പപ്രദേശവാസികളെയും ഉണർത്തി ഒരു മഹാകലാപം ആരംഭിപ്പിച്ചു. വിഭ്രമിച്ചുണർന്ന ആബാലവൃദ്ധം ജനങ്ങളുടെ ഏകോപിച്ചുള്ള മഹാരവം കേട്ടു, "ഡാ! ഉണ്ണിച്ചാത്താ! ചാത്തൂട്ടീ!" എന്നുള്ള വിളികളോടെ, ശത്രുഭഞ്ജനത്തിനെന്ന നാട്യത്തിൽ, വടിവാളും ഊരിക്കൊണ്ടുതന്നെ അജിതസിംഹൻ പ്രവേശനത്തളത്തിലേക്കു ദ്രുതതരഗതിയിൽ മടങ്ങി. ഉണ്ണിത്താൻ ആ കലാപാരംഭത്തിലും ദുശ്ശകുനം ദർശിച്ച് ആകുലനായി അജിതസിംഹനോടൊന്നിച്ചു മുൻതളത്തിൽ എത്തിയപ്പോൾ, ഗൃഹങ്ങളിലെ ഭൃത്യന്മാരും അജിതസിംഹന്റെ അകമ്പടിക്കാരും ചുറ്റിക്കൂടി നിലകൊണ്ടിരുന്നു. ഈ കൂട്ടത്തിലെ 'വിഡ്ഢി' വേഷക്കാരനായി, അപ്പോൾ സംഭവിച്ച കലാപത്താൽ ഭീതനാക്കപ്പെട്ട കൊടന്തയാശാൻ വിറച്ചു വികൃതനൃത്തങ്ങൾ തുള്ളിക്കൊണ്ടിരുന്നു. കലാപകാരണം അറിഞ്ഞുവരുവാൻ സ്വഭൃത്യരോടു വീണ്ടും ഉണ്ണിത്താൻ ആജ്ഞാപിച്ചു. അവർ പുറപ്പെടാൻ തുടങ്ങിയപ്പോഴേക്ക് ആ പ്രദേശത്തെ ഇളക്കിത്തുടങ്ങിയിരുന്ന ഘോഷങ്ങൾ പൊടുന്നനെ ശമിച്ചു. ഒന്നും അറിയാത്ത വിദേശീയനും ആ നിസ്സാരവിഷയത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കാത്ത വീരനും എന്നുള്ള നാട്യത്തോട് അജിതസിംഹൻ യാത്രാനുമതിക്കെന്ന അർത്ഥത്തിൽ ഉണ്ണിത്താന്റെ ഹസ്തങ്ങൾ ഗ്രഹിച്ചു. അദ്ദേഹം സപുളകം ഉപചാരസ്വീകാരമായി അത്യാദരത്തോടെ നീട്ടിയ ഹസ്തങ്ങളിൽ ഒന്നിനെ പിടിച്ചുകൊണ്ടു, അജിതസിംഹൻ പാദുകങ്ങളിന്മേൽ കയറി യാത്ര ആരംഭിച്ചു. മുമ്പിലത്തെ സംഖ്യയിൽ ഒരെണ്ണം കൂടിയിരിക്കുന്ന അകമ്പടിക്കാർ അദ്ദേഹത്തെ തുടർന്നു. അനുയാത്ര എന്നുള്ള മര്യാദയായി ഹസ്തത്തെ വിടുവിക്കാൻ നോക്കാതെ നടന്നുതുടങ്ങിയ ഉണ്ണിത്താൻ അദ്ദേഹത്തിന്റെ ഭൃത്യന്മാരാലും കൊടന്തയാശാനാലും പ്രിസേവ്യനായി അജിത്സിംഹനെത്തുടർന്ന് അവിടുത്തെ നിലയനത്തിനകംവരെ എഴുന്നള്ളിച്ചു മടങ്ങേണ്ടിവന്നു.
ഇങ്ങനെ ശ്രീവഞ്ചീശ്വരപ്രഭാവജ്ഞൻ, തിരുമനസ്സിലെ പ്രജകളിൽ അഗ്ര്യപദമാളുന്ന പണ്ഡിതശിരോമണി, കേശവനുണ്ണിത്താനായ രാജഭക്തോത്തംസംതാൻ അറിയാതെ അതിഘോരമായ ഒരു രാജദ്രോഹകർമ്മത്തിൽ സാക്ഷിയും സഹായിയും ആ മഹാപരാധത്തിൽ ഭാഗഭാക്കും ആയി.