അജിതസിംഹൻ: "ഡോ. നല്ലോണം ചിന്തിച്ചു. ആരായുകയും ചെയ്തു. ഓള് അതിമെച്ചം. ഇവിടെ, ഈ അകത്തു സ്വൈരം പറഞ്ഞോ- പറഞ്ഞോളൂ. ആരുമില്ല. സൗന്ദര്യത്തയപ്പിന്റെ ത്രാസ് തായുന്നതേ, മകക്കോ അമ്മക്കോ? നേരു പറയൂ."
അജിതസിംഹൻ അനുവർത്തിക്കുന്ന സംഭാഷണപദ്ധതി ആശാസ്യമെന്ന് ആശാനു തോന്നിയില്ല. അനാസ്ഥയാലുള്ള മൗനത്തോടെ അയാൾ നിന്നപ്പോൾ അജിതസിംഹൻ പൊട്ടിച്ചിരിച്ചു. "ഉണ്ണിസ്ഥാൻ നല്ല കുട്ടത്തിലാണ്. വില്പത്തി കണക്കെയുണ്ട്. നല്ല ഹറുതിക്കുള്ള ശ്ലോഹങ്ങൾ അവസരം നോക്കി തട്ടിമൂളിക്കാൻ കെൽപ്പും ഉണ്ട്. ഭാര്യയ്ക്കു പതിനാറേ തോന്നിക്കുള്ളു എന്നു കേട്ടു. നാമം 'മീനാക്ഷി' എന്നും. മധുരാംബികേട തൃപ്പാരാണത്."
കൊടന്തആശാൻ: (വിഷയം മാറ്റാനായി ഝടിതിയിൽ) "കൊച്ചമ്മ ക്ഷയംപിടിച്ചു കിടക്കയാണ്."
അജിതസിംഹൻ: "വ്ഹോ! ക്ഷയം, ഓളെ കൃശോദരിയാക്കും. അത്രന്നല്ലേ ഉള്ളു? ശിന്നക്കുട്ടീനെ പരിഗ്രഹിക്ക അവദ്ധം. അങ്ങട്ടെയുന്നള്ളിച്ചാൽ കോലോം ഭരിക്കണ്ടേ? നാടും? ഇവറ്റ രണ്ടിനും വൈഭവമില്ലാഞ്ഞാൽ നുമക്കു സൊല്ല."
കൊടന്തആശാൻ: "അവർ കെട്ടിലമ്മമാരാണ്. അങ്ങോട്ടു പോരുന്നതുതന്നെ-"
അജിതസിംഹൻ: "അങ്ങനെ വരട്ട്. നൊണപറയാൻ വട്ടം കുട്ടിയാലും കൊടന്ത കൊയങ്ങും. അങ്ങോട്ടു പോരുന്നത് അപ്പോ, എന്താ, എന്താ, സന്നിഗ്ദ്ധത്തിലാണ്? ഡോ ഡോ, നീയ്യ് ഇവിടെക്കിടന്നു കഷണിച്ചു, കഷ്ടിയിൽ കഴിയണ്ട. അങ്ങോട്ടു പോന്നേക്ക്. അഷ്ടിക്കു വല്ലതും തന്നു സബാസാക്കിക്കളയാം. ഉണ്ണിസ്ഥാൻ എന്തു പറഞ്ഞഴച്ചു?"
കൊടന്തആശാൻ: "കല്പിച്ച് ആലോചിക്കുന്ന കാര്യത്തിൽ, വസാനത്തിരുവുള്ളം എന്തെന്നറിഞ്ഞാൽ കൊള്ളാമെന്ന്-"
അജിതസിംഹൻ: "അഃ, അതുവ്വോ? ഡോ കൊച്ചാശാൻ! നുമക്ക് ഉണ്ണിസ്ഥാന്റെ ബന്ധുത്വം മതി. ബാന്ധവം-നീയ്യ് കിര്യത്തുനായരുതന്നല്ലെ? അങ്ങനെ നടക്കട്ട് പരിഗ്രഹക്രിയ. നീകൂടിപ്പോന്നേക്ക്. കോലോത്തെ കാര്യം ഭരിക്കുന്ന ശ്വംപട്ടർ, ഓൻ മഹാദ്രോഹി. ആശാനെ നേമിച്ച് ഇന്നുതന്നെ തീട്ടൂരം ചാർത്തിയേക്കാം. നീയ്യ് നുമ്മടെ ആൾപ്പേരായി-ധരിച്ചുവോ രഹസ്യം?"
കൊടന്തആശാൻ: "അയ്യോ! അങ്ങനെ കല്പിക്കരുത്. ഗുരുനാഥൻ കൊന്നുകളയും."
അജിതസിംഹൻ: "ഡോ. വിടുവിഡ്ഢി! നോമില്ലേ ഏതു വാസുദേവന്റെ തൃച്ചക്രത്തെത്തടുക്കാനും? നിർബന്ധിച്ചാൽ ഒരു ശീലക്കഷണം നോം സമ്മാനിച്ചേക്കാം. നാട്ടിലേക്കു കടന്നാൽ ഓളു നിന്റെ കളത്രം."
ആശാൻ തന്റെ ധാരണത്തിനും അനുകരണത്തിനും ഉപദിഷ്ടമാകുന്ന കൗശലത്തെക്കുറിച്ച് ചിന്തിച്ച് അല്പനേരം വിഷമസ്ഥിതി