ആകും. ഞങ്ങൾ പിന്നെ ഇരുന്നിട്ട് ഫലമെന്ത്?" ഇങ്ങനെ ചിന്തിച്ചുകൊണ്ടു സാക്ഷാൽ ശങ്കരഭഗവാന്റെ നേർക്കു യുദ്ധത്തിനു പുറപ്പെട്ട ദേവി തടാതകയുടെ പൗരുഷപ്രകർഷത്തോടെ നടതുടങ്ങി. ഇരുട്ടിനിടയിൽ, മുഖദർശനംകൊണ്ടു ഭാവഗതി അറിയുവാൻ പാടില്ലാതെ ത്രിവിക്രമകുമാരൻ മുമ്പോട്ടു നീങ്ങി. ആ യുവാവും സാവിത്രിയോട് ഒരു അവസാനസമരത്തിനുതന്നെ പുറപ്പെട്ടിരിക്കയായിരുന്നു. ആ കുമാരന്റെ പുറപ്പാടു കണ്ട്, "ഇതെന്തോന്നു ചേട്ടാ?" എന്നു സഗൗരവം സാവിത്രി ചോദിച്ചു.
ത്രിവിക്രമകുമാരൻ: "എന്നുതന്നെ ഞാനും ചോദിക്കുന്നു. തിരുവനന്തപുരത്തു തിരിച്ചെത്തിയപ്പോൾ, ഞാൻ പല കഥകളും കേട്ടു. എന്റെ സാവിത്രിക്കുട്ടിയല്ലയോ എന്നു വിചാരിച്ചു, ഞാൻ ഒന്നും വിശ്വസിച്ചില്ല. ഇന്നാൾ കണ്ടപ്പോഴും എന്നെ മിരട്ടി അയച്ചു."
സാവിത്രി: "മിരട്ടിയെന്നോ ചേട്ടാ! ആ വാക്ക് എവിടുന്നു പഠിച്ചു?"
ത്രിവിക്രമകുമാരൻ ഉത്തരംമുട്ടി എങ്കിലും കോപത്താൽ തുള്ളിവിറച്ചുകൊണ്ട്: "ഞാൻ ഇപ്പോൾ അവനെക്കൊല്ലും, സംശയമില്ല. തടയുന്നത് ആരെന്നു കാണട്ടെ. എനിക്കു വന്നുകൂടാ. അവനെ ക്ഷണിച്ചെഴുന്നള്ളിക്കാം! ആഹാ!"
സാവിത്രി: "കൊന്നാൽ ഭംഗിയായി! പിന്നത്തെ അപമാനം കാണ്മാൻ അമ്മയും ഞാനും ശേഷിക്കുമെന്നു വിചാരിക്കേണ്ട. ഇതെന്തു ദുസ്സ്വഭാവം? വീരന്മാർക്ക് ഒരു നില വേണ്ടയോ? പോറ്റീടെ അടുത്തുനിന്നു കുറച്ചുകൂടി പഠിക്കേണ്ടതായിരുന്നു. ദിവാൻജി അമ്മാവന്റെകൂടി താമസിച്ചിട്ടും അവിടുത്തെ അമർച്ച ഇത്തിരിയെങ്കിലും പഠിച്ചില്ലല്ലോ!"
ത്രിവിക്രമകുമാരൻ: "ഞാൻ എന്തു ചെയ്യും? ജാതീന്നു തള്ളി കഷ്ടപ്പെടുമ്പോൾ വെറുതേ ശകാരിക്കയുംകൂടി ചെയ്യരുത്. സാവിത്രിക്കുട്ടിക്ക് അല്ലെങ്കിലുംതന്നെ ദയ എന്നൊന്നില്ല."
സാവിത്രി: "ചേട്ടനു ക്ഷമയുമില്ല. ആളും തരവും അറിവാനും പാടില്ല. കൂടിക്കളിച്ച ചേട്ടൻ തീരെ മാറിപ്പോയി. ജാതിയിൽനിന്നു തള്ളിയോ? ആര്? പോണം, വീരശങ്ങല എന്റെ കൈയിലിരിക്കും. എന്റെ പൊന്നുചേട്ടൻ എന്തായാലും ഇപ്പോൾ പോകണം. പറയുന്നതു കേൾക്കണം."
ത്രിവിക്രമകുമാരൻ: (അക്ഷമകൊണ്ടുള്ള പേപറച്ചിലായി) "കൂടി എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം. അതു പരിചയിച്ചവനല്ലയോ? എന്റെ ജീവനെങ്കിൽ കൂടിപ്പോരിക. അല്ലെങ്കിൽ എന്റെ സാവിത്രിയെ ഞാൻ പിന്നെ എന്നു കാണും? യുദ്ധത്തിന് ഇന്നോ നാളെയോ പോകേണ്ടിവരും. ഈ മുടിഞ്ഞ കന്നക്കോലുകാരൻ തമ്പുരാൻ ഇവിടെ കിടക്കുകയും ചെയ്യും."
സാവിത്രി: "പോയി ജയിച്ചുവരണം. ഇയ്യാൾ ഇവിടെ കിടക്കട്ടെ. ചേട്ടനെന്തുചേതം?"
ത്രിവിക്രമകുമാരൻ: (കണ്ഠം ഇടറി) "പിന്നെ വന്നില്ലെങ്കിലോ?"
സാവിത്രി: "രണ്ടായായും ഞാൻകൂടിയുണ്ട്. പൊയ്ക്കൊള്ളണം. അച്ഛനും അമ്മയും അറിയരുത്."