രാമരാജാബഹദൂർ/അദ്ധ്യായം ഇരുപത്തിഒന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തിഒന്ന്
[ 227 ]
അദ്ധ്യായം ഇരുപത്തിഒന്ന്

"തുംഗാദസൗ വിപുലഹർമ്മ്യാദിറങ്ങി പല
ശലംഗാടകേ ഖലു വിളങ്ങി
വിജയനുടെ ഭംഗി വിരവിനൊടു പൊങ്ങീ
അഖിലസുരയുവതിജനം മദനശരവിവശതയൊ-
ടതികുതുകവാരിധിയിൽ മുങ്ങി"


സ്ത്രീപുരുഷബന്ധത്തെ അപഗ്രഥനം ചെയ്തുനോക്കിയാൽ പുരുഷലോകത്തിലെ ഭൂരിഭാഗവും ഭാര്യാദേഹിയുടെ ആവാസത്തിനുള്ള പൂജാപീഠം ശൂന്യമായുള്ള ഹൃദ്ഗേഹത്തോടുകൂടിയവരായി കാണപ്പെടാം. എങ്കിലും പക്ഷിമൃഗങ്ങളുടെപോലും ദാമ്പത്യബന്ധത്തിൽ മാന്മഥപ്രഭാവത്തിന്റെ സമ്മോഹനത്വം കണ്ട് നാം സമ്മോദിക്കുന്നു. ദമയന്തീദർശനത്തിൽ പഞ്ചശരനിരകളാൽ ദഗ്ദ്ധനായിത്തീരുന്നു എന്നു വിലപിച്ച വനചരന്റെ ബീഭത്സമായ വേഴ്ചപ്രാർത്ഥനയും ഹതഭാഗ്യയായ ആ രാജ്ഞിയെ വനസുഖങ്ങൾ ഗ്രഹിപ്പിക്കാൻവേണ്ടി, കേവലം സ്വോപയോഗയോഗ്യമായ തന്റെ മാടത്തെ അവൻ ഔത്സുക്യപൂർവ്വം വർണ്ണിക്കുന്നതും നമ്മെ വിനോദിപ്പിക്കുന്നു. എന്നാൽ, തദ്വിധമായുള്ള ഒരു അഭിനയം അവനവന്റെ ഗാർഹികപ്രതാപത്തെ വിലംഘിച്ചു പ്രയുക്തമാകുന്നു എങ്കിൽ, രംഗരസം ഏതൊരു രൂപത്തിൽ അനുഭൂതമാകുമെന്നു സാമാന്യലോകത്തിനും ഊഹ്യമാണ്. ദാസീസ്ഥാനം അവലംബിച്ച ഒരു സുന്ദരിയുടെ "കൊണ്ടാടി മാരൻ കുണുങ്ങും നടകൾ" കണ്ട് അവളുടെ പ്രണയാമൃതസേചനം സിദ്ധിച്ചില്ലെങ്കിൽ "നിന്നാണെ ഞാൻ മരിച്ചീടും പൊളിയല്ല" എന്നു ഭീഷണി പറഞ്ഞ രാജന്യന്റെ പ്രബന്ധം സാഹിത്യരസികന്മാരെ കാവ്യാനന്ദസരസ്സിൽ ആകണ്ഠം നീരാടിക്കുന്നു. എങ്കിലും, കഥാന്തത്തിൽ വിവക്ഷിതമാകുന്ന ആ ഖലന്റെ മജ്ജീകരണം അപഥഗതികത്വത്തിനുള്ള ശിക്ഷയുടെ പരമോദാഹരണമായി ധർമ്മാചാര്യസംഘങ്ങളുടെ പ്രബോധമർമ്മത്തെ ആനന്ദവീജനം ചെയ്യുന്നു. ഈ വൃത്താന്തങ്ങൾ, അനശ്വരാത്മകമായ പ്രണയവും വൈഷയികമായ രതിപ്രസക്തിയും തമ്മിലുള്ള [ 228 ] ധ്രുവയുഗ്മാന്തരത്തെ തെളിയിക്കുന്നു. പ്രണയം ആബ്രഹ്മകീടം സാക്ഷിത്വത്തോടുകൂടിയുള്ള ഏകീകരണക്രിയയാൽ സമുദ്വ്യാപിക്കപ്പെട്ട് ആമുഷ്മികപ്രശാന്തതയെയും സമാർജ്ജിക്കുന്നു. കാമപ്രകടനങ്ങൾ വ്യവസായരീതിയിലുള്ള ലാഭനഷ്ടപരിഗണനങ്ങളാൽ നീതമായി, സുഖദുഃഖസമ്മിശ്രമായ ഐഹികവ്യാപാരങ്ങളോടെ പര്യവസാനിക്കുന്നു.

കല്ലറയ്ക്കൽപിള്ള തന്റെ കർഷകവ്യവസായങ്ങളിൽ 'ലാഭ'ത്തിനു പ്രാധാന്യം കൊടുത്തുവന്നിരുന്ന ഒരു അർത്ഥശാസ്ത്രജ്ഞനായിരുന്നു; കപടബുദ്ധിയല്ലെങ്കിലും താൻ സംബന്ധിക്കുന്നതായ ക്രയവിക്രയങ്ങളുടെ പര്യവസാനം തന്റെ ഗൃഹൈശ്വര്യത്തെ പോഷിപ്പിക്കുമെന്നു കണ്ടില്ലെങ്കിൽ, ആ വ്യാപാരങ്ങളിൽനിന്നു നിസ്സംശയം പിന്മാറിക്കളയുന്ന കാര്യസ്ഥാനമായിരുന്നു. സ്വഭൃത്യന്മാരുടെ പ്രേരണയാൽ ദേവകിഅമ്മയോടുള്ള പരിചയം ആരംഭിച്ചതുമുതൽ ആ കന്യകയുടെ പരിഗ്രഹണം പരിസരദേശവാസികൾക്കുതന്നെ അസൂയാപാത്രമാക്കിത്തീർക്കുമെന്ന് അദ്ദേഹം അനുമാനിച്ചു. അലങ്കരിച്ചുള്ള ദേവീബിംബങ്ങളിലും കാണുന്നില്ലാത്ത അംഗമോഹനതയും പഞ്ചവർണ്ണക്കിളികളുടെ മൃദുഭാഷണവും ഗൃഹത്തിൽ അതിനെ ആരാഞ്ഞു മണ്ടിത്തിരിയുന്ന പശുവിന്റെ സൗശീല്യവും തന്റെ വ്യാപാരപ്രദേശങ്ങളിൽ ഗീർവാണവാണിയായി ധ്വനിക്കുന്ന ഭാഷാധാടിയും, ചേർന്നുള്ള ആ കന്യക തന്റെ പ്രാധാന്യത്തെ ഉത്തരോത്തരം ഉന്നതമാക്കുമെന്നുള്ള ആലോചനകൂടി അദ്ദേഹത്തിന്റെ അനുരംഗകന്ദത്തിൻകീഴ് അടിഞ്ഞുകൂടി ഇങ്ങനെ മുളച്ചു, മറ്റു പുരുഷനെ കണ്ടിട്ടില്ലാത്ത കന്യകയുടെ സാധുതയാൽ വളർന്ന്, പെരിഞ്ചക്കോടന്റെ ഒടുവിലത്തെ യാത്രയിലെ അഭിപ്രായകഥനങ്ങളിൽ തഴച്ചിട്ടുള്ള അനുരാഗത്തിന് അധീനനായ കല്ലറയ്ക്കൽ പിള്ളയ്ക്ക് അർജ്ജുനസന്യാസിയുടെ രീതിയിൽ പെരിഞ്ചക്കോടന്റെ അർദ്ധലോകമായ കന്യകയോട് ഏകാന്തസംഭാഷണത്തിനുള്ള സ്വാതന്ത്ര്യലബ്ധി ഉണ്ടായപ്പോൾ, പ്രണയകലാശത്തിന്റെ അനന്തരച്ചുവടുകളിലുള്ള അനഭിജ്ഞതയാൽ അദ്ദേഹം ഒട്ടേറെ കുഴങ്ങി. പൗരാണികാനുമതമായ ഒരു അപഹരണകർമ്മം തന്നെ അനുഷ്ഠിച്ചാൽ പക്ഷേ, സംഭാവ്യമാകുന്ന സമരത്തിൽ രാജാധികാരം തന്നെ രക്ഷിക്കുമെന്ന് അദ്ദേഹം ധൈര്യപ്പെട്ടു എങ്കിലും രാജാധികാരപ്രതിനിധിയായി ആ ഭവനഭരണം താൻ വഹിക്കുന്നതിനിടയിൽ സ്വേച്ഛാപരമായ ഒരു അവിഹിതകർമ്മത്തെ അനുഷ്ഠിച്ചു, ധർമ്മപരായണനായ മഹാരാജാവിന്രെ പ്രസാദത്തെ പ്രദ്വേഷത്തിൽ പരിണമിപ്പിച്ചാൽ, തന്റെ ഗൃഹപ്രാധാന്യംതന്നെ നഷ്ടമായിത്തീർന്നേക്കാമെന്ന് അദ്ദേഹം ഭയപ്പെട്ടു. പ്രണയത്തിൽ വീരധർമ്മത്തെ തുടരുന്നതായാൽ, ഭവിഷ്യൽഫലങ്ങളെ പരിഗണിക്കാതെ ഇംഗിതാപ്തിക്കു സ്വസർവസ്വത്തെയും ബലികഴിപ്പാൻ സന്നദ്ധനാകേണ്ടതാണെന്നുള്ള ധർമ്മം ആ കർഷകപ്രധാൻ ഗ്രഹിച്ചിരുന്നില്ല. അദ്ദേഹം സ്വന്തം ഗൃഹപ്രാധാന്യംതന്നെ ഭൃത്യഗണത്തെക്കൊണ്ടു നിർവ്വഹിപ്പിച്ച്, ആദായങ്ങളെ പത്താഴങ്ങളിലും കല്ലറകളിലും അവയുടെ താക്കോലുകളെ ആരുമറിയാതുള്ള ഉത്തരപ്പോതുകളിലും [ 229 ] സൂക്ഷിച്ചു, കാര്യദൃക്കായും സ്വൈരാഭിലാഷിയായും വർത്തിക്കുന്ന ഒരു പ്രമാണിയായിരുന്നു. അതിനാൽ കാമീനീകാമുകന്മാരുടെ സന്ദർശനങ്ങളും, ലോകഗതി സംബന്ധിച്ചുള്ള പ്രശ്നോത്തരങ്ങളും കല്ലറയ്ക്കൽ ഭവനത്തിന്റെ ഐശ്വര്യഭൂയിഷ്ഠമായ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും പ്രഖ്യാപനങ്ങളുംകൊണ്ട് ആ അനുകൂലസന്ദർഭത്തിൽപ്പെട്ട ദിവസങ്ങൾ ഒന്നൊന്നായി ഗ്രന്ഥവരിച്ചാർത്തലിന് ഉപയോഗകരമാകാതെ കഴിഞ്ഞുകൂടി.

ഭർത്താവിന്റെ പരമാർത്ഥത്തെ ചാക്ഷുഷവിദ്യയാൽ എന്നപോലെയും യാത്രോദ്ദേശ്യങ്ങളെ അനുമാനത്താലും ഗ്രഹിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ പ്രത്യാഗമനം താമസിക്കുന്നതുകൊണ്ട് ലക്ഷ്മിഅമ്മയുടെ മനസ്സ് ഒരു ആഹുതികുണ്ഡംതന്നെ ആയിത്തീർന്നു. അവരുടെ കളേബരപുഷ്ടിയും കനകപ്രഭയും അഭിന്നമായി വിലസിക്കൊണ്ടിരിക്കുന്ന സുപ്രശാന്തസന്തുഷ്ടിയും ക്ഷയിച്ചു. രാജപാദങ്ങളുടെ വിജയത്തിന് ജന്മനാ അഗ്നിഹോത്രിത്വത്തെ വരിച്ചിരുന്ന ആ സാധ്വി ഭർത്താവിന്റെ ഉന്മത്തപ്രവർത്തനങ്ങൾ എന്തെങ്കിലും ദിവ്യഹസ്തത്തിന്റെ കൃപാമഹിമയാൽ അവസാനിപ്പിക്കപ്പെട്ടു കാണുവാൻതന്നെ പ്രാർത്ഥിച്ചുപോയി.

ഒരു ഗൃഹസംഭാഷണത്തിൽ ഹൈദരുടെ സന്താനമായുള്ള ടിപ്പു ഉത്തരരാജ്യങ്ങളെ തരണംചെയ്തു തിരുവിതാംകൂറിനെ ആക്രമിപ്പാൻ സന്നദ്ധനാകുന്നു എന്നും അതിനെ നിരോധിപ്പാൻ രാജസേന നിയുക്തമായിരിക്കുന്നു എന്നുമുള്ള സംഭവകഥനങ്ങൾകൊണ്ട് കല്ലറയ്ക്കൽപിള്ള തന്റെ ലോകകാര്യഗ്രഹണത്തിന്റെ വൈപുല്യത്തെ പ്രദർശിപ്പിച്ചു. ലക്ഷ്മിഅമ്മയുടെ സ്മൃതികൾ യൗവനാരംഭത്തിലേക്കു പാഞ്ഞു; ഉള്ളിലെ അഗ്നികുണ്ഡം ദാവാനലശക്തിയോടെ പ്രജ്വലിച്ചു. അകാരണമായുള്ള ദുശ്ശകുനശങ്കയാണെങ്കിലും തന്നെ സൗഭാഗ്യവതിയും അനുക്ഷണം നിസ്തുലഭാഗ്യദോഷിയും ആക്കിയ കർമ്മങ്ങൾ സംഭവിച്ച കാലത്തിൽ, സ്മരണീയമാംവിധത്തിൽ നിരവധികങ്ങളായ ഗൃഹരാജ്യക്ഷോഭങ്ങൾ ഉണ്ടാക്കിത്തീർത്തതായ ആസുരാക്രമണം വർത്തമാനകാലത്തിലും ആവർത്തിതമാകുന്നു എന്നു കേട്ടപ്പോൾ, അന്നത്തെ ദുരിതാനുഭവങ്ങളുടെ നിപാതം ഒന്നുകൂടി ഉണ്ടായേക്കുമോ എന്നു ശങ്കിച്ചു, അവർ സംഭാഷണവേദിയിൽനിന്നു പിൻവാങ്ങി. ധർമ്മങ്ങളുടെ ആധാരമൂർത്തിയെന്നു വിശ്രുതപ്പെട്ടിരിക്കുന്ന രാജസ്ഥാനത്തിന് വിജയം സന്നിഗ്ദ്ധത്തിലല്ലെന്നും തന്നിമിത്തം ദ്രോഹസംഘക്കാർ ശിക്ഷാഖഡ്ഗങ്ങളാൽ വിച്ഛിന്നരാകുമെന്നും ആ ഭഗവതീസേവിനിയുടെ ഹൃദയചക്ഷുസ്സുകൾ യഥാർത്ഥവൽ ദർശിച്ചു. അങ്ങനെയാകുമ്പോൾ, താനും പുത്രിയും നിരാലംബകൾ ആയേക്കാമെന്ന് അവർ ക്ലേശിച്ചു. എന്നാൽ സർവ്വരക്ഷാശക്തികളെയും ആ ചെറുഗൃഹത്തിന്റെ പടിവാതുക്കൽ തങ്ങളുടെ ആജ്ഞാപ്രതീക്ഷകരായി കാത്തുനിർത്താനുള്ള മഹാശക്തിയെ വഹിക്കുന്ന ഭണ്ഡാരത്തിന്റെ താക്കോൽ ഭർത്താവിന്റെ [ 230 ] കൃപാധോരണിയാൽ തന്റെ സൂക്ഷിപ്പിൽ നിക്ഷിപ്തമായിട്ടുണ്ടെന്നു സ്മരിച്ചപ്പോൾ, ആ സ്ത്രീയുടെ ആന്തരാഗ്നിശിഖ ഒന്നു കീഴ്പോട്ടമർന്നു. കല്ലറയ്ക്കൽപിള്ളയുടെ സ്ഥിതിയെയും യോഗ്യതകളെയും അന്നു ഭർത്താവു പ്രശംസിക്കുകയാണു ചെയ്തത്. തങ്ങൾക്കു ജീവധാരണം നിർവ്വഹിപ്പാൻ ദത്തമായ ധനത്തെ അദ്ദേഹത്തിന്റെ സൂക്ഷിപ്പിൽ ഏല്പിച്ചുകൊള്ളെണമെന്നാണ് അവസാനാജ്ഞയെന്നും അവർ സ്മരിച്ചു. തങ്ങളുടെ സമ്പൽസ്ഥിതികളുടെ പരമാർത്ഥം യഥാസന്ദർഭം ധരിപ്പിച്ചുകൊള്ളാമെന്നു നിശ്ചയിച്ചുകൊണ്ട് അനന്തര കലാപങ്ങൾക്കും പക്ഷേ, സംഭവിച്ചേക്കാവുന്ന ദുഷ്പരിണാമങ്ങൾക്കും കാത്തിരിക്കാതെ ദേവകിയെ ഉടനെതന്നെ ആ ഗൃഹസ്ഥനോടു സംഘടിപ്പിക്കാൻതന്നെ ആ സാധ്വി ഉറച്ചു. അഭയകേന്ദ്രലബ്ധിക്കുള്ള ഗാഢേച്ഛ ഇങ്ങനെ മൂർച്ഛയിലായപ്പോൾ ലക്ഷ്മിഅമ്മ കല്ലറയ്ക്കൽപിള്ളയുടെ പ്രധാന ഭൃത്യനും അഴകൻപിള്ള തുടങ്ങിയ അഷ്ടാവക്രചതുഷ്കത്തിലെ ജ്യേഷ്ഠനുമായ മല്ലൻപിള്ളയെ ഉചിതമായുള്ള കൗശലപ്രയോഗങ്ങളാൽ തന്റെ ഇംഗിതനിർവ്വഹണത്തിനുള്ള സൂത്രധാരനാക്കി.

രണ്ടു ദിവസം കഴിയുന്നതിനു മുമ്പുതന്നെ കല്ലറയ്ക്കൽപിള്ള ക്ഷൗരാഭിലാഷിയായി. സ്വരജകന്റെ ഔദാസീന്യങ്ങൾ ശിക്ഷിക്കപ്പെട്ടു. ത്വക് പ്രഭാസാഹായ്യമായ അഭ്യംഗത്തിന്റെ വിനിയോഗത്തിൽ അദ്ദേഹം ഉദാരമതിയായി. അദ്ദേഹത്തിന്റെ പ്രച്ഛന്നപരിണയമോഹം പ്രകാശനിലയിൽ ആയപ്പോൾ അനംഗവിദ്യാലയത്തിലെ അഭ്യസനചര്യയെ തരണംചെയ്തതുപോലുള്ള ഒരു രസികമോടിയും അദ്ദേഹത്തിൽ പ്രത്യക്ഷീഭവിച്ചു. സൂത്രധാരനായ മല്ലൻപിള്ള തന്റെ യജമാനൻ, "നാലു കാര്യം അറിഞ്ഞ പിള്ളതന്നെ" എന്നുള്ള പ്രശംസാപത്രത്തെ ലേഖനം ചെയ്‌വാൻ സന്നദ്ധനായി, വിവാഹദിവസം നിശ്ചയിച്ചുകൊള്ളുവാൻ ലക്ഷ്മിഅമ്മയോടു ഗുണദോഷിച്ചു.

ഇതരന്മാർക്ക് അപ്രാപ്യമായിരുന്ന ആ സ്വയംപ്രഭാരാമം കല്ലറയ്ക്കൽപിള്ളയ്ക്കു പ്രാകാരശൂന്യമായുള്ള സഞ്ചാരോദ്യാനം ആയിത്തീർന്നു. ലക്ഷ്മിഅമ്മ പുത്രിയുടെ സഞ്ചാരസ്ഥലങ്ങളായിരുന്ന തളത്തിലും അങ്കണത്തിലും കാമോദ്ദീപകമായുള്ള വിജനതയെ സംഘടിപ്പിക്കുമാറ്, ഗൃഹകാര്യഭാരങ്ങളാൽ എന്ന നാട്യത്തിൽ പാചകശാലാദ്ധ്യക്ഷ്യം വഹിച്ചു കാലയാപനം ചെയ്തു. ആ ബാണാസുരമന്ദിരം കാമിനീകാമുകസല്ലാപങ്ങൾക്കുള്ള നിർജ്ജനവാടിയായിത്തീർന്നപ്പോൾ കന്യകയുടെ ആത്മവിധാനത്തിന്റെ മർമ്മനാളത്തിൽ ലീനങ്ങളായുള്ള ധർമ്മാദർശ'ശങ്ക'കൾ ഉൽഫുല്ലങ്ങളായി. കാമുകന്റെ വേഷാഢംബരവും നവമായ ഭാഷാമൃദ്വീകതയും കൗമാരമാരത്വം നടിച്ചുള്ള അംഗവിക്ഷേപങ്ങളും ആ രൗദ്രസങ്കേതത്തിൽ അനുവദനീയങ്ങളോ എന്ന പ്രശ്നം പ്രകൃതിശിക്ഷിതയായ ആ അദ്ധ്യയിനിയുടെ ഹൃദയത്തിൽ അങ്കുരിച്ചു. രാഗാവേശത്താൽ മധുരഭാഷണത്തിനു പ്രേരിതനായ കല്ലറയ്ക്കൽപിള്ള "എന്റെ തങ്കക്കുടമേ!" എന്ന് സംബുദ്ധിമൗക്തികത്തെ പ്രക്ഷേപിച്ചപ്പോൾ [ 231 ] പ്രിയതമാകർണ്ണങ്ങൾ മടുത്തു ഹസ്തതലങ്ങളാലുള്ള സംരക്ഷണത്തെ അംഗീകരിച്ചു. അനുഭവത്തിൽ ഉടജവാസിനിയായുള്ള ആ കന്യകയ്ക്കു തന്റെ കാമുകജിഹ്വയിൽനിന്നു ഗളിതമായ ശൃംഗാരോക്തി അപഥാനുകരണത്തിലോട്ടുള്ള വ്യതിയാനശകുനമായിത്തോന്നി. ഏണകിശോരങ്ങളോട് അല്ലെങ്കിൽ പ്രകൃതിപ്രശാന്തതയിൽ വളർന്നുള്ള കന്യകാജനങ്ങളുടെ ഹൃദയവശീകരണം സാധിപ്പാനുള്ള പദ്ധതിയെക്കുറിച്ച് ഒരു നവപാഠം ഗ്രഹിച്ച കാമുകൻ സ്വകാമനീ ഹൃദയത്തിന്റെ സ്ഫടികനിഷ്കളങ്കതയെ അഭിനന്ദിച്ചു.

ഭവനകൂടത്തെയും ഗൃഹാങ്കണത്തെയും ആച്ഛാദനം ചെയ്ത് അതുകളെ ശീതളതളിമവും വല്ലീഗൃഹവും ആക്കിത്തീർക്കുന്ന വൃക്ഷശാഖകൾ അനിലസമ്മേളനത്തെത്തുടർന്നു നടനംചെയ്ത് അവിടുത്തെ കാമുകയുഗ്മത്തിൽ ഉദിതങ്ങളായ അനുരാഗഛിദ്രങ്ങളെ അവരെക്കൊണ്ടു വിസ്മരിപ്പിക്കുന്നു. തെക്കുള്ള പ്രമദവനത്തിൽ വിഹരിപ്പാൻ എത്തിയ മയൂരമിഥുനങ്ങളുടെ കൂജനങ്ങൾ ആ അനംഗരംഗനർത്തകർക്കു സാഹ്യസംഗീതമായി സവിശേഷം ധ്വനിക്കുന്നു. വിശ്വസാക്ഷിപ്രധാനനായ സൂര്യൻ പ്രയാണക്ഷീണത്താൽ ആകാശമദ്ധ്യത്തിൽ നിലകൊണ്ടു ത്രസിക്കുന്നതിനിടയിൽ താഴത്തുള്ള ലതാനിബിഡതയെ വിച്ഛിന്നമാക്കി തരണംചെയ്തു ധീപ്രശോധനകർമ്മത്തെ നിർവഹിച്ചു നീങ്ങുന്നു. ഈ ഭാസ്കരായനത്തിനിടയിൽ അവിടത്തെ ചെറുമുറ്റത്തിൽ ഉല്ലേഖ്യങ്ങളായ രജതഖണ്ഡങ്ങൾ നമ്മുടെ അനംഗാർച്ചകയുഗ്മത്തിന്റെ പുരോഭാഗത്തുള്ള അങ്കണത്തെ രത്നകംബളാച്ഛാദിതമെന്ന മട്ടിൽ അലങ്കരിക്കുന്നു. പാന്ഥദ്രോഹികളായ പറയസംഘത്തിന്റെ അസാന്നിദ്ധ്യത്തിൽ ജീവഭയംകൂടാതെ ദൂരത്തുള്ള രാജപഥത്തിൽകൂടി സഞ്ചാരം ചെയ്യുന്ന ജനതതിയുടെ മാർഗ്ഗശ്രമകരങ്ങളായ ഗാനങ്ങൾ, അസ്ഫുടമായുള്ള ഒരു മൃദുസ്വരപ്രവാഹമായി ആ രംഗത്തിൽ പ്രതിധ്വനിക്കുന്നു. ഈ അവസ്ഥാവിശേഷങ്ങൾക്കു കാമിനീകാമുകന്മാർ ജാഗരൂകരാകുന്നില്ല. താൻ പ്രയോഗിക്കാൻ ഉരുക്കഴിച്ചുവച്ചിരുന്ന പ്രണയവാചകങ്ങളെ പ്രക്രമമുഖത്തിൽ കിട്ടിയ പ്രഹരത്തെ ആദരിച്ചുപേക്ഷിച്ചുകൊണ്ട്, കാര്യസാരജ്ഞന്റെ നിലയ്ക്കുള്ള ഗുണദോഷോപദേശരൂപത്തിൽ കാമുകൻ ഇങ്ങനെ തുടങ്ങി: "കേട്ടോ ദേവൂ! അമ്മയൊണ്ടല്ലോ, അകത്തൊള്ളതൊന്നും പുറത്തു വിടുണില്ല. ഈ മട്ടിനുള്ള ഇരുപ്പ് എങ്ങു ചെന്നറുമെന്നു ആർക്കുതന്നെ അറിയാം? അഴകന്റെ അണ്ണന്മാരുതന്നെ പെണ്ണിനെക്കൊണ്ടുപോകണമെന്ന് എവനെ ഇട്ടു വട്ടംതിരിക്കുണു. അതുകൊണ്ട് സുബദ്രാവരണമട്ടിൽ ഒന്നും വേണ്ട- നാലു പേരെ വരുത്തി നാട്ടുനടപ്പിൻപടി നടത്തൂട്ടാൽ പെരിഞ്ചക്കോട്ടങ്ങേരെ മൂച്ചടച്ചുപോവും. ഇങ്ങ് പണ്ടാരവകക്കാര്യം നോക്കിനിന്ന് കല്ലറയ്ക്കലെക്കാര്യങ്ങളെല്ലാം തെന്തനത്തിലായിപ്പോണു. എന്റെ ദേവൂനെ ഇട്ടേച്ചു പോവാനും മനസ്സു നിരക്കണില്ല."

ദേവകിഅമ്മ: "അച്ഛൻ നിശ്ചയിച്ച സ്ഥലമാണല്ലോ ഇത്. വന്നിട്ട് ഇഷ്ടംപോലെ നടത്തിക്കൊണ്ടു പോകുന്നതല്ലയോ മര്യാദ?" [ 232 ]

കല്ലറയ്ക്കൽപ്പിള്ള: "അപ്പോപ്പിന്നെ പറഞ്ഞൊത്തതോ?"

ദേവകിഅമ്മ: "അതിനെന്തു മാറ്റം? വാക്കല്ലയോ മനുഷ്യർക്കു പ്രധാനം? എല്ലാം വിശ്വാംബികയുടെ തിരുവുള്ളമനുസരിച്ചു നടക്കുന്നു. അവിടുന്നു നമ്മെ രക്ഷിക്കട്ടെ!" ദേവകിയുടെ ഇമകൾ കീഴ്പ്പോട്ടമർന്നു; മുഖം പുളകാങ്കിതമായി.

ഈ ഉക്തികൾ തന്റെ ഗൃഹദേവിയെ തനിക്കു പ്രദാനംചെയ്തുള്ള വരണമന്ത്രമായിത്തന്നെ കല്ലറയ്ക്കൽപിള്ളയുടെ അന്തർന്നാളങ്ങളെ ആനന്ദിപ്പിച്ചു തളർത്തി. അദ്ദേഹവും പല ദേവാലയപ്രതിഷ്ഠിതരായുള്ള അവതാരപുരുഷന്മാരുടെയും ദേവീദേവന്മാരുടെയും നാമങ്ങളെ സഹർഷം ഉച്ചരിച്ചു. വിശ്വം വിവിക്തരംഗമായി, പ്രശാന്തചന്ദ്രന്റെ വർണ്ണത്തെയും കൽക്കണ്ടത്തിന്റെ മധുരിമയെയും വിതരണം ചെയ്യുന്നതായി ആ രംഗവാസികൾക്കു തോന്നി. അഭൗതികശരീരികളായ ഗന്ധർവ്വമിഥുനംപോലെ രണ്ടുപേരും വിയന്മാർഗ്ഗത്തിൽ ഉൽപതിക്കുന്നതായി തോന്നിത്തുടങ്ങിയപ്പോൾ അച്ഛനോടുള്ള കൃത്യസ്മൃതി ദേവകിയുടെയും ഭാവിയെക്കുറിച്ചുള്ള അപരിജ്ഞേയത കല്ലറയ്ക്കൽപിള്ളയുടെയും ശരീരങ്ങളിൽ ഒരു ലോഹസ്വഭാവത്തെ സംജാതമാക്കി വിയദ്ഗമനത്തെ വിഘാതപ്പെടുത്തി. ആ മനോരാജ്യദമ്പതിമാർ അനന്തരകരണീയം എന്തെന്നു നിശ്ചയമില്ലാതെ അവരുടെ അപ്പോഴത്തെ ആനന്ദാനുഭൂതിക്കിടയിൽ അമ്പരന്നു. കാര്യനിരീക്ഷകനായ കല്ലറയ്ക്കൽ പിള്ളയുടെ നേത്രവിഭ്രമം ക്ഷണത്തിൽ അസ്തമിച്ചു. കഴിഞ്ഞ അല്പനേരത്തെ അവസ്ഥയെ ചിന്തിച്ച് അദ്ദേഹം ഒന്നു പൊട്ടിച്ചിരിച്ചു. കല്ലറയ്ക്കലോട്ടു മാറിപ്പാർക്കേണ്ട നിർബന്ധം ഉണ്ടാക്കുന്നതായ അവസ്ഥയും ഇങ്ങനെ ചുരുക്കത്തിൽ ധരിപ്പിച്ചു: "എന്റെ ദേവൂ! ഇവിടം എന്നു കുളംകൊരിപ്പോണൂന്നറിഞ്ഞുകൂടാ. തിരുവുള്ളക്കേടു പറ്റിയടമാണിവിടം."

ദേവകിഅമ്മ: "അച്ഛൻ വന്നിട്ടതു പറയണം."

കല്ലറയ്ക്കൽപിള്ള: "അങ്ങേര് എന്നു വരുന്നോ? അതുവരെ നമ്മൾ ഈ കാട്ടുമാക്കാൻ പൊറുതിയിൽ കിടക്കണമെന്നോ? ദേവു എന്റെതായി; ഞാൻ ദേവൂന്റതുമായി. ഇനിപ്പിന്നെ അതുമിതും വിചാരിപ്പാനെന്ത്? കാലം തിരിഞ്ഞുവരുണു. ഇവിടേന്നു തപ്പിപ്പെഴച്ചു ഒതുങ്ങിക്കൊണ്ടാൽ"

ദേവകിഅമ്മ: "ഇതെന്തു നിർബ്ബന്ധമാണ്? എനിക്കു തോന്നിയതുപോലെ ഇപ്പോൾ ഇറങ്ങിപ്പോന്നാൽ അവിടുത്തേക്കു തോന്നുന്നതുപോലെ ഒരു കാലത്ത് ഇങ്ങോട്ടും ഇറങ്ങിപ്പോരേണ്ടിവരില്ലേ?"

കല്ലറയ്ക്കൽപിള്ള: "പുള്ളി കൊറഞ്ഞ പുള്ളിയല്ല. വല്ല കൊട്ടാരമോ മട(ഠ)മോ ഭരിച്ചു ഉ(വി)ലസേണ്ടവൾ. പിന്നേ, നിങ്ങളപ്പോ വടക്കങ്ങ് എവ്ടയോള്ളോരെന്ന് ഇനിയെങ്കിലും പറവിൻ?"

ഈ ചോദ്യം ദേവകിക്കു രസിച്ചു. തന്റെ പൂർവ്വചരിത്രം ഗ്രഹിപ്പാൻ അവൾക്കും അതിയായ ആഗ്രഹം ഉണ്ടായിരുന്നു. കല്ലറയ്ക്കൽപിള്ളയെ പ്രശ്നകാരിയായി മുൻനിറുത്തി ആരായുന്നതായാൽ ഇംഗിതാപ്തി ഉണ്ടാകുമെന്നു ചിന്തിച്ചു കന്യക മാതാവെ വിളിച്ചു. ലക്ഷ്മിഅമ്മ [ 233 ] വിജയാന്ദോളസ്ഥയായി രംഗത്തിൽ പ്രവേശിച്ചു. ദേവകി എഴുന്നേറ്റു പരസ്വമായിത്തീർന്ന സരസകുമാരിയുടെ നാട്യത്തിൽ മാതാവോടു ചേർന്നുനിന്ന് ഒരു കുടുംബിനിയുടെ കുശലാന്വേഷണസ്വരത്തിൽ ഇങ്ങനെ ചോദിച്ചു: "അമ്മേ, നമ്മുടെ വീടെവിടെയെന്നു പറയണം. അതു കേട്ടില്ലെങ്കിൽ അദ്ദേഹത്തിനുറക്കംവരില്ലെന്നു പറയുന്നു."

ലക്ഷ്മിഅമ്മ: "അതെല്ലാം നിന്റെ അച്ഛൻ പറയണം. എനിക്കിവിടെ എന്തു സ്വാതന്ത്ര്യമുണ്ട്? ആ നിലയിലാണല്ലോ നിങ്ങളുടെ ഇവിടത്തെ അഷ്ടപദിയെല്ലാം നടന്നിരിക്കുന്നത്."

ദേവകി മാതാവിന്റെ കൈകളിൽ ഒരു ദംശനക്രിയ അഭിനയിച്ചില്ലേ എന്നൊരു ശങ്ക. കല്ലറയ്ക്കൽപിള്ള സ്ത്രീയുഗ്മത്തിന്റെ 'അയിത്ത'ദ്വേഷത്തെ ആദരിക്കാൻ മറന്ന്, ലജ്ജാപ്രകടനമായി വിരൽ കടിച്ചു. "വെള്ളം ആ കിണ്ടിയിലുണ്ട്" എന്നുള്ള ഉപദേശത്തോടെ ലക്ഷ്മിഅമ്മ തുടർന്നു: "എങ്കിലും ഒന്നു പറയാം. ഞാൻ ജനിച്ചത് -എന്റെ ദേവകീ, എന്റെ പിള്ളേ, കാലപ്പിഴകൊണ്ടു ഞാൻ ഒരു രണ്ടാം ജന്മത്തിലായി. നിന്റെ അച്ഛനെ ദേവി വിശ്വാംബിക എന്റെ രക്ഷിതാവായി എത്തിച്ചു. ഇത്രയല്ലാണ്ട് എന്തു പറയുന്നു!"

കല്ലറയ്ക്കൽപിള്ള: "അതല്ലമ്മേ! ഊരൂകാർ എന്നു പറയുന്നവർ എല്ലാത്തിലും നുഴയും - ഏതു തറവാടെന്നോ മറ്റോ കേട്ടാൽ - ഊരും വീട്ടുപേരും ചൊല്ലിയേച്ചാൽ-"

ലക്ഷ്മിഅമ്മ: "ദമയന്തി ചേദിരാജ്യത്തു ചെന്നപ്പോൾ ആരാണെന്നു പരമാർത്ഥം പറഞ്ഞുവോ?"

ആ കഥാഘട്ടവും അയ്യനപ്പിള്ളയും അപരിചിതരായിരുന്നെങ്കിലും "അതു പറഞ്ഞില്ല. പറഞ്ഞില്ല" എന്നു പുരാണപണ്ഡിതശിരോരത്നത്തിന്റെ ഭാവത്തിൽ അദ്ദേഹം സമ്മതിച്ചു.

ലക്ഷ്മിഅമ്മ: "അതുപോലെ ചിലതൊക്കെ ചിലപ്പോൾ ഒളിക്കേണ്ടിവരും."

കല്ലറയ്ക്കൽപിള്ള: "ദിക്കെങ്കിലും പറയണം. ദേവൂന്റെ അച്ഛനെപ്പോലെതന്നെ അവൾക്കു വരുന്നവനെയും വിശ്വസിക്കണ്ടയോ? നിങ്ങളുടെ നന്മയും തിന്മയുമെല്ലാം അവന്റെ തലയിലും കൂടിയല്ലയോ?"

ലക്ഷ്മിഅമ്മ: "എന്തു പറയുന്നു പിള്ളേ! പരമശിവൻ സാക്ഷി. ബന്ധുവും ബന്ധങ്ങളുമെല്ലാം ദ്വേഷിച്ചു എന്നല്ലാതെ ഞാൻ ഒന്നും പിഴച്ചിട്ടില്ല. പിഴച്ചു എന്നു വിധിച്ചവരെ ഞാൻ ശപിക്കുന്നുമില്ല. ദോഷം വരുത്തിയ കർമ്മശക്തിതന്നെ പിന്നീടൊരു വഴിയും കാട്ടി. അദ്ദേഹം ശ്രീമാൻ; ഞങ്ങൾക്ക് ഐശ്വര്യം വരുത്താൻ എന്തെല്ലാമോ പ്രവർത്തിച്ചിരിക്കാം."

കല്ലറയ്ക്കൽപിള്ള: "അതിന്റെ ചുരുക്കമെല്ലാം ഇവനറിയാം. ഈ കൊഴാമറിച്ചിൽ എല്ലാം വരുത്തണത് ആ പറപാണ്ടേടെ കൂട്ടുകെട്ടുകൊണ്ടാണ്. ഇന്ന് ആ പേരു കേൾക്കുമ്പോൾ ഇവിടമെല്ലാം കിടുങ്ങും. ഇനിയെങ്കിലും വീട്ടുമട്ടിനു പാർപ്പും മറ്റും ആക്കിക്കൊണ്ടാൽ - പിന്നേ[ 234 ] ദിവാൻജി അങ്ങത്തെ കണ്ടപ്പോൾ അദ്യം എന്തെല്ലാമോ കിണ്ടിക്കിളച്ചു ചോദിച്ചുട്ടു-"

പറപാണ്ടയുടെ നാമത്തെ കല്ലറയ്ക്കൽപിള്ള ഉച്ചരിച്ചതോടുകൂടി ലക്ഷ്മിഅമ്മ ഒരു ചിന്തയിൽ ആമഗ്നയായി. ദിവാൻജിയുടെ ചോദ്യങ്ങൾ ഉണ്ടായി എന്നു കേട്ടപ്പോൾ മനോരാജ്യത്തിൽനിന്നു പെട്ടെന്നു വിരമിച്ചതുപോലെ, അവർ, "ആരോടുള്ള കൂട്ടുകെട്ടെന്നാണ് അയ്യനപ്പിള്ള പറഞ്ഞത്?" എന്നു സംഭ്രമസ്വരത്തിൽ ചോദിച്ചു.

കല്ലറയ്ക്കൽപിള്ള: (ദേവകിയെ നോക്കിയിട്ട്) "പിന്നെപ്പറഞ്ഞാൽ പോരയോ?"

ദേവകി: "അതെന്തിന്? ഇപ്പോൾത്തന്നെ പറയണം. കണ്ടവൻ ചെയ്യുന്ന കുറ്റങ്ങൾ അച്ഛന്റെമേൽ ചുമത്തുന്നത് അദ്ദേഹം ആരെയും പേടിക്കാത്തതുകൊണ്ടാണ്. നേരെ പറയണം, ആരുടെ അടുത്തുള്ള കൂട്ടുകച്ചവടമെന്ന് മോഹാലസ്യപ്പെടില്ല." നെറ്റത്തടത്തിലെ ചന്ദനവരിക്കുറി പൊടിഞ്ഞിളകി തരികളായി കീഴ്പ്പോട്ടിഴിഞ്ഞു. താഴത്തുള്ള പുരികക്കൊടികൾ കല്ലറയ്ക്കൽപിള്ളയുടെ മനസ്സിനെ ഒരു പടികൂടി അപഹരിക്കുമാറ് വക്രിക്കുകയും ചെയ്തു. അദ്ദേഹം കന്യകയുടെ സമീപത്തോട് അല്പം അടുത്തിട്ട് "ചണ്ടപിടിപ്പാനല്ല ഞാൻ ഇവിടെ ഫയനം കിടക്കുണത്" എന്ന് അവളുടെ പ്രിയാർത്ഥിയുടെ നിലയിൽ ധരിപ്പിച്ചു.

ദേവകി: "അവിടുന്ന് അന്തസ്സുള്ള ആളല്ലേ? ഞങ്ങടെ രണ്ടാം രക്ഷിതാവുമാണ്. ഇങ്ങോട്ടു ഭജിക്കുന്നെന്നു പറയുന്നതിന് അർത്ഥമെന്ത്? ഞങ്ങളെക്കുറിച്ചു സ്നേഹം ഉണ്ടെങ്കിൽ അവന്റെ പേര് ഒന്നുകൂടിപ്പറയണം.?"

കല്ലറയ്ക്കൽപിള്ള: "ഇല്ലത്തെക്കേക്കാവും കാലായും കിഴക്കേ പെരുവഴിയിൽ ചെന്നു മുട്ടുന്നെടത്ത്, ഒരു കല്ലമ്പലവും നീരാഴിയും പാറക്കെട്ടും കരിമ്പനക്കൂട്ടവും പെരുംകാടുമൊണ്ട്. അവിടെ വാഴ്ചകൊണ്ടു കൂടിമുടിക്കണത് ഒരു പറയനാണ്. ദേവൂന്റെ അച്ഛൻ ഒന്നു കണ്ണുതൊറന്നാൽ അവൻ പൊടിഞ്ഞൂന്നാണ് എല്ലാരയും നമ്പിക്ക."

ദേവകി, "കണ്ടവന്റെ കുറ്റം അച്ഛന്റെമേൽ ചുമത്തരുത്" എന്നുപറഞ്ഞു പിന്നെയും പോർവ്വട്ടത്തിനുതന്നെ ഒരുമ്പെട്ടു. എന്നാൽ സംവാദം അവസാനിപ്പിക്കണമെന്നു തോന്നി ലക്ഷ്മിഅമ്മ മകളെ നീക്കിനിറുത്തീട്ടു മുന്നോട്ടു നീങ്ങി, "പിള്ളേ! ഈ വേണ്ടാക്കാര്യങ്ങൾ പറഞ്ഞും ഓരോന്നു ചിന്തിച്ചും നിശ്ചയിച്ച കാര്യങ്ങൾക്കു വിഘ്നം വരുത്തരുത്; കുറ്റക്കാരെ ശിക്ഷിക്കട്ടെ; പിള്ളയ്ക്കു പേടിക്കാനില്ലല്ലോ. ഞങ്ങടെ കാര്യം കയ്യേറ്റാൽ-ഒട്ടും പതറണ്ട; നല്ല സ്ഥിതിയിൽ കഴിയാൻ ഞാങ്ങൾക്കും പ്രത്യേകം സ്വത്തുണ്ട്" എന്നു പറഞ്ഞു.

കല്ലറയ്ക്കൽപിള്ളയുടെ അന്തർഭൂതം ദേവേന്ദ്രന്റെ ഒരു ക്ഷണപത്രത്തെയും മാതലിയാൽ തെളിക്കപ്പെട്ടിട്ടുള്ള ഇന്ദ്രരഥത്തെയും സന്ദർശിച്ചു. ധനത്താൽ ജാതിന്യൂനതകൾ പരിഹരിക്കപ്പെടുമെന്നും നിയമലംഘനങ്ങൾ ക്ഷന്തവ്യങ്ങൾ ആകുമെന്നും ദർശിച്ച് ആ പ്രണയവാൻ ഒരു [ 235 ] മാനസസരസ്സിൽ സ്നാനം കഴിഞ്ഞുള്ള പരമോല്ലാസപദവിയെ അവലംബിച്ചു സ്ഥിതിചെയ്തു. എങ്കിലും, അദ്ദേഹം ഏതുമല്ലാത്ത നാട്യത്തിൽ ഇങ്ങനെ പറഞ്ഞു: "പുടവകൊടയും അങ്ങോട്ടു പോരണതും കയ്യോടെ നടക്കട്ടെ എന്നു ചൊല്ലിയപ്പം ദേവുവല്ലിയോ പടുത്തുകളയണത്? എല്ലാം ഒരു ചുളുവിൽ നടത്തിയൂട്ടാൽ കേപ്പാനും കാര്യമെടുപ്പാനും വരുണവരാരെന്നോ?"

ദേവകി: "അമ്മ എന്തു പറഞ്ഞാലും അവിടന്ന് എന്തു നിശ്ചയിച്ചാലും അച്ഛൻ വന്നുതന്നെ എന്നെ അങ്ങോട്ടു ഏൾപ്പിക്കണം. എന്റച്ഛൻ ദുഷ്ടൻ, ശിക്ഷ ഏറ്റുപോകും എന്നു ഞാൻ സമ്മതിച്ച് എന്റെ നിലവിട്ടു കൂടിപ്പോന്നാൽ - അമ്മേ! അച്ഛന്റെ ശാപമേൾക്കാൻ ഞാൻ ആളല്ല. ആ പാടത്തിൽ കിടക്കുന്ന കന്നുകാലിക്കൂട്ടത്തിൽ എന്നെ കണക്കാക്കിക്കളയരുത്."

കല്ലറയ്ക്കൽപിള്ള സ്വകാമിനിയുടെ വാഗ്വൈഭവം ഉല്പാദിപ്പിച്ച സന്തുഷ്ടിപ്രസരത്തോടെ 'അണ്ടിയോടടുക്കുമ്പോൾ മാങ്ങയുടെ പുളിയറിയാം എന്നു പണ്ടൊള്ളോർ പറഞ്ഞതു ബുദ്ധി' എന്നു ചിന്തിച്ചുകൊണ്ട് ലക്ഷ്മിഅമ്മയെ നോക്കി ദേവകിയുടെ പ്രാഗല്ഭ്യത്തെ ഇങ്ങനെ പ്രശംസിച്ചു: "മകള് നാക്കും പേച്ചുമില്ലാത്ത കൊച്ചായി പമ്മിപ്പമ്മി ഇരുന്നേച്ച് ഇപ്പം ഫക്കനേ അല്യോ എടുത്തു ചാടുന്നാള്-" ബാല്യം മുതൽ അഭ്യസിച്ചിട്ടുള്ള വഴി തുടർന്നു തന്റെ നാവ് പ്രവർത്തനം ചെയ്തുപോയതിലുള്ള ലജ്ജാകുണ്ഠിതങ്ങളോടുകൂടി സ്വഭാഷണത്തെ കല്ലറയ്ക്കൽ പിള്ള ഉപസംഹരിച്ചുനില്ക്കുന്നതിനിടയിൽ ലക്ഷ്മിഅമ്മ ഭയാവേഗത്തോടെ ഇങ്ങനെ പറഞ്ഞ് അദ്ദേഹത്തിന്റെ വാക്കുകളെ തടഞ്ഞു: "നില്ക്കു ദേവീ! ആരോ കാടു ഞെരിക്കുന്നു. അതാ തകർക്കുന്നു. ആരവം കൂടിവരുന്നു. അന്നു രാത്രിയിലെപ്പോലെ പിന്നെയും (തന്നേ മറന്ന്) ആ ബൗദ്ധൻ പണ്ടു വന്നപ്പോഴെപ്പോലെ ഇപ്പോഴും -എന്റെ ദേവീ! ഞങ്ങൾക്കിതിലെല്ലാമെന്തു ബന്ധം? തിരുവുള്ളമെങ്കിൽ, ജന്മം ഒടുങ്ങിച്ചുകൂട്ടണേ!" അവസാനവാക്കുകൾ സാവധാനത്തിലും കല്ലറയ്ക്കൽപിള്ളയുടെ ശ്രദ്ധ ഇതരവിഷയത്തിലും ആയിരുന്നതിനാൽ ലക്ഷ്മിഅമ്മയുടെ പരിദേവനസാരം അദ്ദേഹം ഗ്രഹിച്ചില്ല. കാവു ഞെരിച്ചുകൊണ്ട് അഴകൻപിള്ളയെക്കാൾ പുഷ്ടിയുള്ള ഒരു അഷ്ടാവക്രൻ ആ മഠക്കെട്ടിന്റെ മുറ്റത്തു പ്രവേശിച്ചു. തന്റെ ഭൃത്യന്റെ മുഖം വാടിക്കണ്ടതുകൊണ്ട് കല്ലറയ്ക്കൽപിള്ള പെരിഞ്ചക്കോടന്റെ വരവുണ്ടാകുന്നു എന്നു തീർച്ചയാക്കി. "എന്തെടാ! പെരിഞ്ചക്കോട്ടങ്ങേരു തിരിച്ചുവന്നൂട്ടോ?"

ഭൃത്യൻ: "ഇല്ലില്ല. വേറെ ആരാണ്ടോ വരുണാര്. എമ്പാടും പുള്ളിപ്പട്ടാളപ്പുള്ളിയും ചാടുണാര്. പെരിഞ്ചക്കോട്ടു മേലേപ്പൊറ്റ എറങ്ങി അതാ അങ്ങോട്ടു ഓടുണാര്."

കല്ലറയ്ക്കൽപിള്ള: "അന്നു വന്ന ആ സ്വാമിയാരങ്ങേരുകൂടി ഒണ്ടോ?"

ഭൃത്യൻ: "ഇപ്പം വരണത് ആ പൂയാരീം മറ്റുമല്ല. ഒടയതമ്പുരാൻതന്നെ. തങ്കം പൂയിയ ഒരു കൊമരൻ ഒരു പഞ്ചകല്യാണീക്കേറി [ 236 ] തോക്കോ വാളോ എന്തെല്ലാമോ കെട്ടിയിട്ടോണ്ടു 'ധടപടാ'ന്നു ചാടി എറങ്ങി ചുട്ടൂടാനോ കരിച്ചൂടാനോ ഒക്കെ ചൊല്ലുണാര്."

ലക്ഷ്മിഅമ്മ (ആർത്തസ്വരത്തിൽ): "അദ്ദേഹത്തെ തിരക്കിവരുന്നവരാണ്. എന്റെ പിള്ളേ! ഞങ്ങൾക്കു വേറൊരു സഹായവുമില്ല. എന്തുവന്നാലും അദ്ദേഹത്തെ താങ്ങിനില്ക്കണം."

കല്ലറയ്ക്കൽപിള്ള നെഞ്ചുതടവി ചിന്താപരവശനായി നിന്നു. രാജശക്തിയാൽ നിയുക്തന്മാരായ വീരഭദ്രന്മാർ രണ്ടാമതും പെരിഞ്ചക്കോട് ആക്രമിക്കുന്നെങ്കിൽ സംഹാരവിധി കല്പിക്കപ്പെട്ടിരിക്കണം എന്നുചിന്തിച്ച് അദ്ദേഹം ജഡമാത്രനായിത്തീർന്നു. ദേവകിയോടുള്ള തന്റെ കാമുകബന്ധവൃത്താന്തം രാജസന്നിധിയിൽ എത്തി, വല്ല വിശ്വാസ്യതാലവവും തന്റെ പ്രജാസ്ഥാനത്തിനുണ്ടായിരുന്നെങ്കിൽത്തന്നെ അതിനെയും നഷ്ടമാക്കിയിരിക്കാമെന്നും അദ്ദേഹം ഖേദിച്ചു. 'എന്തായാലും പ്രധാന ഭവനത്തിലോട്ടു ചെല്ലുക' എന്നു നിശ്ചയിച്ചുകൊണ്ട് അദ്ദേഹം അങ്ങോട്ടു തിരിച്ചു. ആ സന്ദർഭത്തിലെ അനുഷ്ഠേയവിധങ്ങളെക്കുറിച്ചു കേവലം ശിശുപ്രായവിജ്ഞാനവതി ആയ ദേവകി മുറ്റത്തോട്ടു ചാടി, തന്റെ കന്യകാത്വത്തെ വിസ്മരിച്ച്, കല്ലറയ്ക്കൽപിള്ളയുടെ കൈക്കുപിടിച്ചു നിറുത്തിയിട്ട്, സവീര്യയായി ഇങ്ങനെ ഒരു ബോധനാസ്ത്രം പയോഗിച്ചു: "ഇതാ കേൾക്കണേ. ഞാൻ കാട്ടുജന്തു. കാര്യങ്ങൾ അറിഞ്ഞുകൂടാത്ത സാധു. എങ്കിലും ഒന്നു പറയുന്നു. അച്ഛനെ ആവതും രക്ഷിച്ചുകൊണ്ടില്ലെങ്കിൽ ഇങ്ങനെ ഒരു പെണ്ണുണ്ടെന്ന് അവിടുന്നു വിചാരിക്കണ്ട. ഇവിടുന്ന് എനിക്കു ജീവനായി; എങ്കിലും അമ്മയെ ചാകാതെ രക്ഷിച്ചതും എനിക്കു ജീവൻ തന്നതുമായ ആ പുണ്യവാൻ ഞങ്ങൾക്കു ദൈവം." ഇങ്ങനെ ഉഗ്രവീര്യത്തോടെ ധർമ്മാഖ്യാനം ചെയ്യുന്ന കന്യകയും താനും തമ്മിലുള്ള അന്തരത്തെ ചിന്തിച്ച് കല്ലറയ്ക്കൽപിള്ള കേവലം മൂകനെന്നപോലെ ശിരോവിക്ഷേപണങ്ങളാൽ ആജ്ഞാസ്വീകാരം അഭിനയിച്ചു നടകൊണ്ടു.

ദേവകി മാതൃസമീപത്തോട്ട് അണഞ്ഞ് നിയമപ്രകാരം അവരുടെ വക്ഷസ്സോടു ചേരാതെ, അച്ഛൻ നിമിത്തം നേരിട്ടേക്കാവുന്ന ആപത്തിന്റെ യഥാർത്ഥ പരിമാണം ഗ്രഹിപ്പാൻ തന്റെ പൂർവ്വചരിത്രത്തെക്കുറിച്ചു കാര്യാന്വേഷണങ്ങൾ തുടങ്ങി: "എന്തെല്ലാമാണമ്മേ? പരമാർത്ഥം പറയണം. നാം എവിടത്തുകാർ? എന്തു ജാതി? ഏതു കുലം? ഇവിടെ എങ്ങനെ വന്നു? എന്തു സംഗതിവശാൽ അങ്ങേവീട്ടിൽപോലും ചെല്ലാൻ സമ്മതിക്കാതെ ഇവിടെ കെട്ടിപ്പൂട്ടി വളർത്തുന്നു? അച്ഛനും ഇന്നു പേരുപറഞ്ഞ ആ മഹാഘാതകനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? അമ്മയും കല്ലറയ്ക്കൽ അദ്ദേഹവും ഇത്ര നടുങ്ങുന്നതെന്തിന്? നമുക്കു മേലേടത്തു ഗതിയെന്ത്?"

ലക്ഷ്മിഅമ്മ: "മേലേടത്തേക്കു രാജകന്യകയായിക്കഴിയാൻ അച്ഛൻ നിന്നെ സമ്പന്നയാക്കീട്ടുണ്ട്. അതുകൊണ്ടു നീ ഒന്നും ചിന്തിക്കേണ്ട." [ 237 ]

ചാണ്ഡാലബന്ധു എന്നുംമറ്റും അപഹസിക്കപ്പെട്ട പുണ്യശ്ലോകന്റെ വാത്സല്യധോരണിയെ ചിന്തിച്ചു കന്യക ആപാദമസ്തകം വിറച്ചു പൊട്ടിക്കരഞ്ഞു. ബന്ധിച്ചിരുന്ന കേശം ആ ദേഹക്ഷീണത്താലുണ്ടായ ചാഞ്ചാട്ടത്തിൽ ഉലഞ്ഞഴിഞ്ഞു ദേവീവിഗ്രഹങ്ങളെ താങ്ങുന്ന 'പ്രഭ' എന്നപോലെ ലംബമാനമായി. ശോകാരുണിമയാൽ ആ കായസുവർണ്ണത വൈദ്യുതദ്യുതിയെത്തന്നെ അവലംബിച്ചു. അശ്രുപൂർണ്ണമായുള്ള നേത്രങ്ങൾ വികസിച്ചു നീലോല്പലപ്രഭയെന്നുള്ള കവിസങ്കല്പത്തെ അനുഭാവ്യമാക്കി. ശോകസങ്കലിതമായ ക്ഷീണോക്തികൾ വൈകുണ്ഠവാസിയുടെ യോഗനിദ്രയെ ഭംഗപ്പെടുത്താതെ പ്രയോഗിക്കപ്പെടുന്ന ശ്രീനാരദന്റെ വീണാലാപമൃദുമധുരിമയെയും വിജയിച്ചു. പുത്രിയുടെ നിർബ്ബന്ധം മഹാവിപത്തിന്റെ കവാടഭേദനകർമ്മമെന്ന് ലക്ഷ്മിഅമ്മ ശങ്കിച്ചു സ്തബ്ധചിത്തയായി അല്പനേരം നിന്നു. പുത്രിയുടെ കായമനസ്സുകൾ തരളങ്ങളായി, അവൾ വിശ്വക്ഷോഭജനകമായുള്ള സൗന്ദര്യകാന്തിപൂരത്തോടെ നിലകൊണ്ടപ്പോൾ സ്വപുത്രിയുടെ കാമുകനും ആശക്തിത്രയീജ്യോതിസ്സും തമ്മിലുള്ള ഭൂസ്വർഗ്ഗവ്യത്യാസത്തെ ചിന്തിച്ചു മാതാവിന്റെ മനസ്സു കലങ്ങി. ഗത്യന്തരമില്ലാത്ത അവസ്ഥകളിൽ കുടുങ്ങിപ്പോകുമ്പോൾ വീരകേസരികളും നിഷ്പൗരുഷകീടങ്ങളായിത്തീരുന്നു. ഏതദ്വിധമായുള്ള അണുമാത്രാവസ്ഥയിൽ എത്തുന്ന സ്ത്രീകളുടെ നിരാലംബബോധം അവരെ എങ്ങനെ വ്യാകുലപ്പെടുത്തുന്നു എന്നുള്ളത് ഊഹ്യമത്രേ. ലക്ഷ്മിഅമ്മ ജഗൽസ്ഥിതികളുടെ അസ്ഥിരതയെപ്പറ്റി പ്രസംഗിച്ചിട്ട് തങ്ങൾക്കു കല്ലറയ്ക്കൽപിള്ളയെ ഒരു അഭയപ്രദനായി കിട്ടിയിരിക്കുന്ന ഭാഗ്യം സുഖൈശ്വര്യപൂർണ്ണമായ ഭാവിയെ സുദൃഢമാക്കുന്നു എന്നു പ്രസ്താവിച്ച് പുത്രിയുടെ മനഃക്ലമത്തെ വിച്ഛേദിപ്പാൻ യത്നിച്ചു. എന്നാൽ സ്വജന്മഹേതുകനെന്നു വിശ്വസിക്കപ്പെടുന്ന വീരകേസരിയെ ആവരണംചെയ്തിരിക്കുന്ന ആ സൗന്ദര്യവല്ലിയുടെ ദേഹി ആ മാതാവിന്റെ സാന്ത്വനങ്ങളെ ശ്രവണം ചെയ്തില്ല. കാര്യപ്രതീക്ഷകിയായുള്ള മാതാവും ഗ്രാമീണകാമുകനായുള്ള കല്ലറയ്ക്കൽപിള്ളയും ചരിക്കുന്ന നികൃഷ്ടവലയത്തിൽനിന്ന് എത്രയോ അത്യുന്നതമായുള്ള ഒരു ദിവ്യമണ്ഡലത്തിൽ ആ കന്യകയുടെ അന്തഃകായം വിശ്വരക്ഷാമൂർത്തിയുടെ പാദപ്രാർത്ഥനയിൽ ലീനമായിരുന്നു.

മതിൽക്കെട്ടിന്റെ കിഴക്കേ ദ്വാരപ്രദേശത്ത് ഒരു സംഭാഷണം കേട്ടുതുടങ്ങി.

അന്യൻ: "ഇവിടെ ഇല്ലല്ലോ. പിന്നെ എന്തിന് അങ്ങോട്ടു കേറുന്നു?"

കല്ലറയ്ക്കൽപിള്ള: "അങ്ങതും ഇങ്ങതും വീട്ടുകാരു തമ്മിൽ ഉള്ളിരിപ്പു വിട്ടു പേശുമ്പം അതിപ്പിന്നെ എന്തരു മായങ്ങള്? ദിവാൻജിയജമാനൻ പിള്ളയ്ക്ക് അമ്മാവൻ; നമുക്കു പോറ്റി. കല്പനപ്പടി തെരയുമ്പം ഒളിപ്പോരാര്, ചിതപ്പോരാര്? തിരുവാണപ്പടിയാണെ, അങ്ങേരു തിരുവനന്തപുരത്തോട്ടു പോയതിപ്പിന്നെ ഇങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു [ 238 ] തേട്ടവും ഇങ്ങോട്ടു കൊണ്ടുവന്നിട്ടുമില്ലേ. ഇവിടെ ആളുമാഞ്ചാതിയും ഇക്കണ്ടതൊക്കെത്തന്നെ. ആ അഴകുച്ചെവിത്താൻ എങ്ങോ?"

അന്യൻ: "അയാൾ കല്പനപ്പടി ദിവാൻജിയജമാനന് അകമ്പടി സേവിക്കുന്നു. എന്നാൽ പിന്നെ എനിക്കു വരുതി."

കല്ലറയ്ക്കൽപിള്ള, "വരട്ടെ, വരട്ടെ. ഇത്തിരി വല്ലതും തൊട്ടു തെറിച്ചേച്ചെങ്കിലും പോയില്ലെങ്കിൽ ഈ ആളുകൾക്കു പോരായ്മയല്യോ?" എന്നു ക്ഷണിച്ചപ്പോൾ, "ഹേയ്! ഇതാ ഇപ്പോൾ എത്തും അച്ഛന്റെ വീട്ടില്" എന്നുത്തരം പറഞ്ഞ ത്രിവിക്രമകുമാരനെ ബലാൽക്കാരേണ പിടിച്ച് അവിടത്തെ സാദ്ധ്വീയുഗ്മത്തിന്റെ ഗ്രഹസന്ധിഘോഷത്താൽ അദ്ദേഹം ഗൃഹമുറ്റത്തോട്ടു പ്രവേശിപ്പിച്ചു.

യുദ്ധരംഗത്തിൽനിന്ന് സാവിത്രിയെ അന്വേഷിപ്പാൻ എന്നുള്ള നാട്യത്തിൽ ഓടിക്കപ്പെട്ട് കഴക്കൂട്ടത്ത് മീനാക്ഷിഅമ്മയെയും തിരുവനന്തപുരത്ത് കുഞ്ചൈക്കുട്ടിപ്പിള്ളയെയും സന്ദർശിച്ചിട്ടു പെരിഞ്ചക്കോട്ടെത്തുമ്പോൾ സ്വപ്രണയിനിയെ കണ്ടുകിട്ടിയേക്കുമെന്ന വിചാരത്തോടെ വന്നു ഭഗ്നാശനായിത്തീർന്നിരിക്കുന്ന ത്രിവിക്രമകുമാരനെയാണ് കല്ലറയ്ക്കൽപിള്ളയായ സൂത്രധാരൻ വിദൂഷകബുദ്ധ്യാ രംഗപ്രവിഷ്ടനാക്കിയത്. ക്ഷാത്രകുലദൃഷ്ടിയിൽ പക്ഷപാതിയായ ബ്രഹ്മാവാൽ സശ്രദ്ധം രചിക്കപ്പെട്ടിട്ടുള്ള ആ കനകസിംഹയുവാവിന്റെ പാദസ്പർശം ഉണ്ടായപ്പോൾ, ആ ആശ്രമമണ്ഡലം സരസസമിതികളിൽ പ്രകടിതങ്ങളാകുന്ന വികാരകലാപങ്ങളുടെ നാഗരികക്ഷേത്രമായിത്തീർന്നു. നമ്മുടെ യുവയോദ്ധാവും കർഷകപ്രധാനനുംകൂടി മന്ദിരത്തിന് അഭിമുഖരായി മുറ്റത്തു നിലകൊണ്ടപ്പോൾ, ശ്രീരാമഗുഹന്മാർ തമ്മിൽ സങ്കല്പിക്കപ്പെട്ടിട്ടുള്ള വ്യത്യാസത്തെ ലക്ഷ്മിഅമ്മ സന്ദർശിച്ചു. സൗഷ്ഠവപരിപുഷ്ടി ചേർന്നുള്ള ആ കനകശരീരത്തിന്റെ കാന്തിധാടിയും മുഖത്തിന്റെ സുസ്മേരസങ്കലിതമായുള്ള വീര്യതേജസ്സും, വക്ഷസ്സിന്റെ പൗരുഷസ്ഫുരണംചെയ്യുന്ന വിസ്തൃതിയും, ഭുജങ്ങളുടെ സംഹാരകദണ്ഡത്വവും സഞ്ചാരത്തിലെ രമണീയതരമായുള്ള ലാഘവവിലാസവും മുഖേന്ദുബിംബത്തിന്റെ ശിരോഭാഗത്തെ ആവരണം ചെയ്യുന്ന കേശത്തിന്റെ സമൃദ്ധിയും അതിനെ ഗോപകുമാരസങ്കൽപത്തിനു ചേർന്ന വിധിയാൽ കണ്ഠത്തോളം വളർത്തി ഖണ്ഡിച്ചിരിക്കുന്നതുകൊണ്ടുള്ള രാജസരസികതയും തന്റെ പ്രാർത്ഥനാമൂർത്തിയായുള്ള ഭഗവാൻ പരമശിവൻ പ്രത്യക്ഷദർശനം നല്കുന്നുവോ എന്നുള്ള ഭ്രമത്തെ ദേവകീഹൃദയത്തിൽ സംജാതമാക്കി. തപോബലംകൊണ്ടു സിദ്ധിക്കാവുന്ന വിധത്തിലുള്ള ദർശനമല്ലെന്നും മാംസേക്ഷണങ്ങൾക്കു ഭൗമബന്ധങ്ങളിൽ ലബ്ധമാകുന്ന ലോകസോപാനപരമ്പരകളിലെ ഉന്നതവേദികളിൽ പ്രതിഷ്ഠിതനായിട്ടുള്ള ഒരു അനുഗൃഹീതന്റെ സാന്നിദ്ധ്യമാണെന്നും ആ കന്യകയ്ക്കു ചിത്തത്തിന്റെ സമതാലബ്ധിയിൽ ബോദ്ധ്യമായപ്പോൾ, കന്യാമുകുളങ്ങൾക്കു സഹജമായുള്ള ലജ്ജാസങ്കോചത്തോടുകൂടി അവളുടെ ഹൃദയകുട്മളം ആനന്ദസരസ്സിൽ നീരാടിത്താണു. [ 239 ] ശാസ്ത്രാനുസൃതമായല്ല, പ്രകൃതിയാൽ ഉപദിഷ്ടമായുള്ള കർമ്മമായി പാദാംഗുലികൊണ്ടു ഭൂപത്രത്തിൽ ലേഖനംചെയ്യുന്ന കർമ്മത്തെ ആ വനകുമാരി അനുഷ്ഠിച്ചുപോയി. പുത്രിയുടെ കളേബരകുസുമതയെ രോമാഞ്ചസ്പന്ദിയാക്കിത്തീർത്ത അന്തർവികാരത്തെ പ്രേമശാസ്ത്രാഭിജ്ഞയായ മാതാവു മനസ്സിലാക്കി ആ സംഘടനദശയെ ശപിച്ചു മകളോട് അകത്തു പോകുവാൻ ആജ്ഞാപിച്ചു.

ദേവകിയുടെ നേത്രഭ്രമരങ്ങൾ വിക്രമകുമാരന്റെ സൗന്ദര്യമധുവെ പാനംചെയ്ത് ഉന്മത്തങ്ങളായിത്തീരുകയാൽ ആ വികസത്തായുള്ള സുമകർണ്ണികയിന്മേൽത്തന്നെ തറഞ്ഞ സ്ഥിതിയിലായി. കമിതാവായ കല്ലറയ്ക്കൽപിള്ളയിൽ നേത്രാന്തനിപാതം ഉണ്ടാകുമ്പോൾ-ഹാ! ശുഷ്കതൃണത്തിന്റെ അനാർദ്രതയും അരമ്യതയും മൃഗഭുക്തിക്കുള്ള അനുയോജ്യതയും മാത്രം ദൃശ്യമാകുന്നു. ലക്ഷ്മിഅമ്മ അഭിനവമായുള്ള ഒരു വിധിവൈരുദ്ധ്യത്തെ പ്രതീക്ഷിച്ചു സർവ്വാംഗം നീറി ഭസ്മധൂളിക്കു തുല്യം നിശ്ചേതനയായി.

തന്റെ ദ്രൂതാങ്കുരമായുള്ള നവാഭിനിവേശത്തിൽനിന്നു മുക്തയായി പരമാർത്ഥാവസ്ഥകൾക്കു ജാഗരൂകയായപ്പോൾ, ദേവകിയുടെ ആശാകമലം മേലിൽ വികാസസ്ഥിതിയിൽ എത്താത്തവണ്ണം ശിഥിലമായിത്തീർന്നിരിക്കുന്നു എന്ന് അകംകൊണ്ടറികയാൽ, ലോകസ്ഥിതി ആ കന്യാനേത്രങ്ങൾക്കു തിമിരപൂർണ്ണവുമായി. മാതുരാജ്ഞ കേവലം അനുസരണീയമല്ലാത്ത ഒരു ലൗകികനിയമമെന്നുള്ള നാട്യത്തിൽ ദേവകി "ഇതാരമ്മാ, തമ്പുരാനോ?" എന്നു ലോകസ്ഥിതികളെക്കുറിച്ചു തനിക്കുള്ള അനഭിജ്ഞത നിമിത്തവും വന്യകമനിയുടെ ശുദ്ധഗതിയാലും മോഹാവേശത്തിന്റെ തള്ളലുകൊണ്ടും ചോദിച്ചുപോയി.

ലക്ഷ്മിഅമ്മ: (ചിരിച്ചുകൊണ്ട്) "തിരുമനസ്സിലേക്കു നിന്റെ അച്ഛന്റെ അച്ഛനാകാൻ പ്രായമുണ്ട്. ഇങ്ങനെ വല്ലെടത്തും ചാടിക്കടക്കാമെന്നുള്ള സ്ഥിതിയുമല്ല അവിടത്തേത്."

ദേവകി: "പിന്നാരാണമ്മാ ഇത്?"

പ്രേമഹിമകരന്റെ ശീതോപചാരത്താൽ പ്രഫുല്ലമാക്കപ്പെട്ട കനകകുവലയം എന്നപോലെ നില്ക്കുന്ന ആ ബ്രഹ്മതേജസ്വിനിയുടെ അപ്പഴത്തെ അവാച്യചേതോഹാരിത്വം കല്ലറയ്ക്കൽപിള്ളയിലും ഒരു പ്രസാദോന്മേഷത്തെ സംജാതമാക്കി. ആ കന്യകയും താനും തമ്മിൽ ദാനവും അംഗീകാരവും കഴിഞ്ഞു ദൃഢീഭവിച്ചിട്ടുള്ള വിവാഹക്കരാറിന്റെ സ്ഥിതിക്കു ഗൃഹനായകത്വം താൻതന്നെ വഹിക്കേണ്ടതാണെന്നും നിശ്ചയിച്ചു.

പ്രതാപസ്ഥിതിക്കാരോടു തനിക്കുള്ള ഗാഢപരിചയം സ്ത്രീകളെ ധരിപ്പിപ്പാനും ഇതുതന്നെ സന്ദർഭമെന്ന് അദ്ദേഹം കരുതി. മനുഷ്യഹൃദയങ്ങൾ മൃദുവും ലഘുവും ആർദ്രവുമായുള്ള സാധനങ്ങൾകൊണ്ടു രചിതമായി, സൂക്ഷ്മങ്ങളായ കണപ്രപാതങ്ങൾക്കു നമ്യങ്ങളാകുന്നവയാണെന്ന് ആ ഗ്രാമീണനായ കന്ദർപ്പദാസൻ ഗ്രഹിച്ചില്ല. അതുകൊണ്ടു [ 240 ] ദേഹമാസകലം ഒന്നു കുലുക്കി വെൺപൽക്കുരുക്കളെ മുഴുവൻ പുറത്താക്കി, സ്നേഹസ്വാതന്ത്ര്യത്താൽ ത്രിവിക്രമകുമാരനെ പിടിച്ചു മുമ്പോട്ടൊന്നു തള്ളി നിർത്തി അദ്ദേഹത്തെ സഭാവാസികളോടു പരിചയപ്പെടുത്തി: "അല്ലാ, അമ്മയും അറിയൂല്ലയോ ഈ പിള്ളയെ? നമ്മുടെ വലിയ മാർത്താണ്ഡൻപടവീട്ടിൽ വേലുത്തമ്പിയങ്ങത്തെ മഹൻ, തിരുവനന്തപുരത്ത് ചെമ്പകശ്ശേരിവീട്ടിലെ ഹിളയപിള്ള, രാമവർമ്മത്തെക്കൊച്ചിന് ഉഴിഞ്ഞുവിട്ട ചെൽവംപെറ്റ ചീമാളൻ, ദിവാനിജി ഏജമാന്റെ രണ്ടു കൈയും കണ്മണിയും. കണ്ടതുപോലെതന്നെ കാര്യത്തിലും- കുതിരപ്പടവിലെ മുന്തിയ പുള്ളിക്കപ്പിത്താനുമാണ്. ചെല്ലപ്പിള്ള, ഓമനക്കൊഴുന്തൻ. അച്ഛൻ തമ്പിയങ്ങത്തെക്കാണാൻ പോണു. എപ്പവുംതന്നെ ഒരു പട്ടാളക്കൂട്ട് കൂടെക്കാണും" എന്നിങ്ങനെ ആളെ പരമാർത്ഥമായും ആഗമനോദ്ദേശ്യത്തെ പ്രച്ഛന്നമാക്കിയും ധരിപ്പിച്ചു. 'രാമവർമ്മത്തെ കൊച്ച്' എന്നുള്ള നാമോച്ചാരണം ദേവകി നിന്ന ഭൂമി താഴുന്നു, അല്ലെങ്കിൽ താൻതന്നെ ബാഷ്പീഭവിക്കുന്നു എന്ന് ആ നവാനുരാഗിണിയുടെ ഹൃദയത്തെ വിഭ്രമിപ്പിച്ചു. ലക്ഷ്മിഅമ്മ പുത്രീകായത്തിന്റെ സജ്വരത്രസനം നേത്രാഞ്ചലത്താൽ ഗ്രഹിച്ച് ആഗതനോടു പ്രത്യേകാദരം നടിച്ചു നിന്നതല്ലാതെ സല്ക്കാരവചസ്സുകൾക്ക് ഒരുമ്പെട്ടില്ല. കല്ലറയ്ക്കൽപിള്ളയുടെ ജളത്വം കഴിഞ്ഞടത്തോളംകൊണ്ട് അവസാനിച്ചില്ല. "ആഹാ! കഥയിലെ വിത്തല്ലയോ വിട്ടപെയ്യ്! ഈ പുള്ളിക്കാരനെ ദേവൂനു പിടിപ്പാനാണ് അച്ചനാരു മുടിയുംകെട്ടി പെയ്യിരിക്കുണത്" എന്നുകൂടി മന്മഥകുടിലന്റെ ചടുലപടുതയെക്കുറിച്ചു ഗന്ധലേശമില്ലാത്ത ആ പൊണ്ണപ്പാരമാർത്ഥികൻ പറഞ്ഞുപോയി. ദേവകി മിന്നൽപ്പിണർപോലെ മാതൃപാർശ്വത്തിലും ആ തളത്തിലും നിന്നു മറഞ്ഞു. കല്ലറയ്ക്കൽപിള്ള, തന്റെ പ്രണയിനിയുടെ ചാരിത്ര്യമഹിമയെക്കുറിച്ചുള്ള സന്തുഷ്ടിയോടെ സന്ദർഭാനുസാരമായ പ്രശംസാലബ്ധിക്കായി വിക്രമകുമാരന്റെ മുഖത്തുനോക്കി. ഒരു പ്രദർശനശാലാസഞ്ചാരം കഴിഞ്ഞ ബാലന്റെ ഉത്സാഹപ്രസരത്തോടെ, ആ കുമാരൻ തന്റെ സല്ക്കാരന്റെ ഹസ്തത്തെ ഗ്രഹിച്ചുകൊണ്ടു വാതൽപ്പടി ചാടി.