ക്കസേരയിന്മേൽ ഒരു സാവധാനതാളം മേളിച്ചും ശൃംഗാരരവിവിധത്വങ്ങളെ അഭിനയിച്ചും ഉണ്ണിത്താനോടു പ്രപഞ്ചോല്പത്തിയെക്കുറിച്ചു സംവാദം തുടങ്ങി. ഭാവി മരുമകന്റെ ഗോഷ്ടിമയമായുള്ള പ്രഥമപ്രശ്നം ബുദ്ധിക്ക് അപ്രമേയമായ ഒരു ദൂരകാലസംഭവത്തെക്കുറിച്ചായിരുന്നത് പാണ്ഡിത്യത്തിന്റെ വിശാലതയും ഗഹനതയും കൊണ്ടാണെന്ന് ഉണ്ണിത്താൻ തല്ക്കാലത്തേക്കു സമാധാനപ്പെട്ടു. ദൂരത്തുവാങ്ങിനിന്നു, ഗുരുനാഥന്റെ നടപടികൾ സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്ന കൊടന്തയാശാൻ ഉണ്ണിത്താന്റെ അന്തർഗതികളെ സൂക്ഷ്മമാനം ചെയ്തതിനാൽ, അദ്ദേഹത്തിന്റെ ശുദ്ധഗതിയോ രാജസിംഹന്റെ ചാപല്യങ്ങളോ തനിക്കു കിട്ടാൻപോകുന്ന കാര്യക്കാരുദ്യോഗത്തെ കുന്തത്തിലാക്കുകയോ പറപാണ്ടയുടെ ഖഡ്ഗനിപാതത്തിനു തന്റെ കണ്ഠത്തെ വിഷയീഭവിപ്പിക്കുകയോ ചെയ്യരുതേ എന്ന് അയാളുടെ നിതാന്തശ്രമങ്ങളാൽ ദ്രോഹിക്കപ്പെടുന്ന വൈഷ്ണവശക്തിയെത്തന്നെ പ്രാർത്ഥിച്ചു. ഈ അത്മീയക്രിയ കഴിഞ്ഞ ഉടൻ പടിവാതുക്കലെ ദീപപ്രകാശത്തിനിടയിൽനിന്നു, ചില ആംഗ്യങ്ങൾ കാണുകയാൽ അങ്ങോട്ടു നടന്ന് അജിതസിംഹന്റെ അകമ്പടിക്കാരുടെ ഇടയിൽ നായകസ്ഥാനം ഏറ്റു.
പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള സംഭാഷണരംഗം ഇങ്ങനെ ഭവനത്തിന്റെ പൂർവഭാഗത്ത് ആശാനായ അല്പാംഗൻ കാൺകെ ആരംഭിച്ചപ്പോൾ, പ്രപഞ്ചകാരിയുടെ കൗശലശശ്വതയെ പരിപാലിക്കുന്നതായ ഒരു രംഗം കാമദേവനായ അനംഗന്റെ ആഭിമുഖ്യത്തിൽ അഭൂതപൂർവമായുള്ള ചടങ്ങുകളോടെ അപരഭാഗത്ത് അഭിനീതമായി. അച്ഛന്റെ ആജ്ഞാനുസാരം സാവിത്രിക്കുട്ടി ഗൗരവധീമതിയായുള്ള ഒരു കന്യകയ്ക്കു ചേർന്ന വേഷം ധരിച്ച് അദ്ദേഹത്തിന്റെ ആരംഭത്തെ ഫലപ്രാപ്തിയിൽ എത്തിക്കാൻ സ്വസുഖാദർശങ്ങളെക്കൂടി ബലികഴിക്കുകയില്ലെന്നുള്ള പ്രതിജ്ഞയോടെ, സ്ഥിതിചെയ്തിരുന്നു. ഈ സിദ്ധാന്തസ്ഥിതിയിൽ കുഞ്ഞിപ്പെണ്ണിന്റെ മൂഷികസ്വനം ക്രമത്തിലധികമായുള്ള മൃദുലതയോടെ "ഇഞ്ഞമ്മെ, ഞമ്മെ!" എന്നു സംബോധനം ചെയ്യുന്നതായി വാതുക്കൽ കേട്ടുതുടങ്ങി. "പേപിടിച്ച പെണ്ണ്-ഉല്ലസിപ്പാൻ കണ്ട സമയം" എന്നു കയർക്കുന്നതിനിടയിൽ ആ ദാസി ഒരു വീരശൃംഖലയെ സ്വനായികയുടെ മടിയിൽ സമർപ്പിച്ചു. അതിന്റെ ലബ്ധിചരിത്രത്തെ കുഞ്ഞിപ്പെണ്ണിൽനിന്നുതന്നെ കേട്ടറിഞ്ഞിരുന്ന സാവിത്രി സർവ്വാംഗപുളകിതയായി "ആരു കൊണ്ടുവന്നു?" എന്നു മാത്രം ചോദിച്ചു, "ഒച്ചങ്ങീന്നുതന്നെ" എന്നു പറഞ്ഞു, അദ്ദേഹം പടിഞ്ഞാറെപ്പറമ്പിൽ കാത്തുനിൽക്കുന്നു എന്നു നേത്രാഞ്ചലംകൊണ്ട് ആ പ്രായത്തിലും വിദഗ്ദ്ധദൂതിയായിരിക്കുന്ന കുഞ്ഞിപ്പെണ്ണു ധരിപ്പിച്ചു. സാവിത്രി ഝടുതിയിൽ എഴുന്നേറ്റു ചിന്താപരവശയായി നിലകൊണ്ടു. "അപ്പുറത്തും ഇപ്പുറത്തും ഒരേ മുഹൂർത്തത്തിൽ എത്തിയിരിക്കുന്നതു കണ്ടില്ലയോ! ഈ തമ്പുരാന്റെ വരവുണ്ടെന്ന് എങ്ങനെ അറിഞ്ഞു? ചാടിപ്പുറപ്പെട്ടിരിക്കുന്നു! വല്ല ശണ്ഠയും പക്ഷേ, കൊലയും നടന്നേക്കാം. പരമസാധു അച്ഛന് വല്യ അപമാനം