യാപാരത്തിലും സംഭവിക്കുന്നു! "അവിടെ, ആ സാത്രീയിന് സുഖംതന്നല്ലേ?" എന്നു മാർജ്ജാരമുഖനായ തിരുമേനിയിൽനിന്ന് ഒരു പ്രശ്നം പുറപ്പെട്ടപ്പോൾ, ആശാൻ ചോദ്യാനുരൂപമായുള്ള സ്വരത്തിലും താളത്തിലും, "ഇറാൻ" എന്നു ധരിപ്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/68&oldid=168328" എന്ന താളിൽനിന്ന് ശേഖരിച്ചത്