താൾ:Ramarajabahadoor.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


യിൽത്തന്നെ നിലകൊണ്ടു. ഈ സംശയഭാവം കണ്ട് അജിതസിംഹൻ ഒരു ദിവ്യതന്ത്രത്തെ പ്രയോഗിച്ചു. "ഡോ" എന്നുള്ള ശബ്ദത്തെ മാറ്റി "ഡാ!" ആക്കിക്കൊണ്ടു, "തഥാസ്തു എന്നു കൈ അടിച്ചു നടക്ക്. പറപ്പാണ്ടയിന്റെ ആൾക്കു രണ്ടെന്നു ഭാവിപ്പാൻ അവകാശമില്ല."

ഈ വാക്കുകളോടുകൂടി അജിതസിംഹൻ നഖംകൊണ്ടുള്ള ചെണ്ടക്കലാശത്തെ ഇരട്ടിയിലാക്കി. യുദ്ധാനന്തരമുള്ള ഭരണപ്രഭാവങ്ങളെ തുടകൾ തുള്ളിച്ചുകൊണ്ടു വർണ്ണിച്ച് കൊടന്തആശാന്റെ ജീവൻ ആകാശത്തിലോട്ടു നിർഗ്ഗമിച്ചു. "നടക്ക്, ശേഷം നോം സുമറാക്കും. കഥകൾ വഴിയെ ഗ്രഹിച്ചില്ലേ? ജീവൻ വേണമെങ്കിൽ ഉണ്ണിസ്ഥാനെ കാലിൽ വീയിക്ക്" എന്നുള്ള അരുളപ്പാടുകൾ കൊടന്തആശാന്റെ മോഹച്ചിറകുകളെ തളർത്തി. ഒരു കിങ്കരൻ മന്ദിരത്തിന്റെ ബഹിർദ്വാരത്ത് അയാളെ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന് പരിസരദേശത്തെയും ആകാശത്തെയും കണ്ടപ്പോൾ ആശാൻ ധരിക്കുകയാൽ, അയാൾ തന്റെ ജനനത്തെയും, കർമ്മത്തെയും സമസ്തകർമ്മങ്ങളുടെ സാക്ഷിയെയും ശപിച്ചു. ധൂർത്തനും വിടനുമായുള്ള ഈ രാജാവ് പറപ്പാണ്ട എന്ന തസ്കരപ്രമാണിയോടു തനിക്കുണ്ടായിത്തീർന്നിട്ടുള്ള ബന്ധം ഗ്രഹിച്ചിരിക്കുന്നു. ഈ രാക്ഷസൻ നിസ്സംശയമായി രാമവർമ്മമഹാരാജാവിന്റെ ശത്രുതന്നെയാണ്. അയാൾ തനിക്കു ദാസ്യപ്പെടാത്തവരെ ഏതുവിധത്തിലും മർദ്ദിക്കുന്നതിനു മടിക്കാത്ത ഒരു ദയാഹീനനുമാണ്. സ്വകഥ എന്തായാലും അപകടരാശിയിലോട്ടു സംക്രമിക്കുന്നു. ഗുരുദ്രോഹവും വഞ്ചകവൃത്തിയും അത്യാഗ്രഹവും തന്നെ മഹാദുരാപത്തുകളിൽച്ചാടിക്കുന്നു എന്നു ചിന്തിച്ചു സാവധാനത്തിൽ ആശാൻ നടന്നു. നന്തിയത്തുമഠത്തിൽ എത്തി. ഉണ്ണിത്താൻ സല്ക്കരിച്ച് ആകാംക്ഷാഭാവത്തിൽ "എന്താടാ മറുപടി?" എന്നു ചോദിച്ച സമയത്തു മാത്രമേ രാജഹിതത്തെക്കുറിച്ചുള്ള അരുളപ്പാടൊന്നും ഉണ്ടായിട്ടില്ലെന്ന വസ്തുത അയാൾ സ്മരിച്ചുള്ളു.

"എന്താടാ! നീ ശീതജ്വരം പിടിച്ചപോലെ തളർന്നുനിന്നു വിറയ്ക്കുന്നത്?" എന്നുള്ള ചോദ്യംകൂടി ഉണ്ടായപ്പോൾ, "ഓയ്! അവിടുന്ന് ഇന്നു വൈകുന്നേരംതന്നെ എഴുന്നള്ളുമെന്നു കല്പിച്ചേ" എന്നു, വരുന്നതുവരട്ടെ എന്ന നിശ്ചയത്തോടെ ധരിപ്പിച്ചു.

കൊച്ചാശാനെ തന്റെ സംഘത്തിലുള്ള ഒരു ഭൃത്യൻ പുറത്താക്കിയപ്പോൾ നമ്മുടെ ബബ്‌ലേശ്വരൻ എഴുന്നേറ്റുനിന്ന് ഉച്ചത്തിലൊന്നു പൊട്ടിച്ചിരിച്ചു. അഞ്ജനംകൊണ്ട് അങ്കിതമായുള്ള നേത്രങ്ങളുടെ തീക്ഷ്ണതേജസ്സോടെ ഒരു സിംഹവക്ത്രൻ രംഗത്തു പ്രവേശിച്ച്പ്പോൾ ബബ്‌ലേശ്വരന്റെ പൊട്ടിച്ചിരി പെട്ടന്നു നിന്നു. ഇട്ടുണ്ണിക്കണ്ടപ്പനായ ആ അതികായന്റെ മുമ്പിൽ അജിതസിംഹൻ ദാസസ്ഥിതിയിൽ നിലയുംകൊണ്ടു. "ഇപ്പോൾ വന്ന ചാരന് എന്തു മറുപടി കൊടുത്തു?" എന്നു ചോദ്യമുണ്ടായതിന്, "അവനെ വട്ടത്തിലാക്കി അയച്ചു" എന്ന് അജിതസിംഹൻ മറുപടി പറഞ്ഞു. ഉണ്ണിത്താൻ വിചാരിച്ചാൽ ആയിരത്തോളം ഭടജനവും വേണ്ട പണവും പാട്ടിലാകുമെന്നു നിശ്ചയം വന്നിരിക്കുന്നതിനാൽ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/70&oldid=168331" എന്ന താളിൽനിന്ന് ശേഖരിച്ചത്