ത്രതതിയും മേഘശൂന്യമായുള്ള നീലാകാശത്തിൽ അണിനിരന്നപ്പോൾ, ഭവനലക്ഷ്മിയും വിശ്വലക്ഷ്മിയും ഒരുപോലെ തെളിഞ്ഞു മന്ദഹാസം ചെയ്യുന്നു എന്ന് അദ്ദേഹത്തിന്റെ കാവ്യരസജ്ഞത ഉൽപ്രേഷിച്ചു.
ഇങ്ങനെ സന്തുഷ്ടിനിലയെ പ്രാപിച്ചു നടക്കുന്നതിനിടയിൽ എന്തോ ഒരു ന്യൂനതയുണ്ടെന്നുള്ള ശങ്ക അദ്ദേഹത്തിന്റെ ഹൃദയത്തെ വീണ്ടും ചലിപ്പിച്ചുതുടങ്ങി. ഭൃത്യജനങ്ങളുടെമേൽ പല കുറ്റങ്ങളും ആരോപിച്ചുകൊണ്ട് ആ സദ്വൃത്തൻ പല്ലുകൾ ഞെരിച്ചു, "തിന്നു നശിപ്പിക്കുന്ന സാമദ്രോഹികൾ" കേൾക്കാതെ ചില സമസ്തപദങ്ങൾ മന്ത്രിച്ചു. ഈ പ്രയോഗംകൊണ്ട് ആശയമണ്ഡലത്തെ വിശദദൃക്കാക്കിയപ്പോൾ, തന്നെ വ്യാകുലപ്പെടുത്തുന്ന അവസ്ഥ എന്തെന്ന് അദ്ദേഹം ദർശിച്ചു. അന്തഃപുരത്തിൽ പ്രവേശിച്ച് സാവിത്രിയെ വരുത്തി, അവളുടെ അലങ്കാരത്തെ ആപാദമസ്തകം ഒന്നു നോക്കീട്ട് ആജ്ഞാലംഘിനിയുടെ കർണ്ണപുടങ്ങളിൽ ചില കോപപ്രഭാഷണങ്ങൾകൊണ്ടു താഡിച്ചു, അവളെ ശിക്ഷിച്ചു. "എന്റെ കുഞ്ഞിന്റെ വഴിക്കു ഗുരുത്വം പോയിട്ടില്ല. ആ ത്രിവിക്രമൻ വന്നപ്പോളത്തെ വേഷം ഇന്നു തോന്നാതെപോയോ? ഇവന്റെ ഇഷ്ടപ്രകാരം ഒരു തിരുമേനിതന്നെ എഴുന്നള്ളുമ്പോൾ അപമാനിക്കാൻതന്നെ നിങ്ങൾക്കു തോന്നും. വർഗ്ഗം അതല്ലയോ? ഏറെപ്പറയുന്നില്ല. ഈ ദരിദ്രവേഷം-" എന്നു പറഞ്ഞ് ഒരു ചൂണ്ടിക്കാട്ടലും കഴിച്ചപ്പോൾ "ഒരുങ്ങാനുംമറ്റും ഉത്തലവാവാണ്ട് ഇങ്ങനെ ചണ്ടപിടിച്ചോണ്ടാലോ? പെണ്ണാപ്പിറന്നവര് വല്യങ്ങത്തെപ്പോലെ ഏടുമ്മറ്റും പരിച്ചിറ്റൊന്റോ?" എന്ന് ഒരു വാദം പുറപ്പെട്ടതു കേട്ട് അതിന്റെ ന്യായതയെ സമ്മതിക്കുന്ന ഭാവത്തിൽ ആ സാത്വികപ്രധാനൻ അവിടെ നിന്നു മണ്ടി. അടുത്തപോലുള്ള കോപനടനത്തിനു സ്വീകരിച്ചതു ഭാര്യയുടെ ശയ്യാരംഗം ആയിരുന്നു. ആ സ്ഥലത്തെ ചടങ്ങിൽ പ്രയോഗിക്കപ്പെട്ടതു പ്രശാന്തനിന്ദനമെന്നുള്ള ഗംഭീരരസമായിരുന്നു. "ഇതാ, ദയയുണ്ടെങ്കിൽ രണ്ടു നാഴികനേരം ഈ ജ്യേഷ്ഠാവേഷം ഒന്നു കളഞ്ഞിട്ടു കിടന്നുകളയരുതോ?" എന്നുള്ള സോൽപ്രാസപ്രകടനത്തിനു മറുപടിയായി, ആ മഹിയന്റെ ഭയവ്യസനങ്ങളെ ഭഗവൽസമക്ഷമെന്നപോലെ തുറന്നുപറഞ്ഞു: "ഇതെല്ലാം തോന്നുന്നത് എന്റെ കർമ്മം! ഞാൻ സഹിക്കാം. സാവിത്രിക്ക് ഇത് രസിക്കയില്ല."
ഉണ്ണിത്താൻ: "രസിക്കൂലാന്ന് എനിക്കറിയാം. രസം തോന്നിക്കാൻ ഞാൻ അവകാശപ്പെടുന്നുമില്ല."
മീനാക്ഷിഅമ്മ: "ഇതെന്തു കഥയോ? എന്തായാലും അവൾ വല്ല കിണറ്റിലോ കുളത്തിലോ ചാടിച്ചാവുന്നെങ്കിൽ എന്ത് അവമാനം?"
ഇങ്ങനെ പറഞ്ഞുകൊണ്ട്, ആ തളത്തിലെ സംഭവങ്ങൾക്ക് സാക്ഷികളായി പ്രവർത്തനം ചെയ്തുകൊണ്ടിരുന്ന രണ്ടു ബന്ധുഭഗവാന്മാരെയും സ്തംഭിപ്പിക്കുമാറ് "ഭഗവാനേ!" എന്നുള്ള ഒരു പ്രാർത്ഥനാക്രോശത്തെയും ആ മഹതി മുക്തമാക്കി. സർവഥാ ധർമ്മാനുസൃതിയെ ദീക്ഷിച്ചിരുന്നതിനാൽ, ഉണ്ണിത്താന്റെ സൂക്ഷ്മാത്മാവ് ഭഗവൽപ്പാദങ്ങളെ നിർദ്ദേ