താൾ:Ramarajabahadoor.djvu/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശിച്ചുള്ള ഈ സംബോധനത്തിൽ ഹതപ്രജ്ഞനായി, അദ്ദേഹം കിഴക്കെ വരാന്തയിലേക്കു പാഞ്ഞു.

ആ നിശാകാലം നാഴിക ഏഴ്, എട്ട്, ഒൻപത് എന്നു തരണം ചെയ്തു, പത്തിൽ എത്തീട്ടും ബബ്‌ലേശ്വരന്റെ പുറപ്പാടു കണ്ടില്ല. അതിനാൽ, അന്നത്തെ ഉദയഭക്ഷണത്തിനുശേഷം ഉപവാസത്തിൽ കഴിയുന്ന ഉണ്ണിത്താന്റെ ദമപ്രഭാവത്തിന് അവസാനം നേരിട്ടുതുടങ്ങി. ജനബാഹുല്യം കൊണ്ട് ആ കാലത്ത് അതിനിബിഡമായിത്തീർന്നിട്ടുള്ള ആ നഗരം യോഗനിദ്രയെ അവലംബിച്ചപോലെ നിശ്ചൈതന്യനിലയിൽ വർത്തിക്കുന്നു. പക്ഷേ, അവിഹിതമെന്നു ലോകരാൽ ഗണിക്കപ്പെടാവുന്ന തന്റെ ഉദ്യമം പ്രകൃതിദേവൻതന്നെയും ഈ വിധം ഗോപനം ചെയ്യുന്നു എന്ന മനോധർമ്മപഞ്ചാമൃതംകൊണ്ട് അദ്ദേഹം തന്റെ ക്ഷുദ്ദാഹങ്ങളെ പോക്കി. കൊടന്തയെയും ഒരു ഭൃത്യനെയും വിളിച്ച് അജിതസിംഹന്റെ തിരുവുള്ളം ഒന്നുകൂടി അറിഞ്ഞു വരുവാൻ ആജ്ഞകൾ കൊടുക്കുന്നതിനിടയിൽ, ചില അകമ്പടിക്കാരുടെ പരിചകളും ഖഡ്ഗങ്ങളും പ്രവേശനദ്വാരത്തിലെ ദീപപ്രകാശത്തെ പ്രതിഫലിപ്പിച്ചു തിളങ്ങി. ബ്രഹ്മദേവന്റെ ആഗമനം കണ്ട പൗലസ്ത്യനെപ്പോലെ ഉണ്ണിത്താൻ മുറ്റത്തിറങ്ങി, അജിതസിംഹനെ എതിരേൽപ്പാൻ മുന്നോട്ടു നടകൊണ്ടു. സാവിത്രിയായ ഗൃഹച്ഛിദ്രകാരിണിയെ ആ ഭവനത്തിൽനിന്നു ലോകസമ്മതമായ ന്യായമാർഗ്ഗേണ നിഷ്കാസനം ചെയ്യുവാനുള്ള ക്രയയുടെ ആരംഭഘട്ടമായ ആ മുഹൂർത്തത്തിൽ, ഉണ്ണിത്താന്റെ മനസ്സ് ഒരു ചാരിതാർത്ഥ്യമധു ആസ്വദിച്ചു. വലതുകൈയാൽ ഒരു വടിവാൾ ഏന്തിയും ഇടതുകൈയിൽ ധരിച്ചിരിക്കുന്ന ഉറുമാലാൽ വക്ഷസ്സിനെ വീശിയും പാദുകങ്ങൾകൊണ്ടു 'ശഠഃശഠഃ' എന്ന സമ്മതത്തെ ധ്വനിപ്പിച്ചും അജിതസിംഹൻ കൗരവേന്ദ്രപ്രഭാവനായി, ദ്വാരപ്രദേശത്തെ തരണം ചെയ്തു, ഗൃഹാങ്കണത്തിൽ പ്രവേശിച്ചു. ഒരു വിദ്വൽസഭയിലെ ഭൂഷണമായിത്തീരുവാൻ പാണ്ഡിത്യമുള്ള ഉണ്ണിത്താൻ സ്വപിതാവിൽനിന്നു സിദ്ധമായ ഔദ്ധത്യത്തിൽ അഞ്ജലിബദ്ധത്തോടെ അല്പംമാത്രം ശിരഃകമ്പനം ചെയ്തു രാജാതിഥിയെ വന്ദിച്ചു. അദ്ദേഹത്തിന്റെ അന്തേവാസിയെ കുരങ്ങാടിച്ച അജിതസിംഹൻ ന്യൂനോപചാരക്കാരനായ ഗുരുനാഥനെയും തുല്യനൃത്തം ചെയ്യിക്കുന്നുണ്ടെന്ന് ആലോചിച്ചുകൊണ്ട് പാദുകങ്ങളെ വരാന്തയിൽ നിക്ഷേപിച്ചു. അരക്ഷണനേരം ഉള്ളിലുദിച്ച ഒരു ശങ്കാവേശത്താൽ അജിതസിംഹൻ സ്വാത്മപ്രസാദാർത്ഥം പരിസരത്തെ വീക്ഷണം ചെയ്യുന്നു എന്നു നടിച്ചുകൊണ്ടു ലന്തക്കസേരയിൽ ഇരിക്കാതെ നിലകൊണ്ടു. താൻ ചരിക്കുന്ന രാശീചക്രത്തിലെ സൗരി ആ ഗൃഹനായകനെ വീക്ഷണംചെയ്തു രക്ഷിക്കുന്നു എന്നു സ്മരിക്കുകയാൽ മാത്രം അജിതസിംഹൻ സങ്കോചപ്പെട്ടതായിരുന്നു. എന്നാൽ ആ വിശ്വവിശാലമായ ഗ്രഹമണ്ഡലത്തിലെ ഭാസ്കരശക്തി സർവ്വോപരി പ്രധാനമായി ഭാസ്വത്താകേണ്ടതാണെന്നുള്ള വിചാരം, ശ്രീകൃഷ്ണാഗമനത്തിലെ സുയോധനത്വം അഭിനയിച്ച് ആസനസ്ഥനാകാൻ അജിതസിംഹനെ പ്രഗല്ഭനാക്കി. അദ്ദേഹം ലന്ത

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/75&oldid=168336" എന്ന താളിൽനിന്ന് ശേഖരിച്ചത്