സാവിത്രി പ്രൗഢമായ ആദരവിനയങ്ങളോടെ ആ മുറിയിൽനിന്നു നിഷ്ക്രാന്തയായി. ആ കനകചന്ദ്രികയുടെ അസ്തമയം അജിതസിംഹന്റെ ചിത്തവീഥിയിൽ അതിനിബിഡമായ തിമിരപടലത്തെ വ്യാപരിപ്പിച്ചു. മുറിക്കകത്തു നടന്ന സംഭവങ്ങൾ കന്യകയുടെ സഖിയായ കുഞ്ഞിപ്പെണ്ണിന്റെ ഒരു മനോഹരസ്വപ്നത്തെ ഭഞ്ജിക്കുകയാൽ അവൾ ഞെട്ടി എഴുന്നേറ്റു കണ്ട വഴിയേ ചാടി വസ്ത്രത്തിൽ തീ പിടിപ്പിച്ചു. ആ അനലപ്രസാദത്തെ നിരാകരിച്ചുണ്ടായ അവളുടെ സാഹസങ്ങൾ അറയെ പ്രശോഭിപ്പിച്ചുകൊണ്ടിരുന്ന ദീപത്തെയും പൊലിപ്പിച്ചു.
ഈ സംഭവം ഒരു ദുശ്ശകുനമായി അറയ്ക്കുള്ളിൽ നിന്നിരുന്ന രണ്ട് ഉദ്ധതകായന്മാരെയും പീഡിപ്പിച്ചു. പൊലിഞ്ഞ ദീപം ഉണ്ണിത്താന്റെ ശാസനയാൽ വീണ്ടും പ്രശോഭിപ്പിക്കപ്പെട്ടപ്പോൾ, മുമ്പിൽ നില്ക്കുന്ന പുരുഷൻ അതുവരെ തന്റെ പരിഹാസമർമ്മത്തെ ഓരോ ക്രിയയാലും മാന്തിക്കൊണ്ടിരുന്ന ജളപ്രവീണൻ അല്ലെന്നു കണ്ട് ഉണ്ണിത്താൻ ആശ്ചര്യപ്പെട്ടു. ഇട്ടുണ്ണിക്കണ്ടപ്പന്റെ പ്രണിധിയായ ബബ്‌ലേശ്വരൻ തന്റെ രംഗപ്രകടനത്തിന്റെ ക്രമത്തെ കാര്യനിർവ്വഹണാരംഭത്തിനു ചേരുംവണ്ണം രൂപാന്തരപ്പെടുത്തിയിരിക്കുന്നു. സാവിത്രിയുടെ ശയ്യയിന്മേൽ ആസനസ്ഥനായിക്കൊണ്ട് ആ സമഗ്രകുടിലൻ അതുവരെയുള്ള ഭാഷാരീതിയെയും സ്വരവിശേഷങ്ങളെയും അല്പമൊന്നു മാറ്റി, പല രാജസ്ഥാനങ്ങളിലും പരിചയിച്ചിട്ടുള്ള ഒരു ഭരണനയാഢ്യന്റെ വൈഭവത്തെ പ്രകടിപ്പിച്ചുതുടങ്ങി. ആദ്യമായി ഉണ്ണിത്താന് ഒരു ആജ്ഞകൊടുത്തൻ അദ്ദേഹത്തെക്കൊണ്ട് അവിഹിതമായുള്ള ഒരു ദാസ്യത്തെ അനുഷ്ഠിപ്പിച്ചു. "കേട്ട്വോ ഉണ്ണിത്താൻ! നോം പരസ്പരം ഹൃദയങ്ങൾ തുറന്നു ശകലം കൈമാറുക. നുമ്മടെ രഹസ്യങ്ങൾ വല്ലോരും ഉറ്റുകേട്ടാൽ അമാന്തം. ഒന്നു ചുറ്റിനോക്കിപ്പോരിക."
ഈ രാജശാസനം കേട്ട് അജിതസിംഹൻ സിംഹാസനയോഗ്യനായ നയജ്ഞൻതന്നെ എന്ന് അനുമാനിച്ചുകൊണ്ട് ഉണ്ണിത്താൻ ഗൃഹത്തിന്റെ നാനാഭാഗങ്ങളിലും ചുറ്റിനടന്നു, ചില ഊർജ്ജിതമായ നിഷ്കർഷകളാൽ ഭവനത്തിൽ ശേഷിച്ചിരുന്ന ആളുകളെ കേൾക്കാൻ പാടില്ലാത്ത ദൂരങ്ങളിൽ ആക്കി മടങ്ങി എത്തി, സമീപത്ത് ആരും ഇല്ലെന്ന് ഉണർത്തിച്ചപ്പോൾ, തന്റെ അകമ്പടിക്കാരും കൊടന്തയാശാനും എന്തു ചെയ്യുന്നു എന്ന് അജിതസിംഹൻ പ്രത്യേകിച്ചു ചോദിച്ചു. ആ ആളുകൾ ആരെയും അവിടെയെങ്ങും കാണ്മാനില്ലെന്ന് ഉണ്ണിത്താൻ ധരിപ്പിച്ചപ്പോൾ എന്തോ സംഗതിയോ ആന്തരമായി അഭിനന്ദിക്കുന്ന ഒരു രസം അജിതസിംഹന്റെ മുഖത്തു സ്ഫുരിച്ചു. ഇതു സൂക്ഷിക്കുകയോ ഗ്രഹിക്കുകയോ ചെയ്യാതെ നിന്ന ഉണ്ണിത്താനോട് അജിതസിംഹൻ ജാമാതൃസ്ഥാനം സ്വീകരിച്ചുള്ള നിലയിൽ അരുളപ്പാടുകൾ തുടങ്ങി. "ദേ, കാർണ്ണോരെ! എന്തായാലും നുമ്മട ഭാഗ്യംകൊണ്ട് ഇന്നിങ്ങോട്ടു പോന്നു. സാവിത്രീനെ പരിഗ്രഹിക്ക മനസാ ചെയ്തുകയിഞ്ഞു. വേണ്ട ക്രിയകൾ താമസിക്കാണ്ടു നടത്തുക. ഓളു കോലോത്തു പോന്നാൽ വയിപോലെ, നോം രക്ഷിക്കും."